കാവൽ.


കാവൽ...
കൊയ്യാൻ നെല്ലില്ലാണ്ടായാൽ
അരിവാളെന്തുചെയ്യും;
നക്ഷത്രങ്ങളെ 
അരിഞ്ഞിടുകയല്ലാതെ !
പാറകളെല്ലാം
പൊട്ടിച്ചു തീർന്നാൽ
ചുറ്റിക എന്തു ചെയ്യും;
നക്ഷത്രങ്ങളെ തകർക്കുകയല്ലാതെ !
അമ്പലത്തിൽ ആൾത്തിരക്കേറിയാൽ
ദേവിയുടെ കൈയിലെ
തൃശൂലമെടുത്ത്
ഇടം വലുതാക്കുകയല്ലാതെ
എന്തു ചെയ്യും!
പക്ഷേ
യഥാർത്ഥ സഖാവ്
വംശനാശം വരാതെ
അവസാനത്തെ നെൽവിത്തിനു
കാവൽ നിൽക്കുന്നുണ്ട്
യാഥാർത്ഥ വിശ്വാസി
പൂജിക്കാൻ
 വയലുകൾ ബാക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്
നീയും ഞാനും
നിറം മങ്ങിയ കൊടിയുടെ
തണലിലാണിപ്പോഴും
കൊടിയുടെ നിറം
ഏതെന്നു മനസ്സിലാകുന്നില്ല
തെറിച്ചു വീഴുന്ന ചോരയുടെ
നിറം മാത്രം മനസ്സിലാവുന്നു
മനസ്സിൽ നിന്നു പോയ
നെല്ലിൻ്റേയും പുല്ലിൻ്റെയും നിറം
നമുക്ക് തിരിച്ചു കൊണ്ടുവരണം
കയ്യിലെ വടിവാൾ വലിച്ചെറിഞ്ഞ്
ഞാറുകളേന്തണം
നാം തിരിഞ്ഞു നോക്കാത്ത
ആ രണ്ടുപേർ
നമ്മെ കാത്ത്
വയലിൽ തന്നെയുണ്ട്
വംശനാശം വരാതിരിക്കാൻ!

തോൽവി

തോൽവി
..................
വന്യതയേറിയേറിയെൻ നാട്
കാടായതിൽ പിന്നെ
സദാ ഉണർന്നിരിക്കുന്ന കാട്ടിൽ
ഉറങ്ങിപ്പോയതാണെൻറെ സങ്കടം


എല്ലാ ദിക്കിൽ നിന്നും
ഭരണകൂടത്തിൻറെ
ഉറക്കുപാട്ട് മാത്രമാണ് കേട്ടത്
താളവും വൃത്തവും നിറഞ്ഞ
ജീവിതംവിരിച്ചാണ് കിടന്നത്
കാട്ടാറും മു ളങ്കൂട്ടങ്ങളുമാണ്
താരാട്ടിയത്


ഉറങ്ങരുതെന്ന് മനസ്സു പറഞ്ഞിട്ടും
ഉറങ്ങിപ്പോയി
ഉണർന്നപ്പോൾ
മുയലായി മാറിയിരുന്നു
ആരാണെന്നെ മനുഷ്യനല്ല താക്കിയത് ?


ഉറങ്ങുമ്പോൾ
എത്ര ആമകൾ
എന്നെ മറികടന്നിട്ടുണ്ടാകും ?


ഇനി പാട്ടുകളുടെ ഓർമ്മയിൽ
തോൽവിയാ ഘോഷിക്കാൻ
ഒരു രൂപയുടെ അരി വാങ്ങാൻ
റേഷൻ കയിൽ ക്യൂ നിൽക്കട്ടെ !

രക്ഷാബന്ധൻ


രക്ഷാബന്ധൻ
...........................
ഒടുവിൽ
എൻറെകൈയ്യിൽ
നീയുമിന്നൊരു ചരടു കെട്ടി
നിന്നെ രക്ഷിക്കണമെന്നു പറഞ്ഞ്.

നോക്കൂ നീ കാണാത്ത
എത്രയെത്ര ചരടും ചങ്ങലകളുമാണ്
എൻറെ കയ്യിലും കാലിലും.
രക്ഷപ്പെടാനായിരുന്നു ,
അതഴിച്ചു കളയാനായിരുന്നു
എനിക്കു നിന്നെ വേണ്ടിയിരുന്നത്

പക്ഷേ
ആരോ പറഞ്ഞതു കേട്ട്
നീയും കെട്ടുന്നു
കെട്ടുപാടുകളുടെ
പാടിൽ ഒരു ചരട്.

വേണ്ട കുട്ടീ
കെട്ടുകൾ കുരുക്കുകളുടെ
വംശത്തിൽ പിറന്നവരാണ്.
കുരുക്കുകളഴിക്കുന്നവളേ
കുരുക്കിൽ നിന്നും
രക്ഷപ്പെടൂ

തിരുവോണത്താരകം
....................................
പൂവിലന്നു നാം
മറന്നുവെച്ചൊരാമോദം
തിരിച്ചേകുവാനല്ലോ സഖീ
പൂക്കൾ
തിരുവോണത്താരകമായുദിക്കുന്നു
നീയും ഞാനുമതിൻ പ്രഭയിൽ
ഓർമ്മ തന്നൂഞ്ഞാലിൽ
ഇത്തിരി നേരമിരിക്കുന്നു
പച്ചപ്പാലോണക്കോടി ചുറ്റി
പച്ചിലപ്പടർപ്പുകൾ
നമ്മെ നോക്കി ചിരിക്കുന്നു
ചിങ്ങവെയിലിൽ
കുട്ടിയെ പോൽ ചിണുങ്ങും
മഴത്തുള്ളികൾ
ജീവിതോത്സവ മാഘോഷിക്കുന്നു
വേലിപ്പടർപ്പിൽ ചിറകടിച്ചിരിക്കുംപൂവുകൾ
നമുക്കുമാഗ്രഹച്ചിറകുകൾ
തരുന്നൂ
പൊന്നോണത്തുമ്പികളായ്
ഒരുമാത്ര നാം മാറിയേതോ
രസരഹസ്യം നുണയുന്നു
പുതു സൂര്യോദയമായ് മുക്കുറ്റികൾ
പേരറിയാ ഹർഷരശ്മികൾ
ചിതറിയെത്തുന്നു
അരളികൾ നഷ്ട ബാല്യത്തിൽ
കവിളിലെ ചെഞ്ചോപ്പുമായുണരുന്നു
മഞ്ചാടി മണികളിൽ
നമ്മുടെ കുസൃതികളുടെ
ജീവരക്തം പൊടിയുന്നു
പോകും മുമ്പണിമലരിൻ
നിലാവെളിച്ചത്തിൽ
കൈ പിടിച്ചിത്തിരി നേരം നടക്കാം
നമുക്കീ തുമ്പകൾ
വിളിക്കും വഴിക്കു സഖീ...
കരഞ്ഞു കുതിർന്നു
കർക്കിടകമായ് നാം
തളർന്നിരിക്കെ
നമുക്കുയിരേകാൻ
ഓർമ്മ തൻ തൂമധു
തൂവിയതാണീചിങ്ങമാസം
ഊണു കഴിഞ്ഞിനി
ഓണം മടങ്ങും വഴി
തെല്ലു വേദന യാൽ
തല്ലും മനസ്സുമായ്
രണ്ടു മലരുകളായ്
വിടർന്നു നിൽക്കുന്നുവോ
സഖീ ഞാനും നീയും ?

മഹാബലി


മഹാബലി
....................
പൂക്കളെ പോലെ
സ്നേഹമുള്ള കൂട്ടുകാരൻ പറഞ്ഞു ,
പൂക്കളുടെ മഹാബലിയാണ് ഓണം
അന്നേരം 
ബലി യർപ്പിക്കപ്പെട്ട   പൂക്കളെ ഓർത്ത്
എൻറെയുളളിലെ
ഐതിഹ്യമെല്ലാം വാടിപ്പോയി

തുമ്പ


തുമ്പ
,,,,,,,,,,,,,,,,
തിരഞ്ഞൊടുവിൽ
കാണാതായ തുമ്പയെ കണ്ടെത്തി
നിഷ്കാസിതൻ്റെ
സങ്കടങ്ങൾ കൂട്ടിയിട്ട
പുറമ്പോക്കിൽ നിന്ന് .
ഞാനും
എൻ്റെ ഓർമ്മകളും
എത്ര വിളിച്ചിട്ടും കൂടെ വന്നില്ല
തിരിഞ്ഞു നോക്കാഞ്ഞപ്പോൾ
പറമ്പിൽ നിന്ന്
പറയാതെ ഇറങ്ങിപ്പോയതാണ്
വീട്ടുകാരിയും വിളിച്ചു;
വന്നില്ല.
അവളുടെ ജീവിതത്തിൽ നിന്നും
ഇറക്കിവിട്ടതിൻ്റെ
പരിഭവത്തിലാണ്
കുഞ്ഞുങ്ങൾ വളിച്ചാലേ
തുമ്പ വരൂ.
കുഞ്ഞുങ്ങളുടെ ഭാഷയിൽ
വിളിക്കാനറിയുന്ന
കുട്ടിയെ കണ്ടെത്തണം
പുറമ്പോക്കിലാണെങ്കിലും
പൂത്തുനിൽക്കുന്ന തുമ്പയ്ക്ക്
കുഞ്ഞുങ്ങളുടെ കൂടെയേ
വരാനറിയൂ
മനസ്സിൽ
പൂമ്പാറ്റകളുള്ളവരുടെ കൂടെ മാത്രമേ
പൂക്കൾ വരൂ

എൻറെ തിരുവോണമേ


എൻറെ തിരുവോണമേ
.........................................
എൻറെ തിരുവോണമേ
നിറങ്ങളിൽ നിറഞ്ഞ്
തീരെ ഒച്ചയില്ലാതെ
കുറെ പൂക്കൾ
ഓർമ്മകളിൽ കൈവെച്ച്
ഒരാഘോഷം പ്രഖ്യാപിക്കുന്നു,

പൂത്തറ
അവരുടെ നിലപാടുതറയാവുന്നു
ഓണം
അവരുടെ മാമാങ്കവും

പൂക്കുടകളിൽ
ചാറി വീഴുന്ന ചിങ്ങമഴ
പ്രാചീനമായൊരു ഗാനാർച്ചനയാൽ
അതാ ഘോഷിക്കുമ്പോൾ
തുമ്പയുടെ ചുണ്ടുകളതേറ്റു ചൊല്ലുമ്പോൾ
എൻ
റെ തിരുവോണമേ
നിൻറെ വെളിച്ചത്തിൽ
ഞാനെന്നെയറിയുന്നു

ഓണം


പ്രായത്തിൻറെ കഠിന വഴികളിൽ
ഓർമ്മയുടെ കൈ പിടിച്ച് നടക്കുന്ന
പാവം കുട്ടിയാണ് ഓണം

ചിറകുള്ള കൂട്ടുകാരൻ


ചിറകുള്ള കൂട്ടുകാരൻ
.....................................
ചിറകുള്ള കൂട്ടുകാരനാണ് ഓണം
ഒരിക്കൽ കണ്ടുമുട്ടിയാൽ
ജീവിതാവസാനം വരെ
അവൻ നമുക്കൊപ്പം പറക്കും

ചിറകുകളിൽ
പൂക്കാലം വരച്ച ചിത്രങ്ങൾ കാണുമ്പോൾ
അവനൊരു പൂമ്പാറ്റ.

ആഘോഷത്തിൽ
ആനന്ദം പാടുമ്പോൾ
അവനൊരു കുയിൽ
അരിപ്പൂ പൊന്തയിൽ
നിശ്ശബ്ദത പതുങ്ങുമ്പോൾ
അവനൊരു ചെമ്പോത്ത്.

പൂക്കളങ്ങളിൽ മനസ്സ്
ദു:ഖങ്ങൾ കടഞ്ഞെറിഞ്ഞ്
വിശ്രമിക്കുമ്പോൾ
അവനൊരു തേൻകുരുവി
.
യന്ത്രപ്പകലിൽ പൽച്ചക്രങ്ങളിൽ പിടഞ്ഞു മുറിവു പറ്റവേ
അവനൊരു വെള്ളയരിപ്പിറാവ് .
അവൻ നമുക്കൊപ്പം പറക്കെ
നാമവനൊപ്പം തിരിച്ചു പറക്കും
നിഷ്ങ്കനിലാവെളിച്ചം വിശ്രമിക്കുന്ന
കുട്ടിക്കാലത്തിൻ്റെ
പൂവട്ടിയിലേക്ക്

അതിൽ കയറുവാൻ
കാത്തിരിക്കുമൊരു
തുമ്പക്കുഞ്ഞിലേയ്ക്ക്.

വന്യം


വന്യം
........
കാട്ടിലൊറ്റപ്പെട്ട മനുഷ്യൻ
കാടിൻറെ വന്യത പിടികൂടിയാലും
രക്ഷപ്പെടാം
നാട്ടിലൊറ്റപ്പെട്ട കടുവ
നാടിൻറെ നന്മയിൽ
പെട്ടു മരണപ്പെടാം
കാടിൻറെ നന്മയെ കുറിച്ചവൻ
എന്നും വാചാലനാവും
നാടിൻറെ വന്യതയെ കുറിച്ച്
തോക്കുകളും .

സ്വപ്നം


സ്വപ്നം
,,,,,,,,,,,,,,,,,,,,,
സ്വപ്നം നഷ്ടപ്പെട്ട ഒരാൾ
എത്രകാലം
അതു തിരഞ്ഞു നടക്കും ?
വടി കുത്തി
നടുവളഞ്ഞ്
താഴേക്ക് നോക്കി
എത്ര കാലമായി
അവർ നടക്കുന്നുവെന്ന് എനിക്കറിയില്ല
സ്വപ്നങ്ങൾ വീണുപോകുന്നതാണ്
ശരിക്കും നമ്മുടെ വീഴ്ച.
വീഴ്ചയിൽ
ഒരു ചിറകിൻ്റെ തണലുണ്ടെങ്കിൽ
അതു മതി
വീണ്ടും ഒരു പറക്കൽ സ്വപ്നം കാണാൻ .

മൗനം .........


മൗനം
.........
ഊർന്നിറങ്ങിപ്പോയ
മൗനത്തിൻ്റെ കുറുകൽ
നിശ്ശബ്ദതയിൽ പറന്നത്
നമുക്കേ അറിയൂ
അതിൻ്റെ തൂവലുകൾ
നാമെടുത്തു വച്ചിട്ടുണ്ട്
ആരതിനെ വളപ്പൊട്ടെന്നു വിളിച്ചാലും
നമ്മുടെ മൗനത്തിലതിപ്പോഴും
ചിറകടിക്കുന്നു
പല വർണ്ണത്തിൽ
പല താളത്തിൽ

കാണാതാകൽ


കാണാതാകൽ
..........................
ഒരനുഭവത്തിൻ്റെ
രണ്ടോർമ്മകൾ
രണ്ടു ദിക്കിലിരുന്നു കരഞ്ഞു.
രണ്ടു കരച്ചിലിൻ്റെ
ഒരനുഭവത്തിൽ
അവർക്കിടയിലെ
അകലം കാണാതായി

പൂവിളി


പൂവിളി
..............
പൂവിളി പൊങ്ങുന്നേരം
രാക്കിളി പാറുന്നേരം
കുന്നിലും വയലിലും
നമ്മളന്നോടിച്ചെല്ലെ,
തൂമഞ്ഞിൻ മധുരസം
മോന്തിയ തുമ്പപ്പൂക്കൾ
പുഞ്ചിരിപ്പൂവാൽ നമ്മെ
സൽക്കരിച്ചണയ്ക്കുന്നു
കാലുകൾ പിടിച്ചു കൊ-
ണ്ടോമനത്തൊട്ടാവാടി
തൊട്ടടുത്തിരിക്കുവാൻ
സാമോദം മൊഴിയുന്നു
ചിനുങ്ങും മഴത്തുള്ളി
തഴുകുമരിപ്പൂക്കൾ
അരികെ ചെല്ലാൻ ചൊല്ലി
തുടുത്തു ചിരിക്കുന്നു
കയ്യിലെ പൂവട്ടിയിൽ
നിറയും വസന്തശ്രീ
നിർമ്മലം പകരുവാൻ
പൂവമ്പൻ വിരുന്നെത്തി
തെളിയും സൂര്യാംശുവിൽ
പൂവിളിക്കുത്തരമായ്
കൗതുകക്കണ്ണാൽ നമ്മെ
നോക്കുന്നൂ തെച്ചിപ്പൂക്കൾ
വളരും സൗഹൃദത്താൽ
നടക്കും വഴിയെല്ലാം
സ്വർഗ്ഗമായ് തീരുന്നേരം
നന്മകൾ വിടരുന്നൂ
ഓരോരോ പുൽത്തുമ്പിൽ
പറന്നു കളിക്കുന്നു
നമ്മുടെ സ്നേഹത്തിൻ്റെ
പൊന്നോണ പൂത്തുമ്പികൾ
പൂപൊലി പാടിപ്പാടി
വാസരം വരുന്നേരം,
നമ്മളിൽ വിരുന്നെത്തും
നന്മയാം തിരുവോണം
ഋതുക്കൾ കഴിയവേ
വീട്ടിലെ കാണാ ദുഃഖം
നാട്ടിലെ കാണാ ദാഹം
തളർത്തീ നമ്മെ പിന്നെ
അന്നത്തെ കിളികളും
അന്നത്തെ കളികളും
മറഞ്ഞ വഴികളിൽ
നമ്മളും ചിതറിപ്പോയ്
ഓണമേ വരൂ വരൂ
വെ,ന്നുള്ളു വിളിക്കമ്പോൾ
ഓർമ്മകൾ നടക്കുന്നൂ
നമ്മുടെ ബാല്യം തേടി.

മൂന്നു കാര്യങ്ങൾ


മൂന്നു കാര്യങ്ങൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കടലിന്നൊരറ്റം
പൊക്കി നോക്കുന്ന കാറ്റിൽ
തുഴഞ്ഞുലഞ്ഞു 
തിരയ്ക്ക് മുകളിലൂടൊരു കിളി
തോണിയെന്ന പോൽ
മക്കൾക്കന്നത്തിനായ്
മീനിനെ തിരഞ്ഞ്
കടലിന്നടിയിൽ നിന്നൊരു പെൺമീൻ
കരകാണുവോളമുയരത്തിൽ
ചൂണ്ടൽ കൊളുത്തുകൾക്കിടയിലൂടെ
രക്ഷപ്പെട്ട്
കാണാതായ മക്കളെ തിരഞ്ഞ്
കടപ്പുറത്തു കാറ്റിൽ വിരലുകൾ കോർത്ത്
കരപറ്റുവാനാവാതെ
കരയുന്നു രണ്ടു പേർ
ഒരാഗ്രഹത്തിൻ തിരയവരിൽ
ജീവിതം തിരഞ്ഞ് .

കൂട്ടിലെ തത്ത


ആകാശമില്ലാത്തവന്
ചിറകുള്ള സ്വപ്നവും
കൂട്ടിലെ തത്തയാവുന്നൂ

ഇനിയെങ്ങനെ


പൂവുകൾ പേടിച്ചിരിക്കുന്ന മേട്ടിൽ
പൂവട്ടിയുമായി
ഞാനെന്തിനാണ് കയറിപ്പോയത് ?
ഒന്നും ഓർമ്മയില്ല
പൂക്കളിങ്ങനെ കൊതിയോടെ 
എന്നെ നോക്കുമ്പോൾ
ഇനിയെങ്ങനെ ഞാനവയെ
അറുത്തെടുത്തെൻ്റെ
പൂത്തറയലങ്കരിക്കും ?

കിളി കളി കിളി


കിളി കളി കിളി
......................
കിളി കളി
കിക്കിളി കളി
കിളികളെൻ്റെ
കളിക്കൂട്ടുകാർ
കളി മൊഴിയിൽ
കിളിമൊഴിയിൽ
കളിക്കാലത്തിൻ
കളിമ്പമെല്ലാം
കിളികളായി
കളി തുടങ്ങി
കിളവനായ് ഞാൻ
കളിനിർത്തവേ.

അമ്മ


പ്രകൃതിയിൽ നിന്ന്
വാക്കുകളിലേക്ക് ഞാൻ
കടന്ന പാലമാണ് അമ്മ

ജീവിതം പ്രകാശിക്കുവാൻ


കുന്നില്ലാതെ
വയലില്ലാതെ
പൂക്കളുടെ വെളിച്ചമില്ലാതെ
എന്നും ഇരുട്ടിലായവന്
സ്വപനത്തിൻ്റെ ഒരിലയിൽ
ഒറ്റപ്പെട്ട മഞ്ഞുതുള്ളിയാണ് ഓണം
അതിന്നാർദ്രതയിൽ
സൂര്യനെഴുതുന്ന കവിതയുടെ
തിളക്കം മതി
ജീവിതം പ്രകാശിക്കുവാൻ.

തണൽ


തണൽ
**********
അവളുടെ മനസ്സിൽ ഒരു മാവുണ്ട്
അതിന്റെ താഴെ കൊമ്പിൽ
ഒരൂഞ്ഞാലുണ്ട് 
അതിനടുത്താണ് ഞാൻ നില്ക്കുക
ആർക്കും മുറിക്കാൻ പറ്റാത്ത
ആ മാവിലാണ് ഞാനും അണ്ണാനും
ഒരേപോലെ കയറിപ്പോകുക
തിരിച്ചിറങ്ങുമ്പോൾ
അവളുടെ ചൊടിയിൽ മാമ്പഴം പഴുക്കും
ഊഞ്ഞാലിൽ മാമ്പഴക്കാലം വന്നിരിക്കും
അതിന്റെ താളത്തിൽ അവളാടും
ഞാനതിപ്പോൾ കാണാറില്ല
അടുക്കളയിലെ കലമ്പലിൽ
ഇടവേളകളുടെ ഇളവെയിലിൽ
മാവിൻ കൊമ്പിലെ കിളിക്കൂട്ടത്തിലൊരു
കിളിയായ് അവളിപ്പൊഴും ആടും
എത്ര മാവുകൾ മുറിച്ചാലും
എത്ര മാവുകൾ മുറിഞ്ഞു വീണാലും
എനിക്കതിന്റെ തണലുണ്ട് .

പതാക


പതാക
*********
സ്വാതന്ത്യ്രദിനത്തിൽ
ഉറക്കച്ചടവോടെ
പതാക ഉയർത്താൻ ചെന്ന എന്നോട്
മൂവർണ്ണക്കൊടി സംസാരിച്ചു തുsങ്ങി ,
സ്വാതന്ത്യ്രം ഉറക്കത്തിൻ് റേയോ
ഉൻമാദത്തിൻ്റേ യോ
ഉദാസീനതയുടേയോ പേരല്ല
ഉയിരിൽ കെടാതെ നിൽക്കേണ്ട
ഒരു നെയ്ത്തിരിയുടെ
ഉടലുമുയിരും പുതുക്കിപ്പണിത
മഹാ വെളിച്ചത്തിൻ്റെ പേരാണത്
അതിൻ്റെ പ്രകാശത്തിലിരുന്നാണ്
സ്വപ്നങ്ങൾ എഴുത്തു പഠിക്കുക
മൂന്നു വർണ്ണങ്ങളുടെ
ചരിത്രം പഠിക്കുക,.
എറൻ്റ മുകളിൽ ജ്വലിക്കുന്ന
ഈ കുങ്കുമ നിറം
സ്വാതന്ത്യ്രത്തിനു വേണ്ടി
പകലാ യുദിച്ചവരുടെ സന്ധ്യാകാശത്തു നിന്ന്
നടുക്ക് കാറ്റിൽ വിറയ്ക്കുന്ന
വെളുപ്പ്
സമാധാനത്തിനു വേണ്ടി ഉറക്കം കളഞ്ഞവരുടെ
സ്വപ്നത്തിൽ വിടർന്ന
മുല്ലപ്പൂക്കളിൽ നിന്ന്
താഴെ തുടിക്കുന്ന പച്ച
രാജ്യസ്നേഹികളുടെ
നിസ്വാർത്ഥമായ സേവനത്തിൻ്റെ
വാടാത്ത പച്ചപ്പിൽ നിന്ന്
ഏതു കൈക്കും ഉയർത്താവുന്ന
ഏതു കാറ്റിനും ഇളക്കാവുന്ന ഒരു തുണിയല്ല ഞാൻ
നിൻ്റെ കൈകളിൽ
കാലുകളിൽ
സ്വപ്നങ്ങളിൽ
വാക്കുകളിൽ
പ്രവൃത്തിയിൽ ഒരു ബഹുവർണ്ണച്ചങ്ങല
കുടുങ്ങിക്കിടക്കുന്നുണ്ട്
നീയതിൻ്റെ വർണ്ണങ്ങൾ മാത്രം കാണുന്നു
നിന്നെ അതിൻ്റെ കണ്ണികൾ കാണുന്നു
ഒരു കണ്ണിക്ക്
നിൻ്റെ മതത്തിൻ്റെ നിറം
മറ്റൊന്നിന് നിൻ്റെ ജാതിയുടെ.
മറ്റൊന്നിന് നിൻ്റെ പാർട്ടിയുടെ
ഇനിയൊന്നിന് നിൻ്റെ
സംഘടനയുടെ
മറ്റൊന്നിന് നിൻ്റെ
ജോലി സ്ഥാപനത്തിൻ്റെ
ഇനിയൊന്നിന് കടത്തിൻ്റെ ...
മറ്റുള്ളവയ്ക്ക് എനിക്കു തിരിച്ചറിയാൻ വയ്യാത്ത
നൂറു നൂറു നിറങ്ങൾ
അതിൻ്റെ മാസ്മരികതയിൽ
നീ മയങ്ങിപ്പോകുന്നു
സ്വാതന്ത്ര്യ മറിയാതെ
സ്വാതന്ത്യ്രദിന മറിയാതെ
സ്വതന്ത്രനാവാതെ.

അവൾകടൽ


അവൾകടൽ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അവനെ കൊണ്ടുപോയ
കടലിൻ്റെ തീരത്ത്
അവളൊരിക്കലും കാറ്റു കൊള്ളാൻ വരില്ല
പക്ഷേ
കാറ്റവളെ തിരഞ്ഞു വരും
അവൻ കെടുത്തയക്കുന്ന
നേർത്ത തലോടൽ
അവൾക്കു കൊടുക്കാൻ.
ഇനിയാ കടൽ
അവളെങ്ങനെ കാണും ?
പക്ഷേ
കടൽ അവളെ
കടൽ പോലെ കാണും
അവളിൽ തിരയടി ക്കുന്നതറിയും
ആ തിരകളിൽ
അവൻ്റെ തോണി മാത്രം.
അവളുടെ ആഴത്തിലെ വിടെയോ
അവൻ നീന്തുന്ന സ്വർഗ്ഗം.
കടൽ അവളെ നോക്കി
കണ്ണു ചുവക്കുവോളം
അവളുടെ തീരത്ത് ഒറ്റയ്ക്കിരിക്കും
അവളൊന്നുമറിയില്ല
ഇല്ല,
അവളിനി കടപ്പുറത്തേക്കു വരില്ല
കാറ്റുകൊള്ളലും കൈകോർക്കലും
പിടഞ്ഞു മരിച്ച വല
അവളുടെ കടലിൽ
കടലിനിയും വീശും.
അതു കൊണ്ട്
കാലു കാണാൻ വരുന്നവരേ
അവളെ വിളിക്കരുതേ !

കടലിനെ കുറിച്ച് 10 ഹൈക്കുകൾ


കടലിനെ കുറിച്ച് 10 ഹൈക്കുകൾ
1.തിര
ജലരഥവുമായ് വെളളക്കുതിരകൾ
നീലപ്പരപ്പിൽ യുദ്ധ സന്നാഹം,
തിരകളുടെ മുന്നേറ്റം
2. കsലാൾ
ആഴത്തിന്നാഴത്തിലൊളിച്ച
സുന്ദരിമീനിന്നഴകിൽ
കടലാളുടെ മൂക്കുത്തി
3. അമ്മ
വീണു കിടന്നു പിടയ്ക്കും
മഴത്തുള്ളികളെയെടുത്തു മ്മവെച്ച്
നെഞ്ചോടു ചേർക്കുന്നു കടലമ്മ
4. സ്നേഹം
കാത്തിരുന്നവളുടെ ചാരെ
കരഞ്ഞെത്തിയ തിരയിൽ
ഒരു സ്നേഹമുത്തം
5. തോണിയിൽ
നിലാവേറ്റു തുഴയുന്നു
സ്വപ്നങ്ങൾ
ഒരു ദരിദ്ര മുക്കവൻ
6.ആനന്ദം
ആഴക്കടലിൽ
സൂര്യനെ കാണാതെ
ആനന്ദിക്കുന്നു മീനുകൾ
7. കിടപ്പ്
കവിതയിൽ കിടക്കുന്നു കടൽ
നിലാവു പുതയ്ക്കുന്നു
കാറ്റു താരാട്ടുന്നു
8 .ധൈര്യം
ചൂണ്ടലിൽ കൊത്താതെ
ചുണ്ടൽക്കാരനെ വിഴുങ്ങുന്നു
പെരുമീൻ ധൈര്യം
9. കളി
പുഴകളെല്ലാം
ഉള്ളിലെവിടെയോ
ഒളിച്ചുകളിക്കുന്നെന്നു കടൽ
10. ലൈറ്റ് ഹൗസ്
തിളച്ചുമറിയുമിരുട്ടിൽ
തിര മുറിച്ചൊരു നാവിക ൻ
ദൂരെ പ്രതീക്ഷയുടെ ചുവപ്പു താരകം
(Muneer agragaami)

കൊണ്ടാട്ടങ്ങൾ


കൊണ്ടാട്ടങ്ങൾ
****************
കൊണ്ടാട്ടം
കൊണ്ടവരുടെ ആട്ടമാണ്
അതെപ്പോഴും തിളയ്ക്കുന്ന
എണ്ണയിലാണ്
സംഭവിക്കുക
കാരണം
മറ്റെല്ലാ തണുത്ത ഇടങ്ങളും
നിങ്ങളുടേതാകുമ്പോൾ
നിങ്ങൾ അവരെ എടുത്തെറിയുന്ന
ഏതെണ്ണയിലും അവരാടും
തീരും മുമ്പ്
മറ്റൊരു ജീവിതത്തിന്
തീരാ രുചിയാകണേ
എന്ന പ്രാർത്ഥനയിൽ.
നിങ്ങളുടെ രുചിക്കു വേണ്ടി
അവർ 'കൊണ്ട് ' ആടുന്നതാണ്
ഉണക്കനിറമുള്ള
പച്ചജീവിതം.
നിങ്ങളുടെ രുചി
അതെത്ര കൊണ്ടാടിയാലും
രസിച്ചാലും
അവർക്കവരുടെ ജീവിതം
രസമേയല്ല
വെയിലിൽ
ഭരണിയിൽ
ജയിലിൽ
തിളയ്ക്കലിൽ
പൊരിയലിൽ
വേദനയിൽ
അത് തീർന്നു പോകുന്നു

കടം / സങ്കടം


കടം / സങ്കടം
..........................
കടം തീരാത്തവൻ്റെ
സമ്പാദ്യമാണ് സങ്കടം
കടപ്പാടിൽ ആരും കാണാതെ
ചിലപ്പോൾ അതൊളിച്ചു വെയ്ക്കും
കടമയിൽ പലിശ സഹിതം
അതു നിക്ഷേപിക്കും
ഒരു കടപ്പത്രത്തിലും
കണ്ണീർ തുള്ളി കൊണ്ട്
രേഖപ്പെടുത്തിയ അതിൻ്റെ പാടുകൾ കാണില്ല
എല്ലാ കടങ്ങളും
വീട്ടുവാനുളളതല്ലെന്ന്
മനസ്സിൽ വന്നിരുന്ന്
ഒരു കുട്ടി
പഴങ്കഥ പറയുന്നു,
സ്വന്തമാക്കിയ മഴയും വെയിലും
തിരിച്ചു കൊടുക്കാനാവാതെ
അവൻ ഏതു പ്രായക്കാരിലും
വന്നിരിക്കും
അവനാണ്
സങ്കടങ്ങളുടെ ഖജനാവിന് കാവലിരിക്കുക.
അമ്മ ഇല്ലാതായ അന്നത്തെ
അമ്മേ എന്ന വിളിയിൽ
വച്ചതിൻ ബാക്കി
അച്ഛനെന്ന
ഓർമ്മ പ്പേടിയിൽ
അവനെടുത്തു വെക്കും
ബാക്കിയുള്ളത്
പെങ്ങളുടെ രഹസ്യ പുസതകത്തിലോ
ഏട്ടൻ്റെ എഡ്യുക്കേഷൻ ലോ ണിൻ്റെ
ചീട്ടിലോ
ഒതുക്കി വെക്കും
***
2 .
കടം കടപ്പാടുകളുടെ
കുന്നുകയറുന്ന
കഴുതയാണ്
അതിൻ്റെ പുറത്ത്
സങ്കടം കയറ്റി വെക്കുമ്പോൾ
അതിൻ്റെ മുഖം മാറുന്നു
കാലു മാറുന്നു
കാലം അതിനെ ഒരു
മനുഷ്യനാക്കുന്നു
അറ്റമില്ലാത്ത കയറ്റം
അതു കയറുന്നു
കയറുന്നു
***
3.
കടന്നു പോയ വാതിലുകൾ
കടം തന്ന സമ്പത്ത്,
അടഞ്ഞ വാതിലുകൾക്ക്
മുന്നിൽ നിന്നു വിയർക്കുമ്പോൾ
ഉപയോഗിക്കാൻ
കൂട്ടിവെച്ച സങ്കടങ്ങൾ മാത്രം
കടം കടന്നു നടക്കുന്നവൻ്റെ
ഇടത്താവളത്തിൽ
നിറയെ
അതുണ്ട്.
നിഷ്കളങ്കനായ ആ പഴയ കുട്ടി
അതിനടുത്ത് കാവലിരിക്കുന്നു
കാവലിരിക്കന്നു.

വറ്റൽ


വറ്റൽ
............
എവിടുന്നോ പറന്നു വന്ന്
ഒരുത്തന്റെ
കഴുത്തിനു പിടിച്ചു പറയുകയാണ്‌
തുമ്പിയെന്നു പേരുള്ളവൾ ,
"ചെമ്പരത്തിപ്പൂവിൽ
വിശ്രമിച്ചിരുന്നോരെന്നെ
പിടിച്ച്
ഡാഫ്ഫോടിൽസിൽ
കൊണ്ടുവെച്ച്
അസ്വസ്ഥനാക്കിയവനെ
തിരഞ്ഞു നടക്കുന്നേൻ
അടിയാധാരമില്ലാത്ത
പുരയിടം പോലെ
ജീവിക്കുന്നേൻ
കല്ലെടുത്ത്‌ കല്ലെടുത്ത്
കളിയെല്ലാം മറന്നു പോയേൻ "
ഒന്നും മിണ്ടാതെ നിന്നില്ല ന്നേരം
തുമ്പയെന്നു പേരുള്ളവൻ.
അവൻ പറഞ്ഞു
"നിനക്ക് ജീവിക്കുവാൻ
ഒരിടമെങ്കിലുമുണ്ട്
എനിക്കോ
പുറമ്പോക്കു പോലുമില്ല
പുറത്ത് വീഴു മിന്റെർ ലോക്കുകട്ടകൾ
തടുക്കുവാൻ പൊലുമാവതില്ല
കൈയ്യെടുക്കൂ, കൈയ്യെടുക്കൂ
ഒന്നു വെളുത്തു ചിരിക്കുവാൻ
പൊലുമനുവാദമില്ല"
പിന്നെയൊന്നും പറഞ്ഞില്ലോമലാൾ
തുമ്പപ്പൂവിൽ വിശ്രമിക്കുവാനൊരുനാൾ വരുമെന്ന്
വെറുതെ നിനച്ച,വനെയോർത്തു
കണ്ണീരായ്
വറ്റിപ്പോയ്

വർഷം


വർഷം
*******
ഒരു വർഷത്തെ
വർഷമെന്ന്
വെറുതെ പറയുന്നതല്ല
മുന്നൂറ്റി അറുപത്തഞ്ചു
തുള്ളികളുള്ള
മഴയാണത്
അതു കൊളളുമ്പോഴാണ്
വയസ്സാവുന്നത്
തിരിച്ചു കിട്ടാത്ത ഒഴുക്കാണ്
പോയ വർഷം
വർഷിച്ചത്
തോർന്ന മഴ ഇനിയൊരിക്കലും കൊള്ളാനാവാത്ത
അനുഭവത്തുള്ളികളാണ്
വർഷം വർഷമാകുന്നത്
അങ്ങനെ
വർഷിക്കുമ്പോഴാണ്

വാർത്തകൾ


വാർത്തകൾ
...................
മുന്നിലെത്തിയ വാർത്തകൾ
പഴയതുപോലെ ആയിരുന്നില്ല
അവയുടെ കഴുത്തിൽ
വലിയ
ചങ്ങലയുണ്ടായിരുന്നു
ചാട്ടവാറുമായ് ഉദ്യോഗസ്ഥർ
അവയ്ക്കു പിന്നാലെ നടന്ന്
ഡ്യൂട്ടി നിർവ്വഹിക്കുന്നുണ്ടായിരുന്നു
എല്ലാ വാർത്തളുടേയും മുഖത്ത്
അതിയായ സന്തോഷമുണ്ടായിരുന്നു
അവ ഭരണാധിപൻ്റെ നാമം ജപിക്കുന്നുണ്ടായിരുന്നു
നഗ്നനായ രാജാവിനെ
ചൂണ്ടിക്കാണിച്ച കുട്ടി
എൻ്റെ കൂട്ടുകാരനാണ്
അവനിപ്പോൾ വലുതായിരിക്കുന്നു
ഞാനവനോട് പറഞ്ഞു,
സത്യാന്വേഷകരായ നാമിപ്പോൾ
സത്യത്തിൻ്റെ സെമിത്തേരിയിലാണ്
വാസ്തവം
അവാസ്തവമായ ഒരു
കെട്ടുകഥയാണ്
അന്വേഷിച്ചു ചെന്നാൽ
കഥകളുടെ കെട്ടുകളിൽ
നാം കഥയില്ലാത്തവരായി
കുടുങ്ങിക്കിടക്കും
വാസ്തവം
തിരഞ്ഞു പോകാൻ നിനക്കുമെനിക്കും
അവകാശമില്ലാത്ത ഒരു ബില്ല്
ഉടനെ നിയമമാകും
വാർത്തകൾ
അങ്ങോട്ടുള്ള വഴിയിലാണ്
അവയുടെ പച്ചകുത്തിയ ലിപികൾ
വായിച്ചെടുക്കുവാൻ
നമ്മുടെ പഠിപ്പ്
മതിയാവില്ല
ഭാഷ നമ്മുടേതല്ലാതാകുമ്പോൾ
വാർത്ത നമ്മുടേതല്ലാതാകുമ്പോൾ
കുട്ടുകാരാ
നമുക്കു ചുറ്റും നിന്ന്
ആരാണ് നമ്മെ പുറത്താക്കുന്നത്?
അല്ല : അകത്താക്കുന്നത് ?

പേടി


പേടി
..........
എന്നോ മുറിച്ചിട്ട വാല്
തിരഞ്ഞു നടക്കുന്ന
രണ്ടു പല്ലികളാണവർ
ഏതപകടത്തിനു മുന്നിൽ നിന്നാവും
അതു മുറിച്ചിട്ടുണ്ടാവുക?
ഏതു കാലത്തിലാവും
അത് പിടഞ്ഞു നിശ്ചലമായിട്ടുണ്ടാകുക ?
വിരഹത്തിൻ്റെ രണ്ടതിരുകളിൽ
വിറച്ചിരിരിക്കുമ്പോൾ
അവർ തന്നെ
ചോദിക്കുന്നു
മുറിച്ചു കളഞ്ഞതിൻ്റെ
തിരിച്ചുവരവാണോർമ്മ
ഏതോ പേടിയിൽ
അവയവങ്ങളോരോന്നായ്
മുറിച്ചു കളഞ്ഞ്‌
അതിജീവിക്കുന്നു
ബാക്കിയായ
മനസ്സുകൾ രണ്ടിൻ്റേയും
അറ്റം കൂട്ടിമുട്ടിക്കുവാൻ
കടിഞ്ഞാണില്ലാത്ത
സ്വപ്നങ്ങളുടെ പുറത്ത്
അവർ കുതിക്കുന്നു.
ഇപ്പോൾ അവർ പല്ലികളല്ല;
പാവം മനുഷ്യർ
വെറും മനുഷ്യർ

ഉത്തരം


ഉത്തരം
,,,,,,,,,,,,,,,,,,,,
പരീക്ഷകൾ
സമയത്തിൽ
കൊത്തുപണി ചെയ്യുന്നു
കൊത്തി വച്ച
ഉത്തരങ്ങൾ
പ്രാർത്ഥനയ്ക്ക്
മൂർത്തികളാകുന്നു
കൈകൾ കൂപ്പി
കടലാസിൻ്റെ തിരുനടയിൽ
സാഷ്ടാംഗം വീഴുന്നു
ലാസ്റ്റ് ബെഞ്ചിലിരുന്ന്
പൊട്ടിച്ച കതിന വെടികൾ
മാത്രമായിരുന്നു
വഴിപാട്
അദ്ധ്യാപകരും
സിലബസ്സും
കൈവിട്ട വന്
ഉത്തരമേ നീ തന്നെ
ശരണം

സെൽഫി


സെൽഫി
.................
സെൽഫിയെടുക്കും മുമ്പ്
എത്ര പേരെന്നെ
ഒതുക്കാൻ ശ്രമിച്ചു !
വാക്കുകൾ കൊണ്ടും
നിയമം കൊണ്ടും
അവരുടെ ചരിത്രം കൊണ്ടും.
പാട്ടും കൊണ്ടും
പഴങ്കഥ കൊണ്ടും
പട്ടങ്ങൾ കൊണ്ടും.
ഒന്നിലും ഒതുങ്ങാതെ
അന്നൊക്കെ
ആട്ടിൻകുട്ടിക്കൊപ്പം
ഒതുക്കു കല്ലുകളിറങ്ങി നടന്നു.
പിന്നെയെങ്ങനെ
സെൽഫിയുടെ
നാലതിരുകളിൽ
ഒതുങ്ങുമഹങ്കാരമായ്
നീ മാറി ( ?) യെന്നവൾ.
എഴുപതുകളിൽ ഏറു കിട്ടിയ
നായയ്ക്ക ്
മുഖം നോക്കാനും
കാണിക്കാനുമിതൊരു കണ്ണാടിയെന്നു ഞാൻ
നിറങ്ങളുടെ മുഖം മൂടികൾ
വലിച്ചു കീറി
എന്നിലെ 'നര' നോടേ
അവൾ സംസാരിക്കൂ
വൈകൃതങ്ങൾ ഒളിപ്പിച്ച
ചിത്രം മെല്ലെ പൊക്കി നോക്കുന്ന
സർറിയലിസ്റ്റാണ് അവൾ
എനിക്ക് എടുത്താലും
എടുത്താലും തീരാത്ത
ഒരു ചിത്രമാണ്
അല്ല
വലിയ ഭാരമാണ്
സെൽഫി.
എന്നിട്ടും ഞാനതെടുക്കുന്നു
എന്നെ എനിക്കല്ലാതെ
അവൾക്കെങ്ങനെ
ഒതുക്കാനാകും ?
ദേ പിന്നെയും
ഞാൻ സെൽഫിയെടുക്കുന്നു
ഒതുക്കു കല്ലുകൾ നിന്നിടത്ത്
വന്നു കിടന്ന
കറുത്ത റോഡിൽ നിന്ന് .

വായന


വായന
.................
ഉടലിൽ
ചാരി വെച്ച
നിസ്സംഗതയിലേക്ക് നോക്കിയിരിക്കുന്ന
അനുഭവത്തിൻ്റെ
നിശ്ശബ്ദതയിലാണ്
എൻ്റെ വായന
നിൻ്റെ ഭാഷയിൽ
എൻ്റെ ഭാഷയിൽ
വാക്കുകളില്ല
കണ്ണിലെഴുതിയ ലിപികൾ
കണ്ണുകൾ വായിക്കുമ്പോലെയോ
കവിളിൽ എഴുതിയത്
ചുണ്ടുകൾ വായിക്കുമ്പോലെയോ
അല്ല
ഭാഷകൾക്കതീതമായി
ഒരു വായന
കണ്ണീരു കൊണ്ട്
തുടങ്ങുന്നു
തണുത്തുറഞ്ഞ
സ്വപ്നത്തിൻ്റെ വിരലുപിടിച്ച് നടക്കുന്നു
നീ എന്നു വായിക്കുമ്പോൾ
ഞാനെന്നു മാറുന്നു
ഞാൻ മാത്രം
വായിക്കുന്നു,
നിശ്ശബ്ദമായി

ഉണ്ടാകില്ല (അധോലോക കവിതകൾ 16 ).



അവർ നിനക്ക്
രുചിയുള്ള ഭക്ഷണം തരും
ആ രുചി കൊണ്ട്
നിൻ്റെ നാക്കിനെ ബന്ധിക്കും
പിന്നെ നിനക്കൊച്ചയുണ്ടാകില്ല
നിൻ്റേതായ വാക്കുകളേ ഉണ്ടാകില്ല

വിരഹം


വിരഹം
,,,,,,,,,,,,,,,,,,
പറന്നു പോയ കിളി
കണ്ണിലെഴുതിയ ചിത്രം
ഹൃദയത്തിൽ പകർത്തുന്ന 
കലാകാരനാണ് വിരഹം

ആറ് അവൾ കവിതകൾ

ആറ് അവൾ കവിതകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

1
ഒരു നാൾ അവൾ
കെട്ടിയിട്ട വാക്കുകളെയെല്ലാം
അഴിച്ചുവിടും
എന്നിട്ട്
അവ എല്ലാവർക്കുമിടയിലൂടെ
നടന്നു പോകുന്നതു നോക്കി
സന്തോഷിക്കും
*********

2
ഒരു കവിതയും മതിയാവാതെ
അവൾ അവൻ്റെ കണ്ണിൽ നിന്ന്
അവൾക്കു മാത്രം കാണാവുന്ന
തെളിച്ചം എടുത്തു വായിക്കുന്നു
*********

3
പറവകൾ തൂവലുകൾ കൊണ്ട്
കാറ്റിലെഴുതിയത്
അവളുടെ സ്വപ്നമായിരുന്നു
അതുകൊണ്ട്
സ്വപ്നത്തിൽ
അവൾ പറവയായി
********

4
ഉയരാൻ ആഗ്രഹിച്ചിട്ടും
ഉയരം അവളെ കൊണ്ടു പോയില്ല
ആ ആഗ്രഹം അടച്ചു വെച്ച്
അവൾ ആഴത്തിലേക്കു പോയി
ആഴം അവളെ
വിട്ടുതന്നതേയില്ല
******

5
വാക്കുകളേറ്റു പൂക്കുന്ന
ഒരുവളേയുള്ളൂ;
കാമുകി.
വാക്കൊന്നു പിഴച്ചാൽ
വേഗം കൊഴിയുന്നവളും
******

6
വിളറിപ്പോയ മനസ്സിന്
നിറം കൊടുക്കാൻ
അവൾ പല നിറങ്ങളുടുക്കുന്നു
*****

ഓരോ തുള്ളിയിലും


അനുദിനം പെയ്യും
അനുഭവമഴയിൽ

ഓരോ തുള്ളിയിലും
അനുതാപമലിഞ്ഞു
അനുഭൂതി തന്നാനന്ദമാം
അനുനയത്തിൽ
നിറഞ്ഞു കവിഞ്ഞേ
ൻ!

ഇത്രമാത്രം


ഇത്രമാത്രം
,,,,,,,,,,,,,,,,,,,,,,,,,,,
സങ്കടം കടന്നു
മറുകര കണ്ടവന്നു
കടലൊരു കൈത്തോട്
വേദനയിൽ നിന്നിറങ്ങി നടന്നവന്
താരകമൊരു മുല്ലപ്പൂ
ആധി തന്നാഴത്തിൽ
നിന്നുംകയറി വന്നവന്
കൊക്കയൊരു കളിസ്ഥലം
കവിളിൽ കണ്ണീർ പാടുള്ളവന്
പുഴകളൊക്കെയും
വെളുത്ത മുടിയിഴകൾ
ഹൃദയത്തിലെരിയും
കാട്ടുതീയുള്ളവന്
കാടെല്ലാം പുൽക്കൊടികൾ
സ്വപ്നങ്ങൾ ശവക്കുഴിയിൽ കിടക്കുന്നവന്
പുഞ്ചിരിയെല്ലാം
പുനർജ്ജൻമങ്ങൾ
.............................

'പൂച്ച'

'പൂച്ച' 
,,,, ,,,,
...
വാക്കുകൾ കൊണ്ട്
എത്ര ഏറു കിട്ടിയിട്ടും
നിന്നെ വിട്ടു പോകാത്ത
ഒരു പൂച്ചയെ
നീ എന്നിൽ വളർത്തുന്നു

ആശയം

ആശയം
,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരാശയം മറ്റൊരാശയത്തെ
തൂക്കിലേറ്റുമ്പോൾ
സംവാദമാണ് കൊല്ലപ്പെടുന്നത്
ചർച്ചകളാണ് നാടുനീങ്ങുന്നത്
സഹിഷ്ണുതയാണ്
തീപ്പെടുന്നത്
ജനാധിപത്യത്തിൻ്റെ
വെടിയാണ് തീരുന്നത്
എത്ര വലിയ കയറായാലും
എത്ര മൂത്ത ആരാച്ചാരായാലും
അവർ നോക്കി നിൽക്കെ
ആശയം ഉയിർത്തെഴുന്നേൽക്കും
ദൈവപുത്രനേയും പിന്നാലാക്കി
തുക്കുമരത്തോട്
അതു പടവെട്ടും
ഒന്നും സംഭവിക്കില്ല
ചരിത്രത്തിൽ മറഞ്ഞു നിന്ന്
ആനന്ദങ്ങളിൽ
ഒളിഞ്ഞു നിന്ന്
ന്യായാധിപൻ്റെ പിന്നിൽ നിന്ന്
ഒരാശയം വിധി പറഞ്ഞു കൊണ്ടേയിരിക്കും
മാറ്റാശയങ്ങളെല്ലാം
തൂക്കിലേറ്റപ്പെടും
ഫാഷിസം എന്നതിൻ്റെ അർത്ഥം അറിയുന്നവർ
ജയിലഴികൾക്കുള്ളിൽ നിന്നു മാത്രം
ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും
എന്തെന്നാൽ പകൽ വെളിച്ചം
അവരുടെ നാവിന്
തടവറയാണ്
ഒരാശയം മാത്രം കൊടിമരത്തിൽ പാറുമ്പോൾ
പേടിയുടെ പേരാകുന്നു കാറ്റ്
നിറം കെട്ട ഒരു പന്താകുന്നു ഭൂമി
പറക്കുവാൻ പറ്റാത്ത
നീലയാകുന്നു ആകാശം
ഒരാശയം മറ്റൊരാശയത്തെ
കഴുമരത്തിലേറ്റുമ്പോൾ
അതു വടിയാകുമോ?
എല്ലാ വടികളും കൂടി
തിരിച്ചടിക്കുവാൻ
ഒരാശമായി ഒരു നാൾ
പുനർജ്ജനിക്കുമോ?
കൊല്ലപ്പെട്ടെന്നു തോന്നിയാലും
ആശയങ്ങൾ മരിക്കുന്നതെങ്ങനെ
അമ്പെയ്തവനേയും
വെടിവെച്ചവനേയും
ബോംബിട്ടവനേയും
തിരഞ്ഞ് അത് നടക്കുന്നുണ്ടാകുമോ ?
ആശയങ്ങൾ ചിരഞ്ജീവിളായിട്ടും
അവയെ കൊന്നു എന്നു തോന്നിപ്പിക്കുന്ന മാന്ത്രികനാണ് അധികാരം
(മുനീർ അഗ്രഗാമി)

ആഗ്രഹം

ആഗ്രഹം
..................
എക്കാലവും വിസ്മയ ച്ചിപ്പിയിൽ
വെച്ചെന്നെ മുത്താക്കും
ഇക്കാവ്യഭൂമിയുടെ
നെഞ്ചു പറ്റിക്കിടക്കട്ടെ ഞാൻ
പൂക്കാലവും മഞ്ഞും മഴയും
വിരിച്ചിട്ടമെത്തയിൽ
വാക്കാലെന്നെ തലോടുമവളെ
ജീവനിൽ ചേർക്കട്ടെ ഞാൻ

ചോദ്യം

ചോദ്യം
.............
ഈ മഴയെല്ലാം
എവിടെപ്പോയെന്ന് ചോദിച്ച്
ഉത്തരം കിട്ടാതെ
വിയർക്കുന്നു
കർക്കടകം

കനം


പുൽക്കൊടീ
ഒരു കാര്യംപറയട്ടെ ,
ഒരു തുള്ളി
കാമുകനിലേക്കെന്ന പോലെ
മണ്ണിലേക്കു പോകുമ്പോൾ
എങ്ങനെയാണതിനെ
തടഞ്ഞുവെക്കാനാവുക ?
എങ്ങനെയാണതിൻ്റെ
ഭാരം താങ്ങാനാവുക?
ഒരു ചെറിയ തടസ്സം പോലും
അതിനെത്രഭാരം കൂട്ടുമെന്നറിയുമോ?
അതിൻ്റെ ഭാരവും
ഹൃദയ ഭാരവും
ജീവിതഭാരവും ചേർന്ന
വലിയ ഗണിതമാണത്
നിൻ്റെ തുമ്പിൽ
കനം വെച്ച്
ഏതു കണ്ണീരിനേയും
തോൽപിച്ച്
അത് മണ്ണിലേക്കു തന്നെ വീഴും
വെറുമൊരു പുൽക്കൊടിയായ ഞാൻ
പുൽക്കൊടിയായ നിന്നെ ഉപദേശിക്കുവാനാളല്ലെങ്കിലും
തുമ്പില്ലാത്തവൻ്റെ
സങ്കടത്തുള്ളികളായീ -
വരികളിറ്റി വീഴുന്നു

പൗർണ്ണമി

പൗർണ്ണമി
.........................
തേൻമാവിൻ ചോട്ടിൽ
ഇരുളുടുത്തു നിൽക്കുന്നു
നിലാവിൻ്റെ കുട്ടികൾ
അതു കണ്ടു
വന്ന കാര്യം മറന്നു നിന്നുപോയ്
മാങ്കൊമ്പിൽ
കയറുമായ് കയറിയവൻ
ഇരുളുടുക്കുമ്പോൾ
ഇത്ര ഭംഗിയെങ്കിൽ
അതു കാണാതിരിക്കുന്നതെങ്ങനെയെന്ന്
നിലാവുടുത്തവൻ
പറഞ്ഞു പോയ്
പിന്നെയവൻ
ഏതിരുളിലും
അടുത്ത പൗർണ്ണമിക്കു വേണ്ടി കാത്തിരുന്നു

ശൂന്യത .............

ശൂന്യത
.............
ഏറിയ തൊന്നും പറഞ്ഞില്ല
പറഞ്ഞതൊന്നും ഏറിയില്ല
ഏറെ പറയുവാൻ
പറഞ്ഞതിലേറുവാൻ
പറഞ്ഞവൻ നിന്നില്ല
അവൻ പറയാതെ പോയ ഇടങ്ങളിൽ
അവൻ്റെ ശൂന്യത സംസാരിക്കുന്നു

എന്നും താരമായവനെ കുറിച്ച്


അമ്പിളീ
ഇരുളിൽ വെളിച്ചമാകുന്നവളേ
എനിക്കൊരു കാര്യം പറയാനുണ്ട്
ഇന്നലെ നക്ഷത്രമായവനെ കുറിച്ച്.
മരിച്ചവൻ്റെ വാക്കുകളിൽ
ജീവിക്കുവാൻ
ഒരു ഭാഗ്യം വേണം
വാക്കുകൾ സ്വപ്നങ്ങളുടെ
ചിറകുകളായവരുടെ
തണലിൽ
അവൻ മരിക്കുന്നില്ല.
ഓരോ ദിനവും
അവൻ്റെ വാക്കുകൾ
അവനായി നമുക്കിടയിൽ
സ്നേഹത്തോടെ
വന്നിരിക്കുന്നു.
രോഗം ബാധിച്ച പ്രജകളും
രാജാവും
രാജ്യം തന്നെയും
അവൻ്റെ വാക്കുകളിൽ
കിടന്ന്
രോഗശുശ്രൂഷ നടത്തുന്നു.
ഏതുമരുന്നിനേക്കാളും
വലിയ
മനസ്സായിരുന്നല്ലോ
അവൻ്റെ കൈമുതൽ
മരണം അവൻ്റെ
ഉടലെടുത്തു കൊണ്ടുപോയി
അവൻ്റെ ചിറകും
അതിലെ അഗ്നിയും
കൊണ്ടുപോയില്ല
ആ അഗ്നിയിൽ
പാകമാകാതിരിക്കുന്ന
കിനാവുകൾ
അടുത്ത തലമുറ പാകം ചെയ്യും.
ഒരൊഴിവു ദിനത്തിനും
അവൻ്റെ ഇളകാത്ത നിഴൽ
കാണാൻ കഴിയില്ല
അത്രയ്ക്ക്
ഊർജ് ജ്വസ്വലമായ
ചുവടുകളാൽ
അവൻ വാക്കുകൾക്കും മുമ്പേ നടന്നിരുന്നു
മരിച്ചെന്ന് നൂറു വാക്കുകൾ പറഞ്ഞാലും
അവൻ്റെ വാക്കുകൾ
അവ കേൾക്കാതെ നടക്കുന്നു
മരിച്ചവൻ്റെ വാക്കുകളിൽ
ജീവിക്കുന്ന രാജ്യത്ത്
ജീവിക്കുമ്പോൾ
സ്വപ്നം സ്വപ്നത്തിന്
തീ കൊടുക്കുന്നു
ഒരു റോക്കറ്റിൻ്റെ ഉപമയായ്
ഉയരുന്നു .
അമ്പിളീ
നിലാവില്ലാത്ത ഞാനതു കാണുന്നു
നീയതു കാണുന്നുണ്ടോ !?