പാതിരയിലൂടൊരു പാമ്പെന്ന പോൽ


പാതിരയിലൂടൊരു പാമ്പെന്ന പോൽ
...............................................................................
സെക്കൻ്റ് ഷോ കഴിഞ്ഞ്
കള്ളു മോന്തി
കക്കുവാൻ പോകും വഴി
ചുടലപ്പറമ്പു കടക്കവേ
ഇരുളിൽ നിന്നാരോ സംസാരിച്ചു തുടങ്ങി ,
ഞങ്ങളുടെ നല്ല പകലിലെ
എല്ലാ വെളിച്ചവും കെടുത്തി
കറുപ്പു പുതപ്പിച്ച് അവർ
രാത്രിയുണ്ടാക്കുന്നു
ഖദറുടുത്ത്
നക്ഷത്രങ്ങളായി തെളിഞ്ഞ് ചിരിക്കുന്നു
നിങ്ങളും
നിങ്ങളുടെ മാദ്ധ്യമങ്ങളും
ആ വെളിച്ചമേ കാണൂ;
ആ വെളിച്ചത്തിലേ കാണൂ
പക്ഷേ
ഞങ്ങളുടെ പകൽ തീക്ഷ്ണമാകുമ്പോൾ
കറുപ്പിനു പിന്നിൽ നിന്ന്
അത് പുറത്തു കടക്കും
ഖദറിട്ട, ആട്ടിൻതോലണിഞ്ഞ
വ്യാജ പ്രകാശം തകർത്ത്,
ദളിതൻ എന്ന വാക്കിൻ്റെ
പുറന്തോടു പൊട്ടിച്ച് .
കേട്ടതൊന്നും കള്ളമല്ലെന്ന തോന്നലിൽ
കള്ളിറങ്ങിപ്പോയന്നേരം
പാതിരയിലൂടൊരു പാമ്പെന്ന പോൽ.

-മുനീർ അഗ്രഗാമി

No comments:

Post a Comment