ഒരു മൺതരിക്കുള്ളിൽ

 ഒരു മൺതരിക്കുള്ളിൽ

മറ്റൊരു ഭൂമിയുണ്ട്
അതിലെ ഒരു രാജ്യത്തെ രാജാവ്
ഏകകോശ ജീവിയാണ്
അവർ മറ്റു ലോകങ്ങൾ
പിടിച്ചെടുക്കുമ്പോൾ
തോറ്റവർ രോഗികളാകുന്നു
-മുനീർ അഗ്രഗാമി

സങ്കടപ്പൈക്കുട്ടി

സങ്കടപ്പൈക്കുട്ടി

.........................................

 തീർത്തും കാല്പനികനായ്

എത്തുമൊരുനാൾ
നിന്റെ വാക്കിന്നറ്റത്ത്
നീ കൊളുത്തിയ വെളിച്ചത്തിൻ
മറ്റൊരു ലോകം കാണാൻ
എന്നിലെ ച്ചാറ്റൽ മഴയേറ്റു
പച്ചപ്പാടത്തു മേയുമെൻ
സങ്കടപ്പൈക്കുട്ടി!
തിരിച്ചറിയണേ നീയതിൻ
ചൂരും താളവും നോട്ടവും
താവഴി തന്ന വഴക്കവും
മറ്റൊന്നിനുമല്ല
നിന്നിലെത്തിയെന്നോർത്തു
തണുത്ത നിലാവെളിച്ചത്തിൽ
വാക്കുകൾ രുചിച്ചു
മുല്ലപ്പൂക്കൾ കോർത്തൊരു
താരകഹാരമെന്നുള്ളിലെയിരുളിൽ
ചാർത്തുവാൻ മാത്രം.
- മുനീർ അഗ്രഗാമി

ഒറ്റയാവാതിരിക്കാൻ

 ഒറ്റയാവാതിരിക്കാൻ

തൊട്ടു നോക്കീ നിലാവിൻ
പുള്ളിപ്പീലികൾ നിന്റെ -
യുള്ളംകൈ തൊടുംപോലെ.
- മുനീർ അഗ്രഗാമി

മഴ

 മഴയെന്റെ

വേരുകളിലൂടെ

നടന്നു വരുന്നു

ഭിക്ഷു

 ഭിക്ഷു

.............
ആഗ്രഹങ്ങൾ
കത്തിത്തീർന്ന്
വേനലിൽ ബുദ്ധനായി
- മുനീർ അഗ്രഗാമി

താവഴി

 താവഴി

...............
മുറ്റത്തെ മാവിൽ
മുതുമുത്തശ്ശിയുടെ
വിരലടയാളം .
- മുനീർ അഗ്രഗാമി

വേനൽവസതിയിൽ

 വേനൽവസതിയിൽ

............................
പാതി കരിഞ്ഞ
ഒരോർമ്മയിൽ
കണ്ണീരിറ്റുന്നു.
- മുനീർ അഗ്രഗാമി

ണ - മുനീർ ‍ അഗ്രഗാമി

 

===
മുനീർ അഗ്രഗാമി
--------------------
ണ രണ്ടു കാലുള്ള ആനയാണ്
പ്രണയത്തിൻറെ നടുക്കത്
നഗ്നമായി നിൽക്കുന്നു
മരണത്തിൻറെ ഒടുക്കം
ഒരു കണ്ണീർത്തുള്ളിക്കൊപ്പവും
അതിൻറെ കൊമ്പുകളെവിടെയെന്ന് സംശയം തോന്നാം
പ്രണയത്തിൽ നിൽക്കുമ്പോൾ
ഏതു കൊമ്പനാണ്
കൊമ്പുകൾ പുറത്തെടുത്തിട്ടുള്ളത് ?
മരണത്തിൽ കിടക്കുമ്പോൾ
ഏതു വീരനാണ് കൊമ്പുകൾ പുറത്തുകാണിക്കാനാവുക?
ഓരോരോ വാക്കിലും
അതിനോരോ ഭാവമാണ്
നാണയത്തിൽ അത് നിവർന്നു നിൽക്കുന്നു
പണയത്തിൽ തലകുനിച്ചും
ന യെ പോലെ മലർന്നു കിടന്നാലോ
സ യെപോലെ തിരിഞ്ഞു കിടന്നാലോ
അതിനു മറ്റൊരു സാധ്യതയില്ല
അതുകൊണ്ട് താൻ താമസിക്കുന്ന വാക്കിൽ
അർത്ഥമോർത്ത് ണ നിസ്സഹായനായി നിൽക്കുന്നു
കണ്ണീരിൽ അത് നില തെറ്റാതിരിക്കാൻ
തന്റെ തന്നെ ആനപ്പുറത്ത് കയറുന്നു
നുണയിൽ അത് തന്നെത്തന്നെ നുണയുന്നു
നോക്കൂ
തന്റെ തുമ്പികൈയ്യിൽ
എത്ര സൂക്ഷ്മതയോടെയാണ്
വാക്കിൻറെ സത്തയെ അത്
ചുരുട്ടിപ്പിടിച്ചിരിക്കുന്നത് !
ണയുടെ കാലിനിടയിലൂടെ
ഞാൻ ഭാഷയിലേക്ക് നൂണു കടക്കുന്നു;
ഭാഷ എന്നിലേക്കും
**********
മാതൃഭൂമി ആഴ്ചപ്പതിപ്പ്

രണ്ടു പേരും

 രണ്ടു പേരും

ഒരുമിച്ചെത്തുന്ന ഒരിടവുമില്ല
എന്നിട്ടും
എത്തുമെന്ന പ്രതീക്ഷയിലാണ്
ഓരോ നടത്തവും.
-മുനീർ അഗ്രഗാമി

എങ്ങോട്ടോ

എങ്ങോട്ടോ
.............................

വിജയത്തിന്റെ രണ്ടറ്റങ്ങൾ
എവിടെയാണ് ?
ആരാണവ പിടിച്ചിരിക്കുന്നത്?]

ഒന്നും ആലോചിക്കാതെ
കുറച്ചു പേർ അതിനു മുകളിലൂടെ
ഞാണിൻ മേലെന്ന പോലെ
നടന്നുപോകുന്നതു കണ്ടു;
പരിശീലനമൊന്നുമില്ലാതെ.

കാണികളുടെ കഘോഷം
അവരെ
അവരിൽ നിന്നും
എങ്ങോട്ടോ
കൊണ്ടു പോകുന്നു.

-മുനീർ അഗ്രഗാമി 

പെട്ടി

 പെട്ടി


കുറച്ചു ദിവസം മുമ്പ്

ഹൃദയത്തിൽ നിന്നെടുത്ത്
നേതാവിനെ ഞങ്ങൾ
ഈ പെട്ടിയിൽ വെച്ചതാണ്

ഇന്നതു തുറന്നു നോക്കും
അദ്ദേഹം അതിലുണ്ടാവുമോ ?
ഞങ്ങൾക്കു മുന്നിൽ നടക്കുമോ ?

ദൈവങ്ങളെ അപഹരിച്ച പോലെ
അദേഹവും അപഹരിക്കപ്പെടുമോ ?
അത്ര ചെറിയവനെങ്കിലും
അദ്ദേഹം അതിൽ കിടന്ന്
വലുതായിട്ടുണ്ടാവുമോ ?

ആ പെട്ടിയിൽ
മറ്റൊരാൾ കൂടിയുണ്ട്
അവർ തമ്മിൽ യുദ്ധം നടക്കുന്നുണ്ടാവും
അതു കണ്ട് ചിലർ അവിടെ
വെറുതെ ഇരിക്കുന്നുണ്ടാവും

- മുനീർ അഗ്രഗാമി

അദ്വൈതം

 അദ്വൈതം

...........................


രണ്ടു പേർ,

രണ്ടിൽ ഒരാൾ മിണ്ടുന്നു
മിണ്ടൽ നീണ്ടുപോകുന്നു
രണ്ടു പേർ
രണ്ടിൽ ഒരാൾ മിണ്ടാതെയിരിക്കുന്നു
മിണ്ടാതെ നീണ്ടുപോകുന്നു
രണ്ടല്ല
ഒന്നു തന്നെ ദർശനം
വാക്ക് ,പൊരുൾ
അദ്വൈതം
രണ്ടു പേരെന്നത്
തോന്നലാവാം
രണ്ടു പേർ മിണ്ടുന്നു,
ഒരൊറ്റ വായ ചലിക്കുന്നു
രണ്ടു പേരെന്നത്
തോന്നലാവാം
- മുനീർ അഗ്രഗാമി

എ പ്ലസ് A+

 എ പ്ലസ്

...........................

ഒരു എപ്ലസ് പോലും കിട്ടാത്ത

കുട്ടിയുടെ വീട്ടിൽ
കയറിച്ചെന്നു
അവനവിടെയുടെയുണ്ട്
പശുവിനെ കറക്കുകയാണ്
പശു എന്നെ നോക്കി
അവനെ നോക്കി
പുല്ലരിയാനറിയാമോ?
അഴിച്ചു കെട്ടാനറിയാമോ ?
പശു എന്നോടു ചോദിക്കുന്നു
ഇല്ല എന്നു പറഞ്ഞ്
പൂത്തുനിൽക്കുന്ന കൊന്നയിൽ
കണ്ണുകൾ തൂക്കിയിട്ടു
ഈ വഴി വന്നപ്പോൾ
കയറിയതാണ്
കൂട്ടുകാരന്റെ പൂട്ടിയിട്ട വീട്ടിൽ
പോയതാണ്
പുല്ലും ചിതലുകളും
അവനെക്കാൾ നന്നായി
അവിടെ ജീവിക്കുന്നു എന്നറിഞ്ഞു വരികയാണ്
ഇനിയെന്താ പരിപാടി ?
ദാഹജലം തന്ന്
വേനലിന്റെ പരീക്ഷ ജയിച്ച്
അവൻ മുന്നിൽ നിന്നു
ജയിച്ചല്ലോ അതു മതി
പശു അവനെ നക്കുന്നു
അമ്മയില്ലേ ?
അവന്റ നനഞ്ഞ കണ്ണുകൾ പറഞ്ഞു
മരിച്ചു പോയി
മണ്ണിൽ നിന്നന്നേരം
അവനറിയാതെ
രണ്ടു കൈകൾ നീളുന്നതു കണ്ടു
പാസായല്ലേ എന്നു
തഴുകുന്നതു കണ്ടു
പശുക്കുട്ടി അവനെ വിളിച്ചു
ഞാൻ പടിയിറങ്ങി നടന്നു
എന്റെ ഉള്ളിൽ ഫുൾ എപ്ലസ് കിട്ടാത്ത
ഒരു കുട്ടി തോണിയിൽ
സഞ്ചരിക്കുന്നുണ്ട്
അമ്മ അവനെ ചേർത്തു പിടിച്ചിട്ടുണ്ട്
നടക്കുമ്പോൾ അമ്മ ഒപ്പം വന്നു
എനിക്ക് പശുവില്ല
അതിനെ തീറ്റാനറിയില്ല
പുഴ മഴയിലേക്ക് കൈ നീട്ടുന്നുണ്ട്
അമ്മ മരിച്ചിട്ടും ജീവിക്കുന്ന
ഒരു വീട്ടിലേക്ക്
എന്നെ കൊണ്ടു പോയി.
അവിടെ ഒരു ഒരു മാഞ്ചോട്ടിൽ
ഒരു മാങ്ങ
എന്നെ കാത്തിരിക്കുന്നു
അമ്മ പറഞ്ഞു
അതാ 'എപ്ലസ്'
അതെടുക്കൂ
- മുനീർ അഗ്രഗാമി

അതിരുകളും അളവുകളും

 അതിരുകളും അളവുകളും

നിങ്ങളെ മറ്റൊരാൾക്ക്
പരിചയപ്പെടുത്തിക്കൊടുക്കുന്ന
ഇടനിലക്കാരാണ്

അത് നിങ്ങൾ നിങ്ങളെ
പരിചയപ്പെടുത്തുമ്പോലെയല്ല
ഒരു സ്വതന്ത്ര രാജ്യത്തെ
മറ്റൊരു രാജ്യം മനസ്സിലാക്കുമ്പോലെ
ലളിതവും സങ്കീർണ്ണവുമാണ്

മഞ്ഞിന്റേയും മഴക്കാറിന്റേയും
ആവരണം അതിന് തടസ്സമാകുമ്പോൾ
വെയിലെന്ന പോലെ
വെളിച്ചമെന്ന പോലെ
ചില പ്രവൃത്തികൾ വേണം
...
- മുനീർ അഗ്രഗാമി

ഇനിയീഭാഷയിൽ അമ്മയില്ല

ഇനിയീഭാഷയിൽ അമ്മയില്ല

.......................................
എല്ലാ അമ്മയേയും
ആ അമ്മ കൊന്നുകളഞ്ഞു ;
തന്റെ പൈതലിനെ കൊന്നതിലൂടെ.
 
ദേശം എന്നോടു പറയുന്നു,
ഇനിയീഭാഷയിൽ അമ്മയില്ല
പേടിച്ചു ചിതറിയ കണ്ണുനീരല്ലാതെ
ഇനിയും വറ്റാത്ത മുലപ്പാൽ
കുഞ്ഞിനെ തിരഞ്ഞ് കിനിയുമ്പോൾ
നാമെന്തുത്തരം പറയും ?
 
ഭാഷ പഠിക്കും മുമ്പ്
കുഞ്ഞ് അമ്മേ എന്ന് വിളിക്കുന്നത്
ഞാൻ കേൾക്കുന്നു
മരിച്ച അമ്മമാർ
കുഞ്ഞിന്റെ പുഞ്ചിരിയെടുത്ത്
ജീവിക്കാൻ തുടങ്ങുന്നത്
ഞാൻ കാണുന്നു
 
എന്നിട്ടും
 ആ അമ്മ
അതൊന്നും കേട്ടില്ലല്ലോ
കണ്ടില്ലല്ലോ.
 
അവളുടെ വിരലുകളിൽ
മലയാളത്തിന്റെ രക്തം !
 
- മുനീർ അഗ്രഗാമി

ജീവിതം കൊടുക്കുന്നു

 ജീവിതം കൊടുക്കുന്നു

.............................
 
മരിച്ചുപോയിട്ടും
കവിത വായിക്കാനായി ജീവിക്കുന്ന ഒരാൾക്ക്
ഓരോ കവിതയും
ഓരോ ജീവിതം കൊടുക്കുന്നു
പുനർജന്മത്തെക്കുറിച്ച്
അയാളോടു ചോദിക്കൂ
അപ്പോൾ നിങ്ങൾക്ക്
അയാൾ ,
അയാളെ വായിക്കാൻ തരും.
-മുനീർ അഗ്രഗാമി

ആദ്യത്തെ വോട്ട്

ആദ്യത്തെ വോട്ട്
 ...................................
 നാളെ ഞാൻ വോട്ടു ചെയ്യും
എന്റെ ആദ്യത്തെ വോട്ട്.
ആദ്യമായി കടലു കണ്ട പോലെ
ആദ്യമായി മഴ കൊണ്ട പോലെ
എന്റെ ചുണ്ടുവിരൽ കൊണ്ട്
ഞാനെന്റെ രാജ്യത്തെ ആദ്യമായി തൊടും
 
മണ്ണു തൊട്ട പോലെയോ
ആകാശം തൊട്ട പോലെയോ അല്ല
എന്റെ ചുണ്ടുവിരൽ
എന്റെ രാഷ്ട്രം കൊണ്ടുവരും
എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ
ഞാൻ പണിയുന്ന ഒരു കുടിൽ
ഒരു വീട്
ഒരു മാളിക
ഒരു ദേശം
ഒരു രാഷ്ട്രം.
 
ഇനി ആർക്കെങ്കിലും
ഉറക്കം നഷ്ടപെട്ടാൽ
ഇനി
ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ
ആരെങ്കിലും പീഡിപ്പിക്കപെട്ടാൽ
എന്റെ ചൂണ്ടുവിരലിനോട് ചോദിക്കൂ
അല്ല
എല്ലാ ചൂണ്ടുവിരലുകളോടും ചോദിക്കൂ
 
അവയൊന്നും സംഭവിക്കാതിരിക്കാൻ
ഈ ചൂണ്ടുവിരൽ
വിചാരിച്ചാൽ മതി
അതിനോളം ശക്തിയുള്ള മറ്റൊരായുധം
ഞാൻ കണ്ടിട്ടില്ല
 
അണുബോംബിന്റെയും
ഖജനാവിന്റേയും താക്കോൽ
ആർക്ക് കൊടുക്കണമെന്ന്
ഈ വിരൽ തീരുമാനികക്കും.
 
ആദ്യത്തെ വോട്ട്
ആദ്യത്തെ ചുവടാണ്
സ്വന്തം രാജ്യത്തിലേക്ക്
രാജ്യത്തെ അറിഞ്ഞു വെക്കുന്നത് .
അതു കൊണ്ട്
തീർച്ചയായും നാളെ
ഞാനെന്റെ രാജ്യത്തെ ആദ്യമായി
സ്പർശിക്കും .
 
 
-മുനീർ അഗ്രഗാമി

ദൈവമേ

 ദൈവമേ

...................
മുറിവുകൾ
അകത്ത്
എടുത്തു വെക്കാനാവാതെയും
പുറത്തേക്ക്
എടുത്തെറിയാനാവാതെയും
എത്ര പേരുണ്ടാവും ദൈവമേ ?
അവർ നിന്നെ വിളിക്കുന്നതിന്റെ
കാരണം ഇപ്പോളെനിക്കറിയാം
അകത്തെ ഒരു മുറിയിൽ,
മുറിവിൽ നിന്നും
നിന്നിലേക്കുള്ള വാക്കുകൾ പൊടിയുന്നു
അതിന്റെ നിറം തെളിയുന്ന വെളിച്ചം
അവിടെയില്ല
- മുനീർ അഗ്രഗാമി

വോട്ട്

വോട്ട്
 .................
 വല്യപ്പന്റെ തലമുറ
വോട്ട് കുത്തി
മുളപ്പിച്ചുണ്ടാക്കിയതാണ്
ഇതെല്ലാം
നനയ്ക്കുന്ന പണിയായിരുന്നു
അപ്പന്
എന്റെ ഊഴം വന്നു;
മാറ്റി നടണം
മോനേ
പുതിയ
വിത്തു കൊണ്ടു വാ.
- മുനീർ അഗ്രഗാമി


ചേർച്ച

 

ചേർച്ച
............
ഇപ്പോൾ ഒരു കവിത
ആകാശത്ത് നിൽക്കുന്നു
അതിന് വെളിച്ചമുണ്ട്
അതിന്റെ ചുറ്റുമുള്ളത്
അതറിയുന്നുണ്ട്
രണ്ടു വച്ചാലുകൾ പറന്നു
ഒടിഞ്ഞു വീണ
വാഴത്തോട്ടത്തിൽ കാറ്റ്
എന്തോ തിരയുന്നു
കവിത അതറിയുന്നുണ്ട്
ഇന്നലത്തെ കാറ്റിൽ
മോന്തായം പറന്നു പോയ വീട്ടിലെ കുട്ടി
ഈ കവിതയ്ക്ക് പേരിടുമ്പോൾ മാത്രം
അത് കവിതയാകും
അതുവരെ ആകാശം അതിനെ
സ്വന്തമെന്ന പോലെ താലോലിച്ച്
അവന്റെ കണ്ണിലൊഴിക്കും
അവന് അക്ഷരമറിയുമോ?
പാടാനറിയുമോ ?
എന്നൊന്നും ആകാശത്തിനറിയില്ല
കടൽത്തീരത്ത്
കടലിന്റെ ഇരമ്പൽ വന്നു നിന്ന്
അവനെ നോക്കി
തിരിച്ചുപോയി
ഇപ്പോൾ ആകാശത്ത്
ഒരു കവിത നിൽക്കുന്നു
മണ്ണിൽ അവനും.
അവരുടെ മിഴികൾ തമ്മിൽ
ചേർന്നിരിക്കുന്നു
ഇനി
സമയം അവരുടെ വിരലുകൾ തമ്മിൽ
ചേർക്കുമോ ?
-മുനീർ അഗ്രഗാമി

കവിത

 

കവിത
.............
എട്ടുദിശകളുള്ള ഒരു വാക്കിന്
ഒമ്പതാമത്തെ ദിശ കൊടുക്കാനാണ്
ഞാനീ കവിതയിൽ എടുത്ത് വെച്ചത്
അതെന്റെ ഞാറ്റുവേലയിലെ
തിരിയിടലാണ്
പത്താമത്തെ ദിശയിലിരിക്കുന്ന
ഒരാൾ ഇതു വായിക്കും
ഒമ്പതു ദിശകളുമറിഞ്ഞ്
അയാളതു വായിക്കുമ്പോൾ
ഈ വാക്ക് ഭൂഗോളമാകുന്നു
ഗോളത്തിന്റെ ദിശ അനന്തമായി
ഉരുണ്ടു കളിക്കുമ്പോൾ
അയാൾ അയാളുടെ ദിശ കണ്ടെത്തും
ദേശാടനക്കിളികളുടെ കണ്ണുകളിൽ നിന്നും
അയാൾക്ക്
ഒരു സൂര്യനെ വീണു കിട്ടും
അതിന്റെ വെളിച്ചത്തിൽ
ഈ കവിത മനസ്സിലാവും
നഗരത്തിന്റെ ചുവന്ന തെരുവിൽ
സ്വന്തം ബാല്യത്തിൽ കാലിട്ടടിച്ചു കരയുന്ന
പെൺകുട്ടി
എല്ലാ ദിശകളും നഷ്ടപ്പെട്ടിരിക്കുന്നത്
അയാൾ കണ്ടെത്തും
അവൾക്ക് ഒരു ദിശ കൊടുക്കാൻ
അയാൾ ഈ വാക്ക് കൊണ്ടു പോകും
അപ്പോൾ
ഈ കവിത
അയാളായിത്തീരും
- മുനീർ അഗ്രഗാമി

എഫ് ബി യിൽ എഴുതാറില്ല

 എഫ് ബി യിൽ എഴുതാറില്ല

.........................................
കുഞ്ഞമ്മയും
കുഞ്ഞേച്ചിയും
കുഞ്ഞെറുക്കനും
ഇപ്പോൾ എഫ് ബി യിൽ എഴുതാറില്ല
എഴുതിത്തീരുന്നതിനു മുമ്പേ
അവരുടെ വാക്കുകൾ
കളവുപോകുന്നു
സ്വർണ്ണം അലമാരയോടെ
അടിച്ചുമാറ്റുമ്പോലെ
അലമാര വീടോടെ
മോഷ്ടിക്കപ്പെടുമ്പോലെ
വീട് പറമ്പോടെ മോഷ്ടിക്കപ്പെടുമ്പോലെ
അവ കാണാതാവുന്നു
അന്നേരമാണ് വല്യേട്ടന്
കാലനില്ലാത്ത കാലം മോഷ്ടിച്ച്
കളളനില്ലാത്ത കാലമെഴുതാൻ തോന്നിയത്
അദ്ദേഹം ആടലോടകത്തെക്കുറിച്ചും
ആത്തേമ്മാരെക്കുറിച്ചും
ധാരാളം
എഴുതുന്ന വലിയ കവിയായതിനാൽ
കള്ളനില്ലാത്ത കാലം
മഹാകാവ്യമായി
അയ്യോ
കള്ളാ കളളാ എന്നു വിളിക്കാൻ മേലാ
കാക്കേ കാക്കേ എന്നതു മോഷ്ടിച്ചല്ലേ
നീയെന്നെ കള്ളാ കള്ളായെന്ന്
നീട്ടി വിളിച്ചതും
അവഹേളിച്ചതുമെന്നും കള്ളൻ
പൊതുകിണറ്റിൻ കരയിലിരുന്ന്
പൊതു ടാപ്പിൽ നൂണ്ടു കടന്ന്
ഞാൻ എല്ലാ വാക്കുകൾക്കും
പിന്നാലെ പോയി
താളങ്ങൾക്കും
വൃത്തങ്ങൾക്കും പിന്നാലെ പോയി
സി ഐ ഡിയായി
അവരിൽ പുതിയതൊന്നും
കണ്ടെത്തിയില്ല
- മുനീർ അഗ്രഗാമി

ചൂട്

 ചൂട്

......
 
ഈ പാതിര
ഉരുകിത്തീർന്നു പോകുമോ
എന്ന പേടിയിൽ ഇരിക്കുന്നു
കാലത്തിന്റെ ഉലയിൽ
ഉലയുന്ന ജ്വാലകൾ
ചൂട്
അനുഭവം തന്നെയാണ്
ഉരുകുമ്പോൾ ജീവിതവും
മനസ്സിനെ ഉരുക്കി
അത് രൂപം മാറ്റുന്നു.
-മുനീർ അഗ്രഗാമി

പ്രണയി

  പ്രണയി
.............
രാത്രി എത്ര കറുത്താലും
ഒരാൾ മറ്റൊരാളുടെ ഹൃദയത്തിൽ
വെളിച്ചമാകുന്നു.;
അയാൾ പ്രണയി ആകുമ്പോൾ മാത്രം
-മുനീർ അഗ്രഗാമി

വറ്റിപ്പോയ ഉറവയിൽ

വറ്റിപ്പോയ ഉറവയിൽ
.................................................
 വറ്റിപ്പോയ ഉറവയിൽ താമസിക്കുവാൻ
ഒരു ഭാഗ്യം വേണം
എന്നോ അതിൽ നീന്തിയ മീനിന്റെ
ഭാവത്തിൽ ഉറവയെ
ഇപ്പോഴുമറിയാൻ കഴിയണം
ഇഴഞ്ഞു പോയ പാട്
ഓർമ്മിപ്പിക്കുന്ന കാര്യങ്ങൾ
സാകൂതം കേൾക്കുവാനാകണം
ഒറ്റപ്പെട്ട ഒരാൾക്ക്
അതിനു കഴിയും
ഉടലും ഉള്ളും തഴുകി ഒഴുകിയ
എല്ലാ നനവുകളും വറ്റിപ്പോയ
ഒരു കല്ലാണല്ലോ അയാൾ
ഒറ്റയ്ക്കു നിൽക്കുമ്പോൾ
അയാളുടെ മിനുസത്തിൽ നോക്കി
എന്തൊക്കെ വായിക്കാം!
- മുനീർ അഗ്രഗാമി

 

കന്നിവോട്ട്

കന്നിവോട്ട്
....................
ആദ്യത്തെ വോട്ട്
ആദ്യത്തെ പ്രണയം പോലെ
ഇങ്ങോട്ടു വന്ന്
ചൂണ്ടുവിരൽ നീട്ടാൻ പറഞ്ഞു
അത്ര എളുപ്പം മായാത്ത
ഒരു ചുംബനം തന്നു
ഞാൻ രാജ്യത്തിന്റെ ഉടലിന്റെ
ഒരംശമാണെന്ന്
ആദ്യമായിത്തോന്നിയത്
അന്നാണ്
എൽപി സ്കൂളിലെ ബൂത്തിൽ നിന്നും
അത്രയും സ്വകാര്യമായി ചെയ്ത
ആദ്യത്തെ
രാഷ്ട്രീയ പ്രവർത്തനം
ഒരാളോട് ചേർന്നു നിൽക്കുക
എന്നതായിരുന്നു.
അയാൾ ഒരു ചിഹ്നമായിത്തീർന്ന
ആശയമായിരുന്നു;
ആശയമായിത്തീർന്ന
ജനതയായിരുന്നു;
ജനതയായിത്തീർന്ന
നിലപാടായിരുന്നു
എന്നെ മറ്റൊരാൾക്ക് ആവശ്യമുണ്ടെന്ന
പ്രഖ്യാപനമായിരുന്നു
ആദ്യത്തെ വോട്ട്
ആദ്യത്തെ രതി പോലെ
മറവി കീഴടക്കാത്ത
ഒരു ദേശമാണ്
കൂട്ടിന്
ഒരാളെ മാത്രം താമസിപ്പിച്ച
വീടുപോലെ
അത്
എപ്പോഴും ജീവനോടെ ഉണ്ട്
സ്ഥാനാർത്ഥി മരിച്ചു പോയതും
ഭരണം മാറിയതും
അനേകം വോട്ടുകൾ
ചെയ്തതും
അതിന് ഓർക്കാനിഷ്ടമല്ല
ആദ്യത്തെ വോട്ട്
വർഷങ്ങൾ കഴിയുമ്പോൾ,
കന്യകയായിരുന്ന സമയത്തെ
സ്വപ്നം കാണുന്ന സ്ത്രീയായിത്തീരും
ഓരോ തിരഞ്ഞെടുപ്പിനും
അവൾക്കൊപ്പമല്ലാതെ
ആർക്കും
ബൂത്തിലേക്ക് കയറിപ്പോകുക സാദ്ധ്യമല്ല.
-മുനീർ അഗ്രഗാമി

 

തന്നില്ല

 

വെയിലേറ്റു മരിച്ച
പൂവിന്റെ ഓർമ്മയിൽ കിടന്ന്
വാടിപ്പോയി
ആരും വെള്ളം തന്നില്ല
 

- മുനീർ അഗ്രഗാമി

പല നടത്തങ്ങൾ

 പല നടത്തങ്ങൾ

..........................
ടിക് ടിക് ടിക് ടിക്
സമയത്തിന്റെ ഹൃദയമിടിപ്പ്
നടന്നു പോകുന്നു
വഴിയിൽ
ഒരുറുമ്പ്
അതിന്റെ സമയത്തിൽ
മറ്റൊരു ദിശയിൽ
നടന്നു പോകുന്നു
ദിക്കുകളെ ചേർത്ത് പിടിച്ച്
കണ്ണുകൾ
ടിവിയുടെ ഉൾപ്രദേശങ്ങളിൽ
അലഞ്ഞു നടക്കുന്നു
കോടികൾ തട്ടിക്കടന്നു പോയ ഒരാൾ
എതിരെ വന്ന്
റോഡ് കോസ് ചെയ്തു പോകുന്നു
വിശന്നു മരിച്ച കുട്ടി
അതിന്റെ അമ്മയെ നോക്കി
നിസ്സഹായനായി കിടക്കുമ്പോൾ
ഐസ് ക്രീം വിൽപനക്കാരന്റെ
ഹോണടി നടന്നു വന്ന്
അവനെ തൊട്ടുന്നു
അല്പസമയത്തിന്റെ
അരഞ്ഞാണിൽ
അസ്വസ്ഥതയുടെ താക്കോൽക്കൂട്ടം
തൂങ്ങിക്കിടക്കുന്നു
കണി കിണി കിക്കിണി
ണിണി മിണി കിണിയെന്ന്
കലമ്പൽ അതിനിടയിലൂടെ
നടന്നുപോകുന്നു
അത് തുറന്നു തന്ന
ഒരു നിമിഷത്തിനുള്ളിൽ
യുദ്ധം നടത്തം നിർത്തിയ ഒരിടം
ചിതറിക്കിടക്കുന്നു
ടിക് ടിക് എന്ന്
ഒരോർമ്മ ഞെട്ടിക്കുമ്പോൾ
വേഗത്തിന്റെ ഭാഷ മറന്ന വൃദ്ധൻ
അവശിഷ്ടങ്ങൾക്കിടയിൽ
ജീവിതം തിരഞ്ഞു നടക്കുന്നു
കാലുകൾ തകർന്ന ഒരാൾ
നടന്ന ദൂരങ്ങൾ
ചരിത്രമായി,
അയാളുടെ കരൾ കൊത്തിത്തിന്നുന്നു
ഒരു സഞ്ചാരി
അതിലെ നടക്കുന്നു
എന്തിനാണ് അയാൾ അതിലെ
ഇപ്പോൾ നടക്കുന്നതെന്ന്
അയാൾക്കു മാത്രമറിയാം
നടക്കുമ്പോൾ
ഉറുമ്പിനും അയാൾക്കും
ഒരേ മുഖച്ഛായ .
- മുനീർ അഗ്രഗാമി

മരവും മനുഷ്യനും

 മരവും മനുഷ്യനും

..............................
കണ്ടെത്തിയോ ?
മരം ചോദിച്ചു.
ഇല്ല,
എന്നേക്കുമായി
പിരിഞ്ഞു പോയവരെ കണ്ടെത്താം
പക്ഷേ അവ തിരിച്ചെത്തില്ല
അടരില്ലെന്ന്
ഒരിക്കലും കരുതിയില്ല
അതുകൊണ്ട്
സങ്കടമില്ല
മരം പറഞ്ഞു,
നീയൊരിലയാണ്
അതാണിത്ര സങ്കടം
അനാഥമായി
അലയുന്നതിന്റെ ,
തിരിച്ചു പോകാനാവാത്തതിന്റെ .
മൗനമായിരുന്നു ഭാഷ
അതിന്റെ ലിപികൾ
രണ്ടു പേർക്കിടയ്ക്ക്
അൽപനേരം നിന്ന്
അപ്രത്യക്ഷമായി.
-മുനീർ അഗ്രഗാമി

മരുഭൂമി

 സൂഫിവര്യനായ അംജദ് അൽ ജസറ ഒരിക്കൽ ശിഷ്യരുമൊത്ത് ഭൂമിയിലൂടെ നടക്കുകയായിരുന്നു. ശിഷ്യർ മരുപ്പരപ്പിനെക്കുറിച്ചും ഫാൽക്കണുകളെ കുറിച്ചും സംസാരിക്കുന്നതു കേട്ട് അദ്ദേഹം പറഞ്ഞു ." നിശ്ശബ്ദരാകുക . മരുഭൂമി പറയുന്നതു കേൾക്കുക ; പാടുന്നതും "

ഞങ്ങൾ സംസാരം നിർത്തി. അപ്പോൾ നടന്നു പോകുന്ന വഴി,ഞങ്ങൾക്കുള്ളിൽ കാലു വെച്ചു മെല്ലെ നടന്നു തുടങ്ങി .
-മുനീർ അഗ്രഗാമി

മറ്റൊന്നുമില്ല

 മറ്റൊന്നുമില്ല,

ഓർമ്മയുടെ തണുത്ത
കാറ്റു മാത്രം.
ഉടലിലൂടെ നടന്നുപോകുന്നു
ഒഴുക്ക് നിലച്ചിരിക്കുന്നു
ഉരുണ്ട കല്ലുകൾ
നെഞ്ചിൽ തെളിയുന്നു
നീയതു കാണാൻ വരണം,
സഞ്ചാരിയായി;
മറ്റൊരു ദേശത്തിന്റെ ചൂരുമായി.
മറ്റൊന്നുമില്ല
വറ്റാനുള്ള അവസാനത്തെ തുള്ളികൾ
തളം കെട്ടി
കാത്തിരിക്കുന്നുണ്ട്
അതിൽ നോക്കുക
നിനക്ക് നിന്റെ മുഖം കാണാം.
- മുനീർ അഗ്രഗാമി

ഒരു രാത്രിയിൽ

 സൂഫിവര്യനായ അംജദ് അൽ ജസറ ഒരു രാത്രിയിൽ ഇറങ്ങി നടന്നു .നിശാഗന്ധിയുടെ സമീപത്ത് ധ്യാനത്തിലെന്ന പോലെ ചെന്നിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിശാഗന്ധിയുടെ മൊട്ട് വിടർന്നു . ശിഷ്യർഅദ്ദേഹത്തെ പിന്തുടർന്നിരുന്നു . തിരിച്ചു പോകാൻ തുടങ്ങവേ അദ്ദേഹം പറഞ്ഞു ,
ഏതു കനത്ത ഇരുട്ടിലും നിശാഗന്ധിക്ക്
വിടരാതിരിക്കാനാവില്ല .നമുക്കിവിടെ വരാതിരിക്കാനുമാവില്ല .ലോകം അത്രമേൽ സുന്ദരമാണ് .ചുറ്റിലും ചിലപ്പോൾ ഇരുട്ട് പരക്കുന്നു എന്നു മാത്രം.
- മുനീർ അഗ്രഗാമി