ഈ നദിയിൽ

ഈ നദിയിൽ
...........................
നാമിപ്പോൾ മുങ്ങിയ
ഈ നദിയിൽ
രണ്ടു പുഴകളുണ്ട്
അതിൽ ഒന്നിനോട്
തിരിച്ചൊഴുകാൻ പറഞ്ഞാൽ
അതു കേൾക്കുമോ ?
മാറ്റൊന്നിനോട്
വറ്റാൻ പറഞ്ഞാൽ
അതു മാത്രമായ് വറ്റുമോ ?
പിന്നോട്ട്
പിന്നോട്ട്
പിന്നോട്ട് നടന്നാൽ
രണ്ടു പുഴകളെയും കണ്ടെത്താം
ഓടിത്തീർന്ന നിമിഷങ്ങളുടെ
പിടയ്ക്കുന്ന മീൻ പോലെ
എത്രയോ മുന്നേറിയ
ദേശാടക്കിളിയുടെ ചിറകുകൾ പോലെ
ചരിത്രം പോലെ
ഓർമ്മ പോലെ
വയലിലൂടെ ഒരാൾ
നിന്റെ കാലുകളിൽ
ഇടവപ്പാതി ഞൊറിഞ്ഞുടുത്ത്
വരുന്നു
താഴ്വരയിലൂടെ ഒരാൾ
എന്റെ ചലനങ്ങളുടെ കുതിരപ്പുറത്ത്
ഇളം വെയിലെടുത്ത്
ഉറുമിയായ് വിശുന്നു
ആ വരവുകൾ
നോക്കി നോക്കി നിന്ന്
നാം മുങ്ങിപ്പോയി
നദിയുടെ പ്രവാഹം
ആഴത്തിൽ നിന്നുമൊരു കരിയിലയെടുത്ത്
നമ്മെയൊന്നു മീട്ടി;
ഒരു ഗാനം ഒഴുകിപ്പടരുന്നു
നദിയതു കേട്ടുതിർന്നില്ല
നദിയിൽ നിന്നും പുഴകളും
അതു കേൾക്കുന്നു
വേദനയിൽ
കാഴ്ചപ്പുറത്തില്ലാത്ത താളങ്ങളെ
കേൾക്കുക എന്തു രസമാണ്
നദിയിൽ ആസകലം മുഴുകി
പുഴയെ കേൾക്കുമ്പോലെ
- മുനീർ അഗ്രഗാമി

No comments:

Post a Comment