ചുടല

ചുടല
....................

 ഒരു ദിവസത്തെ
കുറച്ചു പേർ ചേർന്ന്
കൊല്ലുന്നതു കണ്ടു
റോഡിലിട്ട്
ശ്വാസം മുട്ടിച്ച്
കൊന്നുകളഞ്ഞു
ഒന്നോ രണ്ടോ വാഹനങ്ങൾ
വന്നിരുന്നെങ്കിൽ
അതിനെ
ആശുപത്രിയിലെത്തിക്കാമായിരുന്നു
വൃദ്ധനായ ഒരാൾ
കട തുറന്നു വെച്ചിരുന്നു
ദിവസത്തിന്
ഓക്സിജൻ കൊടുക്കുവാൻ.
അയാളെ ഇപ്പോൾ കാണാനില്ല
ദിവസങ്ങളുടെ ചുടലയിൽ
കത്തിത്തീർന്ന തിരക്കുകൾ,
ചലനങ്ങൾ,
സ്വപ്നത്തിന്റെ ചാരങ്ങൾ
ഒരു ദിവസം
കൊല്ലപ്പെടുമ്പോൾ
രാജ്യത്തിന്റെ ഒരു ഭാഗം അറ്റു പോകുമ്പോലെ
രക്തമിറ്റുന്നു
പൗരൻമാർ
അതിന്റെ തുള്ളികൾ
നിരത്തു വക്കിൽ അങ്ങിങ്ങായി
വിശന്നിരിക്കുന്നു
ചുടലയിലെരിഞ്ഞവരെ പോലെ
കൊല്ലപ്പെട്ട ദിവസങ്ങൾക്കൊന്നും
സ്മാരകമില്ല
കണക്കുമില്ല
തെളിവുമില്ല
എന്തുകൊണ്ടാണ്
സമയത്തെ
കൊലപ്പെടുത്തുന്നവർക്ക്
ശിക്ഷ ലഭിക്കാത്തത് ?
-മുനീർ അഗ്രഗാമി

No comments:

Post a Comment