-ഞാനെന്ന ഉണക്ക മരം-





വറ്റിപ്പോയ പുഴകളെല്ലാം
 എന്റെ ഉള്ളിലുണ്ട്
വേദനിക്കുമ്പോ
കണ്ണീരിലൂടെ അവ ഇറങ്ങി വരും

തപിച്ചു പൊള്ളുമ്പോ
വേനലവയെ ഉപ്പുകലക്കി
ഒരു മഹാസമുദ്രമാക്കും

വേറുതെയിരുന്നാലും
ഇറങ്ങി നടന്നാലും
അസ്വസ്ഥതയോടെ പിടഞ്ഞാലും
ഉറങ്ങിപ്പോയാലും
ഉടലിലവ തിരയടിക്കും

ആ തിരയി കുളിച്ച്
പകച്ചു നിക്കുന്നു
മഴയെ തിരഞ്ഞു മടുത്ത
ഞാനെന്ന ഉണക്ക മരം

പച്ച തിരഞ്ഞു ...



മനസ്സുരുകിയൊലിക്കുന്ന പകല്
ഞാനും മൂന്നാടുകളും കുന്നുകയറി
മണവാട്ടിയെപ്പോലെ കുന്ന്
സ്വര്ണ്ണവര്ണ്ണത്തില് പരന്നുകിടന്നു
നാക്ക് നനയ്ക്കാനാവാതെ
ആടുകളിലൊന്നു വീണു
ഞാനും വീണു
ബാക്കി രണ്ടാടുകള്
പച്ച തിരഞ്ഞു നടന്നുണങ്ങിപ്പോയി

പുതു തളിര്‍ച്ചിരി



തിരിച്ചു വന്നില്ല
പൊഴിച്ച ഇലകളൊന്നും

തിരിഞ്ഞു നോക്കിയില്ല
വിടര്ത്തിയ പൂവുകളൊന്നും
കല്ലേറു മാത്രമേ കിട്ടിയുള്ളൂ

തുടുത്തു തൂങ്ങിയ 
 കായകള്ക്കൊക്കെയും
ചുളിഞ്ഞ തൊലിയുമാരോ കട്ടെടുത്ത്
വിറകായെരിച്ചൂ , 

എന്നിട്ടും
ചില്ലകള് വിടര്ത്തി 
 പഴയ കവിതയായ്
പുതു തളിര്ച്ചിരി കാത്തിരിക്കുന്നൂ

കയ്യില്‍ പത്രവും പിടിച്ച്



സായന്തനത്തില്

വീണ പൂവുകല്ക്കടുത്തേക്കോടി
മുല്ലമുത്തുകള് പെറുക്കി 
 മകള്ക്കൊരുപൂമാല കോര്ത്തു

രാത്രിയായി

അവളുടന് പൂത്തു

നിലാവെളിച്ചം പരന്നു

നേരം വെളുത്തു

കയ്യില് പത്രവും പിടിച്ച്

എന്നെ തുറിച്ചു നോക്കി
വീണപൂവുപോലവളും വാടി...
പൂവുകള് വീണ്ടും വീണുകൊണ്ടിരുന്നു...

...................



മരിച്ചവരുടെ ഓര്മ്മയില് ജീവിക്കുമ്പോള്
പേടിയൊരു വള്ളി യായ് ച്ചുറ്റി പ്പടരും
ചേരയായ് വരിഞ്ഞുമുറുക്കും
പെണ്ണു പേമാരിയാവുമവന്റെ കണ്ണില്
അവനൊഴുകിത്തീരും
ആരുമവനെക്കണ്ടെന്നു വരില്ല
ആളുകളെല്ലാം 
 അവളുടെ മരണത്തോടൊപ്പം
വിശുദ്ധരായ് അവനെതിരെ തിരിഞ്ഞുവോ?