പർദ്ദയെ കുറിച്ച് മൂന്ന് കവിതകൾ
.........................................................
പർദ്ദ
...........................
പർദ്ദ
ഉമ്മയുടെ സ്വപ്നമായിരുന്നു
ആഗ്രഹമായിരുന്നു
ആനന്ദമായിരുന്നു
ആരും ഉമ്മയോട്
പർദ്ദയിടാൻ പറഞ്ഞിരുന്നില്ല
ഇടേണ്ട എന്ന് ദാരിദ്ര്യം
പലവട്ടം പറഞ്ഞു
എന്നിട്ടും ഉമ്മ
ഇക്കാക്കയോട് പറഞ്ഞ് പറഞ്ഞ്
മൂന്നു വർഷം കാത്തിരുന്ന്
ആദ്യത്തെ പർദ്ദ
ഗൾഫിൽ നിന്നും വരുത്തി
മനസുണ്ടായിട്ടല്ല
കാശുണ്ടായിട്ടല്ല
പെങ്ങളല്ലേ
ചോദിച്ചിട്ടല്ലേ
എന്ന് വിചാരിച്ച്
ഗൾഫിൽ പോയ കടം പോലും മറന്ന്
വല്യക്കാക്ക അത് കൊണ്ടുവന്നു
ഉമ്മ പർദ്ദ അണിഞ്ഞു
സ്വർഗ്ഗത്തിന്
ഇത്രയും കറുപ്പോ എന്ന്
ഞങ്ങൾ അത്ഭുതപ്പെട്ടു
അത്ര ആനന്ദമായിരുന്നു ഉമ്മയ്ക്ക്
പർദ്ദയുടെ രഹസ്യം കാണാനും
തൊട്ടു നോക്കാനും
ആരൊക്കെയോ വന്നു
അന്ന്
ഞങ്ങളുടെ നാട്ടിൽ
പർദ്ദക്കടകൾ
ഉണ്ടായിരുന്നില്ല
* * *
പെൺ സൂര്യൻ
....................
പർദ്ദയും ഷാളുമിട്ട്
ഉമ്മ നടന്നു
കടയിൽ പോയി
വിരുന്നു പോയി
തർക്കിച്ചു
സ്നേഹിച്ചു
പെങ്കുപ്പായവും
കാച്ചിത്തുണിയും
തട്ടവും ഇട്ട് നടന്നതിലും ഉഷാറായി
ഉമ്മ നടന്നു .
പർദ്ദ ഉമ്മയുടെ സ്വാതന്ത്ര്യമാണ്
ഇഷ്ടം പോലെ ഉമ്മ
ഓരോന്ന് എടുത്തണിയുന്നു
കറുപ്പിൽ ചാരനിറം ഉലാത്തുന്നത്
ചിറകുള്ളത്
ചുവപ്പ് ബട്ടൺ ചിരിക്കുന്നത്
കൈകളിൽ നക്ഷത്രങ്ങൾ
മിന്നുന്നത്
എന്നെ നിർബ്ബന്ധിച്ച്
വാങ്ങിപ്പിച്ചത്.
പർദ്ദയുടെ രഹസ്യം
ഉമ്മയ്ക്കറിയാം
പർദ്ദയിൽ ഉമ്മ
മതദേഹമോ
മറ്റൊന്നുമേ അല്ല
ആത്മവിശ്വാസമാണ് .
അതവരുടെ വിരലിൽ തൊട്ട്
അതറിഞ്ഞവനാണ് ഞാൻ .
പർദ്ദയുടെ കറുപ്പിൽ ഉമ്മയുടെ മുഖം
പെൺ സൂര്യൻ
ഞാൻ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമി .
* * *
പുതിയ പർദ്ദകൾ
.............................
ഉമ്മ മരിച്ചു;
പണക്കാരിയായി.
സന്തോഷത്തോടെ
ഉമ്മ മരിച്ചു
പർദ്ദകൾ
അനാഥരായി.
അനിയത്തിമാർ
പർദ്ദകൾ
സ്വന്തമാക്കാൻ
മത്സരിച്ചു.
അതെടുക്കൂ
അണിയൂ എന്ന്
ആരും അവരോടു പറഞ്ഞില്ല
മരിച്ചവരുടെ വസ്ത്രങ്ങൾ
ജീവിക്കുന്നവരുടെ
വസ്ത്രമാകുന്നത്
ഞാൻ കണ്ടു
ഉമ്മയ്ക്ക്
ചുരിദാർ ഉണ്ടായിരുന്നില്ല
ഉമ്മയ്ക്ക് സാരിയുടുക്കാൻ
അറിയുമായിരുന്നില്ല
പെങ്ങൻമാർക്കുള്ളത്ര ചുരിദാർ
മറ്റാർക്കുമുണ്ടായിരുന്നില്ല
സാരി അവരുടുക്കുമ്പോലെ
മറ്റാരും ഉടുത്തിരുന്നില്ല
ഇപ്പോൾ നാടു മുഴുവൻ
പർദ്ദക്കടകളാണ്
അവർ പർദ്ദകൾ
മാറ്റി മാറ്റിയെടുക്കുന്നു
പുതിയവ
ഡിസൈൻ ചെയ്യുന്നു
മറ്റെല്ലാ കടയിലും
ഒറ്റയ്ക്ക് കയറാൻ
സ്വാതന്ത്ര്യമുള്ളതു പോലെ
അവർ പർദ്ദക്കടകളിൽ കയറുന്നു
ഉമ്മയുടെ സ്വപ്നമല്ല അവരുടേത്
അവരുടെ സ്വപ്നത്തിൽ പർദ്ദയുണ്ടോ ?
അവർക്ക് പണമുണ്ട്.
സ്വപ്നമുണ്ടോ?
എനിക്കറിയില്ല.
- മുനീർ അഗ്രഗാമി