പിതാവിൻ്റെ വാക്കുകൾ

പിതാവിൻ്റെ വാക്കുകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പിതാവിൻ്റെ വാക്കുകൾ
രാജാവിൻ്റെ കുതിരകളെ പോലെയാണ്
അവയുടെ പുറത്തു കയറി
രാജ്യം ചുറ്റാം
സഞ്ചാരത്തിനും യുദ്ധത്തിനും
സമാധനത്തിനും വേണ്ടി
അവയുടെ കുളമ്പടികൾ മുഴങ്ങുന്നു
അറിയുന്ന ദേശത്ത്
അത് കൂടുതൽ നേരം സഞ്ചരിക്കുന്നു

ലോകം അവസാനിക്കാത്ത വഴിയാണെന്ന്
പിതാവിൻ്റെ വാക്കുകൾ
കുളമ്പടിക്കുന്നു
വിമാനത്തിലൂടെയും
കപ്പലിലൂടെയും
അത് കുതിച്ചു പായുന്നു
ഒരൊറ്റച്ചാട്ടത്തിന്
കടലു കടക്കുന്നു
മരുഭൂമിയിലൂടെ
ഒരാടിനെ തിരഞ്ഞു പോകുന്നു
പല നേരം പല കുതിരകൾ
വെള്ളക്കുതിര
ചെമ്പൻ കുതിര
കറുത്ത കുതിര
കുളമ്പടി കൊണ്ടറിയാമതിൻ്റെ യാത്രകൾ
രാജാവ് സൗമ്യനായും
ക്രുദ്ധനയും എഴുന്നള്ളുന്നവ
നമുക്കു കയറുവാനാകാത്തവ
വഴി മനസ്സിലാകാത്തവ
ഇപ്പോൾ പിതാവില്ല
പിതാവിൻ്റെ വാക്കുകളുണ്ട്
ഊഴം കാത്തു നിൽക്കുന്നു
ഏതിൽ കയറിയാണ് സഞ്ചരിക്കുക!
രഹസ്യമായ ചിറകുകളുള്ളവയുണ്ട്
വെളുത്ത രോമങ്ങളുള്ള കുതിരകൾ
കഥകളിലേക്ക് പറന്നവ
പാതാളത്തിലേക്ക് നീന്തിയവ
ബാല്യമായിരുന്നു അതിൻ്റെ വഴി
മരിച്ചു പോയ വഴിയിലൂടെ
ജീവിച്ചിരിക്കുന്ന കുതിരകൾ
എങ്ങനെയാണ് പോകുക ?
ജീവിച്ചിരിക്കുന്ന വാക്കുകൾ
എങ്ങനെയാണ് പോകുക ?
മോനേ മോളേ എന്ന
അച്ഛൻ്റെ അവസാന ഞരക്കത്തിൽ നിന്ന്
അമ്മ ഇതുവരെ ഇറങ്ങിയിട്ടില്ല
മരിക്കുവാൻ സമ്മതിക്കാത്ത
ഏതോ ഒരു വഴിയിലൂടെ
അവ അമ്മയെയും കൊണ്ട് സഞ്ചരിക്കുകയാണ്.
_ മുനീർ അഗ്രഗാമി

പ്രകാശത്തെ വെളിച്ചം എന്നു വിളിക്കുന്ന

ചെടികൾ
സൂര്യപ്രകാശത്തിനു നേരെ വളരുന്നു
കുട്ടികളും പ്രകാശത്തിൽ
പ്രകാശത്തോടെവളരുന്നു
ഇപ്പോൾ
കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ
ചതുര പ്രകാശങ്ങളാണ് അവരുടെ സൂര്യൻ

പ്രകാശത്തെ
വെളിച്ചം എന്നു വിളിക്കുന്ന വീട്ടിലാണ് അമ്മമ്മ താമസിക്കുന്നത്
അവിടെ ഒരു കുട്ടിയും ഇപ്പോൾ പോകാറില്ല
ചെടികളുടെ സൂര്യനേ അവിടെയുള്ളൂ
അമ്മമ്മ അതിന്റെ വെളിച്ചത്തിൽ കോഴിയോടും പൂച്ചയോടും സംസാരിക്കും
കുട്ടികളുടെ സൂര്യൻ കാണിക്കുന്ന ലോകം അമ്മൂമ്മയുടെ അത്ഭുത ലോകമാണ്.
അമ്മൂമ്മയുടെ സൂര്യന്റെ ലോകം കാണാൻ
കുട്ടികൾ ഇതുവരെ വന്നിട്ടില്ല
അവരെവിടെ അവരെവിടെ?
എന്നന്വേഷിച്ചു അമ്മമ്മ നടന്നു
ചെടികളുടെയും അമ്മമ്മയുടെയും
സൂര്യൻ അസ്തമിച്ചിട്ടും കുട്ടികളുടെ സൂര്യൻ അസ്തമിച്ചിരുന്നില്ല
അമ്മമ്മ നോക്കുമ്പോൾ
അവർ പൂമ്പാറ്റയോടോ പൂവിനോടോ സംസാരിക്കുന്നില്ല
നീല വെളിച്ചത്തിൽ കറുത്ത ഒരു തിമിംഗിലം വന്ന് കുട്ടികൾക്ക് മുന്നിൽ നിന്നു ചിരിച്ചുകൊണ്ട് അവരതാ
അതിന്റെ വായിലേക്ക് കയറിപ്പോകുന്നു
അച്ഛനും അമ്മയും എവിടെ?
അമ്മമ്മ നോക്കി
അവർക്കു രണ്ടുപേർക്കും രണ്ടു ചതുര സൂര്യനുണ്ട്
അതിന്റെ വെളിച്ചത്തിൽ അവർ മറ്റേതോ രണ്ടു ഗ്രഹങ്ങളിൽ ജീവിക്കുകയാണ്.
അതെന്റെ ഭൂമിയല്ല
അന്നേരം വിരിഞ്ഞ നിശാഗന്ധിപ്പൂവിനോട് അമ്മമ്മ പറഞ്ഞു.
-മുനീർ അഗ്രഗാമി

ഓർമ്മയുടെ ഒരോ തുള്ളിയാണ് ഓരോ മഴയും

ഓർമ്മയുടെ
ഒരോ തുള്ളിയാണ്
ഓരോ മഴയും.
എത്ര കൊണ്ടാലും
നനഞ്ഞു കുതിരില്ല
ഒരാളും

ഇറ്റി വീഴുന്ന മർമ്മരങ്ങൾ
കേൾക്കുകയാണ്
പനി വരാനതുമതി
പൊള്ളിവിറയ്ക്കാനതുമതി
മനസ്സൊഴുകുവോളം
തുള്ളി തുള്ളിയായി
ഇറ്റി വീഴട്ടെ
നിനക്കുമെനിക്കും പനിക്കും
അപ്പോൾ മഴ ചോരും
രാത്രി നനഞ്ഞു കുതിരും
- മുനീർ അഗ്രഗാമി

കണ്ണീർവർഷമായ്

പുതുവത്സരമേ
വർഷകാലമെവിടെ ?
ചോദിക്കാനായി
ഇഴഞ്ഞു വന്നൂ ചിങ്ങം,
ഇരുകൈകളുമുയർത്തി
ദീനയായ് നിന്നു

ഉച്ചവെയിലിന്റെ മുള്ള് കുത്തി
കൈ മുറിഞ്ഞു
ചൂടു കാറ്റിന്റെ കാലു തട്ടി നെഞ്ചു കീറി
വിണ്ടുകീറി
മാനം പോയ് മുഖം മങ്ങി
തല കുനിച്ചിരിപ്പായ്
ഇനി
പൂക്കളിങ്ങോട്ടെങ്ങനെ നോക്കും?
ചിരിച്ചു തലയാട്ടും?
പുതുവർഷമേ
മലയാളമേ
നീ വർഷിച്ച ഓർമ്മകൾ മാത്രമിതാ
വർഷകാലമായ് ചിനുങ്ങുന്നു
കണ്ണീർവർഷമായ്
പെയ്തു തോരുന്നു
- മുനീർ അഗ്രഗാമി

ആനന്ദ ജലാശയം

ആനന്ദ ജലാശയം
...........................
നിറയെ
പ്രണയ മീനുകളുള്ള
ഒരു ജലാശയമുണ്ട്
എത്ര ശ്രമിച്ചാലും
എൻ്റെ സൂര്യനേ
നിനക്കത് വറ്റിക്കാനാവില്ല
വാ വന്നടുത്തിരിക്ക്
അതിൽ നിനക്ക്
നിൻ്റെ മുഖം കാണാം
നിനക്കതേ കാണാൻ പറ്റൂ
എത്രയോ മഴകൾ കൊണ്ട്
നിറഞ്ഞ
എൻ്റെ മനസ്സാണതെന്ന്
അതിലെ മീനുകൾക്കേ അറിയൂ.
- മുനീർ അഗ്രഗാമി

വടക്കുനോക്കിയന്ത്രങ്ങൾ

വടക്കുനോക്കിയന്ത്രങ്ങൾ
............................................
ഞാൻ ഒരു യന്ത്രമായി
വടക്കോട്ടു നോക്കി നിൽക്കുന്നു
കൃഷി ചെയ്യാതെ
മേലനങ്ങാതെ
ഒരേ നോട്ടം തുടരുന്നു

വാതിൽ തുറന്നു കിടന്നിട്ടും
ചരിത്രത്തിനകത്തു കയറാതെ
വടക്കോട്ടു നോക്കി
ചരിത്രം വായിക്കുന്നു
വടക്കനിന്നും ആദ്യം ഒരു കുളിർ കാറ്റു വീശി
തണുത്തു
പിന്നെ കാറ്റു വന്നു
കൂടാരമൊന്നിളകി
ഒരു കൊടുങ്കാറ്റ് വരാനുണ്ടെന്ന്
ഇപ്പോളെനിക്കറിയാം
എന്നിട്ടും ഞാൻ നോക്കി നിൽക്കുന്നു
ഞാൻ നോക്കുമ്പോൾ
എല്ലാവരും
വടക്കോട്ടു നോക്കി നിൽക്കുന്നു
എൻ്റെ ദേശം മുഴുവനും
വടക്കോട്ടു നോക്കി നിൽക്കുന്നു
നോക്കുക എന്നാൽ
കാണുക എന്നായതിനാൽ
നിൽക്കുന്നിടം ആരും
കണ്ടതേയില്ല
തെക്കോട്ടു നോക്കൂ എന്ന്
ആരെങ്കിലും ചോദിക്കുമ്പോൾ
തെക്കോ അതെന്ത് ? എന്ന്
ഞങ്ങൾ
വടക്കോട്ടു നോക്കി
മറു ചോദ്യം ചോദിക്കുന്നു
- മുനീർ അഗ്രഗാമി

നിറങ്ങൾ സംസാരിക്കുന്നു

നിറങ്ങൾ സംസാരിക്കുന്നു
.....................................
എല്ലാ സന്തോഷങ്ങൾക്കും
എല്ലാ ദു:ഖങ്ങൾക്കും
ആരവങ്ങൾക്കും
മീതെ കൊടി പാറി
ആകാശത്തിൻ്റെ നിലവിളിയിൽ
അത് ഓളങ്ങളുണ്ടാക്കി
ഭൂമിയിലെ സന്തോഷങ്ങളിലും
സന്ദേഹങ്ങളിലും
നിസ്സംഗ്ഗയായി നോക്കി
പതാകയുടെ നിറങ്ങൾ
സംസാരിച്ചു:

ഞാൻ പച്ച
മരുഭൂമിയാകുന്നതിനും മുമ്പത്തെ
മണ്ണിൻ്റെ ഉടുപ്പ്
മനുഷ്യനും മുമ്പത്തെ ജീവൻ
കീറിയെറിയരുതേ
യന്ത്രങ്ങളേ അതൂരിക്കളയല്ലേ!
വെള്ള പറഞ്ഞു
ഞാൻ മനസ്സിൻ്റെ മനസ്സ്
വെള്ളരിപ്രാവിൻ്റെ തൂവലിൻ്റെ ആകാശം
രക്തം തൂവി
അത് ചുവപ്പിക്കരുതേ
കറുത്ത ചിന്ത കൊണ്ട്
അതിൽ കോറിവരയ്ക്കരുതേ!
പാരമ്പര്യത്തിൽ നിന്ന്
ഭാവിയിലേക്ക് ഒരു ചക്രം
മനസ്സിൽ
തെളിഞ്ഞ് ഉരുളുന്നു
ഞാൻ തന്നെയാണ് അതിൻ്റെ വാഹനം
നിങ്ങൾ അതിലെ യാത്രക്കാർ
കുങ്കുമ വർണ്ണം പറഞ്ഞു
ഞാൻ ഉദയത്തിൻ്റെ
അധരത്തിലെ പുഞ്ചിരിയാണ്
അസ്തമയത്തിൻ്റെ
ചുവന്ന കണ്ണുകളെന്ന്
തെറ്റിദ്ധരിക്കരുതേ!
കട്ടപിടിച്ച രക്തവുമായി
എനിക്കു ബന്ധമില്ല
ഉയരത്തിൽ സ്വതന്ത്രമായി
പതാക ചലിക്കുന്നു
അത്
ഉയരത്തിലെത്തിയതിൻ്റെ
രഹസ്യമെനിക്കറിയാം
അതിനാൽ
ഞാനതിനെ സല്യൂട്ട് ചെയ്യുന്നു.
-മുനീർ അഗ്രഗാമി

പുഴയുളളം

പുഴയുളളം
........
എന്നിൽ നിറഞ്ഞൊഴുകുന്ന
നീ
വറ്റുമോ എന്ന പേടിയാൽ
ഒഴുകുന്നു

മഴയില്ലാതെ കുളിരില്ലാതെ
മനസ്സിലെ ഋതു
വെയിലിനൊപ്പം നടക്കുമോ
എന്ന പേടിയാൽ
ഒഴുകുന്നു
ഒഴുകുന്നു
ഒഴുകുന്നു
ഒഴുക്ക് നീ തന്നെ
ഞാനും നീ തന്നെ
നീയൊഴിഞ്ഞ
നിശ്ശബ്ദത
ഞാനല്ല
ഞാനല്ല .
- മുനീർ അഗ്രഗാമി

പ്രാണവായു

പ്രാണവായു കിട്ടാതെ
കുഞ്ഞു വെളിച്ചം പോലുമണഞ്ഞു
അഹിംസയുടെ സൂര്യൻ
മരിച്ചതിൽ പിന്നെ
സ്നേഹച്ചിരിയുമായ് പിറന്ന
മിന്നാമിനുങ്ങകൾ പോയി

ഇരുളിലെ നുറുങ്ങുവെട്ടങ്ങൾ
കണ്ണടച്ചു
രാജ്യമേ നീയിപ്പോൾ
ഇരുട്ടിലാണ്
രാജ്യമേ
നീയിപ്പോൾ
ഉറങ്ങാനാവാതെ
കണ്ണുനിറഞ്ഞവരുടെ
ശൂന്യമായ തൊട്ടിലാണ്.
നിലവിളി മാത്രം
അതിനെ ആട്ടിക്കൊണ്ടിരിക്കുന്നു
- മുനീർ അഗ്രഗാമി

ചതുരംഗം

ചതുരംഗം
.............
നഗരത്തിൽ പല ചതുരങ്ങളുണ്ട്
കറുപ്പ് കുടിച്ചും
വെളുത്തു തുടുത്തും
മലർന്നു കിടക്കുന്നവ
ചെസ്സ് ബോർഡിലെ ചതുരം പോലെ
അവ അടുത്തടുത്തല്ല

ചുമരുകൾക്കകത്തും പുറത്തുമായി
അവ ചിതറിക്കിടക്കുന്നു
ഒന്നിൽ നീ ഫുട്ബോൾ കളിക്കുന്നു
ഒന്നിൽ ഞാൻ തടവിൽ കിടക്കുന്നു
ഒന്നിൽ നീ നീന്തി നിവരുന്നു
ഒന്നിൽ ഞാൻ ആഴ്ന്നിറങ്ങുന്നു
കറുത്ത കുതിരയും
വെളുത്ത കുതിരയും
കളിയിൽ നിന്നിറങ്ങി വന്ന്
മത്സരിക്കുന്നു
പല ചതുരങ്ങളിൽ ചാടി വീഴുന്നു
തലങ്ങും വിലങ്ങും
ചക്രമില്ലാ തേരുകളുടെ പടയോട്ടം
അദൃശ്യരായിരിക്കുന്നു
തേരാളികൾ
തിരക്കിൽ ഒറ്റപ്പെട്ട്
വഴിമുട്ടുമ്പോൾ
നഗരം , കറുത്തവരും വെളുത്തവരും
കരുക്കളായ
ചെസ്സ് കളിയാണെന്ന്
നിനക്ക് തോന്നും
നീയേത് ചതുരത്തിലാണെന്ന്
നിനക്ക് മനസ്സിലാവില്ല
ആര് ആരെ വെട്ടിയെന്നും
മറികടന്നെന്നും വ്യക്തമാകില്ല
നഗരം ചതുരങ്ങൾ നിറഞ്ഞ
ഒരു വലയമാണ്
അതിലെവിടെയാണ് നീ
എവിടെയാണ് ഞാൻ എന്ന്
ഒരു ജി .പി .എസ്സിനും
കണ്ടു പിടിക്കാനാവില്ല
പുറത്തേക്ക് വഴിയില്ലാത്ത
ഒരു ചതുരത്തിൽ ചരിത്രവും
അകത്തേക്ക് വഴിയില്ലാത്ത
ഒരു ചതുരത്തിൽ ജീവിതവും
ആരോ എടുത്തു വെച്ചിട്ടുണ്ട്
അതെവിടെയെന്ന് നമുക്കറിയില്ല
സ്വപ്നങ്ങൾ ഫ്രെയിം ചെയ്തു വെച്ചവ
വീണു ചിതറുന്ന ശബ്ദത്തിൽ
നിലവിളികൾ കേൾക്കാതെയാകുന്നു
നഗരം ചതുരങ്ങളുടെ
മാന്ത്രികക്കോട്ടയാണ്
ഒന്നിൽ നീ
മയങ്ങി വീഴുന്നു
ഒന്നിൽ ഞാൻ
ഉറക്കം വരാതെ പിടയ്ക്കുന്നു.
- മുനീർ അഗ്രഗാമി

മരുമറവി

മരുമറവി
....................
മറവിയുടെ ചുവട്ടിൽ
ഏതോ സങ്കടത്തിന്നലസതയിൽ
നിന്നെ
മറന്നു വെച്ചതായാണോർമ്മ

വറ്റിപ്പോയ മരുപ്പച്ചകളിലൊന്നിൽ
എൻ്റെ കാല്പാടുകളിപ്പോഴും
നിന്നെ തിരഞ്ഞു തളർന്ന്
കാറ്റിനു പിടികൊടുക്കാതെ
കല്ലിച്ചു നില്പുണ്ടാകും
അന്നു ജീവിതം നനച്ച
മരുനീർച്ചാലിൽ
പൊള്ളിനിൽക്കും മണൽത്തരികളിൽ
തിളച്ചു മിന്നുന്ന എൻ്റെ ഹൃദയമുണ്ട്
ചെരിഞ്ഞു വീഴുന്ന
വെളിച്ചത്തോടവ നിന്നെ ചോദിക്കും
കണ്ടില്ലൊന്നുമെന്നോരോ രശ്മിയും ചൂടാവും
അപ്പോൾ തപിച്ചാലും
ചിരിപോലെ പ്രതീക്ഷ തിളങ്ങി നിൽക്കും
ഒരു മഴ വരും
വർഷങ്ങൾ കഴിഞ്ഞാലും;
അതിൻ്റെ തുള്ളിയിൽ നിന്നും
നീ ചിരിക്കും
മറവിയെല്ലാമതിലൊഴുകിപ്പോകും.
- മുനീർ അഗ്രഗാമി

ക്വിറ്റ് ഇന്ത്യ

ക്വിറ്റ് ഇന്ത്യ
*****************
ക്വിറ്റ് ഇന്ത്യ എന്ന്
മുത്തച്ഛൻ പറഞ്ഞതുപോലെ പറയാൻ
എനിക്കാവാത്തതെന്താണ് ?
ഇംഗ്ലീഷ് അറിയാഞ്ഞിട്ടും
മുത്തച്ഛൻ അങ്ങനെ പറഞ്ഞു
അതൊരേറ്റു പറച്ചിലായിരുന്നു
വിശ്വാസമുള്ള ഒരാൾ
പറഞ്ഞതിലുള്ള വിശ്വാസമായിരുന്നു

ഇന്ത്യ വിട്ടുപോയവർ വിട്ടു പോയ
ചിലതുണ്ട്
കുടിയേറി വന്ന മറ്റുചിലതുണ്ട്
അവയോട് ക്വിറ്റ് ഇന്ത്യയെന്ന്
പറയാനെനിക്കാവാത്തതെന്താണ്
മുത്തച്ഛന് ചൊല്ലിക്കൊടുത്ത പോലെ
ആരുമെനിക്ക് പറഞ്ഞു തരാത്തതെന്താണ് ?
എനിക്ക് ഇംഗ്ലീഷറിയാം
എന്നിട്ടും ഞാൻ പറയാത്തതെന്താണ് ?
മകനേ
മുത്തച്ഛൻ്റെ പേരുള്ളവനേ
ഇതച്ഛൻ്റെ ചോദ്യമാണ്
ഉത്തരം നീ കണ്ടെത്തണം
കാരണം
മുത്തച്ഛന്
സ്വാതന്ത്ര്യമില്ലായിരുന്നു
എനിക്കത്
വേണ്ടുവോളമുണ്ടായിരുന്നു
നിനക്കാണെങ്കിൽ
മനസ്സിലും ചിന്തയിലും
വിചാരങ്ങളിലും
വികാരങ്ങളിലും
കാണാം ചങ്ങലക്കുരുക്കുകൾ
ഞാനിട്ട തുടലുകളല്ലവ
അദൃശ്യമായ്
ആരുമറിയാതെ
അവർ നിന്നെ കുരുക്കിയിട്ടവ
അവരൊന്നു വലിച്ചാൽ
നീ പറന്ന്
അവരുടെ നാട്ടിലെത്തും
നിനക്ക് ചോദ്യങ്ങളില്ലെന്നറിയാം
നിനക്ക് അവർ തന്ന
ഉത്തരങ്ങളേയുള്ളൂവെന്നുമറിയാം
എങ്കിലും
നീയതു തിരിച്ചറിഞ്ഞാൽ
അച്ഛൻ്റെ ചോദ്യത്തിന്
ഉത്തരമന്വേഷിക്കുക!
- മുനീർ അഗ്രഗാമി

അവർക്കു വരാൻ പല വഴികളുണ്ട്

അവർ തേടി വരാതിരിക്കില്ല
നിൻ്റെ ആശങ്കകളേയും
പേടികളെയും
വകഞ്ഞു മാറ്റിക്കൊണ്ട്
മരണം പോലെ .
അവർക്കു വരാൻ പല വഴികളുണ്ട്
ചിത്രകഥ ഒരു വഴി
വീഡിയോ ഗെയിം മറ്റൊന്ന്
ട്രോളുകൾ വേറൊന്ന്
പാഠപുസ്തകങ്ങൾ ഇനിയൊന്ന്.
അങ്ങനെ
നീ നടക്കുന്നതും നടക്കാത്തതുമായ
എത്രയോ വഴികൾ
ജീവിതം പോലെ .
അവർ ഉറപ്പായും വരാതിരിക്കില്ല
പക്ഷേ വരാനുള്ള വഴികൾ
അടയ്ക്കുവാൻ നിനക്കായേക്കും
ഒരു കൈ അനേകം
കൈകളോട് ചേർത്ത് ;
നിഷ്കാമ കർമ്മം പോലെ
അവർ കുതിരപ്പുറത്തോ
ബുൾഡോസറുകളിലോ കയറി
വരുമെന്ന് നീ വിചാരിക്കരുത്
തക്ഷകനെ പോലെ
ഏതു പഴവും അവർക്കു വാഹനമാകാം
ഇസ്രായേലിൽ നിന്നോ
അമേരിക്കയിൽ നിന്നോ
ജർമനിയിൽ നിന്നോ
അവർ വരുമെന്ന്
നീ കരുതരുത്,
ഒരു ദു:സ്വപ്നം പോലെ
അവർ നിൻ്റെ വാർഡിൽ നിന്നോ
പഞ്ചായത്തിൽ നിന്നോ
വരാം
എന്തിന് ... ചിലപ്പോൾ
നിൻ്റെ മനസ്സിൽ നിന്നും കയറി വരാം
അതിഥിയായല്ല
അന്തകനായാണ് അവർ വരിക
അവരുടെ നിറങ്ങൾ
പലതാണ്
ഒരു നിറം മാത്രമാണ്
അവരുടേതെന്ന്
നീ കരുതുന്നുവെങ്കിൽ
നിനക്ക് വർണ്ണാന്ധത ബാധിച്ചിരിക്കുന്നു
ഏതു കാലത്ത്
ഏതു നിറത്തിലാണ്
അവർ വരികയെന്ന്
കുട്ടികളോടു ചോദിക്കുക
അവർ നിറങ്ങളല്ലാതെ
മറ്റൊന്നും കാണാത്തതിനാൽ
അവർ പറഞ്ഞു തരും
ഐസ് ക്രീമിൽ പോലും
ചിലപ്പോൾ അവരതു കണ്ടെത്തും
- മുനീർ അഗ്രഗാമി

സർഫിങ്ങ്

മഹാസമുദ്രം പോലെ വന്യമായ
ഏകാന്തത;
അതിൽ കയറി
ഇരുൾ മഹാസമുദ്രത്തിൻ തിരകളിൽ
സർഫിങ്ങ് നടത്തുകയാണ് ഞാൻ
അത്രയും സൂക്ഷ്മമായ്
ഏകാഗ്രമായ്
തീയിൽ പെടുമ്പോലെ
തിരയിൽ പെടാതെ
ആഴത്തിന്നഗാധനീല മിഴികൾ
വിളിച്ചിട്ടും
വീണുപോവാതെ
സർഫിങ്ങ് നടത്തുകയാണ് ഞാൻ
നീലത്തിരകളിൽ സൂര്യവെളിച്ചം
നൃത്തമാടുപോലെ
രജനിത്തിരകളിൽ
പൗർണ്ണമിയുടെ പദചലനങ്ങൾ!
നൃത്തനൃത്യങ്ങൾ
കാറ്റിൻ്റെ വാദ്യഘോഷങ്ങൾ
അതു കണ്ടും കേട്ടും
സർഫിങ്ങ് നടത്തുകയാണ് ഞാൻ
ഇരുൾത്തിര തൻ തണലിലൂടെ
അജ്ഞാതമാമൊരു താളത്തിലെൻ്റെ
ജീവസ്പന്ദനമൊഴുകുന്നു
ഇരുളിൻ ജലനൂലുകൾ
കോർത്തു തീർത്ത
വിശ്വ മഹാസമുദ്രത്തിൽ
സർഫിങ്ങ് നടത്തുകയാണ് ഞാൻ
അല്ല ,
എൻ്റെ ഏകാന്തത എന്നെയെടുത്ത്
സർഫിങ്ങ് നടത്തുകയാണ്
ഒരു മിന്നാമിനുങ്ങാകുവാൻ കൊതിച്ച്
എന്നാൽ മിന്നുവാനാകാതെ
സർഫിങ്ങ്
ഒറ്റയ്ക്ക് തിരകളോട് യുദ്ധം ചെയ്ത്
മുന്നേറലാണ്
സർഫിങ്ങ്
ചിറകില്ലാത്ത പറക്കലാണ്
തിരകൾ ആകാശമാകുമ്പോൾ
അശാന്തമായ ഇളക്കങ്ങളും
ഒഴുക്കുകളും
മഹാപ്രവാഹങ്ങളും
ഈ രാത്രിയെ മഹാസമുദ്രമാക്കി
എന്നിൽ നിറച്ചിടുമ്പോൾ ;
ഏകാന്തത അതിൽ
കളിച്ചും
തീരത്തിരുന്നും വീണ്ടുംകളിച്ചും
സർഫിങ്ങ് നടത്തുമ്പോൾ
- മുനീർ അഗ്രഗാമി

ആഗസ്ത്‌ ആറ്

ആഗസ്ത്‌ ആറ്
...............................
ബോംബു വീണു തകർന്നു തരിപ്പണമായ
ഒരു ദിവസത്തിൻ്റെ
ഓർമ്മ ദിവസമായിരുന്നു ഇന്ന്
ഞാനും കുറേ പേടികളും
വേദനയും
കൂടങ്കുളത്തു നിന്നും വന്ന
കടൽക്കാറ്റും
ആ ദിവസത്തിൻ്റെ കല്ലറ കാണാൻ പോയി
ലോകത്തിൻ്റെ മനസ്സോളം
വലുതായിരുന്നു ആ കല്ലറ
എന്നാൽ ഒരു വെള്ളരിപ്രാവിനേക്കാൾ
പൊക്കമില്ലാത്തത്
അതിനുള്ളിൽ ആഗ്രഹങ്ങൾ തീരാത്ത
ഒരു തലമുറയുടെ സ്വപ്നങ്ങൾ
അടക്കം ചെയ്തിരിക്കുന്നു
ചെന്നു നോക്കുമ്പോൾ
മറ്റൊരു ദിനം കൗശലക്കാരനായ മനുഷ്യനെ പോലെ
ആ കല്ലറ പൊളിച്ചുനീക്കുകയാണ്
സമാധനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ
ഞങ്ങൾക്കു മുന്നേ വന്ന ബുദ്ധൻ
അരുതേ എന്നു പറഞ്ഞിട്ടും
ആ ദിവസം പൊളിച്ചു കൊണ്ടിരുന്നു
വേരുകളില്ലാത്ത ഒരു തലമുറയെ
വളർത്തണമെങ്കിൽ
ആദ്യം ശ്മശാനങ്ങൾ തകർത്തു കളയണമെന്ന്
അതിനറിയാം
ഓർമ്മകളുടെ എല്ലാ മൂർത്തികളേയും
പൊടിച്ചു കളയണമെന്നതിനറിയാം
ഞങ്ങൾ അടുത്തെത്തിയപ്പോൾ
അത് അദ്ഭുതപ്പെട്ടു
അതു പറഞ്ഞു:
വൗ ! എന്തു നല്ല കൂട്ടുകാർ
സങ്കടങ്ങളിലും ഒരുമിച്ച് വന്നിരിക്കുന്നു
മിടുക്കൻമാർ
ഇനി നിങ്ങൾ നിങ്ങളുടെ
സൗഹൃദമാഘോഷിക്കുക
ആനന്ദിക്കുക
ഞാനിതൊന്നു പൊളിച്ചു തീരട്ടെ!
വെളുത്ത മുഖമായിരുന്നു അതിനു്.
ഒരു ദിനം മറ്റൊരു ദിനത്തെ
ഇത്ര ഭീകരമായി തകർത്തു കളയുമോ ?
ഞാൻ ചോദിച്ചു
ഉത്തരമുണ്ടായില്ല
ഉണ്ടായില്ല
കറുത്ത ചോദ്യത്തിന്
അല്ല മഞ്ഞ ചോദ്യത്തിന്
വെളുത്ത ഉത്തരമുണ്ടാവാറില്ല
- മുനീർ അഗ്രഗാമി

ദൈവത്തിൻ്റെ കൈകൾ

ദൈവത്തെ കുറിച്ചുള്ള
എല്ലാ സന്ദേഹങ്ങൾക്കും
ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നു
യുവത്വം ചോദ്യങ്ങളുമായി
ചെന്നു മുട്ടാത്ത വാതിലുകളില്ലായിരുന്നു
അപരിചിതമായ സ്ഥലത്തുവെച്ച്
തല കറങ്ങിവീണപ്പോൾ
അപരിചിതനായ ഒരാൾ
ദൈവത്തിൻ്റെ കൈകൾ കാണിച്ചു തന്നു
ചിലപ്പോൾ തൊട്ടിലാവുകയും
ചിലപ്പോൾ അമ്മുടെ വിരലുകൾ പോലെ
അവ
നിവരുകയും ചെയ്തു
പരിചയമുള്ളയാൾ
തൊട്ടടുത്തിരുന്ന്
സംസാരിച്ചു
വാക്കുകൾ പൂക്കളെ പോലെ
വിടരുകയും ചിരിക്കുകയും ചെയ്തു.
ദൈവത്തിൻ്റെ ഭാഷയാണതെന്ന്
അയാൾ പറഞ്ഞില്ലെങ്കിലും അറിഞ്ഞു
ഋതുക്കൾ മാറി വന്നു
പൂക്കൾ മരങ്ങളെ മാറ്റി മാറ്റി
ചിരിച്ചു .
അയാൾ ഒപ്പം നടന്നു
ദൈവത്തിൻ്റെ പുഞ്ചിരിയായതിനാൽ
ആ വസന്തം വാടിയില്ല.
മുമ്പ്
ഒറ്റയ്ക്ക്
നിമിഷങ്ങൾ തുഴഞ്ഞ്
പകലുകളുടെ തീരത്ത്
ഏകാന്തതയുടെ വെളിച്ചത്തിൽ
മയങ്ങി വീണപ്പോൾ
കാൽപ്പാദങ്ങളിൽ മണൽത്തരികൾ ചുംബിച്ചു
ദൈവത്തിൻ്റെ അനേകം ചുണ്ടുകളായിരുന്നു അത്
ഒറ്റയ്ക്കല്ല ,ഓയ്ക്കല്ല നീയെന്ന്
ഓരോ ചുംബനവും തലോടി
സന്ധ്യയുടെ നിറങ്ങൾ വിരിച്ചു തന്നു
അന്നു സുഖമായുറങ്ങി.
- മുനീർ അഗ്രഗാമി

രണ്ടുവരിക്കവിതകൾ

രണ്ടുവരിക്കവിതകൾ
***************************
1. അവൾ
.....................
എത്ര കാലം പെയ്തു കൊണ്ടിരുന്നു!
പക്ഷേ ,അവനൊന്നുമറിഞ്ഞില്ല

2 .ആത്മകഥ
.........................
മഴത്തുള്ളി , ഇലയുടെ ആത്മകഥ
വേരുകൾ തുറന്ന് വായിക്കുന്നു
3. ജ്ഞാനപ്പാന
.........................
അടുത്ത ജന്മത്തിൽ പശുവായ് പിറക്കുവാൻ
പ്രാർത്ഥിക്കുന്നിതു ചിലർ
4. ജീവലോകം
.......................
പുഴു പൂമ്പാറ്റയാകുന്ന ഉപമയിൽ
അയാളിഴഞ്ഞു, തളരാതെ .
5. പ്രതിമ
................
അഹിംസയിൽ ഉറച്ചു നിന്നു
പക്ഷേ ബുദ്ധനായതേയില്ല
6. പ്രണയിനി
......................
ഓർമ്മയുടെ വീട്ടിൽ ഒറ്റയ്ക്കായിട്ടും
ഒറ്റയാവാതെ അവൾ ഓർമ്മയായി
7. ഫാസിസ്റ്റ് രാഷ്ട്രം
..................................
ഒരേ നിറത്തിൽ ഒരേ പൂക്കൾ മാത്രം വിടർന്നു,
വന്നില്ല സന്തോഷശലഭങ്ങൾ
8. വിരഹം
...............................
നീ പൊഴിച്ച തൂവലുകളിൽ
ഒരു കാറ്റ് പിടഞ്ഞുണരുന്നു

1-8-2017

1-8-2017
..................
വെറുതെയിരിക്കാത്ത
വാക്കിൻ്റെ വക്കിൽ നിന്ന്
ഇറ്റി വീണ അർത്ഥത്തിൽ
ഒരു പുഴ ജനിച്ചേക്കും

മഴ എന്നും പുഴ എന്നും
കർക്കിടകത്തിലെ കൊടുംവെയിലിൽ
വിയർത്ത്
കുട്ടി എഴുതുമ്പോൾ
പെയ്ത വാക്ക്
ഒഴുകിപ്പോയോ
ഒഴുകിയ വാക്ക്
എവിടെങ്കിലും
നിറഞ്ഞു തൂവിയോ?
തല കുനിക്കാതെ
കർക്കിടകം എന്ന്
വീണ്ടും വീണ്ടും
കുട്ടി എഴുതി നോക്കുന്നു
ചിലപ്പോൾ
നിറഞ്ഞു തൂവിയാലോ!
ദാഹിച്ചു കിടക്കുന്ന
ഈ വയലതു വലിച്ചു കുടിച്ചാലോ
വാക്കുകൾ
തീവണ്ടി പോലെ കുട്ടിയുടെ
റഫ് നോട്ടിൽ
പല ബോഗികളിൽ മുന്നോട്ട്
സഞ്ചരിക്കുന്നു
ഇമ്പോസിഷനെഴുതുകയാണ്
മഴ പുഴ എന്നിങ്ങനെ
മഴ പലതുള്ളിക ളായ്
പേപ്പർ നിറഞ്ഞു
പുഴ നിറഞ്ഞു റഫ്ബുക്ക് കവിഞ്ഞ്
ഒഴുകിപ്പോയി
എങ്കിൽ എന്ന ഒരു വാക്കിൻ്റെ
അർത്ഥം കുടിച്ച്
കുട്ടി കർക്കിടകത്തോട്
ചോദിച്ചു
മഴ മഴ എന്നു നീ എഴുതാത്തതെന്ത് ?
പുഴ പുഴ എന്ന്
നിൻ്റെ കറുത്ത സ്ലെയിറ്റിൽ
എഴുതാത്തതെന്ത് ?
മേഘം എന്ന ഒരിക്കലും വറ്റാത്ത
ഒരു വാക്ക്
കുട്ടിയെഴുതി
മാനമിരുണ്ടു
മഴ മഴ
പുഴ പുഴ എന്നിനി
കർക്കടകത്തിന്
എഴുതാതിരിക്കാനാവില്ല
വറ്റിപ്പോയ എല്ലാ വാക്കുകളും
വെള്ളം തൊട്ട് മയച്ച് !
- മുനീർ അഗ്രഗാമി

എൻ്റെ പ്രണയം

എൻ്റെ പ്രണയം
********************
ആദ്യത്തെ മഴയുടെ
ആദ്യത്തെ തുള്ളിയിലായിരുന്നു
എൻ്റെ പ്രണയം
എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞു
എത്ര മഴകൾ കഴിഞ്ഞു!
ഓരോ മഴയും
അതു കൈമാറി കൈമാറി
ആകാശത്തും ഭൂമിയിലും വെച്ചു
എത്ര ഋതുക്കൾ കഴിഞ്ഞു!
ഇന്നിതാ
ഒരു മഴത്തുള്ളി
എനിക്കതു തന്നിരിക്കുന്നു.

- മുനീർ അഗ്രഗാമി

ഏതസാന്നിദ്ധ്യത്തിലും

ഏതസാന്നിദ്ധ്യത്തിലും
*(**********(***(*******
ഏതസാന്നിദ്ധ്യത്തിലും
നിൻ്റെ സാന്നിദ്ധ്യമുണ്ടെൻ്റെ
നിഴലുപോൽ നിശ്ശബ്ദമായ്
ഒറ്റയാകുവാൻ സമ്മതിക്കാതെ.
- മുനീർഅഗ്രഗാമി

രാവൊരുങ്ങുന്നു

രാവൊരുങ്ങുന്നു
*******************
ശ്യാമരസ കവിതയായ്
രാവൊരുങ്ങുന്നു
താരാപഥങ്ങളിൽ
വാക്കുകൾ കൺമിഴിക്കുന്നു
മിഴിവുറ്റ വരികളുമായ്
മഞ്ഞു കാറ്റെത്തുന്നു

ധനുരാവിൻ്റെ മുറ്റത്തിരുന്നു ഞാൻ
നിൻ്റെ വിരൽ പിടിക്കുന്നു
സ്വപ്നത്തിന്നീടികൾ
നിലാവേറ്റു വിടരുന്നു
നിൻ്റെ നനവാർന്ന കൃഷ്ണമണി
നീന്തുന്ന നിറകടലിൽ ഞാനും
എൻ്റെ വിറയ്ക്കുന്ന
കൺപീലിത്തിരകളിൽ
നീയും|
കാവ്യാർത്ഥ സമ്പന്നമാമേതോ
നിർവൃതി തൻ നീലിമ കണ്ടു
തമ്മിലറിയുന്നു
പൂവിട്ട തേൻമാവുകൾ
നമ്മെ നോക്കുന്നു
നിഴലായ് വന്നവ നമ്മെ
തൊട്ടു നോക്കുന്നു
പൂമ്പൊടി പോലെ
ഭാരരഹിതരായ് നാമെങ്ങോ
പറന്നു പോകുന്നു
നിന്നീണത്തിലറിയാതെ
പരസ്പരം ലയിക്കുന്നു
ശ്യാമരജനീ
ഭൂതലം
നിറഞ്ഞൊഴുകുന്ന വരികളിൽ
വിണ്ടലം
മിന്നിത്തിളങ്ങുന്ന വാക്കിൽ
നിറയുന്ന രാവേ
നീ തന്നെ കവിത
നീ തന്നെ കവിത
- മുനീർ അഗ്രഗാമി

ജന്മദിനം ( T.a. Qureishi യ്ക്ക് )

ജന്മദിനം
( T.a. Qureishi യ്ക്ക് )
...................
സുഹൃത്തേ ,
മരിച്ച ഓരോ വർഷത്തേയും
വയസ്സെന്നു വിളിക്കുമ്പോഴും
ഓരോ വർഷത്തിലും
നമുക്കായ് ഒരു ദിവസം പിറക്കും
ഓർമ്മയുടെ സൂര്യനാണ്
അന്നുദിക്കുക

അതിൻ്റെ രശ്മികളിലോരോന്നിലും
ഓരോ ഓർമ്മയുടെ മുന
തെളിഞ്ഞു വരും
വെളിച്ചം എന്നെ
ആദ്യമായ് കണ്ടതിൻ്റെ ഓർമ്മ;
മണ്ണ് എന്നെ ആദ്യമായി
മണത്തതിൻ്റെഓർമ്മ;
കാറ്റ് എന്നെ ആദ്യമായി
തൊട്ടതിൻ്റെ ഓർമ്മ;
ജലനഴികൾക്കിടയിലൂടെ
പൂവുകളെന്നെ
കുഞ്ഞു പൂവായ് നോക്കിയതിൻ്റെ ഓർമ്മ;
ശിശുരോദനത്താൽ
കാത്തിരിപ്പിൻ്റെ പ്യൂപ്പ
പൊട്ടിയെന്നമ്മ
ചിറകടിച്ചുയർന്നതിൻ്റെ ഓർമ്മ;
അച്ഛൻ്റെ ഗൗരവമെൻ്റെ
കുഞ്ഞു ചിരിയിൽ
മഞ്ഞു പോലലിഞ്ഞു പോയതിന്നോർമ്മ
സുഹൃത്തേ ,
വർഷങ്ങളിനിയും വരും പോകും
മഴ മേഘങ്ങൾ പോലെയലഞ്ഞ്
ദിനങ്ങൾ പെയ്തു തീരും
നമ്മിലില കിളിർക്കും
പൂവിടും കൊഴിയും
എങ്കിലുമൊരു ദിനം
നമുക്കായ് കാത്തിരിക്കും
മുടിയിഴകൾ
ചെമ്പിച്ചുവോ
കറുത്തുവോ
വെളുത്തുവോ
വിറച്ചുവോ
എന്നൊക്കെയത്രയും സ്നേഹത്തോടെ
കവിളിൽ തൊട്ടു ചോദിക്കുവാൻ
ആശ്വസിക്കാം നമുക്കേതു
കൊടും പനിയിലും
കാലത്തിൻ വിരലുകൾ
നെറ്റിയിൽ കൈ വെച്ചു
തൊട്ടടുത്തിരിക്കുമ്പോൾ
ജന്മദിനാശംസ നേരുമ്പോൾ
-മുനീർ അഗ്രഗാമി

കടക്കൂ പുറത്ത്!

കടക്കൂ പുറത്ത്!
*****************
കടക്കൂ പുറത്ത്!
മരിച്ചു പോയ
വല്ല്യ മുത്തശ്ശൻ്റെ ശബ്ദം
വീണ്ടും കേൾക്കുന്നു
പതിനായിരപ്പറ കണ്ടത്തിൻ്റെ
ജന്മിയായിരുന്നു
പത്തുനൂറു വാല്യക്കാരുണ്ടായിരുന്നു
എട്ടുകെട്ടിൻ്റെ കാരണവരായിരുന്നു
കടക്കൂ പുറത്ത്!
വീണ്ടും കാതിലതു പ്രതിദ്ധ്വനിക്കുന്നു
ചേന്നനോടോ കോരനോടോ
കഞ്ഞേപ്പനോടോ
ആരോടാണത് ?
രാഷ്ട്രമീമാംസ പഠിച്ച്
ഞാനുറങ്ങിപ്പോയിരുന്നു
ഉറക്കത്തിലാണോ
സ്വപ്നത്തിലാണോ
ആക്രോശം കേൾക്കുന്നത് ?
എട്ടുകെട്ടും
നാലുകെട്ടും പൊളിഞ്ഞു
അച്ഛനും മുത്തച്ഛനും മരിച്ചു
പക്ഷേ വല്യ മുത്തശ്ശനിപ്പോഴും
ഇവിടെവിടെയോ ഉണ്ട്
പത്തായത്തിൻ്റെ താക്കോലുമായ്
ചുറ്റി നടക്കുന്നു
ചക്കീ നിനക്കുമിന്നു കേൾക്കും!
- മുനീർ അഗ്രഗാമി

മാതൃഭാഷ ചോദിക്കുന്നു

ആരാണെൻ്റെ
രാഷ്ടീയത്തെ
വെട്ടിക്കൊല്ലുന്നത് ?
ആരാണെൻ്റെ രാജ്യത്തിൻ്റെ നെഞ്ചിൽ
വടിവാളാഴ്ത്തുന്നത് ?
മൗനിയായ് കിടന്ന
മാതൃഭാഷ ചോദിക്കുന്നു,
അയ്യോ !
എന്നൊരാളലാൽ
ഊയീ !
എന്നൊരു പിടയലാൽ
മുറിവേറ്റുണർന്ന്
മാതൃഭാഷ ചോദിക്കുന്നു
തെരുവിൻ്റെ കണ്ണീരായൊലിച്ച
മക്കളെയോർത്തു ചോദിക്കുന്നു
കരയുവാൻ മാത്രം
വാ തുറന്ന്
അതു കരഞ്ഞു ചോദിക്കുന്നു.
- മുനീർ അഗ്രഗാമി

കൊന്നു കളഞ്ഞു

ഹർത്താൽ,
ഒരു ദിവസത്തെ
കൊന്നു കളഞ്ഞു
സമയം കാൽനടയായി
അതിൻ്റെ ശവപ്പെട്ടി
കൊണ്ടു പോകുന്നു

ഒരു പകൽ ദൂരമുണ്ട്
ഇരുട്ടിൻ്റെ കറുത്ത
ശ്മശാനത്തിലെത്തുവാൻ
കണ്ണു തുറക്കാതെ വാഹനങ്ങളും
നിലശ്ചലമായി കടകളും
ദു:ഖിച്ചിരിക്കുന്നു.
രക്തസാക്ഷികളുടെ പട്ടികയിലേക്ക്
ഇതാ ഈ ഞായറും .
- മുനീർ അഗ്രഗാമി

ഏകാന്തതയുടെ തൂവലുകൾ

ഏകാന്തതയുടെ തൂവലുകൾ
.................................................
ഏകാന്തത
ഒരു രാക്കിളിയാണ്
നിശ്ശബ്ദതയുടെ ഗാനം
അത് പാടുന്നു

ഇരുട്ട് വലിയ മരമാണ്
ഏകാന്തതയ്ക്ക് വന്നിരിക്കാനുള്ളത്
അതിന് ഇരുന്ന് പാടാനുള്ളത്
ഞാനും എന്നെ തൊട്ട മഞ്ഞുകണവും
ഏകാന്തതയുടെ ചിറകടി കേൾക്കുക്കുന്നു
രാത്രിയോടത്
ഞങ്ങളെ കുറിച്ച് പറയുകയാവാം
പാടുകയാവാം
ഓർമ്മകൾ മിന്നുന്ന
ആകാശച്ചുവട്ടിൽ
ഒറ്റപ്പെട്ട കിളിയാണ്
ഏകാന്തത
അതിൻ്റെ ഒരു കണ്ണിൽ ഞാൻ
മറുകണ്ണിൽ നീ
മഞ്ഞുകണമാകയാൽ
നേർത്ത ചൂടു മതി
നീ വറ്റിപ്പോകും
വെളിച്ചവും ചൂടും എന്നെ തൊടുമ്പോൾ
എനിക്ക് പൊള്ളിത്തുടങ്ങുകയേയുള്ളൂ
നീ വറ്റിയാൽ
കരിയുമെങ്കിലും
ഞാനൊരിളം പുൽക്കൊടിയാണെന്ന്
നിൻ്റെ ഏകാന്തത നിന്നോടും
നീയെൻ്റെ മനസ്സിൻ്റെ തുമ്പിൽ
ആർദ്രതയെഴുതുന്ന മഞ്ഞുകണമാണെന്ന്
എൻ്റെ ഏകാന്തത എന്നോടും
മന്ത്രിക്കുന്നു
ചിറകൊതുക്കിയിരിക്കുന്ന
അപാരതയല്ലാതെ
മറ്റൊന്നുമല്ല ഏകാന്തത
ഇരുട്ടിലേക്ക്
ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്ന മനസ്സിൽ
ഏകാന്തതയുടെ തൂവലുകൾ വീഴുന്നു
- മുനീർ അഗ്രഗാമി

ആരാണ് ഏറ്റവും വലിയ ഓട്ടക്കാരി?

ആരാണ് ഏറ്റവും വലിയ ഓട്ടക്കാരി എന്നു ചോദിച്ചാൽ
ഉത്തരം പറയാൻ എനിക്കാവില്ല
മണ്ണിലും
മണലിലും
ചെളിയിലും ഓടുന്നവരെ
ഞാൻ കണ്ടിട്ടുണ്ട്
അവരെല്ലാം ലക്ഷ്യത്തിലെത്തിയോ എന്നും
എനിക്കറിയില്ല
അവരുടെ വേഗവും എനിക്കറിയില്ല
പക്ഷേ ചിലർ ലക്ഷ്യത്തിലെത്തിയിട്ടുണ്ട്
അവരുടെ ചുണ്ടിലൊരു ചിരിയുണ്ടാകും
അതു ഞാൻ കണ്ടിട്ടുണ്ട്
അതിലാണ് ലോകത്തിൻ്റെ വെളിച്ചം.

- മുനീർ അഗ്രഗാമി

ഒരു പൊതിച്ചോറ്

ഒരു പൊതിച്ചോറ്
..............................
ഇലപ്പൊതിയഴിച്ച്
കഴിക്കുകയാണ് ഞങ്ങൾ
അന്നത്തെ പോലെ
അതേ രുചിയിൽ

അന്ന്
സമയം നീട്ടിയെറിഞ്ഞ വിത്തുകൾ
മുളച്ച്
തഴച്ചു വളർന്ന്
ഞങ്ങളിൽ വിളഞ്ഞു നിൽക്കുന്നു
മുടിയിഴകളിൽ തട്ടുന്ന കാറ്റ്
വിളവു നോക്കുന്നു
വിരലിലെ ചുളിവുകളിൽ വീഴുന്ന വെള്ളം
വിളവു നോക്കുന്നു
വർഷങ്ങൾ വർഷിച്ച്
വലിയ തോട്ടമായ് വളർന്ന
ഒറ്റ മരമാണ് ഓരോരുത്തരും
ഞങ്ങൾ ഒരുമിച്ചിരുന്ന്
അതു കാണുന്നു
ഒരാൾ മറ്റൊരാളുടെ മുടി തലോടുന്നു
ഒരാൾ മറ്റൊരാളുടെ ചുളിവിലൂടെ
വിരലോടിക്കുന്നു
പക്ഷേ ഒരാളെവിടെ ?
ഈ ഇലപ്പൊതിയിൽ എല്ലാമുണ്ട്
വയലും മാവുകളും കാവും
കറുത്ത ബെഞ്ചുകളും
ചൂരലിൻ്റെ ചൂടിൽ ഉരുകിപ്പോയ
പഞ്ഞി മിഠായികളും
കയ്യിട്ടുവാരാൻ
ഇനിയുമൊരാൾ വരാനുണ്ട്
അവന് ചമ്മന്തിയായിരുന്നു ഇഷ്ടം
ഞങ്ങളവനെ കാത്തിരിക്കുന്നു
മരണം കടന്ന് അവനു് വരാനാകുമോ ?
അവനു കാണുവാൻ
കണ്ണെഴുതിയിരുന്ന കണ്ണിലെ
കണ്ണീർത്തുളളി ചോദിക്കുന്നു.
ഒരിക്കലും തിന്നു തീരാത്ത
ഒരു പൊതിച്ചോറാണ്
അന്നു വിദ്യാലയം തന്നു വിട്ടത്
ഞങ്ങളെ പോലെ
അവനും അതിപ്പോഴും
കഴിക്കുന്നുണ്ടാവണം.
- മുനീർ അഗ്രഗാമി

എൻ്റെ രാജ്യം സമുദ്രമാണ്

എൻ്റെ രാജ്യം സമുദ്രമാണ്
ധാരാളം മുദ്രകളുള്ളത്
തിരകളുള്ളത്
വമ്പൻ സ്രാവുകൾ മാത്രം
നീന്തിത്തിമർക്കുന്നത്
മുമ്പിവിടെ
പരൽ മീനുകളുണ്ടായിരുന്നു
വികസനം വലയുമായി വന്ന്
അവയെ പിടിച്ചു കൊണ്ടുപോയി
ഏതൊക്കെയോ കല്ലിടുക്കിലോ
ചെളിയിലോ ചിലത്
അവശേഷിക്കുന്നവയുണ്ടാകാം
അവയ്ക്ക് പഴമയുടെ മണമുള്ള
പേരുകളുണ്ടാവാം
വീശിയെറിയുന്ന വിമാനത്താവളമോ
കണ്ടെയിനർ ടെർമിനലുകളോ
അവയെ ഉടനെ പിടിച്ചു കൊണ്ടു പോകാം
സ്രാവുകൾ പല നിറങ്ങളിലുണ്ടായിരുന്നു
ഇപ്പോൾ നിറം മാറി
അവയിൽ ഭൂരിഭാഗവും
ഒരേ നിറത്തിൽ നീന്തുന്നു
ദേശസ്നേഹത്തിൻ്റെ ചുഴികളിൽ
അവ കളിക്കുന്നു
എൻ്റെ രാജ്യം സമുദ്രമാണ്
ആഴത്തിൽ കോർത്തെറിയുന്ന ചൂണ്ടലിൽ
കുടുങ്ങി കൊല്ലപ്പെട്ടവരുടെ
ഓർമ്മകൾ മുങ്ങിമരിച്ച ഇടം.
വമ്പൻ സ്രാവുകൾ
ഓർമയുടെ ജഡം തിന്നു തീർക്കുന്നത്
ഞാൻ കാണുന്നു
സ്വന്തം രാജ്യത്തിനുള്ളിൽ
ചിപ്പിക്കുള്ളിൽ ഞാൻ
അഭയാർത്ഥിയായി കഴിയുന്നു
മുത്തേ എന്ന് വിളിച്ച്
അതെന്നെ സംരക്ഷിക്കുന്നു
ഭൂപടത്തിൽ ഒരിടത്തും
ആരും കാണാത്ത രാജ്യങ്ങളുണ്ട്
മൂക്കറ്റം മുങ്ങിയവർ
തിരിച്ചുവരാനാവാതെ
മുഴുവൻ മുങ്ങിപ്പോയ മഹാസമുദ്രം
അതുകൊണ്ട്
ഇനി വരും കാലം
അതിരുകളുള്ള
ഒരു രാജ്യത്തിലേയും പൗരനാവില്ല ഞാൻ .
- മുനീർ അഗ്രഗാമി

കാറ്റനക്കം

കാറ്റനക്കം
........................
ജാലകപ്പഴുതിലൂടെ വരുന്ന കാറ്റ്
പുരുഷനാണ്
ഉപ്പു ഭരണിയിൽ
കുടുങ്ങിപ്പോയ വായു
സ്ത്രീയും

വായു അദൃശ്യമായതിനാൽ
അതിനു തെളിവുകളില്ല
ജാലകം
പുരുഷനാണ്
എപ്പോഴും
പണിയുന്നത്
ഉപ്പു ഭരണി എപ്പോഴും
സ്ത്രീ മാത്രമല്ല അടയ്ക്കുന്നത്
ജനാല എത്ര ചെറുതായാലും
അവൻ അതിലെ പോകും
അടുക്കള എത്ര വിശാലമായാലും
അവളതിനകത്തിരിക്കും
വായു അദൃശ്യമായതിനാൽ
തെളിവുകൾ തിരയേണ്ടതില്ല
ഒരിക്കലെങ്കിലും
കാറ്റു സ്പർശിച്ചവർക്കേ
അതു മനസ്സിലാവൂ
- മുനീർ അഗ്രഗാമി

ചുവന്ന അക്ഷരങ്ങൾ


.....................................
അവർ പറഞ്ഞതനുസരിച്ച്
അവൾ വീണ്ടും
അവളുടെ കലണ്ടറിലെ
ചുവന്ന അക്ഷരങ്ങൾ വിരിച്ച്
വിശ്രമിക്കുന്നു .

പുറത്തിറങ്ങേണ്ട എന്ന്
അവർ പറഞ്ഞില്ലെങ്കിലും
അകത്തിരിക്കണമെന്ന്
അവൾ കേൾക്കുന്നു.
ഇവിടെ വരേണ്ട എന്ന്
അവർ പറഞ്ഞില്ലെങ്കിലും
അവിടെ പോവില്ല എന്ന്
അവൾ തീരുമാനിക്കുന്നു
ചന്ദ്രൻ
അവളോടൊപ്പം സഞ്ചരിക്കുമ്പോൾ
ചന്ദ്രമാസം അവൾക്കുള്ളിൽവന്ന്
പൂവിടുന്നു
റോസാ പൂവുകൾ വിടരുന്നു
അതിനു്
അവളിലെ നിലാവ് തെളിവ് തരുന്നു
നിലാവിൻ്റെ ചിറകുമായ്
അവൾ ഉയരെ പറക്കുമ്പോൾ
അവളുടെ വെളുത്ത പക്ഷം
അവർ വെട്ടിക്കളയുന്നു
കറുത്ത പക്ഷം മാത്രമുള്ള കിളിയായ്
വീഴുവാൻ പോലുമാവാതെ
അവൾ പറന്നു പോകുന്നു
ഋതുക്കൾ മാറാതെ
നിശ്ചലമായ കാലത്തിലൂടെ
പറന്നു പോകുന്നു
സ്വാതന്ത്ര്യമുള്ള
വെള്ളരിപ്രാവ്
അതാ ...അതാ പറന്നു പോകുന്നു എന്ന്
അന്നേരം
ആരോ നുണ പറയുന്നു.
- മുനീർ അഗ്രഗാമി

സങ്കടങ്ങൾ ഒരു തീവണ്ടിയിലും കയറിപ്പോകില്

സങ്കടങ്ങൾ
ഒരു തീവണ്ടിയിലും കയറിപ്പോകില്ല;
അദ്ദേഹത്തെ കാണാൻ വന്നവരൊക്കെ
പോയ പോലെ.
അദ്ദേഹം നടന്ന അങ്കണത്തിൽ
വിട്ടു പോകാനാകാതെ
വിങ്ങിയും വിതുമ്പിയും
അവ തങ്ങി നിൽക്കുന്നു
പൂരം കഴിഞ്ഞു മടങ്ങുമ്പോലെ
അത്ര എളുപ്പം അവയ്ക്ക്
മടങ്ങാനാവില്ല
സ്നേഹത്തിൻ്റെ വിരലുപിടിച്ച്
അവ അദ്ദേഹത്തിൻ്റെ വാക്കുകൾ കെട്ടിപ്പിടിച്ച്
വിതുമ്പുന്നു
അദ്ദേഹം സ്വയം എഴുതിത്തീർന്ന്
വലിയൊരു കൃതിയായി,
ആർക്കും പെട്ടെന്ന്
അടച്ചു വെയ്ക്കാനാവാത്ത ഒന്ന് .
തുറന്നിരിക്കുന്നതിനാൽ
ആർക്കും വായിക്കാവുന്ന ഒന്ന്
അത്രമേൽ ദുഃഖിതരായി
ഉറ്റ ബന്ധുക്കളായ്
ഓർമ്മകളിങ്ങനെ
ചുറ്റി നിൽക്കുവാൻ മാത്രം
ആരായിരുന്നു നമുക്കദ്ദേഹം!
- മുനീർ അഗ്രഗാമി
മമ രാമായണം
..........................
രാമനോളം രാജാവല്ല ഞാൻ
അതിനാൽ
സീതേ നിന്നെ ചേർത്തു പിടിക്കുന്നു
കർക്കിടകമാണ്;
കടൽത്തിര പോൽ പ്രണയം
കുളിരായ് തിളയ്ക്കുന്നു
ആശ്രമവാടിയിൽ
നീ ഒറ്റയ്ക്കിരിക്കരുത്
എനിക്കകത്തും പുറത്തും
നീയിരിക്കുമ്പോൾ
മഴ പെയ്യുന്നു,
മഹാകാലമൊഴുകുന്നു
ഞാനും നീയും
സമയത്തിൽ കുളിക്കുന്നു.
മണ്ണിലേക്കു തന്നെ
ഞാനും നീയുമെങ്കിലും
മണ്ണിലിപ്പോൾ നാം
'രാ' മായ്ച്ചു തെളിയുന്നു
നമ്മുടെ കഥയെഴുതുന്നു
സ്നേഹവല്മീകത്തിൽ നിന്നു
ജനിച്ച പ്രണയവാല്മീകി ;
നമുക്കു പരസ്പരം
പാരായണം ചെയ്യുവാൻ .
- (മമ 'രാമായണം ' )
മുനീർ അഗ്രഗാമി

കാവ്യോപനിഷത്ത്

കാവ്യോപനിഷത്ത്
..................................
വെളിച്ചമേ
എന്നൊരു വിളിയോടെയാണ്
ഓരോ പൂവും വിടരുന്നത്

ആരാണ് പൂവ് ?
ആരാണ് വെളിച്ചം?
ജനമേജയൻ ചോദിച്ചു .
വായന രഹസ്യമാണ്
എഴുത്തു പരസ്യവും
അതിനാൽ
വായനക്കാരൻ
സ്വയമറിയാതെ
ഉദിക്കുകയും
വായക്കാരി വിടരുകയും
ചെയ്തു .
കവി എഴുതിത്തീർത്തത്
അവൻ വായിച്ചു
തീരുന്നതേയില്ല
- മുനീർ അഗ്രഗാമി

പങ്കുവെക്കാൻ ആഗ്രഹിക്കാത്ത

പങ്കുവെക്കാൻ ആഗ്രഹിക്കാത്ത
കവിതയാണ് പ്രണയം
നീയതിലെ അക്ഷരങ്ങളാകുമ്പോൾ
ഞാനതിലെ വാക്കുകൾ
ഞാനതിലെ വാക്കുകളാകുമ്പോൾ
നീയതിലെ വരികൾ

വരികളും വാക്കുകളും
അക്ഷരങ്ങളും കവിഞ്ഞൊഴുകുന്ന
അർത്ഥമാണല്ലോ കവിത
ഒരു ചുംബനം കൊണ്ട്
നീയതെനിക്ക് മനസ്സിലാക്കിത്തന്നു
കണ്ണുകൾ വായിക്കുമ്പോലെയല്ല
ചുണ്ടുകൾ വായിക്കുക
ചുണ്ടുകൾ വായിക്കുമ്പോലെയല്ല
വിരലുകൾ വായിക്കുക
നമ്മുടേതു മാത്രമായ ബ്രെയിൽ ലിപിയിൽ
ദൈവം അതെഴുതി വച്ചിരിക്കുന്നു
നമുക്കല്ലാതെ മറ്റാർക്കും
പങ്കുവെക്കാൻ
ഞാനോ നീയോ ആഗ്രഹിക്കാത്ത
ആ ഉത്തമഗീതം,
പ്രണയം .
- മുനീർ അഗ്രഗാമി
(മിലേനയുടെ കാമുകൻ ജീവേഷിന്)

മഴ നനച്ചു തുടച്ച സ്വപ്നത്തിൽ കിടന്ന്

മഴ നനച്ചു തുടച്ച
സ്വപ്നത്തിൽ കിടന്ന്
നമുക്കല്പനേരം മയങ്ങണം
രാവും പകലും നമുക്ക്
പുതപ്പുകളാവണം
ചേർന്നു നിൽക്കുന്നതിൻ്റെ
ആനന്ദമാണല്ലോ
ഒഴുക്കിലൂടെ
തുളളികൾ നമുക്കു കാണിച്ചു തന്നത്
ചോർച്ചയില്ലാത്ത
പ്രതീക്ഷയുടെ
ചേർച്ചയുടെ തിരിവിൽ
ഞാൻ നിന്നെയും
നീയെന്നെയും കാത്തു നിൽക്കുന്നു
മഴ അപ്പോൾ
മനസ്സ്
കഴുകിത്തുടച്ച്
ഒരുൾകുളിരായി
നമ്മിലൂടെ നടന്നു പോയി
- മുനീർ അഗ്രഗാമി

ഞാൻ അവൻ്റെ ഗുരുവായിരുന്നു.

ഞാൻ അവൻ്റെ ഗുരുവായിരുന്നു.
സമയത്തിൻ്റെ മരത്തണലിൽ
കുറെ വാക്കുകൾ തുറന്ന് വെച്ച്
അവനെ പഠിപ്പിക്കുകയായിരുന്നു
മെല്ലെ മെല്ലെ
അവൻ സ്വയം തുറന്ന്
പാഠപുസ്തകമായി ;
എങ്ങനെ കേൾക്കണമെന്ന്
അവനെന്നെ പഠിപ്പിച്ചു;
എൻ്റെ ഗുരുവായി
നഗരത്തിൽ ചെന്ന്
പൂമ്പാറ്റയെ സ്നേഹിച്ച്
അവൻ വസന്തമായി
അന്നൊരിക്കൽ
അവനൊപ്പം നടന്ന്
ഓണമായി
അവൻ്റെ നിറങ്ങളിൽ
എൻ്റെ വർണ്ണങ്ങളോ
എൻ്റെ വർണ്ണങ്ങളിൽ
അവൻ്റെ നിറങ്ങളോ എന്ന്
തിരിച്ചറിയാനാവാതെ
കുറേ അലഞ്ഞു
കാലത്തിൻ്റെ ശിഷ്യനായി.
സമയത്തിൻ്റെ മരത്തിൽ
ഒരു കിളിയായി ഇരുന്നു
കുറെ പഴങ്ങൾ കണ്ടു.
ഒരെണ്ണം
കൊത്തിത്തിന്നാൻ തുടങ്ങി
അതു തീർന്നതേയില്ല.
- മുനീർ അഗ്രഗാമി

അഭിമുഖം

അഭിമുഖം
....................
മഴ പെയ്യുകയല്ല,
കരയുകയാണെന്ന് പറഞ്ഞ സ്ത്രീയെ
കാണാൻ ചെന്നു
അവർ പെയ്യുകയായിരുന്നു
നീ നനഞ്ഞ് തളരും
നിനക്ക് പനിപിടിക്കും
അവർ പറഞ്ഞു
നനഞ്ഞു
ഓരോ നനവിനു പിന്നിലും
ഞാൻ കാണാതെ
മറഞ്ഞിരിക്കുന്നു കുറെ കണ്ണുകൾ
നിൻ്റെ കാലത്തിൻ്റെ വാൾ
മുറിച്ചെറിഞ്ഞ
ഉടലുകളുടെ കണ്ണുകളാണിവയെന്നവർ
ഇടിമുഴക്കമായി
പേടിച്ച്
അവരുടെ മുഖത്തു നോക്കി
അവരുടെ
മുഖത്തെ ചുളിവുകളിലൂടെ
അനേകം നദികൾ ഒഴുകിയിറങ്ങി
എല്ലാ ആനന്ദങ്ങളും
അഴിച്ചു വെച്ച്
ഞാനവയിലിറങ്ങി
അവർ തോർന്നതേയില്ല
- മുനീർ അഗ്രഗാമി

മരം പോലെ

മരം പോലെ
.......................
മരം ഒന്നും മിണ്ടിയില്ല
എന്നെ പോലെ
നിന്നെ കാത്തു നിന്നതേയുള്ളൂ
ഒരു നിശ്ശബ്ദത
എനിക്കും മരത്തിനുമിടയിലൂടെ
ഇഴഞ്ഞു പോയി
കാത്തിരിപ്പിൻ്റെ
ഇലകൾ വീണു കൊണ്ടിരുന്നു
മഴ പെയ്തിട്ടും
അവ ഒലിച്ചുപോയില്ല
ഒന്നും മിണ്ടാതെ
സമയത്തിനൊപ്പം
ഞാനതു നോക്കി നിന്നു
സംസാരിക്കുന്നവർ
പെട്ടെന്ന് കിളികളായി
പാർക്കിലെ ബെഞ്ചുകൾ
മരക്കൊമ്പുകളായി
പെട്ടെന്നോർത്തു,
കണ്ണീരു വീണ് കുതിർന്ന ദേശീയപാതയിലൂടെ
നീയെങ്ങനെ വരാനാണ്!
എങ്കിലും കാത്തു നിൽക്കുന്നു
മരം നിൽക്കുമ്പോലെ
ഒന്നും മിണ്ടാതെ .
- മുനീർ അഗ്രഗാമി

അവരെ ആരും രക്ഷിക്കാത്തത് എന്താണ് എന്താണ് ?

ആരുടേയോ സങ്കടത്തിൽ
ആരുടേയോ സന്തോഷം
ഒളിച്ചിരിക്കുന്ന പോലെ
പുറത്തെത്താത്ത
കോമ്പല്ലുകൾ
നിശ്ശബ്ദതയെയും
നിഷ്കളങ്കതയെയും
കടിച്ചുകീറിയതിന്
പത്തൊമ്പതു തെളിവുകളുണ്ട്

ഓരോ തെളിവിളിലും
ദുർഘടം നിറഞ്ഞ
കാട്ടുവഴിമാത്രം
ഇര അതിൽ ജീവിച്ചിരിക്ക്കുന്നതിനാൽ
പെൺ പുലിയായും പെൺസിംഹമായും
തിരിച്ചു വന്ന്
അവൻ്റെ കരൾ തിന്നുന്നു
അതു കണ്ട്
പീഡനത്തിൽ മരിച്ചു പോയവരും
കൊല്ലപ്പെട്ടവരും
വനദേവതയ്ക്കൊപ്പം
വന്യമായ് നിലവിളിച്ച്
വീണ്ടും കൊല്ലപ്പെടുന്നു
അവരെ ആരും
രക്ഷിക്കാത്തത് എന്താണ്
എന്താണ് ?
_ മുനീർ അഗ്രഗാമി

രാത്രി കറുത്ത കടലാണ്

രാത്രി കറുത്ത കടലാണ്
അതിൻ തിരകളിൽ
ഉറക്കമില്ലാതൊഴുകുന്ന തോണി ഞാൻ
നീയാണതു
തുഴഞ്ഞു പോകുന്നതെന്നു പോലും
അറിയാതെ .

ഒഴുക്കിൻ്റെ ഭാഷയിൽ
തുഴയുടെ വ്യാകരണമില്ല
വാക്കുകളും
ഭാഷണങ്ങളും ഇല്ല
നിശ്ശബ്ദതയിൽ
പരമീൻ ചാടുമ്പോലെ
ഇലകൾ വീഴുന്നു
കറുത്ത ജലരാശിയിലവ നീന്തുന്നു
നീയെന്നിലിരുന്നു
ഞാനറിയാതെ
തുഴയുമ്പോലെ
- മുനീർ അഗ്രഗാമി

ഒന്നും ശരിയാകുന്നില്ലല്ലോ എന്നൊരു സങ്കടം

ഒന്നും ശരിയാകുന്നില്ലല്ലോ എന്നൊരു സങ്കടം
താടിക്ക് കൈ കൊടുത്ത്
വരാന്തയിൽ അല്പനേരമിരിക്കുന്നു
പിന്നെ മുറ്റത്തിറങ്ങി അസ്വസ്ഥനായി
നടക്കുന്നു
അന്നേരം വേച്ചു വേച്ചു നടന്ന്
ഒരു വേദന വരുന്നു
ചുളിഞ്ഞ കൈകളിൽ
പപ്പായ
ഫേഷൻ ഫ്രൂട്ട്...

സങ്കടം വേദനയോട് എന്തോ പറഞ്ഞ്
മഴക്കാലമായി
എന്തു പറഞ്ഞുവെന്ന് നമുക്കെങ്ങനെ അറിയാം !
രണ്ടു പേരും കരയുന്നുണ്ട്
എന്തായാലും
ആരാണ് വലിയവൻ എന്നല്ല
അവർ ചർച്ച ചെയ്തത്
കൊതുകിൻ്റെ മൂളലിൽ
ഒന്നും വ്യക്തമായില്ല
- മുനീർ അഗ്രഗാമി

തീവണ്ടി....

തീവണ്ടി....
...............................
യാത്ര,
പ്രണയമാകുന്ന
ദൂരങ്ങളുണ്ട്
താണ്ടിത്തീർന്നവ.
തിരിച്ചു പോകാനാവാത്തവ.

നീ ചിരിച്ചുലഞ്ഞ കമ്പാർട്ടുമെൻ്റുകൾ
എൻ്റെ വസന്തമായിരുന്നു
ഇപ്പോൾ
ഓർമ്മയുടെ പാളത്തിലൂടെ
കിതച്ചു പോകുന്ന തീവണ്ടി
ഞാനാണ്
അതിൽ ഒരു കോച്ചിൽ
വാടാത്ത ഒരു ചിരി.
- മുനീർ അഗ്രഗാമി

പശു

പശു
.........
ചരിഞ്ഞു പെയ്യുന്ന ഓർമ്മകളിലൂടെ
നടക്കുകയായിരുന്നു ഞങ്ങൾ
തണുത്ത്
മരിച്ചു കിടക്കുന്ന വെളിച്ചത്തിൽ കുളിച്ച
പകലിൽ
ചൂടുള്ള വാക്കുകൾ പറഞ്ഞ്.
ഒരു വിപ്ലവം പാകമാകാൻ മാത്രം
ആ വാക്കുകൾക്ക് ചൂടുണ്ടായിരുന്നില്ല.
സ്നേഹസംഭവങ്ങളുടേയും
സ്വാതന്ത്ര്യത്തിൻ്റേയും നാളുകൾ
കരിയില പോലെ
കൊഴിഞ്ഞു കൊണ്ടിരുന്നു
ഇലകൾ ചീഞ്ഞളിഞ്ഞ
നഗരപാതയിൽ
ഞങ്ങൾക്ക് പോവേണ്ടതുണ്ടായിരുന്നു
ലിങ്കുചെയ്യാനും
റെയിഞ്ച് കിട്ടാനുംമാത്രമായി
തെരുവുകളിലൂടെ
അങ്ങനെ നടന്നു
ഒരു കൂട്ടം പശുക്കൾ
എതിരെ വന്നു
ശാന്തരായി
തെരുവിലങ്ങനെ അനേകം പശുക്കളെ
ഞങ്ങൾ കണ്ടിട്ടുണ്ട്
ആരാണവയെ വളർത്തുന്നതെന്ന്
ഞങ്ങൾക്കറിഞ്ഞുകൂടാ
അശാന്തമായ ഒരു കാറ്റു വന്നു
പശുക്കൾ അശാന്തരായി
അത് ഞങ്ങളിൽ ചെറിയവനെ
വെട്ടിയിട്ടു.
അവൻ വീണു
ഞങ്ങളെ കൊമ്പു കൊണ്ടും
കുളമ്പു കൊണ്ടും
അടിച്ചു
ആരാണാ കാറ്റിനെ പറഞ്ഞയച്ചതെന്നും
ഞങ്ങൾക്കറിയില്ല
പെയ്തു കൊണ്ടിരിക്കുന്ന
ഓർമ്മയിലെ പശുക്കൾ
ഇത്ര അക്രമകാരികളായിരുന്നില്ല
അവർ അമ്മയുടെ മുന്നിൽ
എത്ര അനുസരണയോടെയാണ്
പാലു ചുരത്തിയത്
ഞങ്ങളിൽ ചെറിയവളോട്
ഓർമ്മ പറഞ്ഞു നിറഞ്ഞു
അനുഭവങ്ങൾ കേട്ടുകഴിഞ്ഞ്
പഠിക്കാൻ പോയ
ഞങ്ങളിലെ സ്കൂൾ കുട്ടി
ടീച്ചറോടു ചോദിച്ചു ,
പശു ഒരു മൃഗമാണെന്നോ
പാലു തരുമെന്നോ
ഇനി ഞങ്ങളെങ്ങനെ എഴുതും ?
- മുനീർ അഗ്രഗാമി

രക്ഷകൻ ................. ബഷീറിന് .....................

രക്ഷകൻ
.................
ബഷീറിന്

.....................
കൊല്ലപ്പെടുമായിരുന്ന
വാക്കുകളെ
രക്ഷിച്ച്
പുലർത്തിയവൻ
മരിച്ചു പോകുമായിരുന്ന
നിമിഷങ്ങളെ
ജീവിപ്പിച്ച് രക്ഷിച്ചവൻ

അത്ര ലളിതമായി പറഞ്ഞിട്ടും
അത്ര ഗൗരവമായി തോന്നിയിട്ടും
വാക്കുകൾ അവൻ്റെ രാജ്യത്തു നിന്ന്
മറ്റെങ്ങും പോയില്ല
അർത്ഥമില്ലാത്ത വാക്കുകൾ
അവനൊപ്പം നടന്ന്
ഇമ്മിണി വല്യ
അർത്ഥം നേടി
അവനല്ലാതെ വാക്കുകൾക്ക്
മറ്റൊരു സുൽത്താനില്ല
കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്ത്
മലയാളമൊഴിയിലൂടെ
വഴി തെറ്റാതെ എന്നും
സഞ്ചരിക്കുമ്പോൾ.
- മുനീർ അഗ്രഗാമി

ഇരുട്ടിൻ്റെ വെളിച്ചം

ഇരുട്ടിൻ്റെ വെളിച്ചം
................................
രാത്രി തുറന്നു വെച്ച
ഒരു പുറമിരുട്ടിൽ
മിന്നാമിനുങ്ങുകൾ
സൂര്യനെന്നെഴുതുന്നു

ഓരോ അക്ഷരങ്ങളായ്
അവ പറക്കുന്നു
ഇരുട്ടിന്റെ വെളിച്ചമായ്
കവിത ജീവിക്കുന്നു
തണുത്ത ആകാശം
വീണുവോ കുഞ്ഞേ
കുഞ്ഞുനക്ഷത്രമേ
എന്നൊരാധിയാൽ
തണുത്ത കാറ്റിനെ
പറഞ്ഞയക്കുന്നു
കാറ്റെത്തിനോക്കുമ്പോൾ
ഉറക്കമില്ലാതെ
ഇരുളു വായിച്ചു പിടയ്ക്കുന്നു
വെളിച്ചം വീണുപോയവൻ
പ്രജയാണവൻ
ഇരുൾ മൂടിയ നാടിൻ
ഇതളിലൊന്നിൽ വന്നിരിക്കുമൊരു
കുഞ്ഞു മിന്നാമിനുങ്ങിനെ
കാത്തിരിക്കുന്നവൻ
-മുനീർ അഗ്രഗാമി

മിഥുനം

മിഥുനം
...................
മിഥുനം,
മൈഥുനം കഴിഞ്ഞ് കിടക്കുന്ന
മഴത്തുള്ളികളുടെ
ആലസ്യത്തിന്റെ ആകാശമാണ്

മിഥുനം,
പെയ്യാനും പെയ്യാതിരിക്കാനും
സാദ്ധ്യതയുള്ള
മഴകളുടെ
കിടപ്പറയാണ്
ആകാശം
മഴയുടേയും വെയിലിന്റെയും
ചിത്രങ്ങൾ വരച്ച്
സുഖത്തിന്റെയും
ദു:ഖത്തിന്റെയും
നിറങ്ങൾ കൊടുക്കുന്നു.
മിഥുനം
വാത്സല്യത്തോടെ തലോടുമ്പോൾ
ഇലഞ്ഞിമരക്കൊമ്പിൽ
വല്യച്ഛനെ ഓർമ്മിച്ച് ചിരിക്കുന്ന
ഒരു തളിരില
അതിന്റെ മനസ്സിൽ
വല്ലച്ഛൻ മരംനട്ട കാലത്തിന്റെ
വെളിച്ചം
മരമെഴുതി വെച്ചിട്ടുണ്ടാവണം
മുറ്റത്ത് ചുവടുവെക്കുന്ന മഴയിലൂടെ
കുട്ടിക്കാലത്തിന്റെ കുളിര്
മെല്ലെ നടന്നു പോകുന്നു ;
കണ്ണീരിൽ കുതിർന്ന്
ഒരു കടലാസുതോണി മറിയുന്നു
രണ്ടു പേർ രണ്ടു ദേശത്ത്
രണ്ടല്ലാതെ ഒന്നായി
ഈശ്വരനെ പോലെ അനുഭവിച്ച കുളിര്
മിഥുനം കൊണ്ടുവന്ന്
അവരുടെ പ്രണയപ്രാത്രത്തിൽ
ഒഴിക്കുന്നു
മിഥുനം
ആത്മാവിൽ വേരുകളുള്ള
വൃക്ഷമാണ്
അതിന്റെ ഇലകളിൽ
കാറ്റും മഴകളും കൊത്തിവെച്ച
ഒരു പേര് എന്റേതാണ് .
-മുനീർ അഗ്രഗാമി

ഓർമ്മമരങ്ങൾ

ഓർമ്മമരങ്ങൾ
 .......................................
ഇടയ്ക്ക് ഒരു ചാറ്റൽ മഴയിൽ
പൂവിടാൻ കാത്തു നിൽക്കു-
മോർമ്മ മരങ്ങളാണു നാം
പ്രിയേ ഇലകളുണ്ടു നമ്മിൽ
അദൃശ്യമായ് മഴത്തുള്ളികളേറ്റുവാങ്ങാൻ
വിരൽ നീട്ടിയുള്ളിന്റയുള്ളിൽ

ചേർന്നു നിൽക്കണേ നീയല് പ
മിക്കുളിരിനെ തൊട്ടു നോക്കുവാൻ
- മുനീർ അഗ്രഗാമി

മരിച്ചവർ

മരിച്ചവർ
....:...........
മരിച്ചവരുടെ ഭാഷയിൽ
ലിപികളില്ലാത്ത
അനേകം തുള്ളികളുണ്ട്
അസ്വസ്ഥമായ സമയങ്ങളിൽ
അസമയങ്ങളിലെന്നോണം
അവ പെയ്യുന്നു
ഓർമ്മയുടെ വർഷകാലം തുടങ്ങുന്നു
നനഞ്ഞു കുതിരുമതിൽ
മരിച്ചവരുടെ പച്ചപ്പിപ്പോഴും
ബാക്കിയായ മരവും മനുഷ്യനും
അവരുടെ ജീവനിലൂടെ
അവരൊഴുകുന്നതറിയുന്നു
പുഴയായി നിറഞ്ഞു തൂവുന്നു
മരിച്ചവരുപയോഗിച്ച വസ്തുക്കളിൽ
അവരുടെ അസാന്നിദ്ധ്യത്തിൻ്റെ
മുളകൾപൊട്ടുന്നു
അവരുടെ ഭാഷയിൽ
വാമൊഴിയോ വരമൊഴിയോ അല്ലാത്ത
അനേകം തുള്ളികളുണ്ട്
അദൃശ്യമായി അവ ഇറ്റി വീഴുന്നു
ഒരിക്കൽ നനഞ്ഞാൽ
ഒരിക്കലും തീരില്ല
അതിൻ്റെ കുളിര്
-മുനീർ അഗ്രഗാമി
തെയ്യോൻ
..................
പടച്ചോൻ മരിച്ചു.
രണ്ടു ദിവസമായി.
ഇനി ഞങ്ങളുടെ ഗ്രാമത്തിലൂടെ
പടച്ചോൻ നടന്നു പോകില്ല
അദ്ദേഹത്തിന് ഞങ്ങൾ
എറുമ്പിൻ്റേയും ചോണൻ്റേയും
ബന്ധുക്കളായിരുന്നു.


മുനീർ അഗ്രഗാമി