നഗരത്തിലെ മാന്ത്രികനായിരുന്നു ഞാൻ

നഗരത്തിലെ
മാന്ത്രികനായിരുന്നു ഞാൻ
.............................................

വളർന്നു വളർന്ന്
യന്ത്രമായിപ്പോയ നഗരത്തിലെ
മാന്ത്രികനായിരുന്നു ഞാൻ.
കാണികൾക്കു മുന്നിൽ
പ്രാവിനു പകരം
മുയലിനെ എടുത്തു
മുയലിനു പകരം മുതലയെ.
മുതലയ്ക്ക് പകരം
ദിനോസറിന്റെ ശില്പത്തെ.

ഓരോന്നിനും പകരം
മറ്റോരോന്നെടുത്തു
ജീവനു പകരം മരണത്തെ
മരണത്തിനു പകരം പ്രതിമയെ
അങ്ങനെ
ഓരോരോ പ്രതിമകൾ എടുത്തു
ഗാന്ധിജി, ബുദ്ധൻ
അംബേദ്കർ
ഗുരു...
എന്നിങ്ങനെ.
കാണികൾ അവയെടുത്ത്
നഗരത്തിൽ സ്ഥാപിച്ചു.
പ്രാവെവിടെ?
മുയലെവിടെ?
എന്നാരും ചോദിച്ചില്ല
കാണാൻ വരുന്നവരൊക്കെ
എനിക്കിപ്പോൾ പണം തരുന്നു
വയലിനും തോടിനും
ഇടവഴികൾക്കും പകരം
ജനങ്ങൾക്ക് കാണാൻ കൗതുകമുള്ളവ
ഞാൻ കൊണ്ടു വെച്ചു.
എന്റെ മാന്ത്രികതയിലാണ്
അവരുടെ കുഞ്ഞുങ്ങൾ കളിക്കുന്നത്.
അവർ യന്ത്രദിനോസറിന്റെ പുറത്തു കയറി കളിക്കട്ടെ
എന്നു കരുതിയിരിക്കുമ്പോഴാണ്
മഹാമാന്ത്രികൻ വന്നത്
അയാൾ രണ്ടു മഴ കൊണ്ട്
എല്ലാം കാണാതാക്കി...
ഇപ്പോൾ ജലത്തിനു മുകളിൽ
തലയുയർത്തി നിൽക്കുന്ന,
ഞാൻ പൊട്ടിച്ചു കളയാൻ മറന്ന
ഒരു വലിയ പാറക്കല്ലുണ്ട്.
അതിനു മുകളിൽ ഒരു കാക്ക.
അത്,
മുങ്ങിപ്പൊങ്ങുന്ന എന്നെ നോക്കി നിൽക്കുന്നു.
-മുനീർ അഗ്രഗാമി

No comments:

Post a Comment