ചില ശബ്ദങ്ങൾ


എത്ര വേഗമാണ്
ചില ശബ്ദങ്ങൾ
തുലാമഴ പോലെ
തകർത്തു പെയ്തുപോകുന്നത്!
പതുക്കെ പെയ്യുവാൻ പറഞ്ഞിട്ടും
ഇടിയും മിന്നലുമായ്
വീണു ചിതറുന്നത്!
പെയ്തു തീർന്നിട്ടും
ചിലതുള്ളികൾ
ഉളളിലെ വിടെയോ
വാക്കുകളായ്
കെട്ടിക്കിടക്കും
തടാകത്തോളം വലിയ
ജലാശയമായ് അവ
പുതിയ ആശയങ്ങളാകുമോ ?
ആശയുടെ പരൽ മീനിളക്കമാകുമോ ?
കലഹങ്ങളിൽ
കലമ്പലിൽ
പൊതുവേദികളിൽ
തെരുവിൽ
ക്ലാസ്സിൽ
എല്ലാം ഘനീഭവിച്ച
ശബ്ദ മേഘങ്ങൾ
മേയുന്നു
കാലം സമയത്തിനു്
എന്നും ഒരേ നീളം കൊടുത്ത പോലെ
ഒരു സമയത്തിൽ
ഒരേ താളത്തിൽ
പെയ്യുമോ അത് ?
എന്തിനാണ് ഇത്ര ധൃതി?
ചിങ്ങമഴ പോലെ
ചിനുങ്ങി വീണെങ്കിൽ
വിടർന്ന പൂക്കൾ വാടാതെ
ശബ്ദമേ നിന്നെ
ഒരു ശലഭമായ്
സ്വീകരിച്ചേനെ !
എന്തിനാണ്
പൂവിടരുന്ന ശബ്ദത്തിൽ അപേക്ഷിച്ചിട്ടും പിന്നെയും
ഇടിയും മിന്നലുമായ്
ഇങ്ങനെ പെയ്യുന്നത് ?

........................................മുനീർ  അഗ്രഗാമി 

പറന്നു പോയ ദിവസങ്ങൾക്കു പിന്നാലെ


പറന്നു പോയ ദിവസങ്ങൾക്കു പിന്നാലെ
പറന്നു പോകുന്ന കിളിയാണ് മനസ്സ്
ഏകാന്തതയിൽ
ഒറ്റയ്ക്കിരിക്കുമ്പോഴേ
അതിൻ ചിറകടി കേൾക്കൂ
അതു കൊത്തിക്കൊണ്ടു വന്നത്
കണ്ണിലേ വെയ്ക്കൂ
നീർമണി തുള്ളികൾ
അന്നേരമതു കൊത്തിയെടുത്ത്
പുറത്തെറിയും
ഞാനതെടുത്തു വെയ്ക്കട്ടെ!
പറന്നു പോയ ഏതെങ്കിലും ഒരു ദിനം
തിരിച്ചു വന്നെങ്കിൽ
അതിനെ അതിൽ കുളിപ്പിച്ച്
തൂവലിൻ വർണ്ണാഭ
വീണ്ടെടുത്ത്
കവിളിൽ ഒരുമ്മ കൊടുക്കണം


മുനീർ  അഗ്രഗാമി 

കോഴിക്കോട്


കോഴിക്കോട്
.......................
എൻ്റെ കോഴിക്കോടേ
പതിവില്ലാത്ത വിധം
നിൻ്റെ മനസ്സിൽ നിന്ന് ഞങ്ങൾ
പശുവിനെ കുറിച്ചും
പട്ടിയെ കുറിച്ചും
വാതോരാതെ സംസാരിച്ചു
കാന്തപുരത്തെ കുറിച്ചും
വെള്ളാപ്പള്ളിയെ കുറിച്ചും
ചർച്ച ചെയ്തു
മനുഷ്യരെ കുറിച്ച്
ആരും ഒന്നും മിണ്ടിയില്ല
യാത്രകളിലും സമ്മേളനങ്ങളിലും പങ്കെടുത്ത്
പ്രബുദ്ധരായി
എ സി മുറികളിൽ നിന്ന്
മതവും രാഷ്ട്രീയവും
പ്രബന്ധങ്ങളായി പുറത്തു വന്നു
മുറിഞ്ഞുവീണ ജാതിപ്പേരുകൾ തുന്നിച്ചേർത്തു
നവോത്ഥാനം
ഒരു യക്ഷിക്കഥയാക്കി
കുട്ടികൾക്ക് പറഞ്ഞു കൊടുത്തു
ദൈവമന്നേരം തെരുവിലായിരുന്നു
മാൻഹോളിലേക്കിറ ങ്ങിപ്പോയ
രണ്ടു പേരെ രക്ഷിക്കാൻ
പോവുകയായിരുന്നു
എൻ്റെ േകാഴിക്കോടേ
അഴുക്കുചാലിൽ വെച്ച്
ദൈവം
നിന്നെ ഓർത്തിട്ടാവണം
തിരിച്ചു വന്നില്ല
രണ്ടു മനുഷ്യർക്കൊപ്പം
മരിച്ചു പോയി
***
(ദൈവം സ്നേഹമാകുന്നു എന്നു ബൈബിൾ .
വെള്ളാപ്പള്ളി ,കാന്തപുരം എന്നിവ മനുഷ്യരല്ല സ്ഥലപ്പേരുകളെന്ന്
ജ്യോഗ്രഫി 

ആത്മകഥ

ആത്മകഥ
.....................
സ്വന്തം ആത്മകഥ
വളരെ നേരത്തെ വായിക്കുന്ന
ചിലരുണ്ട്
മുതലപ്പുറത്ത്
ജീവിതം കടക്കുമ്പോഴാണത്
മനസ്സിലാവുക;
അത്തിമരത്തിൽ
നിറഞ്ഞ സ്നേഹത്തോടെ വെച്ച
ഹൃദയത്തിൻ്റെ
ഓർമ്മയുടെ ഇളം വെയിലിൽ .
II
പണ്ടു വായിച്ച ആത്മകഥയിലെ
മുതല
ഭർത്താവോ ഭാര്യയോ അയി
എത്ര പെട്ടെന്നാണ് മാറിയത് !
ഹൃദയം സൂക്ഷിക്കാനേൽപിച്ച അത്തിമരം
കാമുകനോ കാമുകിയോ ആയി
എത്ര വേഗമാണ് വളർന്നത് !
ജീവിത നദി കടക്കുന്ന കുരങ്ങൻ
ഒറ്റ വായനയിൽ തന്നെ
മനുഷ്യനുമായി .
III
മാംസഭോജിയായ മുതലയ്ക്ക്
മാംസ നിബദ്ധമല്ലാത്ത
അത്തിമരത്തിൻ്റെ കഥ
കേൾക്കുമ്പോൾ
കുത്തൊഴുക്കിലെ
ഏകാഗ്രത വീണുപോകുമോ?
പുറത്തുള്ളയാളുടെ
സന്ദേഹത്തിൽ
ഭർത്താവും ഭാര്യയും
എന്നും ഉഭയജീവികൾ
മുമ്പേ വായിച്ച ആത്മകഥ
ജീവിച്ച്
കവിതയാകുന്ന യാത്രയിൽ
മനുഷ്യൻ മൃഗമായും
മൃഗം മനുഷ്യനായും
ചില രൂപക നൃത്തങ്ങളുണ്ട്
സംസാര രസാനുഭൂതി
നിറഞ്ഞാടുമാ വേദിയിൽ മാത്രമേ
നാമുണർന്നിരിക്കുന്നുള്ളൂ.
ഇനി
ആത്മകഥയെഴുതാനാവില്ല
കഥയെല്ലാം
ആത്മകവിതയാകുമ്പോൾ

                                        മുനീർ അഗ്രഗാമി 

വാക്ക്

നോക്കുമ്പോൾ
തെരുവിൽ വീണു പിടയുന്നു
ഒരു വാക്ക്
അതിൻ്റെ നെഞ്ചിൽ
 കരിങ്കല്ലെടുത്തുവെയ്ക്കുന്നു
അസഹിഷ്ണുത എന്ന
മറ്റൊരു വാക്ക്!


                              മുനീർ അഗ്രഗാമി 

അവൻ്റെ അവൾ

അവൻ്റെ അവൾ
................................
ദോശ പോൽ മലർന്നും
വട പോൽ പൊരിഞ്ഞും
ചമ്മന്തി പോൽ ചതഞ്ഞും
അവൻ്റെ രുചിയായ്
അകത്തൊങ്ങുന്നു
അകത്തൊതുങ്ങാതെ
പുറത്തേക്ക് നീളും
ആഗ്രഹത്തലപ്പുകൾ
അടുക്കടുക്കായൊതുക്കി
ഇരുളു മൂടി
അടുക്കളയായ് അവൾ
അവനടുത്തിരിക്കുന്നു
അടുത്തെങ്കിലും
അകത്താണോ പുറത്താണോ
അവനെന്നറിയില്ല
രുചിയും അഭിരുചിയും
സ്വയമറിഞ്ഞ
നാളറിയില്ലെങ്കിലും
വിഹ്വലതകളിൽ
ഇടിമുഴക്കങ്ങളിൽ
പേമാരിയിൽ
ഞെട്ടിവിറച്ചു പൂവിടും
അവനു പൂക്കാലമേകാൻ
അവറൻ്റ ചിരികൾ
ശലഭജന്മങ്ങളാകുവാൻ
നാക്കിലും നോക്കിലും
വാക്കിലുമവനു രുചിയേകാൻ
പട്ടുനൂലു ചുറ്റിച്ചുറ്റി
യൊരു കൊക്കൂണിന കത്ത്
ഒതുങ്ങിയിരിക്കുന്നു
ഒരിക്കലും ശലഭമാകില്ലെന്നറിയിലും
അവൻ്റെ കാഴ്ചയിൽ
തൂങ്ങിക്കിടക്കുന്നു
പുറത്തുള്ള പൂന്തോട്ടമേ
നീ വിളിക്കേണ്ട
ഇല്ല പൊട്ടിച്ചെറിഞ്ഞു വരില്ലവൾ
അവളുടെ കൊക്കൂൺ
ശലഭമാകാതെ
പുഴുവായ് അകത്തടങ്ങിയിരിക്കിലും!


                                       മുനീർ അഗ്രഗാമി 

തേങ്ങൽ

തേങ്ങൽ
................
ലോകത്തിൻ്റെ തേങ്ങൽ
നമ്മുടെ തേങ്ങലിൽ
കണ്ണീർ
മഴയിലെന്നപോൽ
കാണാതെ
കലങ്ങിയൊഴുകുന്നു

ശിഷ്യൻ/ഗുരു

എത്ര ഉയരത്തിലായിട്ടും
എത്ര താഴെയാണ് ശിഷ്യൻ!
എത്ര താഴ്ന്നു നിന്നിട്ടും
എത്ര ഉയരത്തിലാണ് ഗുരു
(മുനീർ അഗ്രഗാമി )

കണ്ണിൽ

കണ്ണിൽ
.......................
നീ
നിലാവിൻ്റെ
നീലത്തടാകത്തിൽ
ഏതോ ഓർമ്മയാൽ
വിടർന്നു പോയ
കാൽപ്പനികമായ
ആമ്പൽ
അതിനടുത്ത്
എൻ്റെ മുഖമുള്ള
കടലാസുതോണി;
കടലാസ്സിൽ
നീയെൻ്റെ ഹൃദയത്തിലെഴുതിയതത്രയും .
നിന്നെ തൊട്ടു പോകാൻ
കുട്ടിക്കാലത്തിൽ നിന്നും വന്ന അരയന്നച്ചിറകുള്ള കാറ്റ്
അതിൻ ചിറകടി പോലൊരു
വള കിലുക്കം
അമ്മയുടെ വിരലുകളായ്
തഴുകുന്ന തണുപ്പ്
അച്ഛൻ്റെ നിശ്വാസവുമായ്
പറന്നു പോകുന്ന രാപ്പാടി
ഒറ്റയ് നിലാവിലിരിക്കുന്നവളേ
രാത്രി നിന്നെ ചേർത്തു പിടിച്ച്
എനിക്കു പാടുവാൻ
കഴിയാതെ പോയ സംഗീതം
നിൻ്റെ ആത്മാവിൽ
ഒട്ടിച്ചു ചേർക്കുന്നു
ഇപ്പോൾ
സത്യമായിട്ടുമിതാ
എൻ്റെ കണ്ണിൽ നിന്നും
നിൻ്റെ കണ്ണീർ!
ഒറ്റയായിട്ടും
ഒറ്റപ്പെടുത്താതെ .

                       മുനീർ അഗ്രഗാമി 

നാക്കില്ലാരാജ്യത്ത്

നാക്കില്ലാരാജ്യത്ത്
................................
നാക്കെവിടെ നാക്കെവിടെ
വാക്കിനൂക്കു പകർന്ന
തീക്കനൽ പോലുള്ള
നാക്കെവിടെ?
നാക്കെവിടെ നാക്കെവിടെ?
തോക്കിൻ കുഴലുകൾ
ചുറ്റിലും നോക്കിനിൽക്കെ
വാക്കടച്ചും വായടച്ചും
പേടിച്ചൊളിച്ചു പോയോ?
തന്നിലടിക്കടി കനക്കു മിരുട്ടിൽ,
തീക്കനൽ കെട്ടു കരിഞ്ഞു പോയോ?
നക്കിനുണഞ്ഞതിൻ
രുചിയിൽ മയങ്ങി
മരവിച്ചു നിശ്ചലം നിന്നുപോയോ ?
തോൽക്കുവാനുറച്ച കത്തിരുന്നു
ദന്തഗോപുരത്തിൽ വാതിൽ
കൊട്ടിയടച്ചുവോ ?
നാക്കെവിടെ
നാക്കെവിടെ?
നാട്ടിലെ കൊള്ളകൾക്കെതിരെ
ചലിച്ചവ
വീട്ടിലെ കോളുകൾ ക്കൊത്തു കളിച്ചവ
അക്രമത്തിന്നു മനീതിക്കുമെതിരെ
യുറുമിയായ്
പട പൊരുതി നിന്നവ
ഹർഷോന്മാദങ്ങളിൽ
താളലയങ്ങളിൽ
മുങ്ങിക്കളിച്ചവ
നാക്കെവിടെ
നാക്കെവിടെ?
മണ്ണേ മനുഷ്യാ
എന്നു റക്കെക്കരഞ്ഞ്
നെറികേടിനെതിരെ
എഴുന്നേറ്റു നിന്നവ
സ്വാതന്ത്ര്യത്തിന്നായ്
ഗീതകം ചൊല്ലി
തലമുറകൾ താണ്ടിയവ
മുദ്രാവാക്യങ്ങളിൽ
മുഴുകിയുണർന്നവ
നാക്കെ വിടെ
നാക്കെവിടെ ?
നാക്കില്ലാരാജ്യക്കാർ
ഞങ്ങൾ
തേടി നടക്കുന്നു
നാലു ദിക്കിലും
നാക്കുകളൊക്കെയും
കാണാതെ പോയ്
പിന്നെയെന്നോ
കുട്ടികളികളിൽ നിന്നും
വഴിതെറ്റിപ്പോയൊരു
പെൺകുട്ടി കണ്ടുപോൽ
നാക്കുകളൊക്കെയും
ഭരണ താരങ്ങളുടെ
പാദുകം നക്കി കഴിയുന്നു പോൽ
മിണ്ടുവാനവൾക്കും
വാക്കില്ല നാക്കില്ല
നനഞ്ഞു കുതിർന്ന
തീക്കനലിന്നോർമ്മ മാത്രം

                                             മുനീർ അഗ്രഗാമി 

നാട്ടുഭാഷയിൽ

ക്ലാസിൽ 
നാട്ടുഭാഷ സംസാരിച്ച കുട്ടി
ഒരു തുമ്പിയായി
പച്ചപ്പുകൾക്കു മുകളിലൂടെ
സന്തോഷത്തോടെ പറന്നു കളിച്ചു
മറ്റുള്ളവർ
ചിറകില്ലാത്ത ജീവനില്ലാത്ത
കല്ലുകളായിരുന്നു.
മാന്ത്രികനായ അദ്ധ്യാപകൻ
പറഞ്ഞു,
എൻ്റെ തുമ്പീ
നീയീ കല്ലുകളെടുത്തു
പറക്കണമെന്നു
ഞാൻ പറയില്ല
പക്ഷേ നീ പറന്നെന്നാൽ,
അവർക്കു ജീവനുണ്ടെന്ന തോന്നൽ
സമ്മാനിക്കുവാൻ നിനക്കേ കഴിയൂ .
പിന്നെ ആ കുട്ടി
സന്തോഷത്തിൻ്റെ തുമ്പത്തിരുന്ന്
ഊഞ്ഞാലാടി
തുമ്പി പറക്കുന്ന
നാട്ടുഭാഷയിൽ.


                                             മുനീർ അഗ്രഗാമി 

കാറ്റുപോലെ

കാറ്റുപോലെ
നമ്മെ കടന്ന് പോകുന്നു ജലം
ഒഴുക്കിൻ്റെ ഗാനാലാപനത്തിൽ
കടലിൻ്റെയീണം
മുങ്ങിയും പൊങ്ങിയും
നീന്തലിൻ രസവിസ്മയത്തിൽ
നമ്മൾ മീനുകൾ
ചൂണ്ടൽ കൊളുത്തുകൾക്കിടയിലൂടെ
കളിച്ച്...
നീന്തിക്കയറിയവരുടെ
ഓർമ്മകൾ
പറ്റിപ്പിടിച്ച കരിമ്പാറ ചുറ്റി
ആഴം തൊട്ട്....
അനാദിയായ പുഴയിൽ
വറ്റാത്ത പുഴയിൽ
സമയപ്പുഴയിൽ !

തൂവൽ

തൂവൽ
.............
കാറ്റിൻ ചിറകിലേറിയൊരു തൂവൽ
പഴയൊരോർമ്മയുടെ ചിറകിൽ
അൽപ നേരമൊരു പറവയായ്!

                            മുനീർ അഗ്രഗാമി 

തേൻ തുള്ളിക്കവിത 160 . ജന്മാന്തരം

തേൻ തുള്ളിക്കവിത 160 .
************************
ജന്മാന്തരം
..................
നീയെനിക്കൊരു പൂവു തന്നു
ഇപ്പോഴെല്ലാം ഓർമ്മ വരുന്നു ,
നോക്കൂ
കഴിഞ്ഞ ജന്മത്തിൽ നീ 
എന്നിൽ നിന്നിറുത്ത അതേപൂവ് !\


                   മുനീർ അഗ്രഗാമി 

അമ്മത്തീ

അമ്മത്തീ
..................
കത്തിത്തീരാതെയിത്തിരി
ബാക്കിയുണ്ടായിരുന്നു;
ചിതയ്ക്ക് തീ കൊടുത്ത്
അതുമെരിച്ചു കളഞ്ഞു,
ധൂർത്ത പുത്രൻ
അകത്തൊതുങ്ങും
കത്തലsങ്ങാതെ
ആളും ജ്വാലയാൽ
പുഞ്ചിരിച്ചതത്രയും
അവളുടെ ജീവിതം
പുറത്തെകാറ്റേറ്റ്
ആളും ജ്വാലയിൽ
പറക്കുവാനുള്ള ആഗ്രഹം
ചിറകടിച്ചു പിടഞ്ഞ
പുഞ്ചിരിയവളുടെ മരണം
ധൂർത്തനായ വന്
ആർത്തനാദമില്ല
ഉദകക്രിയ ചെയ്യാൻ
അവൻ്റെ കണ്ണിലൂടെ
ഗംഗയൊഴുകില്ല
എന്നിട്ടും
അവൻ്റെ വേരുകളിൽ
അവനെ വളർത്തുവാൻ
വളമായ് തളരാതെ
അവളുടെ ചിതാഭസ്മം
(മുനീർ അഗ്രഗാമി )

വൃശ്ചികം

തണുപ്പു കൊണ്ടു കുത്തും
തേളിനെയാരാവുമാദ്യം
വൃശ്ചികമെന്നു വിളിച്ചത്?
കോടമഞ്ഞിന്നടിയിൽ 
പതുങ്ങിയിരിപ്പാണവൻ
എൻ്റെ വിളി കേട്ടൊളിച്ചതാവാം .

                                                       മുനീർ അഗ്രഗാമി 
വാക്കുകളില്ലാതെയില്ല 
ജീവിതം, നമുക്കു
ജീവനുണ്ടെങ്കിലും സഖേ.

ചിഹ്നങ്ങൾ

ചിഹ്നങ്ങൾ
....................
കിനാവു കണ്ടൊരാൾ
കന്നി വോട്ടു ചെയ്തവൻ
കമ്പ്യൂട്ടർ പഠിച്ചവൻ;
അവൻ്റെ മുഖത്താഞ്ഞടിക്കുന്ന
ഒരു കൈപത്തി
അവൻ്റെ കഴുത്തിൽ
ചേർത്തുവെച്ച
ഒരരിവാൾ
അവനെ ചെളിയിലിറങ്ങാൻ
വിളിക്കുന്ന താമര!
അവൻ്റെ കണ്ണിനു നേരെ
കുതിച്ചെത്തുമൊരമ്പ്
കയറാനോ ഇറങ്ങാനോ കഴിയാത്ത
പടികൾ ദ്രവിച്ച ഒരു കോണി!

വിരൽത്തുമ്പിലെ
മായാത്ത മഷി പോലെ
ഭീതിയുമവനിൽ മായാതെ
തൂവൽ പൊഴിക്കുമ്പോൽ
ഭീതി പൊഴിക്കുവാനവൻ
കടൽ കടന്നു
കാലിഫോർണിയയിലവൻ
കന്നിവോട്ടറവൻ
കൗതുകത്തിനു വേണ്ടി മാത്രം
ബൂത്തിലെത്തിയോൻ
ചിഹ്നങ്ങൾ
ചിന്നം വിളിക്കുന്ന നാട്ടിൽ
ചിന്തയില്ലെന്നവൻ

വാൻഗോഗും ചെവിയും

വാൻഗോഗും ചെവിയും
............................
ഇതു ചെവിയല്ലെൻ്റെ
ഹൃദയം
നിൻ്റെ
സ്വാർത്ഥമാം പ്രണയമൊഴികളിൽ
പൂത്തു നിന്ന
പരിപാവനമാം
പനിനീർ പൂവ്
നിസ്വാർത്ഥമാമനുരാഗത്തിൻ്റെ
രക്തസിക്തമാം
നിമിഷ സാക്ഷ്യം
നിൻ്റെ കൗതുകത്തിനു
ഞാനെൻ്റെ നിർമ്മല രാത്രി തന്നേകാന്തതയിൽ
തെളിയിച്ച താരം
നിനക്കെൻ്റെ കേൾവിയും
കേട്ടതി നോർമ്മയും
എന്നെയെന്നപോൽ
പ്രണയ രക്താഭിഷിക്തമായ്....
നിനക്കിതാ
രക്ത നിബദ്ധമാമെൻ
പ്രണയ സമ്മാനം

                                        മുനീർ അഗ്രഗാമി 

മഴയിൽ വേരുള്ളവർ

മഴയിൽ വേരുള്ളവർ
.............................
ഓരോ മഴയിലും വേരുകളുള്ള
ഒരു ചെടിയാണ് മനസ്സ്
ഓരോ തുള്ളിയിൽ നിന്നും
പൂവിടാനുള്ള സന്തോഷം
അതെടുത്തു വെക്കുന്നു
ആർദ്രതയുടെ
വെള്ളച്ചിറകുമായ്
നിന്നെപ്പോലൊരു
വെളുത്ത പുലരി
അടുത്തെത്തുമ്പോൾ
മഴവില്ലായ്
അതു വിടരുന്നു
നിനക്കുള്ള പൂക്കാലമായ്
നിറങ്ങൾ അടുക്കി വെക്കുന്നു
മഴ അതു കാണുവാൻ വരും
വേദനകൾ കഴുകിക്കളയും
മഴയുമ്മകളാൽ
മനസ്സ്
കുഞ്ഞിൻ്റെ കവിളുപോൽ
ചുവന്ന് തുടുക്കും
നീയന്നേരം
നിഷ്കളങ്കമായ
വിരലുകളുള്ള
ഒരു ചാറ്റൽ മഴ .
( മുനീർ അഗ്രഗാമി )

മറവി

മറവിയുടെ
തണലിലിരിക്കാൻ
കൊതിച്ച് ...
കൊതിച്ച്...
ഒരു കണ്ണീർതുളളി ; 
ഓർമ്മകളുടെ വെയിലേറ്റ്
വറ്റിപ്പോകാതെ !

രാജാവില്ലാത്ത ഒരു പ്രജയാണ് ഞാൻ

രാജാവില്ലാത്ത
ഒരു പ്രജയാണ് ഞാൻ
കാട്ടുതീയിൽ പെട്ട
ശലഭത്തെ പോലെ
രാജ്യത്തോടൊപ്പം
എരിയുകയാണ്
ശ്വാസം മുട്ടിക്കൊണ്ട്
രാജി വെച്ച മന്ത്രിമാരും
രാജിവെക്കേണ്ട മന്ത്രിമാരും
തീയിട്ട രാജ്യത്തിൽ
ഭസ്മമായിപ്പോയ
ഒരു കിളി
വീണ്ടും പറക്കുന്നതും കാത്ത്
സ്കൂൾ കുട്ടികൾക്കൊപ്പം
കാത്തിരിക്കുകയാണ്
രാജ്യം
രാജാവ്
മന്ത്രി
എല്ലാം
ഒരു യക്ഷിക്കഥയിൽ നിന്ന്
എൻ്റെ സമാധാനത്തിലേക്ക്
ഇടിഞ്ഞു വീണതെന്നാണ് ?
അന്നാവുമോ
ജനാധിപത്യം
വാക്കു മാത്രമായി
ഞങ്ങളെ തുറിച്ചു നോക്കാൻ തുടങ്ങിയത് ?
രാജ്യവും രാജാവും
മന്ത്രിമാരും
ഞാനായിരുന്നെന്ന ധാരണ ഇപ്പോൾ പുകഞ്ഞ്
പുകഞ്ഞ്
എല്ലാ കൊടികളും മറയ്ക്കുന്നു


                                     മുനീർ അഗ്രഗാമി 

പ്രണയ ദീപാവലി

പ്രണയ ദീപാവലി
..................................
വെളിച്ചമേ
എൻ്റെ വെളിച്ചമേ
ആഗ്രഹങ്ങളുടെ നെയ്ത്തിരി കത്തിച്ച്
നീയെനിക്ക് തരിക
ഇവിടമെല്ലാം
ആ വെളിച്ചം കുടിച്ച്
സന്തോഷിക്കട്ടെ
കുഞ്ഞുങ്ങളുടെ മനസ്സുപോലുള്ള
മൺചെരാതും നീയെനിക്കു തരിക
എൻ്റെ വഴികളിൽ അവ
മിന്നാമിനുങ്ങുകളാവട്ടെ
നിൻ്റെ കണ്ണിൽ നിന്ന്
നീയറിയാതെ
ഞാനെടുത്ത തേജസ്സ്
എൻ്റെ സൂര്യനും ചന്ദ്രനുമാകുന്നു
നിൻ്റെ ഇതളുകളിൽ
പ്രകാശത്തിൻ്റെ ദേവതയായി
ദീപാവലി ചിറകടിക്കുന്നു
അതിൻ്റെ ചിറകിലെ ചിത്രങ്ങളിൽ
ഞാൻ സ്വർഗ്ഗം ദർശിക്കുന്നു
എൻ്റെ സ്വപ്നങ്ങൾ
പതുങ്ങിയിരിക്കുന്ന
രാത്രിയുടെ ഗുഹകളിൽ
നീ നിലാവായി ചിറകടിക്കുന്നു
വെളിച്ചമേ
എൻ്റെ വെളിച്ചമേ
എൻ്റെ ഇരുളു തേടി വന്നവർ
ഇതാ മടങ്ങുന്നു
അവരി നി എൻ്റെ ഇരുളിനെ കുറിച്ച്
സംസാരിക്കില്ല
നീ എൻ്റെ വെളിച്ചമായതിൽ
അവർ പ്രകാശിക്കാതിരിക്കില്ല
അവരുടെ ഇരുട്ടിൽ നിന്ന്
അങ്ങനെ കപടലോകം പുറത്തു കടക്കട്ടെ !
നന്മയുടെ ഒരു താരകം
അവരിൽ മിന്നട്ടെ
ആയിരം ദീപങ്ങളാൽ വലയം ചെയ്ത
ദേവനെ പോലെ
എൻ്റെ വിഗ്രഹത്തിനിതാ
ജീവൻ വെക്കുന്നു
ചൈതന്യത്തിൻ്റെ
ചൈതന്യമായ്
ഞാൻ നിന്നെയറിയുന്നു
ഇതു നമുക്ക്
പ്രണയ ദീപാവലി;
താലോലിക്കാൻ
ആകാശത്തിൻ്റെ തൊട്ടിലിൽ
നിൻ്റെ ചുംബനങ്ങൾ
തെളിയുന്ന സന്ധ്യ പിറക്കുന്നു
ആനന്ദം ഒരു കപ്പലായ്
നമ്മുടെ ഉടലിലൂടെ
ചക്രവാളത്തിലേക്കെന്ന പോലെ
അറ്റമില്ലാതെ
ഉയർന്നും താഴ്ന്നും
മെല്ലെ ഒഴുകന്നു .
(മുനീർ അഗ്രഗാമി)

മനസ്സിൽ

മനസ്സിൽ നിന്നും നീ
അടിച്ചുവാരിക്കളഞ്ഞ
കരിയിലയിൽ
എൻ്റെ സ്വപ്നത്തിൻ്റെ പച്ചഞരമ്പ്
തട്ടിക്കളിക്കുന്ന കാറ്റിൽ
പച്ചയായിരുന്ന
ഒരു സമയത്തിൻ്റെ പിടച്ചിൽ...
നീ പെയ്തതിൻ
നനവുണങ്ങാതെ
മണ്ണ്
ഞാൻ കിടന്നതിൻ
ചൂടാറാതെ
നിൻ്റെ കണ്ണ്
അടിച്ചും വാരിയും
അടിതെറ്റാതെ
കാലം എന്നും
പുതുനാരിയെ പോലെ .

                              മുനീർ അഗ്രഗാമി 

സ്വപ്നത്തിൻ്റെ ഒരിതളിൽ

സ്വപ്നത്തിൻ്റെ ഒരിതളിൽ
.............................................
ഒരു പെൺകുട്ടിയുടെ
സ്വപ്നത്തിൻ്റെ
ഒരിതളിൽ
ഇങ്ങനെ എഴുതിയിരുന്നു;
പൊട്ടാത്ത ലഡുകൾ സൂക്ഷിക്കുന്ന മനസ്സ്
ഏതു ദീപാവലിയിലും
ഇരുണ്ട പൂജാമുറിയാണ്...
മറ്റിതളുകളിൽ
എനിക്കറിയാത്ത ലിപികളിൽ
നനഞ്ഞു കുതിർന്ന
കുറെ വാക്കുകൾ കണ്ടു.
പറക്കുമ്പോൾ ഞാൻ
ദീപ പ്രഭകളിൽ
വഴി തെറ്റിക്കയറിയ
ഒരു ചെടിയായിരുന്നു
അവൾ
മധുരത്തിൻ്റേയും വെളിച്ചത്തിൻ്റേയും
ഉത്സവപ്പറമ്പിൽ
ഒറ്റപ്പെട്ടു പോയ ഒരു നിലവിളിയിലാണ്
അവൾ വളരുന്നത്
ഈശ്വരാ
ഞാനതു വായിച്ചത്
അവളറിയരുതേ!



                                         മുനീർ  അഗ്രഗാമി 

ഉറവ്

ഉറവ്
........
വീണു കിടക്കുന്ന കുഴിയിൽ
വീണ്ടും വീണുപോയവൻ്റെ
ആഴത്തിൽ
കണ്ണിൽ നിന്നെന്ന പോലെ
കാഴ്ചകൾ മറച്ച്
ഒരുറവ പൊട്ടുന്നു
ദാഹിച്ചുവലഞ്ഞവളേ
നിന്നിലേക്കുള്ള ഒഴുക്കിൻ വഴി
അതു കണ്ടു പിടിക്കുന്നു
നീയകപ്പെട്ട പൊട്ടക്കിണറിന്നാഴത്തിൽ
തടസ്സം നിന്ന
കല്ലു കളലിയിച്ചതു
കടന്നു വരുന്നു
ഒരു തുള്ളിയിൽ
ഒരു ലോകമൊളിപ്പിച്ച്

                                                  മുനീർ  അഗ്രഗാമി 

ഇടത്തോട്ടും വലത്തോട്ടും

ഇടത്തോട്ടും
വലത്തോട്ടും
മാറി മാറിയൊഴുകി
വറ്റി വറ്റി തീരാറായി
തണലു തന്ന കൊടികൾ
ഇളം വെയിലിൽ പോലും
വാടി വീഴുന്നു
ഒഴുകിയൊഴുകി
അതിനു കീഴിൽ നിന്നു,
വെയിലേറ്റു നിറം പോയി
പുറം പൊള്ളി പ്പൊളിഞ്ഞു
നിഴലുപോലും
തണലില്ലാതെ
ഉണങ്ങിപ്പോയി

                                      മുനീർ  അഗ്രഗാമി 

രാത്രി

രാത്രി
............
ഭൂമിയുടെ 
മുകളിൽ വന്നിരുന്ന് 
തേൻ കുടിക്കുന്ന
വവ്വാലാണ് രാത്രി.
അത്
പറന്നു പോകുമ്പോഴേ
ഭൂമി കാണൂ
അതിനോടു പകയുള്ളവർ
ആ കാഴ്ചയെ
പകലെന്നു വിളിക്കുന്നു



                                            മുനീർ  അഗ്രഗാമി 

നിൻ്റെ ചെമ്പരത്തികൾ

നിൻ്റെ ചെമ്പരത്തികൾ
........................................
ഉടഞ്ഞുപോയ
സന്ധ്യയുടെ കഷണങ്ങളാണ്
നിൻ്റെ തോട്ടത്തിലെ
ചെമ്പരുത്തികൾ.
കാഴ്ച കൊണ്ട്
അവ പെറുക്കിയെടുത്ത്
നീയുണ്ടാ ക്കുന്ന സന്ധ്യയിൽ
കണ്ണകൾ ചുവന്ന് തിരയടിക്കുന്നു
അതിൻ്റെ തീരത്തിലൂടെ
എൻ്റെ ചുംബനങ്ങൾ നടന്നു പോകുന്നു
കടലാഴത്തിൽ നിന്ന്
നീ എനിക്കയച്ച നിശ്വാസം
ജീവിതത്തിൻ്റെ കുമിളയായ്
ഉയരുന്നു
ഇങ്ങനെയാണ്
നമ്മൾ
കടലിൽ വസന്തമുണ്ടാക്കിയത്


                                                        മുനീർ  അഗ്രഗാമി 

അടുപ്പത്തിനാൽ

അടുപ്പത്തിനാൽ
.............'... ....!.. .....
അടുപ്പിലെരിഞ്ഞു
തീർന്നതിൻ ബാക്കി
അടുപ്പത്തിലെരിഞ്ഞു
തീരുന്നു;
വിറകായവൾ
വിറച്ച്,
കത്തിക്കത്തി
ഉള്ളു കത്തി
കത്തലടങ്ങാതെ
കത്തുന്നു...
പുകയായ്
വെളിച്ചം മറച്ച സങ്കടം
പുകഞ്ഞ്
എന്നിലവളുടെ
കഥയെഴുതുന്നൂ ...
വായിക്കുമ്പോളതു
കടങ്കഥയായ്
പഴങ്കഥയായ്
പെരുങ്കഥയായ്
എന്നിലുണരുന്നു
അടുപ്പിൽ
അടുപ്പത്തിൽ നിന്ന്
തിളയ്ക്കുമിരു വറ്റുകളിൽ
ഞാനുമവളുമിന്നൊരു
മുല്ലപ്പൂമൊട്ടിൻ
വെൺമയായ്
പുതുകഥയായ്
കടങ്കഥയായ്
പെരുങ്കഥയായ്
അടുപ്പമറിയുന്നു
അടുപ്പിൽ
മറിയാതെ മറിയാതെ...

                                                 മുനീർ  അഗ്രഗാമി 

വോട്ടർ

വോട്ടർ
...........
മായ്ക്കാനാവാത്ത മഷിയാൽ
സ്വന്തം വിരലിലെഴുതിയ
പരീക്ഷകളിൽ
ഒന്നിലും ഞാൻ ജയിച്ചില്ല ;
എന്നും നിങ്ങൾ ജയിച്ചു.
അങ്ങനെ
തോറ്റു പോയ
ആയിരങ്ങളെ
വീണ്ടും വീണ്ടും
തോൽപിക്കുന്നതിനെ
ഭരണമെന്ന്
നിങ്ങൾ കാണിച്ചു .
എന്നിട്ടും
എന്നെങ്കിലും
ജയിക്കുമെന്നൊരാശയാൽ
പരീക്ഷകൾ
വീണ്ടും വീണ്ടും
എഴുതുന്നു
ഒരൊറ്റ ഇരിപ്പിൽ
മൂന്നെണ്ണം വരെ!


                                      മുനീർ  അഗ്രഗാമി 

എൻ്റെ മലയാളം

അമ്മച്ചി മലയാളവും
ഉമ്മച്ചി മലയാളവും
അമ്മ മലയാളവും
വേലിയില്ലാപറമ്പിൽ
വേലയ്ക്കു വന്നപ്പോൾ
എനിക്കു കിട്ടിയ നിധിയ ല്ലോ
എൻ്റെ മലയാളം !


                              മുനീർ  അഗ്രഗാമി 

കേരളപ്പിറവി

കേരളപ്പിറവി
.............
ഇന്നാണു ജന്മദിനം
വയസ്സായി, രോഗിയായി
നോക്കുവാനാളില്ല
വൃദ്ധസദന മന്വേഷിക്കാൻ
എഴുന്നേറ്റു നടക്കാനും വയ്യ
മക്കളൊക്കെ സ്വാർത്ഥരാണ്
അവരവരുടെ പണി നോക്കി
പല വഴി പോയി
നാട്ടിലുള്ളവരുടെ
കൊള്ളരുതായ്മ കണ്ട്
കാഴ്ചയും പോയി
ദൂരെ ദൂരെ നിന്ന്
സ്നേഹമുള്ളവരാരെങ്കിലും
കാണാൻ വരുമ്പോഴാണ്
ജീവനുണ്ടെന്നു തോന്നുക
കേരളമേ എന്നൊരു വിളിയാൽ
എന്നെയവർ വീണ്ടും കുട്ടിയാക്കിക്കളയും !

                                                    മുനീർ  അഗ്രഗാമി 

ശരിക്കൊന്നു കാണുവാൻ

അഹങ്കാരമില്ലാതെ
അകക്കണ്ണിനു 
മുന്നിലൊന്നു നിൽക്കണം;
അകമെങ്കിലും നമ്മെ
ശരിക്കൊന്നു കാണുവാൻ !

                                          മുനീർ  അഗ്രഗാമി 

പ്രാർത്ഥന

പ്രാർത്ഥന
..................
തൊഴുതു നിന്നത്
ദളിതനാണോ
ദരിദ്രനാണോ
എന്നറിയില്ല
പട്ടിണിപ്പാവമായിരുന്നു
കണ്ണു നിറഞ്ഞിരുന്നു
കറുപ്പില വനെക്കണ്ടാൽ
ഉള്ളു വെളുപ്പെന്നേ തോന്നൂ ...
അറിയാതെ
അയാളുടെ പ്രാർത്ഥന കേട്ടു പോയ്
വി.ടിയെ പോലൊരു
ശാന്തിക്കാരൻ
ശാന്തമായവൻ
അറിയാതെ അയാൾ
ഏറ്റുചൊല്ലിപ്പോയാ പ്രാർത്ഥന :
ദൈവമേ
മനുഷ്യനാക്കരുതെന്നെ നീയിനി ; പിന്നെ ,നീയെന്നെയൊരു
വിശുദ്ധ മൃഗമാക്കണേ
അടുത്ത ജന്മത്തിലെങ്കിലും!
                                    
                                                             മുനീർ  അഗ്രഗാമി  

പുലരിക്കുഞ്ഞ്

പുലരിക്കുഞ്ഞ്
...........................
രാവു പെറ്റെന്നു കേട്ടു ,
കുഞ്ഞിനെ കാണാൻ
ഉറക്കമുണർന്നെത്തിയപ്പോൾ
പുൽക്കൊടിത്തുമ്പിലൊരു
പുഞ്ചിരി ബാക്കി വെച്ചാ
പുലരിക്കുഞ്ഞെങ്ങോ പോയ്!
വെളിച്ചത്തിൻ പിന്നിലെങ്ങോ
ഒളിച്ചിരിക്കുന്നുണ്ടാവണം
പകൽ തിരഞ്ഞു നടന്നു തളരെ,
സന്ധ്യ കുടിച്ചു തളർച്ച മാറ്റി
കടൽക്കാറ്റിൽ തെല്ലുനേരമിരുന്നു പോയ്!
നെറ്റി തടവുവാൻ വന്ന രാവിനൊപ്പം
ഇരുളിൽ ചെന്നു നോക്കുമ്പോൾ
കുസൃതി കാട്ടിയിരുളിൻ പിന്നിലൂടെ
ഓടിക്കളിച്ചും കളിപ്പിച്ചും
പരുങ്ങിയിരിപ്പായെങ്ങോ !
പിന്നെ ത്തളർന്നുറങ്ങി
ഞെട്ടിയെണീക്കെ ,
രാവിലെയുടെ ചുവന്ന പൊത്തിലൂടിറങ്ങി വന്നു
കൈ പിടിച്ചു ചിരിക്കയായ്
പിച്ചവെച്ചെത്തിയ
പുലരിപ്പൈതൽ !

                                               മുനീർ  അഗ്രഗാമി 

മു ല്ല

മു ല്ല
......
മുല്ലേയെന്നു വിളിച്ചാലും
മു ല്ലയാവുക എളുപ്പമല്ല;
മു ല്ല
മുട്ടിക്കടന്നു പോകും
കാറ്റിലും
കൊടുത്തയക്കുന്നു
എനിക്കുള്ള
പൂമണക്കത്തുകൾ


                                മുനീർ  അഗ്രഗാമി 

ഒരാൾ

ഒരാൾ
...........
ഒരു കരിങ്കല്ലു പോലെ
എല്ലാ മഴയും കൊണ്ട്
എല്ലാ വെയിലും കൊണ്ട്
അടുക്കള പോൽ
നിൽക്കുന്നുണ്ട്
കരിപിടിച്ചൊരാൾ

സ്വപ്നം കൊണ്ടു കളിക്കുന്നവരെ
നോക്കി നിന്ന്
അഹല്യയാണുള്ളിലെന്നു
സ്വയം കരുതി
അവനോട്
ചവിട്ടെന്നു പറഞ്ഞ്
തേൻ മൊഴിയായ്
വിടരുന്നുണ്ടൊരാൾ

പെമ്പിളൈ ഒരുമയുടെ
വാർത്ത കേട്ടത് പറയുവാൻ
അടുത്തൊരാളില്ലെന്ന്
വലിയൊരു മഴയോട്
മൗനമായ് തേങ്ങുന്നുണ്ടയാൾ

ഏതു ബന്ധത്തിൻ്റെ
പേരിട്ടയാളെ
വിളിക്കുമെന്നറിയാതെ
കരിങ്കല്ലിനോടു ചേർന്ന്
മണ്ണടരുപോലിയാൾ
അവളെന്നയാളെ വിളിക്കുവാൻ
അവിടെ വന്നെത്തുമൊരാൾക്കും
വയ്യ
പാറയാകുവാനുളള
പരിചയം കുറഞ്ഞ വരവർ

കാലത്തിൻ്റെ
കയ്യൊപ്പായയാളെ
പരുപരുപ്പിൽ
കണ്ടു കരഞ്ഞു കാറ്റായ്
തഴുകി ...തഴുകി....
ത .... ഴു .... കി ......




,,,,,,,,,,,,,,,,,,,,,,,,,മുനീർ അഗ്രഗാമി 

പക്ഷി പറക്കുമ്പോൾ

പക്ഷി പറക്കുമ്പോൾ
സൂര്യനതിൻ്റെ
നിഴലെടുത്ത്
ചുട്ടുപൊള്ളുന്ന ഭൂമിയിലൂടെ
പറത്തുന്നു

ഭൂമി
അപ്പോൾ
നിഴലുകളുടെ ആകാശം

പെണ്ണേ
അതിലെ
നടന്നു പോകുമ്പോൾ
നിനക്കൊരു സൂര്യനുണ്ടെന്നതിനാൽ
നീ നീഴലായിപ്പോകുന്നു

ചിറകുകളറ്റ
വെറും നിഴൽ

..................മുനീർ അഗ്രഗാമി 

മരുഭൂമി

വേദനയിൽ
വെയിലെഴുതുന്ന
സങ്കടമാണ്
മരുഭൂമി