കുഞ്ഞു മകൾ ചിരിച്ചു
മറ്റൊരു പ്രപഞ്ചമുണ്ടായി
നിയതമായ നിയമങ്ങളുണ്ടായി
ചലനങ്ങളുണ്ടായി
ചലനങ്ങൾക്ക് അർത്ഥമുണ്ടായി
അനേകം ഗോളങ്ങളുണ്ടായി
അതിൽ ജീവൻ നിലനിൽക്കുന്ന
ഗ്രഹങ്ങളുണ്ടായി
അതിലൊന്ന് ഞാൻ
എന്റെ ഉപഗ്രഹങ്ങളിൽ
ആ പുഞ്ചിരി പ്രതിഫലിക്കുന്നു
നിലാവുണ്ടാകുന്നു
ചാമ്പ മരത്തിൽ പടർന്ന
പിച്ചകം പൂത്ത നാൾ
നിലാവ് എന്നെ തൊട്ടു
തൊട്ടടുത്ത് അവൾ
സ്നേഹത്തിന്റെ ആയിരം പൂവുകൾ വിടർന്നു
ഒരു നിമിഷം ഇല കാണാതെയായി.
-മുനീർ അഗ്രഗാമി