അതിർത്തി

അതിർത്തി
....................
ഇല്ല.
ഞാൻ വിചാരിച്ച പോലെ
അത്ര എളുപ്പം
അതിർത്തി മാഞ്ഞു പോവില്ല
ആരെയും ഗൗനിക്കാതെ
അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നും പടർന്നു കയറി
അതിർത്തി മൂടി വെച്ച പച്ചിലകൾ
ഒരു വെടിയൊച്ചയിലാണ് കരിഞ്ഞത്
കറുത്ത സങ്കടങ്ങളുടെ മുകളിലൂടെ
ഞാൻ നോക്കുമ്പോൾ
കരിഞ്ഞ പാടിൽ
ഒരു ചുവന്ന വര കനക്കുന്നു
മനുഷ്യ രക്തം അതിലൂടെ ഒഴുകുന്നു
അതിനടുത്ത്
ആഗ്രഹങ്ങൾ ഓരോന്നെടുത്തു വെച്ച്
കെട്ടിപ്പൊക്കിയ കോട്ടയിൽ
ആയുധം പിടിച്ച്
ഒരു ജവാൻ.
കോട്ടയ്ക്കടിയിൽ ഒരു രഹസ്യ വഴിയുണ്ട്
പിടിക്കപ്പെടുമെന്നു തോന്നുമ്പോൾ അയാളുടെ
കണ്ണീരിന് രക്ഷപ്പെടാനാണത്
ഭീകരരുടെ നുഴഞ്ഞുകയറ്റം
എത്ര തകർത്തിട്ടും
തകർക്കാനാവാത്ത മറ്റൊരു നുഴഞ്ഞുകയറ്റം അയാളിലുണ്ട്
അതൊരു പുഞ്ചിരിയാണ്
അയാളുടെ പുഞ്ചിരി സൂക്ഷിക്കുന്ന
മറ്റൊരു പുഞ്ചിരി
ഒരു വെടിയുണ്ടയോ ഷെല്ലോ
അയാളെ തകർക്കുമ്പോൾ
അയാൾ കയറി നിൽക്കുന്ന
ആ കോട്ടയും
ആ പുഞ്ചിരിയും ഇല്ലാ താകുന്നു
അതിർത്തിയിൽ കാവൽ നിൽക്കുന്ന
പട്ടാളക്കാരനെ കാത്തു നിൽക്കുന്ന
അയാളുടേതു മാത്രമായ
അതിർത്തിയില്ലാത്ത ഒരു രാജ്യം മാത്രം
അനാഥമാകുന്നു
രണത്തിലൂടെയോ
മരണത്തിലൂടെയോ
അതിർത്തി ഇല്ലാതാകുന്നില്ല
ഇല്ല
അതിർത്തി
മായുകയേ ഇല്ല.
വെടിയുണ്ടകൾ
അലിഞ്ഞ് സ്നേഹത്തുള്ളികളാകും വരെ 

..........................................................................മുനീർ ആഗ്രഗാമി 

No comments:

Post a Comment