അത്രയും രഹസ്യമായി അതു ചെയ്യുന്നു


അത്രയും രഹസ്യമായി അതു ചെയ്യുന്നു
.......................................................................
അത്രയും രഹസ്യമായി അതു ചെയ്യുന്നു,
ആൾക്കൂട്ടത്തിനു മുന്നിൽ നിന്ന് .
എൻ്റെ നാടിൻ്റെ ജീവറൻ്റ
ഒരു തുള്ളിയാണത്
എൻ്റെ മനസ്സിൽ നിന്ന്
ഇറ്റി വീണത്.

പലതുള്ളിയിൽ
പെരുവെള്ളം
അതീവ രഹസ്യങ്ങളുടെ മഴ
നാട് തളിർക്കട്ടെ
ജീവനോടെയിരിക്കട്ടെ !
എൻ്റെ ജീവനേ എന്ന്
നാട് അത്രമേൽ സ്നേഹത്തോടെ
എന്നെ വിളിക്കുമ്പോൾ ജനാധിപത്യം
എൻ്റെ രണ്ടാമത്തെ ഉടൽ.
എനിക്കു വേണ്ടി ഞാൻ പൗരനായി
പണിത സ്വപ്നം.

ഏതു നാടും പൗരൻ്റെ സന്തോഷത്തിൽ
തെഴുത്ത് വളരുമ്പോൾ
അവന് തണലാകുന്നു
രഹസ്യമായി ചെയ്തത്
അവെൻ്റ രഹസ്യങ്ങളുടെ കാവൽക്കാരനായി
ഉറച്ചു നിൽക്കുന്നു.

ജീവൻ്റെ ഒരു തുള്ളിയും പാഴാവില്ല
വിജയിച്ചവരും പരാജയപ്പെട്ടവരും
ജീവിക്കുന്ന ശ്വാസമാണത്
വിശ്വാസമാണത്
നാടിൻ്റെ ചലനവും .
 
-മുനീർ അഗ്രഗാമി

കുറെ കൊടികൾ


കുറെ കൊടികൾ
................................
ഇതാ ഞങ്ങൾ ആർപ്പുവിളികളും
ആക്രോശവുമാണെന്ന്
വിളിച്ചു പറഞ്ഞ്
കുറെ കൊടികൾ മുഖമില്ലാത്തവരുടെ കയ്യിൽ കിടന്നു തിളയ്ക്കുന്നു

തെരുവ് സ്തംഭിച്ചു നിന്ന് നോക്കുമ്പോൾ
വിപ്ലവം,
ദേശസ്നേഹം,
ദേശീയത,
ധർമ്മം
എന്നീ വാക്കുകൾ ശ്വാസം കിട്ടാതെ വീർപ്പുമുട്ടു
കയാണ്

കൊടികളുടുത്ത ബൈക്കുകൾ നിരന്നു നിൽക്കുന്നു
രാജ്യം അതിനു മുകളിൽ
യുവാക്കളുടെ ശരീരത്തിൽ
ഇരിക്കുന്നു

നല്ല വെയിലുണ്ട്
വെട്ടേറ്റും ബോംബേറ്റും
വീണവരുടെ വിലാപം
ഉരുകിയൊലിച്ചിട്ടുണ്ട്

തണലില്ല
കൊടികൾ ഇത്രയുണ്ടായിട്ടും
തണലില്ലാത്തതെന്ത് ?
ആസ്പത്രിയിലേക്ക്
നടക്കും വഴി
എതോ ഒരു വൃദ്ധൻ ചോദിച്ചു

ഓർമ്മയിൽ
സ്വാതന്ത്യ്രസമരമുള്ള വോട്ടറായതുകൊണ്ട്
അയാൾ ചോദിച്ചു പോയതാണ്

ബഹളത്തിനിടയിൽ
ഒന്നും തിരിച്ചറിഞ്ഞില്ല
ഒരാളെ പോലും
ആൾക്കൂട്ടം രാജ്യമല്ല
ആൾക്കൂട്ടം രാജ്യമല്ല
രാജ്യമല്ല
അയാളുടെ വോട്ട്
അയാളോട് പറഞ്ഞു കൊണ്ടിരുന്നു.

-മുനീർ അഗ്രഗാമി

വോട്ട്


 വോട്ട് 
.............
അഞ്ചു വർഷത്തിലൊരിക്കൽ
ഒറ്റപ്പൂവ് മാത്രമുണ്ടാകുന്ന മരം
ആ പൂവ് ചോദിച്ചവന് കൊടുത്ത്
നിസ്സംഗനായി നിൽക്കുന്നുരണ്ടു.
-മുനീർ അഗ്രഗാമി

രണ്ടു പെൺകുട്ടികൾ


രണ്ടു പെൺകുട്ടികൾ
............................
മനാഞ്ചിറയിൽ
രണ്ടു പെൺകുട്ടികൾ
വെറുതെയിരിക്കുന്നു;
ഒരാളുടെ വിരലുകൾ
മറ്റെയാളുടെ കയ്യിൽ
വീണു കിടക്കുന്നു;
ഒരാളുടെ മുടി
മറ്റെയാളുടെ മുടിയിൽ എത്തിപ്പിടിക്കുന്നു;
രണ്ടു പേരുടേയും വസ്ത്രം
സ്കൂളിനെ കുറിച്ച് സംസാരിക്കുന്നു;

അവരുടെ തൊട്ടടുത്ത്
അണ്ണാൻ കടിച്ചെറിഞ്ഞ
രണ്ടു മാമ്പഴം
മാവടുത്തുണ്ടായിട്ടും
അനാഥമായി കാറ്റു കൊള്ളുന്നു;

ഒറ്റമുറി ,
വീടാകുന്ന
ഒരു ദേശത്തെ കുറിച്ച്
അവർ സംസാരിക്കുന്നു;
മുപ്പത്തെട്ട് മുറിവിലൂടെ
മരണം കൊണ്ടുപോയ
കുട്ടുകാരിയുടെ പേരവരോർക്കുന്നു;
മരത്തിൽ നിന്ന് പിടി വിട്ട്
രണ്ടിലകൾ
അവർക്കു മേൽ വീഴുന്നു;
ഒരാൾ ഓരാളെ ചേർത്തു പിടിക്കുന്നു

വെയിൽ മങ്ങുന്നു;
കാറ്റ് അവരുടെ ബേഗ്
തട്ടി നോക്കി
ഹോം വർക്ക് ചെയ്തോ എന്നന്വേഷി ക്കുമ്പോലെ
കടന്നു പോകുന്നു;
ഇങ്ങനെയിരുന്നാൽ വീട്ടിലെത്തുമോ
എന്നു ചോദിച്ച്
ഒരു മഴ
പെട്ടെന്ന്
അവരെ ഓടിച്ചു കളഞ്ഞു.

-- മുനീർ അഗ്രഗാമി

അതു കൊണ്ടാവുമോ?


അതു കൊണ്ടാവുമോ?
........................................
എത്ര ഉയരത്തിൽ നിന്നാണ്
അതു വീഴുന്നത് !
എത്ര ആഴത്തിലേക്കാണ്
അതു പോകുന്നത് !
അതു കൊണ്ടാവുമോ
അതിനിത്ര കുളിര് ?

- മുനീർ അഗ്രഗാമി

മഴയിലൂടെ

മഴയിലൂടെ
......................
മഴയിലൂടെ
ഒരു പട്ടാളക്കാരൻ
തോക്കുമായ് ഓടുന്നു,
അവൻ നനയുന്നു.
അവളുടെ കണ്ണീരിലെന്ന പോലെ
നനയുന്നു.

- മുനീർ അഗ്രഗാമി
ഋതുസംക്രമണം
...............................
ഞാൻ വേനൽക്കാലത്തിൽ നിന്നും
നദി കടക്കുമ്പോലെ
മഴക്കാലത്തിലേക്ക് കടക്കുന്നു
ഋതുവിൻ്റെ തോണി
കുളിരിലിറക്കുകയാണ്
മഴ കൊണ്ട് തുഴയുകയാണ്


മണ്ണു പോലെ ദാഹിക്കുന്നവനേ കൂടെ വരൂ
ദാഹജലം കൊണ്ട്
വിള്ളലുകളടയ്ക്കൂ
സ്നേഹം നെഞ്ചിലേക്ക് ചായുമ്പോലെ
ചാറുന്ന തുള്ളികളെടുക്കൂ

കുളിച്ചു തോർത്താതെ
ഇടവം കൂട്ടിനുണ്ട്
അതിന്നുണങ്ങിയ സ്വപ്നങ്ങളിൽ
പച്ച ശലഭങ്ങൾ
തളിരിലകളായ് ചിറകടിക്കുന്നു
അതു കണ്ടു മനുഷ്യനായ്
തളിർക്കൂ

അകിടുവറ്റിയ പോൽ
സ്നേഹം വറ്റിയ കൂട്ടുകാരീ
അരികിലിരിക്കൂ
ഇറയത്തു നിന്നും
ഇറ്റി വീഴും കണ്ണീർ ത്തുള്ളി
കവിതയായൊഴുകി നിന്നെ
സ്നേഹിക്കും

അക്കരെയുമിക്കരയുമില്ല
കൂട്ടുകാരേ നമുക്കു
കരപറ്റുവാൻ
എങ്കിലും തുഴയുക ,
കടലിൽ കരപറ്റും
തുള്ളിക്കൊപ്പം പോകാതെ
.
വേനലിൽ നിന്ന്
വേദനയിൽ നിന്നെന്ന പോലെയെങ്കിലും
ഇത്തിരി കൊന്ന പ്പൂവിന്നോർമ്മയുമായ്
ഒരു പിടി ഗുൽമോഹറുമായ്
വെയിലിൻ മഞ്ഞയിൽ നിന്ന്
ചൂടിൻ ചുവപ്പിൽ നിന്ന്
പുറത്തു കടക്കുന്നു
പച്ചയെന്നെ ചേർത്തു പിടിക്കുന്നു
ഋതുക്കളെന്നിലൂടെയും
കടക്കുന്നു

എന്നിലെത്രയോ കടവുകൾ തുറക്കുന്നു
ഋതുസംക്രമണ വേദിയായ്
ഞാൻ വലുതാവുന്നു
മഞ്ഞും മഴയും വെയിലും
കുളിരു മുള്ളിലുള്ളവനേ
വരൂ
കൂടെ വരൂ.

- മുനീർ അഗ്രഗാമി

ഒരു കുഞ്ഞു മഴ


ഒരു കുഞ്ഞു മഴ
......................................
വേനലിൻ്റെ മുറ്റത്ത്
പൊടിമണ്ണിൽ
കിടന്നുരുണ്ട്
കരയുന്നു
ഒരു കുഞ്ഞു മഴ.

-മുനീർ അഗ്രഗാമി

കറുത്ത പ്രളയം (ഒരു രാത്രി കടക്കുന്നു)

കറുത്ത പ്രളയം (ഒരു രാത്രി കടക്കുന്നു)
............................
അന്ധൻ നട്ടുച്ചയ്ക്ക്
വരണ്ടുങ്ങിയ തടാകം കടക്കുമ്പോലെ,
ഒരു രാത്രി കടക്കുന്നു
കറണ്ടില്ലാത്തതിനാൽ
കാറ്റിൻ്റെ ഓളങ്ങളില്ല


നിലാവില്ലാത്തതിനാൽ
കൂട്ടിനു
നിഴലുപോലുമില്ല
വേനൽ ,
വേട്ടക്കാരനെ പോലെ
ഇരുളിൽ പതുങ്ങി
ചൂടമ്പെയ്തു കൊണ്ടിരുന്നു

പെട്ടെന്ന് എങ്ങുനിന്നോ
ഒരു നിലവിളി പാറി വീണു
ആരാണതിൻ്റെ പച്ചപ്പ് തകർത്തത് ?

ഏതു മരമായിരിക്കും
അതിനെ പിരിഞ്ഞ് മരിക്കുന്നത് ?
ഉടനുനുടൻ
നിശ്ശബ്ദത വിണ്ടുകീറി
വിള്ളലിൽ കണ്ണീരിറ്റി വീണു

തടാകം നിറഞ്ഞു തൂവി
നിസ്സഹായത കൈ നീട്ടി
വിളിക്കുന്നുണ്ടാവും
ഒന്നും കാണാത്ത കൂരിരുട്ട് കിതച്ചു പിടഞ്ഞു നിശ്ചലമായ്.

പ്രളയമായി;
സ്വന്തം കണ്ണീരിൽ കുതിർന്ന
കറുത്ത പ്രളയം.
പ്രണയാർദ്രമായ്
ഒരാലില പോലും
ഒഴുകി വന്നില്ല
വന്നില്ല
- മുനീർഅഗ്രഗാമി

അസ്വസ്ഥതയുടെ പുസ്തകത്തിലെ ചിത്രങ്ങൾ


അസ്വസ്ഥതയുടെ പുസ്തകത്തിലെ
ചിത്രങ്ങൾ
.............................................................
അസ്വസ്ഥതയുടെ പുസ്തകത്തിലെ
ചിത്രങ്ങൾ കാണുന്നു,
നോക്കിയിരിക്കെ പൂമ്പാറ്റ
രാക്ഷസിയാകുന്നു
പൂക്കൾ തീജ്വാലകളാകുന്നു
അരികിലൂടൊഴുകുമരുവി
കണ്ണീരാകുന്നു

കിളികൾ യുദ്ധവിമാനങ്ങളാകുന്നു
അക്ഷരങ്ങൾ ജലബിന്ദുക്കളായി വറ്റുന്നു
അസ്വസ്ഥതയുടെ പുസ്തകം
അടച്ചു വെയ്ക്കാൻ ശ്രമിക്കുന്നു

അയ്യോ ചോര !
ചോര ചോര
പുറംചട്ടയിൽ മുറിവുകൾ ,
പെൺ ചോര
കയ്യിലും കണ്ണിലും
മണ്ണിലും വിണ്ണിലും
ചോര ചോര...

ബോധം കെട്ടുവീഴുന്നു
കണ്ണീർത്തുള്ളി തളിച്ച്
ആരോ ഉണർത്തുന്നു
ഇപ്പോൾ
അസ്വസ്ഥതയുടെ പുസ്തകം
കുത്തഴിഞ്ഞ്
ഒരു സംസ്ഥാനമായി
വളരുന്നു.
 
-മുനീർ അഗ്രഗാമി

ഇര

ഇര
.....
വയറു നിറഞ്ഞ സിംഹത്തിനോട്
മാൻ കുട്ടി ചോദിച്ചു,
സർ എന്താണ് ഇര ?

അദ്ധ്വാനത്തിൻ്റെ ഭാഷയിലെ
എല്ലാ വാക്കുകളുടേയും
അർത്ഥമാണ് ഇര .
ജീവിതത്തിൻ്റേയും
മരണത്തിൻ്റേയും
രണ്ടറ്റങ്ങളുള്ള ചലനമാണ് ഇര
വിശക്കുമ്പോൾമാത്രം
ജീവനിൽ ചേർത്തുവെക്കുന്ന
അനുഭവം ഇര
സിംഹത്തിന് വിശന്നു
അത്
മാൻ കുട്ടിയെ
കൊന്നു തിന്നുക മാത്രം ചെയ്തു.
- മുനീർ അഗ്രഗാമി

വേനലിലെ മഴ

വേനലിലെ മഴ
...............................
പെയ്തതിനുമപ്പുറം
നീ തന്ന കുളിരും
ഉൾക്കുളിരും ...
അതുമതി,
അതുമതിയെനിക്കീ
വരൾച്ച കടക്കുവാൻ.

- മുനീർ അഗ്രഗാമി

സുഖലോലുപൻ


സുഖലോലുപൻ
...............................
തുമ്പു കാണാതെ
ചുരുൾമുടിയിൽ
തപ്പുകയാണവൻ
നീതി പാലകൻ
സുഖലോലുപൻ
-മുനീർ അഗ്രഗാ മി

പാതിരയിലൂടൊരു പാമ്പെന്ന പോൽ


പാതിരയിലൂടൊരു പാമ്പെന്ന പോൽ
...............................................................................
സെക്കൻ്റ് ഷോ കഴിഞ്ഞ്
കള്ളു മോന്തി
കക്കുവാൻ പോകും വഴി
ചുടലപ്പറമ്പു കടക്കവേ
ഇരുളിൽ നിന്നാരോ സംസാരിച്ചു തുടങ്ങി ,
ഞങ്ങളുടെ നല്ല പകലിലെ
എല്ലാ വെളിച്ചവും കെടുത്തി
കറുപ്പു പുതപ്പിച്ച് അവർ
രാത്രിയുണ്ടാക്കുന്നു
ഖദറുടുത്ത്
നക്ഷത്രങ്ങളായി തെളിഞ്ഞ് ചിരിക്കുന്നു
നിങ്ങളും
നിങ്ങളുടെ മാദ്ധ്യമങ്ങളും
ആ വെളിച്ചമേ കാണൂ;
ആ വെളിച്ചത്തിലേ കാണൂ
പക്ഷേ
ഞങ്ങളുടെ പകൽ തീക്ഷ്ണമാകുമ്പോൾ
കറുപ്പിനു പിന്നിൽ നിന്ന്
അത് പുറത്തു കടക്കും
ഖദറിട്ട, ആട്ടിൻതോലണിഞ്ഞ
വ്യാജ പ്രകാശം തകർത്ത്,
ദളിതൻ എന്ന വാക്കിൻ്റെ
പുറന്തോടു പൊട്ടിച്ച് .
കേട്ടതൊന്നും കള്ളമല്ലെന്ന തോന്നലിൽ
കള്ളിറങ്ങിപ്പോയന്നേരം
പാതിരയിലൂടൊരു പാമ്പെന്ന പോൽ.

-മുനീർ അഗ്രഗാമി

നീതി/നിയമം


നീതി/നിയമം
......................
ആറടി മണ്ണുപോലു മില്ലാത്തവന്റെ നാട്ടിൽ
വംശനാശം സംഭവിച്ച
നാട്ടുജീവിയാണ് നീതി
കാടുകയറിപ്പോയ
നാട്ടുപാതയാണ് നിയമം .

- മുനീർ അഗ്രഗാമി

കണ്ണാടി

 കണ്ണാടി
 .....................
പൊട്ടിയ കണ്ണാടിയിൽ
മുഖം നോക്കുന്നു കേരളം
ഹാ പല പല മുഖങ്ങൾ!
വികസന മിതായെന്നു
ഖദർ ധാരി മൊഴിയുന്നു,
കാഴ്ചയിലൊന്നിനെ
പലതായ് തോന്നുവാനവൻ
പൊട്ടിച്ചുവോ കണ്ണാടി ?


- മുനീർ അഗ്രഗാമി

മനസ്സ്

 മനസ്സ്
......................
ഓർമ്മകൾ തുന്നിച്ചേർത്തുണ്ടാക്കിയ
പരവതാനിയാണ് മനസ്സ്
അതിൽ കയറിയിരുന്ന്
ഉള്ളിലൂടെ ഒരു യാത്രയുണ്ട്
ആരുമറിയാതെ;
ആരുമറിയാതെ.

-മുനീർ അഗ്രഗാമി

വേനൽമഴ

വേനൽമഴ
.......................
 മുറ്റത്ത് ചിക്കിപ്പെറുക്കുന്നു
മഴത്തുള്ളികൾ
ചൂടു കൊത്തിത്തിന്നുന്നു

കരിഞ്ഞതും
കൊഴിഞ്ഞതും
കൊത്തിപ്പെറുക്കുന്നു

വേനൽമഴ
ചിറകടിക്കുന്നു;
ദേശാടനക്കിളിയായ്
കളിക്കുന്നു.


-മുനീർ അഗ്രഗാമി

ഒരു പുലരിക്കൊലപാതകത്തിൻ്റെ കഥ

ഒരു പുലരിക്കൊലപാതകത്തിൻ്റെ കഥ
............. .:....... ::...... ...:...:............ ...
ദൃക്സാക്ഷി
....................
ഓടി വര്യോ
ഓടി വര്യോ
രാത്രിയുടെ വസ് ത്രമിതാ
വലിച്ചു കീറുന്നു,
പുലരിയാണത്.
പിടിയവനെ
പിടിയവനെ !
അയ്യോ
ചോര ചോര
ആകാശം മുഴുവൻ ചോര
മരിച്ചു.
അല്ല ,
കൊന്നുകളഞ്ഞു

അന്വേഷണം
.......................
കിളികളും
ശബ്ദങ്ങളും
ജന്തുക്കളും വന്നു
പ്രതിയെങ്ങോ മറ ഞ്ഞു
രാത്രിയെ അവനെന്തു ചെയ്തു?
അന്വേഷണം നടന്നു
ഒന്നുമറിയാത്ത
പകലിനെ പിടിച്ചു തൊഴിച്ചു
ജയിലിലടച്ചു
ഓഫീസ് സമയം കഴിഞ്ഞു
പോലീസ്ഉദ്യോഗസ്ഥർ തിരിച്ചു പോയി
വിധി
.........
രാത്രി
ഒറ്റയ്ക്ക്
താമസിച്ചതെന്തിന് ?
കറുപ്പുടുത്ത്
പ്രതിയെ മോഹിപ്പിച്ചതെന്തിന് ?
കോടതി ചോദിച്ചു.
അതു കൊണ്ട്
രാത്രിയ്ക്ക് വീണ്ടും വധശിക്ഷ വിധിക്കുന്നു
എങ്ങും ജെയ്‌ വിളി മുഴങ്ങി
കോടതിയിൽ
പുഷ്പ വൃഷ്ടിയുണ്ടായി
ജഡ്ജി ഒന്നു നിവർന്നിരുന്നു.


-- മുനീർ അഗ്രഗാമി

നിറം കൊടുക്കുന്നു

നിറം കൊടുക്കുന്നു
...............................
എൻ്റെ സ്വപ്നങ്ങൾക്ക്
നിറം കൊടുക്കുന്ന
പണിയാണ് നിനക്ക്
സ്നേഹത്തിൻ്റേയും
സഹനത്തിൻ്റേയും നിറം
പ്രണയത്തിൻ്റേയും
ലയനത്തിൻ്റേയും നിറം
നിശ്ശബ്ദതയുടേയും
വാക്കുകളുടേയും നിറം
അപ്രതീക്ഷിതമായ്
നമ്മിൽ വിടരുന്ന ഓരോരോ
പൂക്കളുടെ നിറം

ഞാനിപ്പോൾ
സ്പ്നങ്ങളുടെ പൂന്തോട്ടമാണ്
ഉറങ്ങിപ്പോയവിധവയുടെ
വെളുത്ത സാരിയിൽ
ഉണരുമ്പോൾ
പൂക്കൾ നിറഞ്ഞ പോലെ
ഒരത്ഭുതം എന്നെ
ജീവനുള്ള പൂന്തോട്ടമാക്കുന്നു
അന്നേരം
നിൻ്റെ ചുണ്ടിൽ
ഞാനൊരു ചിത്രശലഭമായ്
വന്നിരിക്കുന്നു
വാടിപ്പോയ നീ ഉടൻ വിടർന്നു
പുന്തോട്ടമാകുന്നു
ഇപ്പോൾ
നിന്നിലെ
സ്വപ്നത്തിന്
നിറം കൊടുക്കുന്ന
പണിയാണെനിക്ക്.


- മുനീർ അഗ്രഗാമി

പ്രവാസം ഒരു രൂപകത്തിലും ഒതുങ്ങിയില്ല

പ്രവാസം ഒരു രൂപകത്തിലും
ഒതുങ്ങിയില്ല
........................
വാടിപ്പോയ
പച്ചക്കിളിയുടെ
തൂവലാണു ഞാൻ

ഏതൊക്കെയോ കാറ്റിൽ
എങ്ങോട്ടൊക്കെയോ
പറന്നു പറന്ന്
തുഞ്ചത്തിരിക്കുകയാണ് കിളി;
ഭാഷയുടേയും
ഭാരതത്തിൻ്റേയും
എൻ്റെ മലയാളമേ
എന്നൊരു വിളിയാൽ
അതുചിറകുകുടഞ്ഞുണരുമോ ?
പ്രവാസം
ഒരു രൂപകത്തിലും
ഒതുങ്ങിയില്ല
നോക്കൂ
പുതിയൊരു കാറ്റ്
എന്നെ അടുത്ത
മണൽ കുന്നിലേയ്ക്ക്‌
പറത്തുന്നു.
.

രണ്ടു ലീലകൾ

രണ്ടു ലീലകൾ
...............................

മലയാളി
പഴയ ലീലയിൽ നിന്നും
പുതിയ ലീലയിലെത്തുമ്പോൾ
ആശാൻ പടിയിറങ്ങിപ്പോകും
കേരളം പെരുമ്പാവൂരാകും
നിർഭയ പോലും ഭയന്നു മരിക്കും .

- മുനീർ അഗ്രഗാമി

മഴ പുരുഷനാണ്

മഴ പുരുഷനാണ്
...............................
മഴ പുരുഷനാണെന്നതിന്
മൂന്നു തെളിവുകളുണ്ട്
മഴ പുരുഷനാകുമ്പോൾ
മണ്ണ്
പെണ്ണിനെ പോലെ
അവൻ വരുന്നതും കാത്തിരിക്കുന്നു
അവനെത്തുവോളം
വ്രതമെടുത്ത്
മനസ്സു വറ്റി
വിണ്ടു കീറുന്നു
മഴ പുരുഷനാകുമ്പോൾ
അവനിൽ നിന്ന്
വിത്തുകൾ ഗർഭം ധരിക്കുന്നു
അവൻ്റെ സ്നേഹലാളനകളാൽ
നല്ല കുഞ്ഞുങ്ങൾ പിറന്ന്
മുളച്ചുപൊന്തുന്നു
മഴ പുരുഷനാകുമ്പോൾ
ഉറഞ്ഞു തുള്ളി
കോമരമായ്
നെല്ലി ൻ്റേയും
വാഴത്തോട്ടത്തിൻ്റെയും
ക്ഷേത്രത്തിലെത്തുന്നു
താണ്ഡവമാടി
നാടു മുഴുവൻ നടക്കുന്നു
അതു കൊണ്ട്
പുറത്തിറങ്ങി,
ആദ്യമായ് മഴ നനയുന്ന കന്യകൾ
അവനെ മാരിയെന്നല്ല
മാരനെന്നു വിളിക്കും
- മുനീർ അഗ്രഗാമി

പ്രശോഭിക്കുന്നു


പ്രശോഭിക്കുന്നു
.................................
എത്ര ഇരുണ്ടതാണെങ്കിലും
ജീവിതം,
നെറ്റിത്തടത്തിലെ 
വിയർപ്പുതുള്ളിയിൽ
 കുഞ്ഞു സൂര്യൻപ്രകാശിക്കുമ്പോൾ
പ്രശോഭിക്കുന്നു

- മുനീർ അഗ്രഗാമി

ശുഭരാത്രി

ശുഭരാത്രി
..................
വാക്കുകളെയൊക്കെ
ഉറക്കിക്കിടത്തി
രാത്രി എൻ്റെ അടുത്ത്
വന്നുകിടക്കുന്നു

നെറ്റിയിൽ മുത്തം പോലെ
ഒരു സ്വപ്നം വെയ്ക്കുന്നു
കണ്ണിൽ മറ്റൊന്ന്
കവിളിൽ വേറൊന്ന്
ഉsലാകെ
പൊന്നേയെന്നൊരു വിളി
പാഞ്ഞു കയറുന്നു

നിശ്ശബ്ദതയിൽ
വേദന നടന്നകലുന്ന ശബ്ദം
നേർത്ത് മെലിയുന്നു.
സങ്കടം ചിറകടിച്ചകലുന്ന
കാഴ്ച മങ്ങി മങ്ങി
ആകാശനീലയിൽ ലയിക്കുന്നു
ആനന്ദത്തിൻ്റെ തുളളിയിൽ
കടലിലെന്നപോൽ
പെരും മീനായ്
രാത്രിയുടെ ഉടലിൽ നീന്തുന്നു

ഇരുട്ട്
കാറ്റുപോലെ വന്ന്
വിളക്കണച്ചു കളഞ്ഞു
ഇനിയൊന്നും കാണില്ല
കാണില്ല.

- മുനീർ അഗ്രഗാമി

സ്നേഹം


സ്നേഹം
..................
ഏതു വീഴ്ചയിലും
കൈപിടിച്ച് എഴുന്നേൽപിക്കുന്ന
വിരലുകളാണ് സ്നേഹം
ജലം വിത്തിനോടെന്ന പോലെ
വെളിച്ചം പൂവിനോടെന്ന പോലെ
അത് ജീവിതത്തിന് ഇലകളും
വർണ്ണപുഷ്പങ്ങളും സമ്മാനിക്കുന്നു.

- മുനീർ അഗ്രഗാമി

മാമ്പഴം പോലെ

മാമ്പഴം പോലെ
.........................
മേടച്ചൂടിൽ
മഞ്ഞ നിറത്തിൽ
പഴുത്ത ഭൂമി
മാമ്പഴം തന്നെ
എന്നാൽ കത്തി കൊണ്ട്
മുറിക്കാനാവാതെ

വെയിലതു
മണത്തു നോക്കുന്നു
അതു മുറിക്കാനുള്ള കത്തി
മേഘം കൊണ്ടുവരുന്നു
മുറിച്ചു തുടങ്ങുമ്പോൾ
പുതുമണ്ണിൻ്റെ
മണം പൊങ്ങുന്നു
കഷണമായ്
ഓരോ ചെടികൾക്കും
ജീവികൾക്കും അതു വീതിക്കുന്നു
വിത്തിൽ നിന്നിറങ്ങിയ കുഞ്ഞുങ്ങൾ
അതു തിന്ന് വളരുന്നു
ഞാനതു നോക്കി
ഇന്ദ്രജാലം പോലെ
എൻ്റെ കഷണം
ആസ്വദിക്കുന്നു.

-മുനീർ അഗ്രഗാമി

മഴയ്ക്ക് നിൻ്റെ പേരിടുന്നു

മഴയ്ക്ക്
നിൻ്റെ പേരിടുന്നു
................................
സ്നേഹം
മഴയാണെന്നറിയാൻ
വേനലിലൂടെ
കടന്നുപോകണം
മഴ വരും മുമ്പത്തെ
വരണ്ടുണങ്ങിയ
ആ നില്പുണ്ടല്ലോ
എല്ലാ പച്ചപ്പും കൊഴിഞ്ഞുള്ള
ആ ഒറ്റപ്പെടലുണ്ടല്ലോ
ഒരു നിമിഷംഅതെല്ലാം
അഴിച്ചു വെച്ച്
കുളിരുടുക്കാൻ ഒരു മഴ
കൈ പിടിക്കണം
മഴയാവുക
അത്ര എളുപ്പമല്ല
ഉന്നതങ്ങളിൽ നിന്നുള്ള
വീഴ്ച യാണത്
ആഴത്തിൽ വറ്റിപ്പോയവന്
ഉയരാനുള്ള വഴിയുമാണത്
അതു കൊണ്ട് ഞാൻ
മഴയ്ക്ക്
നിൻ്റെ പേരിടുന്നു
...മുനീർ അഗ്രഗാമി

നാട്ടു കോഴികളേ...നാട്ടുപശുക്കളേ...


നാട്ടു കോഴികളേ...നാട്ടുപശുക്കളേ...
............................
നാട്ടു കോഴികളേ
നാട്ടുപശുക്കളേ
നാട്ടുമാങ്ങകളേ
നാട്ടു വാക്കുകളേ
നിങ്ങളെവിടെയാണ് ?
എ പ്ലസ് കിട്ടാതെ
ഞാനിതാ വന്നിരിക്കുന്നു
പൊലിമയില്ലാതെ
അഹന്തയില്ലാതെ
താഴ്മയോടെ
താഴ്മയോടെ.

എൻ്റെ തോഴരേ
ഞാനിതാ വന്നിരിക്കുന്നു
നിങ്ങളെ കാണാത്തതെന്ത് ?
പത്തു വർഷത്ത
വിദ്യാഭ്യാസം കഴിഞ്ഞ്
പത്തു നെൽവിത്തിൻ്റെ
പേരു പോലുമറിയാതെ
പത്തു തെങ്ങിനങ്ങളെ
തിരിച്ചറിയാനാകാതെ.
തുമ്പിയുടെ കുഞ്ഞുങ്ങളെ മനസ്സിലാകാതെ
തുമ്പയുടെ ശക്തിയറിയാതെ
ഞാനിതാ വന്നിരിക്കന്നു,
എൻ്റെ പൈതൃകമേ
താവഴിയേ,
നിങ്ങളെ അവരെന്തു ചെയ്തു?

എൻ്റെ ചോദ്യങ്ങൾക്ക്
രണ്ടു ഭാഷയിൽ
ഒട്ടുമാവുകൾ ഉത്തരം പറയുന്നു
അതെൻ്റെ ഭാഷയിലല്ല
സങ്കരയിനം പശുക്കൾ ഉത്തരം പറയുന്നു
അവരെൻ്റെ നാട്ടുകാരായിരുന്നില്ല 
ഇറച്ചിക്കോഴികൾ ഉത്തരം പറയുന്നു
അവ ദുർബ്ബലമാകുന്നു
എ പ്ലസ് കാരനല്ലാത്തതിനാൽ
എനിക്കൊന്നും മനസ്സിലായില്ല .

ഇടവഴികളേ
നെൽച്ചെടികളേ
ഞാൻ തേടി വന്നവരെവിടെയാണ് ?
ഫ്ലാറ്റുകളും റോഡുകളും
ഉത്തരം പറയുന്നു

ഇഷ്ടക്കാരേ
നിങ്ങളുടെ മടിയിലിരുന്ന്
ഉപരിപഠനം നടത്താനെത്തിയ
ഞാനിതാ നിരാശനായി
തിരിച്ചു പോകുന്നു

ഇനി
സേ പരീക്ഷയെഴുതണം
ഫുൾ എപ്ലസ് വാങ്ങണം
വിദേശത്ത് പോകണം
ജർമ്മനിയിലോ ഹോളണ്ടിലോ ചെന്ന്
ലൈബ്രറികളിൽ
നിങ്ങളെ തിരയണം
എൻ്റെ
നാട്ടു കോഴികളേ
നാട്ടുപശുക്കളേ
നാട്ടുമാങ്ങകളേ
നാട്ടു വാക്കുകളേ .

...................മുനീർ അഗ്രഗാമി

ഉത്തരമില്ല


 ഉത്തരമില്ല 
 ..............................
കുഞ്ഞേ
ആർക്ക് ആരെയാണ്
തോൽപ്പിക്കാൻ കഴിയുക ?
ഞാനിട്ട ചോദ്യത്തിന്
നിനക്ക് ഉത്തരമില്ലെന്നല്ലേയുള്ളൂ
നിൻ്റെ ചോദ്യങ്ങൾക്ക് എനിക്കും
ഉത്തരമില്ലെന്നല്ലേയുള്ളൂ
-മുനീർ അഗ്രഗാമി

വേനൽ


വേനൽ
.............
ഏറ്റവും വലിയ ഫാഷിസ്റ്റാണ് വേനൽ
സൂര്യനിൽ നിന്നു പിറന്നവൻ ,
വെളുത്തവൻ.
ദേശീയ മ്യൂസിയത്തിന് അത് തീയിട്ടു
ഭിന്ന സംസ്കാരങ്ങൾ കെട്ടിപ്പടുത്ത നദികൾ
അതു കുടിച്ചു വറ്റിച്ചു
പേരിൽ പുഴയുള്ള നാട്ടിൽ വന്ന്
ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
ശക്തി തെളിയിച്ചു

പാവം പരൽ മീനുകളെയും
ഗതിയില്ലാത്ത നീർക്കോലികളെയും
പച്ചപ്പുല്ലുകളെയും
പൂമ്പാറ്റകളെയും നാൽക്കാലികളെയും
അതുപീഡിപ്പിച്ച് കൊന്നൊടുക്കി
പക്ഷേ
ഒരു മഴത്തുള്ളി ,
രണ്ടു മഴത്തുള്ളി
മൂന്നു മഴത്തുള്ളി,
ആയിരം മഴത്തുള്ളി ,
പതിനായിരം മഴത്തുള്ളി
ഒന്നിനു പുറകെ
ഓരോന്നായി
വരുന്ന വലിയ പ്രളയം അതിന്
തടുക്കാനാകുമോ?

വേനൽ എത്ര വലിയ ഫാഷിസ്റ്റായാലും
വരാനിരിക്കുന്ന ഒരോ തുള്ളിയിലും
അതിനെതിരെ ഒരു തുള്ളലുണ്ട്
തുളളികൾ അതു തിരിച്ചറിയുമ്പോഴാണ്
മഴ വിപ്ലവ മാകുന്നത്

-മുനീർ അഗ്രഗാമി

രാത്രി എഴുതിയ പ്രണയ കവിത

രാത്രി എഴുതിയ
പ്രണയ കവിത
 ..........................
രാത്രി
എൻ്റെ അടുത്തു നിന്നും
എഴുന്നേറ്റു പോകുന്നു,
പുലരിയുടെ മറവിലൂടെ.

ഞാൻ
വെളിച്ചത്തിലിറങ്ങി
കുളിക്കുന്നു
പകൽത്തിരകളിളകുന്നു
തോണികൾ
കപ്പലുകൾ
മീനുകൾ
പറവകൾ
അന്നത്തിനായ് തുഴഞ്ഞ്
പകൽപ്പരപ്പിൽ
ജീവിതം എന്ന് എഴുതാൻ ശ്രമിക്കുന്നു

എന്നിൽ
കറുത്ത അക്ഷരങ്ങളിൽ രാത്രി എഴുതിയ
പ്രണയ കവിത തീരുന്നു.

-മുനീർ അഗ്രഗാമി

മാതൃഭാഷ


മാതൃഭാഷ
.................
എനിക്കു ചിറകുകളുണ്ട്
അതെൻ്റെ ഭാഷയാണ്
എനിക്കു തൂവലുകളുണ്ട്
അതെൻ്റെ വാക്കുകളാണ്
അതുകൊണ്ട്
സ്വന്തം ഭാഷ കേൾക്കുമ്പോൾ,
വായിക്കുമ്പോൾ
ഞാൻ പറക്കുകയാണ്
 
എല്ലാ അതി രു ക ൾ ക്കും മുകളിലൂടെ
കൊക്കിനെ പോലെ
തത്തയെപോലെ
കാക്കയെ പോലെ
കൂട്ടത്തിൽ;
കൂട്ടം പറഞ്ഞ് .
 
അതു കൊണ്ട്
തൂവൽ അസാധാരണമായി
കൊഴിയുമ്പോൾ
ചിറക് കരിയുമ്പോൾ
പേടിയാകുന്നു,
ചിറകില്ലാതായ ഒരു കൊക്ക്
നിസ്സഹായനായി
കുളം വറ്റുന്നത് നോക്കി നിൽക്കുമ്പോലെ.
വറ്റി വിണ്ടുകീറിയ
കുളത്തിൽ നിന്ന്
സ്വന്തം ഭാഷ വിടർത്തി
പറക്കാനാകാതെ.

--മുനീർ അഗ്രഗാമി

വെളിച്ചം കെടുത്തിക്കളഞ്ഞവൻ

 വെളിച്ചം കെടുത്തിക്കളഞ്ഞവൻ
 ....................................
രാത്രിയുടെ വിരലു പിടിച്ച്
നടത്തം പഠിക്കുമ്പോലെ
ഉറക്കം പഠിക്കുന്നു,
വെളിച്ചം കെടുത്തിക്കളഞ്ഞവൻ


-മുനീർ അഗ്രഗാമി

ലീല

ലീല
.........
ലീല കോഴിക്കോട്ടുകാരിയാണ്
നഗരം അവൾക്കു ചുറ്റും
വളരുന്ന പേടിയാണ്
അവളെ ചുറ്റുന്ന
രാക്ഷസക്കോട്ടയാണ്.


ആശാനേയും ഉണ്ണിയേയും
ലീലയ്ക്കറിയില്ല
മുതലക്കുളത്ത് പ്രസംഗിക്കാൻ വരുന്ന
ഒരുത്തനേയുമറിയില്ല
മാനാഞ്ചിറയിൽ ഇരിക്കുന്നവരെ അറിയില്ല
പ്രസ് ക്ലബ്ബിലെ ചർച്ചയറിയില്ല്
ത്രി സ്റ്റാർ ഹോട്ടലിനു പിന്നിലെ പറമ്പിലാണ്
അവളുടെ പുര

ചെളിയിൽ
പലകയടിച്ചുകൂട്ടിയ വീടിൻ്റെ
ഫ്ലക്സ് മേൽകൂരയിൽ
പതിച്ച ചിത്രങ്ങളും
അവൾക്കറിയില്ല
ഭഗവാൻ്റെ ലീലകളോ
രഞ്ജിത്തിൻ്റെ ലീല യോ
അറിയില്ല

അവൾക്ക് എല്ലാം
അലക്കാനറിയാം
ഒപ്പം
ലീല അവളുടെ പേരാണെന്ന്
അവൾ അറിയുന്നു
ആസ്പത്രി വിരിപ്പ്
രക്തക്കറ
ഹോട്ടൽ വിരിപ്പ്
ഭോഗക്കറ
കിടക്ക വിരി
സ്വപ്നക്കറ
എല്ലാം അവൾ അലക്കുന്നു

കോഴിക്കോട് നിറം വെച്ച്
ശുദ്ധിയാകുന്നു
മുതലക്കുളത്ത്
നഗരത്തെ അവൾ
ഉണക്കാനിടുന്നു

കടപ്പുറം അവളെ വിളിക്കുമ്പോൾ
തൊട്ടിയിൽ തിരയിളകുന്നു
തിയറ്റർ അവളെ വിളിക്കുമ്പോൾ
നനച്ചു വെച്ച പുതപ്പുകൾ
ചലച്ചിത്രമാകുന്നു
അലക്കുമ്പോൾ
ലീല
സങ്കടങ്ങളുടെ
വസ്ത്രമാകുന്നു

സൂര്യൻ അവളെ അലക്കി
കറുപ്പിക്കുന്നു.
ലീല വിലാസമാകുന്നു
നഗരത്തിൻ്റെ
ലീലാവിലാസങ്ങൾ തകർത്തു കളഞ്ഞ
കോഴിക്കോടിൻ്റെ .

..........മുനീർ അഗ്രഗാമി