വേനൽ


വേനൽ
.............
ഏറ്റവും വലിയ ഫാഷിസ്റ്റാണ് വേനൽ
സൂര്യനിൽ നിന്നു പിറന്നവൻ ,
വെളുത്തവൻ.
ദേശീയ മ്യൂസിയത്തിന് അത് തീയിട്ടു
ഭിന്ന സംസ്കാരങ്ങൾ കെട്ടിപ്പടുത്ത നദികൾ
അതു കുടിച്ചു വറ്റിച്ചു
പേരിൽ പുഴയുള്ള നാട്ടിൽ വന്ന്
ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
ശക്തി തെളിയിച്ചു

പാവം പരൽ മീനുകളെയും
ഗതിയില്ലാത്ത നീർക്കോലികളെയും
പച്ചപ്പുല്ലുകളെയും
പൂമ്പാറ്റകളെയും നാൽക്കാലികളെയും
അതുപീഡിപ്പിച്ച് കൊന്നൊടുക്കി
പക്ഷേ
ഒരു മഴത്തുള്ളി ,
രണ്ടു മഴത്തുള്ളി
മൂന്നു മഴത്തുള്ളി,
ആയിരം മഴത്തുള്ളി ,
പതിനായിരം മഴത്തുള്ളി
ഒന്നിനു പുറകെ
ഓരോന്നായി
വരുന്ന വലിയ പ്രളയം അതിന്
തടുക്കാനാകുമോ?

വേനൽ എത്ര വലിയ ഫാഷിസ്റ്റായാലും
വരാനിരിക്കുന്ന ഒരോ തുള്ളിയിലും
അതിനെതിരെ ഒരു തുള്ളലുണ്ട്
തുളളികൾ അതു തിരിച്ചറിയുമ്പോഴാണ്
മഴ വിപ്ലവ മാകുന്നത്

-മുനീർ അഗ്രഗാമി

No comments:

Post a Comment