പുറം

പുറം
........
തീവണ്ടിയിൽ പോകുമ്പോൾ
നഗരത്തെ
കമിഴ്ത്തിയിട്ടു
പുറത്ത് പറ്റിപ്പിച്ചിരിക്കുന്ന
പൊടിയും പൊട്ടും
പൊഴികളും ചുഴികളും
തട്ടിക്കളയാനാവാതെ
കളിക്കുട്ടിയെ പോൽ നോക്കി നിന്നു
ഉണങ്ങാ വ്രണം പോലെ
പ്ലാസ്റ്റിക് കവറുകൾ
വ്യകൃതമായ അവയവം പോൽ
കുടിച്ചു വലിച്ചെറിഞ്ഞ കുപ്പികൾ
തുറിച്ചു നിൽക്കുന്നു
യന്ത്രപ്പല്ലുകൾ കടിച്ചു കുടഞ്ഞിട്ട
കാടിൻ കഷണങ്ങൾ
ചതഞ്ഞു കിടക്കുന്നു
അവയെത്തലോടുന്നുണ്ട്
ചില കാട്ടുവള്ളികൾ
അരണക്കുഞ്ഞുങ്ങൾ
രാജധാനിയിലേക്ക്
കിതച്ചു പായുന്നു
തീവണ്ടിയും ഞാനും
സഹയാത്രികരും
കുഞ്ഞു ചതുരസ്ക്രീനിൽ
ലോകം കാണുകയാണവർ
അതിൽ മിന്നിത്തെളിഞ്ഞില്ല
നഗരത്തിന്റെ പുറം
അവ്യക്തമായിക്കണ്ടു,
റയിലോരത്ത് പറ്റിപ്പിടിച്ച
രണ്ടു തരികൾ;
രണ്ടു കുഞ്ഞുങ്ങൾ
അന്നം തേടുമവർതൻ മിഴികൾ
വേഗതയേറുന്നു വണ്ടിക്കും
വണ്ടിക്കുള്ളിലെ ഊരുതെണ്ടിക്കും
നോക്കുമ്പോൾ
എത്ര പിന്നിലാണ്
ആ രണ്ടു കുഞ്ഞു ദാഹങ്ങൾ
ഒരു പൊതിച്ചോറ് പുറത്തേക്കെറിഞ്ഞാലും
എത്ര ഓടിയെത്തണവർ
അതിൻ രുചിയറിയാൻ!
-മുനീർ അഗ്രഗാമി

No comments:

Post a Comment