പഴയ ക്ലാസിലിരുന്ന്

പഴയ ക്ലാസിലിരുന്ന്

............................................

പുറത്തുറങ്ങാതെ
മഴ വർത്താനം പറയുന്നു
ചാഞ്ഞും ചരിഞ്ഞും ചിരിക്കുന്നു
രാവേറുന്നതറിയാതെ
വെള്ളം വീട്ടിലേക്ക് കയറുന്നു
മരമിറങ്ങി
മല കണ്ടു വന്നതാണവ
ഇനി വീടിന്നകം കാണുവാൻ
തിക്കിത്തിരക്കി വരുന്നു

പുര പൊളിക്കല്ലേ
ഞാനിറങ്ങിത്തന്നേക്കാം
കയറുക,കാണുക
കയറിത്താമസിക്കുക
കാറ്റിനൊപ്പം
കുന്നിൻ മുകളിൽ
പണ്ടു പഠിച്ച സ്ക്കൂൾ
എന്നെ കാത്തിരിക്കുന്നുണ്ടാവും
കുന്നിനെ
ആർക്കും വിട്ടു കൊടുക്കാതെ
സ്ക്കൂളിപ്പോഴും
ചേർത്തു പിടിക്കുന്നുണ്ടാവും
ഞങ്ങൾക്കറിവേകിയ പോലെ,
മഴ വന്നു
വീടു കയ്യേറുമ്പോൾ
ഞങ്ങൾക്കഭയമേകാൻ
തലയുയർത്തിയവിടെ
നിൽക്കുന്നുണ്ടാവും
ഈ മഴക്കാലത്ത്
പഴയ ക്ലാസിലിരുന്ന്
ഞങ്ങളിപ്പോൾ ശരിക്കും
പാഠങ്ങൾ പഠിക്കുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment