അമ്മവീട്
.................
നാലുവരിപ്പാത മുറിച്ചുകടന്ന്
അമ്മവീട്ടിലേക്ക്
നിനക്കൊപ്പം നടന്നു
ഓരോ ചുവടിലും
താരാട്ടിന്റെ ഓരോ പദങ്ങൾ
പിടഞ്ഞുണർന്ന്
മോനേ മോനേയെന്നു
വിളിക്കുന്ന പോലെ
ഒരു കാറ്റ് ഒപ്പം വന്നു
ഞാറുകളുടെ വിരിപ്പിൽ
ഇളം വെയിലിനെ,
തൊണ്ണു കാട്ടിച്ചിരിക്കുന്ന
കുഞ്ഞിനെയെന്നപോലെ
തിരിച്ചു കിടത്തുന്നു
നാലുമണി
സമയത്തിന്റെ വിരലുകൾ
പുറത്തു തലോടുമ്പോൾ,
ഇലഞ്ഞിപ്പൂമണം നടന്നുപോകുന്ന
വരമ്പിന്റെ
ഒരറ്റത്ത് അമ്മ,
തിമിരം ബാധിച്ച നോട്ടത്തിന്റെ
വരാന്തയിൽ
ഏതോ ഓർമ്മ ചാരിയിരിക്കുന്ന പോലെ
നടക്കല്ലുകൾ കയറിച്ചെല്ലുമ്പോൾ
കയറ്റം നിന്നെ പിടിച്ചു വെച്ചു
നിന്റെ കാലിടറി
മുമ്പൊന്നുമില്ലാത്ത വിധം
എന്റെ വിരലുകൾ
നിനക്ക് താങ്ങായി
നീയൊരു മുല്ലവള്ളിയായി
മുറ്റവരമ്പിൽ
എന്നെ ചുറ്റി നിന്നു.
വീടിന്റെ ശ്വാസമായി
അമ്മ പുറത്തേക്കു വന്നു
അകത്തേക്കുപോയി
പുറത്തേക്കു വന്നു
വീടിന് നെഞ്ചിടിപ്പേറി
ഞാവൽ മരത്തിൽ നിന്നും
കുഞ്ഞു ഞാവലുകൾ
കണ്ണുതുറന്നു നോക്കുന്നു
മുരിങ്ങയുടെ തളിരിലകൾ
നിഴലുകളിലിരുന്ന്
കൊത്തംകല്ല് കളിക്കുന്നു
ഇടിയും മിന്നലുമുണ്ടായി
പെട്ടെന്നൊരു വേനൽമഴ
മുറ്റത്തു നിന്നു കരഞ്ഞു
നീയും ഞാനും നനഞ്ഞു
വീടു നനഞ്ഞു
സമയം നനഞ്ഞു
നനവിലൂടെ രാത്രി മെല്ലെ
വീട്ടിൽക്കയറി വാതിലടച്ചു.
നക്ഷത്രങ്ങൾ ഉദിക്കും മുമ്പ്
ഇരുട്ട് നമ്മെ തോർത്തിക്കൊണ്ടിരുന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment