ലീല

ലീല
.........
ലീല കോഴിക്കോട്ടുകാരിയാണ്
നഗരം അവൾക്കു ചുറ്റും
വളരുന്ന പേടിയാണ്
അവളെ ചുറ്റുന്ന
രാക്ഷസക്കോട്ടയാണ്.


ആശാനേയും ഉണ്ണിയേയും
ലീലയ്ക്കറിയില്ല
മുതലക്കുളത്ത് പ്രസംഗിക്കാൻ വരുന്ന
ഒരുത്തനേയുമറിയില്ല
മാനാഞ്ചിറയിൽ ഇരിക്കുന്നവരെ അറിയില്ല
പ്രസ് ക്ലബ്ബിലെ ചർച്ചയറിയില്ല്
ത്രി സ്റ്റാർ ഹോട്ടലിനു പിന്നിലെ പറമ്പിലാണ്
അവളുടെ പുര

ചെളിയിൽ
പലകയടിച്ചുകൂട്ടിയ വീടിൻ്റെ
ഫ്ലക്സ് മേൽകൂരയിൽ
പതിച്ച ചിത്രങ്ങളും
അവൾക്കറിയില്ല
ഭഗവാൻ്റെ ലീലകളോ
രഞ്ജിത്തിൻ്റെ ലീല യോ
അറിയില്ല

അവൾക്ക് എല്ലാം
അലക്കാനറിയാം
ഒപ്പം
ലീല അവളുടെ പേരാണെന്ന്
അവൾ അറിയുന്നു
ആസ്പത്രി വിരിപ്പ്
രക്തക്കറ
ഹോട്ടൽ വിരിപ്പ്
ഭോഗക്കറ
കിടക്ക വിരി
സ്വപ്നക്കറ
എല്ലാം അവൾ അലക്കുന്നു

കോഴിക്കോട് നിറം വെച്ച്
ശുദ്ധിയാകുന്നു
മുതലക്കുളത്ത്
നഗരത്തെ അവൾ
ഉണക്കാനിടുന്നു

കടപ്പുറം അവളെ വിളിക്കുമ്പോൾ
തൊട്ടിയിൽ തിരയിളകുന്നു
തിയറ്റർ അവളെ വിളിക്കുമ്പോൾ
നനച്ചു വെച്ച പുതപ്പുകൾ
ചലച്ചിത്രമാകുന്നു
അലക്കുമ്പോൾ
ലീല
സങ്കടങ്ങളുടെ
വസ്ത്രമാകുന്നു

സൂര്യൻ അവളെ അലക്കി
കറുപ്പിക്കുന്നു.
ലീല വിലാസമാകുന്നു
നഗരത്തിൻ്റെ
ലീലാവിലാസങ്ങൾ തകർത്തു കളഞ്ഞ
കോഴിക്കോടിൻ്റെ .

..........മുനീർ അഗ്രഗാമി

No comments:

Post a Comment