വീട്ടമ്മ


സൂര്യനുണർന്നു വരുമ്പോൾ
അവന്നു കണിയായെന്നും
ചൂലുമായൊരാൾ
കരിയിലകൾക്കൊപ്പം
ഏതോ കാറ്റിലൊഴുകുമൊരു
കരിയിലയായവൾ മുറ്റമടിക്കുന്നു
പുലരിത്തണുപ്പിൽ
പുതപ്പിനോടു പിണങ്ങി
അടുപ്പിലെ കനലിനൊപ്പം
പുകഞ്ഞുകത്തുന്നു
പാത്രങ്ങളുടെ കലപിലയൊച്ചയിൽ
ഒച്ചയില്ലാത്തൊരു പാത്രമായ്
സ്വയം കലമ്പുന്നു
ചോറിനൊപ്പം തിളച്ച്
നീരെല്ലാം വാർന്ന്
വറ്റിൻ വെൺമപോലൊരു
വെളിച്ചമായ്
അടുക്കളയിൽ തെളിയുന്നു
ആ വെളിച്ചത്തിൽ
അക്ഷരം പഠിച്ചവന്റെയോർമ്മയിൽ
അവൾ കഥചൊല്ലുമമ്മക്കിളി
കളിചൊല്ലും കുഞ്ഞിക്കിളി
പലരുചികളിൽ
പലവർണ്ണങ്ങളിൽ
സന്തോഷത്തിൻ ചിത്രത്തൂവാലതുന്നി
രുചിയറിയാതെ ചിരിക്കുന്നു
ചിതയിൽ തീയിനോടേറ്റം
പ്രിയമായ്ച്ചേർന്ന്
പഞ്ചഭൂതങ്ങളായ്
പുറംലോകം കാണുന്നു
വീടു പൊളിഞ്ഞു പോയിട്ടും
വീട്ടുവാനായില്ല
വീടിനവളോടുള്ള കടം

No comments:

Post a Comment