പല രാജ്യങ്ങൾ


 പല രാജ്യങ്ങൾ
............................................
പല രാജ്യങ്ങൾ ദേശാടനപ്പക്ഷികളെ പോലെ ഞങ്ങളുടെ മൈതാനത്ത്
വന്നിരിക്കുന്നു
ഞങ്ങളുടെ
വൈകുന്നേരങ്ങളെ കൊത്തിപ്പെറുക്കുന്നു
പിന്നെ
ഞങ്ങൾ അവരായിത്തീരുവോളം
മൈതാനത്ത്
ഫുട്ബോൾ കളിക്കുന്നു

അവൻ ബ്രസീൽ
നീ അർജന്റീന
ഞാൻ സ്പെയിൻ
ഫ്രാൻസ്
ഇംഗ്ലണ്ട്
ഡെൻമാർക്ക് ...
എന്നിങ്ങനെ ഞങ്ങളുടെ നെഞ്ചിലൂടെ
പന്തുരുളുന്നു
ഒരുമയുടെ ഭൂപടം തെളിയുന്നു
കൺപീലികളെപ്പോൽ കൊടിപാറുന്നു
വലിയ സ്ക്രീനിനു മുന്നിൽ
പല രാജ്യങ്ങളായിരുന്ന്
ഞങ്ങൾ ഒരൊറ്റക്കളി കാണുന്നു
കാഴ്ചയുടെ പച്ചവിരിപ്പിൽ
വെളുത്ത പന്ത് പാഞ്ഞും പറന്നും
ഞങ്ങളുടെ മനസ്സുപോലെ
ജീവിക്കുന്നു
ഭൂമി ഇപ്പോൾ ഉരുണ്ടിട്ടല്ല
പരന്ന് ,പച്ച വിരിപ്പിൽ
ചതുരത്തിൽ അത് ചലിക്കുന്നു
മുന്നിലെ സ്ക്രീനിൽ
ലോകം ഒരു കപ്പായ്
തെളിയുമ്പോൾ .
_മുനീർ അഗ്രഗാമി

No comments:

Post a Comment