പേടി
...........
പാർട്ടി മരിച്ചു പോകുമോ
എന്നു പേടിച്ച്
പാർട്ടിയുടെ കുട്ടിക്കാലം ഓർത്ത്
ആരുടേയോ ഒരു സഖാവ്
വൃദ്ധസദനത്തിൽ വെറുതെ ഇരിക്കുന്നു

പുറത്തു നടക്കുന്നതും
അകത്തു നടക്കുന്നതും
അയാൾ അറിയുന്നുണ്ട്

അയാളുടെ പേടിയിൽ
ആർക്കെങ്കിലും പേടിയുണ്ടോ 
എന്നയാൾക്കറിയില്ല
എങ്കിലും 
അയാൾ കരയുന്നു
അയാളും അയാളുടെ പേടിയും 
മാത്രമതറിയുന്നു

............................
മുനീർ അഗ്രഗാമി 

മേഘസന്ദേശം

മേഘസന്ദേശം
.........................
ഓരോ മേഘവും
ഓരോ വിരഹികളുടെ
സന്ദേശ ങ്ങളാണ്
അല്ലാതെങ്ങനെയാണവ
ഇത്രയും കണ്ണു നിറഞ്ഞ്
പെയ്യുക!


....................
മുനീർ അഗ്രഗാമി 

മഞ്ചാടിക്കവിതകൾ - 7 -നീ തന്ന ചുംബനങ്ങൾ

മഞ്ചാടിക്കവിതകൾ - 7 -


നീ തന്ന ചുംബനങ്ങൾ
ചേർത്തു വെച്ചെൻ്റെ
കണ്ണുകൾ നിറഞ്ഞു
നിന്നഭാവമെന്നെ
ശൂന്യമാക്കുമ്പോൾ

തടാകമാണ് രാത്രി

ഉറക്കിൻ്റെ തുളളികളിൽ 
ഉറങ്ങാതെകിടക്കുന്ന
തടാകമാണ് രാത്രി.

വെയിൽ ഒരു കിളിയാണ്

വെയിൽ ഒരു കിളിയാണ്
.......................... ....
വെയിൽ ഒരു കിളിയാണ്
കിഴക്കുനിന്നും പറന്നു വന്ന്
ജനൽ പാളിയുടെ വിടവിലൂടെ
അകത്ത് പറന്നിറങ്ങുമ്പോൾ
സൂര്യനെ നോക്കി
കുറച്ചു നേരം
ചിക്കിപ്പെറുക്കി നടക്കുമ്പോൾ
ഉച്ചതിരിയുവോളം
അവിടെയിരുന്ന്
നിശ്ശബ്ദമായ് ചിറകടിച്ച്
പടിഞ്ഞാട്ട് പറക്കുമ്പോൾ.
എൻ്റെ കൂട്ടിൽ
എൻ്റെ കിടക്കയിൽ,
പോയിക്കഴിഞ്ഞിട്ടും
അതു കിടന്നതിൻ്റെ ചൂട്
ചൂടാറുന്നതു വരെ
വിയോഗം ചിറകടിക്കുന്നു
എൻ്റെ കിടക്കയിൽ
എൻ്റെ മുറിയിൽ.
അതു നാളെ വരുവോളം ഞാൻ
ഇരുട്ടിൽ വെളുക്കുവാൻ ശ്രമിച്ച്
വെളുക്കുവോളം !
.........................മുനീർ അഗ്രഗാമി

മരിച്ചു പോകുന്നവർ

മരിച്ചു പോകുന്നവർ
അവരിൽ നിന്നേ പോകുന്നുള്ളൂ 
ആ യാത്രയ്ക്ക് 
അവരവരുടെ ശരീരം വാഹന മാക്കുന്നു എന്നേയുള്ളൂ
ആ വാഹനം ഉപേക്ഷിച്ച്
തിരിച്ചു വരാൻ
സ്നേഹിക്കുന്നവരുടെ
മനസ്സാണവർക്ക് വാഹനം
അതുകൊണ്ട്
അവർ തിരിച്ചു വന്നെന്നറിയിക്കുവാൻ
നമ്മളിൽ നിന്ന്
ഒരു പൂ പറിക്കുമ്പോൾ
കണ്ണീരു പൊടിയും
അവർക്ക് നീന്തിക്കുളിക്കുവാൻ!


..........................................മുനീർ അഗ്രഗാമി 

അതിർത്തി

അതിർത്തി
....................
ഇല്ല.
ഞാൻ വിചാരിച്ച പോലെ
അത്ര എളുപ്പം
അതിർത്തി മാഞ്ഞു പോവില്ല
ആരെയും ഗൗനിക്കാതെ
അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നും പടർന്നു കയറി
അതിർത്തി മൂടി വെച്ച പച്ചിലകൾ
ഒരു വെടിയൊച്ചയിലാണ് കരിഞ്ഞത്
കറുത്ത സങ്കടങ്ങളുടെ മുകളിലൂടെ
ഞാൻ നോക്കുമ്പോൾ
കരിഞ്ഞ പാടിൽ
ഒരു ചുവന്ന വര കനക്കുന്നു
മനുഷ്യ രക്തം അതിലൂടെ ഒഴുകുന്നു
അതിനടുത്ത്
ആഗ്രഹങ്ങൾ ഓരോന്നെടുത്തു വെച്ച്
കെട്ടിപ്പൊക്കിയ കോട്ടയിൽ
ആയുധം പിടിച്ച്
ഒരു ജവാൻ.
കോട്ടയ്ക്കടിയിൽ ഒരു രഹസ്യ വഴിയുണ്ട്
പിടിക്കപ്പെടുമെന്നു തോന്നുമ്പോൾ അയാളുടെ
കണ്ണീരിന് രക്ഷപ്പെടാനാണത്
ഭീകരരുടെ നുഴഞ്ഞുകയറ്റം
എത്ര തകർത്തിട്ടും
തകർക്കാനാവാത്ത മറ്റൊരു നുഴഞ്ഞുകയറ്റം അയാളിലുണ്ട്
അതൊരു പുഞ്ചിരിയാണ്
അയാളുടെ പുഞ്ചിരി സൂക്ഷിക്കുന്ന
മറ്റൊരു പുഞ്ചിരി
ഒരു വെടിയുണ്ടയോ ഷെല്ലോ
അയാളെ തകർക്കുമ്പോൾ
അയാൾ കയറി നിൽക്കുന്ന
ആ കോട്ടയും
ആ പുഞ്ചിരിയും ഇല്ലാ താകുന്നു
അതിർത്തിയിൽ കാവൽ നിൽക്കുന്ന
പട്ടാളക്കാരനെ കാത്തു നിൽക്കുന്ന
അയാളുടേതു മാത്രമായ
അതിർത്തിയില്ലാത്ത ഒരു രാജ്യം മാത്രം
അനാഥമാകുന്നു
രണത്തിലൂടെയോ
മരണത്തിലൂടെയോ
അതിർത്തി ഇല്ലാതാകുന്നില്ല
ഇല്ല
അതിർത്തി
മായുകയേ ഇല്ല.
വെടിയുണ്ടകൾ
അലിഞ്ഞ് സ്നേഹത്തുള്ളികളാകും വരെ 

..........................................................................മുനീർ ആഗ്രഗാമി 

മഞ്ചാടിക്കവിതകൾ --6- ചിറകടി

മഞ്ചാടിക്കവിതകൾ --6-
ചിറകടി
...............
പൂമ്പാറ്റ ഇന്നലകളെ
പുഴു വെന്നു വിളിക്കുമ്പോൾ
പുഴു നാളെയെ
വർണ്ണശബളമെന്നു
വിളിക്കുമ്പോൾ
ജീവിതം ചിറകടിക്കുന്നു

......................................മുനീർ അഗ്രഗാമി 

കണ്ണകി

കണ്ണകി
...................
ഓരോ സ്ത്രീയുടെ ഉള്ളിലും
ഒരു കണ്ണകിയുണ്ട്
സ്നേഹമുള്ളയാൾ 
കണ്ണേയെന്ന് വിളിക്കുമ്പോൾ
അവളിൽ നിന്ന് അവളിറങ്ങി വരും
ലോകമണ്ഡപത്തിൽ
തീക്കളിയിൽ
ജ്വാലാനൃത്തങ്ങളിൽ
പൊള്ളിയെത്തുമ്പോളവനു കുളിരുവാൻ അവളേ പെയ്യൂ
അവനിലൊന്നുമില്ലെന്നറിയുമ്പോൾ
അവനിയിൽ
അവനുയരുവാൻ,
അവനിലുമവളിലും
അവനുണ്ടാകുവാൻ
തൻ്റെ പവിഴച്ചിലമ്പു പോലുമവളഴിച്ചു കൊടുക്കും
ആരെങ്കിലും അവനെ അവിശ്വസിക്കുമ്പോൾ,
അവനെ ആട്ടിയകറ്റുമ്പോൾ
കണ്ണകി
അവളുടെയുളളിൽ നിന്നേ പുറത്തിറങ്ങൂ
രാജ്യമായാലും രാജാവായാലും
അവനെയില്ലാതാക്കിയാൽ
അവൻ്റെ വംശത്തിനന്നമേകാൻ വെച്ച അമൃതകുംഭം പറിച്ചെറിഞ്ഞ്
അഗ്നിയായവൾ
അവർക്കു മുകളിലൂടെ നൃത്തം ചെയ്യും
ഓരോ സ്ത്രീയും
അവൻ്റെ തിരിച്ചു വരവ്
കാത്തുകാത്തിരുന്ന്
കണ്ണകിയായിപ്പോകുകയാണ്
.....................................................
മുനീർ അഗ്രഗാമി
..

മഞ്ചാടിക്കവിതകൾ - 5 - ചൂടായൊരാൾ

മഞ്ചാടിക്കവിതകൾ - 5 -
ചൂടായൊരാൾ 
....................................
ചുറ്റിപ്പിടിച്ചടുത്തിരിക്കും തണുപ്പേ
ആരും കാണാതെയെനിക്കു
കുളിർ തന്നവളേ...
ഓടിക്കോ!
ചൂടായൊരാൾ 
എനിക്കു ചൂടുമായ് വരുന്നുണ്ട്!

.............................................
മുനീർ അഗ്രഗാമി 

ഒരേ മരത്തിൽ

ഒരേ മരത്തിൽ
........................
വേരുകാണാതെ 
ചിരിച്ചിളകുന്ന
പൂവുകളാണു നാം
ഒരേ യൂണിഫോമിൽ
ഒരേ മരത്തിൽ
തമ്മിലറിയാതെ തൊടാതെ
സെൽഫിയെടുത്തു കളിക്കുന്നു
മരത്തിൽ ഭാരതമെന്ന്
ഏതോ ഭ്രാന്തൻ 

പേരു കൊത്തിവെച്ചിരിക്കുന്നു!

..........................................................
മുനീർ അഗ്രഗാമി  

ആരുമില്ലാത്തൊരുച്ചയിൽ

ആരുമില്ലാത്തൊരുച്ചയിൽ
............................................
ആരുമില്ലാത്തൊരുച്ചയിൽ
മനസ്സിൻ്റെ പച്ചിലകളിൽ
ഓർമ്മത്തുമ്പികൾ
വന്നിരിക്കുന്നു
ഇളം കാറ്റുപോലെ
പുറത്തിറങ്ങിയ നിശ്വാസത്തിൽ
ഏതോ സങ്കട നിഴലുകൾ
ഒരിലഞ്ഞിപ്പൂവിനു കൈനീട്ടുന്നു
വയലിലൂടെ ഇളം വെയിൽ
പടിഞ്ഞാട്ട് നടന്നു പോകുന്നു
അതിൻ്റെ പിന്നാലെ
കൈതകൾ കാവലു നിൽക്കുന്ന തോട്ടിൽ നിന്ന്
അച്ഛൻ സങ്കടത്തിൽ കുളിച്ചു കയറി വരുന്നു
പാടം കണ്ട് മതിവരാത്ത തെങ്ങുകൾ
പച്ച മുടിത്തുമ്പിൽ
തത്തകളെ ഊഞ്ഞാലാട്ടുന്നു
അമ്മയുമമ്മായിയും അമ്മൂമ്മയും
മുറുക്കിച്ചുവന്ന്
കഥകളഴിക്കുമ്പോലെ
അവയുമെന്തോ പറഞ്ഞിരിക്കുന്നു
കുന്നിൻ ചരിവിൽ മയങ്ങി വീണ സന്ധ്യയെ എടുക്കാൻ
രാവോടിയെത്തുന്നു
അപ്പോൾ ചിങ്ങമാസത്തിൻ്റെ കണ്ണിൽ നിന്ന്
രണ്ടു മൂന്നു തുള്ളികൾ
ഇറ്റി വീണു
ഇലകളാകെ നനഞ്ഞു
തുമ്പികളുടെ കണ്ണുനിറഞ്ഞു
ഇരുൾ വന്നു മൂടുന്നു
പാവം മനസ്സിനിയെന്തു ചെയ്യും ?
നിറഞ്ഞു തൂവുകയല്ലാതെ ;
ഒരു രാത്രിമഴ പോലെ!
....................................................മുനീർ അഗ്രഗാമി

മഞ്ചാടിക്കവിതകൾ - 4 -അതിരാണ് പ്രണയം



അടുത്തടുത്ത് കിടക്കുന്ന 
രണ്ടു് രാജ്യമാണ് നാം
അതിനിടയിലെ
അതിരാണ് പ്രണയം
സ്വപ്നങ്ങൾ
പടർന്ന് പൂവിടുമ്പോൾ
അത് കാണാതാവുന്നു

പുതുവർഷം

പുതുവർഷം
.......................
രാജ്യസ്നേഹികളുടെ സ്വപ്നത്തിൽ നിന്ന്
പാകമാകും മുമ്പേ പറിച്ചെറിഞ്ഞ രാജ്യം
കാശ്മീരി ആപ്പിൾ പോലെ
പുതുവർഷത്തിലേക്ക്
ഉരുണ്ടുരുണ്ട് പോകുന്നു
കലാപം കൊണ്ട് വികൃതമായ ഭൂപടം പോലെ
ചതഞ്ഞും പോറിയും
അതിൻ്റെ പുറംതൊലി
പ്രതിമകളുടെ തെരുവിലൂടെ
തണുത്ത പ്രഭാതത്തിലൂടെ
അതുരുളുന്നു
ഗാന്ധിജിയുടെയും ബുദ്ധൻ്റെയും 
മിനുസമേറിയ പ്രതിമകളിൽ തട്ടിയപ്പോൾ
അകക്കാമ്പിൽ കുളിര്
കാഠിന്യമേറിയ പുതിയ പ്രിതിമകളിൽ തട്ടിയപ്പോൾ
ഉടലാകെ മുറിവ്
മുറിവിനുള്ള ഒറ്റമൂലിയുമായ്
കലപ്പയേന്തിയ ഗ്രാമീണൻ വരും
അവൻ്റെ കൂലി ചൂണ്ടുവിരലിൽ
ഒരു തുള്ളി മഷി
എന്നത്തേയും പോലെ ഉദിച്ച സൂര്യൻ
രാജ്യത്തെ നോക്കി
ചിരിച്ചു തുടങ്ങി
എന്നിട്ട് കലണ്ടറിലെ കറുത്ത അക്കങ്ങളോടു പറഞ്ഞു,
നോക്കൂ
വരും ദിനങ്ങളിൽ നിങ്ങളിലൂടെ
 ഫാഷിസ്റ്റുകൾ ഉരുട്ടിക്കളിക്കാൻ പോകുന്നപഴമിതാ...
സൈബർ സ്പേസിലെ
എല്ലുന്തിയ പഴം
ആപ്പിളെന്ന തോന്നലിൽ
ആപ്പിലായിപ്പോയ രാജ്യം!

..............................മുനീർ അഗ്രഗാമി

വർഷിച്ചതിൽ നിന്ന് വർഷിക്കാനുള്ളതിലേക്ക്

വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്

................................................
മഞ്ഞു കുതിരകൾ വലിക്കുന്ന രഥത്തിൽ
ഞാനും നീയും
ഡിസംബറിൽ നിന്ന് ജനുവരിയിലേക്ക് പോകന്നു
കാഴ്ചക്കാരുടെ ഭാഷയിൽ
ഒരു വർഷത്തിൽ നിന്ന്
മറ്റൊരു വർഷത്തിലേക്ക്
നമ്മുടെ ഭാഷയിൽ
വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്
കുളിരിൻ്റെ ചക്രങ്ങളിൽ
അറിയാതൊഴുകുമ്പോലെ
തൊട്ടു തൊട്ടിരുന്ന്
ഒഴുകിപ്പോകുന്നു
നമ്മുടെ നിശ്വാസത്തിൻ്റെ ചരിവിലെ
സമയത്തിൻ്റെ പഴയ പാളത്തിലൂടെ
കടന്നുപോയ തീവണ്ടിയിൽ
നമുക്കൊപ്പം നടന്നവരുടെ
കിതപ്പുകൾ
പൊട്ടിച്ചിരികൾ
കരച്ചിലുകൾ...
ആരോ കൊണ്ടു പോകുന്നു
മയക്കത്തിൽ നാമതു കേട്ട് ഞെട്ടിയുണരുന്നു
പാലം കടക്കുമ്പോലെ നാം
പാതിരയുടെ
ഒരു നിമിഷം കടക്കുന്നു
ഒരു മിടിപ്പിൽ നിന്ന്
മറ്റൊരു മിടിപ്പിലേക്ക് കുതിക് കുന്നു
നമുക്കൊപ്പം ചിലരുണ്ട്
സങ്കടം കൊണ്ട്
പുറത്തറിയിക്കാത്തവർ;
വേദനയേറുമ്പോൾ നീ മുടിത്തുമ്പി ലൊളിപ്പിച്ച രാത്രികൾ
വാടി വീഴാതിരിക്കാൻ
ഞാൻ മടിത്തട്ടിലൊളിപ്പിച്ച
പകലുകൾ...
ഉയിരൊന്നാകെ പൂവിടുന്ന
ചുംബന വസന്തങ്ങൾ
നാം തികച്ചും വന്യമായ
ഒരു യാത്രയിലാണ്
തണുപ്പിൻ്റെ ശീൽക്കാരങ്ങളിൽ
കാറ്റിൻ്റെ മോങ്ങലിൽ
കുടുങ്ങി പിടയുന്ന
പാതിരാ നിരത്തിൽ
ഒരു സ്പർശത്തിൻ്റെ സുരക്ഷയിൽ
ഒരു നിമിഷത്തിൻ്റെ
വന്യതയിൽ 


........................മുനീർ  അഗ്രഗാമി 

രണ്ടു തുളളികളായ്

മഞ്ചാടിക്കവിത - 2 -

തിരിച്ചൊഴുകുവാനാകാതെ
നാം 
രണ്ടു തുളളികളായ്
സമയപ്പുഴയിൽ 
പുതുവർഷമെന്ന ബിന്ദു കടക്കുന്നു
..............................മുനീർ  അഗ്രഗാമി 

മഞ്ചാടിക്കവിതകൾ - 1 -ഞാൻ

മഞ്ചാടിക്കവിതകൾ - 1 -ഞാൻ


ഇരുളിലലയവേ
നിൻ്റെ പ്രകാശത്തിൻ
പൊട്ടുകളുദിക്കുമാകാശം ഞാൻ
..................................................
മുനീർ അഗ്രഗാമി 

വിജയം

വിജയം
.............
എല്ലാവരോടും ചിരിക്കാൻ
കുഞ്ഞുപൂക്കൾ പഠിപ്പിച്ചു
എല്ലാവർക്കും വേണ്ടി ഉരുകാൻ
അച്ഛൻസൂര്യൻ പഠിപ്പിച്ചു
എല്ലാവരിലും നിറയാൻ
അമ്മ മഴ പഠിപ്പിച്ചു
എല്ലാർക്കും കൊടുക്കാൻ
മുത്തശ്ശിമാവു പഠിപ്പിച്ചു
പഠിച്ചതിൻ കണക്കെടുത്ത നാൾ
എഴുതുവാനാകാത്ത ഉത്തരങ്ങൾ
ഉള്ളിൽ നിറഞ്ഞ്
ഞാൻ വിജയിച്ചു.

..................................................................മുനീർ അഗ്രഗാമി 

കാണാതായി

കാണാതായി
.....................
പേര്
സ്നേഹക്കുന്ന്.
ഒത്ത ഉയരം
പച്ച നിറം
വലതു ഭാഗത്ത്
ആനപ്പാറയുണ്ട്
അതിനടുത്തൊരു കണിക്കൊന്ന
ഇടതു ഭാഗത്ത്
പച്ചപ്പാടം
ഇന്നലെ രാത്രി മുതൽ
കേരളത്തിൽ നിന്നും കാണാതായി
കണ്ടു കിട്ടുന്നവർ
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക
***
അന്വേഷണം
.......................
പരസ്യം കണ്ട് ആളുകൾ
വിളിയോടു വിളി.
കണ്ടതൊക്കെ
മറ്റേതോ കുന്നിൻ്റെ
എല്ലും മുള്ളും
മറ്റേതോ നാടിൻ്റെ
രക്തവും മജ്ജയും.
മറ്റേതോ കൊടുമുടിയുടെ
ചില മുടിയിഴകൾ ...
അന്വേഷണം തുടർന്നു
....
***
പുരോഗതി
....................
രണ്ടു മാസം കഴിഞ്ഞ്
വയലിൽ നിന്ന്
അതിൻ്റെ പെരുവിരൽ കിട്ടി
അഴുകിയിരുന്നു.
കേടായ ലോറിയിൽ നിന്ന്
മോതിരവിരൽ.
ഒരു കെട്ടിടത്തിനുള്ളിൽ
ഒളിപ്പിച്ച നിലയിൽ
ചെറുവിരൽ
അന്വേഷണം
അത്ര എളുപ്പം തീരില്ല
നാടായ നാടൊക്കെ
നിരത്തു വക്കിൽ നിന്ന്
ഏതൊക്കെ യോ വാഹനത്തിൽ നിന്ന്
അതിൻ്റെ നിലവിളി കേട്ടു പോലും !

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.....................മുനീർ അഗ്രഗാമി 

പ്രാത്ഥന പോൽ












നിൻ്റെ സങ്കടങ്ങളിൽ
വീണു കിടക്കുന്ന തൂവലുകൾ
എൻ്റെ ചിറകിലെ ശൂന്യതയിൽ
തിരിച്ചെത്താനാവാതെ
ഏതോ കാറ്റിനൊപ്പം
പ്രാത്ഥന പോൽ മെല്ലെ ഉയരുന്നു

മാതാവ്

മാതാവ്
..............
റബ്ബർ മരങ്ങൾ ക്കിടയിലൂടെ
വണ്ടിയോടിച്ച് ക്രിസ്മസ് പോയി.
മഞ്ഞു തുള്ളികളുടെ
കരോളിനൊപ്പം
പപ്പയും പോയി
ഇല ത്തുമ്പുകളിൽ
കണ്ണീരു കുടഞ്ഞിട്ട്
ഡിസംബർ ജനുവരിയിലേക്ക് നടന്നു.
കൊഴിഞ്ഞ ഇലകളിളക്കി നോക്കി
അസ്വസ്ഥയായ
ഇളം കാറ്റായി അമ്മച്ചി
അകത്തുനിന്ന് വരാന്തയിലേക്കും
വരാന്തയിൽ നിന്ന കത്തേക്കും വീശുന്നു
നക്ഷത്രങ്ങൾ കെട്ടുപോയ വീട്ടിൽ
അവരൊറ്റയ്ക്കായിരുന്നു
മറിയമെന്നായിരുന്നു
അവരുടെ പേര് .
.......................................................മുനീർ അഗ്രഗാമി 

യേശുവും ഞാനും

യേശുവും ഞാനും
................................
നിന്നെ ഒരിക്കൽ കുരിശിലേറ്റുകയും
നീ ഒരിക്കൽ ഉയിർക്കുകയും മാത്രമേ ചെയ്തുള്ളൂ
എന്നെ ഓരോ ദിവസവും
കുരിശിലേറ്റുകയും
ഞാൻ ഉയിർക്കുകയും
ചെയ്യുന്നു
ഒരു വ്യത്യാസ മേയുള്ളൂ
നിൻ്റെ പീഡകൾ
എല്ലാവരും കണ്ടിരുന്നു
പക്ഷേ
എൻ്റെ പീഡകൾ
അദൃശ്യമാണ്
നിന്നെ കുരിശിലേറ്റിയവർ തന്നെ എല്ലാറ്റിൻ്റേയും പിന്നിൽ
അവരുടെ ഭാഷയും
വേഷവും മാറി എന്നേയുള്ളൂ
നീ പുൽക്കൂട്ടിലും
ഞാൻ പാടത്തുമാണ്
ഭൂജാതനായത്
അതു കൊണ്ട് നിൻ്റെ ജന്മദിനം
ആഘോഷിക്കാൻ
മഞ്ഞിലൂടെ സന്താക്ലോസ് വരുന്നു
എൻ്റെ ജൻമദിനത്തിൽ
ചുട്ടുപൊള്ളുന്ന വെയിലിലൂടെ
ഗുൽമോഹറുകൾ വരുന്നു
എൻ്റെ മുറിവുകളിൽ നിന്ന്
അവ ചുവപ്പുടുപ്പ് തുന്നുന്നു
നിൻ്റെ ജന്മദിനത്തിൽ
കുരിശിൽ കിടന്ന്
നിൻ്റെ ജന്മനക്ഷത്രം കാണുമ്പോൾ
എനിക്ക്
പുഞ്ചിരി വരുന്നു

......................................മുനീർ അഗ്രഗാമി 

ക്രിസ്മസ്

ക്രിസ്മസ്
::::::::::::::::::::
വെളിച്ചം വലിക്കുന്ന വണ്ടിയിൽ
ക്രിസ്മസ് ആശംസയുമായ്
പുലരിയപ്പൂപ്പൻ.
കിളികളുടെ 
കരോൾ ഗാനം.
മഞ്ഞു താടി
നീണ്ടു നീണ്ട് .
സൂര്യനേകിയ
ചുവപ്പു വസ്ത്രം
പാതിരാകുർബാന കഴിഞ്ഞ്
മയക്കം പിടിച്ച മാമരങ്ങൾ


.....................മുനീർ അഗ്രഗാമി 

കല്പാന്തം

കല്പാന്തം
....................
നിർത്താതെ പെയ്തു കൊണ്ടിരിക്കെ
വറ്റിപ്പോയ രാത്രിയെ കുറിച്ച്
രാത്രിമഴ
പുലരിയോട് പറയുന്നു
പെയ്ത് െപയ്ത്
പകലും വറ്റിപ്പോയി
അന്നേരം കുളിക്കാൻ വന്ന സന്ധ്യ
മുങ്ങുന്നതു കണ്ട്
മറ്റൊരു രാത്രി വന്നു
അതും മുങ്ങി പ്പോയി
അറു രാത്രിയും
ആറു പകലും പെയ്ത
തുള്ളികൾ കൊത്തിപ്പറിച്ച്
എൻ്റെ കൂടു തള്ളിയിട്ടു
അത് ഉറുമ്പുകളുടെ ചങ്ങാടമായി
അവശേഷിച്ച മരക്കൊമ്പും
മുങ്ങി പോയ നഗരത്തിൽ
വട്ടമിട്ടു പറന്നു
കാക്കയെന്നെന്നെ വിളിക്കാൻ
ഒരു മനുഷ്യനേയും കണ്ടില്ല
പെട്ടെന്ന്
താഴെ ജലഗർഭത്തിലൊരനക്കം
ഫാഷിസ്റ്റുകളുടെ രാജ്യത്തിലേക്ക്
മീനുകൾ പടനയിക്കുകയാണ്
പണ്ട് ദ്വാരക കടിച്ചു ചതച്ച
അതേ കൊമ്പൻ സ്രാവ്
ഇരിക്കാനിടമില്ലാത്ത
എൻ്റെ ഇത്തിരി വട്ടത്തിൽ നിന്ന്
പറക്കലിൻ്റെ വ്യാസത്തിൽ
ഇതാ കല്പാന്തം
.......................................മുനീർ അഗ്രഗാമി 

ദയാഭായി യോട്


ദയാഭായി യോട് 


പ്രിയ ദയാഭായീ
ദയയുടെ ആൾരൂപമേ
കേരളത്തിൻ്റെ
ബസ് രൂപമാണ്
കെ എസ് ആർ ടി സി.
കൂടുതൽ പണമുണ്ടെങ്കിലേ
അതിൽ കയറാൻ പറ്റൂ
കാക്കിയിൽ നിന്ന് നീലയിലേക്ക് കൂടുമാറിയ
വാക്കേറ്റം സഹിച്ചാലേ അവിടെ
ജീവിക്കാൻ പറ്റൂ
ചില്ലറ കൊണ്ട്
കണ്ടക്ടറെ
പ്രീണിപ്പിച്ചാൽ നിലനിൽക്കാം
ബാക്കി തരുന്ന പണി മറന്ന അയാൾ
നീലയിൽ കുളിച്ച
ഭരണാധികാരികളെ പോലെ
ഇപ്പോൾ അധികപ്പറ്റാണ്
ജനസേവനം എന്നാൽ
പണം പഴിയലും
പാതിവഴിയിൽ ഉപേക്ഷിക്കലുമാണെന്ന്
യാത്രക്കാരിയായ്
വിരുന്നു വന്ന അമ്മയ്ക്ക്
എത്ര വേഗം മനസ്സിലായി!
ഞങ്ങൾക്കതു മനസ്സിലാവാൻ
എത്ര തിരഞ്ഞെടുപ്പുകൾ വേണ്ടിവന്നു!!
അമ്മമാരെ ഇറക്കിവിട്ട
വീടുകളിൽ നിന്നു വരുന്നവർക്ക്
മുതിർന്നവരൊക്കെയും
ഉപേക്ഷിക്കേണ്ടവരാകുന്നു
കെ.എസ് ആർ ടി സി
കേരളമാണ്
വികസിച്ച ഹൈവേയിലൂടെ
കുതിച്ചു പായുന്ന
വോൾവോയാണ്
പാവങ്ങളായ നമുക്ക്
ടി.ടി പോലും പറ്റില്ല
പക്ഷേ
നമ്മുടെ കേരളമല്ലേ
കടക്കെണിയിലല്ലേ
രക്ഷിക്കേണ്ടത്
പാരൻ്റെ ധർമ്മമല്ലേ ?
ദയാഭായി,
നന്മയുടെ ലാളിത്യമേ
സായിപ്പിൻ്റെ വേഷക്കാർക്കു മാത്രമേ
ഇവിടെ ബഹുമാനമുള്ളൂ
കെ.എസ് ആർ ടി സി
കേരളമാണ്
അവിടെ നിന്ന് അമ്മയെ
ഇറക്കിവിട്ടവരുടെ
പിൻമുറക്കാർ
ഇംഗ്ലീഷിൽ
പി.എസ്സി പരീക്ഷ
എഴുതിക്കൊണ്ടിരിക്കുകയാണ് .
,,,,,,,,,,,,,,,,,,,,,,, മുനീർ അഗ്രഗാമി

ഫോട്ടോഗ്രാഫർ


ഫോട്ടോഗ്രാഫർ
..............................
വെളിച്ചത്തിൻ്റെ പൂച്ച ക്കുട്ടികളും
ഞാനും കളിക്കുന്നു
ഇരുളിനെ ഓടിച്ചിട്ട്
പിടിക്കും;പിടി വിടും
എനിക്കു ചുറ്റും
ഇരുളും വെളിച്ചവും
ഓടിത്തൊട്ട്
ഉടലിൽ കയറിയുമിറങ്ങിയും
എന്നെ തേൻമാവാക്കുന്നു
ഈ സമയത്തെയും
ഈ കളിയെയും
ഇപ്പോഴത്തെ എന്നെയും വെളിച്ചക്കുട്ടികളേയും
ഒരാൾ പിടിച്ചു വെച്ചിട്ടുണ്ട്
അയാളോടു ചോദിക്കൂ
ഇലകളുടെ വർണ്ണ വിസ്മയങ്ങൾ
ഋതുക്കളുടെ സ്നേഹചുംബനങ്ങൾ
ഞങ്ങൾ
അയാളെയും കടന്ന്
മറ്റൊരു സമയത്തിൽ
മറ്റൊരു കളിയിലായാൽ
സമയത്തിൻ്റെ ചിത്രം
അയാൾ തരും
ഫോട്ടോഗ്രാഫർ എന്നയാളെ
വിളിക്കുമ്പോൾ
പഴയ കളികൾ കാണിച്ച്
അയാൾ സമയത്തിൻ്റെ
നിത്യ കാണിയായ്
കാലത്തിലേക്ക് വിസ്മയത്തോടെ
നോക്കി ചിരിക്കും
............................................മുനീർ അഗ്രഗാമി 

ഞങ്ങളിപ്പോൾ മിടുക്കരാണ്


ഞങ്ങൾ ഇപ്പോൾ മിടുക്കരാണ്
ഞങ്ങൾക്കിപ്പോൾ
നല്ല ഭംഗിയാണ്
ഞങ്ങൾ ഇപ്പോൾ 
പതിരിൽ നിന്ന് 
നെല്ലെടുത്തു കളയും
പതിരിനെ നെല്ലെന്നു വിളിക്കും
മാൻഹോളിലിറങ്ങുന്നവനോട്
മനാഞ്ചിറയിലിരുന്നു കൂടേ
എന്നു ചോദിക്കും
വറ്റിച്ച പുഴകളോട്
തിരിച്ചു വരാൻ
പ്രസംഗിക്കും
ഫാഷിസം
അസഹിഷ്ണുത
നാളികേരം എന്നൊക്കെ
വെറുതെ പറഞ്ഞ്
ഫോട്ടോയ്ക്ക് പോസ് ചെയ്യും
ദയാഭായി എന്നു കേൾക്കുമ്പോൾ
ദയ തന്നെയില്ല
പിന്നല്ലേ ഭായി
എന്നു പല്ലിറുമ്പും
ഞങ്ങളിപ്പോൾ മിടുക്കരാണ്
സർക്കാർ ജോലിയുള്ള തിനാൽ
കുത്താനറിയാഞ്ഞിട്ടും
കുത്തരി കഴിക്കും

.....................................മുനീർ അഗ്രഗാമി 

വാക്കുകളുടെ തടാകം ( = പുസ്തകം )


വാക്കുകളുടെ തടാകം ( = പുസ്തകം )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,',,
വാക്കുകൾ നിറഞ്ഞ തടാകമേ
പുസ്തകമെന്നൊരൊറ്റ വിളിയിൽ തന്നെ
നിന്നിൽ ഞാനൊരരയന്നം.
ഓളങ്ങൾ വായിച്ച് നീന്തവേ
പിടഞ്ഞുണരുന്ന
പുതിയ ഓളങ്ങളിൽ
പുതിയ അർത്ഥങ്ങൾ...
ആഴങ്ങളിൽ നിന്ന്
പൊങ്ങി വരുന്ന നീർക്കുമിളകൾ
അതു നോക്കി
ഉയരങ്ങളിലേക്ക്
നേർത്ത കാറ്റായ് കടന്നു പോകുന്നു
അക്ഷരങ്ങൾ
ഉണർന്നു ചിരിക്കുന്ന താമര ,
ധ്യാനിക്കുന്നആമ്പൽ,
കാറ്റു കൊള്ളുന്ന
പച്ചപ്പായൽ ,
ജീവിതം നെയ്യുന്ന
നൂറു നൂറുമീനുകൾ...
ഇലത്തോണിയിൽ
ഒരു കുഞ്ഞുറുമ്പ്.
ആഴമറിയാതെ
അഴലറിയാതെ
പുറം ചട്ടയിലെന്നപോൽ
പുസ്തകത്തിൽ ,
തടാകത്തിൽ
വാക്കുകൾ കോർത്ത്
വാചകങ്ങളിൽ,
ആശയങ്ങളിൽ
നിരത്തിയവളുടെ ഓർമ്മ
തടാകത്തിനു മുകളിൽ
നിറഞ്ഞു പെയ്യുന്നു
കരയുണ്ടെങ്കിലും
കല്ലറകളില്ലാത്ത
ആഴത്തിലെ ജീവിതമേ
പരപ്പിലെ ജീവനേ
പുസ്തകമേ
ഞാൻ നീന്തുന്നതിൻ്റെ രഹസ്യം
ദൂരെ നിന്നു നോക്കി പറക്കും
പറവകൾക്കാരു പറഞ്ഞു കൊടുക്കും ?

.................................................മുനീർ അഗ്രഗാമി 

മലയാളത്തിലായി


മലയാളത്തിലായി 
...............................
വാക്കുകൾ പൂക്കുന്ന മരത്തെ
കവിതയെന്നു
വിളിച്ച്
ഞങ്ങൾ കിളികളായി
കിളിപ്പാട്ടു പാടി
മല കയറി
ആഴത്തിലേക്കു പറന്നു
മലയാളത്തിലായി

........................മുനീർ അഗ്രഗാമി

ജീവജലം


ജീവജലം
........ .........
പിരിഞ്ഞു പോരുമ്പോൾ
നിങ്ങളുടെ കണ്ണുകളിൽ
എൻ്റെനനവ്
എൻ്റെ തുള്ളിയാണത്
എൻ്റെ സത്തയാണത്
നിങ്ങളുടെ തടാകത്തിൽ നീന്തുന്ന
എൻ്റെ ക്യഷ്ണമണികള൨ത്
തിരിച്ചറിഞ്ഞു
തുളുമ്പുന്നു
ആരു പറഞ്ഞിട്ടും നിർത്താതെ.
ദൂരം കുടുന്തോറും
ആഴത്തിലാഴത്തിൽ
അതിൻ്റെ നനവ്
പിരിയും മുമ്പ്
നമ്മൾ കണ്ടെത്തിയ
ഭൂമിയിലെ
ജീവജലമാണത്.

................മുനീർ അഗ്രഗാമി

ആസ്വാദകരുടെ അക്വേറിയം


ആസ്വാദകരുടെ അക്വേറിയം
........................... .
ആസ്വാദകരുടെ അക്വേറിയത്തിൽ
ഒരു തുള്ളിയായ് ഞാൻ
പല ദിക്കിൽ നിന്നെത്തിയ മറ്റുതുള്ളികൾക്കൊപ്പം
ലയിച്ചൊരു കുഞ്ഞു കടലായ് ഞങ്ങൾ
ഞങ്ങളിൽ നീന്തുന്നു
ഉടലിൽ പല നാടിൻ
ചിത്രം കൊത്തിയ മീനുകളായ് സിനിമകൾ
പല ഭാഷകളവയ്ക്ക്
ചിറകുകൾ
പല വേഷങ്ങളവയുടെ
ചെതുമ്പലുകൾ
ജലരാശിയിൽ,
ജീവനിലെന്ന പോൽ ഞങ്ങളിൽ,
വർണ്ണക്കല്ലുകൾ ചുംബിക്കുന്ന
മത്സ്യ ചലനങ്ങൾ
ചില്ലു ഭിത്തിയിൽ
തട്ടിത്തിളങ്ങുന്ന രശ്മികൾ
മേളമായ് മേളയായ്
വെളിച്ചപ്പെടുന്ന
തുള്ളി കളായ് തുള്ളും
മനസ്സുമായ്
ഒരു വൃത്തക്കടൽ
ചലിക്കുന്നു
ചലച്ചിത്ര മേളയിൽ
ഒരച്ചുതണ്ടിൽ
രസജല ഭൂമിയായ്!

........................................മുനീർ അഗ്രഗാമി

ഒറ്റപ്പെടുമ്പോൾ


ഒറ്റപ്പെടുമ്പോൾ
.............................
വെളിച്ചമില്ലാതെ ഒറ്റപ്പെടുമ്പോൾ
രാത്രിയുടെ ചിറകടി കേൾക്കും
ഉറക്കമില്ലാതെ,
രാത്രി പൊഴിച്ചിട്ട തൂവൽ കൊണ്ടു കളിക്കും
വിരഹഗിരിയിൽ
വഴി തെറ്റിക്കയറിയ
നാട്ടാനയായ് മനസ്സ്
ഇരുട്ടിൽ പതുങ്ങും
യക്ഷനെ പോലെ
ഇടവഴിയിലൂടെയോ
എക്സ്പ്രസ് ഹൈവേയിലൂടെയോ
ഒന്നും
കയറി വരാതെ
ഉറക്കു പോലും
പിണങ്ങി മുഖം തിരിഞ്ഞു നിൽക്കും


...............................മുനീർ അഗ്രഗാമി .

ഒരു നിമിഷം

ഒരു നിമിഷം
....................
നിമിഷങ്ങൾ കൊണ്ട്
പിന്നിലായിപ്പോയ
ഓട്ടക്കാരൻ്റെ
പിന്നിലായ ഒരു നിമിഷത്തിൽ
ഞാനായിരുന്നു


അവൻ്റെ മുന്നിലായിരുന്നു
റസ്റ്ററണ്ടിൽ ഇരിക്കയായിരുന്നു
അവൻ്റെ കണ്ണിൽ
നോക്കുകയായിരുന്നു
ആരാധകരുടെ കടലേ
എന്നെ നീയൊരു പരൽമീനാക്കുമോ എന്ന്
ചോദിക്കുകയായിരുന്നു

ട്രാക്കിൽ
അവൻ്റെ കുതിരവേഗം
എൻ്റെ വെളിച്ചത്തിൽ തട്ടി വിറയ്ക്കുകയായിരുന്നു
ഒരു നിമിഷത്തിൽ
ഒരൊറ്റ നിമിഷത്തിൽ
അവൻ്റെ ഏകാഗ്രത പറന്ന്
എൻ്റെ കണ്ണീർത്തുള്ളിയിൽ
വന്നിരിക്കുകയായിരുന്നു!
...................................................
മുനീർ  അഗ്രഗാമി 

നീലക്കുറുക്കൻ

നീലക്കുറുക്കൻ
...........................
നീലക്കുറുക്കനാനാണ്
ഞങ്ങളെ ഭരിക്കുന്നത്
എത്ര കഴുകിയിട്ടും
നീല പോകുന്നില്ല
ബുദ്ധി കൊണ്ടും സൂത്രം കൊണ്ടും തുടച്ചിട്ടും
നീല നീങ്ങുന്നില്ല
ദരിദ്രരുടെ കണ്ണീരിൽ
മുങ്ങി നിവർന്നു
പീഡി തരുടെ സങ്കടം
തേച്ചു കുളിച്ചു
കൂടുതൽ കുളിർന്ന തല്ലാതെ
നീല പോയില്ല
കഴുകാൻ ശ്രമിച്ച അനുയായികൾ
ഉടൽ നീലിക്കുന്നതു കണ്ട്
കുരവയിട്ടു

ഇനി നീലയെന്തിനു
പോകണം
അതൊരങ്കാരമായിരിക്കട്ടെ
നിലാവിലും
പകൽ വെട്ടത്തിലും
അറിഞ്ഞു കൊണ്ട്
നീലക്കുറുക്കൻ നീട്ടി ക്കൂവി
ഞങ്ങളും കൂവി
കളിയാക്കാനല്ല
കൂടെ നിൽക്കാൻ
സിംഹങ്ങൾക്ക്
വംശനാശം വന്ന രാജ്യത്ത്
ഞങ്ങളിപ്പോൾ
വീഴുവാൻ ,
വീണു വാഴുവാൻ
നീലത്തൊട്ടികളും തിരഞ്ഞു നടക്കുന്നു


................................................മുനീർ  അഗ്രഗാമി 

പകലിനു തിന്നാൻ കൊടുക്കുന്നു

കരിപിടിച്ച ഓട്ടപ്പാത്രത്തിൽ
തലയിട്ട് അതിനെ
രാത്രിയെന്നു വിളിക്കുമ്പോൾ
അവളുടെ ഉറക്കം
നിലത്തു വീണ് കാണാതായി
അതു തിരഞ്ഞു നടക്കെ
പുലരിയവളെ പിടിച്ച്
അടുപ്പിലിട്ട് വേവിച്ച്
പകലിനു തിന്നാൻ കൊടുക്കുന്നു

കടൽത്തുള്ളി വരും വരെ

പൂവമ്പഴം പോലെ
തൊലിയുരിച്ചുവെച്ച
കടലിൻ്റെ മഞ്ഞത്തൊലിയിലൂടെ
കുറെ ദൂരം നടന്നു
ഉറുമ്പുകളാകുന്നതിൻ്റെ സുഖമറിഞ്ഞു
തനിയെ ജ്യൂസായി
തൊലി മുക്കിക്കളയുവാൻ
കടൽത്തുള്ളി വരും വരെ
പിന്നെ മനുഷ്യരായി
രശ്മിയിലൂടെ
സൂര്യൻ
ജ്യൂസ് വലിച്ചു കുടക്കുന്നതും നോക്കി
പകച്ചു നിന്നു

പനിക്കിടക്കയിൽ

പനിക്കിടക്കയിൽ
............................
പനിക്കിടക്കയിൽ നീ
തിളച്ചു തൂവുമൊരു കടൽ
നിന്നെ നോക്കിയടുത്തിരുന്ന ഞാൻ
നിറഞ്ഞു കവിയുമൊരു നദി

നിന്നെക്കാണുവാൻ
ഏഴു കടലും കടന്നു
ഞാനെത്തിയ പ്പോൾ
നീയെനിക്കു മുന്നിൽ
കാറ്റും കോളുമേറിയ
എട്ടാം കടൽ

നിൻ്റെ നെറ്റിയിൽ
ഞാൻ നനച്ചിട്ട
സ്നേഹത്തൂവാല തൻ തണുപ്പിൽ
ഏതോ ഓർമ്മകൾ പുതച്ചു നീ മയങ്ങി
പനിപ്പേച്ചിലന്നേരം
ഞാൻ മറന്നു പോയ ചില പേരുകൾ
ചില കളികളുടെ
കിളികളുടെ
കളിക്കൂട്ടുകാരുടെ .

പനിക്കാച്ചിലന്നേരം കുറഞ്ഞുവോ
ചുക്കുകാപ്പിയുമായ്
അമ്മൂമ വന്നുവോ
അമ്മയുടെ വിരലുകൾ
രാസ്നാദിപ്പൊടി തിരഞ്ഞുവോ
നീയൊന്നു തുളുമ്പിയോ
ഞാനതിനാലൊന്നു
നനഞ്ഞുവോ !
നീ വിയർത്തിരുന്നു
പണ്ട് കാറ്റിനൊപ്പം
കണ്ണിമാങ്ങയുമായ്
ഉമ്മറത്തേക്കോടിക്കയറിയ
കുസൃതികൾ വിയർത്ത മാതിരി
കിടക്ക നനഞ്ഞിരിക്കുന്നു
എട്ടാം കടലായ്
നീ തിരയടിക്കുന്നു

മഴ നനഞ്ഞ കോമാവ്
എതോ കൊടുങ്കാറ്റിലെന്നപോൽ
ഞാനുമൊന്നാടിയുലഞ്ഞു
നിനക്കീ പനി വന്നതെങ്ങനെ ?
രണ്ടു ദിക്കിലേക്ക്
കടലു കടന്നു പോരുമ്പോൾ
കാലവർഷവും തുലാവ ർ ഷവും
നാം കൊണ്ടു വന്നിരുന്നില്ലല്ലോ.
കുളവും തോടും
ചിങ്ങത്തൂ മഴയും
നമുക്കൊപ്പവും വന്നിരുന്നില്ലല്ലോ
പിന്നെങ്ങനെ പനി വരും?

നമുക്കു പനിച്ച
കാരണങ്ങളൊക്കെയും
ഓർമ്മകളായ്
നമ്മിലെന്നോ മുങ്ങി മരിച്ചുപോയ്
ചിമ്മാനിയെന്നോ
തൂളി മാനമെന്നോ
നാം വിളിച്ച കുഞ്ഞു തുള്ളികളും
പിണങ്ങിപ്പോയ്

എങ്കിലും
പനി വരാതിരിക്കുന്നതെങ്ങനെ !
നിനക്കുെമനിക്കും വിളിക്കുവാൻ
സമയമില്ലാതിരിക്കുമ്പോൾ
തമ്മിൽ കാണുവാനൊരു പൊള്ളൽ!
നെറ്റിത്തടത്തിൽ;
ഉമ്മകൾ വറ്റിപ്പോയ കടലു നിറയുവാൻ
പൊടിയരിക്കഞ്ഞിയായ്
നിൻ്റെ ചുഴിയടക്കുവാൻ
എത്തി ഞാൻ
എൻ്റെ കൊക്കിലില്ലൊരു കതിരു പോലുമില്ലെങ്കിലും .
പനിക്കിടക്കയിൽ
നീ തിരയടിച്ചു തളരുമ്പോൾ.

 ....................................................................................മുനീർ  അഗ്രഗാമി
(പ്രണയത്തോട് മുഖം തിരിക്കുമ്പോൾ
പെങ്ങളെ (ആങ്ങളയെയും )ഓർത്തു വായിക്കേണ്ട കവിത )

ചില വികാരങ്ങൾ

ചില വികാരങ്ങൾ
............................
രാത്രിയുടെ കുതിരവണ്ടിയിൽ
വന്നിറങ്ങിയ മഴയിൽ
കുളിച്ചു തോർത്തുന്നു
ചില വികാരങ്ങൾ.


തമ്മിലൊട്ടിച്ചേർന്നൊരൊട്ടുമാവായ്‌
വളരുവാൻ
നമ്മളിൽ
കാത്തു നിൽക്കുന്നു
ചിലവികാരങ്ങൾ.


ചിറകുകുടഞ്ഞിരുട്ടിൽ
കുടമുല്ലപ്പടർപ്പിൻ
മണം നുകർന്നു
മിന്നാമിന്നികളായ്
പ്രണയ ജ്യോതികളായ്
വട്ടം ചുറ്റുന്നു
ചിലവികാരങ്ങൾ.

കോർത്തു പിടിച്ച വിരലുകളിൽ
കാറ്റുചുറ്റിപ്പിടിക്കെ
കയ്യിൽ നിന്നും
ചുണ്ടിലേക്കു നടക്കുന്നു
ചിലവികാരങ്ങൾ
കറുത്ത ശബ്ദങ്ങളിൽ
കലങ്ങിയൊഴുകുന്ന മുറ്റം
ചെവികളിൽ മഴത്തോറ്റമാകെ
നെഞ്ചിൽ
പുൽപ്പരപ്പായ് മുളച്ചുപൊങ്ങുന്നു
ചില വികാരങ്ങൾ

രാത്രി യാത്രയില്ലെന്നോതി
നാമിപ്പോൾ വസിക്കുമീ
സുഖവീടിൻ
ഇറയത്തു വന്നു നിന്ന്
കുളിർ നൂലുകളിൽ
ഊഞ്ഞാലാടുന്നു
ചിലവികാരങ്ങൾ


കുതിരവണ്ടികൾ
പലതു കടന്നു പോകുന്നു;
പല മഴകളും വന്നിറങ്ങുന്നു
രാപ്പാട്ടുമായ് രണ്ടരുവികൾ
വൻമലയിറങ്ങുമ്പോലെ
നാം ചിലവികാരങ്ങൾക്കൊപ്പം
രാവിറങ്ങുന്നു

..........................................മുനീർ  അഗ്രഗാമി 

ഗസൽ

ഗസൽ
..........
ഗസലിൻ തുള്ളികൾ
ഒഴുകിയൊഴുകി
ചുറ്റുമൊരു തടാകം
അതിലൊരുമീനായ്
സംഗീതച്ചിറകുമായ്
തുഴഞ്ഞ് തുഴഞ്ഞ്!


..............................
മുനീർ  അഗ്രഗാമി

ഇലജീവിതം

ഇലജീവിതം
,,,,,,,,,,,,,,,

സങ്കടങ്ങളിൽ
വീണുകിടക്കുന്നു
ഞെട്ടടർത്തിയി- 
ട്ടതാരെന്നറിയില്ല.
പച്ചില ഞരമ്പിലെ
കണ്ണീരുണങ്ങി
കരിയിലയാകുവോളം
വെയിൽത്തിരകളിൽ
നീന്തി
നിന്നിലേക്കെന്നൊരു
മോഹവലയമുണ്ടാക്കുന്നു
എന്നാലും
മരമേ,
എൻ്റെ മരമേ
നീയെന്നെ തിരിച്ചെടുക്കില്ലല്ലോ!
........................................................മുനീർ അഗ്രഗാമി

പക്ഷികളുടെ രാഷ്ട്രം

പക്ഷികളുടെ രാഷ്ട്രം
...... ...... ....... ...........
പറന്നു കളിക്കുന്ന വേട്ടപ്പക്ഷി,
നാവറുത്ത കുയിലുകൾ,
പാടാൻ തുനിയവേ
ചിറകു കരിഞ്ഞ വാനമ്പാടികൾ
കാലൊടിച്ച മയിലുകൾ
കതിരുകാണാതെ
കരഞ്ഞുപറക്കുന്ന തത്തമ്മ
വെടിയേറ്റു മരിച്ച
തുന്നൽക്കാരൻ പക്ഷി
കൊക്കുരുമ്മുമ്പോൾ
അമ്പേറ്റു വീണ മൈനകൾ
കറുത്തതിനാൽ
ആട്ടിയകറ്റപ്പെട്ട കാക്ക
ഗരുഡൻ്റെ ചരിത്രം പഠിച്ച് അഭിമാനിക്കുന്ന
തേൻ കുരുവികൾ
പ്രാപ്പിടിയൻ്റെ സൂത്രം പഠിച്ച്
ജീവിക്കാൻ ശ്രമിക്കുന്ന പ്രാവുകൾ
വൻ മരങ്ങൾ വീണപ്പോൾ
കൂടു നഷ്ടപ്പെട്ട
ന്യൂനപക്ഷമായ വേഴാമ്പൽ
" പക്ഷികളുടെ ഈ രാജ്യം
എത്ര സുന്ദരമാണ്."
ആണ്ടറുതിയിൽ
ആമസോണിൽ നിന്നും
നാടുകാണാൻ വന്ന
ഒരോന്ത് ലോകത്തോട്
വിളിച്ചു പറഞ്ഞു .
പരുന്തുകൾ അടുത്തേക്ക്
പറന്നിറങ്ങവേ
നിറം മാറി
ഓന്ത് ഒളിച്ചിരുന്നു

..........................................മുനീർ അഗ്രഗാമി

ഹൃദയത്തിലെ എഴുത്ത്

ഹൃദയത്തിലെ എഴുത്ത്
.......................................
ഹൃദയം ഹൃദയത്തിലേ എഴുതൂ
എല്ലാ ഭാഷകൾക്കും
മുമ്പുള്ള ഒരു ഭാഷയിൽ
ആന എന്നെഴുതിയാൽ
ചിന്നം വിളിച്ച് മേയുവാൻ
ചുറ്റും കാടു വളരുന്ന ഭാഷയിൽ

മഴ എന്നെഴുതിയാൽ
തുള്ളിക്കൊരു കുടം പെയ്തുനിറയാൻ
കുളം കുത്തുന്ന ഭാഷയിൽ

മണ്ണെന്നെഴുതിയാൽ
വിത്തുകളെല്ലാം
കണ്ണുതുറക്കുന്ന ഭാഷയിൽ

കുട്ടി എന്നെഴുതിയാൽ
ഓടിയെത്തുന്നകുസൃതികൾ
നിറഞ്ഞാടുന്ന ഭാഷയിൽ
എഴുതുക ഹൃദയത്തിൽ
വാക്കിനുചുറ്റും നൃത്തം വെയ്ക്കും
വാക്കുകൾ വായിക്കുവാൻ


.............................................മുനീർ അഗ്രഗാമി 

പ്രവാസി


പ്രവാസി
..................
വസന്തം ചെടികളിൽ നിന്നും
പൂക്കളെ വിളിച്ചുണർത്തുമ്പോലെ
എന്നെയൊന്നു വിളിക്കുമോ ?
അമ്മയുടെ ശബ്ദത്തിൽ വിളിക്കൂ
തുമ്പപ്പൂവെന്ന പോൽ
ഞാൻ വിടരും
ഭാര്യയുടെ ശബ്ദത്തിൽ വിളിക്കൂ
മുല്ലവള്ളിയിലെന്നപോൽ
സൗരഭ്യത്തോടെ ഞാൻ മിഴി തുറക്കും
കാമുകിയുടെ ശബ്ദത്തിൽ വിളിക്കൂ
മുൾത്തലപ്പിലാണെങ്കിലും
ചുവന്നു തുടുത്ത്
പനിനീർപ്പൂവായ്
പരിലസിക്കും
മകളുടെ ശബ്ദത്തിൽ
വിളിക്കൂ
അവളുടെ ഓരോ കൊഞ്ചലിലും
ഓരോ പൂവായ് വിടർന്ന്
ഒറ്റയ്ക്കൊരു പൂന്തോട്ടമാകും
മരുഭൂമിയുടെ മഞ്ഞവെയിലിൽ
ഏതോ കാറ്റിൽ
ഞെട്ടറ്റ്
പച്ചിലയായ് ചെന്നു വീണ ഞാൻ
ഉണങ്ങാതിരിക്കുവാൻ
ഒന്നു വിളിക്കുമോ ?
സായിപ്പാകുവാൻ പഠിച്ചതിനാൽ
ഒട്ടകമാകുവാൻ വയ്യ
വേരുകളാഴത്തിലല്ലാത്തതിനാൽ
കളളിച്ചെടിയാകുവാനും വയ്യ
കേട്ട വിളികളൊക്കെയും
നാട്ടിലായതിനാൽ
കാതുകളും കരയുന്നു
പറ്റിയാലൊന്നു വിളിക്കുക
വിളിക്കുകയെന്നാൽ
വാക്കുകൾ ഒഴുക്കലല്ല
വാക്കിലുടെ ജീവൻ കൊടുക്കലാണ്
...........................................................................................മുനീർ  അഗ്രഗാമി 

ഇരുട്ടാണ് സത്യം


ഇരുട്ടാണ് സത്യം
വെളിച്ചം ഇരുട്ടിൽ
വിരുന്നു വരുന്നു
എന്നേയുള്ളൂ