വലിയ മഴ


ഉടലുകത്തിപ്പോയ
ഒരു മരത്തിൻ്റെ വേര്
ജലത്തിനോട് സംസാരിക്കുമ്പോലെ
വല്യമ്മ
കർക്കിടക മഴയോട്
സംസാരിക്കുന്നു
പനിക്കോളുമായ്
മുറ്റത്തിരുന്ന്
കരയുന്ന തുള്ളികൾ
പൂർവ്വജന്മത്തിെല
ഏതോ സംഭാഷണത്തിൻ്റെ
മധുരം ഓർത്ത്
ഒഴുകിപ്പോകുന്നു
ആകാശത്തിൽ നിന്ന്
ചാടിയിറങ്ങിയ തുള്ളികൾ
കരിയോലകൾക്കിടയിൽ
വല്യമ്മയെ കണ്ടെത്തുന്നു
കാത്തിരിപ്പിനൊടുവിൽ കിട്ടിയ ദാഹജലം കുടിച്ച്
വല്ല്യമ്മ
ഒരു വലിയ മഴയാവുന്നു.
ഇനി പുഴയിലേയ്ക്ക്
പുഴയിലേയ്ക്ക്.

വിഷം ...........അധോലോക കവിതകൾ- 15 - ............



പച്ചക്കറികളിൽ പഴങ്ങളിൽ
പച്ചരിയിൽ പച്ചപ്പിൽ
വിഷം തന്നെ വിഷം
വിഷം തിന്നു തിന്ന്
വാക്കിലും നോക്കിലും
നടപ്പിലും നാട്ടിലും
വിഷം തന്നെ വിഷം.
വിഷാദ സ്വപ്നങ്ങളിൽ
വിഷം തീണ്ടിയ യൗവനം
നീലിച്ചു കിടക്കുന്നു
സമരവും സഹനവും
നഗരത്തിൽ കമ്യൂണിസ്റ്റ് പച്ച
എന്ന പോലെ
അപ്രത്യക്ഷമാകുന്നു .
വിരൽത്തുമ്പിലും
വിമോചന സ്വപ്നങ്ങളിലും
വിഷം തന്നെ വിഷം
അമൃതിൽ വിഷം കണ്ടെത്തിയെന്ന്
പത്രവാർത്ത...
വിടരാത്ത പൂവിലെ
മധു പോലും ഇപ്പോൾ
വിഷമവൃത്തത്തിലാണ്.

പ്രണയം.....................തേൻതുള്ളിക്കവിതകൾ 159.


നീ പെയ്തതിൽ ശേഷമാണ്
എന്നിതളിൽ സൂര്യനുദിച്ചത്
ഓരോതുള്ളിയിലും
പ്രണയം തുളുമ്പിയത്

അടുപ്പം


പരാതിപ്പെട്ടിയിൽ
കടലാസു പോൽ
തമ്മിൽ തൊട്ടു
തൊട്ടിരിക്കുന്നു
കാലം താക്കോലുമായ്
വരു മൊരുനാൾ
പേടിച്ചിരിക്കുന്നു
അന്നീ പരാതികൾ
ചിറകു കുടഞ്ഞുയരവേ
അടുപ്പം തന്നൊരിനിപ്പുമീ നിപ്പും
തകരുമെങ്കിലും
അതു വരെ അടുത്തതിന്നാനന്ദം
അതിരില്ലാതെ രുചിക്കുന്നു

മഴയിൽ ഒരു കൃഷ്ണ ഭക്ത


ഭഗ്നഹൃദയായായ് ഞാൻ
നടന്നു തളരവേ
വിളിച്ചൂവർഷ കാല-
ഭക്തിതൻ തിരു നട
കൃഷ്ണമേഘങ്ങൾ പെയ്യും
പകലിരവുകളിൽ
ഉഷ്ണ ദു:ഖമൊലിച്ചു
പോകുന്നു മാധവാ
ഓരോ പെയ്ത്തും പ്രണയ
സരോവരം നിറയ്ക്കും
തുള്ളികൾ തരുമ്പോളെ
ന്നുള്ളു പൂക്കുന്നു സഖേ
കണ്ണിലും കാതിലും നിൻ
മുരളീരവമായി
ക്കാലവർഷക്കാറ്റെന്നിൽ
ജീവവായു വൂതുന്നു
മഴനൂലുകൾ മിന്നും
ഇറയത്തെൻ വിരൽ
ഇഴയുന്നു ,നിൻ നെഞ്ചിൽ
പ്രണമെഴുതുമ്പോലെ
കണ്ണിലെഴുതാൻ നല്ല
പുൽക്കൊടിത്തുമ്പിൽ മുറ്റി
നിൽക്കുന്ന രാഗ ത്തുള്ളി
തുളുമ്പുന്നെന്നുള്ളിലും
ജീവന്നിതളിൽ വെള്ള
ത്തുള്ളികളായ് തുള്ളുന്നു
മനസ്സിൽ നീ യെഴുതു_
മാപ്രണയാക്ഷരങ്ങൾ
ഏതു ധ്യാനത്തിലും ഞാൻ
ഒറ്റയാണെങ്കിലും നീ
എന്നിൽ നിറഞ്ഞൊഴുകെ
മീരയാവുന്നുവോ ഞാൻ
വറ്റിയ തെല്ലാം മെല്ലെ
പച്ചയാവുന്ന കാലം
കണ്ണിൽ തിളങ്ങുന്നു നീ
ഞാൻ നിൻ്റെ രാധ തന്നെ
ഒറ്റയാവുമ്പോൾ തമ്മിൽ
ഒറ്റുവാൻ പോലുമാളില്ല
യെങ്കിലും നീയുണ്ടെങ്കിൽ
രാധയും മീരയും ഞാൻ

അനുവാദമില്ലാതെ


................... .............
നിൻ്റെ ഓർമ്മകളിൽ
വീണു കിടക്കുന്ന ഒരിലയിൽ
എൻ്റെ മോഹമഞ്ഞ ;
എൻ്റെ സ്നേഹ ഞരമ്പ്;
പച്ചയായിരുന്ന എൻ്റെ രാഗം
കാത്തു നിന്ന്
ചുവന്നു പോയ പാടുകൾ...
ഞാൻ പോലും ശ്രദ്ധിക്കാത്ത
വേദ നയുടെ പാടുകൾ...
പച്ചക്കരയുള്ള സാരിയുടുത്ത്
നീയതിലെ നടന്നു പോകും
പീലി വിടർത്തിയ
മയിലിനെ പോലെ
നീ നടന മാസ്വദിക്കും
വീണു കരിഞ്ഞ ഇലകൾക്കിടയിൽ
ഞെട്ടറ്റ ഒരു സ്വപ്നം
പാതി ജീവനുമായ്
നിൻ്റെ നടനം
കണ്ണിൽ ചേർക്കും
തിരക്കിലായ
നീയൊന്നും കാണില്ല
എങ്കിലും
നിൻ്റെ ഓർമ്മകളിൽ കിടന്ന്
അതുണങ്ങാതിരിക്കാൻ ശ്രമിക്കും
ഞെട്ടറ്റ മരത്തെ കുറിച്ചോർത്തല്ല
വീണു കിടക്കാൻ
അനുവാദമില്ലാതെ
കിട്ടിയ ഇടത്തെ കുറിച്ചോർത്ത്

നീ വലിച്ചെറിഞ്ഞ വാക്കുകളിൽ നിന്ന്


നീ വലിച്ചെറിഞ്ഞ വാക്കുകളിൽ നിന്ന്
എനിക്ക് പൊള്ളലേൽക്കുന്നു
കത്തിനിൽക്കുന്ന അതിൻ്റെ കനലിൽ
നിൻ്റെ ഹൃദയത്തിൻ്റെ ചുവപ്പ്.
ചുവപ്പിൽ പച്ചപ്പിൻ്റെ മോഹങ്ങൾ
മറന്നു തുടങ്ങിയ രക്തപ്രവാഹം.

എൻ്റെ നിശ്ശബ്ദതയിൽ
അതു തളം കെട്ടുന്നു
ഓരോ വാക്കും വീണു തകരും മുമ്പേ ഞാൻ
എടുക്കാൻ ശ്രമിക്കുന്നു
കയ്യിൽ നിറയെനിൻ്റെ കണ്ണീർത്തുള്ളിയുടെ
നനവു പടരുന്നു

ഏതോ ആത്മവേദനയിൽ
ഞാൻ പുളയുന്നു
അകലേയ്ക്കെന്നു പറഞ്ഞു
നീയെറിയുന്ന ഓരോ ശബ്ദവും
തൊട്ടടുത്തു നിന്ന് ഇപ്പോൾ
എന്നെയെടുക്കുന്നു
ഞാനത്രയ്ക്കും അവശനായിന്നുവല്ലോ

നിൻ്റെ വാക്കുകൾ പെറുക്കി 
പെറുക്കി 
നിൻ്റെ വാക്കുകളുടെ ഉടമയായിരുന്നല്ലോ
നീ വലിച്ചെറിഞ്ഞ വാക്കുകളിൽ നിന്ന്.

കണ്ണീർത്തുള്ളി

കണ്ണീർത്തുള്ളി
...............................
മുറ്റത്തെ മാവിൻ ചോട്ടിൽ
ഇറ്റി വീണുല്ലാസത്താൽ
കാറ്റിനോടെന്തോ ചൊല്ലി
മുറ്റുമെൻ മഴത്തുള്ളി!
ചിരിച്ചു കളിക്കുമ്പോൾ
മാരിവിൽ തെളിയുമ്പോൾ
നേരിയ വെളിച്ചത്തിൽ
തിരിച്ചറിയുന്നു ഞാൻ ,
കണ്ണിലുണ്ടതിന്നേതോ
ദണ്ണമെന്നറിയുന്നു,
വിണ്ണിലെ കിനാവുകൾ
മണ്ണിലായതിന്നാലോ
പ്രണയം വിളിച്ചനാൾ
നുണയും സ്നേഹത്താൽ
കാണാതെ മറഞ്ഞതാം
കേണുതീരാ മാനസം
ഓർമ്മകൾ കളിക്കുന്നു
നീർത്തുള്ളികൾ വാഴുന്നു
കാർമേഘമായ് തീരുന്നു
വർഷാകാലക്കണ്ണുകൾ
മാരിവിൽ തെളിഞ്ഞാലും
മാരിയെത്ര പെയ്താലും
പാരിൽ പെയ്യുന്നു നീയെൻ
അരിയ കണ്ണീർത്തുള്ളി !

ഇനി അവൾക്കും പനിപിടിക്കും

ഏതോ ഒരൊഴുക്ക്
കൊണ്ടു തന്ന
സ്നേഹിതയോട്‌
പഴയ പനിയുടെ
ഓർമ്മയിൽ തൊട്ട്
ഇങ്ങനെ പറഞ്ഞു
,
നിനക്കിഷ്ടമുള്ള മഴ
നിനക്കരികിലെത്തും
അലറി വിളിക്കാതെ
ആരെയും ഉപദ്രവിക്കാതെ
നേർത്ത ശബ്ദത്തിൽ
ചെവിയിൽ സ്വപ്നംപറഞ്ഞ്
കുളിരായ് കൂട്ടുകാരനായ്
നിൻ്റെ ജലമോഹങ്ങളിൽ
ചുംബിക്കും
ഇനി അവൾക്കും പനിപിടിക്കും

കാറ്റു പോകുവോളം

കാറ്റു പോകുവോളം
..... .:...........................
കാറ്റു കാണുക
കാറ്റു പോകുവോളം.
കാറ്റ് കാണുന്നു
മഴയുടെ കൈപിടിച്ച്
മുറ്റത്തിലൂടെ നടക്കുന്നു
മരങ്ങൾ നോക്കി നിൽക്കെ
ആട്ടക്കാരാവുന്നു
കാറ്റ്
ആൾമറകൾക്കും അതിരുകൾക്കും മുകളിലൂടെ
സന്തോഷത്തോടെ നടക്കുന്നു
പടി കയറി വരുന്നവരെ
ഉമ്മറപ്പടിയോളം
വേഗത്തിലാക്കുന്നു
എല്ലാ ദേവാലയങ്ങിലും
ജനലിലൂടെയും
അല്ലാതെയും കയറി
സ്നേഹം താനാണെന്ന്
പ്രാർത്ഥിക്കുന്നു
കടലിൽ തിരഞ്ഞ്
തിര കണ്ടെടുത്ത്
കരയിലെത്തിക്കുന്നു
കടലു കാണാൻ പോയവരോട്
ദൂരത്തിെൻ്റ ഭാഷ
കൈമാറുന്നു
കാറ്റു കാണുക
കാറ്റു പോകുവോളം
കാറ്റു പോയാൽ
കരിയിലകൾ
ആരോടു സംസാരിക്കും
മുളങ്കൂട്ടങ്ങളെങ്ങനെ പാടും
ഹൃദയമെങ്ങനെ
പ്രപഞ്ചത്തോട്
നിശ്വാസത്തിലൂടെ
സംവദിക്കും
മഴക്കുഞ്ഞുങ്ങളെങ്ങനെ
വരാന്തയിലേക്ക് ചാടും
സ്കൂൾ വിട്ടു വരുമ്പോൾ
മഴത്തുള്ളികളാര്
ദേഹത്ത് വാരിയെറിയും?
കാറ്റു കാണുക
കാറ്റു പോകുവോളം

ഏകലവ്യൻ ..........................അധോലോക കവിതകൾ - 14- .......................


കാത്തിരുന്നിട്ടും
നിങ്ങൾ പാഠപുസ്തകം തന്നില്ല
പഠിക്കുവാൻ വന്നപ്പോൾ
നിങ്ങൾ സമരം ചെയ്യുവാൻ പോയി
ഞാൻ കഴിവു പുറത്തെടുത്തപ്പോൾ
നിങ്ങൾ നെറ്റിനകത്തായിരുന്നു
ഇനിയെനിക്കൊന്നും
നിങ്ങൾ തരേണ്ട
എനിക്കെൻ്റെ കോപ്പും
കൊടച്ചക്രവും മതി
ഭാവിയിൽ
ഗുരുദക്ഷിണയായ്
നിങ്ങളെൻ തള്ളവിരൽ ചോദിക്കുമെന്നെനിക്കറിയാം
നിങ്ങളിന്നോളമെന്നെ
ശരിക്കു കണ്ടില്ലെങ്കിലും.

ചോർന്നു പോയല്ലോ...........................................................................................തേൻ തുള്ളിക്കവിതകൾ 157.


മഴ വീട്ടിൽ വന്നു
തോരാമഴ തന്നു.
ചോർന്നു പോയല്ലോ
നമ്മുടെ സന്തോഷം!

നിന്നെത്തൊട്ടിരിക്കുമ്പോൾ

പൂവിൽ തേനായതു വാടുവോളം
കറുകയിൽ പച്ചയായതു
ചീയുവോളം
മഞ്ഞു തുള്ളിയിൽ
തിളക്കമായതു വറ്റുവോളം
ശലഭച്ചിറകിൽ
വർണ്ണമായതു
വീഴുവോളം
പ്രിയേ എൻ്റെ
പല ജന്മങ്ങൾ കഴിഞ്ഞു പോയതറിയുക
നിന്നെത്തൊട്ടിരിക്കുമ്പോൾ
പൂക്കാലമായ് ഞാൻ
പീലി വിടർത്തവേ
തൊട്ടടുത്തുള്ള നിമിഷങ്ങളിൽ
ഞാൻ വസന്തദേവനാകവേ
പവിത്രമാകുന്നു
ജീവിതം

സന്നദ്ധനായൊരുവേദനതൻ വിത്തു ഞാൻ

സ്നേഹം 
സൂര്യനായുദിക്കുംഭൂമിയിൽ
നിനക്കൊപ്പം പടർന്നു
കയറുമൊരു വള്ളിയായ് തീരുവാൻ
ഏതു കാറ്റിലുമലയുവാൻ
സന്നദ്ധനായൊരുവേദനതൻ
വിത്തു ഞാൻ

വാക്കനൽ

വാക്കനൽ
....................
കെട്ടുപോകുവതെങ്ങനെ
കൂട്ടുകാരാ
ചിട്ടയോടെ നാം ജ്വലിപ്പിച്ച കനലുകൾ
വാക്കിൽ സ്നേഹാഗ്നിയിൽ
വിടർന്നു പനിനീർപ്പുവായ്
ചോര തുടിക്കും ഹൃദയമായ്
നമ്മിലതു വിടരുമ്പോൾ
പട്ടു പോകുവതെങ്ങനെ
കൂട്ടുകാരാ നാം
വാക്കിലൊളിച്ച തെളിച്ചം കൊണ്ടു
പട്ടു പോൽ മൃദുലമാക്കിയ
ജീവിതത്തിൻ പരുപരുപ്പുകൾ?
കെട്ടുപോകുവതെങ്ങനെ
കൂട്ടുകാരാ
വാക്കിന്നാനന്ദ വാടിയിൽ
മൊട്ടിട്ടു നിൽക്കുമൊരഭൗമ ഗാനത്തിന്നിതളുകളായ്
നാം വിടരുവാൻ വെമ്പവേ
പൊട്ടിപ്പോകുവതെങ്ങനെ
കൂട്ടുകാരാ
ദേശാന്തരങ്ങളിൽ നിന്നു നാം
ചേർത്തു കോർക്കുന്ന
കനൽ വെളിച്ചമോലും
വാക്കിൻ മണിമുത്തുമാലകൾ
കൂട്ടുകാരാ
കെട്ട കാലത്തിൽ
കെട്ടിടപ്പെരുമയിയിൽ
കെട്ടവിളക്കുകൾ കത്തിക്കുവാൻ
വാക്കുകളല്ലാതെ
നമുക്കില്ലൊരു നെയ്ത്തിരി
അതിനാൽ
കെട്ടുപോകാതിരിക്കട്ടെ
നമ്മുടെ വാക്കനലും
വാക്കിൻ നിറഞ്ഞ സ്നേഹത്താൽ
നാം കെട്ടുമുറുക്കിയ
കൂട്ടും കുടുംബവും

പ്രണയം ഒരു അബ്സ്ട്രാക്റ്റ് ചിത്രം

പ്രണയം ഒരു അബ്സ്ട്രാക്റ്റ് ചിത്രം
..................................
നിന്നെ പിരിഞ്ഞതിൽ പിന്നെ
കാൻവാസിൽ നീ
തിളച്ചുമറിയുന്ന കടലായ്
വേദനകൾ നിറങ്ങളിൽ ചാലിച്ച്
പനിച്ചു നിൽക്കും നിമിഷങ്ങളുടെ
ചുഴികളായ്
നടക്കാതെ പോയ സംഗമങ്ങൾ
നിറങ്ങൾ തമ്മിൽ
ഇണ ചേരുന്ന സന്ധ്യയിൽ
കിളികളായ് വന്നിരിക്കുന്നു
ദൂരെ അകന്നു പോകുമൊരു കപ്പലിൽ
കടൽ കടന്നു പോയ നിൻ്റെ നിലവിളിയുടെ
നരച്ച കറുപ്പ്
കടൽത്തിരകളിൽ
നമ്മെത്താരാട്ടുന്ന
അനശ്വര സിംഫണി
കാൻവാസിൽ നിന്നതെന്നെ തൊടുവാൻ
പുറത്തിറങ്ങുന്നു
മങ്ങിയ വെളിച്ചത്തിൽ
നീയെന്ന പോലതിൻ താളമെൻ
മടിയിലിരിക്കുന്നു
അകലേയ്ക്കകലേക്ക്
പറക്കുന്ന കിളികളിൽ
അടുത്തേക്കടുത്തേക്ക്
നടക്കുന്ന കാഴ്ചകൾ
നാം നടന്നതിൻ വെളിച്ചത്തിൽ
നിറഞ്ഞാടുന്ന നിറങ്ങളിൽ
നീയും ഞാനും
നമുക്കു പരിചിതമാം തിരക്കും
തിരയും
വരച്ചു കൊണ്ടേയിരിക്കുന്നു
പ്രണയത്തിൻ്റെ
അബ്സ്ട്രാക്റ്റ് ചിത്രം

ഉയരുന്നു;തകരുന്നു


അയാൾ ഉയർന്നു,
പടിപടിയായി
നില നിലയായി
ഭൂമിയിൽ നിന്നും
ആകാശത്തിലേയ്ക്ക്
ഇപ്പോൾ അയാൾക്ക്
അയാളുടെ ആകാശം
കുടുംബം
കുട്ടികൾ
ഒരിക്കൽ അയാൾ
കുട്ടികളോട്
അയാളുടെ കഥ പറഞ്ഞു
കുട്ടികൾക്കതു
മനസ്സിലായില്ല
" ഭൂമിയോ അതെന്ത് ?"
അവർ ചോദിച്ചു
താഴ്മയുടെ ആഴത്തിൽ
അയാൾ
ഉയരം പോലും മറന്ന്
തകർന്നു പോയി .

അധോലോക കവിതകൾ -13- പ്രതിജ്ഞ



ഡിജിറ്റൽ ഇന്ത്യ 
എൻ്റെ രാജ്യമാണ്
കള്ളപ്പണത്തിലും അഴിമതിയിലും
തെളിവില്ലായ്മയിലും
അത് നിലകൊള്ളുന്നു
പുസ്തകം ലഭിക്കാത്ത
എല്ലാ കുട്ടികളും
എൻ്റെ സഹോദരി സഹോദരൻമാരാണ്
ശമ്പളം ലഭിക്കാതെ
ജോലി ചെയ്യുന്നവർ
എൻ്റെ അദ്ധ്യാപകരാണ്
കടക്കെണിയിലായവർ
മാതാപിതാക്കളാണ്
വടിവാളും സ്റ്റീൽ ബോംബും സോളാറും
നാനാത്വത്തിൽ ഏകത്വത്തോടെ
എല്ലാ പാർട്ടിയിലും
കുടികൊള്ളുന്നു ...
(പ്രതിജ്ഞതീരുംമുമ്പേ ഞാൻ
തല കറങ്ങി വീണതിനാൽ
രാവിലെ ചായ കുടlച്ചു വന്നവർ
ബാക്കി ചൊല്ലിയിരിക്കാം )

എൻ്റെ ഭൂമി


കൊല്ലപ്പെട്ട ഗ്രാമങ്ങളുടെ
ശ്മശാനത്തിൽ വന്നിരുന്ന്
ഭസ്മം ശേഖരിച്ച്
വിൽക്കുന്ന നഗരമേ
ഓർമ്മയുടെ തുമ്പത്ത്
കണ്ണീരു പോലെ
ഒരു മഞ്ഞുതുള്ളി
എല്ലാം ഓർത്ത് വിതുമ്പുന്നു
അതിനു വില പറയരുതേ
അത് ഒരു പണപ്പെട്ടിയിലും
ഒതുക്കരുതേ
ജീവിതത്തിെൻ്റ നനവ്
അതിലാണ്
അതിലുദിക്കുന്ന സൂര്യനിലാണ്
എൻ്റെ ഭൂമി.
നഗരമേ
അതു കൊണ്ടു പോകരുതേ

മണം


പെർഫ്യൂമുകളുടെ വലയത്തിൽ
അപരിചിതമായ മണത്തിൽ
എന്നെ കെട്ടിയിട്ട നിന്നോട് 
എന്റെ ഉടലിനു
അതിന്റെ ചരിത്രം പറയാനുണ്ട് ;
മാങ്ങയുടെയും ചക്കയുടെയും
മണങ്ങൾ മാറി മാറി അണിഞ്ഞു നടന്ന പകലുകൾ
വൈക്കോൽ മണത്തിൽ കിടന്നുറങ്ങിയ
നട്ടുച്ചകൾ
പച്ചപ്പുല്ലിൻ മണം പടർന്ന വയലിൽ
പുള്ളിപ്പയ്യിന്റെ പിന്നാലെ
പശുമണം തൂവിയ സായന്തനം
ഇരുളിൽ ആരുമറിയാതെ
അടുത്തു വന്നു കിടന്ന മുല്ലമണം
അകത്തുനിന്നും എന്നോട് കയർക്കുന്ന
കാച്ചെണ്ണ മണം
അടുക്കളയിലെത്തി എന്നെ തഴുകിക്കരയുന്ന
കുഴമ്പു മണം
മഴ ചാറുമ്പോൾ പുറത്തിറങ്ങി നോക്കുന്ന
പുതു മണ്ണിൻ മണം
യാമങ്ങൾ തുരന്നു പോകുന്ന ചുണ്ടെലി മണം
ജനല് കടന്ന് അടുത്ത് വന്നു വിളിക്കുന്ന
ദോശ മണം
വടി കുത്തി വയ്യാതെ നടന്നു
കുളക്കടവിലിരിക്കുന്ന രാസ്നാദി മണം
പെട്ടെന്ന് പറന്നെത്തുന്ന കോഴിമണം
പച്ചപ്പായലിൽ പതിയിരുന്നു
പിടികൂടുന്ന പേടിമണം
എന്റെ ചരിത്രം നിന്റെ ഉടലിനു മനസ്സിലാവില്ല
നിലാവിന്റെ മണം കുടിച്ചു വളർന്നവൻന്
നീ കനത്ത ഇരുട്ടാണ്‌
ഇരുട്ടിൽ ചെമ്പക പ്പൂമണമാകാൻ
നിനക്ക് ഒരു കാറ്റിലും സാദ്ധ്യമല്ല
നീ കെട്ടിയ മാന്ത്രിക പ്പൂട്ടുകൾ
അഴിച്ചു വിടുക
പെർഫ്യൂമുകൾ ഓരോന്നായി അഴിച്ചെടുക്കുക
എന്റെ ഉടലിന് അതിന്റെ മണം
തിരിച്ചെടുക്കേണ്ടതുണ്ട്
മനസ്സിന്റെ മണം വയലിലെവിടെയോ
വെച്ചു മറന്നതാണ്
അത് തിരഞ്ഞു പോകേണ്ടതുണ്ട് .

അധോലോക കവിതകൾ -12-ആലോചിച്ച് ആലോചിച്ച് മനുഷ്യനല്ലാതായി


താനുണരാതെ
നേരം വെളുക്കില്ലെന്ന് ഒരു കവി
താൻ പറയാതെ കാര്യം നടക്കില്ലെന്ന്
ഒരു സഖാവ്
താൻ ഭരിക്കാതെ ഭരണമില്ലെന്ന്
ഒരു നേതാവ്
താനറിയാതെ
ഒന്നും നടക്കരുതെന്ന്
സ്വയം പ്രഖ്യാപിത
ഏകാധിപതി
എന്നിട്ടും രാത്രിയും പകലും
മാറി മാറി വന്നു
കിളികൾ പറന്നു
പൂക്കൾ വിടർന്നു
പാവം മനുഷ്യർ മാത്രം
ഇവർക്കിടയിൽ നിന്ന്
എന്തു ചെയ്യണമെന്ന്
ആലോചിച്ച്
ആലോചിച്ച്
മനുഷ്യനല്ലാതായി

മഴവെള്ളം


നാടുകാണാൻ വന്നവളെ
നാൽക്കവലയിൽ
തടഞ്ഞുവെയ്ക്കാതെ
പോകുവാൻ
വഴി കൊടുക്കുക
ഭരണാധികാരികളേ
വെള്ളമായാലും
വെളിച്ചമായാലും
മനുഷ്യനായാലും
മൃഗമായാലും
വഴികൊടുക്കുക
ഭരണം നേർവഴിക്കു പോകുവാൻ
വഴി
വഴിയായ് നിലനിർത്തുക !
മഴവെള്ളം പറഞ്ഞതാണിത്രയും
തെരുവിൽ ഞാനുമവളും
വഴിമുട്ടി തമ്മിൽ മുട്ടി
കയർത്തു നീന്തുമ്പോൾ.

ചങ്ങലകൾ


സ്വന്തം കഴുത്തിലെ ചങ്ങല കണ്ടു പിടിക്കാൻ
നന്നേ പ്രയാസപ്പെട്ടു
എന്തൊരു ചങ്ങലയാണത് !
പല നിറങ്ങളിൽ
പലതരത്തിൽ കിലുങ്ങുന്നു
നോക്കുമ്പോൾ അതിന്
ഫാഷിസത്തിൻ്റെ നിറം
പല പല ടോണുകൾ
മതത്തിൻ്റെ കിലുക്കം
പല പല താളങ്ങൾ
പാർട്ടിയുടെ നിറം
ചില പ്പോൾ
അധികാരത്തിൻ്റെ താളം
ചിലപ്പോൾ
തൊലിയുടെ വെളുപ്പ്
കരിമരുന്നിൻ്റെ കറുപ്പ്
ടാങ്കറിൻ്റെ ശബ്ദം
ആളില്ലാ വിമാനത്തിൻ്റെ ഇരമ്പൽ
കയ്യിലും കാലിലും
ഒരു കനം
ചങ്ങലകൾ അവിടെയും ഉണ്ടാകണം
ഇനിയുള്ള നാളുകൾ
അത് കാണിച്ചു തരുമോ?
മുമ്പ്,
അടിയന്തിരാവസ്ഥയെ
അതിജീവിച്ചത്
നാവിലെ ചങ്ങല കണ്ടെത്തുന്നതിൽ
പരാജയപ്പെട്ടവർ
വിജയിച്ചവർ
അത് പൊട്ടിച്ചെറിയാൻ ശ്രമിക്കെ
പൊട്ടിപ്പോയവർ
അധികാരം മിക്കപ്പോഴും
ചങ്ങല നിർമ്മാണ ഫാക് ടറിയാണ്
ജനിക്കുന്ന കുഞ്ഞു പോലും
ചങ്ങലക്കണ്ണികളിൽ
കിടന്നാണു ചിരിക്കുന്നത്.

അവളുടെ നഷ്ടം, ><അധോലോക കവിതകൾ -11-


നോട്ടക്കാരുടെ തെരുവിലൂടെ
നടന്നുപോയവൾ തിരിച്ചു വന്നില്ല
നോട്ടം വേട്ടക്കാരുടേതായിരുന്നെന്ന്
ഒരന്വേഷണത്തിലും
വ്യക്തമായില്ല
അവളുടെ നഷ്ടം
എല്ലാവരുടേയും നഷ്ടമായപ്പോൾ
മാദ്ധ്യമങ്ങൾക്കായിരുന്നു നേട്ടം
അനന്തരം
മുത്തശ്ശിയുടെ തിരോധാനം
പഠിച്ച പെൺകുട്ടികൾ
മുടിയും മുലകളും
ഊരിവെച്ച് നടന്നു പോയിട്ടും
തിരിച്ചു വന്നില്ല
നോട്ടം വേട്ടയുടെ
ആദ്യ ത്തെ ആയുധമാണെന്ന്
അതിജീവിച്ചവർ
എഴുതിപ്പഠിക്കുകയാണിപ്പോൾ

ഏതോ ബ്ലാക്ക് മാജിക്കിലെ...,,<അധോലോക കവിതകൾ - 10-


വെട്ടിക്കൊന്നവരേയും
അഴിമതിക്കാരേയും
ഫാഷിസ്റ്റുകാരേയും
കൈ വെട്ടുകാരേയും
റബ്ബർ വെട്ടുകാരേയും
എനിക്കറിയാം
പക്ഷേ
പാരമ്പര്യമായി ചെയ്തു പോരുന്ന
ആചാരമായതുകൊണ്ട്
അതു മാറ്റാൻ സാധിക്കുന്നില്ല
ആരാധിക്കുന്ന മൂർത്തിയ്ക്ക് എന്നും
ഒരേ വഴിപാട് .
മാറണമെന്നു വിചാരിക്കും
വോട്ടു ചെയ്യാൻ കയ്യുയർത്തുമ്പോൾ
സിസ്റ്റം സ്റ്റക്കായ് പോകുന്നു
ആയതിനാൽ
ഏതോ ബ്ലാക്ക് മാജിക്കിലെ
ഒരിനമായ് ജനാധിപത്യ ജീവിതം ചുരുങ്ങുന്നു
അവരുടെ കുതിരകൾ മേയുന്ന
പുറം പോക്കായ്
രാജ്യം മരവിച്ച്
മലർന്നു കിടക്കുന്നു

കാഴ്ച ...........


അവർക്കപ്പുറം കടൽ
ചുവപ്പിൽ മഞ്ഞപ്പൂക്കളുള്ള
പരവതാനി വിരിച്ചു
അതൊന്നുമറിയാതെ
നിറമില്ലാത്ത വാക്കുകൾ
എറിഞ്ഞു ബലം പരീക്ഷിക്കുകയായിരുന്നു അവർ
കടല കൊറിച്ചു നടന്ന ഒരു കാലം
അവർക്കിടയിൽ കിടന്ന്
ശ്വാസം കിട്ടാതെ പിടഞ്ഞു
ധ്യാനത്തിലായിരുന്ന മണൽത്തരികൾ
ഞെട്ടിയുണർന്നു
അവരെ കേട്ടു തരിച്ചുപോയി
സൂര്യൻ്റെ അവസാന രശ്മിയിൽ
ചുണ്ടു ചേർത്തു
നിന്ന കിളികൾ
അസ്വസ്ഥരായി പറന്നു പോയി
ഒരു തണുത്ത കാറ്റ്
പരവതാനിയിലൂടെ ഒഴുകി വന്നു
നാലു മഴത്തുള്ളികൾ
ആകാശത്തിൻ്റെ
കവിളിലൂടെ ഇറങ്ങി വന്നു
മഴ
ഒരു കളിക്കുട്ടിയായ് വന്ന്
ഉടുപ്പ് തൊട്ടു നോക്കി
ചിനുങ്ങുമ്പോൾ
അവർക്കുള്ളിലെ
ഇരുട്ടെല്ലാം പുറത്തായി.
രാത്രിയായി
കടലും കരയും കൈ നീട്ടി നിൽക്കുകയാണ്
ഇരുട്ടാണ്
ഒന്നും വ്യക്തമല്ല
കാഴ്ചക്കാരൻ അവരെ വിട്ട്
തിരിച്ചു പോരുകയാണ്.

വിരൂപ -തേൻ തുള്ളിക്കവിതകൾ 156.


വെളുക്കാൻ തേയ്ക്കാതിരുന്നിട്ടും
വെളിച്ചം വീണ് 
വെളുത്തു പോയ രാത്രി
വിരൂപയായി

അേധാലോക കവിതകൾ - 9 -തൃപ്തിയാവുന്നില്ല വന്


നാവിന്നടിയിൽ കൊത്തിയ പാമ്പേ
കൈഞരമ്പിൽ കുത്തിയ സിറിഞ്ചേ
െകാല്ലപ്പെട്ടവളേ
തൃപ്തിയാവുന്നില്ല വന്
സ്വയമുടൽ പൊളിച്ചു കളഞ്ഞിട്ടും

അധോലോക കവിതകൾ - 8 - അതു ദൈവത്തിൻ്റെ കയ്യാണ്


ഫയലെങ്ങോട്ടും നീങ്ങിയില്ല
ഫയലുകൾക്കിടയിൽ നിന്ന്
ഒരു കൈ നീണ്ടു
അതു ദൈവത്തിൻ്റെ കയ്യാണ്
കാണിക്കയിടേണ്ടത് അതിലാണ്
അങ്ങനെയാണ്
നേർച്ചപ്പെട്ടികൾ കാലിയായത്.

കിളി പോയി

കിളി പോയി
......... .............
കിളി പോയതിൽ പിന്നെ
കിളിപോയി.
കിളി പറന്ന
ആകാശം വീണ്
കളികളെല്ലാം മരിച്ചു
കിളിച്ചിറകിൻ
ചലനമെഴുതിയ വരികൾ
തോറ്റു പോയ കാറ്റിൻ്റെ ചുണ്ടിൽ
പെയ്യുവാനാകാതെ
കരിവാളിച്ചൊരു കാർമേഘം
അലഞ്ഞലഞ്ഞ്...
ഓർക്കാപ്പുറത്ത്
ഇടിവെട്ടിക്കരിഞ്ഞ
പുസ്തകത്തിലുണ്ടായിരുന്ന
ചിത്ര കഥയായിരുന്നു
പ്രണയം
കണ്ണേ കൺമണീ
ഒരു പെയ്ത്തുകാലത്തിനു _
മതിനിവായിക്കാനാവില്ല

അധോലോക കവിതകൾ - 7 -


ജയിലിലേക്കുള്ള നിയമ വണ്ടിക്ക് 
തെളിവാണ് ടയറുകൾ.
ടയറൂരുവാനും കാറ്റു പോക്കുവാനും
കട്ടപ്പുറത്താക്കുവാനും
എന്നോളം വിരുതാർക്കുമില്ലെൻ്റെ
നോട്ടുകെട്ടുകളേ ...

അധോലോക കവിതകൾ - 6 -


പത്താം വയസ്സിൽ വയസ്സറിഞ്ഞു
പത്തുപേരുടെ കൊത്തേറ്റു
വിടരും മുമ്പേ വാടി വീണു
ആശാനേ...
വീണ പൂവിനെ കുറിച്ചെഴുതാനിരുന്നപ്പോൾ
പേന കത്തിപ്പോയി

കുളിരാട്ടം!......തേൻ തുള്ളിക്കവിതകൾ 155.


ഇടവപ്പാതിത്തായമ്പകയിൽ
കോമരം തുള്ളുന്നു കാറ്റുകൾ
തിറകെട്ടിയാടുന്നു മലയാളമെൻ
മെയ്യിലെ കനലിൽ കുളിരാട്ടം!

അധോലോക കവിതകൾ - 5 -


പേടിയെല്ലാമഴിച്ചു വെച്ച്
നടക്കുന്നു
പേടമാനുകൾ.
നടന്നു നടന്ന്
പേ പിടിച്ചവയുടെ നാക്കു തട്ടി
തകർന്നു വീഴുന്നു
ഗജകേസരികൾ

അതുകൊണ്ട് നിലവിളക്ക് നിലവിട്ടകളിയല്ല


വെളിച്ചം ഗുരുവാണ്.
എങ്ങനെ?
ഓരോന്നും തൊട്ടു കാണിച്ച് 
നിറങ്ങളിൽ ചാലിച്ച്
പഠിപ്പിക്കുന്നു
അറിയാത്ത ആഴങ്ങളിൽ
കൂടെ വന്ന്
എല്ലാം വ്യക്തമാക്കിത്തരുന്നു
ഗൗരവത്തോടെ ഇരുളിൽ വന്നിരിക്കുന്നു
നിലവിളക്ക്
ഗുരുവിന് വരാനുള്ള ഒരു വഴി
മെഴുകുതിരി മറ്റൊന്ന്
റാന്തൽ ഇനിയൊന്ന്
ഇനിയുമുണ്ടനേകം വഴികൾ
ഗുരുവങ്ങനെയാണ്
പല വഴികളിലൂടെ
അറിവുമായ് വരും
പെരുവഴിയിൽ നാം
തടസ്സങ്ങളിൽ
ചെന്നു മുട്ടുമ്പോൾ
നേർവഴി കാണിക്കും
വെളിച്ചം ഗുരുവാണ്
വീടുകത്തുമ്പോൾ
കാട്ടുതീ പടരുമ്പോൾ
അശ്രദ്ധ കാണിച്ചതിന്
ഗുരുവൊരടി തരുന്നു
രാത്രിയിലുറങ്ങാതെ നക്ഷത്രങ്ങളിൽ ശിഷ്യരെ നോക്കിയിരിക്കുന്നു
ഫ്ലാഷ് ലൈറ്റും
എൽ ഇ ടി യും ഗുരുവിൻ്റെ
പുതിയ വാഹനം
നിലവിളക്ക് ഗുരുവിൻ്റെ
പഴയ വാഹനം
അതുകൊണ്ട് നിലവിളക്ക്
നിലവിട്ട കളിയല്ല
ഏതു വാഹനത്തിൽ വന്നാലും
ഗുരുവിനെ കാണുവാൻ
അനുഗ്രഹം വാങ്ങാൻ
ആരിനി നമ്മെ പഠിപ്പിക്കും?

അധോലോക കവിതകൾ 4.


അമ്പതുരൂപ മോഷ്ടിച്ച ഞാൻ
അമ്പതു പേർ കാവലുള്ള ജയിലിൽ.
അമ്പതു കോടി മോഷ്ടിച്ചവൻ 
അമ്പതു പേരകമ്പടിയുള്ളോൻ
കൊടി വെച്ച കാറിൽ, സ്വാതന്ത്യ്രദിനത്തിൽ
കൊടിയുയർത്താൻ പോകുന്നു

അധോലോക കവിതകൾ - 3 -


തോറ്റവൻ്റെ തോക്കിൽ
പകയാണു വെടിയുണ്ടകൾ
അവസരം കാഞ്ചി വലിക്കുമ്പോൾ
വിജയം സുഖം പോലൊരു വാക്കു മാത്രം

അധോലോക കവിതകൾ - 2 -


വികസിച്ചു വികസിച്ച്
കേരളം മുഴുവൻ വിമാനത്താവളമായി
താവള മില്ലാത്ത മനുഷ്യർ
തവളകളായ് വയലുതിരഞ്ഞു നടന്നു

അധോലോക കവിതകൾ - 1 -


ശവം ഗർഭിണിയാവില്ലെന്ന്
അയാൾക്കറിയാം
അയാൾക്ക് നല്ല വിവരമുണ്ടായിരുന്നു
അതുകൊണ്ടാണ്
അയാൾ അങ്ങെനെ ചെയ്തത്

ധൂർത്തൻ......തേൻ തുള്ളിക്കവിതകൾ 15 4.


എത്ര തുള്ളികൾ കിട്ടി !
ഒന്നു പോലുമെടുത്തു വച്ചില്ലല്ലോ
തനിക്കും മറ്റുള്ളവർക്കും
വേണ്ടി യീ ധൂർത്തൻ

പുലി



വാക്കുകൾ കത്തിപ്പടർന്ന 
കാട്ടിൽ നിന്നും
രക്ഷപ്പെട്ട പുലി
ഹോസ്റ്റൽ വരാന്തയിലൂടെ
ഉലാത്തുന്നു
ഏതു തോക്കിനിരയാകുമെന്ന റിയാതെ
ഗാന്ധിജിയെ കുറിച്ച് പഠിക്കുന്നു


ഏതു കാലത്തിലെന്നറിയാതെ
നിറം മങ്ങിയ കൊടി നോക്കി നിൽക്കുന്നു
ഏതു വേദനയെന്നറിയാതെ
സ്ക്രീനിൽ പ്രസവം കാണുന്നു
ഏതു സമയമെന്നറിയാതെ
വെളിച്ചത്തിൽ പകച്ചു നിൽക്കുന്നു


ഏതു ചെടിയെന്ന റിയാതെ
പൂ പറിക്കുന്നു
എന്തെന്നറിയാതെ
തിന്നുന്നു
കുടിക്കുന്നു
പുലിയാണവൻ
കളി സൂക്ഷിച്ചു വേണം
വീടടച്ച് നിങ്ങൾ
പുലിവേട്ടയ്ക്കിറങ്ങിയോ
തിരിച്ചു ചെല്ലുമ്പോഴേക്കും
നിങ്ങളുടെ വീട്ടിൽ
മരങ്ങൾ വളർന്നിരിക്കാം
അതൊരു കാടായ്
മാറിയേക്കാം
നിങ്ങളുടെ മകളൊരു പുലിയായ്
നിങ്ങൾ കൊളുത്തും
തീ പേടിച്ചിരിക്കാം.

നമ്മിൽ രണ്ടു പേരിലും

നമ്മിൽ രണ്ടു പേരിലും
മേഞ്ഞു നടക്കുമോരോ മൃഗമുണ്ട്
അടിമയായും ഉടമയായും
ഇടയക്കതു പുറത്തുചാടും
അതിനെ തിരിച്ചറിയുവാൻ
നിസ്സഹായർ നാമെങ്കിലും
വാക്കുകളെറിഞ്ഞോടിക്കുവാൻ നോക്കും
ഒരു കൊടുങ്കാടായ് ദാമ്പത്യം
കനത്തു കറുക്കുമപ്പോൾ

അതാ രാജാവ് പറന്നു പോകുന്നു.

അതാ രാജാവ് പറന്നു പോകുന്നു.
കുട്ടി
ആകാശത്തിലേക്കു നോക്കി
വിളിച്ചു പറഞ്ഞു,
ഉള്ളിൽ നിന്നാൽ
ആകാശം കാണുന്ന കൂരയ്ക്ക് മുകളിലൂടെ
പുരയ്ക്കു മുകളിലേക്ക് ചാഞ്ഞ മരത്തിനു മുകിലൂടെ
കർഷകർ കാത്തിരുന്ന
മഴ മേഘത്തിനും മുകളിലൂടെ
അതാ രാജാവ് പറന്നു പോകുന്നു
രാജാവിന് ഇത്രയും
കനമില്ലായി രുന്നോ
കനമുണ്ടെന്നു കരുതിയായി രുന്നല്ലോ
പ്രജകൾ
പഴയ രാജാവിനെ തകർത്ത്
കിരീടം ഏൽപിച്ചത് !
കനമുള്ള തൊക്കെയും
ഭൂമിയിലേക്ക് താഴുമെന്ന്
ഗുരു പറഞ്ഞല്ലേ ശരി ?
കുട്ടി
ആകാശങ്ങളിലേക്കും
അയൽ രാജ്യങ്ങളിലേക്കും നോക്കി
വിളിച്ചു പറഞ്ഞു ,
രാജാവ് ഇപ്പോൾ നഗ്ന നല്ല
പ്രജകൾക്കൊന്നും മനസ്സിലായില്ല
അവർ ഏതോ അശരീരി കേട്ട്
മായപ്പൊൻമാനിൻ്റെ പിന്നാലെ
മോഹിച്ചു നടക്കുകയായിരുന്നു

കളിസ്ഥലം ......തേൻ തുള്ളിക്കവിതകൾ 153.


സ്വന്തം ഇടയനെ തിരിച്ചറിഞ്ഞപ്പോൾ
അവൻ്റെ കയ്യിൽ 
സമയത്തിൻ്റെ ചാട്ട .
കാലമവൻ്റെ കളിസ്ഥലം .

നഷ്ടവഴി


..........................................
കടപ്പുറത്തെത്തിയാൽ
കണ്ണിൽ നിന്നൊരു കിളി
പ്രകാശവേഗത്തിൽ
ചക്രവാളത്തിലേക്ക് പറക്കും
ദൂരത്തിൻ്റെ ചില്ലയിൽ
അൽപ നേരമിരിക്കും
അനന്തതയുടെ ഒരില കൊത്തി തിരിച്ചു പറക്കും
കണ്ണിൽ കൗതുകത്തിൻ്റെ ചില്ലയിൽ
ചേക്കേറും
വീട്ടിൽ കണ്ണു നിറഞ്ഞൊഴുകുന്ന മഴയിൽ ഒരു കിളിയെയും
കാണാതിരിക്കുമ്പോൾ
കടലു കാണുവാൻ കാത്തിരിക്കും
കടപ്പുറത്തെത്തുവാൻ
കടലു കാണുവാൻ
വഴിയെ വിടെ?
പലിശ കൊണ്ട്
ഒരു വശം അവരടച്ചു
ഒച്ച കൊണ്ട് മറുവശം
ഒരാളടച്ചു
സ്നേഹം കൊണ്ട്
പുറത്തേക്കുള്ള വാതിൽ
മറ്റൊരാളച്ചു
കാറ്റു വരുന്ന വഴി
പേടി കൊണ്ട് ഞാനുമടച്ചു
കടപ്പുറത്തെത്തുവാൻ
കാലുകൾ ചലിക്കണം
പക്ഷേ
കാലിലെ തുരുമ്പെടുക്കാത്ത
ആ ക്ലീഷേ
പുരാതന ചങ്ങല
എന്നെ കൂട്ടിപ്പിടിച്ച്
എപ്പോഴും സെൽഫി എടുക്കുകയാണ്

പൂക്കൾപറന്നു പോയ വസന്തം

നഗരത്തിരക്കിൽ
അമ്പലനടയിൽ
പഴന്തുണി പോലെ
ഇരിക്കുകയാണ്
പൂക്കൾപറന്നു പോയ
വസന്തം
നട്ടുച്ചത്തീയിൽ
ഏതോ ഓർമ്മയുടെ തണുപ്പിൽ
അവശേഷിച്ച ജീവൻ
നിലനിർത്താൻ
കൈ നീട്ടുകയാണ്
ചുളിഞ്ഞ ജീവിതാസക്തി
ശ്രീകോവിലിനകത്ത്‌
ഇതുവരെ മോഷണം പോകാത്ത
കൽ പ്രതിമയുടെ നിറം
ആ വിരലുകളിലിരുന്ന്
ഭജന പാടുന്നു
ആളുകൾ മുന്നിലൂടെ
തിരക്കിട്ട് നടന്നു പോകുന്നു
ചോറൂണ്
കല്യാണം
പേരിടൽ
തുലാഭാരം
എന്നിങ്ങനെയുള്ള വാക്കുകൾ
പറന്നു വന്ന്
ചെവിയിലിരിക്കുന്നു
ഏറ്റവും ചെറിയ നാണയങ്ങൾ മാത്രം
അടുത്തേക്ക് ഉരുണ്ടു വരുന്നു
കുഞ്ഞുങ്ങളെ പോലെ
അവ അടുത്തു വന്നിരിക്കുന്നു
പണ്ടെങ്ങോ കുഞ്ഞുങ്ങൾക്ക്
കൈനീട്ടം കൊടുത്തതിൻ്റെ വെളിച്ചത്തിൽ
അവയെ തലോടുന്നു
അമ്പതു പൈസയെടുത്ത്
അതിന് ഉമ്മ കൊടുക്കുമ്പോൾ
മുഖത്ത് കോവിലിലെ ദേവിയുടെ
അതേ ഭാവം
ഒരിക്കൽ
ശ്രീകോവിലിനകത്തായിരുന്നു
പിന്നെങ്ങനെയാണ്
പുറത്തെത്തിയത് ?
ആ കഥ കേൾക്കുവാൻ
കറ പിടിച്ച ഒരു രൂപ
അടുത്തേക്ക് ഉരുണ്ടുരു ണ്ട് വരുന്നു

പെയ്ത്തിൻ്റെ സംഗീതത്തണലിൽ

വെയിലിൽ മരത്തണലിൽ
നിൽക്കുമ്പോലെയല്ല
മഴയിൽ പെയ്ത്തിൻ്റെ 
സംഗീതത്തണലിൽ നിൽക്കുന്നത്
ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള
ദൂരമല്ല
കുളിരിൽ നിന്ന്
ഉൾക്കുളിരിലേയ്ക്ക്
ആരാണു വെയിൽ
ആരാണു മഴ?
കാലമെല്ലാം കാണിച്ചു തരുമ്പോഴും
നാം തർക്കത്തിലാണ്
ഒരു വെയിലിൽ നിന്ന്
ഒരു മഴയിലേക്ക് ,
ഒരു മഴയിൽ നിന്ന്
ഒരു വെയിലിലേക്ക്
കൈകൾ കോർത്ത് നടക്കുമ്പോഴും

സ്വപ്നത്തിൻ്റെ ആ തുടുത്ത വാല്

ശൂന്യാകാശം
നക്ഷത്രങ്ങൾ വിടരുന്ന
വയൽ.

ഭൂമി ഒരു തുമ്പി.
ആകാശം
അതിൻ്റെ ചിറകുകൾ.

സൂര്യ വെളിച്ചത്തിൽ
നിനക്കു ചുറ്റും ഞാനെന്ന പോലെ
അത് വട്ടമിടുന്നു

അതിൻ്റെ വാലെവിടെ ?
നിന്നെ പേടിച്ച് / 
സ്നേഹിച്ച്
ഞാൻ മുറിച്ചെറിഞ്ഞ പോലെ
ഭൂമിയും
മുറിച്ചെറിഞ്ഞിരിക്കണം
സ്വപ്നത്തിൻ്റെ ആ
തുടുത്ത വാല്

അജ്ഞൻ


മഴ തോർന്ന നേരം
വിത്തിൽ നിന്നിറങ്ങി
വന്നവരൊക്കെ ചോദിക്കുന്നു,
അറിയുമോ ?
മുഖത്തുറ്റു നോക്കി
വീണ്ടും ചോദിക്കുന്നു
അറിയുമോ ?
മൗനിയായ്
തല താഴ്ത്തി നിന്നു പോയ്!
അജ്ഞൻ !

തീ ......

തീ
......
ഉള്ളിൽ വേനലുള്ള
ഒരു പുഴയാണ് അവൾ
എല്ലാ പെയ്ത്തും കൊള്ളും
കുളിർന്നില്ലല്ലോ
കുളിരില്ലല്ലോ എന്നു കരയും
ചിലപ്പോൾ കലങ്ങും
ചിലപ്പോൾ കരകവിയും
ചിലപ്പോൾ പ്രളയത്തിൻ്റെ
ഉടമയാകും
ഉളളിൽ നിറച്ച്
തീയാണെന്നു പറഞ്ഞു കത്തും
ഞാനെത്ര അണച്ചു പിടിച്ചിട്ടും തീയണഞ്ഞില്ല
എൻ്റെ ഉള്ളിന്
തീ പിടിക്കാൻ തുടങ്ങിയപ്പോൾ
അവൾ പറഞ്ഞു,
അച്ഛാ
എനിക്കു പരിചയമുള്ള
കാലുകളിൽ
ഒരു മഴ വരാനുണ്ട്
എനിക്കണയുവാൻ
തീയണയ്ക്കുവാൻ
എന്നെയണയ്ക്കുവാൻ!