കവിയരങ്ങ്

കവിയരങ്ങ്
......................
ഒരു കവി
കസേരകളോട്
സംസാരിക്കുന്നു
മരങ്ങളോട് സംസാരിക്കുമ്പോലെ
പൂക്കളോട് സംസാരിക്കുമ്പോലെ.
അത്രയും ശ്രദ്ധയോടെ
കസേരകൾ അയാളെ നോക്കുന്നു
അയാൾ കവിയായതിനാൽ
മറ്റൊരു കവി
അസാന്നിദ്ധ്യങ്ങൾ
നിരന്നിരിക്കുന്ന ഇടങ്ങളിലേക്ക്
തന്റെ വാക്കുകൾ എറിയുന്നു
അപൂർണ്ണമായ സൃഷ്ടികളിലേക്ക്
മഴ തകർത്തു പെയ്യുമ്പോലെ
അഭാവത്തിന്റെ പൊഴികളിലേക്ക്
ആഗ്രഹങ്ങൾ ഇടിഞ്ഞു വീഴുമ്പോലെ
ശൂന്യത അത്രയും ശ്രദ്ധയോടെ
അയാളെ കേൾക്കുന്നു
അയാൾ കവിയായതിനാൽ
വേറൊരു കവി
സ്വയം കത്തുന്നു
ചുറ്റുമാരുമില്ലാത്തത്
അറിയാതെ.
അയാളുടെ പ്രകാശമാണ് കവിത
ഉദിച്ചു നിൽക്കുന്ന ഒരു പകൽ
ജീവിത കാമനകളുടെ മഹാ പ്രവാഹം
ജൈവലോകത്തിന്റെ ഒരു വാതിൽ
കാണുന്നു
അയാളെ രുചിക്കുന്നു കസേരകൾ
കസേരകൾ കസേരകൾ .
മറ്റൊരു കവി അങ്ങോട്ടു കയറി വന്നു
അയാളെത്തന്നെ കേട്ടുകൊണ്ട്
ഇരുന്നിട്ടും
ഒരു കസേരയിലും
അയൾ സാന്നിദ്ധ്യമായില്ല.
ഒരു വാക്കും അയാളിലെത്തിയില്ല
വാക്കുകൾ ചേർന്ന്
അശാന്തമായി
അശാന്തമായ വാക്കുകൾ ചേർന്ന്
കവിതയുണ്ടായി .
- മുനീർ അഗ്രഗാമി

No comments:

Post a Comment