കാലുകൊണ്ട് ഒരു സ്വപ്നത്തെ മൂന്നായി കീറിയെറിയുന്ന വിധം

ക്രൊയേഷ്യയാണ് കളി
അവർ
കാലുകൊണ്ട്
ഒരു സ്വപ്നത്തെ മൂന്നായി
കീറിയെറിയുന്ന വിധം
നന്നായി കാണിച്ചു
വെറുമൊരു മനുഷ്യനായൊരെന്നെ
വലിയ കാണിയാക്കുവാൻ
കളിക്കളം നിറഞ്ഞുതൂവുമ്പോലെ
ക്രൊയേഷ്യ കളിക്കുമ്പോൾ
ഗ്രൗണ്ട് പച്ചക്കടൽ.
അർജന്റീന
അവരിൽ മുങ്ങിപ്പോകുന്ന
പഴയ പായ്ക്കപ്പൽ
കപ്പൽച്ചേതം വന്ന്
ചിതറിപ്പോയ യാത്രികരെ പോലെ
കടലിൽ അർജന്റീന ചിതറിത്തെറിക്കുന്നു
നീന്തുവാൻ മറന്ന്
മുങ്ങിത്താഴ്ന്നും പൊങ്ങിയും
പിടയുന്നു
പാതിജീവനുമായ്
നിന്തുന്ന കപ്പിത്താനെയോർത്ത്
അവർ അന്നേരം കരഞ്ഞിരിക്കണം
കാലുകൾ കൊണ്ട് തുഴഞ്ഞു പോകുന്ന
ഒരു യാനം
കാലുകളെ ഉപേക്ഷിച്ച്
ആഴത്തിലേക്കു പോകുമ്പോലെ
അർജ്ജന്റീന ആഴ്ന്നു പോകുന്നു
കടലിൽ കാറ്റുകളെ
അതിജീവിച്ച് ക്രൊയേഷ്യ മുന്നേറുന്നു
കാണിയുടെ ഭാഷയിൽ
കോർട്ടർ ഫൈനൽ
കൊടുങ്കാറ്റിന്റെ പര്യായം തന്നെ
തീരത്തനേകം ഫ്ലക്സുകളുണ്ട്
അവയിൽ ഒന്നിൽപോലും
ക്രൊയേഷ്യയില്ല
പക്ഷേ അവയിൽ
നിറഞ്ഞിരിക്കുന്ന അർജ്ജന്റീനയെ
അവർ വെറും പുരാവൃത്തമാക്കി
മാറ്റിയിരിക്കുന്നു
മെസ്സി ഐതിഹ്യങ്ങളിലെ നായകനാകുന്നു
പച്ചക്കടലിലെ
നീലത്തിരകളെ അവർ
തുടച്ചു കളഞ്ഞിരിക്കുന്നു
കറുത്ത തിരകൾ പ്രതീക്ഷകളായി
ഗാലറിയുടെ മനുഷ്യ മണൽപ്പരപ്പിലേക്ക്
അടിച്ചു കൊണ്ടിരുന്നു
സുനാമി പോലെ
മൂന്നു വട്ടം
അർജന്റീനയുടെ
ഗോൾ പോസ്റ്റിലേക്കും .
വിരലുകടിച്ച്
ഞാനത് നോക്കി നിന്നു പോയി
സത്യമായും
നോക്കി നിന്നു പോയി
(അർജന്റീന - ക്രൊയേഷ്യ മത്സരം കാണുമ്പോൾ, 2018  )
- മുനീർ അഗ്രഗാമി

No comments:

Post a Comment