വാക്കുകളുടെ തടാകം ( = പുസ്തകം )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,',,
വാക്കുകൾ നിറഞ്ഞ തടാകമേ
പുസ്തകമെന്നൊരൊറ്റ വിളിയിൽ തന്നെ
നിന്നിൽ ഞാനൊരരയന്നം.
ഓളങ്ങൾ വായിച്ച് നീന്തവേ
പിടഞ്ഞുണരുന്ന
പുതിയ ഓളങ്ങളിൽ
പുതിയ അർത്ഥങ്ങൾ...
ആഴങ്ങളിൽ നിന്ന്
പൊങ്ങി വരുന്ന നീർക്കുമിളകൾ
അതു നോക്കി
ഉയരങ്ങളിലേക്ക്
നേർത്ത കാറ്റായ് കടന്നു പോകുന്നു
അക്ഷരങ്ങൾ
ഉണർന്നു ചിരിക്കുന്ന താമര ,
ധ്യാനിക്കുന്നആമ്പൽ,
കാറ്റു കൊള്ളുന്ന
പച്ചപ്പായൽ ,
ജീവിതം നെയ്യുന്ന
നൂറു നൂറുമീനുകൾ...
ഇലത്തോണിയിൽ
ഒരു കുഞ്ഞുറുമ്പ്.
ആഴമറിയാതെ
അഴലറിയാതെ
പുറം ചട്ടയിലെന്നപോൽ
പുസ്തകത്തിൽ ,
തടാകത്തിൽ
വാക്കുകൾ കോർത്ത്
വാചകങ്ങളിൽ,
ആശയങ്ങളിൽ
നിരത്തിയവളുടെ ഓർമ്മ
തടാകത്തിനു മുകളിൽ
നിറഞ്ഞു പെയ്യുന്നു
കരയുണ്ടെങ്കിലും
കല്ലറകളില്ലാത്ത
ആഴത്തിലെ ജീവിതമേ
പരപ്പിലെ ജീവനേ
പുസ്തകമേ
ഞാൻ നീന്തുന്നതിൻ്റെ രഹസ്യം
ദൂരെ നിന്നു നോക്കി പറക്കും
പറവകൾക്കാരു പറഞ്ഞു കൊടുക്കും ?
.................................................മുനീർ അഗ്രഗാമി