അവളെ നിറച്ച ഒരു ദിവസം
..........................................
ഒരു ദിവസത്തിൽ
അവളെ ഒഴിച്ചു വെക്കുന്നു
വർഷത്തിന്റെ
മുന്നൂറ്ററുപത്തിനാലു ദിവസത്തിലും
അവളെ ഒഴിച്ചു വെക്കാതെ
മാറ്റിവെക്കുന്നു
ആരാണങ്ങനെ ചെയ്യുന്നത്
എന്ന ചോദ്യം
വെറുതെ നടന്നു പോകുന്നു
റഷ്യയിലും
അമേരിക്കയിലും ചെന്ന്
ഇന്ത്യയിലെത്തുന്നു
പോയ നാട്ടിലെല്ലാം
വേദികളിൽ
അവൾ തന്നെ
ഉത്തരമായി ഉറക്കെ
ഉച്ചരിക്കുന്ന കിളികൾ പറന്നു വരുന്നു
ആകാശം തേടുന്ന
കിളികളുടെ കൊക്കുകളിൽ
സമത്വത്തിന്റെ ചിഹ്നമായി
രണ്ടായി പകുത്ത
ഒരടുപ്പുണ്ട്
അതാരും സ്വീകരിക്കുന്നില്ലല്ലോ
എന്നൊരാധി
ആകാശത്തെ പെട്ടെന്ന്
മങ്ങിക്കുന്നു
പൊട്ടിപ്പോകലിന്റെ
പാടുകളുടെ ഭാവിയുടെ
മുറിവുകളുടെ തിളക്കം
അവർ നിറഞ്ഞിരിക്കുന്ന
ദിവസത്തിന്റെ
അതിരുകൾ
ഗർഭം ധരിച്ചിട്ടുണ്ട്.
വനിതയുടെ രുചിയുടെ നിറം
ഓർത്തുകൊണ്ട്
ചെന്നായകൾ ഓരിയിടുന്ന
നഗര വഴികളിൽ
സ്വന്തം വഴി കാണാതെ
ഒരുവൾ ദിവസത്തിനു പുറത്തു പോകുന്നു
ആരോ നിഷ്കരുണം
അവളെ തുടച്ചു മാറ്റുന്നു
ഗ്രാമത്തിന്റെ ചെറിയ മേശയിൽ
വെക്കാനാവാതെ
ആ ദിവസം
ഗ്രാമത്തെ മാറ്റിപ്പണിയാൻ
ഫ്ലാഷ് മോബു നടത്തുന്നു
ആരെയൊക്കെയാണ്
അതിൽ ഒഴിച്ചു വെച്ചിരിക്കുന്നത് ?
ആരെയൊക്കെയാണ്
പുറത്തു പോയതിനാൽ
ഉപേക്ഷിച്ചത് ?
പക്ഷേ
ഇന്നൊരാൾ
അതൊന്നുമന്വേഷിച്ചില്ല
എല്ലാവരുടേയും മുന്നിൽ നിന്ന്
മൈക്കിലൂടെ
ആ ദിനത്തെ കുടിച്ചു തീർത്തു
നോക്കി നിന്നവൾക്ക്
ഒരു തുള്ളി പോലും കൊടുത്തില്ല
കൊടുത്തില്ല
- മുനീർ അഗ്രഗാമി