ഒന്നൂതി നോക്കൂ

ഒന്നൂതി നോക്കൂ
............................
പകലിൻ്റെ ചാരമാണോ രാത്രി ?
ഒന്നൂതിനോക്കൂ
ചന്ദ്രൻ നിലാവിനാലൂതുമ്പോലെ
താരകങ്ങൾ
രശ്മിയാ ലൂതുമ്പോലെ.

വേനലിൻ്റെ കനലാട്ടം കണ്ട്
ചൂടുപിടിച്ച്
പകലിനൊപ്പം കത്തുമ്പോൾ
കൊന്നപ്പൂ പോലെയാളുവാൻ
മോഹിച്ച്
നിരാശ വരുമ്പോൾ
ഒന്നൂതി നോക്കൂ
തണുത്ത കാറ്റിനാൽ
വേനൽമഴ വെയിലൂതിയകറ്റുമ്പോലെ
ഊതുവാൻ ശ്വാസമുള്ളവർ പറയും ,
പകലിൻ്റെ ചാരമാണു രാത്രി
പൂച്ചയെ പോലെ
അതിൽ ചുരുണ്ടുറങ്ങുമ്പോൾ .
- മുനീർ അഗ്രഗാമി

മീന വെയിലാൾ

മീന വെയിലാൾ
....................
ഇന്നലെ പെയ്ത മഴയുടെ
കുളിരും കൊണ്ട്
ഇന്നൊരു പൊരിവെയിൽ
എങ്ങോ പോയി
എനിക്കും
എന്നെ കാത്തിരുന്ന രാത്രിക്കും
ഒരു തുള്ളി പോലും വെച്ചില്ല
ദുഷ്ടൻ .

- മുനീർ അഗ്രഗാമി

ഇപ്പോൾ എല്ലാം മനസ്സിലാകുന്നു


ഇപ്പോൾ എല്ലാം  മനസ്സിലാകുന്നു
...........................................................
ഇപ്പോൾഎല്ലാം മനസ്സിലാകുന്നു
വഴിപാടുകൾ പൊട്ടിത്തെറിക്കുന്നു
നിവേദ്യത്തിന് തീപിടിക്കുന്നു
പ്രാർത്ഥിച്ചവർ കത്തിപ്പോകുന്നു
വിസ്ഫോടനത്തിൽ
കോവിലിന് അംഗഭംഗം .
ഉത്സവം നിലവിളിയിൽ
അവസാനിക്കുന്നു
എങ്ങും വേദന,
എങ്ങും നിലവിളി
പക്ഷേ
വിഗ്രഹത്തിനു മാത്രം
ഒന്നും സംഭവിക്കുന്നില്ല
ഒന്നും .

- മുനീർ അഗ്രഗാമി

അഗ്നി

അഗ്നി പിശാചാകുന്നു
വെടിക്കോപ്പുകളിൽ
അതിനെ അടച്ചു വെക്കുമ്പോൾ

തൃശൂരിൽ

തൃശൂരിൽ
.....................
മീനപ്പകലിൽ
തൃശൂരിൽ മഴയുടെ പൂരം
വേനലിൻ നെഞ്ചിൽ കുടമാറ്റം
കൊമ്പൻ മരങ്ങൾ
ഇലച്ചെവികളാട്ടുന്നു
അതു കണ്ടു നിൽക്കാൻ
ഒരിളവെയിൽ പോലും വന്നില്ല
വന്നില്ല.



-മുനീർ അഗ്രഗാമി

ഞാൻ സസ്യഭുക്കാണ്

ഞാൻ സസ്യഭുക്കാണ്
......................................
എനിക്കിപ്പോൾ സങ്കടങ്ങളില്ല
എന്തിനെൻ്റെ കഴുത്തറുത്തെന്ന്
ചെഞ്ചീരകൾ ചോദിച്ചില്ലല്ലോ
എന്തിനെന്നെ കൊന്നു കെട്ടിത്തൂക്കിയെന്ന്
കണി വെള്ളരികൾ ചോദിച്ചില്ലല്ലോ
മുലകുടി മാറാത്ത എൻ്റെ കഞ്ഞുങ്ങളെ
പറിച്ചെടുത്തതെന്തിനെന്നു
വരിക്കപ്ലാവു ചോദിച്ചില്ലല്ലോ
എന്തിനെൻ്റെ കൈ വെട്ടിയെന്ന്
മുരിങ്ങാമരം ചോദിച്ചില്ലല്ലോ

ചെടികൾക്ക്‌ ജീവനുണ്ടെന്ന്
എനിക്കറിയാം
കാരണം
ഞാൻ ഭാരതീയനാണ്
എനിക്കിപ്പോൾ സങ്കടങ്ങളില്ല
കാരണം ഞാൻ സസ്യഭുക്കാണ്
പക്ഷേ
എനിക്കിപ്പോൾ
സിംഹത്തെ പോലെ
പല്ലും നഖവും വളർന്നിരിക്കുന്നു
എന്നാലും എനിക്ക് സങ്കടമില്ല
കാരണം ഞാൻ സസ്യ ഭുക്കാണല്ലോ!
-മുനീർ അഗ്രഗാമി

അർത്ഥം

അർത്ഥം
..............
കെട്ടുപോയ വാക്കിൻ കനൽ
ഊതി യൂതി കത്തിക്കുന്നു
അടുപ്പിനൊപ്പമവൾ
അവൻ പേടിച്ചപോൽ
അടുക്കള കത്തിയില്ല
വീട്ടിൽ നിന്നൊരു വെളിച്ചം
നാട്ടിലിറങ്ങുന്നതവൻ കണ്ടു
അതിലവനവനെ ശരിക്കു കണ്ടു
വാക്കുകൾ
സൂര്യനെന്നവനറിഞ്ഞു;
കെട്ടുപോകാതിരിക്കാൻ
അവളുടെ വാക്കിന്
അവൻ കാവലിരുന്നു
അവരുടെ ജീവിതത്തിനും
അവർക്കും
അങ്ങനെ
അർത്ഥമുണ്ടായി.
-മുനീർ അഗ്രഗാമി

പക്ഷം, മറുപക്ഷം

പക്ഷം,
മറുപക്ഷം
............................
വെട്ടിൻ്റെ പാടുകളിൽ
ശക്തി പോയി
രക്തച്ചുവപ്പു വറ്റി
കറുത്ത്
ഒരു പക്ഷം.

സോളാറിൻ്റെ അതിവെളിച്ചത്തിൽ
വിളറി
നിറം പോയി
ജയിലഴികളിൽ കുടുങ്ങി
തകർന്ന്
മറുപക്ഷം
ഉടലിൽ മറ്റേതൊക്കെയോ
ചിഹ്നങ്ങൾ പച്ചകുത്തി
നോവിപ്പിക്കുന്നു,
ഉറുമ്പുകൾ
പാവം കിളി,
കറുത്ത പക്ഷമോ
വെളുത്ത പക്ഷമോ
നല്ലതെന്നറിയാത്ത
ചന്ദ്രനെ പോലെ
വട്ടം ചുറ്റുന്നു.
പറക്കാനാവാതെ
ഇഴഞ്ഞ്.
ശയന പ്രദക്ഷിണം പോൽ
ഇഴഞ്ഞിഴഞ്ഞ്
'കേ ' എന്നു കരഞ്ഞും
'ര 'എന്നു നിരങ്ങിയും
'ളം ' എന്നു വീണു നിലംപൊത്തിയും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മുനീർ അഗ്രഗാമി

കള്ളൻ

കള്ളൻ
.............
രാത്രിക്കൊപ്പം നടന്നു
അറിയാതെ
വഴി തെറ്റി
പുലരിയിൽ വീണു;
വെളിച്ചമവനെ
പിടിച്ചു കൊണ്ടു പോയി.



-മുനീർ അഗ്രഗാമി

വേനലൊരച്ഛനല്ലോ

വേനലൊരച്ഛനല്ലോ
.................................
പാലുകുടിക്കുന്നു
കുഞ്ഞു ചക്കകൾ;
ക്രൂരനെങ്കിലും
വേനലൊരച്ഛനല്ലോ !



-മുനീർ അഗ്രഗാമി

വിളി കേട്ടവൾ


വിളി കേട്ടവൾ
..........................
"മോളേ എന്ന വിളിയിൽ
അവനൊപ്പം നടന്നതാണ്
എൻ്റെ ആത്മാവ്.

എത്ര വട്ടം തിരിച്ചുവിളിച്ചിട്ടും
അവനൊപ്പമല്ലാതെ
അതു വീട്ടിൽ കയറുന്നില്ല"
--
മുനീർ അഗ്രഗാമി

എല്ലാവരും വായിക്കുന്ന ഒരു കവിത

എല്ലാവരും വായിക്കുന്ന
ഒരു കവിത
.................................
എല്ലാവരും വായിക്കുന്ന
ഒരു കവിതയുണ്ട്
നിരക്ഷരനു പോലും
രാസാനുഭൂതി പകരുന്ന ഒന്ന്.


ചിലർ അത് വായിച്ച്
വേഗം മടക്കി വെക്കുന്നു
ചിലർ തുറന്നു വെച്ച് ഉറങ്ങിപ്പോകുന്നു
ചിലർ ഉറക്കമില്ലാതെ
വായിച്ചു തീരാതെ
ഭാഷ മതിയാവാതെ
നേരം തികയാതെ
വരികളിൽ കുടുങ്ങിപ്പോകുന്നു


അതിൻ്റെ ഭാഷ
ഓരോരുത്തരുടേയും ഭാഷയാണ്.
അതിൻ്റെ ലിപി
ഓരോരുത്തരുടേയും ലിപിയാണ്
ഞാൻ ഒരു പൂവ് നിനക്കു തരുമ്പോൾ
നാമതു വായിക്കുകയാണ്
പൂവതിൻ്റെ അർത്ഥമാണ്.
നീയെന്നെ ചുംബിക്കുമ്പോൾ
ഒരു വാക്ക് മറ്റൊരു വാക്കിനോട്
സന്ധിക്കുകയാണ്
 

 നാം കടലു കാണുമ്പോൾ
തിരകളിൽ അടുത്ത ഖണ്ഡിക തുടങ്ങുന്നു
നമ്മുടെ വിരലുകളിൽ
ഒരു വരിയുടെ അർത്ഥം വിടരുന്നു
ശീതരാത്രികളിൽ നിന്ന്
അതിൻ്റെ അർത്ഥം
ഗ്രീഷ്മത്തിലേക്ക് പറന്നു പോകുന്ന 

ദേശാടനപ്പക്ഷിയാണ്
 

 എല്ലാം വറ്റിപ്പോകുമ്പോൾ
കൊന്നയായ് ചിരിയുടുത്ത്
നിന്നെ പോലെ
എൻ്റെ കണ്ണീരൊപ്പുന്നു
ഒറ്റയ്ക്ക് അത് വായിക്കുന്നവരുടെ
ഒച്ചയിൽ
കരിയിലകൾ കാറ്റിനൊപ്പം നടക്കുന്നു


അതിൻ്റെ പേര്
മഴവരുമ്പോൾ കൊണ്ടുവരും
മണ്ണിൻ്റെ ദാഹം ശമിക്കുമ്പോൾ
നമുക്കുമത് മനസ്സിലാകും
പേരിനും ജാതിക്കും മതത്തിനും
വർണ്ണത്തിനും മുകളിലൂടെ
അതിൻ്റെ വരികൾ ദേശാടനം നടത്തുന്നു;

ദേശാടനം നടത്തുന്നു .

  ..... ...മുനീർ അഗ്രഗാമി

സൂചനകളുടെ ഇതളുകൾ

സൂചനകളുടെ
ഇതളുകൾ
..................
സൂചനകളുടെ
ഇതളുകൾ വിടർന്നു തീരാത്ത
ഒരു പൂവിൽ
ഞാനിരിക്കുന്നു
പ്രണയാർദ്രനായി
മഞ്ഞു തുള്ളിപോൽ.

എന്നെ കാണുന്ന
പ്രഭാതവും
വെളിച്ചവും
നീ തന്നെ
നീ തന്നെ!
-മുനീർ അഗ്രഗാമി

വേനൽ തോൽക്കുന്നു


വേനൽ തോൽക്കുന്നു
....................................
ആരുമറിയാത്ത
ഒരു തണുത്ത കാറ്റിൽ
ഓർമ്മയുടെ
ഇലകളിളകുന്നു.
അത്രമാത്രം;
തോറ്റു പോയല്ലോ നീ
വേനലേ!

-മുനീർ അഗ്രഗാമി

ഈ വിമാനത്തിലിരുന്ന്

ഈ വിമാനത്തിലിരുന്ന്.
.....................
ഇടതുപക്ഷവും
വലതുപക്ഷവും തളർന്ന്
നിലം പറ്റിക്കിടക്കുന്നു
ശാരിക ( നിൻറെ പച്ചത്തത്ത)

നീയറിയാതെ
ഞാനതിനെ
കേരളമെന്നു വിളിക്കുന്നു പ്രിയേ,
വിളിക്കുന്നു
ഈ വിമാനത്തിലിരുന്ന്.


-മുനീർ അഗ്രഗാമി

പ് ലാവിനെ ഓർത്തു കരയുന്നു

 പ് ലാവിനെ ഓർത്തു കരയുന്നു
 ........................................

നോവൽ മുറിച്ച്
നാടകമുണ്ടാക്കിയിരിക്കുന്നു
പ് ലാവ് മുറിച്ച്
അലമാരയുണ്ടാക്കിയ പോലെ
അതു കൊണ്ട്
കാണിയായ ഞാൻ
വായനക്കാരനായ ഞാൻ
അലമാരയുടെ അത്ഭുതം കയ്യടിക്കുമ്പോഴും
പ് ലാവിനെ ഓർത്തു കരയുന്നു


-മുനീർ അഗ്രഗാമി

മഹായുദ്ധം

മഹായുദ്ധം
..............................
മീനരാവിൻ്റെകുരുക്ഷേത്രത്തിൽ
മഹായുദ്ധം നടക്കുന്നുണ്ട്
പുലരുമ്പോഴേക്കും
തണുപ്പ് ജയിച്ചിരിക്കും
പക്ഷേ
വിജയമാഘോഷിക്കാൻ
ഒരു മഞ്ഞുതുള്ളി പോലുമുണ്ടാവില്ല

- muneer agragaami

അവിശുദ്ധൻ

അവിശുദ്ധൻ
.........................
വെളുക്കുവാനറിയാത്ത
നേരത്തിൻ്റെ മുടിയിൽ
വിരലോടിച്ചൊരു
രാത്രി കടക്കുന്നു ,അവിശുദ്ധൻ

വാഴ് വിൻ നിറങ്ങളി ലവൻ
കണ്ട മഴവില്ലിൻ ചുണ്ടിൽ
അവശയായിതുപോലൊരു നേരവും
ചിരിക്കുവാൻ ശ്രമിച്ചില്ല
പുലരിയവനോടു ചിരിച്ചിട്ടും ചിരിച്ചില്ലവൻ;
രാത്രിക്കറുപ്പിൽ
ലയിച്ചു ചേർന്ന േനരമോർത്തവൻ
കൂടുതൽ
അവിശുദ്ധനായി
പാതിരയും പാതിരിയുമറിയാ നേരം
തേങ്ങലിനൊപ്പം
വാച്ചു പോൽ
അവൻ്റെ കൈത്തണ്ടയിൽ
പിടിക്കും
അന്നേരം അവൻ്റേതായ നേരം
അവൻ്റെ വിയർപ്പുതുള്ളിയിൽ
വിളയുമന്നം
ആ നേരം രുചിക്കും
ഇല്ല
ഒരു കുമ്പസാരക്കൂടുമവനെ
വഴിതെറ്റിക്കി ല്ല

- മുനീർ അഗ്രഗാമി

കാത്തിരിക്കുന്നവൾ

കാത്തിരിക്കുന്നവൾ
.................. ................
ഇടവഴിയിലെ തണുപ്പിലുടെ
ഒറവു വെള്ളത്തിൽ
കാലു നനച്ച് കയറി വന്നവൻ
നാടുവിട്ടിട്ട് നാലു വർഷമായി

ആഴവും ആർദ്രതയും നിറഞ്ഞ്
ചുവന്നു കവിളുപോലെ
കിടന്ന വഴിയിപ്പോൾ
കറുത്ത്
തടിച്ച്
പരന്നു പൊള്ളുന്നു.
ശരീരം വികസിക്കുന്ന
അസുഖമുള്ള രോഗിയെ പോൽ!
അവനിനി തിരിച്ചു വരാതിരിക്കുമോ?
അവന്നുള്ളിലെ കുളിരു
തീരാതിരിക്കുവാൻ !

-മുനീർ അഗ്രഗാമി

..

എനിക്കൊരു നേതാവിനെ വേണം

എനിക്കൊരു നേതാവിനെ വേണം;
കൂട്ടില്ലാതാവുമ്പോഴും
കൂടെ നടക്കുന്നവൻ;
ഏപ്പോഴും ഒരടി മുന്നിലാകുന്നവൻ
മുന്നോട്ട് എന്നെ കൈ പിടിച്ച് വലിക്കുന്നവൻ
ഉള്ളിലെ വെളിച്ചം
മുഖത്തുദിച്ചവൻ

എനിക്കൊരു നേതാവിനെ വേണം
കൊടി വെച്ച കാറിൽ പോയാലും
കൊടിക്ക് നനയ്ക്കുന്നവൻ
ദൂരെയായാലും അടുത്തുണ്ടെന്നു തോന്നുന്നവൻ
കുന്നും വയലും കണ്ടു നടന്ന്
മരത്തണലിൽ വിശ്രമിക്കാനറിയുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ഇടവപ്പാതിയുടെയും
ഇടവഴിയുടെയും കൂട്ടുകാരൻ
മുക്കുറ്റിയുടെയും മുരിങ്ങയുടെയും
കഴിവു കൊണ്ട് രോഗം മാറ്റുന്നവൻ
മണ്ണിൽ നിന്ന്
ആകാശത്തെ കുറിച്ച്
സംസാരിക്കുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജീവനുള്ളതിനാൽ ജീവിക്കുന്നവൻ
മനുഷ്യനായതിനാൽ
മനുഷ്യനാകുന്നവൻ!
മലയാളിയായതിനാൽ
മലയാള മറിയുന്നവൻ
മനസ്സുള്ളതിനാൽ
മനസ്സിലാവുന്നവൻ
എനിക്കൊരു നേതാവിനെ വേണം
പിന്നിൽ ഞാനുണ്ടെന്ന്
എപ്പോഴും ഉറപ്പുവത്തുന്നവൻ
എനിക്കു പകരം ഞാനാകുന്നവൻ
എനിക്ക് വാക്കില്ലാ താകുമ്പോൾ
വാക്കാകുന്നവൻ
ചലനമില്ലാതാകുമ്പോൾ
എൻ്റെ ചലനമാകുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജനാധിപത്യം പുലരുവാൻ
എൻ്റെ മനസ്സാകുന്നവൻ
അമൂല്യമായ
എൻ്റെ വോട്ട് സൂക്ഷ്മതയോടെ ഏൽപിക്കാൻ
വിശുദ്ധിയുള്ളവൻ
ഏതു പെരുമഴയത്തു നിൽക്കുമ്പോഴും
കടയുമായ് വന്ന്
എന്നെ സംരക്ഷിക്കുന്നവൻ


-മുനീർ അഗ്രഗാമി

ഫൂളാകുന്നവർ

ഫൂളാകുന്നവർ
.......
(ഏപ്രിൽ ഒന്നിന് എഴുതിയ രാഷ്ട്രീയ കവിത.
വായിച്ച് വിഡ്ഢിയാവുകയോ ബുദ്ധിമാനാകുകയോ ചെയ്യാം)
..................................................
അറുപതു കഴിഞ്ഞ ഒരാൾക്കും
ഞങ്ങൾ വോട്ടു കൊടുക്കില്ല
എന്തുകൊണ്ടെന്നാൽ
അർ '.അത്തും പിത്തും പറയുന്നത്
പുറത്താരും കേൾക്കേണ്ടല്ലോ!
കാലുമാറുന്നവർക്കും കാലുവാരുന്നവർക്കും
ഞങ്ങൾ വോട്ടു ചെയ്യില്ല
എന്തുകൊണ്ടെന്നാൽ
മറ്റൊരാളുടെ കാലിൽ നടക്കുന്നത്
ഞങ്ങൾക്കിഷ്ടമല്ലല്ലോ

ഞങ്ങളെ പോലെ ജീവിക്കാത്ത നേതാവിന്
ഞങ്ങൾ വോട്ടു കൊടുക്കില്ല
എന്തെന്നാൽ അവർ അവരെ പോലെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല്ലലോ
മുമ്പ് കൊണ്ടുപോയ വോട്ടുകൾക്കൊന്നും
നന്ദി പറയാൻ തിരിച്ചെത്താത്ത
ഒരാൾക്കും ഞങ്ങൾ വോട്ടു ചെയ്യില്ല
എന്തെന്നാൽ ഞങ്ങളുടെ പേരും ഊരും
അവർക്ക് ഓർമ്മയില്ലല്ലോ
ഏപ്രിൽ ഒന്നിന്, വിഡ്ഢി ദിനം
ഞങ്ങൾ ആഘോഷിക്കാറില്ല
എന്തുകൊണ്ടെന്നാൽ
ഞങ്ങൾ എല്ലാ ദിവസവും വിഡ്ഢിയായിത്തീരുന്നവരല്ലോ
പക്ഷേ അഞ്ചു വർഷത്തിലൊരിക്കൽ
ബുദ്ധിമാൻമാരുടെ ഒരു ദിനം വരും
എന്തുകൊണ്ടെന്നാൽ
അന്ന് ബുദ്ധിയുണ്ടാകാനാണല്ലോ
മറ്റെല്ലാ ദിവസവും ഞങ്ങൾ
വിഡ്ഢികളാവുന്നത് .


-മുനീർ അഗ്രഗാമി

അത് അവരെ നോക്കി കിതയ്ക്കുന്നു

അത് അവരെ നോക്കി കിതയ്ക്കുന്നു
...................................
ഓർമ്മകളിൽ കയറിപ്പോയ
വണ്ടിയിൽ നിന്നും അവളിറങ്ങുന്നു
അവൻ ഒരു ബസ്സ്റ്റോപ്പായി
തരിച്ചുനിൽക്കുന്നു

ഒരു വലിയ മഴ പെയ്യുന്നു
പാരലൽ കോളജിനും
അവനുമിടയിൽ നിന്ന്
പ്രണയം കൈ നീട്ടുന്നു


ഓർമയുടെ വണ്ടി നിർത്തുന്നു
ടയർ ചെളിയിൽ പുതഞ്ഞ്
മുന്നോട്ടു പോകാനാകാതെ
അത് അവരെ നോക്കി കിതയ്ക്കുന്നു

-മുനീർ അഗ്രഗാമി

ഓർമ്മയുടെ ഇതിഹാസം

ഓർമ്മയുടെ ഇതിഹാസം
.........................................
ഓർമ്മയുടെ ഇതിഹാസം വായിക്കുകയായിരുന്നു
ഞാൻ
നായകൻ
ഏതോ സങ്കടത്തിരയിൽ നനഞ്ഞ് കടൽത്തീരത്ത്
സ്വന്തം ദർശനമെഴുതി
ഇരിക്കുകയായിരുന്നു
ജന്മാന്തരങ്ങളുടെ സ്വപ്നക്ഷതങ്ങളുടെ പടുകളിൽ
അലഞ്ഞു തളർന്ന്
വീണു കിട്ടിയ വാക്കുകൾ കൊണ്ട്
കടലുണ്ടാക്കുകയായിരുന്നു ഞാൻ
കാറ്റ് അടുത്ത് വന്നിരുന്നു
ഓരോ കഥ പറയാൻ തുടങ്ങി
തിരയിൽ നിന്ന് തെറിച്ച തുള്ളിയിൽ എൻ്റെ
പൂർവ്വജന്മം നീന്തിയതിൻ്റെ ഓർമ്മ വായിച്ചത്,
ജലം മുറിച്ച് നടന്ന പ്രവാചകൻ്റെ വഴിയിൽ വീശി നിന്നത്,
താടിയും മുടിയും നീട്ടിയ
മെലിഞ്ഞ മനുഷ്യൻ്റെ കൂടെ
കരിമ്പനകൾക്കിടയിലൂടെ
ചെതലിമല കയറിയത് ,
ഒറ്റപ്പെട്ട ഗ്രാമത്തിൽ
വിശ്രാന്തിയനുഭവിച്ച്
ചെവിയാട്ടുന്ന കുഞ്ഞു ചെടിയിൽ
ഊഞ്ഞാലാടുമ്പോൾ
കുഞ്ഞേ എന്ന് അറിയാതെ വിളിച്ചു പോയത് ...
ആരും എഴുതാത്ത കഥകളിൽ നിന്ന്
പിടഞ്ഞെഴുന്നേറ്റ്
ഓർമ്മകളുടെ ഇതിഹാസത്തിൽ
കഥാപാത്രങ്ങൾ
നിറഞ്ഞു കൊണ്ടിരുന്നു
ഞാൻ
ഓരോ വരിയിലും
ഒരു ഗാലക്സി കണ്ടു
ഓരോ വാക്കിലും
ഒരു താരകം കണ്ടു
അതിൻ്റെ വെളിച്ചത്തിൽ
കടൽ കരയിലേക്കു നോക്കി
കാറ്റ് കുതിച്ചു പാഞ്ഞു
എണ്ണമറ്റ നിലവിളികളിൽ
നിലവിട്ട മനസ്സുകൾ
മലയിറക്കം തുടങ്ങി
അവ പുഴകളായി;
കടൽ നിറഞ്ഞു തൂവി;
കല്പാന്തമായി.
ഒരാലിലയിൽ ഞാൻ
ഓർമ്മകൾ കടിച്ച്
പൊങ്ങിക്കിടന്നു
വായിച്ചു കൊണ്ടേയിരുന്നു
...........................................
മുനീർ അഗ്രഗാമി

ചെയ്ത വോട്ടുകൾ

ചെയ്ത വോട്ടുകൾ
..........................
ചെയ്ത വോട്ടുകൾ
എപ്പോൾ വേണമെങ്കിലും
തിരിച്ചെടുക്കാവുന്ന യന്ത്രത്തിലേ
ഞാൻ വോട്ടു ചെയ്യൂ

വെറുമൊരു ഞെക്കലല്ലത്
എൻ്റെ നാടിൻ്റെ
ഹൃദയമിടിപ്പിലൊന്നാണത്
പച്ചയും ചുവപ്പും കത്തിച്ചു കളിയല്ലത്
എൻ്റെ ജീവൻ്റെ നിറമാണത്
നിനക്കു തന്നാലും നീയതു
സൂക്ഷിക്കുവാനശക്തനെന്നെനിക്കു തോന്നുകിൽ
തിരിച്ചെടുക്കണം;
എൻ്റെ ഹൃദയമാണത് .


-മുനീർ അഗ്രഗാമി

മാവ്

മാവ്
.........
പൂക്കാത്ത മാവിൽ
ഒരു കാക്ക വന്നിരുന്നു;
പറന്നു പോയി;
തിരിച്ചു വന്ന് കൂടുണ്ടാക്കി;
കുഞ്ഞു കാക്കകൾ കരഞ്ഞു
അവയുടെ വായിൽ
രണ്ടിതളുകൾ.


മാവതുനോക്കി നിൽക്കെ
പകലു പോയി ;
രാത്രിയായി
അനിർവ്വചനീയമാമേതോ കാറ്റിൽ
ഇലകളെല്ലാം ചിറകുകളായി
വേരുകളെല്ലാം കാലുകളായി
രാത്രിയുടെ നിറം ഉടലിൽ പൂശി
മാവ്
ഭൂമിയുടെ ചെറു കൊമ്പിലിരുന്നു;

അറിയാതെ ഉടൽ പൂത്തുമലർന്നു
തിരുവാതിരക്കുളിരു കൊത്തിയെടുത്തു
കൂടുണ്ടാക്കി
ഹാ! ഹാ പുലരിയിൽ
പച്ച നിറത്തിലെത്രയെത്രമുട്ടകൾ !
വേനലിൻ ചൂടു പിടിച്ചെടുത്ത്
മാവ് അവ
വിരിയുവാനടയിരുന്നു

മാമ്പഴക്കാലം വന്നു
കുഞ്ഞുങ്ങൾക്ക് പാലുമായ്
ഒരു മഴ കാത്തു നിന്നു
രണ്ടിലച്ചിറകു വീശി
കുഞ്ഞുങ്ങൾ മുകളിലേക്ക് പറന്നു
മണ്ണിലല്ലാതെ കാലുകൾ
അവരെവിടെയും വെച്ചില്ല

മാവിനു ചുറ്റും കാക്കകൾ പറന്നു
രാത്രിയായി
മാവു പറഞ്ഞു ,
നിലാവേ നീയിതൊന്നും
ആരോടും പറയരുതേ!

-മുനീർ അഗ്രഗാമി

ഉയിർപ്പ്

ഉയിർപ്പ്
................
സ്നേഹിക്കുന്നവൻ ( ൾ )
എന്നും കുരിശു ചുമക്കുന്നു
ചുമന്നുകൊണ്ടുപോയത്
എല്ലാവരും കാണെ
ഏറ്റവും ഉയരത്തിൽ വെക്കുന്നു
പൊടിഞ്ഞ രക്തബിന്ദുക്കൾ
േറാസാപ്പൂവിതളുകളായ്
കൂടെ വരുന്നവർക്ക്
പരവതാനി വിരിക്കുന്നു

കുരിശിൽ കണ്ണടച്ച്
മലർന്നു കിടക്കുന്നു
ആണികൾ അവരടിച്ചു കയറ്റുന്നു
മൂന്നാണിപ്പഴുതിലൂടെ
അവശേഷിച്ച സ്നേഹവും
അവരൂറ്റിയെടുക്കുന്നു

വെയിലിൻ്റേയും കാറ്റിൻ്റേയും
സ്നേഹം മാത്രമറിഞ്ഞ്
മൂന്നുദിവസം അങ്ങനെ കിടക്കുന്നു
നിനക്കു വേണ്ടി ജീവിക്കാത്തവനേ
നിന്നെയെനിക്കു വേണ്ടെന്ന്
മരണവും മൊഴിയുന്നു
ഉയിർക്കുന്നു,
തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ
സെമിത്തേരിയിലിരിക്കുന്നു

ആരൊക്കെയോ
സ്നേഹ പ്പൂക്കളുമായ് വരുന്നു
പ്രണയ മൊഴികളുമായി
അടുത്തിരിക്കുന്നു
അവരുടെ കണ്ണുകളിലേക്കു നോക്കി
ഇങ്ങനെ പറഞ്ഞു:

പ്രിയരേ
അവരെപ്പോലെ
നിങ്ങളിൽ ഒറ്റുകാരുണ്ടെങ്കിൽ
തിരിച്ചു പോകുക
അവരെ പോലെ
നിങ്ങളിൽ മുറിവുകളിലൂടെ
സ്നേഹിക്കുന്നവരുണ്ടെങ്കിൽ
അകന്നു പോകുക

എന്തെന്നാൽ
ഏറ്റ പീഡകളിൽ നിന്ന്
ഞാൻ സ്നേഹം പഠിച്ചിരിക്കുന്നു.

-മുനീർ അഗ്രഗാമി
പുതു രാധാമാധവം 
 ............................
രാധേ
എൻ്റെ മുരളിക
കത്തിപ്പോയി
യമുന മരുഭൂമിയായി
വേനൽ
എൻ്റെ കാൽ വിരൽ നോക്കി
അമ്പെയ്യുന്നു
വേനൽ എന്നത്തേയും പോലെ
വെളുത്തും
ഞാൻ കറുത്തുമാണല്ലോ
അതു കൊണ്ട്
നീയെങ്കിലും രക്ഷപ്പെടുക



-മുനീർ അഗ്രഗാമി

മരിച്ചവർ

മരിച്ചവർ
..................
എത്ര മണ്ണിട്ടു മൂടിയാലും
അഗ്നിയിൽ ഒളിപ്പിച്ചാലും
മരിച്ചവൻ്റ ചിരിയും
പാട്ടും
തൊട്ടടുത്ത് നിന്ന്
ചുമലിൽ കൈവെയ്ക്കും


അവരുടെ നൃത്തവും നടനവും സംഭാഷണവും
തൊട്ടു മുന്നിൽ നിന്ന്
ചിരിച്ച് കൈ നീട്ടും
പോയെന്ന് എത്ര പറഞ്ഞാലും
പോവില്ലെന്നു പറഞ്ഞ് അവർ
കൂടെ നടക്കും
മരിച്ചവർ മരിച്ചിട്ടും വന്നിരിക്കുന്ന
ഒരു ചായക്കടയാണ് ഞാൻ

തിളച്ച സമോവറിൽ നിന്ന്
എൻ്റെ ഓർമ്മ അവർക്ക്
ചായയിട്ടു കൊടുക്കും
പത്രത്താളിൽ നിന്ന്
മുഖമുയർത്തി അവർ നോക്കും
പാടത്തെ കുറിച്ചും
ഫാഷിസത്തെ കുറിച്ചും വാ തോരാതെ സംസാരിക്കും

നോക്കൂ
മരിച്ചിട്ടും അവരുടെ നാവ്
ജീവിച്ചിരിക്കുന്നു
കളി പറഞ്ഞ്
കടങ്കഥ പറഞ്ഞ്
കഥ കഴിഞ്ഞ് പോയിട്ടും
അവർ ഭിത്തിയിലെ കുറിപ്പുകൾ വായിക്കുന്നു ,

നാടക പോസ്റ്റർ ,
കലണ്ടറിലെ വേലകൾ ,
പറ്റുകണക്കുകൾ ...

കഥ തീരാതെയവർ
ബെഞ്ചിലിരിക്കുന്നു
കടം പറഞ്ഞ് ചിലർ എണീറ്റു പോയവർ
തിരിച്ചു വന്നാലേ
ആ കടം തീരൂ

മരിച്ചവർ മരിച്ചവരെ പോലെയല്ല
അവർ ജീവിച്ചതിനെക്കാളും
നന്നായി
ജീവിക്കുന്നവരാണ്

അതു കൊണ്ടാണല്ലോ
നമ്മളിങ്ങനെ
ചായക്കട തുറന്നിരിക്കുന്നത്!
.................................
-മുനീർ അഗ്രഗാമി

കൊന്ന

കൊന്ന
..............
വെയിലിൽ വെട്ടിത്തിളങ്ങുന്ന
സ്വർണ്ണത്തു ലാസാണ്
കൊന്ന.

മഞ്ഞപ്പൂത്താലങ്ങളിൽ
പകലിനേയും രാവിനേയും
എടുത്ത് വെച്ച്
വേനൽ തൂക്കം നോക്കുന്നത്
അതിലാണ്
തൂക്കമൊപ്പിച്ച്
രാവും പകലും തുല്യമാകുവോളം
അത് തിരക്കിലാണ്

തുല്യമായാൽ
സൂര്യനതുബോധ്യപ്പെട്ടാൽ
പണി മതിയാക്കി
ഇതളുകൾ കൊഴിച്ച്
കാലത്തിനൊപ്പം അതു
നടന്നു പോകും

അപ്പോഴേക്കും
മുപ്പതു നാളുകൾ
കഴിഞ്ഞിട്ടുണ്ടാകും
വെയിൽ വിതറിയ
വേദനയിലെല്ലാം
അത് ചിരി കുടഞ്ഞിട്ടിട്ടുണ്ടാകും

അതു കാണുവാൻ
ഒരു മഴ മെല്ലെ
മേടമാളികയിറങ്ങി
വന്നിട്ടുണ്ടാകും.

-മുനീർ അഗ്രഗാമി
ഒരു തുള്ളി
(ഒരു ദളിത് കവിത )
...................
പകലിൽ ഒരു നായ
പുഴയുടെ എല്ല്
കുഴിച്ചെടുത്ത് രുചിക്കുന്നു:
രാത്രിയിൽ
ഒരു കുറുക്കൻ;
പകലിൽ ഒരു കിളി;
പല കിളി.

ചെന്നു നോക്കുമ്പോൾ
ഒരു കുഴിയിൽ
ഒരോർമ്മയുടെ നിലവിളി .
എല്ലു പോലും കിട്ടിയില്ല
എല്ലുന്തിയവന്.
ആരുടേയോ കടയിൽ
തൂക്കിയിട്ട കുപ്പിയിൽ നിന്ന്
നോക്കുന്നുണ്ട്
പണ്ടെൻ്റെ കാലിൽ ചുംബിച്ച
ഒരു തുള്ളി!
പണമുള്ളവനേ കുടിക്ക് !
എനിക്ക പ്രാപ്യമായ സ്നേഹമാണത് .

-മുനീർ അഗ്രഗാമി

ഒറ്റയാവൽ

ഒറ്റയാവൽ
.. ....... .............
ഒറ്റയാവുന്നു
മണ്ണു പോലെ.
എല്ലാ വരും പിരിഞ്ഞു പോയി
മഴത്തുള്ളികൾ,
മഞ്ഞ്
പൂവുകൾ,
പച്ചിലകൾ,
കരിയിലകൾ
ഒറ്റയായി പൊള്ളി നിൽക്കുന്നു
വെയിൽ നെഞ്ചിൽ ചവിട്ടി നിൽക്കുന്നു
സങ്കടം പൊടിമണ്ണു പോൽ
കാറ്റിൽ പുകഞ്ഞു കത്തുന്നു
എങ്കിലും
പോയവർ മനസ്സിലിട്ട വിത്തുകൾ
നനവു കാത്തു പിടയ്ക്കുന്നു
നെഞ്ചിലതിന്നൊച്ച ജീവനെടുത്തു വെക്കുന്നു
ഒരു മഴ വരും വരുമെന്നോർത്ത്
ഹൃദയംമിടിക്കുന്നു
മണ്ണു പോൽ
ഒറ്റയ്ക്ക്
ഒറ്റയാവുന്നു,
ഒരു തുള്ളിയിലൊരു സൂര്യനുമായ്
വരുമൊരാളെന്ന പ്രതീക്ഷയിൽ.
-മുനീർ അഗ്രഗാമി

പാട്ടു പോലെ

പാട്ടു പോലെ
....................
പ്രണയം വീണു കിട്ടിയ യക്ഷൻ
അതെവിടെയും വെക്കാനാവാതെ
പാട്ടു പോലെ പരക്കുന്നു
-മുനീർ അഗ്രഗാമി

കവിതയുടെ ദിവസം

കവിതയുടെ ദിവസം
...................................
വെളിച്ചത്തെ തല്ലിക്കൊന്നതിൽ
മനംനൊന്ത്
സൂര്യൻ മരിച്ചു വീണ പകലിൽ
കവിത മാത്രം പ്രകാശിക്കുന്നു

കലാലയങ്ങളിൽ,
ഹോസ്റ്റൽ മുറിയിൽ,
നാട്ടുവഴിയിൽ,
നഗര പാതയിൽ,
ആരാധനാലയത്തിൽ
ഇരുട്ടിൽ കുടുങ്ങിയവർ
കവിതയുടെ കൈ പിടിച്ച്
പുറത്തു കടക്കുന്നു
സ്വന്തം വെളിച്ചത്തിൽ
ഒരു ദിവസമുണ്ടാക്കുകയാണ്
കവിത .
ഒരു ദിവസം പോരെന്ന്
അതിനോട് പറയൂ
വെളിച്ചത്തിൻ്റെ തുള്ളികൾ
ദാഹം തീരുവോളം തരാൻ
അതിനോടു പറയൂ
ആരു പറയും?
നാവ് ഇരുട്ടിലലിഞ്ഞു പോകാത്ത
ഒരു കുട്ടി വന്നിട്ടുണ്ട് ;
രാജാവ് നഗ്നനാണെന്ന് പറഞ്ഞവൻ.
വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത ആ കഥയിൽ നിന്ന്
അവൻ കവിതയോടു പറയും:
അസ്തമിക്കാത്ത സൂര്യനേ...
എൻ്റെ വെളിച്ചമേ ...
എന്ന് .
ഈ ദിനത്തിൽ
വാക്കുകളെല്ലാം
വെളിച്ചം കൊണ്ടുണ്ടാക്കിയ കിളികൾ
മനുഷ്യരെ
ജീവിപ്പിക്കാൻ അതിനാവില്ലെങ്കിലും
മരത്തിൽ വന്നിരുന്ന്
മരത്തിനും
മനുഷ്യനു വേണ്ടി
അവ ശബ്ദിക്കും
മണ്ണിൻ്റെ ഭാഷയിൽ
മരത്തിൻ്റെ ഭാഷയിൽ
കിളിയുടെ ഭാഷയിൽ
മനുഷ്യൻ്റെ ഭാഷയിൽ .
എല്ലാ മരത്തിൽ നിന്നും
കിളികൾ പറന്ന്
ഒരു വലിയ കൂട്ടമായ്
വലിയ വെളിച്ചമായ്
പുതിയ സൂര്യനായ്
കവിതയായ്
ഭൂമി പ്രകാശിപ്പിച്ച്,
നിർത്താതെ ഉദിക്കും


-മുനീർ അഗ്രഗാമി
ജലം
(വേനലിന് സമർപ്പിച്ച കവിത )
.......
ജലം കോശങ്ങളിൽ രഹസ്യമെഴുതുമ്പോൾ
ജീവനുണ്ടാകുന്നു
അമീബയിൽ, അരളിപ്പൂവിൽ,
മാൻ പേടയിൽ, മയിലിൽ
മണ്ണിൽ മനുഷ്യനിൽ
കവിത പോൽ ജലം
രഹസ്യമെഴുതുന്നു
ജലരസധ്വനിയായ്
അതിൽ ചലനമുണ്ടാകുന്നു
രസരഹസ്യമായ്
സൗന്ദര്യമുണ്ടാകുന്നു
ജലം മനസ്സു കവിഞ്ഞൊഴുകുമ്പോൾ
കവിയാകുന്നു
മേഘമതിൻ്റെ തല
മഴയതിൻ്റെ വിരലുകൾ
മഞ്ഞു തുള്ളിയതിൻ്റെ കണ്ണുകൾ
തടാകമതിൻ്റെ വായ
ജലം രഹസ്യമെഴുതുമ്പോൾ
ജീവികളക്ഷരമാ യിളകന്നു
കാറ്റും വെളിച്ചവുമതു വായിക്കുന്നു
ഒരോ വായനയും
ഒരോ ജീവിതമായ്
പരസ്യമാകുന്നു
---മുനീർ അഗ്രഗാമി

കാലം

കാലം
............
കാലം ,സാഹിത്യത്തിൽ
സിനിമയിൽ
ചിത്രത്തിൽ കിടന്നുറങ്ങുന്നു
നല്ല വായനക്കാരൻ
വന്നു വിളിക്കുമ്പോൾ
കാലമെഴുന്നേറ്റ്
അയാളോട് കഥ പറയുന്നു

വരികൾ പുതപ്പു കളാണ്
വാക്കുകൾ അതിലെ പുള്ളികളും
മാദ്ധ്യമം കിടക്ക .
അവ വകഞ്ഞു മാറ്റിക്കൊണ്ടാണ് കാലമെഴുന്നേൽക്കുക .
അന്നേരം
മനക്കട്ടിയില്ലാത്തവനേ
നീ
പേടിച്ചു പോകരുത്!
എന്നെ ആരാണ് ഉറക്കി ക്കിടത്തിയതെന്ന് അതു ചോദിക്കാം;
നിനക്കുണർത്താൻ വേണ്ടിയെന്ന്
നീ മറുപടി പറയണം
താരാട്ടുപാടിയവർ മരിച്ചു പോയിട്ടുണ്ടാകും
കൃതികളിൽ ശരിക്കു കിടക്കാൻ പോലും
കാലത്തിന് സാധിച്ചിട്ടുണ്ടാവില്ല
അത്രയ്ക്ക് അസ്വസ്ഥമായി
ദു:സ്വപ്നങ്ങൾ കണ്ട്
അതു ഞെട്ടിയിരിക്കാം
നീ പശുവിനെ മേച്ചു നടക്കുന്നവനോ
കുതിരപ്പുറത്തു പോകുന്നവനോ
മാട്ടിറച്ചി തിന്നവനോ ആകാം
ആരായാലും ഉണർന്നു കഴിഞ്ഞാൽ
കാലംനിനക്കൊപ്പം വരും
കിടത്തിയവരേയും
ഉറക്കിയവരേയും വിട്ട്.
വായനക്കാരാ
ആസ്വാദകാ
അതു കൊണ്ട്
നിൻ്റെ വായനകളാണിപ്പോൾ
കാലത്തിൻ്റെ വാഹനം
വായിക്കുക
വായിക്കുക
അത്
എത്ര ഭീതി ജനകമാണെങ്കിലും
നിൻ്റെ അതിജീവനം കൂടിയാണ്
---മുനീർ അഗ്രഗാമി

'പൂമരം'

'പൂമരം'
..............
നിൻ്റെ വേദനകൾ ഒപ്പിയെടുക്കുന്ന
ഒപ്പുകടലാസാണ്
എൻ്റെ ചുണ്ടുകൾ
പൂക്കളില്ലാതിരുന്ന ചെടി
വരംകിട്ടി പൂക്കുമ്പോലെ
ഓരോ ഒപ്പലിലും
നിൻ്റെ സന്തോഷത്തിൻ്റെ
മൊട്ടു വിടരുന്നു
ഞാനപ്പോൾ തേൻ കുരുവിയായി
പൂമരത്തെ അറിയുന്നു
പൂമരത്തണലിൽ നമ്മുടെ സമയം
കോഴിക്കുഞ്ഞിനെ പോലെ
ചിക്കിപ്പെറുക്കുന്നു
കാലം പരുന്തിനെ പോലെ
ആകാശത്ത്
വട്ടംചുറ്റിപ്പറക്കുന്നു
---മുനീർ അഗ്രഗാമി

മധുരം

മധുരം
............
രാത്രിയുടെ ചായക്കപ്പിൽ
വേനലുരുക്കിയൊഴിച്ച
ഏകാന്തത.
അതിൽ
കുട്ടിക്കാലത്തിൻ്റെ
മധുരം ചേർത്തിളക്കി
ഉറക്കം വരാതെ കിടക്കുമ്പോൾ,
അതു കുടിച്ചു തുടങ്ങുമ്പോൾ
ഒരു വിയർപ്പുതുള്ളി അതിൽ വീണു കാണാതായ്!
മധുരത്തിൻ്റെ മധുരവും
കാണാതെയായ്.
നിൻ്റെ കണ്ണീർ തുള്ളി
എന്നെ തിരയുന്ന പോലെ
അതു നിന്നെ തിരഞ്ഞ്
ചുഴികളിൽ
നീന്തുകയാവും
ഒരു വേനൽമഴയിൽ വെച്ച്
അവ രണ്ടും കണ്ടുമുട്ടും
അപ്പോഴേ അതു കുടിച്ചു തീരൂ
---മുനീർ അഗ്രഗാമി

കാട്ടുതീ

കാട്ടുതീ
................
ശ്രീ രാമനെ പോലെ
തീ
കാട്ടിൽ പോയതാണോ?
സീതയെ പോലെ
കാട്
തീയിൽ ചാടിയ താണോ ?
അവർ സംശയിച്ചു നിന്നു
തർക്കത്തിലായി
ഉത്തരം നൽകേണ്ടവർ
ചൂതുകളിക്കുകയായിരുന്നു
അഗ്നി എല്ലാം നക്കിത്തിന്ന്
അവർക്കു നേരെ നാവു നീട്ടി
പുകയായി അവർ
ഉയരങ്ങളിലേക്ക് പോയി
ഓടി രക്ഷപ്പെട്ട
മാനും മയിലുകളും
തമ്മിൽ ചോദിച്ചു,
നമ്മുടെ രാജ്യം
ആരുടെ സ്നേഹം കൊണ്ടാണ് രക്ഷപ്പെടുക ?
ഒരു മഴ മാത്രം
അതിനുത്തരം പറഞ്ഞു.
---മുനീർ അഗ്രഗാമി

കറുപ്പ്

കറുപ്പ്
.............
എല്ലാ നിറങ്ങളും ലയിപ്പിക്കുന്ന
വലിയ നിറമാണ് രാത്രി
എൻ്റെയും നിൻ്റെയും നിറങ്ങൾ
അതിനുള്ളിലെ വിടെയോ
ആരുമറിയാതെ
ചേർന്നിരിക്കുന്നു
-
--മുനീർ അഗ്രഗാമി

മൂന്ന് റസിഡൻഷ്യൽ സ്കൂൾ കവിതകൾ

മൂന്ന് റസിഡൻഷ്യൽ സ്കൂൾ കവിതകൾ
..................................
I. കൊലപാതകം
എവിടെ നിന്നോ ഒരു നാടൻപാട്ട്
ഇഴഞ്ഞു വന്നു ;
ഒറ്റയടിക്ക്
പ്രിൻസിപ്പാൾ അതിനെ
കൊന്നുകളഞ്ഞു .

II. വളർച്ച
മഴയിൽ കുളിച്ച്
പ്രാർത്ഥിക്കാനായി നിന്ന മരങ്ങൾ
അസംബ്ലിയിലെ പ്രാർത്ഥന മനസ്സിലാവാതെ
സ്കൂൾ നോക്കി നിൽകെ
വളർന്നു വലുതായി
III.നഷ്ടപ്പെടൽ
നാട്ടിൽ
മതിൽക്കെട്ടിനകത്തെ
മറുനാട്ടിലേക്ക്
കുട്ടികൾ 'പാസ്പോർട്ട് 'എടുത്ത്
കയറിപ്പോയി.
പിന്നെ അവരാരും തിരിച്ചു വന്നതേയില്ല

--മുനീർ അഗ്രഗാമി

രണ്ടു ജല ബിന്ദുക്കൾ

രണ്ടു ജല ബിന്ദുക്കൾ
..........................
കടപ്പുറത്തിരുന്ന്
വാക്കുകളുടെ കടൽ മുറിച്ചു കടന്നു
നിൻ്റെ ഉടൽ തുഴഞ്ഞ്
ഇക്കരയ്ക്ക്
എൻ്റെ ഉടൽ തുഴഞ്ഞ്‌
അക്കരയ്ക്ക് .

എൻ്റെ ഉടൽ അക്കരയ്ക്ക്...
നിൻ്റെ ഉടൽ ഇക്കരയ്ക്ക് .....
എന്ന് ആനന്ദം
കളിവഞ്ചി തുഴയുന്നു
തിരയുടെ കവിളിൽ
പഴുത്തു പാകമായ സന്ധ്യയെ
തഴുകി
വഴി തെറ്റിയ കാറ്റ്.
തൊട്ടു തൊട്ടു നിന്ന്
നക്ഷത്രങ്ങൾ കൊറിക്കുന്ന ആകാശം
നാം രണ്ടു ജലബിന്ദുക്കൾ
അടുത്തടുത്തിരുന്ന്
പൊടി മണലിൽ അറിയാതെ പരക്കുന്നു
പേരറിയാത്ത
ഒരു യുദ്ധവിമാനത്തിൻ്റെ ഇരമ്പലിനൊപ്പം
രാത്രിയാകുന്നു
----മുനീർ അഗ്രഗാമി

അമ്പേൽക്കുമ്പോൾ

അമ്പേൽക്കുമ്പോൾ
..................................
രാജ്യസ് നേഹത്തിൽ കുളിച്ച്
ചിറകു കുടയുമ്പോഴാണ്
പക്ഷികളിലൊന്നിന്
അമ്പേറ്റത്

ചുറ്റും വേടൻ മാരായതിനാൽ
ദുഃഖമോ
ആ ദുഃഖത്തിൽ നിന്ന്
അവസാനകാവ്യം പിറക്കുമെന്നോ
വ്യാമോഹമില്ല
എങ്കിലും
പക്ഷിയെ ഓർത്ത്
ഒരു വേദന
അമ്പിനു പിന്നാലെ പായുന്നു
അമ്പിനെ അതു തകർക്കുമോ?
അമ്പതി നെ തകർക്കമോ ?
കുട്ടികൾ തർക്കിക്കുകയാണ്
തർക്കത്തിൽ നിന്ന്
ഒരു കഞ്ഞുറുമ്പെങ്കിലും
ഇറങ്ങിച്ചെന്ന്
വേടൻ്റെ കാലിൽ
കടിച്ചിരുന്നെങ്കിലെന്ന്
ആദികവിയെന്നു പേരില്ലാത്തവൻ
ഒരു മാത്ര
ആഗ്രഹിച്ചു പോയി
... ..............................
മുനീർ അഗ്രഗാമി

മഴപ്പയ്യ്

മഴപ്പയ്യ്
....:.. .:...
മേഞ്ഞു നടന്നു
ചൂടു തിന്നുന്ന മഴ
ഈ വഴി വന്നാൽ
പകലുകളേ
രാത്രികളേ
നിങ്ങളതിനെ
വേനലിന്നാലയിൽ
ഒന്നു പിടിച്ചുകെട്ടണേ
കുളിരു ചുരത്തുമതിനെ
പാടത്തും പറമ്പിലും
അഴിച്ചു കെട്ടുവാൻ
അശക്തനെങ്കിലും
കുറച്ചു നേരം കണ്ടു
മനസ്സു നിറയ്ക്കട്ടെ ഞാൻ

( മുനീർ അഗ്രഗാമി )

ഏകാന്തത

ഏകാന്തത
.....................
രാത്രിയോളം വലിയ ചഷകത്തിൽ
ഏകാന്തത കുടിച്ച്
രാത്രിക്കും പകലിനുമിടയിൽ
സന്ധ്യ പോലെ മങ്ങിയിരിക്കുന്നു ഞാൻ

കാറ്റ് എവിടെയാണ് പോയൊളിച്ചത്
ഒരിലച്ചിറകുവിടർത്തി
അതു തകർക്കാതെ.
മിന്നാമിനുങ്ങുകളുമെവിടെ പോയി ?
കുഞ്ഞു സൂര്യനാവാൻ
മിനക്കെടാതെ.
ഒരു മഴത്തുള്ളി
ഒരു മഞ്ഞുകണം
ഓർമ്മയുടെ പാദസരച്ചിരി
ഒന്നുമില്ല
വേനൽ വീണ്ടും ചഷകം നിറയ്ക്കുന്നു
ഞാൻ കുടിക്കുന്നു
വീടും കുടിക്കുന്നു
ഞാനും വീടും
അന്നേരമുണ്ടായ ഒരു ഭാഷയിൽ സംസാരിച്ച്
അല്പനേരം ഗുൽമോഹർ പോലെ
പുഷ്പിച്ച് നിൽക്കുന്നു
വീടിൻ്റെ കണ്ണു നനഞ്ഞു
എൻ്റെ തൊണ്ടയിടറി
വീട്ടിലെ ശൂന്യതയിൽ
വേനൽ മാത്രം വന്നു നിറഞ്ഞു
- മുനീർ അഗ്രഗാമി

വനിത

വനിത
...........
പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ
അവൾക്കേ അറിയൂ;
പുഴു മനുഷ്യനാകുമ്പോൾ.
അതു കൊണ്ടാവും
വർണ്ണച്ചിറകുകളിലെല്ലാം
അവളുടെ ചിത്രങ്ങൾ!


- മുനീർ അഗ്രഗാമി

രണ്ടു പേർ കിണറുകുഴിക്കുന്നു

രണ്ടു പേർ കിണറുകുഴിക്കുന്നു
************************
രണ്ടു പേർ കിണറുകുഴിക്കുന്നു
പാറപോലുള്ളതും പാറയും
കുഴിച്ചു പരിചയമുള്ള വർ
പ ടവുകളുണ്ടാക്കി ഇറങ്ങുകയാണവർ
വിഷമമെന്നും സങ്കടമെന്നുമാണവരുടെ പേരുകൾ

പണത്തിന് ആർത്തിയുള്ള
ഓട്ടോ ഡ്രൈവറെ പോലെ
വേദനിപ്പിച്ച് അവർ കുഴിക്കുന്നു
മനുഷ്യനാണെന്നോ
മനസ്സുണ്ടെന്നോ
മണ്ണാണെന്നോ
അവർക്കറിയാത്ത പോലെ
പടവുകളിൽ പല അടരുകൾ
അടരുകളിൽ പല നിറങ്ങൾ
മണ്ണെന്നോ മനസ്സെ ന്നോ
തിരിച്ചറിയാനാവാത്ത പോലെ
പാതി വഴിയിൽ അവരെ നനച്ച്
ഒരുറവ
തേങ്ങലിൻ്റെ തുടക്കമെന്ന പോലെ
വീണ്ടുമവർ കുഴിക്കുന്നു
ആഴത്തിലേക്ക് പടവുകളിറങ്ങുന്നു
ഉറവകൾ അവരെ വന്നു നോക്കുന്നു
തിരിച്ചു കയറും മുമ്പ്
ജലവിരലുകളിൽ എടുത്ത് എലികളെയെന്ന പോലെ
ആഴം അവരെ കൊന്നു കളഞ്ഞു
അവർ കുഴിച്ച ഇടത്തെ
അവർ എന്തു പേരായിരിക്കും വിളിച്ചത് ?
അതവർക്കേ അറിയൂ
..........................................
മുനീർ അഗ്രഗാമി

ഒരു തുള്ളി ഓർമ്മ

ഒരു തുള്ളി
ഓർമ്മ
................
വറ്റിപ്പോയ മഞ്ഞുതുള്ളി
ബാക്കി വെച്ച ചിരിയിൽ കുളിച്ച്
മനസ്സ് ഇപ്പോഴും
പ്രകാശിക്കുന്നു

നാടൻ പാട്ടിൻ്റെ ഇതളിൽ
മിന്നാമിനുങ്ങിൻ്റെ വെട്ടത്തിൽ
പളുങ്കമണിയായ്
അതിപ്പോഴും മിന്നുന്നുണ്ട്
ഒരു മിന്നലിൽ
സൂര്യനോളം വലുതായ
അതിൻ്റെ ചെറുപ്പം
ചെറുതായതേയില്ല
മനസ്സുനിറഞ്ഞിട്ടാവണം
കണ്ണിലൂടെ ഒരു തുള്ളി
ഓർമ്മ
പുറത്തുചാടി
ചൂടുണ്ടതിന്
തണുത്തിരിക്കുവാൻ കൊതിച്ച്
ഉള്ളു തപിച്ച് പൊള്ളിപ്പോയ
മഞ്ഞു തുള്ളി പോലെ
വറ്റുമ്പോഴാണ്
നിറഞ്ഞിരുന്നതിൻ്റെ ആഴം കണ്ട്
കണ്ണു നിറുയുക
.............................
മുനീർ അഗ്രഗാമി

ഒച്ച്


ഒച്ച്
......
ആഗ്രഹങ്ങളുടെ കല്ലുകളെടുത്ത്
അട്ടിയട്ടിയായി വെച്ച്
അതിന്നിടയിൽ സൂക്ഷ്മതയോടെ
സ്വപ്നങ്ങൾ കുഴച്ചു വെച്ച്
പണി തീർത്തതിനെ
വീടെന്നെങ്ങനെ വിളിക്കും?
ജീവിതത്തിൻ്റെ പുറന്തോടെന്നല്ലാതെ !
.................................
മുനീർ അഗ്രഗാമി

അവനൊപ്പമേ ഞാനുള്ളൂ

അവനൊപ്പമേ ഞാനുള്ളൂ
.............. .............. .............
ദ്രോഹമെന്നു കുറ്റപ്പെടുത്തുമ്പോൾ
സ്നേഹമാകുന്നവനൊപ്പമേ
ഞാനുള്ളൂ
അവൻ്റെ വാക്കുകളിൽ
സ്വപ്നങ്ങൾ പീഡനമേൽക്കുന്ന
തടവറ തുറക്കുവാനൊരു സൂത്രമുണ്ട്
വിലങ്ങു വെച്ച നാക്കിന് ചലിക്കുവാനൊരു പഴുതുണ്ട്

ഏതു സ്മൃതിയിലെസ്വർഗ്ഗം തന്നാലും
പുതു സ്വർഗ്ഗ മുണ്ടാക്കുവാൻ
മണ്ണിലിറങ്ങുന്നവന്നൊപ്പമേ
ഞാനുള്ളൂ
ഉണ്ടെന്നു തോന്നുവാൻ
ഉണർന്നെന്നു കാണുവാൻ
അവൻ്റെ വാക്കിൽ കയറിയിരുന്ന്
ഭൂതത്തിലേക്കും ഭാവിയിലേക്കും
യാത്ര പോകുവാൻ
അവനൊപ്പമേ ഞാനുള്ളൂ
അവൻ നടന്നു വരുമ്പോൾ
ഉണർന്ന്
അടിമുടി കോരിത്തരിച്ച്
സ്നേഹരാജ്യമാകുന്നു കലാലയം
പണവും പദവിയുംതന്ന് നിങ്ങളെത്ര വിളിച്ചാലും
നിങ്ങൾക്കൊപ്പം ഞാനില്ല
ജീവനുണ്ടെന്നു തെളിയിക്കുന്നവനൊപ്പം
പട്ടിണി കിടക്കാനും
പട നയിക്കാനുമേഞാനുള്ളൂ
മരിച്ചു കിടക്കുന്ന കലാലയങ്ങളെ
അവനൊപ്പം നടന്ന്
വിളിച്ചുണർത്തുവാൻ
വർഷങ്ങൾക്കു മുമ്പെ പ്പോഴോ
ഉറങ്ങിപ്പോയ നിങ്ങൾ
എത്ര വിളിച്ചാലും സാധിക്കില്ല
അതുകൊണ്ട്
അവനൊപ്പമേ ഞാനുള്ളൂ
......................... .മുനീർ അഗ്രഗാമി

സെൻ്റ് ഓഫ്

സെൻ്റ് ഓഫ്
.....................
ഇലകൊഴിഞ്ഞു നിൽക്കുന്ന മരങ്ങളായ്
ഞങ്ങളൊരു ശിശിരമുണ്ടാക്കുന്നു,
വസന്തം കഴിഞ്ഞതിൻ സങ്കടങ്ങൾ വീണു കിടക്കുന്ന ക്ലാസ്സിൽ
മാർച്ചിൻ്റെ മഹാസമുദ്രത്തിൽ
വെയിൽത്തിരകളിൽ
ഉരുകിയൊഴുകുന്ന
ഉഷ്ണ സമുദ്രത്തിൽ
നങ്കൂരമിട്ട പുതിയ കപ്പൽ
ഞങ്ങളെ കാത്തിരിക്കുന്നു
ഓർമ്മകളേ
ഞങ്ങളെ യാത്രയാക്കാൻ
നിങ്ങൾ മരത്തണലിൽ
വിറച്ചു നിൽക്കുന്നു
ഇടനാഴിയിൽ വിതുമ്പി നിൽക്കുന്നു
ഞങ്ങളെ നോക്കി നോക്കി
ഞങ്ങളുണ്ടാക്കിയ സന്തോഷങ്ങൾ
തേങ്ങി നിൽക്കുന്നു
കലാലയത്തിൻ്റെആത്മാവേ
കെട്ടിടങ്ങളേ
കെട്ടിടങ്ങളിലെ ചലനങ്ങളേ
പല കൈകളാൽ വാരിയ
ചോറ്റു പൊതികളേ
ചിരിച്ചു തുള്ളിയ നടപ്പാതകളേ
ഉറഞ്ഞാടിയ മൈതാനമേ
കൊഴിഞ്ഞ ഇലകളിൽ
നിങ്ങളുടെ ചിത്രങ്ങൾ
വരയ്ക്കുകയാണ്
സെൻ്റോഫ്‌
കൊഴിഞ്ഞു വീണ പൂക്കളിൽ
വാടിയ പ്രണയലേഖനങ്ങൾ
മരത്തടിയിൽ പച്ചകുത്തിയ
സ്വപ്നങ്ങൾ
േവരുകളിൽ പിടയ്ക്കുന്ന
ജീവജല ബിന്ദുക്കളായ് പിണക്കങ്ങളിലൂടെ ഒലിച്ചിറങ്ങിയ
നമ്മൾ
ക്ലാസിൽ നിന്നും
വിയർപ്പിൻ്റെ ഉപ്പു നിറഞ്ഞ ഒരു കാറ്റ്
പുറത്തേക്ക് പിടിച്ചു വലിക്കുന്നു
കാറ്റു പോകുവോളം
അതിനൊപ്പമാണിനി
കപ്പലിൽ കയറാതെ
തരമില്ല
സമയമാണതിൻ്റെ നാവികൻ
ഞങ്ങളിപ്പോൾ കാലുള്ള മരങ്ങളാണ്
മണൽത്തരികൾ
ഓരോ ദിവസങ്ങളാണ്
അതിലൂടെ ഞങ്ങൾ നടന്നു പോകുകയാണ്
പുതിയ തെഴുപ്പുകൾ പെയ്യുന്ന
മഴയിലേക്ക്
കപ്പലേ ഞങ്ങളെ കൊണ്ടു പോകൂ പോകൂ
......................................
മുനീർ അഗ്രഗാമി