ആരാണ് ഏറ്റവും വലിയ കവി ?
മകൾ ചോദിച്ചു
മകനങ്ങനെ ചോദിക്കില്ല
അവന് ചോദ്യങ്ങളില്ല
സ്വന്തക്കാരും കൂട്ടുകാരുമടങ്ങിയ
ഉത്തരങ്ങൾ മാത്രം.
അവനിലാണ് കേരളം
അതുകൊണ്ട് ലോകം കാണാൻ
മകളെ കൂട്ടി നടന്നു
വഴിക്കു വെച്ച്
ഒരുറുമ്പിന്റെ വരി വായിച്ചു
ചിതലുകളുടെ കുത്തനെയുള്ള
എഴുത്തു കണ്ടു
കണ്ടൽക്കാടുകളുടെ
ഖണ്ഡികകൾ കണ്ടു
മഞ്ഞിന്റെയും മഴയുടെയും
വലിയ പുസ്തകങ്ങൾ കണ്ടു
മരച്ചുവട്ടിൽ
വിലാപകാവ്യത്തിലെ വാക്കുകൾ
വീണു കിടക്കുന്നു
വസന്തത്തെ വായിച്ച്
മടക്കി വെച്ചിരിക്കുന്ന ചെടികൾ
വീണ്ടും തുറക്കുന്നതും കാത്ത്
ഞങ്ങൾ പാർക്കിലിരുന്നു.
ഇനിയും നടക്കാനുണ്ട്
ആയുസ്സിന്റെ വെളിച്ചം തീരുവോളം
ദൂരത്തിന്റെ കവിത വായിക്കാം
മരീചിക പോലെ
അതിന്റെ അർത്ഥം വിദൂരതയിൽ നിന്നും
വിളിച്ചുകൊണ്ടിരുന്നു
അച്ഛാ ഞാൻ ചെറുതാവുന്നു
എനിക്ക് വീണ്ടും ചെറുതാവണം
മകൾ പറഞ്ഞു
ഒരു പൂമ്പാറ്റയുടെ ചിറകിലെ
ചിത്ര പുസ്തകം വായിച്ച്
ആസ്വദിക്കാവുന്നത്രയും ചെറുതാവണം
മകളേ നടക്കുക
ചെറുതാവുന്ന അത്രയും നടക്കുക
ലോകത്തിന്റെ ഗദ്യ താളത്തിൽ
വരികളിലൂടെ
വായനക്കാരിയായി
നടക്കുക
അവളുടെ ചോദ്യമിപ്പോൾ
ബാഷ്പീകരിച്ചു പോയ
നേർത്ത നനവാണ്
മഴവില്ല് അതിന്റെ ഉത്തരവും
മകനിപ്പോൾ
സ്വന്തം ഉത്തരങ്ങളുമായി
ലിംഗത്തിനു ചുറ്റും കറങ്ങുകയാവും
ചില വാക്കുകളുടേയും
പ്രയോഗങ്ങളുടേയും
കുതിരപ്പുറത്ത് .
മകളുടെ ചോദ്യത്തെ ഉപേക്ഷിച്ച്
ഞാനും മകളും വീണ്ടും നടന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment