കെട്ടുപോകാത്ത ഒരാൾ

 കെട്ടുപോകാത്ത ഒരാൾ

..............................................
കത്തിക്കൊണ്ടിരിക്കുന്ന ഒരാൾ
ഒട്ടും പുകയാതെ
തെരുവിലൂടെ പോകുന്നു
യേശുവിന്റേയോ
ബുദ്ധന്റെയോ
കൃഷ്ണന്റേയോ
മുഖച്ഛായ
അയാളിൽ മൂന്നു പേർ കാണുന്നു
ഒരു കുട്ടി
അയാളുടെ പ്രകാശം മാത്രം
കാണുന്നു
എന്തിനാണ് അയാൾ കത്തുന്നതെന്ന്
മനസ്സിലാക്കാൻ
ഒരു ജലപീരങ്കി
ഒരു വിലങ്ങ്
ഒരു തോക്ക്
അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു
അയാൾ കെട്ടുപോകില്ലെന്ന്
കുട്ടി ഉറപ്പിക്കുന്നു
കറണ്ടും ഇൻറർന്നെറ്റും
പെട്ടെന്ന് റദ്ദായി
ഉടനെ
അയാളിൽ നിന്നും കുട്ടി
ഇത്തിരി തീ കൊളുത്തി
ഒട്ടും പുകയാതെ.
- മുനീർ അഗ്രഗാമി

പുതുവർഷം

 പുതുവർഷം

.................................
ഒരു പൂ വിരിഞ്ഞു
മറ്റൊന്ന് കൊഴിഞ്ഞു
സത്യത്തിൽ മറ്റൊന്നും സംഭവിച്ചില്ല
നിശബ്ദതയുടെ ഭാഷയിൽ
ചെടികൾ കവിതയെഴുതി
ഓരോ വാക്കിനും
ഓരോ നിറങ്ങൾ
ഓരോ നിറത്തിനും
ഓരോ രൂപങ്ങൾ
ഓരോ രൂപത്തിലും
ഓരോ മണങ്ങൾ
കിളികളത്
ഉച്ചത്തിൽ വായിച്ചു
ഒരു വരിയുടെ അർത്ഥം തീരാതെ
വണ്ടുകൾ
കുട്ടികൾ
പൂമ്പാറ്റകൾ...
ഒരു പൂ വിടർന്നു
മറ്റൊരു പൂ കൊഴിഞ്ഞു
ഒരാൾ വീണതിനെ നോക്കിയിരുന്നു
അയാൾ കവിയായി
ഒരാൾ വിടരുന്നതിനെ നോക്കിയിരുന്നു
അയാൾ കാമുകനായി
ഒരാൾ
കൊഴിഞ്ഞതിന്റെയും
വിടർന്നതിന്റെയും നടുക്കിരുന്ന്
അസ്വസ്ഥനായി.
അയാൾ അപ്പോൾ ഭ്രാന്തനായി
ഒരു പൂ വിടർന്നു
ഒരു പൂ കൊഴിഞ്ഞു
മറ്റൊന്നുമില്ല
ഒരു വാക്ക്
ഉച്ചത്തിൽ വായിക്കുന്നുണ്ട്
ഒരു പെൺകുരുവി
വാക്കിൻറെ നിറം
മറ്റൊരു പൂവായി
മറ്റൊരു കവിതയായി
മറ്റൊരു വസന്തമായി
മൗനത്തിന്റെ തോട് പൊളിച്ച്
അത് വായിക്കുവിൻ.
-മുനീർ അഗ്രഗാമി

Like
Comment
Share

മൗനം കൊണ്ടു കളിക്കരുത്

 മൗനം കൊണ്ടു കളിക്കരുത്

അത് തീക്കളിയാണ്
സാംസ്കാരിക നായകൻമാരേ
സംസ്കാരത്തിന്
ഒച്ച ആവശ്യമുള്ളപ്പോൾ
അത് തരാത്തതെന്ത് ?
മൗനത്തിൽ കിടന്ന്
എന്നേക്കുമായി റദ്ദായിപ്പോകുന്ന ഒച്ചയിൽ
നിങ്ങൾ നിങ്ങളെ
അടയാളപ്പെടുത്തുകയാണോ ?
ആ അടയാളം
ഉണങ്ങാത്ത
മുറിവടയാളം പോലെ
എന്നും നീറിക്കൊണ്ടിരിക്കും
മൗനം കൊണ്ടു കളിക്കരുത്
അത്
നിങ്ങളുടെ നാവ് തിന്നു തീർക്കും
ഒരൊച്ചകൊണ്ട്
അടയാളപ്പെടുത്താനാകുന്നില്ലെങ്കിൽ
നിങ്ങൾ ജീവിച്ചിരിക്കുന്നവരുടെ
സെമിത്തേരി തന്നെ.
- മുനീർ അഗ്രഗാമി

ആറു കുതിരകൾ

 ആറു കുതിരകൾ

.............................
ഒരേ പാറ്റേണിലുള്ള
ആറു കുതിരകൾ
തെരുവിലൂടെ ഓടിക്കൊണ്ടിരുന്നു
രാജാവിന്റെ രഥം
ആളുകൾ വളഞ്ഞിരുന്നു
കുതിരകളെ അഴിച്ചുവിടും മുമ്പ്
രാജാവിന്റെ വഴിയല്ലാതെ
സ്വന്തം വഴിയില്ലേ എന്ന്
കുതിരകളോട്
ജനങ്ങൾ ചോദിച്ചിരുന്നു.
രഥത്തിൽ രാജാവുണ്ടായിരുന്നില്ല
അദ്ദേഹത്തിന്റെ
പാദുകങ്ങൾ മാത്രമേ
ഉണ്ടായിരുന്നുള്ളൂ
അദ്ദേഹമുണ്ടെന്ന തോന്നൽ
പെട്ടെന്ന് പൊട്ടിച്ചിതറി
തെരുവു നിറയെ ജനം
തടിച്ചുകൂടുമ്പോൾ
കുതിരകൾ
പാറ്റേണുകൾ അഴിച്ചു വെച്ച്
ഒറ്റയൊറ്റയായി
ആറുദിക്കുകളിലേക്ക് സഞ്ചരിച്ചു.
ആറുദിക്കുകളിലും
രാജാവുണ്ടായിരുന്നില്ല
അവിടെ ഉണ്ടെന്ന തോന്നൽ
കുതിരകൾ ചവിട്ടിത്തകർത്തു.
പ്രജകൾ എങ്ങോട്ടു പോകുമെന്നറിയാതെ
നിലവിളിക്കുമ്പോൾ
വന്യമായ നിലവിളിയോടെ
കുതിരകൾ പ്രാചീനമായ കാടുകളിലേക്ക്
കുതിച്ചു പാഞ്ഞു.
അതിരുകൾ
അവ കണ്ടില്ല.
-മുനീർ അഗ്രഗാമി

പക്ഷികളുടെയും മൃഗങ്ങളുടെയും കൂടെ ഞാൻ യാത്ര ചെയ്തിട്ടുണ്ട്

പക്ഷികളുടെയും മൃഗങ്ങളുടെയും കൂടെ
ഞാൻ യാത്ര ചെയ്തിട്ടുണ്ട്
...............................................................
അതിരുകൾ എന്റെ മതമല്ല
ഞാനതിൽ വിശ്വസിക്കുന്നില്ല
പക്ഷികളുടെയും മൃഗങ്ങളുടെയും കൂടെ
ഞാൻ യാത്ര ചെയ്തിട്ടുണ്ട്
ഒരിക്കൽ ഒരു രാജഹംസത്തിനൊപ്പം
മൂന്നു രാജ്യങ്ങളിലെ ജലം കുടിച്ച്
പറന്നിട്ടുണ്ട്
മറ്റൊരിക്കൽ ഒരു കടുവയ്ക്കൊപ്പം
ഒരേ കാട് രണ്ടു രാജ്യങ്ങളെ
എങ്ങനെ ഒന്നിപ്പിക്കുന്നു എന്ന്
അത്ഭുതപ്പെട്ടു നടന്നിട്ടുണ്ട്
ഒടുവിൽ ഇരുകാലികളുടെ
വംശഗാഥ കേട്ടു
കുടിവെള്ളമില്ലാഞ്ഞിട്ടും
രക്തമൊഴുക്കുന്നതു കണ്ടു
വിശന്നു മരിച്ചിട്ടും
ഭക്ഷണം കുഴിച്ചിടുന്നതു കണ്ടു
ഞാൻ കാറ്റോ മഴയോ
മഞ്ഞോ ആയിത്തീർന്നവൻ
എന്റെ പേര് ചോദിക്കരുതേ
വേരുകൾ മാന്തരുതേ
എന്തെന്നാൽ
കറ കഴുകുമ്പോലെ
നിങ്ങൾ അതിരുകൾ കഴുകിക്കളയുക
അപ്പോൾ
ഞാൻ എവിടെ നിൽക്കുന്നോ
അവിടെ ഞാൻ നിങ്ങളാവുന്നു
നിങ്ങൾ എവിടെ നിൽക്കുന്നോ
അതു ഞാനാകുന്നു.
തൂക്കണാം കുരുവികളായി
നാം പറന്നു പോകുന്നു.

- മുനീർ അഗ്രഗാമി 

മാഷ്

 മാഷ്

.................
സിലബസിനു
പുറത്തുപോവാത്ത മാഷ്
ക്ലാസിൽ വന്നു
എന്തൊരച്ചടക്കമാണ്!
ഒരു കുട്ടി
സിലബസിനു പുറത്തേക്ക്
നാവു നീട്ടി
രുചിക്കും മുമ്പ്
മാഷത് മുറിച്ചു കളഞ്ഞു
സ്കൂൾ മുഴുവൻ
ഇപ്പോൾ മൗനം നിറഞ്ഞിരിക്കുന്നു
നാട് മുഴുവനും മൗനം
പടരുന്നു
ഒരു കുട്ടിയെ പാമ്പുകടിച്ചു
കടിയുടെ പാട്
സിലബസിലില്ലെന്ന് പറഞ്ഞ്
മാഷ് കുട്ടിയെ ഓടിച്ചു
കുട്ടികൾ സിലബസ്സിനു പുറത്തിറങ്ങി
പാമ്പിൻ മാളം കണ്ടു പിടിച്ചു
കുട്ടികൾ ഒച്ചവെച്ചു
മാഷ്ക്ക്
ഇപ്പോൾ തത്തമ്മയുടെ നാവ്
മാഷ്
പൂച്ച പൂച്ച എന്നു പറഞ്ഞു കൊണ്ടിരുന്നു .
- മുനീർ അഗ്രഗാമി

തരിശിട്ട പാടം

 തരിശിട്ട പാടം

പൂട്ടിയൊരുക്കി
വിത്തിട്ടു നാം
അതിൻ മുമ്പു
തരിശിട്ട മനസ്സുകൾ
തുറന്നൊരുക്കി
കൃഷി വിതച്ചു നാം
കളയും കാടും
കേറിക്കളി തുടങ്ങിയ
പാടത്തിൽ
വംശനാശം വരുമെന്നു
പേടിച്ച
വിത്തിനു വീടൊരുക്കി
വിരുന്നൊരുക്കി നാം
വെള്ളം കുടിച്ചു
തുടുത്ത ഞാറുകൾ
നമ്മെപ്പോലെ
നല്ലൊരു കാറ്റിൽ
പാട്ടു മൂളിയുയരുന്നു
വരമ്പിലില്ല തമ്പ്രാൻ
കണ്ടത്തിലില്ലടിയാളർ
വരമ്പിലും കണ്ടത്തിലും
ഞാറു പോലെ
തളിരിടുന്ന നമ്മൾ മാത്രം
ഒറ്റഞാർ നട്ടു നാം
പിരിയവേ ഓർത്തു ,
ഒറ്റയ്ക്കല്ല വളരുക
ഞാറും നമ്മളും
- മുനീർ അഗ്രഗാമി

മിനിക്കഥ കുമാരേട്ടൻ

 മിനിക്കഥ

................
.ഒടുവിലത്തെ ചായക്കടലിരുന്ന്
കുമാരേട്ടൻ പറഞ്ഞു ,
പഴയ മാഷന്മാർ
പുതിയ മാഷ്മാരെ പോലെ ആയിരുന്നില്ല
അവർ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ്
ഞങ്ങളെ വലുതാക്കിയിരുന്നു
വലിയ വലിയ കാര്യങ്ങൾ പറഞ്ഞ്
ഞങ്ങളെ ചെറുതായിരുന്നില്ല.
അവർക്ക്
ഇത്ര പഠിപ്പ് ഉണ്ടായിരുന്നില്ല
എന്നിട്ടും അവർ പഠിപ്പിച്ചിരുന്നു
അവർക്ക്
ഇത്ര പഠിപ്പിക്കാൻ ഉണ്ടായിരുന്നില്ല
എന്നിട്ടും അവർ
ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു .
അവരുടെ കണ്ണുകളിലായിരുന്നു
ഞങ്ങളുടെ ക്ലാസ് റൂം
അവരുടെ വിരൽത്തുമ്പിലായിരുന്നു
കളിസ്ഥലം
അവരുടെ വീടിനു മുന്നിലൂടെയായിരുന്നു സ്കൂളിലേക്കുള്ള വഴി.
വൈകുന്നേരം അവരീ ചായക്കടയിൽ വരുമായിരുന്നു
ഈ ബഞ്ചിൽ അൽപനേരം ഇരുന്ന് നടന്നു പോകുമായിരുന്നു
അന്നത്തെ മാഷ് ഇന്നില്ല അന്നത്തെ സ്കൂൾ ഇന്നില്ല
അടുത്തമാസം ഈ ചായക്കട പൊളിക്കും
റോഡിന് വീതി കൂട്ടും
പുതിയ മാഷന്മാർ പുതിയ വാഹനങ്ങളിൽ പറക്കും
എങ്കിലും
കുമാരേട്ടൻ ഓർമ്മയിൽ കുറെ നേരം ഇരുന്നു
ഓർമ്മ പൂട്ടിപ്പോകാനാവാതെ.
- മുനീർ അഗ്രഗാമി

വടപുറം മുതൽ ചന്തക്കുന്നു വരെ

 വടപുറം മുതൽ ചന്തക്കുന്നു വരെ

.......................................................
ഒറ്റയ്ക്കായ ഒരാൾ
വടപുറം മുതൽ ചന്തക്കുന്നു വരെ
സഞ്ചരിക്കുന്നു
ഏതു വാഹനത്തിലായാലും
അയാൾ കുതിരപ്പുറത്താണ്
ഏതു സമയത്തായാലും
അയാൾ സമയത്തിന് എത്തുകയില്ല
ഏതു ചിന്തയിലായാലും
അവ നുറുങ്ങി പൊടികളിൽ ചേരും
ചരിത്രത്തിൽ രേഖപ്പെടുത്താത്ത
മഹാപ്രളയം ഭരിച്ചതിന്റെ അടയാളങ്ങളിൽ
അയാൾ ഒഴുക്കിലെന്ന പോലെ
അല്പനേരം തങ്ങി നിൽക്കും
മരങ്ങൾ അയാളിലൂടെ നടന്നുപോകും
മൗനം അയാളെ ചേർത്തു പിടിക്കും
പ്രളയത്തിന്റെ രാജപാതയിലൂടെ
മറ്റൊരു പ്രളയം പോലെ
വാഹനങ്ങൾ മെല്ലെ ഒഴുകുന്ന സായന്തനം
തുലാമഴയിൽ കുതിർന്നലിയുന്നു
ചന്തക്കുന്ന് എത്തും മുമ്പ്
അയാൾക്ക് ഒരു പുഴ കടക്കേണ്ടതുണ്ട്
അതിനാൽ
പെട്ടെന്ന് ഒരു പുഴ അയാൾക്കു മുന്നിൽ
പ്രത്യക്ഷപ്പെട്ടു
അയാൾ ഒരു ആമയുടെ ഉള്ളിൽ കയറി
അതു മുറിച്ചു കടക്കുന്നു
ആമയുടെ ടയറുകളിൽ
അയാൾ ചന്തക്കുന്നിലെത്തും മുമ്പ്
വീണ്ടും മഴ പെയ്യുന്നു
മഴ പെയ്യുന്നു
ഇപ്പോൾ അയാൾ
ഒറ്റയ്ക്കല്ല
മഴ നനഞ്ഞ അനേകമാളുകൾ
അനേകമനേകമാളുകൾ !
- മുനീർ അഗ്രഗാമി

പകൽ

 പകൽ

..........
പകലിന്റെ കണ്ണിലേക്കു തന്നെ
നോക്കി നിന്നു
അതെന്നെ കണ്ണെടുക്കാതെ
നോക്കുകയായിരുന്നു
ഏറെ നേരമായി
വെളിച്ചമൊഴിച്ച്
കണ്ണുകൾ കഴുകുകയായിരുന്നു
എന്താണിങ്ങനെ നോക്കുന്നത് ?
പകലിനോടു ചോദിച്ചു
നിനക്കെന്നോടു എത്ര സ്നേഹമുണ്ട് ?
പകൽ തിരിച്ചു ചോദിക്കുന്നു
അളവു പാത്രങ്ങളോ
അളവിന്റെ കണക്കുകളോ
അറിയാത്തവനാണ്
ഒന്നു മാത്രമറിയാം
ഓരോ പുലരിയിലും
ഞാൻ നിന്നിൽ തെളിയുന്നു
നീ മറയുന്ന സന്ധ്യയോളം
നിന്നിലല്ലാതെ മറ്റെവിടെയും
ഞാനില്ല
രാത്രി
നിനക്കെന്നിൽ ജീവിക്കാനുള്ള
രാജ്യമാണ്
അപ്പോൾ
നീയല്ലാതെ മറ്റൊന്നും എന്നിലില്ല
പകലിന്റെ കണ്ണിൽ നിന്നും
പെട്ടെന്ന്
ഒരു മഴ പെയ്തു
അത് എന്നെ തന്നെ നോക്കി നിന്നു
സന്ധ്യയാവുന്നു
പോവട്ടെ എന്നു ചോദിച്ചു
പോവാതെ പോവാതെ എന്നു പറഞ്ഞ്
കൈപിടിച്ചു.
രാത്രിയായി
ഉള്ളിൽ പകലുള്ളവന്
ഇരുട്ടിനെ ഭയമുണ്ടാവില്ല
എന്നറിയുന്നു
രാത്രിയിലും മഴ പെയ്തു
എന്റെ കണ്ണിൽ നിന്നും .
- മുനീർ അഗ്രഗാമി

കപ്പൽ

 കപ്പൽ

....................
ഏഴാമത്തെ നഗരത്തിൽ നിന്നും
നാമിറങ്ങിയോടി
വിറ്റുതീരാത്ത ലോട്ടറിയുമായി
ഒരാൾ നമുക്കു മുന്നിൽ
ഓടുന്നുണ്ടായിരുന്നു
കൈക്കുഞ്ഞുമായി ഒരുവൾ
അതിനു മുന്നിൽ
കാലില്ലാത്ത ഒരാളെ
ചുമലിലേറ്റി മറ്റൊരാൾ
എല്ലാ പൂക്കളും മുഖം താഴ്ത്തുന്നു
മരങ്ങൾ കത്തിയെരിയാൻ
തയ്യാറായി തല കുനിക്കുന്നു
കിളികൾ മൗനത്തിൽ നിന്നും
ചിറകടിച്ചുയരുന്നു
യുദ്ധം കടലിൽ നങ്കൂരമിട്ടിരിക്കുന്നു
ഇനി വിമാനങ്ങളിൽ
ഇങ്ങോട്ടു സഞ്ചരിക്കും
നമുക്ക് തിരിച്ചു പോകാനുള്ള കപ്പൽ
തുറമുഖത്ത് എത്തിയിട്ടില്ല
പത്താണ്ടുമുമ്പ് നഗരത്തിൽ കയറിയിറങ്ങിയ
മഹാസാഗര തീരത്ത്
നാമിരുന്നു
കാറ്റും തിരകളും
നാം കാണുന്നില്ല
വരാനുള്ള കപ്പൽ മാത്രം കാണുന്നു
അതെവിടെയാണ്
എവിടെയാണ് ?
നീ ചോദിക്കുന്നു
നഗരമൊന്നടങ്കം
ഓടി വരുന്നു
കപ്പലിനു കാത്തു നിൽക്കുന്നു
നെഞ്ചിലെ
അവസാനത്തെ ഇലയും
കത്തുന്നു
വരാനുള്ള കപ്പൽ
പുറപ്പെടാൻ ഒരിടമുണ്ടോ എന്ന്
ഒരാൾ അസ്വസ്ഥനാവുന്നു
അയാൾ
പലവട്ടം നഗര മുപേക്ഷിക്കുകയും
തിരിച്ചു വരികയും ചെയ്ത
വൃദ്ധനായിരുന്നു
നാം അയാൾക്കു മുന്നിലിരുന്നു
കപ്പലിനെ കുറിച്ചുള്ള
അയാളുടെ കഥകളിൽ കയറി
സഞ്ചരിച്ചു
വരും വരാതിരിക്കില്ലകപ്പൽ
നാളെ എനിക്ക് ഒരു കഥ പറയാൻ
-മുനീർ അഗ്രഗാമി

 അയാൾ പഠിച്ചു;

പ്രൊഫഷനലായി;
പ്രൊഫഷനായി;
സ്മാർട്ടായി;
മനുഷ്യനായില്ല.

-മുനീർ അഗ്രഗാമി

ഒരു പാട്ട്

 ഒരു പാട്ട്

................
അനേകം നാവുകളെ
നടുക്ക് തുളച്ച്
ഒരു കൊടിമരത്തിലേക്ക്
വലിച്ചുകെട്ടിയിരിക്കുന്നു
കെട്ടുകളുടെ സൗന്ദര്യത്തെ കുറിച്ച്
വാർത്തകൾ വന്നുകൊണ്ടിരുന്നു
ചർച്ചകൾ നടന്നുകൊണ്ടിരുന്നു
ഒരൊറ്റ അക്ഷരം പോലും
ഉച്ചരിക്കാനാവില്ലെങ്കിലും
ഒരു സ്ത്രീ പ്രസവിച്ചു;
കുഞ്ഞ് കൊടിമരം നോക്കിക്കരഞ്ഞു
കുഞ്ഞ് അപ്രത്യക്ഷമായിരുന്നെങ്കിൽ!
അവൾ വിചാരിച്ചു
പെട്ടെന്ന് കുഞ്ഞ് അപ്രത്യക്ഷമായി.
കുഞ്ഞേ പ്രത്യക്ഷപ്പെടൂ എന്ന്
അവൾ പറയുന്ന നാൾ
പാടുവാൻ വേണ്ടി
ഒരു പാട്ട്
എല്ലാവരുടെയും ഉള്ളിൽ വന്നു നിന്നു.
-മുനീർ അഗ്രഗാമി

അവർ എത്ര പേരുണ്ട്?

 അവർ എത്ര പേരുണ്ട്?

......................................
മഞ്ഞൻ കുതിരകൾ
മലമുകളിൽ നിന്നും
ചന്ദ്രക്കലയെ വലിച്ചുകൊണ്ടു വരുന്ന വഴിയിൽ
അഭയാർത്ഥികൾ നിന്നു
എല്ലാ ചലനങ്ങൾക്കും
ഇരയായിത്തീർന്നതു പോലെ
അവരുടെ കണ്ണുകളിൽ ലോകം
പൊടിഞ്ഞു കിടന്നു
അവർ എത്ര പേരുണ്ട്?
നക്ഷത്രങ്ങൾ അവരെ എണ്ണാൻ തുടങ്ങിട്ട്
എത്ര നാളായി?
അവരുടെ ഇടയിലെ
ഒരു പെൺകുട്ടി മാത്രം
മഞ്ഞിന്റെ കുളമ്പടികൾ കേൾക്കുന്നു
ഒരു പെൺകുട്ടി മാത്രം
കുതിരളുടെ വേഗം കാണുന്നു
ചവിട്ടല്ലേ ചവട്ടല്ലേ എന്ന
അവളുടെ ഒച്ച
വച്ചാലുകൾക്കൊപ്പം രാത്രിയിൽ
കിഴക്കോട്ട് പോകുന്നു .
അവൾ കാത്തിരിക്കുന്ന ഉറക്കം
ആ കുതിരകളുടെ തേരിലില്ല
ഇല്ല.

 ഫാഷിസത്തെ

...................................
ഫാഷിസത്തെ നിങ്ങൾ
എല്ലാ ഭാഷയിലേക്കും
തർജ്ജമ ചെയ്തു കഴിഞ്ഞു
അതിന്റെ ആദ്യത്തെ ഭാഷ
സ്വയം വെടിവെച്ചു മരിച്ചാലും
അതിനി മരിക്കില്ല
നിങ്ങളെ നിഷ്പ്രഭനാക്കുന്ന വാക്ക്,
തേൻ പുരട്ടി കേൾക്കുന്ന വാക്ക്
അതിന്റെ തർജ്ജമയായിരിക്കും
പറയുന്നവന്റെ ഉള്ളിൽ
കൂടു വെച്ചതല്ല
പറയുന്നവൻ തന്നെ
അതിന്റെ അക്ഷരങ്ങളാണ്
ഉണങ്ങാത്ത മുറിവിൽ നിന്നും
എക്കാലവും അതിന്റെ അർത്ഥം
ഇറ്റി വീണു കൊണ്ടിരിക്കും
എല്ലും തോലുമായ അനേകം
വേദനകളുടെ മൂർദ്ധാവിലേക്ക്.


മുനീർ അഗ്രഗാമി

ഉമ്മ

 ഉമ്മ

....................
മരിച്ചുപോയ
ഉമ്മ
ജീവിച്ചിരിക്കുന്ന ഇടം സൂക്ഷിക്കുന്ന
കാവൽക്കാരനാണ് ഞാൻ
ഇതുവരെ
തിരിച്ചെത്തിയില്ലല്ലോ എന്നോർത്ത്
അക്ഷമയോടെ
ഉമ്മ
അവിടെ ഉറങ്ങാതിരിക്കുന്നുണ്ട്
വന്നു കയറുമ്പോൾ
നീ ഒന്നും കഴിച്ചില്ലല്ലോ എന്ന്
ചേദിക്കുന്നുണ്ട്
കിടന്നിട്ട്
ഉറങ്ങിയോ എന്ന്
ഇടയ്ക്ക് വന്നു നോക്കുന്നുണ്ട്
നെറ്റിയിൽ കൈവെച്ച് വിതുമ്പുന്നുണ്ട്
കൈ പൊള്ളുന്നു
ഉമ്മ
ഉരുകുന്നുണ്ട്
നേരം വെളുക്കുവോളം
വെളിച്ചമായ് അടുത്തിരിക്കുന്നുണ്ട്
സ്നേഹമുള്ളവർ മരിച്ചാൽ
ജീവിക്കാതെ വയ്യ
സ്നേഹം കൊണ്ടവർ പണിത ഇടത്തിൽ
അവർക്കൊപ്പം
ജീവിക്കാതെ വയ്യ
ഞാനതിന്റെ സൂക്ഷിപ്പുകാരനാണ്
മോനേ എന്നു വിളിച്ച്
ഉറക്കത്തിന്റെ വാതിൽ കടന്ന്
ഉമ്മ
വരും
വേദനിക്കരുത്
എന്നും നിനക്കൊപ്പമെന്ന്
ചേർത്തു പിടിക്കും
അന്നേരം പുറത്ത് മഴ പെയ്യുന്നുണ്ടാകും
അകത്തും മഴ പെയ്യുന്നുണ്ടാകും
എല്ലാ സങ്കടങ്ങളും
ഒഴുക്കിക്കക്കളഞ്ഞ്
ആ മഴ വീണ്ടും കിടന്നു പെയ്യും.
- മുനീർ അഗ്രഗാമി