കണ്ടലാവുക അത്ര എളുപ്പമല്ല


 
 
കണ്ടലാവുക അത്ര എളുപ്പമല്ല
 
...............................................................
 
 മനുഷ്യനായതിൽ മനംനൊന്തു നീ
കണ്ടലാകുവാൻ പോയോ കൂട്ടുകാരാ ?
പക്ഷേ
കണ്ടലാവുക അത്ര എളുപ്പമല്ല
അതിന്
കാലുകൾ ഭൂമിയിലുണ്ടാവണം;
ഭൂമിയുണ്ടാവണം
ഭൂമിയിൽ പുഴകളുണ്ടാവണം
പുഴയിൽ വേരുകളുണ്ടാവണം
വേരുകൾ ആഴമറിയണം;
വേരുകളുടെ ആഴമറിയണം
നിസ്വാർത്ഥനായി
പൊക്കുടനെ പോലെ
ചെളിയിലിറങ്ങണം
നെല്ലു കളോട് കഥ പറയണം
ഞാറുകളോട് കൂട്ടുകൂടണം
പടിഞ്ഞാറൻകാറ്റിനെ തടുക്കാൻ
കണ്ടൽച്ചെടികൾ
മനസ്സിൽ നട്ടുവളർത്തണം
കൂട്ടുകാരാ
കണ്ടലാവുക അത്ര എളുപ്പുല്ല
വേരുകളില്ലാതെ
മലവെള്ളപ്പാച്ചിലിൽ
ഞാനും നീയും പൊങ്ങുതടികളായ്
നീന്തുമ്പോൾ.

( ജീവേഷിനു് )
 
-മുനീർ അഗ്രഗാമി

ഉപദേശം

ഉപദേശം
...............
മോനേ
അച്ഛൻ്റെ ഓർമ്മകൾ
ഇടയ്ക്ക് കയറിയിരിക്കാറുള്ള
ആ വിദ്യാലയം പൊളിച്ചു

നിന്നിലോർമ്മകൾ നിറയുവാൻ
നിന്നെയവിടെച്ചേർക്കുവാൻ
പൊതുജീവിതത്തിൻ
പൈതൃകം കൈമാറുവാൻ
അച്ഛനിനി വഴിയില്ല
അതുകൊണ്ട്
മകനേ
നീ മുതിരുമ്പോൾ
അവശേക്കുന്ന വിദ്യാലയങ്ങളുടെ മുകളിലേക്ക് ഏതെങ്കിലും
തെങ്ങു ചാഞ്ഞാൽ അതു മുറിച്ചുകളയുക
അല്ലാതെ
സ്കൂൾ പൊളിക്കരുത്
അച്ഛൻ
അനുഭവം കൊണ്ട്
നിർമ്മിക്കുന്ന പുതു ഭാഷയിൽ
തെങ്ങിന്
കോടതിയെന്നും
ഭരണകൂടമെന്നും
നാനാർത്ഥങ്ങൾ .
.................
മുനീർ അഗ്രഗാമി

കണ്ണു തുറക്കുന്നു

കണ്ണു തുറക്കുന്നു
.......................................
നിൻ്റെ രാത്രിയിൽ
മുഴുത്തിങ്കളായ് ഞാൻ
കണ്ണു തുറക്കുന്നു ;
എൻ്റെ പൗർണ്ണമിയിൽ
നിൻ്റെ
പ്രണയ നൃത്തം!


-മുനീർ അഗ്രഗാമി

യക്ഷൻ

സ്വർഗ്ഗം തുറക്കുന്നവളെ
കാമുകിയെന്നു വിളിക്കുന്നു,
നരകത്തിലകപ്പെട്ട യക്ഷൻ

തവള

തവള
.............
കിണറ്റിലെ വെള്ളം
പകലോൻ്റെ കൈ പിടിച്ച്
കയറിപ്പോയി
കിണറ്റിലെ തവള
അപ്പോഴും
ജലത്തെ കുറിച്ചു
സംസാരിച്ചുകൊണ്ടിരുന്നു
..............
മുനീർ അഗ്രഗാമി

ഉടലുകൾ, ഉടുപ്പുകൾ , ഉമ്മകൾ

ഉടലുകൾ ,ഉടുപ്പുകൾ ,ഉമ്മകൾ
......... ....... .......
പിറവിയുടെ ആനന്ദം
ഞാനുടുത്തു നിൽക്കുമ്പോൾ
എൻ്റെ ജീവൻ ആത്മാവുടുത്തതറിയുന്നു
അത്മാവ് ശരീരമുടു ത്തതറിയുന്നു
ശരീരം ദിക്കുകളുടുത്തതറിയുന്നു;

അറിവുടുത്തു നടക്കുമ്പോൾ
ചില നേരം കാറ്റുടുക്കുന്നു,
ചിലനേരം
കടലു ഞൊറിഞ്ഞുടുക്കുന്നു
ചില നേരം
മരുഭൂമിയുടെ
വിജനതയുടുക്കുന്നു

പിറന്നതു മുതൽ
പല നിറത്തിലങ്ങനെ
പലതുമുടുക്കുന്നു
അതു കൊണ്ട്
മഴയിൽ നിന്ന്,
കാറ്റിൽ നിന്ന് ,
മരത്തിൽ നിന്ന്,
മുല്ലപ്പൂവിൽ നിന്ന്,
നിൻ്റെ മിഴിയിൽ നിന്ന്,
പ്രണയം
ഓടിയോടി വരുമ്പോൾ
ഉടലിലല്ലാതെ
എവിടെയാണ്
അത്
ഉമ്മവെയ്ക്കുക!

ഉടുത്തതൊക്കെ
അതഴിച്ചെറിയും
ആദിമമാമേതോ
വന്യ ചോദനകളാൽ
മനസ്സുടുത്ത
പൂർവ്വഭാരമേറിയ
ഉടയാടയുമതഴിയ്ക്കും
അഴിക്കും
ഒടുവിൽ
നിർവൃതിയുടെ മെത്തയിൽ മനസ്സ്
നഗ്നമായി മലർന്നു കിടക്കുമ്പോൾ
മനസ്സിൻ്റെ ഉടലിലല്ലാതെ
എവിടെയാണ്
പ്രണയം ഉമ്മവെയ്ക്കുക!

പ്രണയം കൊണ്ട്
നഗ്നമായ മനസ്സിന്
ഉമ്മകളാണ് വസ്ത്രം
നോക്കൂ
പൂക്കളിൽ
പുതുമഴത്തുള്ളിയിൽ
നിലാവു പെയ്യുന്ന പുഞ്ചിരികളിൽ
നനഞ്ഞതുണക്കാൻ വന്ന വെയിലിൽ
വഴികാട്ടുവാനുദിച്ച താരകത്തിൽ
പ്രണയത്തിൻ്റെ ചുണ്ടുകൾ .
അവ എനിക്കുള്ള വസ്ത്രം
നെയ്യുകയാണ്
നോക്കൂ...
എന്നോട് ചേർന്നിരുന്നതു കാണൂ
ചിലപ്പോൾ നിന്നെയുമത്
ചുംബിച്ചേക്കും.
................................
- മുനീർ അഗ്രഗാമി

കണ്ണിൽ നിന്നൊരെഴുത്തു വീഴുന്നു

കണ്ണിൽ നിന്നൊരെഴുത്തു വീഴുന്നു
..................................................................
മഴത്തോർച്ചയിലെൻ
മനസ്സിന്നിതളിൽ
വസന്തവുമായൊരു
തുമ്പി
വന്നിരിക്കുന്നു,
അതു പാറിപ്പോകുവോളം
പൂത്തുലയുവാൻ
അതിൻ്റെ കണ്ണിൽ നിന്നൊരെഴുത്തു വീഴുന്നു

.
.
- മുനീർ അഗ്രഗാമി

പ്രാർത്ഥന

പ്രാർത്ഥന
........................
മറവിയെന്നെ
ഏതിരുട്ടിൽ
മറന്നു വെച്ചാലും
നിൻ്റെ വെളിച്ചമെന്നെ
തിരഞ്ഞെത്തണേയെന്നതാണ്
പ്രാർത്ഥന.

-മുനീർ അഗ്രഗാമി

അസ്വസ്ഥതയുടെ മൂളലിൽ

അസ്വസ്ഥതയുടെ മൂളലിൽ
മൂകത തുളച്ചു പറക്കുന്നു
ചിറകൊതുക്കങ്ങളുടെ
ഗൂഢാഭിലാഷങ്ങൾ.

-മുനീർ അഗ്രഗാമി

എഴുത്തുകൾ


എഴുത്തുകൾ
.................................
 മോഹിപ്പിക്കുന്നു,
ഈ എഴുത്തുകൾ :
മഴ മണ്ണിലെഴുതുമ്പോൾ
മഞ്ഞ് മരത്തിലെഴുതുമ്പോൾ
വെയിൽ ജലത്തിലെഴുതുമ്പോൾ

അത്
ഹൃദയം കൊണ്ട് വായിച്ചവർ
കവികളായി
സ്വപ്നം കൊണ്ട് വായിച്ചവർ
ചിത്രകാരൻമാരായി
ബുദ്ധി കൊണ്ട് വായിച്ചവർ
ചിന്തകരായി
ഉടലു കൊണ്ട് വായിച്ചവർ
നർത്തകരായി

ഭൂമിയിലെ ആദിമമായ ലിപിയാണത്;
അവസാനത്തേതും

ഭൂമിയിലെ ആദ്യത്തെ ഭാഷയാണത്
സ്നേഹവും പ്രണയവും
വിരഹവുമെല്ലാം
ആ ഭാഷയിലെഴുതിയ പോലെ
മറ്റാരും മറ്റൊരു ഭാഷയിലും എഴുതിയിട്ടില്ല

ഋതുക്കളുടെ ഗ്രന്ഥപ്പുരയിലിരുന്നേ
അതു വായിക്കാവൂ
സ്വയം നിശ്ശംബ്ദനായി .

-മുനീർ അഗ്രഗാമി

നോട്ടം

നോട്ടം
..........
പുതുമഴ എത്ര പഴയതാണ്,
അറിവുകൊണ്ട്
അതിനെ നോക്കുമ്പോൾ
പുതുമഴ എത്ര പുതിയതാണ്
അനുഭവം കൊണ്ടതിനെ
നോക്കുമ്പോൾ
.........................
മുനീർ അഗ്രഗാമി

രാക്ഷസൻ.


 രാക്ഷസൻ.
 .............................
തുറന്നെന്നു കേട്ടു
ചെന്നു നോക്കുമ്പോൾ
വാ തുറന്നിരിക്കുന്നു രാക്ഷസൻ.
സ്കൂൾ ബസ്സുകളതിന്നു
തീറ്റയുമായെത്തുന്നു

അതിൻ്റെ ഭാഷയിൽ
ചെന്തെങ്ങില്ല ഇടവമഴയില്ല
മധുരമാം കിളിക്കൂവലില്ല
അതു ചിരിക്കുന്നു
പല്ലിലൊക്കെയും കറുത്ത കോട്ടുകൾ
ഭാഷയെ കടിച്ചു മുറിച്ചതിൻ
രക്തക്കറപോലെ.

അതിന്നിരയായാൽ
ദഹിച്ചു പോകില്ല
മുറിവുകളുമായ്
മറ്റൊരു വശത്തിലൂടെ
പുറത്തെത്തും '
അതിൻ്റെ ഭാഷയിൽ
വേഷത്തിൽ.
കളിക്കൂട്ടുകാരായ
പുല്ലിനെയും
പുഴുവിനെയും മറന്ന്.
 
-മുനീർ അഗ്രഗാമി

സ്കൂൾ തുറന്നു

സ്കൂൾ തുറന്നു
....... ...................
മഴ
അതിൻ്റെ സ്കൂൾ തുറന്നു
ഞങ്ങളെല്ലാം കുട്ടികളായി
കുളിരു ചൂടി
തമ്മിൽ ചേർന്നു നടന്നു
തുള്ളികളെഴുതിയ കരിക്കുലം
മരങ്ങളും പച്ചപ്പുല്ലും
പഠിപ്പിക്കുന്നു.


-മുനീർ അഗ്രഗാമി
ആതിരപ്പള്ളി
.........................
പത്തൊമ്പത് അന്ധൻമാർ
ആതിരപ്പള്ളി കാണാൻ പോയി
ഗാന്ധിജിയുടെ പിന്മുറക്കാരല്ലാത്തതു കൊണ്ട്
അവർ ആനയെ കണ്ടില്ല
തൊട്ടു നോക്കി, തൂണെന്നോ
ചൂലെന്നോ പറഞ്ഞില്ല

വാല്മീകിയുടെ അനുയായികൾ അല്ലാത്തതിനാൽ
അമ്പേറ്റു വീണ കിളിയെ കണ്ടില്ല
ബുദ്ധൻ്റെ പ്രതിമയുടെ
മുകളിൽ ചവിട്ടി
നടന്നു പോയതിനാൽ
ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടില്ല
കാളിദാസനിൽ വിശ്വസിക്കാത്തതു കൊണ്ട്
കാനനവാസി ശകുന്തളയെയോ
അവളുടെ മാൻകുട്ടിയേയോ
അവളെ വളർത്തിയ
ശകുന്തങ്ങളേയോ
കണ്ടില്ല
ചെന്നെത്തിയത് കാട്ടിലാണെന്നോ
ഭൂമിയോളം വയസ്സുള്ള
വന്യതയുടെ വീട്ടിലെന്നോ അറിഞ്ഞില്ല
ലെനിനെ കുറിച്ച്
കേട്ടറിവുള്ളതിനാൽ
കാലു നനഞ്ഞപ്പോൾ
പുഴയെ കുറിച്ച് അവർക്ക്
ഓർമ്മ വന്നു;
ഓർമ്മകളിൽ നിന്ന് അന്ധരുടെ നേതാവു പറഞ്ഞു
ഈ ജലത്തിൻ്റെ ശക്തിയാകുന്നു.
നമുക്ക് ഇന്ധനം
ദൃശ്യമായതെല്ലാം മിത്ഥ്യയാണ്
കാരണം നാമതു കാണുന്നില്ല
അതു കേട്ട പുഴ
ഇടവപ്പാതിയോളം ശക്തിയിൽ
ഇടം നഷ്ടപ്പെടുന്നതിൽ നൊന്ത്
ഇടമുറിയാതെ കരഞ്ഞു; മുത്തശ്ശിയെ ഓർത്തു കരഞ്ഞു;
പരുത്തി ക്കൃഷിക്കു വേണ്ടി
വഴിതിരിഞ്ഞ് ലെനിൻ്റെ പിറകെ പോയി മരിച്ചവളായിരു ന്നു മുത്തശ്ശി .
അന്ധരവർ ആതിരപ്പള്ളി കണ്ടു മടങ്ങിയോ
എന്നറിയില്ല
പക്ഷേ ഒന്നറിയാം
പുഴ നട്ടുനനച്ചവർ
ഉറക്കം വിട്ട് കണ്ണു തുറക്കുന്നുണ്ട്.
...... ..................
മുനീർ അഗ്രഗാമി

കറുപ്പിൽ ഒരു പൂവ്

കറുപ്പിൽ ഒരു പൂവ്
................................
മരിച്ചുപോയ
മയിലിൻ്റെ പീലിയിൽ
ഒരു പൂക്കാലം
അവൾ
കറുപ്പുടുത്ത അക്ഷരങ്ങൾക്കൊപ്പം
ഡയറിയിൽ
അതെടുത്തു വെച്ചു
വസന്തം വരുമെന്ന് മോഹിച്ചു
കുറിച്ച
വാക്കുകൾ കറുത്ത പൂക്കളായി ;
കാലം അവളുടെ കണ്ണിൽ കാത്തിരുന്ന്
ഉരുണ്ടുകൂടി കാർമേഘമായി
ഉളളിലെവിടെയോ
ഒരു താഴ് വരയുടെ ഞരമ്പിൽ
അവൻ്റെ നൃത്തം കണ്ട്
അറിയാതെ അവൾ പെയ്തു പോയി
ഒരു തുള്ളി പോലും പുറത്തു വന്നില്ല
ഒരു തുളുമ്പലുമുണ്ടായില്ല
അന്നേരം
അമ്മേ എന്നൊരു വിളിയിൽ നിന്നിറങ്ങി വന്ന
ഏഴു നിറങ്ങൾ
അവളെ കെട്ടിപ്പിടിച്ചു
...............................
മുനീർ അഗ്രഗാമി

ആശ്വാസം

ആശ്വാസം
.................
എത്ര വേനലെന്നെ
കടിച്ചു വറ്റിച്ചു !
സാരമില്ല
നീ പെയ്യുമല്ലോ
അതു മതി ;
അതു മതി
............ ........ .
മുനീർ അഗ്രഗാമി

കാണൽ

കാണൽ
...............
ഒരു മരം ,
ധ്യാനത്തിൽ നിന്നുണർന്ന്
കണ്ണുതുറക്കുമ്പോലെ
ഇലകൾ തുറന്ന്
മഴയെ നോക്കി നിൽക്കുന്നു .

- മുനീർ അഗ്രഗാമി

കൈത

കൈത
.............
തോട്ടുവക്കത്തെ കൈതക്കൂട്ടം മുറിച്ചു
േതാട്ടിൻ്റെ ഇരുകരയും
കെട്ടിയുറപ്പിച്ചു
തോടു തീരുവോളം നടപ്പാത വന്നു

പായമെടയുവാൻ
അച്ഛൻ ചെന്നു നോക്കുമ്പോൾ കൈതയില്ല
അച്ഛൻ അവിടിരുന്നു കരഞ്ഞു
കൈതവേരുകൾക്കടിയിൽ
അച്ഛൻ്റെ കൂട്ടുകാരായ മീനുകളുണ്ടായിരുന്നു
അവയെയും കണ്ടില്ല
കൈതക്കയ്യിൽ ഒരു തത്ത,
കൈതത്തടിയിൽ ഓന്ത്,
കൈതച്ചോട്ടിൽ കുളക്കോഴി...
അവ അച്ഛനെ കാത്തിരിക്കുമായിരുന്നു
മഴവന്നു,
കൈതോലയുണ്ടാക്കാൻ
വന്നതാണ്
കൈത കാണാതെ അച്ഛനൊപ്പം കരഞ്ഞു
തിരിച്ചു പോയി
കുട്ടിക്കാലത്ത് അച്ഛൻ
കൈതപ്പൊത്തിൽ വെച്ച പാട്ടും കിട്ടിയില്ല
അതു കൊണ്ട്
പായമെടയാനും
പാട്ടു കെട്ടാനും
അച്ഛനെന്നെ പഠിപ്പിച്ചില്ല
വീടിനു മുകളിലൂടെ കടന്നു പോയ
എക്സ്പ്രസ് ഹൈവേയ്ക്കടിയിൽ നിന്ന്
വീടിനെ പുറത്തെടുക്കാൻ വഴി തിരഞ്ഞ്
ആപ്പീസുകൾ കയറിയിറങ്ങി അച്ഛൻ
മരിച്ചു പോയി
അതു കൊണ്ട്
നഷ്ടപരിഹാരത്തിനായുള്ള അലച്ചിലാണ്
എൻ്റെ പൈതൃകം
ക്ഷീണിച്ച്
ഫ്ലക്സ് ഷീറ്റിൽ കിടക്കുമ്പോൾ
മരിച്ചു പോയ ഒരു
കൈതോലപ്പായ " മോനേ " എന്നു വിളിക്കും
വയലുകളുടേയും
തോടുകളുടേയും നിലവിളി പോലെ
ഒരു നിലവിട്ട വിളി
..............................................
മുനീർ അഗ്രഗാമി

മഴമലയാളം

മഴമലയാളം
....................
കൊടും ചൂടു കടിച്ചീമ്പിയ
അവധിക്കാലത്തിൻ്റെ ചൂരേ
മാമ്പഴ മണമുള്ള കുഞ്ഞുങ്ങളേ
ആഹ്ലാദത്തുള്ളികളായ് പെയ്ത്
മനസ്സുനിറച്ചവരേ
പുള്ളിക്കുട നിവർത്തുക


പേരറിയാ പേമാരി വരുന്നുണ്ട്
നേരറിയാ കൊടുങ്കാറ്റു വരുന്നുണ്ട്

ചീത്തമഴ കൊള്ളാതെ
ചീഞ്ഞ മഴ കൊള്ളാതെ
ഇടവപ്പാതിയുടെ വിരലിൽ തൂങ്ങി
നടന്നു പോവുക
തോട്ടുവരമ്പിലുടെ ആറ്റിറമ്പിലുടെ പോകു ക

കൈതക്കാടു ചുറ്റിപ്പോകുക,
നെല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
പുല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
ജലബിന്ദുക്കൾ വിളിച്ചുണർത്തിയ
പള്ളിക്കൂടം കാത്തിരിക്കുന്നുണ്ട്
തറയും പറയും എഴുതി വെച്ചിട്ടുണ്ട്
നമ്മുടെ വീട് തറയിലുറയ്ക്കുവാൻ
നമ്മുടെ പറ നിറയുവാൻ
നമുക്കു നമ്മുടെ മഴ മതി
തുള്ളികൾ വീഴുമ്പോൾ
പുള്ളിക്കുട പുള്ളിക്കുയിലായ്
ചിറക് കുടയുന്ന മഴ
ജീവൻ്റെ ഭാഷയിൽ
ജീവിതത്തിൻ്റെ ഭാഷയിൽ
സംസാരിക്കുന്ന മഴ

മഴ നമുക്കു ഭാഷയാണ്
നാവിലിറ്റുമ്പോൾ
നാടിനെ അറിയുന്ന ഭാഷ
നാവിലലിയുമ്പോൾ
അർത്ഥം ആത്മാവിലെത്തുന്ന വാക്ക്
മലയിൽ ആഴത്തിൽ
പെയ്ത്
മണ്ണിൽ തെളിനീരുറവയായ്
വറ്റിപ്പോയവയുടെ
പേരുകളുറക്കെ വിളിച്ച്
മലയാളമായ്
മധുരമായ്
സ്കൂളിലേക്കുള്ള വഴി യിൽ നിൽക്കുന്നു
കൈതപ്പൂവുപോലെ
പാഠപുസ്തകത്തിൻ്റെ പുറത്ത് നിൽക്കുന്നു
മഴ കൊള്ളാതെ
വരണ്ടു പോയവരെ നോക്കൂ
അവരിൽ നിന്നു നമുക്കില്ലൊരു തെഴുപ്പു പോലും രുചിക്കുവാൻ
മഴ നമുക്കു രുചി
ഭാഷയുടെ
വാക്കിൻ്റെ
മണ്ണിൻ്റെ
മനുഷ്യൻ്റെ.
കുഞ്ഞുങ്ങളേ കുളിരിൻ്റെ വഴികളേ
മാമ്പഴം പോലെ
അവധിക്കാലം രുചിച്ചു കഴിഞ്ഞു, നമ്മെയും
നാമതിനെയും
ബാക്കിയായ വിത്തുകളിനി
നമ്മുടെ മഴ കൊണ്ടു മുളയ്ക്കട്ടെ
മുളയ്ക്കട്ടെ!
- മുനീർ അഗ്രഗാമി
മഴമലയാളം
....................
കൊടും ചൂടു കടിച്ചീമ്പിയ
അവധിക്കാലത്തിൻ്റെ ചൂരേ
മാമ്പഴ മണമുള്ള കുഞ്ഞുങ്ങളേ
ആഹ്ലാദത്തുള്ളികളായ് പെയ്ത്
മനസ്സുനിറച്ചവരേ
പുള്ളിക്കുട നിവർത്തുക


പേരറിയാ പേമാരി വരുന്നുണ്ട്
നേരറിയാ കൊടുങ്കാറ്റു വരുന്നുണ്ട്

ചീത്തമഴ കൊള്ളാതെ
ചീഞ്ഞ മഴ കൊള്ളാതെ
ഇടവപ്പാതിയുടെ വിരലിൽ തൂങ്ങി
നടന്നു പോവുക
തോട്ടുവരമ്പിലുടെ ആറ്റിറമ്പിലുടെ പോകു ക

കൈതക്കാടു ചുറ്റിപ്പോകുക,
നെല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
പുല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
ജലബിന്ദുക്കൾ വിളിച്ചുണർത്തിയ
പള്ളിക്കൂടം കാത്തിരിക്കുന്നുണ്ട്
തറയും പറയും എഴുതി വെച്ചിട്ടുണ്ട്
നമ്മുടെ വീട് തറയിലുറയ്ക്കുവാൻ
നമ്മുടെ പറ നിറയുവാൻ
നമുക്കു നമ്മുടെ മഴ മതി
തുള്ളികൾ വീഴുമ്പോൾ
പുള്ളിക്കുട പുള്ളിക്കുയിലായ്
ചിറക് കുടയുന്ന മഴ
ജീവൻ്റെ ഭാഷയിൽ
ജീവിതത്തിൻ്റെ ഭാഷയിൽ
സംസാരിക്കുന്ന മഴ

മഴ നമുക്കു ഭാഷയാണ്
നാവിലിറ്റുമ്പോൾ
നാടിനെ അറിയുന്ന ഭാഷ
നാവിലലിയുമ്പോൾ
അർത്ഥം ആത്മാവിലെത്തുന്ന വാക്ക്
മലയിൽ ആഴത്തിൽ
പെയ്ത്
മണ്ണിൽ തെളിനീരുറവയായ്
വറ്റിപ്പോയവയുടെ
പേരുകളുറക്കെ വിളിച്ച്
മലയാളമായ്
മധുരമായ്
സ്കൂളിലേക്കുള്ള വഴി യിൽ നിൽക്കുന്നു
കൈതപ്പൂവുപോലെ
പാഠപുസ്തകത്തിൻ്റെ പുറത്ത് നിൽക്കുന്നു
മഴ കൊള്ളാതെ
വരണ്ടു പോയവരെ നോക്കൂ
അവരിൽ നിന്നു നമുക്കില്ലൊരു തെഴുപ്പു പോലും രുചിക്കുവാൻ
മഴ നമുക്കു രുചി
ഭാഷയുടെ
വാക്കിൻ്റെ
മണ്ണിൻ്റെ
മനുഷ്യൻ്റെ.
കുഞ്ഞുങ്ങളേ കുളിരിൻ്റെ വഴികളേ
മാമ്പഴം പോലെ
അവധിക്കാലം രുചിച്ചു കഴിഞ്ഞു, നമ്മെയും
നാമതിനെയും
ബാക്കിയായ വിത്തുകളിനി
നമ്മുടെ മഴ കൊണ്ടു മുളയ്ക്കട്ടെ
മുളയ്ക്കട്ടെ!
- മുനീർ അഗ്രഗാമി
നിലാവു പെയ്ത്
കുളിരേറിയതിനാലാവും
നിഴലു പുതച്ചു കിടക്കുന്നു ഭൂതലം!

നിൻ്റെ കണ്ണിൽ


നിൻ്റെ കണ്ണിൽ
...............................
നിൻ്റെ കണ്ണിൽ
ആകാശം
ഇളം നീല ,ഇളവെയിൽ

എൻ്റെ കരവലയത്തിൽ
ഇടവപ്പാതി നീ;
ഇളം ചൂടുള്ള പകൽ
കണ്ണിൽ കാർമേഘം
തുള്ളികൾ ,തുളുമ്പലുകൾ

നെഞ്ചിലൂടൊരു പുഴ
ഏങ്ങിയേങ്ങി
കുതിച്ച്,
കിതച്ച്...

നിൻ്റെ കരവലയത്തിൽ
ഞാൻ
തിരയടിക്കുമെട്ടാം കടൽ;
ജലം നീ ,
എന്നിൽ നിറഞ്ഞ് .
ഏഴു കടലിനേക്കാളും വലുത്

നീ എന്നിൽ നിന്ന്
കൺപോളകളടച്ച്
മറച്ച സങ്കടം
രണ്ടു കണ്ണിൽ !
രണ്ടുമ്മകളാൽ അതിനെ
ഞാനുറക്കിയിരിക്കുന്നു.

-മുനീർ അഗ്രഗാമി

രണ്ടു തുള്ളികൾ

രണ്ടു തുള്ളികൾ
.................................
നാം രണ്ടു തുള്ളികൾ
ഒരു മഴയിൽ
കൈ പിടിച്ചൊഴുകുന്നു.

-മുനീർ അഗ്രഗാമി

വാകപോൽ

വാകപോൽ നീ,
പൂത്തുനിൽക്കുന്ന വഴി
നേർത്ത കാറ്റായ് ഞാൻ

കാഴ്ചയില്ലാത്ത ഒരു മുത്തശ്ശി


കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
...................................
വികസനം എന്ന വാക്ക് കേട്ട്
കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
സത്യപ്രതിജ്ഞകളുടെ
മങ്ങിയ ഓർമ്മകളിൽ നിന്നും പുറത്തിറങ്ങി
വെറ്റില പ്പൊതിയഴിച്ച്
നൂറിൻ്റെ വെളുപ്പിലേക്ക് നോക്കി
ചോദിച്ചു,
മോനേ
വയലും ജലാശയവും
വികസിക്കുമോ ?
കുടിവെള്ളവും
കുടിയിലെ സന്തോഷവും
വികസിക്കുമോ ?
സ്നേഹവും സമാധാനവും
വികസിക്കുമോ ?

അവർ കുറേ പേരുണ്ടായിരുന്നു
കുടിലിൻ്റെ മുറ്റത്ത്
നിന്ന് പറയുകയായിരുന്നു
അവ്യക്തമായ ഇരമ്പലിന് കാതോർത്ത്
മുത്തശ്ശി ചോദിച്ചു ,
മോനേ
പൂക്കളും പൂമ്പാറ്റകളും
പുഴകളും വികസിക്കുമോ ?
ജീവവായുവും ജീവസ്പന്ദനങ്ങളും
വികസിക്കുമോ ?

അവരതു കേട്ടില്ല
ജെ. സി .ബി യുടെ ഇരമ്പൽ ചോദ്യങ്ങൾ വിഴുങ്ങിക്കളഞ്ഞു

വീടു തകരുന്ന ഒച്ച കേട്ട്
മുത്തശ്ശി വീണ്ടും ചോദിച്ചു,
എന്താണിടിഞ്ഞു പൊളിയുന്നത് ?
മോനേ
ലോകാവസാനമാണോ ?ഭൂകമ്പമാണോ ?
വികസനമാണോ ?

പെട്ടെന്ന്
നഗരം അതിൻ്റെ അടുത്ത ചുവട്
മുത്തശ്ശിയുടെ തലയിൽ വെച്ചു
പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ല
ഉത്തരങ്ങളും ഉണ്ടായില്ല
നഗരം താന്തോന്നിയായി
വളർന്നു കൊണ്ടിരുന്നു.
 
--മുനീർ അഗ്രഗാമി

രാത്രി

രാത്രി
..........
രാത്രി ചിറകു കുടയുന്നു
എന്നിലെ പൊന്തക്കാട്ടിൽ
ഏതോ ദുസ്സ്വപ്നത്തിന്നിടി -
വെട്ടിപ്പെയ്ത മഴയിൽ.
രാത്രി,
ഏകാന്തത കുടിച്ചവളെ പോലെ
പാതിരാ കാറ്റിലലയുന്നു,
ഇരുൾച്ചില്ലയിൽ വന്നിരിക്കുന്നു;
എന്നുറക്കം കൊത്തിത്തിന്നുന്നു.



- മുനീർ അഗ്രഗാമി

അടുക്കള

അടുക്കള
................
ഏറ്റവും ശാസ്ത്രീയ മായ
തടവറയാണ് അടുക്കള.
വീട് അതിൻ്റെ ചുറ്റുമതിൽ
അടുപ്പിനു മുന്നിലെ ജനാല
അതിൻ്റെ അഴികൾ
അതിനു പുറത്ത്
പരോളിൻ്റെ വെളിച്ചം
അതിനകത്ത്
കാരാഗൃഹത്തിൻ്റെ കറുപ്പ്

ചുമരിൽ കാർമേഘങ്ങളുടെ ചിത്രങ്ങൾ
പെയ്യുവാനാകാതെ കല്ലിച്ചുപോയവ.

നിലത്ത്
വിങ്ങി വിയർത്ത് പുകഞ്ഞ്
വീണുനനഞ്ഞ
സ്വപ്നങ്ങൾ ഒട്ടിപ്പിടിച്ച കൈക്കൽത്തുണി
അടുക്കള ;
മനുഷ്യൻ്റെ ആദ്യത്തെ നിർമ്മിതിയാണ്
ചുറ്റും കോട്ട കെട്ടി
നൂറ്റാണ്ടുകൾ എത്ര ശാസ്ത്രീയമായാണതിനെ
ജയിലാക്കിത്തീർത്തത്!

സ്ത്രീയോളം പഴക്കമുള്ള
ആഗ്രഹങ്ങളാണ്
അതിലെ തടവുകാർ
എത്ര ശാസ്ത്രീയമായാണവ
അകത്തു കിടക്കുന്നത് .


- മുനീർ അഗ്രഗാമി

മെയ് ഫ്ലവർ

മെയ് ഫ്ലവർ
.......................
വേനലിൻ്റെ
കനലെല്ലാം കൊഴിഞ്ഞു
മഴത്തുള്ളികൾ
അതിനു മുകളിൽ
നടത്തം പഠിക്കുന്നു

കുളിച്ചു തോർത്തുമ്പോൾ
കഞ്ഞിൻ്റെ കുസൃതി കാണുമ്പോലെ
മെയ് മാസം
അതു നോക്കി നി ൽ ക്കു ന്നു.

- മുനീർ അഗ്രഗാമി

ഓരോ ഭരണവും


ഓരോ ഭരണവും
...............................
മഴത്തുള്ളികൾ വീഴുമ്പോൾ
വേനൽ മാറുന്നു
അതുപോലെ
വോട്ടുകൾ വീഴുമ്പോൾ മനപ്പൂർവ്വം മാറുന്ന കാലാവസ്ഥയാണ്
ഭരണം

അതുകൊണ്ട്
ദാഹിച്ച് മരിക്കാറായ കുട്ടിക്ക്
വെള്ളം കൊടുക്കുക
ഉണങ്ങിച്ചുളിഞ്ഞ അമ്മയ്ക്ക്
തളിരു കൊടുക്കുക
കരിഞ്ഞു പോയ ദേശത്തിന്
പുതുമുള നൽകുക

ഋതുക്കൾ പോലെ
ഓരോ ഭരണവും
ഒരോ അനുഭവമാണ്;
ആഭരണമല്ല

പൂക്കൾ ആഭരമാണെന്നു തോന്നുമെങ്കിലും
അവ അടുത്ത തലമുറയ്ക്കു വേണ്ടിയുള്ള
പുഞ്ചിരിയാണ്.

- മുനീർ അഗ്രഗാമി

സ്വഭാവം


സ്വഭാവം
................
പകലിനെ കുറിച്ച്
എനിക്ക് പറയാനുള്ളത്
രാവിനോടു പറഞ്ഞു

രാവിനെ കുറിച്ച്
പറയാനുള്ളത് പകലിനോടും
പറഞ്ഞു

അവർ രണ്ടു പേരും
തമ്മിൽ കാണാത്തതു കൊണ്ട്
അങ്ങനെ
കാലം കഴിഞ്ഞു പോകുന്നു.
 
- മുനീർ അഗ്രഗാമി

സ്വപ്നത്തിൻ്റെ ഗാലറി

സ്വപ്നത്തിൻ്റെ ഗാലറി
............................
വിജയാഘോഷത്തിൽ നിൽക്കുമ്പോൾ
തോറ്റവരിൽ ബാക്കിയായ പ്രകാശം എന്നെ പിടിച്ചു കൊണ്ടുപോയി;
എൻ്റെ കൈ പിടിചച് ചുംബിച്ചു
അത് പറഞ്ഞു ,
പരാജയപ്പെട്ടവരുടെ സ്വപ്നത്തിൻ്റെ ഗാലറിയിൽ
നമുക്ക് അല്പനേരമിരിക്കാം

ഇരുന്നു;
മാൻപേട സിംഹത്തെ
കുത്തിമലർത്തുന്നതു കണ്ടു
വൻമരം വീണ്
കുഞ്ഞു ചെടികൾക്ക്
ആകാശം കൊടുക്കുന്നതു കണ്ടു

വറ്റിയ പുഴയിൽ നിന്ന്
പെട്ടെന്ന് ഒരു നീരൊഴുക്ക്
കടലിൽ ചാടുന്നതു കണ്ടു
ഇടവപ്പാതി പോലെ തലതല്ലി
പെയ്യുന്ന വെളുത്ത മേഘങ്ങളെ കണ്ടു .

ഉറക്കു കൊണ്ട് മറക്കാൻ ശ്രമിക്കുന്ന
ഉണർച്ചകളുടെ പിടച്ചിൽ
കണ്ടു
വിജയത്തിനു വേണ്ടി ധ്യാനിക്കുന്ന പുരോഹിതരെ കണ്ടു
രക്തം വീണു ചുവന്ന
ബുദ്ധ പ്രതിമ
കിട്ടിയ വെട്ടുകൾ എണ്ണുന്നതു കണ്ടു

അഹിംസയെ അറുത്ത്
പാചകം ചെയ്യുന്ന
കുട്ടികളെ കണ്ടു
കരച്ചിൽ വന്നു,
പ്രകാശം മങ്ങിത്തുടങ്ങി.
പോവാം
അതു പറഞ്ഞു
തിരിച്ചെത്തിയപ്പോൾ
വിജയിച്ച മുതു മുത്തച്ഛനെ പ്രതിഷ്ഠിച്ച്
വിളക്കു വെച്ചിരുന്നു
ജീവനോടെ വിഗ്രഹമാക്കിയിരുന്നു
ആളുകൾ തൊഴുതു നിൽക്കുന്നതു കണ്ടു
കണ്ണു നിറഞ്ഞു തൂവി

തോറ്റവരുടെ പ്രകാശം പിന്നെ നിന്നില്ല
അത് സൂര്യനാവാൻ ശക്തി നേടാൻ പോയി
ഞാൻ വിജയിച്ചവരുടെ
വെളിച്ചത്തിൽ കണ്ണു കാണാതെ വലഞ്ഞു
മുത്തപ്പാ
വിജയിച്ചിട്ടും
പരാജയപ്പെട്ടു പോകു ന്നവരെ
നിന്നെ പോലെ നീ കാക്കണേ
എന്നു പ്രാർത്ഥിച്ച്
കണ്ണടച്ചു നിന്നു

ഇപ്പോൾ തോറ്റവരും
വിജയിച്ചവരും
എൻ്റെ സ്വപ്നത്തിൻ്റെ ഗാലറിയിൽ വന്നിരിക്കുന്നു;
മുത്തപ്പൻ്റെ രാജ്യം വന്നു
മുത്തപ്പൻ്റെ രാജ്യത്തിലെ പ്രജകൾ
അവർക്കു വേണ്ടി
കളി തുടങ്ങി.
 കളി തുടങ്ങി.
- മുനീർ അഗ്രഗാമി

ചുവന്ന തടാകം

ചുവന്ന തടാകം
..........................
ചുവന്ന തടാകത്തിൽ
ഒരു താമര
വിടർന്നു നിൽക്കുന്നു .
അരിവാളുകൊണ്ട്
കൈ മുറിച്ച്
ആരാണതിലെ ജലം ചുവപ്പിച്ചത്?
നീലയിൽ നിന്ന്
ചുവപ്പിലേക്കുള്ള
ഈ ഭാവപ്പകർച്ചയാണോ
വിപ്ലവം?
തടാകത്തിൽ
ഇപ്പോൾ മഴ പെയ്യുന്നു
ലോകം എല്ലാ കുളിരിനേയും
ഇങ്ങോട്ട് പറഞ്ഞയക്കുന്നു
ഓളങ്ങൾ നിർത്താതെ
അലയടിക്കുന്നു
താമര ചെറുതായൊന്നു വിറച്ചുവോ
ഒരു കൈപ്പത്തി
അതിനു നേരെ നീളുന്നുവോ ?

- മുനീർ അഗ്രഗാമി

രാവ്

രാവ്
.........
യാമങ്ങൾ കൊണ്ട്
സമയമളക്കാനുള്ള
ദീർഘ ചുംബനമാണ് രാവ്.
നോക്കൂ ,
രാത്രിയുടെ കറുത്ത ചുണ്ടിൽ
നിലാവിൻ്റെ വെളുത്ത ചുണ്ട്!


- മുനീർ അഗ്രഗാമി

ഉത്തരം


ഉത്തരം
.............
പൂച്ചയ്ക്ക്
അവൾ മണി കെട്ടുന്നു,
പൂച്ച
ആരുടെ രൂപകം
എന്നതിൽ മാത്രമേ
ഇനി തർക്കമുള്ളൂ.

-മുനീർ അഗ്രഗാമി

ഭാഷ അസംബന്ധമാണ്


ഭാഷ അസംബന്ധമാണ്
.........................................
ഭാഷ അസംബന്ധമാണ്,
മൃഗങ്ങളേയും പക്ഷികളേയും
അവർക്കറിയാത്ത ഒച്ചയിൽ
വിളിക്കുമ്പോൾ
ലിപികൾ കൊണ്ട്
സാമ്യമില്ലാ ത്ത ചിത്രങ്ങൾ വരച്ച്
ആന ,
കുതിര,
മയിൽ എന്നു വായിക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
പല ഭാഷകളിൽ
പല ലിപികൾ കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരച്ചിട്ടും
വായിച്ചിട്ടും
മനുഷ്യൻ പീഡയേൽക്കുമ്പോൾ ;
കൊല്ലപ്പെടുമ്പോൾ

ഭാഷ അസംബന്ധമാണ്
കണ്ണുകൾ കണ്ണുകളോടും
കൈ കയ്യോടും
ഉരിയാടുമ്പോൾ
മണം മൂക്കിൽ വന്ന്
മാമ്പഴത്തെ കുറിച്ചു പറയുമ്പോൾ
വെടിയൊച്ച ചെവിയിൽ
മരണ നിലവിളിയെടുത്തു വെക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
ഈജിപ്തിൽ
സുമേറിയയിൽ
സിന്ധു നദീ തടത്തിൽ ചുടുകട്ടകളിൽ
മരിച്ചു കിടക്കുന്ന വാക്കുകളിൽ
പുനർജ്ജനിക്കാതെ
ജീർണ്ണിക്കുമ്പോൾ.
ഫലസ്തീനിൽ
സോമാലിയയിൽ
ഇന്ത്യയിൽ
കുട്ടികൾ ഭക്ഷണം എന്ന വാക്ക് പഠിക്കാനിരിക്കെ
മരിച്ചു പോകുമ്പോൾ
ജലം വെറും വാക്കായി
വരൾച്ചയുടെ നെഞ്ചത്തിരിക്കുമ്പോൾ!

ഭാഷ അസംബന്ധമാണ്
അമ്മ
അച്ഛൻ
അദ്ധ്യാപകൻ
മകൾ
മകൻ
എന്നീ
വാക്കുകളിൽ നിന്ന്
മനുഷ്യൻ ചോർന്നു പോകുമ്പോൾ .
ദയ
കാരുണ്യം
വാത്സല്യം
എന്നിവയിൽ നിന്ന്
മനുഷ്യത്വം വാർന്നു പോകുമ്പോൾ
ഭാഷ അസംബന്ധമാണ്
കവിത അതിൽ നിന്ന്
ജീവിതത്തിൽ നിന്നെന്ന പോലെ
ഇറങ്ങിപ്പോകുമ്പോൾ.
 
-മുനീർ അഗ്രഗാമി

അവർ

അവർ
............
അല്ലെങ്കിലും
അവളൊരു പുസ്തകമാണ്
അവനൊരു വായനക്കാരനും.

-മുനീർ അഗ്രഗാമി

ഇലഞ്ഞിപ്പൂ

ഇലഞ്ഞിപ്പൂ
.................
ഇന്ന്
കുറച്ചു മഴത്തുള്ളികൾ
വേനലിൻ്റെ ചിതാഭസ്മവും കൊണ്ട്
പുഴയിലേക്ക് പോയി
ഞാൻ
ഇലഞ്ഞിമരം പോലെ
ഇടവമാസത്തിൻ്റെ
മുറ്റത്തു് നിന്ന് പുതുമഴ
കൊളളുന്നു

നഷ്ടപ്പെട്ടു പോയ ഗാനം
തിരിച്ചു കിട്ടിയ ഇലകൾ
ചുണ്ടനക്കുന്നു;
ഉടലിൽ നിർവൃതിയുടെ
നനുത്ത ഉടയാട
എടുത്തണിയുന്നു
വിറകിനെ കുറിച്ചും
കിണറിനെ കുറിച്ചും പറഞ്ഞ്
നീ എൻ്റെയടുത്ത് നിന്ന്
മുല്ല വള്ളി പോലെ തളിർക്കുന്നു
മൊട്ടിടുന്നു
എനിക്കു മുന്നിൽ വിടർന്ന് നിൽക്കുന്നു
അന്നേരം
അതിരില്ലാതെ
അതിഗൂഢമായ്
ഒരു മേഘംനിന്നിൽ നിന്ന്
എന്നിലേക്ക് മഴയാവുന്നു
ഇപ്പോൾ ഞാൻ
നിൻ്റെ ചിരികൾ നിറഞ്ഞ ഇലഞ്ഞിമരം
അനുഭൂതിയുടെ ഒരു വസന്തം
വെയിൽ,
മങ്ങിയ നിലാവു പോലെ നിന്നു
നേർത്ത നിഴലുകൾ തന്നു;
നിഴലിൽ കളിക്കുന്ന മഴത്തുള്ളികളെ നോക്കുന്നു
അവ കൈകോർത്ത് പിടിച്ച്
നിലത്തൊരു കണ്ണാടിയുണ്ടാക്കുന്നു,
മഴ തോരുന്നു;
നാമതിൽ നോക്കി നിന്ന്
നമ്മെയും മഴയെഴുമറിയുന്നു
മരം പെയ്യുമ്പോലെ മനസ്സു പെയ്യുന്നു.
ഇലഞ്ഞിപ്പൂ പൊഴിയുന്നു
ലോകം മുഴുവൻ
സുഗന്ധം നിറയുന്നു
- മുനീർ അഗ്രഗാമി

അത്രയും രഹസ്യമായി അതു ചെയ്യുന്നു


അത്രയും രഹസ്യമായി അതു ചെയ്യുന്നു
.......................................................................
അത്രയും രഹസ്യമായി അതു ചെയ്യുന്നു,
ആൾക്കൂട്ടത്തിനു മുന്നിൽ നിന്ന് .
എൻ്റെ നാടിൻ്റെ ജീവറൻ്റ
ഒരു തുള്ളിയാണത്
എൻ്റെ മനസ്സിൽ നിന്ന്
ഇറ്റി വീണത്.

പലതുള്ളിയിൽ
പെരുവെള്ളം
അതീവ രഹസ്യങ്ങളുടെ മഴ
നാട് തളിർക്കട്ടെ
ജീവനോടെയിരിക്കട്ടെ !
എൻ്റെ ജീവനേ എന്ന്
നാട് അത്രമേൽ സ്നേഹത്തോടെ
എന്നെ വിളിക്കുമ്പോൾ ജനാധിപത്യം
എൻ്റെ രണ്ടാമത്തെ ഉടൽ.
എനിക്കു വേണ്ടി ഞാൻ പൗരനായി
പണിത സ്വപ്നം.

ഏതു നാടും പൗരൻ്റെ സന്തോഷത്തിൽ
തെഴുത്ത് വളരുമ്പോൾ
അവന് തണലാകുന്നു
രഹസ്യമായി ചെയ്തത്
അവെൻ്റ രഹസ്യങ്ങളുടെ കാവൽക്കാരനായി
ഉറച്ചു നിൽക്കുന്നു.

ജീവൻ്റെ ഒരു തുള്ളിയും പാഴാവില്ല
വിജയിച്ചവരും പരാജയപ്പെട്ടവരും
ജീവിക്കുന്ന ശ്വാസമാണത്
വിശ്വാസമാണത്
നാടിൻ്റെ ചലനവും .
 
-മുനീർ അഗ്രഗാമി

കുറെ കൊടികൾ


കുറെ കൊടികൾ
................................
ഇതാ ഞങ്ങൾ ആർപ്പുവിളികളും
ആക്രോശവുമാണെന്ന്
വിളിച്ചു പറഞ്ഞ്
കുറെ കൊടികൾ മുഖമില്ലാത്തവരുടെ കയ്യിൽ കിടന്നു തിളയ്ക്കുന്നു

തെരുവ് സ്തംഭിച്ചു നിന്ന് നോക്കുമ്പോൾ
വിപ്ലവം,
ദേശസ്നേഹം,
ദേശീയത,
ധർമ്മം
എന്നീ വാക്കുകൾ ശ്വാസം കിട്ടാതെ വീർപ്പുമുട്ടു
കയാണ്

കൊടികളുടുത്ത ബൈക്കുകൾ നിരന്നു നിൽക്കുന്നു
രാജ്യം അതിനു മുകളിൽ
യുവാക്കളുടെ ശരീരത്തിൽ
ഇരിക്കുന്നു

നല്ല വെയിലുണ്ട്
വെട്ടേറ്റും ബോംബേറ്റും
വീണവരുടെ വിലാപം
ഉരുകിയൊലിച്ചിട്ടുണ്ട്

തണലില്ല
കൊടികൾ ഇത്രയുണ്ടായിട്ടും
തണലില്ലാത്തതെന്ത് ?
ആസ്പത്രിയിലേക്ക്
നടക്കും വഴി
എതോ ഒരു വൃദ്ധൻ ചോദിച്ചു

ഓർമ്മയിൽ
സ്വാതന്ത്യ്രസമരമുള്ള വോട്ടറായതുകൊണ്ട്
അയാൾ ചോദിച്ചു പോയതാണ്

ബഹളത്തിനിടയിൽ
ഒന്നും തിരിച്ചറിഞ്ഞില്ല
ഒരാളെ പോലും
ആൾക്കൂട്ടം രാജ്യമല്ല
ആൾക്കൂട്ടം രാജ്യമല്ല
രാജ്യമല്ല
അയാളുടെ വോട്ട്
അയാളോട് പറഞ്ഞു കൊണ്ടിരുന്നു.

-മുനീർ അഗ്രഗാമി