പ്രണയലേഖനം ..................................


നീ പൂത്തുലയാത്ത
വെളിച്ചത്തിലില്ലെനിക്കു പകലെന്നറിയൂ
കൃഷ്ണേ
നീലക്കടമ്പുകൾ
കാറ്റിലിളകിയാടി വിളിക്കിലും
പകലെനിക്കില്ല ക്യഷ്ണേ
കോലക്കുഴൽ നാദം കാതോർത്തു
ഗോകുലം മുഴുവനും
മധുധാരയിൽ മുഴുകി നിൽക്കിലും
പകലെനിക്കില്ല കൃഷ്ണേ
പകലോൻ പലതരം രശ്മികൾ തൂവി വെളിച്ചത്തിൽ കുളിപ്പിക്കിലും
പകലെനിക്കില്ല കൃഷ്ണേ
നീ പതിയെ വെളിച്ചമായെൻമുന്നിൽ
വഴിത്തെളിച്ചമാകുവോളം
പകലെനിക്കില്ല കൃഷ്ണേ
ഉടലാകെ വെളുത്തു വിളറി
മനസ്സിലിരുൾമൂടി വിരഹതാപത്താലുരുകി
കരിഞ്ഞു കാർവർണ്ണമായ്
മനസ്സേതോവേദനയാൽ
നീയേതിരുളിൻ കോട്ടയിൽ
അകപ്പെട്ടെന്നറിയാതെ
നിലാത്തെളിയോടു നിന്നെച്ചോദിച്ചു
വിഷണ്ണനായലഞ്ഞേൻ
കൂരിരുൾ കുടിച്ചു ഞാനൊരു കാർവർണ്ണനായ്
അന്ധവൃന്താവനത്തിലായ്
കൃഷ്ണേ‐നീയേതു താരകത്തിൻ കീഴിൽ
ഏതു മണ്ണിൽ
ഏതിരുളിൽ
നിശാഗന്ധിയായ് എന്നെക്കാത്തിരിക്കുന്നു?
ഏതു വിഷാദമഴ നിനക്കുചുറ്റുമെന്നെ
മറച്ചു പെയ്യുന്നു?
നിന്നിലെത്തുവാൻ പകലിലിരുളായ്
ഇരുളിൽ കൂരിരുളായ്
സൂര്യനില്ലാ ഭൂമിപോലലയുന്നു ഞാൻ
ഉടൽ തണുത്ത ചിറകുമായ്
രാപ്പക്ഷിയായ് ഞാൻ പറന്നുയരുന്നു
കുളിരിൻ ചിറകടി ഓരോ
ദേശദേശാന്തരങ്ങളിൽ നിന്നെത്തിരഞ്ഞു ചുവടു വെക്കുന്നു
കൃഷ്ണേ ഓടക്കുഴൽ നാദമില്ലിപ്പോൾ
കേൾക്കുവാൻ കാതുകൂർപ്പിക്കും
പ്രണയാർദ്രമാം നിൻ നിശ്വാസം
കേൾക്കണമതിന്നു കാതരയായ്
ഒരിക്കൽക്കൂടിയൊഴുകുവാൻ
കൃഷ്ണേ കേൾക്കുക
തണുപ്പിൻ ചിടകടി ഞാൻ തന്നെ
കാതോർക്കുകയെൻ പറക്കലിൻ നിസ്വനം
ചിറകുകുടയലിൻ ദീനമാം നാദം
നിന്നെത്തിരഞ്ഞു നിശാമാരുതന്റെ
കൈപിടിച്ചെൻ തൂവലുകൾ
പറന്നുപറന്നുവരാം
നീ നിലാവു മുട്ടിവിളിക്കും‐
ജനലുകൾ തുറക്കുക കൃഷ്ണേ
അതുവഴിയകത്തേക്കു മെല്ലെ
കടന്നെത്തും അദൃശ്യമായ് ഞാൻ
കുളിർരജനിയായ്
കൃഷ്ണേ കിളിക്കൊഞ്ചൽ കേൾക്കുവാൻ
നമുക്കൊന്നിച്ചൊരു പകൽ പിറക്കുവാൻ
(മുനീർഅഗ്രഗാമി)

No comments:

Post a Comment