സാന്ത്വനം
 ..............................
ഇനി ഒന്നും പറയാനില്ല
വാക്കുകൾ തീർന്നു പോയി
കുടിച്ചു തീരുമ്പോൾ
പാനപാത്രം നിറയ്ക്കുവാൻ
വാക്കുകളുമായി വരുന്നയാൾ
വന്നില്ല

വാക്കുകൾക്കൊപ്പം നടന്ന
പൂക്കാലം
മഴ പോലെ
കൊഴിഞ്ഞു പോയി
അരുവികളേ
കിളികളേ
മിണ്ടാതിരിക്കൂ
വറ്റിപ്പോയവന്റെ നെഞ്ചിൽ.
പെനാൾട്ടി ഷൂട്ടൗട്ടിൽ
തോറ്റു പോയ രാജ്യമാണു ഞാൻ
നെഞ്ചിലേക്ക് തൊടുത്തുവിട്ടതൊന്നും
തടുക്കാനാവാതെ.
മോസ്കോയിൽ നിന്നും
മഞ്ഞുതുള്ളി പുറത്താവുമ്പോലെ
ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും
പച്ചപ്പ് നീങ്ങുന്ന പോലെ
ഒരു ശൂന്യത എന്നിൽ വന്നിരിക്കുന്നു
ശൂന്യത വിരിച്ച്
മരുഭൂമി പോലെ കിടക്കുന്നു
വാക്കിന്റെ തുള്ളിയുമായൊരാൾ
വരുമെന്ന് തപിച്ച്.
- മുനീർ അഗ്രഗാമി

കുട്ടികളെന്തു ചെയ്യും ?


കുട്ടികളെന്തു ചെയ്യും ?
 .....................................................
സാഹിത്യത്തിന്റെ നാക്കറുത്ത്
കത്തികൾ സംസാരിക്കാൻ തുടങ്ങിയാൽ
കുട്ടികളെന്തു ചെയ്യും ?
അവരുടെ പാഠങ്ങളിലൊക്കെയും
ചോര തെറിക്കുമോ ?!
കത്തി താഴെയിടാനവർ
പറയുന്നുണ്ട്;
നിശ്ശബ്ദമായതിനാൽ
ആരും കേൾക്കുന്നില്ല
അവരുടെ ശബ്ദമാരുടെ
തടവിലാണ് ?
അവരുടെ കലങ്ങിയ കണ്ണിൽ
ഇപ്പോൾ നീലാകാശമില്ല

....
- മുനീർ അഗ്രഗാമി

പ്രണയ നടത്തങ്ങൾ

പ്രണയ നടത്തങ്ങൾ
................................
നിനക്കൊപ്പം നടന്നു
നിശ്ശബ്ദത പോലും വാക്കുകളായി
ദൈവത്തിന്റെ ചുണ്ടുകളായി
നമ്മെ ചുംബിച്ചു
* * *
നിന്നോളം ആഴമുള്ള ആഴിയിൽ
ഞാൻ നിറഞ്ഞു
എന്റെ വിരലുകളിൽ
നിന്റെ സംഗീതം
നീയതു പിടിച്ചു നടക്കുന്നു
* * *
നഗരത്തിന്റെ തിരക്കിൽ
ഒരു തിരക്കുമില്ലാതത
നാം പാർക്കിലിരുന്നു
രണ്ടു കുരുവികളായി
ഗ്രാമത്തിലേക്കുള്ള വഴി തെളിഞ്ഞു
അശോകമരം വിളിച്ചു
നാം മെല്ലെ നടന്നു
* * *
നീ ചാറിത്തുടങ്ങിയപ്പോൾ
ആകാശത്ത്
പൂക്കാലം തുടങ്ങിയിരുന്നു
നാം ഗാലറിയാല്ലാത്ത മൈതാനത്ത് മണ്ണിലിരുന്നു
മരങ്ങൾ കാണികളായി
ആൽമരത്തിന്റെ ഓരോ ഇലയിലും
നമ്മുടെ ഹൃദയങ്ങൾ
***

ഭൂമിയിൽ മറ്റാരുമുണ്ടായിരുന്നില്ല
നാം നടന്നു
സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ പോലെ
പ്രണയം
മറ്റുള്ളവരെല്ലാം
നമ്മിൽ നിന്നും മറച്ചുവെക്കുന്നു.
* * *
-മുനീർ അഗ്രഗാമി

ചോദ്യങ്ങൾ

ചോദ്യങ്ങൾ
.....................
നടന്നു പോകുന്ന വഴികളെ വിശ്വസിക്കാമോ ?
വഴികളിൽ കാത്തു നിൽക്കുന്ന
ചൂണ്ടുപലകകളെ ?
ചൂണ്ടുപലകതൻ തിളക്കത്തെ?
തിളക്കത്തിൻ കണ്ണിലെ ഭാഷയെ ?
ഭാഷയിൽ മിടിക്കുമർത്ഥത്തെ ?
അർത്ഥത്തിന്റെ
അങ്ങേത്തലയ്ക്കൽ നിന്നു
നമ്മെ പിടിച്ചു വലിക്കുന്ന
കൈകളെ ?
ഒരവിശ്വാസിയുടെ
നെഞ്ചിൽ തറയ്ക്കുന്നൂ,
ചോദ്യങ്ങൾ
മറ്റാരോ വെട്ടിയ വഴിയിലൂടെ
നടന്നുപോകുമ്പോൾ .

- മുനീർ അഗ്രഗാമി

ദൂരത്തിന്റെ നൃത്തം

ദൂരത്തിന്റെ നൃത്തം
******
എത്ര പറന്നാലും
തീരാത്ത ദൂരത്തിന്റെ നൃത്തം കണ്ടു
നിന്നു പോയി
നൃത്തം ചെയ്യുമ്പോൾ കൊഴിഞ്ഞ,
ദൂരത്തിന്റെ തൂവലിന്റെ
നീലപ്പടർപ്പിൽ ഒരു മയിൽ
മയിലിന്റെ പീലിയിൽ
നിറഞ്ഞാടുന്ന കടൽ
കടലിന്റെ പീലിക്കണ്ണിൽ
ആകാശത്തിന്റെ അനന്തത
ദൂരമേ
നിന്റെ ചിറകടിയുടെ
പ്രകമ്പനങ്ങളിൽ
എന്റെ നിശ്വാസം കോർത്ത് നിൽക്കുന്നു
ശബ്ദങ്ങളടങ്ങാതെ
പ്രാചീനമായ ഇളക്കങ്ങളിൽ
പിടയ്ക്കുന്ന തീരമെന്നെ
ചേർത്തു പിടിക്കുന്നു
ദൂരമേ
ദൂരമേ ...
- മുനീർ അഗ്രഗാമി

ചെരുപ്പുകൾ

ചെരുപ്പുകൾ

.........................................

പുറത്തു പോകുമ്പോൾ
ഇടാനുള്ള അനേകം ചെരുപ്പുകൾ ഉണ്ട്
അവൾ ഇന്ന്
ഏത് ചെരുപ്പാവും ചവിട്ടുക ?
എന്നെ എന്നെ എന്ന്
ഓരോ ചെരുപ്പും പറയുന്നുണ്ട്
വാക്കില്ലാത്തതിനാൽ
അവളതു കേൾക്കുന്നില്ല
അവൾക്ക് പോവേണ്ട സ്ഥലം
നടക്കേണ്ട വഴി
ധരിക്കുന്ന വസ്ത്രം
എല്ലാം ചേർന്ന്
ഒന്നിനെ തിരഞ്ഞെടുക്കും
ഒന്നെന്നാൽ രണ്ട്;
രണ്ടെനാൽ ഒന്ന്;
അദ്വൈതം.
ഇന്നവൾ പുതിയ ഒരു ചെരുപ്പ് വാങ്ങി
പ്രത്യേക നിറമുള്ളത്
മറ്റുള്ളവ തേഞ്ഞു തീർന്നതുകൊണ്ടല്ല
പണമുള്ളതുകൊണ്ട്
ഇപ്പോൾ അകത്തും പുറത്തും
അവൾ അതു തന്നെ ധരിക്കുന്നു

- മുനീർ അഗ്രഗാമി

ഇരുട്ട്

ഇരുട്ട്

......................സ്വന്തം നിഴൽ തട്ടി വീണ ഒരാൾ
വെളിച്ചം ഊതിക്കെടുത്താൻ ശ്രമിക്കുന്നു
അന്നേരം അയാളിൽ
ഇരുട്ടു കയറി
അയാളിലുള്ളതിനേക്കാളും ഇരുട്ട്
മറ്റെവിടെയും കണ്ടില്ല

- മുനീർ അഗ്രഗാമി

മാത്രം

മാത്രം 
................

 സർ,
ഞാൻ
മരം കാണുന്നില്ല
പക്ഷിയെ കാണുന്നില്ല
അതിന്റെ കഴുത്ത് കാണുന്നില്ല
അതിൽ തൂക്കിയിട്ട
മെഡിക്കൽ സീറ്റ് മാത്രം കാണുന്നു
....

- മുനീർ അഗ്രഗാമി

ഇരപിടുത്തം

ഇരപിടുത്തം
......................
പാതിരാമഴയുടെ മറവിലൂടെ
ഒരു പുഴ
ഇരപിടിക്കാനിറങ്ങുന്നു
കരയെ പുട്ടുപൊടിക്കുമ്പോലെ
പൊടിച്ച് കുഴച്ച് തിന്നുന്നു
പറമ്പിൽ കയറുന്നു
തേങ്ങയും ഓലമടലും
എടുത്തു കൊണ്ടു പോകുന്നു

മുറ്റവരമ്പത്ത് വന്നു നിന്ന്
ഒരൊറ്റച്ചാട്ടം
കുടിലതിന്റെ വായിൽ
കഞ്ഞിക്കലവും
കൈതോല പ്പായയും
അതിന്റെ കയ്യിൽ
കർക്കടകപ്പാതിരയുടെ
കരിങ്കണ്ണിലൊരു ചിരി
മിന്നലിൽ തകർത്തു പെയ്യും
നിലവിളിപ്പേമാരികൾ;
മഴ തോർന്നാലും
അവ തോരില്ല
പുഴ ചവച്ചു തുപ്പിയ അമ്മിക്കല്ലിൽ
അതിജീവിച്ച അമ്മനനവ്
വെളിച്ചം കാത്തിരുന്നു
- മുനീർ അഗ്രഗാമി

കുടുംബം

കുടുംബം
.................
കുടുംബം
ഒരു മാസികയാണ്
മാസത്തിലൊരിക്കൽ
ഞാൻ കയറുന്ന ബസ്സ്
അതിന്റെ കവറിൽ
ചിത്രമായി നിർത്തി,
പേജുകളിലേക്ക്
എന്നെ ഇറക്കി വിടുന്നു

മഞ്ഞിന്റെയും വെയിലിന്റേയും
മഴയുടേയും അക്ഷരങ്ങൾക്കിടയിൽ
മകനും മകളും
എന്നെ കാത്തിരിക്കുന്ന
ഒരു ചിത്രമുണ്ട്
അനേകം പംക്തികളിൽ ഒന്നിൽ
തടവിലെന്ന പോലെ
ഒരോ മാസത്തിലും
രണ്ടു ദിവസം കൊണ്ട്
മുഴുവനും വായിക്കാനാവാതെ
അത് മടക്കി വെക്കുന്നു
ഒട്ടും ഇഷ്ടമില്ലാതെ
അവസാനത്തെപേജിൽ
എല്ലാ ലക്കത്തിലുമുള്ള പോലെ
ഒരു പരസ്യമുണ്ട്
ഒരാളുടെ ചിത്രമുള്ളത്
അടച്ചു വെക്കുമ്പോൾ മാത്രം
അശ്രദ്ധമായി കണ്ണിൽ പെടുന്നത്
എന്നോട്
അയാൾ പരാതി പറയാറില്ല
എന്നത്തേയും പോലെ
ഒരു ചിരി ബാക്കിവെച്ച്
അടുത്ത ലക്കത്തിലേക്ക്
കണ്ണു നീട്ടിയിരിക്കുന്നു
ബസ്സു പുറപ്പെടും മുമ്പേ
ഞാനതു കാണുന്നു
...
- മുനീർ അഗ്രഗാമി

വീടിന്റെ നെറ്റിയിൽ

വീടിന്റെ നെറ്റിയിൽ

 ............................................

പനിച്ചു പൊള്ളുന്ന
വീടിന്റെ നെറ്റിയിൽ
മഴയൊരു
നിലാവു നനച്ചിടുന്നു
പനിക്കുളിര്
പറമ്പു മുഴുവൻ
ഇറങ്ങി നടക്കുന്നു
നിറഞ്ഞു തൂവിയ
വയലോളം ചെന്ന്
തനിച്ചു നിൽക്കുന്നു
പനിച്ചേച്ചുകൾ
തൊടിയിലെവിടെയോ
ചിതറിക്കിടക്കുന്നു
തവളകളതെടുത്തു
കിലുക്കി നോക്കുന്നു
മഴനൂലുകൾ
പുതപ്പ് നെയ്യുന്നു
വീടതു പുതച്ചു കിടക്കുന്നു
രാത്രി
അടുത്തിരുന്ന്
നെറ്റി തൊട്ടു നോക്കുന്നു
ജനലു തുറന്ന്
മിന്നാമിനുങ്ങുകൾ
വെളിച്ചത്തിൻഗുളികകൾ
അകത്തേക്കിടുന്നു
-മുനീർ അഗ്രഗാമി

നീ

ഞാൻ
എന്നെ കാണുന്ന
പ്രകാശമാണു നീ ;
ഏതിരുട്ടിലും .
- മുനീർ അഗ്രഗാമി

സ്വന്തമാക്കൽ

സ്വന്തമാക്കൽ
.......................
ഒരു നൃത്തം കൊണ്ട്
തീ
കാടിനെ സ്വന്തമാക്കുന്നതു കണ്ട്
തരിച്ചുനിന്നു

അവർ അപ്രത്യക്ഷമായ
മുനമ്പിൽ
കാറ്റിലലിയുവാൻ മത്സരിക്കുന്ന ചാരം
പറക്കാനുള്ള മരങ്ങളുടെ ആഗ്രങ്ങളുടെ
പൊടികൾ പോലെ
ആകാശത്തുയർന്നു
കാടെവിടെ?
തീയെവിടെ ?
അവർ ജീവിച്ചതിന്റെ പാടുകളിൽ
എന്റെ ചോദ്യങ്ങൾ ചെന്നിരുന്നു
അവരെങ്ങനെ
ഇനിയിവിടെ ജീവിക്കും?
ഒന്നാകലിന്റെ മറ്റൊരു ലോകത്തല്ലാതെ,
കൂടു നഷ്ടപ്പെട്ട രണ്ടു കിളികൾ
എന്നോടു പറഞ്ഞു.
- മുനീർ അഗ്രഗാമി

രണ്ടിനെതിരെ നാലു നിശ്വാസങ്ങൾ

രണ്ടിനെതിരെ
നാലു നിശ്വാസങ്ങൾ
.......................................................

രണ്ടിനെതിരെ
നാലു നിശ്വാസങ്ങൾ
ലോകകപ്പിൽ
ചുംബിക്കുന്നു
നീല നിറമുള്ള ചുംബനങ്ങൾ
ഫുട്ബോളിന്റെ വെളുപ്പിൽ,
സ്വർണ്ണക്കപ്പിൽ
മയിൽപ്പീലിക്കണ്ണായ്
ജ്വലിക്കുന്നു
ക്രൊയേഷ്യ
റോസാപ്പൂവിതളുകളായ്
പൊഴിഞ്ഞ്
പന്തിനടിയിൽ കിടക്കുന്നു
മുകളിൽ ഗരുഢനായ്
ഫ്രാൻസ്
നാലിനെതിരെ
രണ്ടു നിശ്വാസം കൊണ്ട്
ജീവിച്ച ഒരു കളിയിയുടെ
തോൽവി ചരിത്രമാണ്
പഴയ രാജാവിന്റെ രാജ്യം
അയാളോടേറ്റുമുട്ടി
പകുതി രാജ്യം
പുതിയ പോരാളി
പിടിച്ചടക്കുമ്പോലെ.


-മുനീർ അഗ്രഗാമി

വാക്കുകളുടെ ഫോസിലുകൾ

വാക്കുകളുടെ ഫോസിലുകൾ
................................................................

എന്റെ ഗ്രാമമിപ്പോൾ
മറ്റൊരു ഭാഷ സംസാരിക്കുന്നു
ചന്തയിൽ
ഹോട്ടലിൽ
നഴ്സറിയിൽ
സ്കൂളിൽ ...

ഞങ്ങളിന്നലെ
നഗരം കാണാൻ പോയി
മ്യൂസിയത്തിൽ
വാക്കുകളുടെ ഫോസിലുകൾകണ്ടു..
പണ്ട്
ഫ്ലാറ്റുകൾക്കും മുമ്പ്
അവ ജീവിച്ച പരിതസ്ഥിതിയെ കുറിച്ച്
ഗൈഡ് പറഞ്ഞു തന്നു
ഒരു വാക്കിൽ കയറി
മറ്റൊരു കാലത്തിലേക്ക് സഞ്ചരിച്ചു
മറ്റൊന്നിൽ കയറി
ഓർമ്മയുടെ അറ്റത്തേക്കും
എന്റെ ഗ്രാമമിപ്പോൾ
എന്റെ ഗ്രാമമല്ല
അതെന്നെ പ്ലാസ്റ്റിക് കവറിലാക്കി
ചുരുട്ടി പുറത്തേക്ക്
വലിച്ചെറിഞ്ഞിരിക്കുന്നു .
- മുനീർ അഗ്രഗാമി

പഴയ ക്ലാസിലിരുന്ന്

പഴയ ക്ലാസിലിരുന്ന്

............................................

പുറത്തുറങ്ങാതെ
മഴ വർത്താനം പറയുന്നു
ചാഞ്ഞും ചരിഞ്ഞും ചിരിക്കുന്നു
രാവേറുന്നതറിയാതെ
വെള്ളം വീട്ടിലേക്ക് കയറുന്നു
മരമിറങ്ങി
മല കണ്ടു വന്നതാണവ
ഇനി വീടിന്നകം കാണുവാൻ
തിക്കിത്തിരക്കി വരുന്നു

പുര പൊളിക്കല്ലേ
ഞാനിറങ്ങിത്തന്നേക്കാം
കയറുക,കാണുക
കയറിത്താമസിക്കുക
കാറ്റിനൊപ്പം
കുന്നിൻ മുകളിൽ
പണ്ടു പഠിച്ച സ്ക്കൂൾ
എന്നെ കാത്തിരിക്കുന്നുണ്ടാവും
കുന്നിനെ
ആർക്കും വിട്ടു കൊടുക്കാതെ
സ്ക്കൂളിപ്പോഴും
ചേർത്തു പിടിക്കുന്നുണ്ടാവും
ഞങ്ങൾക്കറിവേകിയ പോലെ,
മഴ വന്നു
വീടു കയ്യേറുമ്പോൾ
ഞങ്ങൾക്കഭയമേകാൻ
തലയുയർത്തിയവിടെ
നിൽക്കുന്നുണ്ടാവും
ഈ മഴക്കാലത്ത്
പഴയ ക്ലാസിലിരുന്ന്
ഞങ്ങളിപ്പോൾ ശരിക്കും
പാഠങ്ങൾ പഠിക്കുന്നു.
- മുനീർ അഗ്രഗാമി

മുറിവുകൾ

മുറിവുകൾ

.............................

വാക്കുകൾ കൊണ്ടേറ്റ
മുറിവുകൾ
മാറില്ല ,
വാക്കുകൾ കൊണ്ടല്ലാതെയൊരിക്കലും.
- മുനീർ അഗ്രഗാമി

ഏകം

ഏകം
..........
അറിയാതെ പെയ്യുമേതോ
വേദന നിന്നു കൊള്ളുന്നൂ,
ഉള്ളിലെ തിരയങ്ങാതെ
ഏകമെന്നിലെ സമുദ്രം

വന്നിരിക്കണേ നീയതിൻ
തീരത്തൊരു ഗാനവുമായ്
എന്നിലലിയുമീണത്തിൻ
ഉടമയാ,യെന്നെ നോക്കി
ഏറ്റപീഡകളൊക്കെയും
ചിത്രങ്ങളായെന്നുടലിൽ
നിന്നെക്കാത്തിരിക്കുമപ്പോൾ
തോരാമഴത്തണുപ്പിലും!
മണ്ണുപോലേറ്റു വാങ്ങുന്നൂ
നിസ്സഹായനിമിഷങ്ങൾ
നീയില്ലാതെ നിത്യവുമീ
കാലപ്രവാഹവും ഞാനും
- മുനീർ അഗ്രഗാമി

ആവശ്യം

ആവശ്യം
.................
ബോധിവൃക്ഷത്തിന്റെ
തൈ കിട്ടുമോ സർ ?
മഹാരാജാസിൽ നിന്നാണ്
മഴക്കാലമാണ്...

നഴ്സറിയിൽ
ആ മരമില്ല
ഈ മരമില്ല
കുട്ടീ
മരം വരം തന്നെ
പക്ഷേ തരാനില്ലതിൻ തളിർച്ചിരി
ഉത്തരദേശത്ത്
വിത്തു കൊണ്ടുവരാൻ പോയവൻ
ഇതുവരെ തിരിച്ചു വന്നില്ല
മറ്റു വല്ലതും വേണമോ ?
കൊന്ന,
മാവ്,
പ്ലാവ്...
വേണ്ട സാർ
വടിവാളിനും
കൊടുവാളിനും
പിടിയാകുന്നതൊന്നും വേണ്ടസാർ
ശരിക്കും തണലാകുന്നതു മതി
അവൻ നടന്നു പോയി
പോകും വഴി
വെയിലു കൊണ്ടു ചുട്ടു നിന്ന
ബുദ്ധന്റെ പ്രതിമ
നനഞ്ഞതായി തോന്നി
കണ്ണീരു വീണതായ് തോന്നി
വാസ്തവമല്ല
മരീചികയാണത്
എന്റെ നഴ്സറിക്കുഞ്ഞുങ്ങളേ ...
-മുനീർ അഗ്രഗാമി

ഒരേ വലുപ്പമുള്ള രണ്ടു നിറങ്ങൾ

ഒരേ വലുപ്പമുള്ള
രണ്ടു നിറങ്ങൾ


....................................

 ആരുടെ സ്നേഹമാണ് വലുത് ?
രാത്രിയുടേതോ
പകലിന്റേതോ?
അതറിയില്ല
പക്ഷേ
രണ്ടിനും രണ്ടു നിറമാണ്
ഒരേ വലുപ്പമുള്ള
രണ്ടു നിറങ്ങൾ

രാത്രിയുടെ വലുപ്പം
ഒരു വെള്ളിമൂങ്ങ
അതിന്റെ ചിറകു കൊണ്ട്
അളക്കാൻ ശ്രമിക്കുമായിരിക്കും
പകലിന്റേത്
ഒരണ്ണാൻ
അതിന്റെ ഉടലുകൊണ്ടും ...
എന്നാലും സ്നേഹം
അളന്നു തീരുമോ ,
നീ നടന്നു വരുന്ന പകലിൽ,
ഞാൻ നിന്നെ ഓർത്തു കിടക്കുന്ന രാത്രിയിൽ ?
- മുനീർ അഗ്രഗാമി

പൂമരം പറഞ്ഞ മറുപടി

പൂമരം പറഞ്ഞ
അതേ മറുപടി

....................................

എന്തിനു പൂക്കുന്നു എന്നു
ചോദിച്ചപ്പോൾ
പൂമരം പറഞ്ഞ
അതേ മറുപടി
നിന്നോടും പറയുന്നു ,
ഞാൻ നിന്നിലൂടെ
കടന്നു പോകുമ്പോൾ
വിരിഞ്ഞ പൂവിലിരുന്ന് .

- മുനീർ അഗ്രഗാമി

രണ്ടു നദികൾ പ്രണയിക്കുന്നു

 രണ്ടു നദികൾ
പ്രണയിക്കുന്നു
 ...................................................

ഒരിക്കലും
കണ്ടുമുട്ടില്ലെന്നു കരുതിയ
രണ്ടു നദികൾ
പ്രണയിക്കുന്നു ,
ഒരു വെള്ളപ്പൊക്കത്തിലിരുന്ന് .
വിരലുകൾ കോർത്ത്
അവർ ആലിംഗനം ചെയ്യുന്നു,
മറ്റൊന്നിനെ കുറിച്ചും
ആലോചിക്കാതെ.

ജലം ഒരവസ്ഥയാണ്
ഒഴുക്കിന്റേയും
ഒന്നാകലിന്റേയും.
ഇപ്പോൾ അവരതനുഭവിക്കുന്നു
രണ്ടു ജലജീവികളായ്!
-മുനീർ അഗ്രഗാമി

മനസ്സിന്റെ കവിൾത്തടം

മനസ്സിന്റെ കവിൾത്തടം
 ........................................................
രണ്ടു കരച്ചിൽ ചേർന്ന്
ഒരു പുഞ്ചിരിയുണ്ടാകുന്നു
അവരതിന്റെ
വെളിച്ചത്തിലിരിക്കുന്നു.
മനസ്സിലായിരുന്നല്ലോ
അവരുടെ കണ്ണുകൾ!
രണ്ടു പേരുമിപ്പോൾ
മനസ്സിന്റെ കവിൾത്തടം
പരസ്പരം തുടയ്ക്കുന്നു,
ചിലവാക്കുകൾ കൊണ്ട്.
-മുനീർ അഗ്രഗാമി

അയാളെ കണ്ടാൽ അങ്ങനെ തോന്നുകയില്ലല്ലോ!

അയാളെ കണ്ടാൽ
അങ്ങനെ തോന്നുകയില്ലല്ലോ!
.........................................................

അതെല്ലാം
അയാൾ എഴുതിയതാണോ ?
അയാളെ കണ്ടാൽ
അങ്ങനെ തോന്നുകയില്ലല്ലോ!
അയാൾ അയാളായിരുന്നപ്പോൾ
എഴുതിയതാണവ
അയാൾ ഇപ്പോൾ അയാളല്ല
അതുകൊണ്ട്
അയാളെ അയാളെന്നു വിളിക്കരുത്
പിന്നെ അയാളിപ്പോൾ ആരാണ് ?
അതാണ്
ഞങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് !

-മുനീർ അഗ്രഗാമി

നിന്നോളങ്ങളിൽ

നിന്നോളങ്ങളിൽ
..................................

നിന്നോളങ്ങളിൽ
ഞാനൊരില.
മരമുപേക്ഷിച്ചിട്ടും
ഹരിതമിറക്കിവിട്ടിട്ടും
നെഞ്ചിൽ ചേർക്കുന്നു നീയെന്നെ

എനിക്കു നീ പ്രളയമല്ല
നദിയല്ല ,കടലല്ല;
ഒഴുകുമെന്റെ സമയാമൃതം.
- മുനീർ അഗ്രഗാമി

നഗരത്തിലെ മാന്ത്രികനായിരുന്നു ഞാൻ

നഗരത്തിലെ
മാന്ത്രികനായിരുന്നു ഞാൻ
.............................................

വളർന്നു വളർന്ന്
യന്ത്രമായിപ്പോയ നഗരത്തിലെ
മാന്ത്രികനായിരുന്നു ഞാൻ.
കാണികൾക്കു മുന്നിൽ
പ്രാവിനു പകരം
മുയലിനെ എടുത്തു
മുയലിനു പകരം മുതലയെ.
മുതലയ്ക്ക് പകരം
ദിനോസറിന്റെ ശില്പത്തെ.

ഓരോന്നിനും പകരം
മറ്റോരോന്നെടുത്തു
ജീവനു പകരം മരണത്തെ
മരണത്തിനു പകരം പ്രതിമയെ
അങ്ങനെ
ഓരോരോ പ്രതിമകൾ എടുത്തു
ഗാന്ധിജി, ബുദ്ധൻ
അംബേദ്കർ
ഗുരു...
എന്നിങ്ങനെ.
കാണികൾ അവയെടുത്ത്
നഗരത്തിൽ സ്ഥാപിച്ചു.
പ്രാവെവിടെ?
മുയലെവിടെ?
എന്നാരും ചോദിച്ചില്ല
കാണാൻ വരുന്നവരൊക്കെ
എനിക്കിപ്പോൾ പണം തരുന്നു
വയലിനും തോടിനും
ഇടവഴികൾക്കും പകരം
ജനങ്ങൾക്ക് കാണാൻ കൗതുകമുള്ളവ
ഞാൻ കൊണ്ടു വെച്ചു.
എന്റെ മാന്ത്രികതയിലാണ്
അവരുടെ കുഞ്ഞുങ്ങൾ കളിക്കുന്നത്.
അവർ യന്ത്രദിനോസറിന്റെ പുറത്തു കയറി കളിക്കട്ടെ
എന്നു കരുതിയിരിക്കുമ്പോഴാണ്
മഹാമാന്ത്രികൻ വന്നത്
അയാൾ രണ്ടു മഴ കൊണ്ട്
എല്ലാം കാണാതാക്കി...
ഇപ്പോൾ ജലത്തിനു മുകളിൽ
തലയുയർത്തി നിൽക്കുന്ന,
ഞാൻ പൊട്ടിച്ചു കളയാൻ മറന്ന
ഒരു വലിയ പാറക്കല്ലുണ്ട്.
അതിനു മുകളിൽ ഒരു കാക്ക.
അത്,
മുങ്ങിപ്പൊങ്ങുന്ന എന്നെ നോക്കി നിൽക്കുന്നു.
-മുനീർ അഗ്രഗാമി

പുഴ കടക്കൽ

പുഴ കടക്കൽ
........................
ഇന്നു രാവിലെ
നിനക്കൊപ്പം
ഒറ്റയ്ക്ക് നടക്കുമ്പോൾ
പുഴ ഉണരുന്നതു കണ്ടു.

നടന്നു വന്ന വഴിയിൽ
പുഴ കിടക്കുന്നുണ്ടായിരുന്നു.
പുഴയെ ശല്യപ്പെടുത്താതെ
മുകളിലൂടെ നടന്നു
പാലത്തിന്റെ കൈ പിടിച്ച്.
നീ എന്റെ കൈ കൊണ്ട്
പാലത്തിന്റെ കൈ പിടിച്ചു
ഞാൻ നിന്റെ കൈ കൊണ്ട്
പാലത്തിന്റെ കൈ പിടിച്ചു
പുഴ എന്നെ മാത്രമേ കാണുന്നുള്ളൂ
ഞാൻ നിന്നെ മാത്രമേ കാണുന്നുള്ളൂ
മുമ്പിവിടെ വന്നപ്പോൾ
നീ മെലിഞ്ഞിരുന്നു
പുഴയെ പോലെ
ഇപ്പോൾ പുഴ തടിച്ചിരിക്കുന്നു
നിന്നെ പോലെ
ഇന്ന് നീ എനിക്കൊപ്പം
ഒറ്റയ്ക്കുണരുന്നുണ്ടാവും
ഞാൻ നിനക്കൊപ്പമീ
പുഴ കടക്കുമ്പോൾ .
- മുനീർ അഗ്രഗാമി

രണ്ടു നക്ഷത്രങ്ങൾ

രണ്ടു നക്ഷത്രങ്ങൾ
.................................
നക്ഷത്രമേ
നീ ഇല്ലാതായതിനു ശേഷമാണ്
നിന്റെ പ്രകാശം
എന്റെ കണ്ണുകളിലെത്തിയത്
നീയുണ്ടായിരുന്നപ്പോൾ
നോക്കിയില്ലല്ലോ
എന്നൊരു സങ്കടമെന്നിലാളി ,
നീയില്ലായ്മയിൽ
നക്ഷത്രമായെരിയുന്നു.



-മുനീർ അഗ്രഗാമി

ഏറ്റവും ചെറിയ കുട്ടി

ഏറ്റവും ചെറിയ കുട്ടി
....................................
ഏറ്റവും ചെറിയ കുട്ടി
പുഞ്ചിരിക്കുമ്പോൾ
വീട് പ്രകാശിക്കുന്നു
ഇരുട്ടുണ്ടെന്നു നാം കരുതിയ
അകത്തളങ്ങളൊക്കെയും
പുലരി പോലെ നിൽക്കുന്നു

ജീവിതം മടുത്തെന്ന്
പലതവണ പറഞ്ഞ വല്യമ്മാമ
പതിവുതെറ്റിച്ച്
മടുപ്പെവിടെയോ കളഞ്ഞ്
വീടിന്റെ പുഞ്ചിരിയെ
മടിയിലിരുത്തുന്നു
തർക്കങ്ങളിൽ തലതല്ലിപ്പിരിഞ്ഞവർ
തിരിച്ചു വന്ന്
പുഞ്ചിരിയുടെ രണ്ടറ്റങ്ങളിൽ
ചുംബിക്കുന്നു
ഏറ്റവും ചെറിയ ചിരിയിൽ
ഏറ്റവും വലിയതെന്തോ
മറഞ്ഞിരുന്ന്
നമ്മെ ഒരു കുഞ്ഞിനെ പോലെ
ചില നിമിഷത്തേക്ക്
നിഷ്കളങ്കരാക്കുന്നു
അപ്പോഴാണ്
പാവകളൊക്കെ കുഞ്ഞുങ്ങളായത്
ചെറിയ കുട്ടിയുടെ
പുഞ്ചിരിയിൽ കിടന്ന് കളിക്കാൻ തുടങ്ങിയത്
അകം
അടുക്കള
വരാന്ത
എന്ന വേർതിരിവുകൾ
ഇല്ലാതായത്
അമ്മയുടെ കുട്ടിക്കാലത്ത്
കൈകളിൽ ഉണർന്നിരുന്ന
ഒരു പാവയെ
അമ്മയിപ്പോൾ ഓർക്കുന്നു
ഇപ്പോളതിനു ജീവനുണ്ട്
മുമ്പെങ്ങുമില്ലാത്ത വിധം .
-മുനീർ അഗ്രഗാമി

അവസാനത്തെ ആഗ്രഹം

അവസാനത്തെ ആഗ്രഹം
............................................
അല്പനേരമെങ്കിലും
അപരിചിതന്റെ
മനസ്സിൽ കിടക്കണം .
അതിന്നായി
പരിചിതരാരും
മനസ്സിൽ കിടത്താത്തൊരന്തിയിൽ
അവൻറെ
മലഞ്ചരിവിലെ വീട്ടിൽ ചെന്നു,
ഒന്നു ചിരിച്ചു.
അവന്റെ മനസ്സിന്റെ പടി കയറി ;
മലകയറി.
തിരിച്ചു വന്നതില്ല പിന്നെ
അവൻറെ
മനസ്സിൽ നിന്നിറങ്ങിപ്പോരുവാൻ
ആവാതെ...
ആകാതെ .


- മുനീർ അഗ്രഗാമി

ഉന്മാദത്തിന്റെ തുള്ളി

ഉന്മാദത്തിന്റെ തുള്ളി
............................................

നിന്നിലേക്കുള്ള വഴിയിൽ
ചീറ്റിക്കൊണ്ട്
മഴ നിൽക്കുന്നു
അതിനെ മറികടക്കണം
കൈ പിടിക്കൂ
ഉന്മാദത്തിന്റെ
ഒരു തുള്ളി കൊണ്ട്.




- മുനീർ അഗ്രഗാമി

പല രാജ്യങ്ങൾ


 പല രാജ്യങ്ങൾ
............................................
പല രാജ്യങ്ങൾ ദേശാടനപ്പക്ഷികളെ പോലെ ഞങ്ങളുടെ മൈതാനത്ത്
വന്നിരിക്കുന്നു
ഞങ്ങളുടെ
വൈകുന്നേരങ്ങളെ കൊത്തിപ്പെറുക്കുന്നു
പിന്നെ
ഞങ്ങൾ അവരായിത്തീരുവോളം
മൈതാനത്ത്
ഫുട്ബോൾ കളിക്കുന്നു

അവൻ ബ്രസീൽ
നീ അർജന്റീന
ഞാൻ സ്പെയിൻ
ഫ്രാൻസ്
ഇംഗ്ലണ്ട്
ഡെൻമാർക്ക് ...
എന്നിങ്ങനെ ഞങ്ങളുടെ നെഞ്ചിലൂടെ
പന്തുരുളുന്നു
ഒരുമയുടെ ഭൂപടം തെളിയുന്നു
കൺപീലികളെപ്പോൽ കൊടിപാറുന്നു
വലിയ സ്ക്രീനിനു മുന്നിൽ
പല രാജ്യങ്ങളായിരുന്ന്
ഞങ്ങൾ ഒരൊറ്റക്കളി കാണുന്നു
കാഴ്ചയുടെ പച്ചവിരിപ്പിൽ
വെളുത്ത പന്ത് പാഞ്ഞും പറന്നും
ഞങ്ങളുടെ മനസ്സുപോലെ
ജീവിക്കുന്നു
ഭൂമി ഇപ്പോൾ ഉരുണ്ടിട്ടല്ല
പരന്ന് ,പച്ച വിരിപ്പിൽ
ചതുരത്തിൽ അത് ചലിക്കുന്നു
മുന്നിലെ സ്ക്രീനിൽ
ലോകം ഒരു കപ്പായ്
തെളിയുമ്പോൾ .
_മുനീർ അഗ്രഗാമി

ഫുട്ബോൾ ദൈവത്തിന് ഒരു പ്രവാചകനുണ്ടെങ്കിൽ

ഫുട്ബോൾ ദൈവത്തിന്
ഒരു പ്രവാചകനുണ്ടെങ്കിൽ

.............................................................
ഫുട്ബോൾ ദൈവത്തിന്
ഒരു പ്രവാചകനുണ്ടെങ്കിൽ
അതവനാണ്
ആദ്യത്തെ മത്സരത്തിലൂടെ
അവൻ അതിന്റെ അടയാളം കാണിച്ചു തന്നു
ചിന്തിക്കുന്ന കാണികൾക്ക്
അതിൽ ദൃഷ്ടാന്തമുണ്ട്
പെനാൾട്ടി കിക്കിലും
ഫ്രീ കിക്കിലും
അവന്റെ വചനങ്ങളുണ്ട്
സൂക്ഷിച്ചു നോക്കിയാൽ മാത്രം
തെളിയുന്നത്

അമാനുഷികമെന്നു തോന്നുന്ന
ചലനങ്ങളിലൂടെ
അവൻ മുന്നേറുന്നു
അന്നേരം മാലാഖമാർ
അവനൊപ്പം പറക്കുന്നു
അവന്റെ കാലുകളിൽ
ലോകത്തിന്റെ മുഴുവൻ വേഗവും
എകാന്തമായി പെയ്യുന്നു
ഒഴുക്കായി പ്രവഹിക്കുന്നു
കാണികളെ അവൻ
തന്റെ ബൂട്ടുകളുടെ ചലനത്തിൽ
കെട്ടി വലിക്കുന്നു
മറ്റു പത്തുപേരെയും വിട്ട്
അവനൊപ്പം സഞ്ചരിക്കുന്നു
അന്നേരം
വിശ്വാസികളായിത്തീരുന്നു
കാണികൾ
ഫുട്ബോൾ ഒരു മതമാണ്
ഭൂമി പോലെ ഉരുണ്ടത്
വിശ്വസിക്കുന്നവർക്ക്
സന്തോഷം തരുന്നത്
എല്ലാ പ്രാർത്ഥനകളും അതിനൊപ്പം
സഞ്ചരിക്കുന്നു
അവൻ ബോളുമായ് മുന്നേറുമ്പോൾ
പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുന്നു.


- മുനീർ അഗ്രഗാമി

കാനറിപ്പക്ഷികളെന്നു വിളിക്കരുത്

കാനറിപ്പക്ഷികളെന്നു വിളിക്കരുത്
.....................................................................
കാലിൽ ചിറകുകളുള്ളവരെ
കാനറിപ്പക്ഷികളെന്നു വിളിക്കരുത്
പച്ച നിറമുള്ള ആകാശത്തിലൂടെ
അവർ
ഒരു സ്വപ്നവും കൊണ്ടു പറക്കുമ്പോൾ
അവരുടെ നിറം
മഞ്ഞയോ നീലയോ ആവട്ടെ
അവർ പറക്കുമ്പോൾ
ചുറ്റും ജീവനുള്ള മരങ്ങൾ
വളരുന്നു
അവരുടെ ചിറകടികളിൽ
മരങ്ങൾ ആടിയുലയുന്നു
ചതുരത്തിൽ ഇടതൂർന്ന കാട്ടിൽ
ഓരോ മരവും
അവരുടെ മുന്നേറ്റത്തിൽ
ആരവമായിത്തളിർക്കുന്നു.
ആവേശത്തിന്റെ മേഘങ്ങളിൽ നിന്നും
മഴത്തുള്ളികൾ പൊഴിയുന്നു
അതിനു രണ്ടു നിറങ്ങൾ
ശബ്ദത്തിന്റേയും നിശ്ശബ്ദതയുടേയും
കയറ്റിറങ്ങളിൽ
മഴ ഒരു സംഗീത തരംഗമാകുന്നു
അവർ മുന്നേറുന്നു
മുന്നേറുന്നു
- മുനീർ അഗ്രഗാമി

കാലുകൊണ്ട് ഒരു സ്വപ്നത്തെ മൂന്നായി കീറിയെറിയുന്ന വിധം

ക്രൊയേഷ്യയാണ് കളി
അവർ
കാലുകൊണ്ട്
ഒരു സ്വപ്നത്തെ മൂന്നായി
കീറിയെറിയുന്ന വിധം
നന്നായി കാണിച്ചു
വെറുമൊരു മനുഷ്യനായൊരെന്നെ
വലിയ കാണിയാക്കുവാൻ
കളിക്കളം നിറഞ്ഞുതൂവുമ്പോലെ
ക്രൊയേഷ്യ കളിക്കുമ്പോൾ
ഗ്രൗണ്ട് പച്ചക്കടൽ.
അർജന്റീന
അവരിൽ മുങ്ങിപ്പോകുന്ന
പഴയ പായ്ക്കപ്പൽ
കപ്പൽച്ചേതം വന്ന്
ചിതറിപ്പോയ യാത്രികരെ പോലെ
കടലിൽ അർജന്റീന ചിതറിത്തെറിക്കുന്നു
നീന്തുവാൻ മറന്ന്
മുങ്ങിത്താഴ്ന്നും പൊങ്ങിയും
പിടയുന്നു
പാതിജീവനുമായ്
നിന്തുന്ന കപ്പിത്താനെയോർത്ത്
അവർ അന്നേരം കരഞ്ഞിരിക്കണം
കാലുകൾ കൊണ്ട് തുഴഞ്ഞു പോകുന്ന
ഒരു യാനം
കാലുകളെ ഉപേക്ഷിച്ച്
ആഴത്തിലേക്കു പോകുമ്പോലെ
അർജ്ജന്റീന ആഴ്ന്നു പോകുന്നു
കടലിൽ കാറ്റുകളെ
അതിജീവിച്ച് ക്രൊയേഷ്യ മുന്നേറുന്നു
കാണിയുടെ ഭാഷയിൽ
കോർട്ടർ ഫൈനൽ
കൊടുങ്കാറ്റിന്റെ പര്യായം തന്നെ
തീരത്തനേകം ഫ്ലക്സുകളുണ്ട്
അവയിൽ ഒന്നിൽപോലും
ക്രൊയേഷ്യയില്ല
പക്ഷേ അവയിൽ
നിറഞ്ഞിരിക്കുന്ന അർജ്ജന്റീനയെ
അവർ വെറും പുരാവൃത്തമാക്കി
മാറ്റിയിരിക്കുന്നു
മെസ്സി ഐതിഹ്യങ്ങളിലെ നായകനാകുന്നു
പച്ചക്കടലിലെ
നീലത്തിരകളെ അവർ
തുടച്ചു കളഞ്ഞിരിക്കുന്നു
കറുത്ത തിരകൾ പ്രതീക്ഷകളായി
ഗാലറിയുടെ മനുഷ്യ മണൽപ്പരപ്പിലേക്ക്
അടിച്ചു കൊണ്ടിരുന്നു
സുനാമി പോലെ
മൂന്നു വട്ടം
അർജന്റീനയുടെ
ഗോൾ പോസ്റ്റിലേക്കും .
വിരലുകടിച്ച്
ഞാനത് നോക്കി നിന്നു പോയി
സത്യമായും
നോക്കി നിന്നു പോയി
(അർജന്റീന - ക്രൊയേഷ്യ മത്സരം കാണുമ്പോൾ, 2018  )
- മുനീർ അഗ്രഗാമി
നിപ്പ 
.................
തുറക്കുകയാണിന്നേ,തോ
ഭീതിയാലടച്ച കണ്ണുകൾ
അറിവിൻ വെളിച്ചമേ
പത്തുമണിപ്പൂവായ് 
വിടർന്നാലും
സ്കൂളിൻ മുറ്റത്തു നിൽക്കണേ
ഇടയ്ക്കൊന്നു നോക്കി
 ചിരിക്കണേ!
- മുനീർ അഗ്രഗാമി
ആരാണ് ഏറ്റവും വലിയ കവി ?
മകൾ ചോദിച്ചു
മകനങ്ങനെ ചോദിക്കില്ല
അവന് ചോദ്യങ്ങളില്ല
സ്വന്തക്കാരും കൂട്ടുകാരുമടങ്ങിയ
ഉത്തരങ്ങൾ മാത്രം.
അവനിലാണ് കേരളം
അതുകൊണ്ട് ലോകം കാണാൻ
മകളെ കൂട്ടി നടന്നു
വഴിക്കു വെച്ച്
ഒരുറുമ്പിന്റെ വരി വായിച്ചു
ചിതലുകളുടെ കുത്തനെയുള്ള
എഴുത്തു കണ്ടു
കണ്ടൽക്കാടുകളുടെ
ഖണ്ഡികകൾ കണ്ടു
മഞ്ഞിന്റെയും മഴയുടെയും
വലിയ പുസ്തകങ്ങൾ കണ്ടു
മരച്ചുവട്ടിൽ
വിലാപകാവ്യത്തിലെ വാക്കുകൾ
വീണു കിടക്കുന്നു
വസന്തത്തെ വായിച്ച്
മടക്കി വെച്ചിരിക്കുന്ന ചെടികൾ
വീണ്ടും തുറക്കുന്നതും കാത്ത്
ഞങ്ങൾ പാർക്കിലിരുന്നു.
ഇനിയും നടക്കാനുണ്ട്
ആയുസ്സിന്റെ വെളിച്ചം തീരുവോളം
ദൂരത്തിന്റെ കവിത വായിക്കാം
മരീചിക പോലെ
അതിന്റെ അർത്ഥം വിദൂരതയിൽ നിന്നും
വിളിച്ചുകൊണ്ടിരുന്നു
അച്ഛാ ഞാൻ ചെറുതാവുന്നു
എനിക്ക് വീണ്ടും ചെറുതാവണം
മകൾ പറഞ്ഞു
ഒരു പൂമ്പാറ്റയുടെ ചിറകിലെ
ചിത്ര പുസ്തകം വായിച്ച്
ആസ്വദിക്കാവുന്നത്രയും ചെറുതാവണം
മകളേ നടക്കുക
ചെറുതാവുന്ന അത്രയും നടക്കുക
ലോകത്തിന്റെ ഗദ്യ താളത്തിൽ
വരികളിലൂടെ
വായനക്കാരിയായി
നടക്കുക
അവളുടെ ചോദ്യമിപ്പോൾ
ബാഷ്പീകരിച്ചു പോയ
നേർത്ത നനവാണ്
മഴവില്ല് അതിന്റെ ഉത്തരവും
മകനിപ്പോൾ
സ്വന്തം ഉത്തരങ്ങളുമായി
ലിംഗത്തിനു ചുറ്റും കറങ്ങുകയാവും
ചില വാക്കുകളുടേയും
പ്രയോഗങ്ങളുടേയും
കുതിരപ്പുറത്ത് .
മകളുടെ ചോദ്യത്തെ ഉപേക്ഷിച്ച്
ഞാനും മകളും വീണ്ടും നടന്നു.
- മുനീർ അഗ്രഗാമി

പീലിക്കണ്ണുകൾ

പീലിക്കണ്ണുകൾ
.........................................
നീലപ്പീലികൾ വിടർത്തി
മഴയാടുമാകാശത്തിൽ
തുളുമ്പും പീലിക്കണ്ണുകൾ
മണ്ണിലതിൻ ചുവടുകൾ
- മുനീർ അഗ്രഗാമി

എന്റെ നഗരം


എന്റെ  നഗരം 
...........................................
എന്റെ നഗരമിപ്പോൾ
ഒറ്റപ്പെട്ട ഒരാളെ പോലെ
കടപ്പുറത്ത് നിൽക്കുകയാണ്
ഹൃദയത്തിലെ
ആളൊഴിഞ്ഞ ഇടങ്ങൾ
അതിനെ വേദനിപ്പിക്കുന്നുണ്ട്
കാറ്റാടിമരം പോലും
അതിനോടു മിണ്ടുന്നില്ല
ഒരു മഴ
അല്പനേരം നെഞ്ചിലൂടെ നടന്ന്
എവിടെയോ മറഞ്ഞു പോയി
എന്റെ നഗരത്തെ ചിലപ്പോൾ
വലിയ തിരകൾ ചുംബച്ചേക്കും,
ഇത്രയധികം ഒറ്റപ്പെടുമ്പോൾ.
- മുനീർ അഗ്രഗാമി

എക്സ് ഫെമിനിസ്റ്റ്


എക്സ് ഫെമിനിസ്റ്റ് 
........................................
പ്രണയത്തിൽ 
ദേഷ്യം പിടിക്കുമ്പോൾ
നീയൊരു കാട്
വന്യതയുടെ ഇളക്കങ്ങൾ
പതുങ്ങുന്ന നിഗൂഢത
നിന്റെ കണ്ണുകളിൽ
ഇപ്പോഴും
രാജാവ് സിംഹം തന്നെ
ഞാനൊരു പേടമാനും
- മുനീർ അഗ്രഗാമി

ഇരുട്ടിൽ

ഇരുട്ടിൽ
..................
പുഴ കടക്കുന്ന കാറ്റ്
ഇരുട്ടിൽ തട്ടി വീണു;
മരിച്ചു.
ഇലകളിപ്പോൾ
നിശ്ചലമായതു
നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി


ഉറുമ്പ്
........

ജീവന്റെ തുള്ളിപോൽ
പുൽക്കൊടിത്തുമ്പിലൊരുറുമ്പ്
കാറ്റിനോടേറ്റുമുട്ടുന്നു
-മുനീർ അഗ്രഗാമി

മീൻ

മീൻ
........
കടലിൽ നീന്തുമ്പോൾ
പറക്കുന്നു ഞാൻ ,ഹാ!
കടൽ ആകാശം;മീനുകളിലകൾ
-മുനീർ അഗ്രഗാമി

പ്രണയ ദ്വീപ്

പ്രണയ ദ്വീപ്
........
നീ എന്നെ ചുറ്റുന്ന കടൽ
നിന്റെ തിരകൾ നോക്കിനിൽക്കെ
എന്നിലൊരു പൂ വിരിയുന്നു.

-മുനീർ അഗ്രഗാമി 

ഹൈക്കു കവിത

ഹൈക്കു കവിത 
............................
ഇലവീഴുമൊച്ചയിൽ
രാവതിന്റെ
നിശ്ശബ്ദതയഴിച്ചു വെക്കുന്നു

-മുനീർ അഗ്രഗാമി 

കറുപ്പ്

കറുപ്പ്

(കംപാല, ഉഗാണ്ട, 2016)
.......................................................
കറുപ്പ്
രാത്രിയല്ല
ഉടലിൽ പിറക്കുന്ന
പകൽ തന്നെ.
ദൈവത്തിന്റേയും
മനുഷ്യന്റേയും നിറം
ചിലർ
പിശാചു തന്നെ ;
അവരുടെ
നോട്ടം കാണുമ്പോൾ.
- മുനീർ അഗ്രഗാമി
ചേമ്പർ
-----------
(ഓസ് വിച്ച് , ജർമ്മനി ,1943)
നടന്നു തീർന്നതല്ല ആരും
എല്ലാവരും ഇവിടെയെത്തപ്പെട്ടു.
സ്വന്തമായിരുന്നവ
എവിടെ എന്നത്
വെറും ചോദ്യം മാത്രം.
ഒരു പുഞ്ചിരിയും ഇവിടെയെത്തിയില്ല
ഭരണാധികാരിക്ക്
വേണ്ടത്ര വെളിച്ചമുണ്ടായിരുന്നു
പക്ഷേ
അദ്ദേഹം അത് ഞങ്ങളെ കാണിച്ചില്ല
റോസാപ്പൂക്കൾ പോലും
രക്തത്തെ ഓർമ്മിപ്പിക്കുന്നു
ഇപ്പോൾ ഞങ്ങൾക്ക് രാജ്യം
വായു കയറാത്ത ഒരു ചേമ്പറാണ്.
- മുനീർ അഗ്രഗാമി

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ
...............................
അദ്ദേഹം ആരെയും
തേടി വരില്ല
പക്ഷേ അവർ വരും
അദ്ദേഹത്തിന്റെ കളിപ്പാട്ടങ്ങൾ.
ഒരു തെളിവു പോലുമവശേഷിപ്പിക്കാതെ
നമ്മുടെ രാത്രിയെ അവർ കൊണ്ടു പോകും 
൧൯൪൨ ൽ  ഓസ്‌വിച്ചിൽ വെച്ച് 
ആറു വയസ്സുകാരി ഇങ്ങനെ പറഞ്ഞു .

- മുനീർ അഗ്രഗാമി

സഖ്യ

മെറ്റലും മണലും
സമ്മേളിക്കുന്നത് ഞാൻ കണ്ടു
അവയ്ക്ക് വ്യക്തിത്വമുണ്ടായിരുന്നു
സിമൻറും ജലവുമായി
അവ സഖ്യമുണ്ടാക്കുന്നതു
ഞാൻ കണ്ടു
ഇനിയവയ്ക്ക് വേർതിരിഞ്ഞു നിൽക്കുക
സാദ്ധ്യമല്ല
നല്ല ഉറപ്പുള്ള സഖ്യമാണെന്ന്
എനിക്കറിയാം
ചില ഉറപ്പുകൾ
എത്ര സ്വത്വങ്ങളെയാണ്
ഇല്ലാതാക്കുന്നത്
ക്വോറിയിൽ നിന്ന്
മുമ്പെങ്ങോ വേർപിരിഞ്ഞ ഒരു പാറക്കഷണം
അതിന്റെ ഉറ്റവരെ തിരഞ്ഞു വന്നാൽ
എന്നോടു ചോദിച്ചാൽ
ഞാനെന്തു പറയും !
ഒരു പാറയും
തിരഞ്ഞു വരില്ലെന്നെനിക്കറിയാം
മാർക് സോ നെഹ്റുവോ
പ്രവാചകരോ
തിരിച്ചു വരാത്ത പോലെ.
- മുനീർ അഗ്രഗാമി
അമ്മവീട്
.................
നാലുവരിപ്പാത മുറിച്ചുകടന്ന്
അമ്മവീട്ടിലേക്ക്
നിനക്കൊപ്പം നടന്നു
ഓരോ ചുവടിലും
താരാട്ടിന്റെ ഓരോ പദങ്ങൾ
പിടഞ്ഞുണർന്ന്
മോനേ മോനേയെന്നു
വിളിക്കുന്ന പോലെ
ഒരു കാറ്റ് ഒപ്പം വന്നു
ഞാറുകളുടെ വിരിപ്പിൽ
ഇളം വെയിലിനെ,
തൊണ്ണു കാട്ടിച്ചിരിക്കുന്ന
കുഞ്ഞിനെയെന്നപോലെ
തിരിച്ചു കിടത്തുന്നു
നാലുമണി
സമയത്തിന്റെ വിരലുകൾ
പുറത്തു തലോടുമ്പോൾ,
ഇലഞ്ഞിപ്പൂമണം നടന്നുപോകുന്ന
വരമ്പിന്റെ
ഒരറ്റത്ത് അമ്മ,
തിമിരം ബാധിച്ച നോട്ടത്തിന്റെ
വരാന്തയിൽ
ഏതോ ഓർമ്മ ചാരിയിരിക്കുന്ന പോലെ
നടക്കല്ലുകൾ കയറിച്ചെല്ലുമ്പോൾ
കയറ്റം നിന്നെ പിടിച്ചു വെച്ചു
നിന്റെ കാലിടറി
മുമ്പൊന്നുമില്ലാത്ത വിധം
എന്റെ വിരലുകൾ
നിനക്ക് താങ്ങായി
നീയൊരു മുല്ലവള്ളിയായി
മുറ്റവരമ്പിൽ
എന്നെ ചുറ്റി നിന്നു.
വീടിന്റെ ശ്വാസമായി
അമ്മ പുറത്തേക്കു വന്നു
അകത്തേക്കുപോയി
പുറത്തേക്കു വന്നു
വീടിന് നെഞ്ചിടിപ്പേറി
ഞാവൽ മരത്തിൽ നിന്നും
കുഞ്ഞു ഞാവലുകൾ
കണ്ണുതുറന്നു നോക്കുന്നു
മുരിങ്ങയുടെ തളിരിലകൾ
നിഴലുകളിലിരുന്ന്
കൊത്തംകല്ല് കളിക്കുന്നു
ഇടിയും മിന്നലുമുണ്ടായി
പെട്ടെന്നൊരു വേനൽമഴ
മുറ്റത്തു നിന്നു കരഞ്ഞു
നീയും ഞാനും നനഞ്ഞു
വീടു നനഞ്ഞു
സമയം നനഞ്ഞു
നനവിലൂടെ രാത്രി മെല്ലെ
വീട്ടിൽക്കയറി വാതിലടച്ചു.
നക്ഷത്രങ്ങൾ ഉദിക്കും മുമ്പ്
ഇരുട്ട് നമ്മെ തോർത്തിക്കൊണ്ടിരുന്നു
- മുനീർ അഗ്രഗാമി