അമരലോകത്തിൽ ഒരു മയിൽ

അമരലോകത്തിൽ ഒരു മയിൽ (മൃണാളിനി  സാരാഭായിയെ ഓർത്ത് 2016 ജന 23 ന് എഴുതിയത്

)
......................... ..................
എത്ര നേരമായെന്നറിയില്ല
എൻ്റെ കണ്ണീർത്തുള്ളിയിൽ
നിൻ്റെചിലങ്ക കിലുങ്ങുന്നു.
കരളിനുള്ളിലെ കലാവേദിയിൽ
നീയിപ്പോഴും നൃത്തമാടുന്നു
മഴ പോൽ നീ ചുവടു
വെച്ച വഴികളിൽ
മുളച്ച വിത്തുകൾ
ചെടികളായ്
നിന്നോർമ്മമഴ കൊള്ളുന്നു.
നീ പീലി വിടർത്തിയാടിയ ദിക്കുകൾ
നിൻ്റെ താളമേകിയ
ജീവതാളത്തിൽ
നിനക്കു വേണ്ടി
ചുവടുവെയ്ക്കുന്നു.
ഏതോ വേദനയിൽ
ഏതോ മരത്തണലിൽ ഞാൻ
തളർന്നുവീഴെ,
കാറ്റിൻ്റെ താളത്തിൽ
ഇലനിഴലുകളുടെ നിശ്ശബ്ദഗാനത്തിൽ
വെയിൽ ചീളുകൾ
നിനക്കു നൃത്താഞ്ജലി തരുന്നു.
നിന്നെയോർത്തു മഴയിൽ നടക്കെ
മഴവിരലുകളെന്നെ മീട്ടി
നിനക്കു ചുവടുവെയ്ക്കുവാൻ
നാദമൊഴുക്കുന്നു,
നീയടുത്തില്ലെന്നറിയെ
ഒരു കുഞ്ഞരുവി
നിനക്കുദകക്രിയയായതിൻ
കുഞ്ഞു പാദമിളക്കുന്നു.
നീ കൊടും ശൈത്യമായ്
മറഞ്ഞൊരോർമ്മ,
മഞ്ഞുകണങ്ങളുടെ
കൈമുദകൾ
മരങ്ങളിലെഴുതുന്നു
നീ ചുവടു വെച്ച താഴ്വരകൾക്കതു ദർപ്പണമായ്
മിഴി നനഞ്ഞതു കാണിക്കുന്നു
നീ പറന്നു വന്ന ദിക്കും
നീ പരിലസിച്ച ദിക്കും
നീ പറന്നു പോയ ദിക്കും
എനിക്കു തരുന്നൂ ,
നിന്നെണ്ണമറ്റ ചുവടുകൾ
വരച്ച കഥകളും കൗതുകങ്ങളും.
എത്ര നേരമായെന്നറിയില്ല
മേഘമായിരിക്കുന്നു ഞാൻ!
എത്ര പെയ്യുമെന്നറിയില്ല
എനിക്കു മുന്നിൽ
പീലി വിടർത്തി
നിന്നോർമ്മകൾ ചുവടുവെയ്ക്കുന്നു.
മരിച്ചമര ലോകം പൂകിയ മയിലേ
നിൻ്റെ പീലികൾ
എൻ്റെ ഹൃദയ പുസ്തകത്തിൽ
പെറ്റുപെരുകന്നൂ .
അതിലുദിക്കുന്നു
നിൻ്റെ പീലിക്കണ്ണു പോൽ
എൻ്റെ സൂര്യൻ !
.....................മുനീർ അഗ്രഗാമി

No comments:

Post a Comment