ബേക്കൽ 2019
......................
ചോര പുരണ്ട സന്ധ്യയിൽ
കടലു കാണാൻ പോയവർ
നമ്മിൽ പെട്ടവരല്ലെന്ന്
ഒരശരീരിയുണ്ടായി
അനന്തരം
ആകാശം വടിവാളുകളെ ഓർമ്മിപ്പിച്ച്
തലങ്ങും വിലങ്ങും
രക്തക്കറ കാണിച്ച്
മണിക്കൂറുകൾ തങ്ങി നിന്ന്
തിര കാണാൻ വന്നവരോട്
പ്രതിയെ പിടിക്കാൻ പറയുന്നു
തിരകൾ വെട്ടേറ്റവന്റെ
ശബ്ദമായി പിടഞ്ഞുണർന്ന്
അവരോട് നിലവിളിക്കുന്നു
തിരുവനന്തപുരം മുതൽ
കാസർകോടുവരെ
അതേ ആകാശം
ദൃക്സാക്ഷിയുടെ കണ്ണായ്
കലങ്ങിയിരിക്കുന്നു
മേഘങ്ങളിൽ തെറിച്ച രക്തത്തുള്ളികൾ
രാത്രിയിൽ കട്ടപിടിച്ച്
നശിക്കും മുമ്പ്
സാഹചര്യത്തെളിവുകളിൽ വെച്ച്
ഏറ്റവും ശക്തമായ ഒന്ന്
നിറം മങ്ങി കറുത്തു പോകുന്ന പോലെ
വവ്വാലുകൾ പറന്നു പോയി
കടപ്പുറത്ത് ആളുകൾ
തിരക്കുന്നു
കൊല്ലപ്പെട്ടവനും കൊന്നവനും
അവരിൽത്തന്നെയുണ്ട്
ഉടലുകൾ വേറെയെന്നു മാത്രം
ഉയിർ വേറെയെന്നു മാത്രം
കോട്ട ഉയർന്നു നിൽക്കുന്ന കല്ലുകൾ തന്നെ
അവ ആരോടും ഒന്നും പറയാതെ
പഴങ്കഥ എഴുതിക്കൊണ്ടിരുന്നു
ആറര മണിയെ വെട്ടിവീഴ്ത്തുന്ന
ചില വാളുകൾ ആകാശത്ത്
പ്രത്യക്ഷപ്പെട്ടു
ആളുകൾ ചിതറിപ്പോകുന്ന വഴിയിൽ
രക്തച്ഛവി കലർന്നു
അമ്മമാരാരും
അവിടെയുണ്ടായിരുന്നില്ല
സ്വന്തം വീട്ടിൽ
അസ്തമിച്ച സൂര്യനെ
തിരയുകയായിരുന്നു അവർ.
- മുനീർ അഗ്രഗാമി