സ്നേഹം

വിടർന്നു തീരാത്ത ഒരു പൂവ്;
സ്നേഹം .
കാണുന്നവർക്ക്
ഓരോ ഇതളിനും ഓരോ നിറം
തൊടുന്നവർക്ക്
ഓരോ സ്പർശവും
ഓരോ പൂക്കാലം
കണ്ടും തലോടിയും തീരാത്തവർക്ക്
അതിനുള്ളിൽ നിറഞ്ഞ്
മനസ്സലിഞ്ഞിറ്റിയ
തേൻ തുള്ളി കിട്ടുന്നു
എന്നോ വിടർന്നു വന്ന ഒരിതളിൽ അമ്മ
മറ്റൊന്നിൽ അമ്മൂമ
തേനീച്ചയെ പോലെ
അച്ഛൻ
തേൻ കുരുവികളായി
അവനും അവളും
വിടരേണ്ട ഇതളുകളിൽ
കുഞ്ഞു മുഖത്തിൻ്റെചുവപ്പ്
അവസാനിക്കാത്ത വസന്തം പോലെ
കവിത പോലെ
നിഷ്കളങ്കമായി
പിടിച്ചു നടക്കുന്നു.
ഇതളുകൾ
വിടർന്നു കൊണ്ടിരിക്കുന്നു
ഉറുമ്പുകളെപോലെ
ഇഴഞ്ഞ്
അഹങ്കാരം
ചെറുതായിപ്പോകുന്നു
കവിത മാത്രം വലുതാ കുന്നു
സ്വർഗ്ഗം പോലെ
പൂവതിൽ വിടർന്നു വിടർന്ന്
ലോകമായി
ഭൂമിയോളം വൃത്തത്തിൽ
മെല്ലെയിളകുന്നു.
- മുനീർ അഗ്രഗാമി

നഗരകാണ്ഡം

നഗരകാണ്ഡം
......................
ഉപേക്ഷിക്കപ്പെട്ടു.
കാനനത്തിലല്ല;
നഗരത്തിൽ
അനിയനല്ല
ആര്യപുത്രൻ തന്നെയാണ്
കൊണ്ടിട്ടത്.
കാനന മൃഗങ്ങളില്ല
ചുറ്റും കാറുകൾ
മേഞ്ഞു നടക്കുന്നു
മഹർഷിയെ പോലെ
ആരും വന്നു നോക്കിയില്ല
സമയമില്ലാത്തതിനാൽ.
വേദപുസ്തകത്തെ പോലെ
സത്യത്തെ പോലെ
നന്മയെ പോലെ
ഗർഭിണിയാണ് .
ആരും രക്ഷിക്കില്ല
ഉറപ്പ് .
എല്ലാവരും
സ്വയം രക്ഷിക്കുന്ന തിരക്കിലാകും
ഭൂമി ആരുടേയോ
ഉടമസ്ഥതയിലാണ്
അതുകൊണ്ട് പിളർന്ന്
സ്വീകരിക്കാനും പറ്റില്ല.
ഉപേക്ഷിപ്പെടുന്നു
അത്ര തന്നെ ;
ഉപമകളില്ലാതെ .
- മുനീർ അഗ്രഗാമി

ഹൈക്കു കവിത



മിഴിയിലൊളിപ്പിച്ച
കടലിൽ
ഒരേയൊരു മീൻ 
വിരഹത്തിരയിൽ.
- മുനീർ അഗ്രഗാമി

മഞ്ഞ

മഞ്ഞ
...........
മഞ്ഞ ,
നർത്തകിയാണ്
സൂര്യകാന്തിയുടെ ഇതളുകൾ
നൃത്തശാല.
ചോളവയലിലെ കാറ്റും
കാർമേഘവും കാണികൾ.
അവനാണ് നൃത്തം പഠിപ്പിച്ചത്
വയലറ്റിൻ്റെ ഇരുണ്ട വഴികളിലൂടെ
ചുവടുകൾ വെയ്ക്കാൻ.
നക്ഷത്രങ്ങൾക്ക് ചുറ്റും പറന്ന്
നൃത്തം ചെയ്യാൻ
ധൈര്യമായിരുന്നു അവൻ
നിറങ്ങളുടെ ധൈര്യം .
പച്ചയും ചുവപ്പും
തമ്മിൽ ചേർന്ന് മറഞ്ഞ
വഴികളിൽ അവനൊപ്പം നടന്നു
കർഷകർ ക്കൊപ്പം ചുവടുകൾ വെച്ചു
ഉരുളക്കിഴങ്ങ് തിന്നു
കിടപ്പുമുറിയിൽ കിടന്നു
കസേരയിലിരുന്നു
കുട്ടുകാരൻ്റെ മുഖവെളിച്ചത്തിൽ
നൃത്തം ചെയ്തു
മഞ്ഞ നൃത്തമാണ്
അവൻ്റെ നിറമാണ്
മുറിച്ച ചെവിയിലെ ചുവപ്പ്
കരഞ്ഞപ്പോൾ ആശ്വസിപ്പിച്ച വിരലാണ് .
അവൻ പോയിട്ടും
അവൻ പഠിപ്പിച്ച നൃത്തംചെയ്ത്
മഞ്ഞ
നിർത്താതെ അവനെ ആവിഷ്കരിക്കുന്നു
ആസ്വാദകൻ്റെ കണ്ണിൽ വരയ്ക്കുന്നു
കാൻവാസ് പ്രപഞ്ചമാണ്
ഓരോ നിറത്തിൽ
ഓരോ ഗാലക്സികൾ
മഞ്ഞ അതിലോരോന്നിലും ചുവടുവെച്ച്
നൃത്തം ചെയ്യുന്നു
ഊർജ്ജത്തിൻ്റെ യും സ്പ്നത്തിൻ്റെയും
ദൈവത്തെ പോലെ .
- മുനീർ അഗ്രഗാമി

ഹൈക്കു കവി


രാത്രി ബോർഡിലെഴുതുന്നു
നിറഞ്ഞു തൂവുന്നു
പൗർണ്ണമിക്കവിത.
- മുനീർ അഗ്രഗാമി

ഇരുട്ടു കൊത്തിത്തിന്നുന്ന കിളി .................................................

ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
.................................................
ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
ചന്ദ്രനിലിരിക്കുന്നു
സൂര്യനിൽ നിന്നാണതു പറന്നു വന്നത്
താഴേക്കു നോക്കി
അതു ചിറകു കുടയുന്നു;
തൂവലുകൾ പൊഴിയുന്നു
ഇലകളിലും ഇടവഴികളിലും
അവ വീണു കിടക്കുന്നു
ഉറക്കം കിട്ടാതെ പിടയുന്ന
നഗരത്തിൻ്റെ ഉടയാടയിൽ
അവ വീണു കിടക്കുന്നു.
കിഴക്കോട്ടുപറന്നു വീണ
തൂവൽ എൻ്റെ നെറ്റിത്തടത്തിൽ
ഒരു കവിതയായി പ്രകാശിക്കുന്നു
പടിഞ്ഞാറേയ്ക്ക് പറന്നു വീണത്
നിൻ്റെ നെഞ്ചിൽ
രാഗം മീട്ടുന്നു
കടൽ താളം പിടിക്കുന്നു.
ഞാൻ ആ പാട്ട് കേട്ട്
ഗന്ധർവ്വനായി കാടുവിട്ട്
കടലു കാണാനെത്തുന്നു.
വഴിയിൽ പശുക്കളും
തെരുവുനായ്ക്കളും ഭരിക്കുന്ന
നാടു കടക്കുന്നു
പേടി ഒരാളെ കടിച്ചു കൊണ്ടു പോകുന്നതു കണ്ട്
ഗന്ധർവ്വനെന്നുറപ്പിച്ച്
വീണ്ടും നടക്കുന്നു
ബുദ്ധ പ്രതിമയും
ഗാന്ധിയുടെ പ്രതിമയുംകടന്ന്
മറ്റനേകം പ്രതിമകളും കടന്ന്
നിന്നെ കണ്ടുമുട്ടുന്നു .
എല്ലാ തൂവലുകളും നമുക്കു ചുറ്റും നൃത്തം ചെയ്യുന്നു
ചന്ദ്രനിലിരുന്ന് കിളി
വീണ്ടും ചിറകു കുടയുന്നു
ഇരുളെല്ലാംകിളി തിന്നിരിക്കണം
നമുക്കിടയ്ക്ക്
കാഴ്ചയുടെ മുല്ലപ്പൂവ് വിടരുന്നു
അനുഭവത്തിൻ്റെ നൂൽ കെട്ടി
പൗർണ്ണമിയെന്ന വാക്കിൽ
നാമൊന്നിച്ചിരുന്ന് ഊഞ്ഞാലാടുന്നു .
- മുനീർ അഗ്രഗാമി

ഹൈക്കു കവിത :മിന്നൽ ................

ഹൈക്കു കവിത :മിന്നൽ
................
ആകാശം കണ്ണുതുറന്ന്
മഴ കാണുന്നു;
ഹായ് !ഒരു മിന്നൽ .
- മുനീർ അഗ്രഗാമി

മഴപ്പക്ഷി

മഴപ്പക്ഷി 
.......................
 മഴച്ചിറകുള്ള തുലാപക്ഷി
ചിറകു കടയുന്നു പുഴക്കരയിൽ
സായന്തനച്ചില്ലയിൽ
ഇടിമുഴക്കങ്ങൾ പൂത്തുനിൽക്കുന്നു
പൂവെല്ലാം തിന്നുവാനിരുൾജീവി
നാക്കു നീട്ടിയടുക്കുന്നു
ചിറകൊതുക്കിയെങ്ങോ
മഴപ്പക്ഷി പേടിച്ചൊളിച്ചിരിക്കുന്നു.


- മുനീർ അഗ്രഗാമി
ഹർത്താൽ
.....................
വെട്ടേറ്റു വീണ
വെള്ളപ്രാവിനെ പോൽ
പറക്കുവാനാകാതെ,
ഒരു ദിനം

നഷ്ടപ്പെട്ട ആകാശം
കൊഴിഞ്ഞുണങ്ങിയ നിമിഷങ്ങൾ
തിരിച്ചെടുക്കാനാകാതെ,
ഒരു ദിനം.
പറക്കലൊരു സ്വപ്നമായ്
പകലിൻ ചിറകിലെ നിസ്സംഗതയിൽ
പാതി ജീവനോടെ,
ഒരു ദിനം.
കാലും ചിറകുമുണ്ടായിട്ടും
വേഗ ങ്ങളൊക്കെയും മറന്ന്
ഇഴഞ്ഞിഴഞ്ഞ്,
ഒരു ദിനം,
ഒറ്റയ്ക്ക്
ഇന്നലെകളെയോർത്ത് തുളമ്പുന്ന കണ്ണുമായ്
ഒരു ദിനം
- മുനീർ അഗ്രഗാമി

ചികിത്സ തേടുന്നു

ചികിത്സ തേടുന്നു
...................................
 കേരളം വെട്ടേറ്റ് പിടയ്ക്കുന്നു
ചോരത്തുള്ളി വീണ്
മഴ കലങ്ങുന്നു
മാനം കലങ്ങുന്നു
മനം കലങ്ങുന്നു .
ഹർത്താലിൽ കിടന്ന്
ചികിത്സ തേടുന്നു .

- മുനീർ അഗ്രഗാമി

വിദ്യാരംഭം

വിദ്യാരംഭം
........ .........
വിദ്യാരംഭം കുറിക്കുന്നു കുഞ്ഞുങ്ങൾ,
യുദ്ധഭൂമിയിലിരുന്ന്.
ഹ എന്നരിയിലെഴുതുമ്പോൾ
അവർ ഹ ഹ എന്നു ചിരിക്കുന്നു
അ എന്നുച്ചരിക്കെ
അണു എന്നു കേൾക്കുന്നു
ആ എന്നു തുടങ്ങവേ
ആറ്റമെന്നും.
നാവിലെഴുതിയ വാക്കുകൾ
മാതൃഭാഷയല്ലെന്നറിഞ്ഞ്
തുപ്പുന്നു.
കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണ് !
അകത്ത് പുസ്തകങ്ങൾ
പൂജയ്ക്ക് വെച്ച്
പുറത്തിരുന്ന് ആയുധത്തിന്
മൂർച്ച കൂട്ടുന്നത് കണ്ട്
അവർ മാത്രം കരയുന്നു
അതിർത്തി നോക്കാതെ
അവർ ചിരിച്ച്
മുട്ടിലിഴയുന്നു
ലോകാ സമസ്താ സുഖിനോ
ഭവന്തു
എന്ന് അവർ അവരുടെ ഭാഷയിൽ
പറയുന്നു
വെടിയേറ്റു മരിച്ചത്
അച്ഛനാണെന്നറിയാതെ
മാനം നഷ്ടമായത്
അമ്മയുടേതാണെന്നറിയാതെ .
ആ കുഞ്ഞിൻ്റെ കണ്ണുകളിൽ നോക്കി
ബുദ്ധനെന്നുപേരുള്ള ഞാൻ,
അഭയാർത്ഥിയായ ഞാൻ
സ്നേഹത്തിൻ്റെ അക്ഷരം പഠിക്കുന്നു
പുതു വിദ്യാരംഭം കുറിക്കുന്നു.
അരിയിലും നാവിലും
മനസ്സിലുമെഴുതിയ
അതിർത്തി രേഖകൾ മായ്ച്ച് .
അന്നേരമാരോ ചരിത്രത്തിൽ നിന്നും
പിടഞ്ഞെണീറ്റ്
നമോസ്തു ജിനതേ എന്നെഴുതുന്നു
- മുനീർ അഗ്രഗാമി

ചൂല്

ചൂല്
...................
ചൂല് ആർക്കും
സ്വന്തമാക്കാൻ പറ്റാത്ത
ഒരു പ്രത്യയ ശാസ്ത്രമാണ്
എന്നാൽ
എടുത്തുപയോഗിക്കാവുന്നത്
എവിടെയൊക്കെ സഞ്ചരിച്ചാലും
ആരൊക്കെ കൂടെ നടന്നാലും
അത് തിരിച്ച് വന്ന്
തൻ്റേതല്ലാത്ത ഇടത്തിൽ
തനിച്ചിരിക്കുന്നു
മക്കളും മരുമക്കളും കൈവിട്ട
സ്ത്രീയെ പോലെ
സ്വന്തം കെട്ടുപാടിൽ
കുത്തഴിയാതെ തനിച്ചിരിക്കുന്നു
അടുക്കളയോളം അത്
മറ്റെവിടെയും അടിച്ചുവാരിയിട്ടില്ല
അടുക്കുതെറ്റാതെ
നിലത്തിഴയുന്ന കുഞ്ഞുങ്ങൾക്കിടയിലൂടെ
അത് അമ്മയെ പോലെയല്ലാതെ
പെരുമാറിയിട്ടില്ല
ചൂല്
ജീവനുള്ള ഒന്നിനെ പോലെ
ജീവനുള്ളയാളുടെ വിരലുകളിൽ
കിടന്നു പിടയ്ക്കുന്ന
പ്രത്യയശാസ്ത്രമാണ്
കൊടിയില്ലാതെ
പടരുന്ന
സാർത്ഥക ജീവിതം .


- മുനീർ അഗ്രഗാമി
 ഒരോ വർഷത്തിലും
................................................
തട്ടി മറിഞ്ഞ
ഒരോർമ്മയിൽ ചവിട്ടി വീണ്
അവളുടെ മനസ്സൊടിഞ്ഞു
അടുത്തു കിടന്നവനതറിഞ്ഞില്ല
തമ്മിൽ ഒരിരുട്ടിൻ്റെ
അകലം മാത്രം

പക്ഷേ
വർഷങ്ങളുടെ കനമുണ്ടതിന്
രണ്ടു പേരെയും പുതപ്പിച്ച്
പുതപ്പ് മദ്ധ്യസ്ഥം പറഞ്ഞു കൊണ്ടിരുന്നു
എങ്കിലും പൂ പൊഴിയുമ്പോലെ
ചുബനങ്ങൾ വീണു കൊണ്ടിരുന്നു
വസന്തം വന്നോ എന്ന്
അവരാണ് പറയേണ്ടത്!
എന്തെന്നാൽ
ഒരോ വർഷത്തിലും ഒരു വസന്തം
വിരുന്നു വരുന്നു.

മുനീർ അഗ്രഗാമി

ഞാനെത്തുമ്പോഴേക്കും

പുഴയ്‌ക്ക്
എന്തോ പറയാനുണ്ടെന്ന്
എനിക്കറിയാമായിരുന്നു .
നിന്നെ പോലെ.
പക്ഷേ,
നിന്നെ പോലെ
ഞാനെത്തുമ്പോഴേക്കും
പുഴ വറ്റിപ്പോയിരുന്നു .

- മുനീർ അഗ്രഗാമി

ബാംഗ്ലൂർ (യൂസുഫ് അറയ്ക്കലിന്)

ബാംഗ്ലൂർ
(യൂസുഫ് അറയ്ക്കലിന്)
.............
ബാംഗ്ലൂർ!
സ്വപ്നങ്ങൾ
മുളച്ചുപൊന്തിയ നഗര മേ
സ്വപ്നങ്ങൾ തഴച്ചുവളർന്ന നഗരമേ
അവൻ്റെ ശബ്ദമിതാ കേൾക്കുന്നു :

ഇതെൻ്റെ നഗരമാണോ?
ഞാനീ നഗരത്തിൻ്റേതാണോ ?
അലഞ്ഞ് തിരിഞ്ഞ്
അവ്യക്തമായ നിറങ്ങൾ
ഈ നഗരവെളിച്ചത്തിലാണ്
തിരിച്ചറിഞ്ഞത്
ജീവിതത്തിൻ്റെ ഇതളുകളുടെ നിറം .
സ്വപ്നത്തിൻ്റെ നിറം
ഒറ്റപ്പെടലിൻ്റെ നിറം
നിസ്സഹായതയുടേയും
വിഹ്വലതകളുടേയും നിറം
നിറങ്ങൾ തിരിച്ചറിഞ്ഞ്
അവ നിഴലുകൾക്കിടയിൽ
ആവിഷ്കരിച്ച്
ഞാനൊരു ചിത്രകാരനായി .
കറുപ്പിൽ
ചാരനിറത്തിൽ
തവിട്ടു നിറത്തിൽ
പ്രതീക്ഷയുടെ മഞ്ഞപ്പൂവിൽ നിന്ന്
നിറങ്ങൾ കോരിയൊഴിച്ചു
തെരുവിനെ വരച്ചു
ഇരുട്ടിൻ്റെ പാളികൾ പൊളിച്ച്
കുട്ടികളേയും സ്ത്രീകളേയും
പുരുഷൻമാരേയും
കാൻവാസിൽ എടുത്തു വെച്ചു
അതു കണ്ട്
മനസ്സിൻ്റെ സ്റ്റുഡിയോയിലിരുന്ന്
പിക്കാസോ ചിരിച്ചു
ഹുസൈൻ കുതിരപ്പുറത്ത്
കുതിച്ചു പോയി
ദാലി സമയത്തിൻ്റെ കൊമ്പിലിരുന്ന്
എല്ലാം കണ്ടു
നഗരത്തിൻ്റെ വഴികളിൽ
കനത്ത സങ്കടങ്ങളിൽ
സൂര്യൻ വരച്ചു വെച്ച ദൃശ്യങ്ങൾ
നഷ്ടപ്പെടാതെ എടുത്തു വെച്ചു .
ശില്പങ്ങളിൽ
പുതുകാലത്തിൻ്റെ
ഡി.എൻ.എ കൊത്തിവെച്ചു;
നഗരം എന്നെ ശില്പിയാക്കി
നഗരത്തിൻ്റെ കൈവെള്ളയിൽ നിന്ന് വഴിതെറ്റാതെ ഭാഗ്യരേഖയിലൂടെ നടന്നു
പല രാജ്യങ്ങളിലെത്തി
ചിത്രങ്ങൾ കൊടുത്തു
അവ
തെരുവിൽ അലഞ്ഞ കണ്ണിൻ്റെ
സാക്ഷ്യപത്രങ്ങളായി .
ബിനാലെ മെഡലുകളായി .
വേദനയുടെ നിറത്തിൽ ലയിക്കുന്ന
എല്ലാ നിറങ്ങളും എടുത്ത്
വീണ്ടും വീണ്ടും വരച്ചു.
മനസ്സ് വരച്ചു
മനുഷ്യ സങ്കടം വരച്ചു
മലയാളത്തിൽ വേരുകളുള്ള
കന്നടയിൽ കൊമ്പുകളുള്ള
ലോകത്തെ വിടെയൊക്കെയോ
ഇലകളുള്ള
വൻ മരമായി ,
വീണ്
അബ്സ് ട്രാക്റ്റ് ചിത്രമായി
മണ്ണിൻ്റെ നിറത്തിൽ സ്വയം ലയിച്ചു .
ബാംഗ്ലൂർ
അപരിചിതരുടെ
പരിചിത നഗരമേ,
അവനിതാ
ഒരു നഗരവും ആരുടേതുമല്ലെന്ന
ഉത്തരത്തിൻ്റെ,
ആരും ഒരു നഗരത്തിൻ്റേതുമല്ലെന്ന
ഉത്തരത്തിൻ്റെ ചിത്രം
ഓർമ്മകൾക്ക് വരയ്ക്കാൻ
ബാക്കിവെച്ച്
വെറും മണ്ണിൽ ലയിച്ചു കിടക്കുന്നു .
- മുനീർ അഗ്രഗാമി
മൂന്നു തുള്ളികൾ
...........................
മരുമണൽത്തരിയായ്
പൊള്ളിയുറങ്ങിയ
മനസ്സിലേക്ക്
സ്വപ്നത്തിൻ്റെ ഒരു തുള്ളി ഇറ്റി വീണു

അടിച്ചുവാരിയും
അലക്കിയും
അടുക്കി പെറുക്കിയും
പൊടിപിടിച്ചു കിടന്ന
നിമിഷങ്ങൾ നനഞ്ഞു
കഴുകിത്തുടയ് ക്കുവാനാകാതെ അവ കുതിർന്നു, വറ്റി
ഒരു തുള്ളി കൂടി ഇറ്റി വീണു
ഉറക്കിൻ്റെ സുഖമറിഞ്ഞ്
മറ്റു മൂന്നു പേർ
കുളിരെടുത്തു പുതയ്ക്കുന്നു
പാതിരയുടെ നെഞ്ചത്തിരുന്ന്
ദോശയ്ക്കരയ്ക്കുന്ന ശബ്ദം
അവരെയുണർത്തുമോ
എന്ന പേടിയിൽ
തീക്കാറ്റടിക്കുന്നു
ആ തുള്ളിയും വറ്റി
ഒരു തുള്ളി കൂടി
കഴുകാൻ ബാക്കിയുള്ള പാത്രത്തിൽ വീണു
പറന്നു പറന്ന്
അതിരില്ലാതെ പറന്ന്
ലോകം ചുറ്റുന്ന ഒരു സ്വപ്നത്തിൻ്റെ
തുള്ളി.
തലേന്നാളത്തെ കറിയുടെ എരിവിനൊപ്പം പൈപ്പുവെള്ളത്തിൽ
അതൊലിച്ചുപോയി
അഴുക്കുചാലിൽ
അതിനി കൊതുകുകളായ് ജനിക്കും
വെറുതെ ഉറങ്ങുന്നവരുടെ
ഉറക്കം കെടുത്തും.
- മുനീർ അഗ്രഗാമി

യൂസുഫ് അറയ്ക്കലിന്

ജീവിതത്തിൻ്റെ
 ഇരുണ്ട ചായങ്ങൾക്ക് മുകളിൽ
നിറങ്ങൾ കൊണ്ട്
അവനുണ്ടാക്കിയ പൂക്കാലം
ബാക്കി വെച്ച്
അവൻ പോയി
തേനുള്ളതിനാൽ
േതനീച്ചകൾ വന്നു കൊണ്ടിരുന്നു.

-മുനീർ അഗ്രഗാമി

ഉറക്കം !

രാത്രിയുടെ മടിയിൽ
കിടന്നുറങ്ങിപ്പോയി
ഒരോർമ്മ വിളിച്ചുണർത്തിയൊരു
മുല്ലപ്പൂവു തന്നു
നിൻ്റെ പുഞ്ചിരി പോലെയതിൻ ചിരി
നിൻ്റെ മനംപോലെയതിൻ നിറം.
മഴ പൊടിഞ്ഞുവോ
കണ്ണു നിറഞ്ഞുവോ
നീയൊഴുകിപ്പോയോ ?
വിരലുകളാൽ തഴുകിയൊരമ്മയെ പോൽ
രാത്രി യടുത്തിരിക്കുന്നു
മടിയിൽ കിടത്തുന്നു
കണ്ണിലൊരു ചുംബനം;
ഉറക്കം !

- മുനീർ അഗ്രഗാമി

ഞങ്ങളുടെ എറ്റവും മുതിർന്ന കവി

ഞങ്ങളുടെ എറ്റവും മുതിർന്ന കവി
..............................................................................
ഞങ്ങളുടെ എറ്റവും മുതിർന്ന കവി
ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ
ശീതീകരിച്ച മുറിയിലിരുന്ന്
ദാരിദ്ര്യത്തെ കുറിച്ച് എഴുതുന്നു
വിശന്നു മരിക്കുന്ന കുഞ്ഞുങ്ങളുടെ രാജ്യത്തിൽ വന്ന്
ടോയ് ലറ്റ് സോപ്പിന് സ്റ്റാൻ്റേഡ് പോരെന്ന്
പൊട്ടിത്തെറിക്കുന്നു
ഞങ്ങളദ്ദേഹത്തെ ഒരു പരിപാടിക്ക് വിളിച്ചു
പരിപാടിയുടെ മറ്റു ചെലവിനേക്കാൾ കൂടുതൽ
അദ്ദേഹത്തിൻ്റെ താമസത്തിനും ഭക്ഷണത്തിനും ചെലവഴിച്ച്
ഞങ്ങൾ ഞങ്ങളുടെ നെഞ്ചത്തടിച്ചു
അങ്ങെന്താണിങ്ങനെ ?
ഞങ്ങളിൽ അത്താഴപ്പട്ടിണിക്കാർ ചോദിച്ചു
അദ്ദേഹം അന്നേരം
യുദ്ധത്തെ കുറിച്ച് എഴുതുകയായിരുന്നു
ആക്ഷൻ സിനിമ കാണുമ്പോലെ
ടിവിയിൽ യുദ്ധം കണ്ട്
ഗ്ലാസ്സിൽ താളം പിടിച്ച് .
മഹാഭാരതത്തിൻ്റെ കഥകളിൽ ഇരുന്ന് .
അദ്ദേഹം പറഞ്ഞു ,
ഞാനെഴുതിയതു വായിക്കുക
യുദ്ധത്തെ കുറിച്ച്
സമാധാനത്തെറിച്ച്
സ്വാതന്ത്ര്യത്തെ കുറിച്ച് .
ഞാനെഴുതിയത് ...
ഉടനെ
വെളുത്ത പുതപ്പ് പുതച്ച്
എ സി യുടെ തണുപ്പ് അല്പം കുറച്ച്
അദ്ദേഹം ഉറങ്ങി
അനന്തശയനം പോലെ
അത്ര സുഖമായി .
അന്നേരം അതിർത്തിയിൽ പൊട്ടിത്തെറിയുണ്ടായി
ഞങ്ങളിലെ
പട്ടാളക്കാരൻ്റെ മകൻ
ഉറക്കം നഷ്ടപ്പെട്ട്
വെടിയുണ്ടയുടെ ലക്ഷ്യത്തിൽ
അച്ഛനുണ്ടാവരുതേയെന്നു പ്രാർത്ഥിച്ചു .
കവി സുഖനിദ്ര കഴിഞ്ഞ്
ഞങ്ങളിലെ ഏറ്റവും പണക്കാരൻ്റെ കാറിൽ
ആലിലയിൽ പ്രളയത്തിലെന്ന പോലെ
ഒഴുകി .
- മുനീർ അഗ്രഗാമി

കൊടുങ്കാറ്റിനെ കല്ലെറിഞ്ഞോടിക്കാൻ ശ്രമിക്കുന്നു

കൊടുങ്കാറ്റിനെ കല്ലെറിഞ്ഞോടിക്കാൻ
ശ്രമിക്കുന്നു
.............................................................................
ഒരേ വൃക്ഷത്തിലെ
രണ്ടു കൊമ്പുകൾ തമ്മിൽ
കൊമ്പുകോർക്കുന്നു
ഒരേ താഴ് ( യ് ) വേരിനാൽ
ജീവജലമെന്നതു വിസ്മരിക്കുന്നു
ഏതോ ദുഷിച്ച കൊടുങ്കാറ്റിനാൽ
തമ്മിലിടയുന്നു

ഒരേ പൂക്കളുണ്ടായിരുന്നവ
ഒരേ ആകാശമുള്ളവ
ഒരേ ഭൂമിയിലായവ.
ചെറുചില്ലയൊടിഞ്ഞു
രക്തം പൊടിഞ്ഞു ചിതറുന്നു
നോക്കൂ
വേദനിക്കുന്നതൊരേ തായ്ത്തടി!
കൊടുങ്കാറ്റിനെ കല്ലെറിഞ്ഞോടിക്കാൻ
ശ്രമിക്കുന്നു കുട്ടികൾ
കാണൂ ,
നിഷ്കളങ്കരവർ
പൂവു പെറു ക്കുവാൻ കാത്തിരിക്കുന്നവർ
ഗുൽമോഹറെന്നു കരുതി
പെറുക്കുന്നു പൂവിതളുകളവർ
അയ്യോ !
കയ്യിൽ കൂട്ടുകാരുടെ രക്തത്തുള്ളികൾ
അവർക്കറിയില്ല
കൊമ്പുകൾ തമ്മിൽ തൊടാതിരിക്കാൻ
ആകാശവും ഭൂമിയും മുറിച്ചു കടന്നു പോകുമതിരിൻ സ്വാർത്ഥത !
കാറ്റിൻ ഹുങ്കാരത്തിൽ
ഫാസിസത്തിന്നട്ടഹാസം കേട്ട്
ഞെട്ടി മരിച്ചു
മരത്തിൻ കഥയറിയുന്ന മുത്തശ്ശി.
- മുനീർ അഗ്രഗാമി
പടരൽ
.............
നിന്നിൽ പടർന്നു കയറുന്ന
കാട്ടുവള്ളിയാണ്
എൻ്റെ മനസ്സ്.
ആദ്യത്തെ പുരുഷൻ്റെ
ഹൃദയത്തിലാണ്
അതിൻ്റെ വേരുകൾ
ഓരോ ഇലകളിലും
ഓരോ പേരുകളുണ്ട്
കൊഴിഞ്ഞു വീണ ഒരിലയിൽ രമണൻ
മറ്റൊന്നിൽ മജ്നു
മറ്റൊന്നിൽ സലിം
ഒന്നിൽ മദനൻ...
....
നീ ഉറച്ചു നിൽക്കുന്ന മണ്ണിൽ
പുതിയ വേരുകൾ
ചുംബിച്ചുണരുന്നു
ഒറ്റപ്പെടുത്താതെ
വിരലു കോർക്കുന്ന താങ്ങേ
നിന്നെ നീയെന്നു വിളിച്ച്
എൻ്റെ മനസ്സ്
ഞാനാകുന്നു
ഞാനാകുന്നു .
- മുനീർ അഗ്രഗാമി

കുതിരരാജാവ്

കുതിരരാജാവ്
..........................
രാജാവും പ്രജകളും ഇല്ലാതായ രാജ്യത്തിൽ
ആശ്രിതനായ കുതിര
സിംഹാസനത്തിലിരിക്കുന്നു;
കടിഞ്ഞാണഴിച്ച്
മുയലിൻ്റെ കഴുത്തിൽ കെട്ടുന്നു

കുതിര കൊമ്പുള്ള ജീവിയല്ല
പക്ഷേ അധികാരം അതിന്
കൊമ്പുകൾ നൽകുന്നു
പഴയ പോലെ
കുളമ്പുകൾ കൊണ്ടും
വേഗം കൊണ്ടുംമാത്രമല്ല
കൊമ്പുകൾ കൊണ്ടും
അത് കുതിക്കുന്നു.
അധികാരത്തിൻ്റെ ശബ്ദത്തിൽ കയറി
യുദ്ധം പ്രഖ്യാപിക്കുന്നു
മൃഗങ്ങൾ റാൻ മൂളുന്നു
റാൻ റാൻ കേട്ട് കേട്ട്
കതിര
എത്ര പെട്ടെന്നാണ് രാജാവായത് !
മൃഗാധിപത്യം വന്നാൽ കാർട്ടൂൺ പരമ്പര ഉടൻ വേദപുസ്തകമായി പ്രഖ്യാപിക്കുമെന്ന് വാർത്ത പരക്കുന്നു
എല്ലാ കുതിപ്പുകളുടെയും
ഉടമയാണെന്ന തോന്നലിൽ
കുതിര കുതിച്ചു കൊണ്ടിരിക്കും
കുളമ്പടി ശബ്ദങ്ങൾ
ഉയർന്നു കൊണ്ടിരിരിക്കും
ശബ്ദങ്ങൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നവർ
രാജദ്രോഹികളെന്നു മുദ്രകുത്തപ്പെടും
നിശ്ശബ്ദമായ താഴ് വര
സ്വപ്നത്തിൽ മാത്രമുള്ള
ആവാസവ്യവസ്ഥയാണെന്ന്
ഒറ്റയാൻ മാർ തിരിച്ചറിയും
കുതിര കുതിപ്പുകളുടെ
ചരിത്രം വിരിച്ച്
അതിൽ കിടന്ന്
ഇതെൻ്റെ രാജ്യം മാത്രമാണെന്ന്
ഒരു വരിയെഴുതി
അടിവരയിടും.
അന്നേരം മുന്നിൽ ഉയരുന്ന
പ്രതിശബ്ദങ്ങളൊക്കെ
കസേരയുടെ ഒരു ഞരക്കം കൊണ്ട്
കുതിര തകർത്ത് തരിപ്പണമാക്കും
- മുനീർ അഗ്രഗാമി

അമ്മയാവുക

അമ്മയാവുക
.......................
അമ്മയാവുക എളുപ്പമല്ല
ഉയർത്തപ്പെടുമ്പോഴും
മുൾപ്പടർപ്പുക്കിടയിലൂടെ
താഴ്ന്ന് പറക്കലാണത്

ഉയരങ്ങളിലായാൽ
കുഞ്ഞേ നിൻ്റെ ജീവൻ
വീണു ചിതറുമോ എന്ന
പേടിയാണത്
പേടമാനിൻ്റെ കണ്ണിൽ നിന്ന്
വന്യതയിലേക്ക് നീളുന്ന
അടുക്കല്ലേ അടുക്കല്ലേ എന്ന
ദയനീയ നോട്ടമാണത്
അമ്മയായാൽ
കുഞ്ഞേ നിനക്കരച്ചു പാകമാക്കാൻ
അമ്മിയായിരിയ്ക്കുന്ന
ചലനമാണത്
അമ്മ അവളുടെ
ചിറകുകളിൽ നിന്ന്
അകത്തെടുത്തുവെച്ച
പറക്കലാണു കുഞ്ഞേ
നിൻ്റെ ആകാശം.
- മുനീർ അഗ്രഗാമി

അതെൻ്റെ ഭാഷയല്ല

അതെൻ്റെ ഭാഷയല്ല
...........................................
അതെൻ്റെ ഭാഷയല്ല
അതെൻ്റെ വാക്കുക ളല്ല
അതെൻ്റെ അക്ഷരമല്ല
ചിറകൊടിഞ്ഞ പക്ഷി കരഞ്ഞു .
എല്ലാം കേട്ട് ചെമ്പരത്തിപ്പൂവിനു ചിരി വന്നു
അതു കൂടുതൽ ചുവന്നു
ഒരു മല യാളി അതിലെ നടന്നു പോയി
ഒരു ബംഗാളി അതിലെ നടന്നു പോയി
ഒരു തൊഴിലാളി അതിലെ നടന്നു പോയി.
അവരിൽ വാക്കുകളേറ്റു മുറിഞ്ഞ പാടുകൾ
കിളിമൊഴി കൊണ്ടുണങ്ങാതെ
കളിമൊഴി കൊണ്ടുണങ്ങാതെ .
അതിരുകളിൽ രക്ത മിറ്റിക്കൊണ്ടിരുന്നു
ചെമ്പരത്തി അതേറ്റുവാങ്ങി
ചിരിച്ചു തുളുമ്പി
കിളികളെ എങ്ങനെ വിശ്വസിക്കും?
അവ ചില്ലകൾ മാറി മാറിയിരിക്കും
എന്നാൽ പൂവുകളങ്ങനെയല്ല
ഓരോ പൂക്കാലത്തിലും
അവ ഒരു ചില്ലയിൽ ഉറച്ചു നിൽക്കും.
.
- മുനീർ അഗ്രഗാമി

ചോദ്യം

ചോദ്യം
.. ...........
എന്നിലൊരു പൂമൊട്ടുണ്ട്
അതിനുള്ളിൽ സമാധാനമുണ്ട്
അതെന്നാണ് വിടരുക ?
കുട്ടി ചോദിച്ചു
സ്വന്തമായി മണ്ണ് ഉണ്ടാകുമ്പോളെന്ന്
കടൽ ഉത്തരം പറഞ്ഞില്ല
കടലിൻ്റെ ചെവിയിൽ അവൻ മുഖം ചേർത്തു
രോദനം പോലെ അവൻ്റെ ജീവൻ
ചെവിയിലൂടെ കടലിനടിയിലേക്ക് പോയി
ഏതോ തിരയിൽ ലയിച്ച്
തലതല്ലിക്കരഞ്ഞു
തീരത്ത് അസ്വസ്ഥതയുടെ ആൺ കുട്ടിയായ്
അവൻ അനക്കമില്ലാതെ കിടന്നു
ഉത്തരം കയ്യിലുള്ളവർ
അവനെ നോക്കി നിന്നു
അവർക്ക് അവൻ്റെ ചോദ്യം
മനസ്സിലായതേയില്ല.

- മുനീർ അഗ്രഗാമി

ഉന്മാദത്തിൻ്റെ ചില്ലകളിൽ

രാത്രിയുടെ ചുമരിൽ
മിന്നാമിനുങ്ങുകൾ ചിത്രം വരയ്ക്കുന്നു:
ഒരു പൂവ്
ഒരു മരം
ഉന്മാദത്തിൻ്റെ ചില്ലകളിൽ
ഒരു കിളി
ഉറക്കം തെറ്റിയ കാമുകൻ
ആ ചിത്രത്തിലുടെ നടക്കുന്നു
അവൻ്റെ കണ്ണിൽ
അവൾ മിന്നുന്നു
അവൾ ചിത്രം വരയ്ക്കുന്നു
രണ്ടു കിളി
ഒരു മരം
ഉന്മാദത്തിൻ്റെ ചില്ലയിൽ
അവൻ്റെ ഇരുട്ടിൽ
അവൾ മാത്രം മിന്നുന്നു.

-മുനീർ അഗ്രഗാമി 

മരിച്ചുപോയ പുഴകൾ മനസ്സിലുള്ള ഒരാൾ


മരിച്ചുപോയ പുഴകൾ
മനസ്സിലുള്ള ഒരാൾ
..........................................
മരിച്ചുപോയ പുഴകൾ
മനസ്സിലുള്ള ഒരാൾ
നടന്നു പോകുമ്പോൾ
ഒരു തുമ്പിയായി ,
പറന്നു.
മഞ്ഞപ്പൂവിൻ്റെ വിരലിൽ ഇരുന്നു
ഒരു മഞ്ഞുതുള്ളിപോലെ ഇരുന്നു.
മഴയില്ലല്ലോ എന്ന സങ്കടം
പൂവിൽ തുളുമ്പുന്നു
അതു കാണുവാൻ വയ്യാതെ
അടുത്ത വെയിലിൽ
അയാൾ വറ്റിപ്പോയി .
പുഴകളെ പോലെ
മഴകളെ പോലെ
മഞ്ഞുതുള്ളിയെ പോലെ
അയാൾ വറ്റിപ്പോയി
മരുഭൂമിയായി.
ആ മണൽപ്പരപ്പിൽ
കടപ്പുറത്തെഴുതുമ്പോലെ
വെറുതെ
അവൾ എഴുതിക്കൊണ്ടിരുന്നു.
ഏതോ ഒരു തിര
കുളിരുമായ് വരുമെന്ന് വിചാരിച്ച്
വീണ്ടും
എഴുതിക്കൊണ്ടിരുന്നു.

-മുനീർ അഗ്രഗാമി 

നിശ്ശബ്ദത തൻ വിരലിനാൽ.

നിശ്ശബ്ദത തൻ
വിരലിനാൽ
..........................
പൂക്കൾ വീണുടഞ്ഞ 
വസന്തത്തെ
കൂട്ടിയോജിപ്പിക്കുന്നു 
നീയും ഞാനുമേതോ 
നിശ്ശബ്ദത തൻ
വിരലിനാൽ.


-മുനീർ അഗ്രഗാമി 

കവിതയുണ്ടാകുന്നത്

കവിതയുണ്ടാകുന്നത്
...................
മഴത്തുള്ളികൾ
അക്ഷരങ്ങളാണ്
മലയാളമെഴുതുമ്പോലെ
വലത്തോട്ടോ
അറബിയെഴുതുമ്പോലെ
ഇടത്തോട്ടോ അല്ല
അവയെഴുതുക
ജീവിതമെഴുതുമ്പോലെ
കുത്തനെയാണ്.
നോക്കൂ,
നൂലുകൾ പോലെ
എത്രയെത്ര വരികൾ
വെളിച്ചമതു വായിക്കുമ്പോൾ
മഴവില്ലുണ്ടാകുന്നു
ഇരുട്ട് അതു വായിക്കുമ്പോൾ
കുളിരുണ്ടാകുന്നു.
നീ എൻ്റെ നെഞ്ചിൽ ചേർന്ന്
അതു വായിക്കുമ്പോൾ
കവിതയുണ്ടാകുന്നു.
- മുനീർ അഗ്രഗാമി


ഒരൊറ്റ ക്കണ്ണാണ് അതിർത്തി

സഖാവേ
അങ്ങോട്ടും ഇങ്ങോട്ടും
ഒരേ സമയം നോക്കി നിൽക്കുന്ന
ഒരൊറ്റ ക്കണ്ണാണ്
അതിർത്തി .
അങ്ങൊരു രാജ്യം
ഇങ്ങ് മറ്റൊന്ന്
അവിടെ നീ
ഇവിടെ ഞാൻ
രക്തത്തിൽ ഒരു കൊടി .
രണ്ടു സമുദ്രങ്ങൾ ക്കിടയിലെ
അതിർത്തി പോലെ
നമുക്കിടയ്ക്ക് ഒരു വെളിച്ചം
നമ്മെ നോക്കുന്ന ഒറ്റക്കണ്ണ്
നിനക്കു മെനിക്കും
പ്രതിബിംബിക്കാനുള്ള കൃഷ്ണമണി .
നാം ഒന്നായിട്ടും രണ്ടായ പോലെ
രണ്ടായിട്ടും ഒന്നായ പോലെ
ജലപ്രവാഹങ്ങളതിന്നു സാക്ഷികൾ
കടൽത്തിരകളും
മഴത്തുള്ളികളുമതിനുസാക്ഷികൾ.
നാം കണ്ണിൽ നോക്കുമ്പോൾ
അതിർത്തിയിൽ
അതിൻ്റെ കൺപീലിയിൽ
കണ്ണീർ ത്തുള്ളികൾ
അതു തുടയ്ക്ക്,
തുടയ്ക്ക് !
സഖാവേ
നമുക്കതിനെയൊരു
വെള്ളരിപ്പ്രാവാക്കണം
വെളുത്ത ഒരു ചിറക് നീ
ഒരു ചിറക് ഞാൻ
രക്തത്തിൽ നിന്ന് കൊടിയെടുത്ത്
ആ ചിറകിൽ
ഉയർത്തിക്കെട്ടണം .
ഒറ്റക്കണ്ണും നനയാതെ ,
നനയാതെ .
( ഉത്തര-ദക്ഷിണ കൊറിയകളെ ഓർത്തു വീണ്ടും വായിക്കുക )
-മുനീർ അഗ്രഗാമി

വസന്തത്തിൻ്റെ ഒരിതൾ

വസന്തത്തിൻ്റെ ഒരിതൾ
..................
ഇടനാട്ടിലിരുന്ന്
വസന്തത്തെ
വരയ്ക്കാൻ ശ്രമിക്കുകയായിരുന്നു
ചിത്രകാരി
പെട്ടെന്ന്
പൂ കൊഴിയുമ്പോലെ
ഓണം കൊഴിഞ്ഞു വീണു
കറുത്തുണങ്ങിയ ഒരിതൾ
അവളെടുത്തു നോക്കി
വസന്തത്തിൻ്റെ കൊഴിഞ്ഞ മുടിയിഴ
സന്തോഷത്തിൻ്റെ പുറംതൊലി
ബ്രഷിൽ
സൂര്യൻ്റെ നിറമെടുത്ത്
ആദ്യമവൾ
തെച്ചിപ്പൂ വരച്ചു
പ്രഭാതമായി
ഉടൻ
തുമ്പപ്പൂ വരച്ചു
ഉച്ചയായി.
നാക്കിലയിൽ ഓർമകൾ
ഒരു വട്ടിപ്പൂ കുsഞ്ഞ പോലെ.
ഉടൻ
മുക്കുറ്റിപ്പൂ വരച്ചു
സന്ധ്യയായി.
ഇനി ചെമ്പരത്തി വരയ്ക്കാൻ മാത്രമേ
ചായമുള്ളൂ .
അവൾ കരയാൻ തുടങ്ങി
മഴ വന്നു
അന്നേരം
രാത്രി അതിൻ്റെ നിറം കൊണ്ട്
അവൾ വരച്ച പൂക്കൾ
മയച്ചു കളഞ്ഞു
അവളുടെ ഒരു മുടിയിഴ പാറിപ്പോയി
വസന്തത്തിൻ്റെ
ഒരിതളായ്
അതു പറന്നു പറന്നു പോയി.
- മുനീർ അഗ്രഗാമി
ആനന്ദം
...............
മഴത്തുള്ളിയിൽ നിന്നും
ആനന്ദം മണ്ണിലിറങ്ങുന്നു
ഇലത്തുമ്പിൽ നിന്നും ചിരിക്കുന്നു.
പൂവുകളിൽ കിടക്കുന്നു
.
പുതമഴ കൊണ്ടവർക്കതറിയാം.
തുള്ളികളായ്
നനഞ്ഞവർക്കു മതറിയാം
അവരുടെ ദളങ്ങളിൽ
അതിൻ സ്ഫുരണമുണ്ട്
രണ്ടു തുള്ളികൾ തമ്മിൽ തൊടുന്ന നിമിഷം തന്നെ മഴ .
തുളുമ്പാതെ,
തുളുമ്പാതെ .
- മുനീർ അഗ്രഗാമി

തത്ത | മിനിക്കഥ I

തത്ത | മിനിക്കഥ I
.............
സ് കൂളിൽ നിന്നും വന്ന കുട്ടി
കൂട്ടിലെ തത്തമ്മയെ തുറന്നു വിട്ടു .
പറന്നുയരാനാകാതെ അത്
മുറ്റത്തിരുന്നു.
തൊണ്ണൂറ്റിയൊന്നു വയസ്സായ മുത്തച്ഛൻ തത്തയെ എടുത്ത്
വീണ്ടും കൂട്ടിലടച്ചു.
"മോനേ
ഇതു പെൺ തത്തയാണ്
നീതിയെന്നിതിനു പേര് .
പുറത്തിറങ്ങിയാൽ രക്ഷപ്പെടുമെന്ന്
ഉറപ്പുള്ള കാലം വരെ
അതു കൂട്ടിൽ തന്നെയിരിക്കട്ടെ! "
മുത്തച്ഛൻ പറഞ്ഞു .
എന്നിട്ട് വിശ്രമിക്കാൻ മനസ്സില്ലാത്തതിനാൽ
മുത്തച്ഛൻ
വാഴത്തോട്ടത്തിലേക്ക് ഇറങ്ങി നടന്നു .
- മുനീർ അഗ്രഗാമി
സമാധാനത്തിന്
ആരാണ് തീയിട്ടത് ?
സ്നേഹമാരാണ്
വിൽക്കുന്നത്?

ഫാസിസം


ഫാസിസം 
...............
വെളിച്ചത്തെ അവൻ
കൊന്നു കളഞ്ഞു
എങ്ങും ഇരുട്ടായി
കോപ്പും
കൊടച്ചക്രവും
കോടതിയും
ഇരുട്ടിലായി .
പിന്നെ തെളിഞ്ഞില്ല ,
ഒന്നും!
- മുനീർ അഗ്രഗാമി

മാവേലി മാ-വേലി.

എത്ര ചവിട്ടിത്താഴ്ത്തിയാലും
ഉയർന്നു വരും
വരാൻ വൈകിയാൽ
വേരുകൾ ആഴത്തിൽ ചെന്ന് കൊണ്ടുവരും
നോക്കൂ ,
പൂവുകളിലതിൻ്റെ രഹസ്യമുണ്ട്
കള്ളവും ചതിയുമില്ലാത്ത
ആ ചിരി.
ആമോദത്തോടെയുള്ള
ആ നില്പ്.
എന്നിട്ട്
ചവിട്ടിത്താഴ്ത്തിയവനോട്
അവൻ്റെ ഭാഷ ചേർത്ത്പറയും ,
മാ വേലി
അവനെത്ര ലോകത്തിൻ്റെ ജന്മിയാണെങ്കിലും പറയും
എത്ര പറമ്പിൻ്റെ ഉടമയാണെങ്കിലും
പറയും
മാവേലി
മാ-വേലി.

-മുനീർ അഗ്രഗാമി 

ഓണാഘോഷം

ഓണാഘോഷം
.........................
വടം വലി തുടങ്ങി
ഒരു ഭാഗത്ത് വാമനൻ്റ ടീം
മറുഭാഗത്ത് 
മഹാബലിയുടെ ടീം.
ഒരു കുമ്പിൾ കഞ്ഞി കുടിച്ച്
ആരു ജയിക്കുമെന്നറിയാതെ
കോരനതു നോക്കി നിൽക്കുന്നു .
- മുനീർ അഗ്രഗാമി

വരിക പൊന്നോണമേ

വരിക പൊന്നോണമേ
.......................................
ഓണമേ, 
തിരുവോണ മേ
ഓർമ്മതന്നോളമേ,
വരിക !
വന്നെൻ്റെ
വ്യതിത സ്വപ്നങ്ങളിൽ നിറം തൂകുക!
നിന്നരിയ പൂക്കളിൽ
നിറഞ്ഞു തുളുമ്പും പ്രേമ മധുപകരുക .
ഓണമേ ,
പൊന്നോണമേ
ബാല്യകാല വസന്തമേ
വന്നൊരിക്കൽക്കൂടി
എന്നരികിലിരിക്കുക!
നിന്നഴകിൻ മഴത്തുള്ളികൾ
അമ്യത വർഷമായ് പൊഴിക്കുക.
ഓണമേ ,
തിരുവോണമേ
പൂത്തറകളിൽ മനസ്സു പോൽ
തിരയടിക്കുന്ന വർണ് ണ സമുദ്രമേ
നിന്നെളിയ വിരലുകളാൽ
എനിക്കൊരു കുളിരു തരിക.
ഓണമേ
പൊന്നോണമേ
ഓടിയെത്തുന്ന ഋതു ദേവതേ
പ്രണയമായെന്നിൽ നിറയുക
നിൻ കൃഷ്ണമണി കളിലെൻ
നിഴൽ നിറയ്ക്കുക
ഓണമേ
തിരുവോണമേ
എന്നിലെ പൂക്കാലമേ
വരിക,
എന്നിലടിമുടി
നിന്നെ നിറയ്ക്കുക!
നീയും ഞാനുമൊന്നായ് ലയിക്കട്ടെ!
പൂവുകൾ വിടരട്ടെ!
II
നിന്നിതളു മെന്നിതളും
ചിങ്ങവെയിലൊളി യിൽ
ചിരിക്കട്ടെ
പ്രഭചിന്തുവാൻ നമ്മളിൽ
ചിന്നിച്ചിന്നിയോർമ്മകൾ പെയ്യട്ടെ
പുലരി പൂത്തിറങ്ങിയ വഴിയിൽ
പൂത്തുമ്പികളുണരും മുമ്പേ
നമ്മെ കാത്തിരിക്കുന്നൂ
ഇപ്പോഴും നമുക്കൊപ്പം മാറാതെ
നമ്മെ നാമാക്കിയ കുഞ്ഞു പൂവുകൾ
കുസൃതിതൻ കളിത്തോഴർ
ഓണമേ
പൊന്നോണമേ
സങ്കടത്താഴ് വരയിൽ പുളകമായ്
ഉയിർത്തെഴുന്നേറ്റു തുമ്പകൾ,
നമ്മെ നോക്കി ച്ചിരിക്കുവാനായ്
തലയുയർത്തീ
മുക്കുറ്റികൾ,
കണ്ണീർ ക്കുളത്തിൽ
സുകൃതമായ് വിടർന്നൂ
വെൺതാമരകൾ.
പക്ഷേ
നീയും ഞാനും തോരാതെ പെയ്യുന്നു
പൊരിവെയിലിലതു കണ്ടു ചിങ്ങമാസം
കണ്ണു പൊത്തുന്നു
പൂവുകൾ ചിരിച്ച മാത്ര തന്നെ കരയുന്നുവോ? വയലു പോൽ പറമ്പു പോൽ
നാമനാഥരാകുന്നുവോ?
കുട്ടികൾ കുന്നിടിച്ച പോൽ
നമ്മെയുമിടിച്ചുവോ?
നമുക്കോർമ്മകൾ തന്ന പാടം നികത്തിയോ ?
ഓണമേ
തിരുവോണമേ വരിക
കൺതടത്തിലൊരു
നേർത്ത വിരൽ സ്പർശമായ്
നേരിൻ തുടിപ്പായ്
നിൻ വിശ്വ പ്രേമമതിൻ
കുളിരോടെയറിയുവാൻ
- മുനീർ അഗ്രഗാമി
ജലം കൊണ്ട് തീപ്പിടിക്കുന്നു
അണക്കെട്ട് തീക്കെട്ടുകളാകുന്നു
കണ്ണീരു പോലും കത്തുന്നു .

ഓണമഹാരാജ്യം

ഓണമഹാരാജ്യം
.........................
എല്ലാ വഴികളും
പൂക്കളിലെത്തിച്ചേരുന്ന
മഹാരാജ്യമാണ് ഓണം
ഭൂതകാലക്കാളവണ്ടിയിൽ മുത്തഛനും ഉപ്പാപ്പയും
വർത്തമാനക്കാറിൽ ഞാൻ ,
ഭാവിയുടെ വാഹനത്തിൽ
പേരറിയാത്തൊരാൾ
തെളിഞ്ഞ വഴികളിലൂടെ പോകുന്നു
തെളിയാ വഴികളും
അങ്ങോട്ടു തന്നെ.
മഴ നടന്നു വന്ന വഴിയേ
വിത്തിൽ നിന്നൊരു തളിരില
പൂവിലേക്ക് നടക്കുന്നു
കാറ്റു തിരക്കിട്ടു പോകും വഴിയെയൊരു കാർമേഘം ,
പച്ചിലകൾ കാണിച്ച വഴി തുമ്പികൾ.
മഴവില്ലി ൻ വഴി
ആകാശം.
ചീവീടിൻ വഴി
കാനന സംഗീതം
നടനത്തിൻ വഴി മയിലുകൾ.
എല്ലാ വഴി കളും
അങ്ങോട്ടു തന്നെ
പക്ഷേ ചിലർ വഴിയിൽ കുടുങ്ങുന്നു
കല്ലു പോലെ നിന്നു് വാമനൻ അവരുടെ
വഴി മുടക്കുന്നു.
പാതാളത്തിൽ നിന്നുയരാതെ
മാവേലിയവരെ
നിശ്ചല രാക്കുന്നു.
എല്ലാ വഴികളും എത്തിച്ചേരുന്ന ഇടം
എല്ലാവരുടേതുമായി വിടരുന്നു
പൂക്കളുടെ മഹാരാജ്യം
സ്വാതന്ത്ര്യ മാഘോഷിക്കുന്നു
മുക്കുറ്റിപ്പൂവിനതറിയാം
അരിപ്പൂവിതറിയാം
തുമ്പപ്പൂവിനതറിയാം
അതു കൊണ്ട്
എല്ലാവരും എത്തിച്ചേരാൻ വേണ്ടി
അവ വിടർന്നു കൊണ്ടിരിക്കുന്നു ;
എത്തിച്ചേരാൻ ആരുമില്ലാത്ത സ്ഥലം
രാജ്യമാകാതിരിക്കുമ്പോൾ,
എല്ലാവരും എത്തിച്ചേർന്ന പൂക്കളുടെ
ഓണം
മഹാരാജ്യമാകുന്നു.
- മുനീർ അഗ്രഗാമി

മോചനം

മോചനം 
....................
ഓണം ഐതിഹ്യത്തിൻ്റെ
തടവറയിൽ നിന്നും പുറത്തിറങ്ങി
കലാലയത്തിൽ വന്നു നിന്നു
പല ജാതിപ്പൂക്കളിൽ
പല വർണ്ണപ്പൂക്കളിൽ
അതു കിടന്നു
ഞങ്ങളോരോരുത്തരും ഓരോ പൂവെടുത്തു
ക്ലാസ് മുറി ഒരു പൂക്കളമായി
പിന്നെ ഓണം
ഐതിഹ്യത്തിലേക്ക്
തിരിച്ചു പോയതേയില്ല.
ഞങ്ങൾക്കൊപ്പം നടന്നു
പൂക്കൾ വിടർന്നു
മഴത്തുള്ളികളതു നോക്കി നിന്നു
- മുനീർ അഗ്രഗാമി

നരനും നായയും

നരനും നായയും
................................
നടക്കാൻ പാടില്ലാത്ത വഴി,
കയറാൻ പാടില്ലാത്ത സ്ഥലം,
തൊടാൻ പാടില്ലാത്ത വസ്തു ,
നിൽക്കാൻ പാടില്ലാത്ത നില,
നോക്കുമ്പോൾ
എല്ലായിടത്തും
കയറിയിറങ്ങുന്നു ഒരു നായ.
നായ
അവനെയും തൊട്ടുരുമ്മി
കടന്നു പോയി.
സ്വാതന്ത്യ്രമേ എന്നവൻ അതിനെ വിളിച്ചു
അതു വാലാട്ടി നടന്നു പോയി.
വാലില്ലാത്തതിനാൽ
നാലു കാലില്ലാത്തതിനാൽ
എന്നത്തേയും പോലെ
വേദനിച്ച് വേദനിച്ച്
അവൻ മാഞ്ഞുപോയി.

-മുനീർ അഗ്രഗാമി 

ഓരോ ഇതളിൽ

ഓരോ ഇതളിൽ
\............................../
ഓണമൊരു തുമ്പിയായ്
ഓർമ്മയുടെ തുമ്പത്തിരിക്കുന്നു
പ്രണയത്തിൻ്റെ ചില്ലയിൽ
രണ്ടു പൂവുകൾ 
കാറ്റിലൂഞ്ഞാലാടുന്നു
അവരുടെ ഇതളിൽ അത്തം പിറന്നു
ഓരോ ദിവസവും
ഓരോ ഇതളിൽ
തുമ്പി വന്നിരിക്കുന്നു
ഓർമ്മകളിൽ നിന്ന് പറന്ന്
വർത്തമാനത്തെ
കല്ലെടുക്കുമ്പോലെ അതെടുക്കുന്നു
ആരുമിറുത്തെടുക്കല്ലേ
എന്ന പ്രാർത്ഥന
ഒരു മഴത്തുള്ളി പൂവുകളുടെ
നാവിലിറ്റിക്കുന്നു
ഏതോ നിർവൃതിയാൽ
തുമ്പി പാറുന്നു,
പാറുന്നു,പാറുന്നു.
പാറുന്നു,
പാറുന്നു.

-മുനീർ അഗ്രഗാമി 

തെളിഞ്ഞതത്രയും

തെളിഞ്ഞതത്രയും
......................................
ഒരു കണ്ണിൽ നിന്നും
മഴയിറ്റുന്നു
ഒരു കണ്ണിൽ നിന്നും
വെയിലുദിക്കുന്നു
ചിങ്ങത്തിൻ്റെ മുഖം തെളിയുന്നു
ഒരറ്റം നനഞ്ഞും
ഒരറ്റമുണങ്ങിയും
അനാഥമായ കടലാസു തോണിയായ്
അവധിക്കാലം മുറ്റത്ത് കിടക്കുന്നു
ഓണം കാക്കപ്പൂവിൽ നിന്നും
ഇറങ്ങി വന്നു്
നനഞ്ഞു കുതിർന്ന അക്ഷരങ്ങളായ്
അതിലിരിക്കുന്നു
ഒറ്റയ്ക്ക് ഞാനതു വായിക്കാൻ ശ്രമിക്കുന്നു
നമ്മുടെ കുട്ടിക്കാലത്തിൽ
നിൻ്റെ വിരലിനാലെഴുതിയത്
കുട്ടികളുടെ വെളിച്ചത്തിലേ അതു തെളിയൂ
അവരെവിടെ ?
പൂക്കളുടെ പേരറിയാത്തവർ
പൂവായ് വിടരാത്തവർ
പൂവിറുക്കാനറിയാത്തോർ
പൂവട്ടി കാണാത്തോർ
ചിങ്ങത്തിൻ്റെ കണ്ണിൽ നിന്നും
ഒരു തുള്ളി നെറുകയിലിറ്റി
ഒരു തുള്ളി തോണിയിലിറ്റി
തെളിഞ്ഞതത്രയും മാഞ്ഞു പോയി.
-മുനീർ അഗ്രഗാമി 

വെളിച്ചം സംസാരിച്ചു തുടങ്ങുന്നു

വെളിച്ചം സംസാരിച്ചു തുടങ്ങുന്നു
...........................
മഞ്ഞുതുള്ളിയിൽ കയറി
മൗനം തണുത്ത്
പുല്ലിലിരുന്നു.
നീ പിണങ്ങിയിരിക്കുമ്പോലെ.
ഞാനുടൻ അടുത്തെത്തുമ്പോലെ
പുലരിയതു കാണുവാൻ വന്നു .
പക്ഷേ
ഒരു കിളിയൊച്ചയതു
കൊത്തിത്തിന്നു
പറന്നകന്നു പോയ്.
പുല്ലിൽ,
മഞ്ഞു തുള്ളിയിൽ,
എന്നിൽ,
നിന്നിൽ,
വെളിച്ചം മാത്രം
ബാക്കിയായി
വെളിച്ചത്തിൻ്റെ തുമ്പിൽ നിന്ന്
സ്നേഹത്തുള്ളികൾ
ഇറ്റി വീണു
ചുംബനങ്ങളുടെ ഒച്ചയിൽ
വെളിച്ചം സംസാരിച്ചു തുടങ്ങി .
പിന്നെ
ഇരുട്ടായതേയില്ല
- മുനീർ അഗ്രഗാമി

തുരന്തോ എക്സ്പ്രസ്സ്

തുരന്തോ എക്സ്പ്രസ്സ്
...........................
രാജ്യത്തിൻ്റെ തലസ്ഥാനത്തേക്ക്
ഒരു പെരുംപൂമ്പാറ്റ
പറന്നു പോകുന്നു
വയലുകൾ അതിൻ്റെ ചിറകുകൾ
ചിറകിൽ പുള്ളികൾ
കുടിലുകൾ
ഇഴഞ്ഞിഴഞ്ഞ്
വേഗത്തിൽ വേഗത്തിൽ
ചിറകുവിരിച്ച് അത് പറക്കുന്നു
കാറ്റിൽ ചിറകുകളിളകുന്നു
പച്ചയും മഞ്ഞയും നിറഞ്ഞ്
മഞ്ഞു പൂക്കൾക്കിടയിലൂടെ
അതു പറക്കുന്നു
ഉള്ളിൻ്റെയുള്ളിൽ
തീ നിറഞ്ഞിട്ടും
ഉള്ളു തണുപ്പിച്ച് വേഗമേറ്റുന്ന
തീവണ്ടിയാണത്
സ്പർശം
വിരലുകളിൽ നിന്ന് ഞരമ്പുകളിലൂടെ
തലയിലേക്ക്
പറക്കുന്ന സിഗ്നലുകളാകു മ്പോലെ
തലസ്ഥാനത്തേക്ക് അതു പറക്കുന്നു
അതിനകത്ത്
ഒരു കോശം പോലെ ഞാൻ;
ചിറകുകളുടെ ഭംഗി കണ്ട്
പുവു കണ്ട്
പൂങ്കാവനം കണ്ട്
ജനൽ ചതുരത്തിൽ
ആലോചനയിലായി
ചിറകുകളില്ലെങ്കിൽ,
ഇല്ലെങ്കിൽ
തലസ്ഥാനത്തെത്തുന്നത്
വേഗമേറിയ പുഴുക്കളാവും
ചിറകുകളാണ്
രാജ്യത്തെ പൂമ്പാറ്റകളുടെ രാജ്യമാക്കിത്തീർക്കുന്നത്.
അതു കൊണ്ട്
ചിറകുകൾ അരിയരുതേ.
അരിയരുതേ!
- മുനീർ അഗ്രഗാമി

കറുപ്പ് നിങ്ങളുടെ തൂവലുകളാണ്

കറുപ്പ് നിങ്ങളുടെ തൂവലുകളാണ്
..............................................................
കാക്കകളേ
കൊക്കുകളുടെ രാജ്യം വരേണമേ
 എന്ന് 
നിങ്ങൾ പ്രാർത്ഥിക്കരുത് 
ബ്യൂട്ടി പാർലറുകൾ
ആരാധനാലയങ്ങളാക്കരുത്.
നിറം മാറുന്ന
 ഒരു സ്വപ്നവും
 ഉപയോഗിക്കരുത്
എന്തെന്നാൽ
കറുപ്പ് 

നിങ്ങളുടെ തൂവലുകളാണ്.

-മുനീർ അഗ്രഗാമി 

ഓണമെന്നാൽ

ഓണമെന്നാൽ
.........................
നീ തുമ്പയാണ്
വെളുത്ത ഹൃദയമുള്ളവൾ
എൻ്റെ പൂക്കളത്തിലെ
ഒന്നാമത്തെ പൂവ്
നിന്നെ ചുറ്റിയാണ്
എൻ്റെ നിറങ്ങൾ ചിരിക്കുന്നത്
പൂക്കളുടെ ചക്രമുരുട്ടിയിതാ
വസന്തം എൻ്റെ മുറ്റത്തും വന്നിരിക്കുന്നു .
അതു ചലിക്കുന്നു
എൻ്റെ തുമ്പപ്പൂവേ
നീയാണതു ചലിപ്പിക്കുന്നത് .
നിനക്കു ചുറ്റും ഞാൻ
നിറഞ്ഞു പൂത്തുനിൽക്കുന്നു
നിൻ്റെ നോട്ടം അവയിറുക്കന്ന മാത്രയിൽ
അറിയാതെ പൂക്കളമാകുന്നു
ഓണമെന്നാൽ എനിക്കു നീയല്ലാതെ
മറ്റൊന്നുമല്ല
ഓണമെന്നാൽ
നിനക്ക് ഞാനല്ലാതെ മറ്റൊന്നുമല്ല
ഏതു പാതാളത്തിലായാലും
ആരു ചവിട്ടിത്താഴ്ത്തിയാലും.
- മുനീർ അഗ്രഗാമി

നാദാപുരം

നാദാപുരം
....................
കോഴികൾ ചിക്കിപ്പെറുക്കുന്നു
ഒരു പൂവൻ
രണ്ടുപിട.
കാശിത്തുമ്പയുടെ ചുവട്ടിൽ
പതമുള്ള മണ്ണ്
മഴ ചാറിത്തീർന്ന വിണ്ണ്.
രണ്ടു തുമ്പികൾ
കാശിത്തുമ്പതൻ മുകളിൽ .
അമ്മയുടെ ഒക്കത്തി രുന്ന്
കുഞ്ഞതു നോക്കുന്നു
നിഷ്കളങ്കമായി നോക്കുന്നു,
കൊല്ലപ്പെട്ടവൻ്റെ കുഞ്ഞ്.
തീർത്തും നിഷ്കളങ്കമായി
ചിക്കിപ്പെറുക്കുന്നു
കൊല്ലപെടാനുളള പൂവൻ .
കാശിത്തുമ്പയിൽ ചുവന്ന പൂവുകൾ,
രക്തത്തുള്ളികൾ പോലെ.
അതിൻ്റെ വേരുകൾ
വടിവാളിൽട്ടി മുറിഞ്ഞതാണ്.
വേരുകളേ
ഇനിയുമിനിയും ആഴത്തിലേക്ക് പോവരുതേ!
മുറ്റത്ത് അവളുടെ കണ്ണീര് വീണു
അവിടെ തൊട്ടാവാടികളുണ്ടാവുന്നു
ആരും കിളച്ചു മറിച്ചില്ലെങ്കിൽ
അതു പൂവിടും
പ്രതിരോധമായി അതിൻ്റെ കുഞ്ഞു മുള്ളുകൾ മാത്രം ഉയർന്നു നിൽക്കും .
വേരുകൾ മുറിഞ്ഞ ചെടികളിൽ,
പൂവുകളിൽ
അവളെത്ര കാത്തിരുന്നിട്ടും
ഓണം വന്നില്ല .
- മുനീർ അഗ്രഗാമി

നീ മരിക്കുമ്പോൾ

നീ മരിക്കുമ്പോൾ
...........................
നീ മരിച്ചാലും എൻ്റെ സ്നേഹം
നിന്നെ എടുത്തു നടക്കും
വഴിഎത്ര ദൂരമായാലും
വഴി എത്ര കഠിനമായാലും
എൻ്റെ സ്നേഹം
നിന്നെയെടുത്തു നടക്കും
നാം പ്രണയിച്ചിരുന്ന ഇടത്തിന്
അവസാനമായി കാണുവാൻ
നാം സ്നേഹിച്ച വയലുകൾക്ക്
അവസാനമായി കാണുവാൻ
നാം കലഹിച്ച കുടിലിന്
അന്ത്യചുംബനമേകാൻ
എൻ്റെ സ്നേഹം
നിന്നെയെടുത്തു കൊണ്ടു പോകും
ഒരേ സ്വപ്നങ്ങൾ കൊണ്ട് നാം നെയ്ത പായയിൽ
നിന്നെ അവസാനമായി കിടത്തുവാൻ
അടുത്തിരുന്ന്
നിനക്കൊപ്പം ചിരിച്ച അതേ സ്ഥലത്തിരുന്ന്
നിന്നെയോർത്ത് കരയുവാൻ
എൻ്റെ സ്നേഹം നിന്നെ വേദനിപ്പിക്കാതെ
ചുമലിലേറ്റി നടക്കും
ഒരു കൈ സഹായത്തിന്
എന്നത്തേയും പോലെ ആരുമുണ്ടാവില്ല
കൂട്ടുകാരുണ്ടാവില്ല
പണമോ പദവിയോ ഉണ്ടാകില്ല
വാഹനമോ വാഗ്ദാനങ്ങളോ ഉണ്ടാവില്ല
അടുത്ത വരോ ആളുകളോ ഉണ്ടാകില്ല
എന്തിന് ,
സ്വന്തം രാജ്യം പോലും കൂടെയുണ്ടാവില്ല
പക്ഷേ എൻ്റെ സ്നേഹം
നിന്നെ , എൻ്റെ ഉടലെന്ന പോലെ
എൻ്റെ കാലുകളിൽ വഹിക്കും
എനിക്ക് പനിക്കുമ്പോൾ
നിനക്ക് പൊള്ളിയ പോലെ
എനിക്ക് മുറിയുമ്പോൾ
നിനക്ക് വേദനിക്കുമ്പോലെ
നീ മരിക്കുമ്പോൾ ഞാൻ മരിക്കുന്നു
നീ എൻ്റെ ഉടലാകുന്നു
എൻ്റെ ഉടലിനെ
ഞാനുപേക്ഷിക്കുന്നതെങ്ങനെ!?
നിന്നെ എൻ്റെ സ്നേഹം
എടുത്തു നടക്കുമ്പോൾ
ഞാൻ ജീവിക്കുന്നു.
പകുതി ജീവനുമായി ചുവടു വെക്കുന്നു,
ഒരു കാലിൽ
നിൻ്റെ പ്രണയത്തിൻ്റെ ശക്തി;
മറുകാലിൽ
നിൻ്റെ സ്നേഹത്തിൻ്റെ ശക്തി.
നീ എന്നുള്ളിൽ നിറയുന്ന പ്രാണനായ്
എൻ്റെ കണ്ണുകളിലിരുന്ന്
കണ്ണീരു പിടിച്ചു വെയ്ക്കുന്നു
നീ മരിക്കുമ്പോൾ ,
സ്വന്തം പ്രാണനെ
ഉപേക്ഷിക്കുവാനാകാതെ
എൻ്റെ സ്നേഹം നിന്നെയെടുത്തു നടക്കും.
- മുനീർ അഗ്രഗാമി