ഫുട്ബോൾ ദൈവത്തിന് ഒരു പ്രവാചകനുണ്ടെങ്കിൽ

ഫുട്ബോൾ ദൈവത്തിന്
ഒരു പ്രവാചകനുണ്ടെങ്കിൽ

.............................................................
ഫുട്ബോൾ ദൈവത്തിന്
ഒരു പ്രവാചകനുണ്ടെങ്കിൽ
അതവനാണ്
ആദ്യത്തെ മത്സരത്തിലൂടെ
അവൻ അതിന്റെ അടയാളം കാണിച്ചു തന്നു
ചിന്തിക്കുന്ന കാണികൾക്ക്
അതിൽ ദൃഷ്ടാന്തമുണ്ട്
പെനാൾട്ടി കിക്കിലും
ഫ്രീ കിക്കിലും
അവന്റെ വചനങ്ങളുണ്ട്
സൂക്ഷിച്ചു നോക്കിയാൽ മാത്രം
തെളിയുന്നത്

അമാനുഷികമെന്നു തോന്നുന്ന
ചലനങ്ങളിലൂടെ
അവൻ മുന്നേറുന്നു
അന്നേരം മാലാഖമാർ
അവനൊപ്പം പറക്കുന്നു
അവന്റെ കാലുകളിൽ
ലോകത്തിന്റെ മുഴുവൻ വേഗവും
എകാന്തമായി പെയ്യുന്നു
ഒഴുക്കായി പ്രവഹിക്കുന്നു
കാണികളെ അവൻ
തന്റെ ബൂട്ടുകളുടെ ചലനത്തിൽ
കെട്ടി വലിക്കുന്നു
മറ്റു പത്തുപേരെയും വിട്ട്
അവനൊപ്പം സഞ്ചരിക്കുന്നു
അന്നേരം
വിശ്വാസികളായിത്തീരുന്നു
കാണികൾ
ഫുട്ബോൾ ഒരു മതമാണ്
ഭൂമി പോലെ ഉരുണ്ടത്
വിശ്വസിക്കുന്നവർക്ക്
സന്തോഷം തരുന്നത്
എല്ലാ പ്രാർത്ഥനകളും അതിനൊപ്പം
സഞ്ചരിക്കുന്നു
അവൻ ബോളുമായ് മുന്നേറുമ്പോൾ
പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുന്നു.


- മുനീർ അഗ്രഗാമി

No comments:

Post a Comment