നാട്ടു കോഴികളേ...നാട്ടുപശുക്കളേ...


നാട്ടു കോഴികളേ...നാട്ടുപശുക്കളേ...
............................
നാട്ടു കോഴികളേ
നാട്ടുപശുക്കളേ
നാട്ടുമാങ്ങകളേ
നാട്ടു വാക്കുകളേ
നിങ്ങളെവിടെയാണ് ?
എ പ്ലസ് കിട്ടാതെ
ഞാനിതാ വന്നിരിക്കുന്നു
പൊലിമയില്ലാതെ
അഹന്തയില്ലാതെ
താഴ്മയോടെ
താഴ്മയോടെ.

എൻ്റെ തോഴരേ
ഞാനിതാ വന്നിരിക്കുന്നു
നിങ്ങളെ കാണാത്തതെന്ത് ?
പത്തു വർഷത്ത
വിദ്യാഭ്യാസം കഴിഞ്ഞ്
പത്തു നെൽവിത്തിൻ്റെ
പേരു പോലുമറിയാതെ
പത്തു തെങ്ങിനങ്ങളെ
തിരിച്ചറിയാനാകാതെ.
തുമ്പിയുടെ കുഞ്ഞുങ്ങളെ മനസ്സിലാകാതെ
തുമ്പയുടെ ശക്തിയറിയാതെ
ഞാനിതാ വന്നിരിക്കന്നു,
എൻ്റെ പൈതൃകമേ
താവഴിയേ,
നിങ്ങളെ അവരെന്തു ചെയ്തു?

എൻ്റെ ചോദ്യങ്ങൾക്ക്
രണ്ടു ഭാഷയിൽ
ഒട്ടുമാവുകൾ ഉത്തരം പറയുന്നു
അതെൻ്റെ ഭാഷയിലല്ല
സങ്കരയിനം പശുക്കൾ ഉത്തരം പറയുന്നു
അവരെൻ്റെ നാട്ടുകാരായിരുന്നില്ല 
ഇറച്ചിക്കോഴികൾ ഉത്തരം പറയുന്നു
അവ ദുർബ്ബലമാകുന്നു
എ പ്ലസ് കാരനല്ലാത്തതിനാൽ
എനിക്കൊന്നും മനസ്സിലായില്ല .

ഇടവഴികളേ
നെൽച്ചെടികളേ
ഞാൻ തേടി വന്നവരെവിടെയാണ് ?
ഫ്ലാറ്റുകളും റോഡുകളും
ഉത്തരം പറയുന്നു

ഇഷ്ടക്കാരേ
നിങ്ങളുടെ മടിയിലിരുന്ന്
ഉപരിപഠനം നടത്താനെത്തിയ
ഞാനിതാ നിരാശനായി
തിരിച്ചു പോകുന്നു

ഇനി
സേ പരീക്ഷയെഴുതണം
ഫുൾ എപ്ലസ് വാങ്ങണം
വിദേശത്ത് പോകണം
ജർമ്മനിയിലോ ഹോളണ്ടിലോ ചെന്ന്
ലൈബ്രറികളിൽ
നിങ്ങളെ തിരയണം
എൻ്റെ
നാട്ടു കോഴികളേ
നാട്ടുപശുക്കളേ
നാട്ടുമാങ്ങകളേ
നാട്ടു വാക്കുകളേ .

...................മുനീർ അഗ്രഗാമി

No comments:

Post a Comment