*******************വേനലിൽ 'രമണൻ 'വായിക്കുമ്പോൾ ***************


വേനലിൽ രമണൻ വായിക്കുമ്പോൾ
മനസ്സിന്റെ താഴ്വരയിലൂടെ
രണ്ടാട്ടിടയൻമാർ 
സ്വപ്നങ്ങളെ
തെളിച്ചുകൊണ്ടു പോകും
ഹൃദയത്തിന്റെ
വരണ്ട മേച്ചിൽപ്പുറങ്ങളിലൂടെ
സ്കൂളിൽനിന്നും മടങ്ങിവരുന്ന
ഒരു കുട്ടി
അവരെ
ഇരട്ടപ്പേരു വിളിക്കും
രമണനെ മലയാളമേയെന്നും
മദനനെ കവിതേയെന്നും വിളിച്ച്
അവനോടും
അവരും അവന്റെ പിന്നാലെ ഓടും
അവരവന്റെ മനസ്സിലൂടെയുടൻ
വാക്കുകളേയും താളങ്ങളേയും
മേച്ചു നടക്കും
വംശനാശം വന്ന ആയർകുലത്തിന്റെ
ഓടക്കുഴൽ
‐അവരകന്നുപോകുമ്പോൾ
അവിടെ ബാക്കിയാകും
അതിലൂടെ കടന്നുപോകുന്ന നിശ്വാസം അവനു ജീവസംഗീതമാകും
വേനലിൽ
രമണൻ വായിക്കുമ്പോൾ
പൊള്ളിയ മണ്ണും മരങ്ങളും
കരിഞ്ഞ ഇലകളും പുഴകളും
യൗവനം ഓർത്തു ചിരിക്കുന്ന
വൃദ്ധരെപോലെ
വൃദ്ധിയുടെ
ഓർമ്മകളിൽ നിറഞ്ഞ് മഴക്കാലമാകും
ഓരോ വാക്കുമന്നേരം
പൂത്തുലഞ്ഞ്
ഉടലുമുയിരും പൂക്കാലമാക്കും
സംഗീതം മറന്നുപോയതിനാൽ
പാടാനാവാതെ വരണ്ടുപോയ
ചലനങ്ങൾ
അരുവികൾ മനോഹരമായി പാടിക്കേൾപ്പിക്കും
വേനലിൽ രമണൻ വായിക്കുമ്പോൾ
രമണനും മദനനും
പച്ചപ്പിന്റെ ഇടയൻമാരാകും
അവർ തെളിച്ചു കൊണ്ടുവരുന്ന പച്ചപ്പിന്റെ പാൽകുടിച്ച്
കൊടും വേനലേ കുറുമ്പുകാട്ടല്ലേ
കളിക്കല്ലേയെന്ന് നാം പറഞ്ഞു പോകും
വേനലിൽ രമണൻ വായിക്കുമ്പോൾ
പകലും രാവും
കുളിർചന്ദ്രിക നമുക്കു കാവലിരിക്കും

No comments:

Post a Comment