അഡോണോ ഓയോ

അഡോണോ ഓയോ
......................................
അഡോണോർ ഓയോ എന്ന്
ഞങ്ങൾ വിളിക്കുന്ന കവി
കൊല്ലപ്പെട്ടു
അദ്ദേഹത്തിന്റെ നെഞ്ചിൽ
മൂന്നു വെടിയുണ്ടകൾ
തമ്മിലറിയാത്ത മൂന്നു ക്രിമിനലുകളെ പോലെ
മൂന്നു മുറിവുകളിൽ ഒളിച്ചിരുന്നു
ഒരിക്കലും കവിത മനസ്സിലാവാത്ത മൂന്നു പേർ
ഉടൽ തുളച്ച് വന്നപ്പോൾ
അദ്ദേഹം സ്വയം വാർന്നു പോയി
തെരുവിൽ നിറയെ
അദ്ദേഹത്തിന്റെ ചോര
ഇനി ഒരു കവിതയ്ക്കും
ആ രക്തം ചവിട്ടാതെ നഗരം കടക്കുക സാദ്ധ്യമല്ല
ഇനി ഒരു കവിക്കും
ആ രക്തം തന്റെ രക്തത്തിന്റെ
രൂപകമല്ലെന്ന് എഴുതാനാവില്ല
ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ
കവിത വായിക്കുമ്പോൾ
നഗരത്തിലെ എല്ലാ പനിനീർപ്പൂക്കളും
ആ രക്തത്തിൽ മുങ്ങിക്കരയും
മഹായുദ്ധങ്ങൾ തീർന്ന ശാന്തതയിൽ
മുളച്ച അശാന്തിയിലിരുന്ന്
അദ്ദേഹം മനുഷ്യരെ കുറിച്ചെഴുതുകയായിരുന്നു
മറ്റൊരു യുദ്ധത്തിന് ആരെയും ഇരകൊടുക്കാതിരിക്കാൻ .
അദ്ദേഹത്തിന്റെ ആദ്യ വരി മുതൽ
അവസാന വരിവരെ
സ്നേഹമായിരുന്നു
മുറിവുകൾ കഴുകിത്തുടച്ച്
വൃത്തിയാക്കി മുറിവുകൂട്ടുന്ന
വിദ്യയായിരുന്നു
അഡോണോർ ഓയോ
എന്നു ഞങ്ങൾ വിളിക്കുന്ന കവി
കൊല്ലപ്പെട്ടപ്പോൾ
മുറിഞ്ഞു വീണ സ്നേഹമാണ് നഗരം നിറയെ
നിങ്ങൾ കവിയെ എന്തു വിളിക്കുന്നു
എന്നറിയില്ല
അദ്ദേഹത്തെ വായിക്കുമ്പോൾ
അദ്ദേഹത്തിന്റെ ഒരു മുറിവ്
നിങ്ങളുടെ ഹൃദയമാണ്
അതിൽ നിന്നും ചോരയിറ്റും
നിങ്ങളറിയാതെ.
- മുനീർ അഗ്രഗാമി

No comments:

Post a Comment