ഒരരുവിയെ എനിക്കറിയാം

കാട്ടിൽ നിന്നും തുടങ്ങി
പുഴയിലവസാനിക്കുന്ന
ഒരരുവിയെ എനിക്കറിയാം
പുഴയിൽ നിന്നും
കടലിൽ നിന്നും
അതെന്നോടു സംസാരിക്കുന്നു

പരിചയമില്ലാത്തതിനാൽ
അത് നിങ്ങളോട് സംസാരിക്കുന്നില്ല എന്നേയുള്ളു
പുഴയിൽ നിന്നും
കടലിൽ നിന്നും.
അതുകൊണ്ട് ,
നിങ്ങൾ അതിനെ അറിയാത്തതുകൊണ്ട്
അതവിടെ ഇല്ല എന്നു മാത്രം പറയരുതേ
മരിച്ചവർ മിണ്ടുമ്പോലെ
ജീവിച്ചിരിക്കുന്നവർ
മിണ്ടുമ്പോലെ
അതെന്നോടു മിണ്ടുന്നു.
ആ അരുവിയെന്നോട്
ഇന്നതിന്റെ വീടിനെ കുറിച്ചു ചോദിച്ചു
അതിന്റെ വീടോ
വീടിന്റെ വീടായ മലയോ
ഇന്നവിടെയില്ലെന്ന് ഞാനെങ്ങനെ
അതിനോടു പറയും ?
പറയൂ
എങ്ങനെ പറയും !
- മുനീർ അഗ്രഗാമി

ഓണമേ
പൂക്കളെയെല്ലാം
പ്രളയം കൊണ്ടുപോയി.
എങ്കിലും പാതി ജീവനോടെ
ചെടികളെ അത്
ബാക്കിവെച്ചിരിക്കുന്നു.
തിരുവോണമേ...
നിനക്കു വരാനുള്ള
വഴിയായ്
തളിർക്കുവാൻ !

- മുനീർ അഗ്രഗാമി

പുഴയും ഞാനും

പുഴയും ഞാനും
..................
ഗതി മാറി ഒഴുകുന്നു
ഞാനും പുഴയും
പഴയ തീരത്തെ
മറന്ന് മറന്ന്

ഒരേ പ്രളയം തന്നെ
രണ്ടു പേരിലും
നിറയുന്നു
ഉരുൾപൊട്ടിക്കലങ്ങി
കുത്തിയൊഴുകുന്നു
രണ്ടു പേരിലും മനം
മറ്റൊരു വഴിയിലൂടെ
മറ്റൊരു വിധത്തിൽ
പോകുവാൻ കൊതിക്കുന്ന
ഒരാൾ എല്ലാരിലുമുണ്ട്
ഇപ്പോൾ
എന്നിലെ അയാൾ
എന്നിൽ പുഴ;
പുഴയിൽ ഞാൻ.
അല്ലെങ്കിൽ തന്നെ
ചില നിമിഷങ്ങളിൽ
ആരാണ്
ഗതി മാറാത്തത്!
ഗതി മാറിയുള്ള
ആ ഒരൊഴുക്ക്
അത്ര എളുപ്പമല്ല
പുഴയിലായാലും
മനുഷ്യനിലായാലും.
സത്യത്തിൽ
ഒരേ വഴിയിലൂടെ ഒഴുകി മടുത്ത
എത്ര പുഴകളാണ് മനുഷ്യർ
വെറുതെയല്ല ഉടലിൽ
ഇത്രയധികം ജലം!
- മുനീർ അഗ്രഗാമി
പണി
...................
എല്ലാം കഴുകിക്കഴിഞ്ഞോ
എന്നു ചോദിച്ച് പാതിര
വീണ്ടും വന്നു
വിശക്കുന്നുണ്ടല്ലേ എന്ന ഭാവത്തിൽ
കുറേ നക്ഷത്രങ്ങൾ വാരിയെറിഞ്ഞു തന്നു
നക്ഷത്രങ്ങൾ നുണഞ്ഞ്
രാവുമറന്ന്
ഇരുന്നു.
കഴുകിത്തീർന്നില്ല
സ്വന്തം മനസ്സു പോലും.

-മുനീർ അഗ്രഗാമി
ഇലപൊഴിഞ്ഞ്
ഉണങ്ങിയ മരങ്ങൾ
ഇലകളെല്ലം
സ്വപ്നങ്ങളായിരുന്നു.
സ്നേഹമൊഴിക്കൂ
തളിർക്കും;
കരിഞ്ഞാലും.

- മുനീർ അഗ്രഗാമി
മഴ മാറി നിന്നു
മൗനം മാത്രം കൂട്ട്
ഈരാത്രി മറ്റൊരു ലോകമാണ്
ഇരുട്ടിന്റെ വെളിച്ചത്തിൽ
നിൽക്കുമ്പോൾ.
- മുനീർ അഗ്രഗാമി

സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ

സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ
..............................................
മഴയ്ക്കല്ലാതെ
മറ്റാർക്കും
പൂർണ്ണ സ്വാതന്ത്ര്യമില്ല
* * *
നോക്കൂ
എത്ര ആഹ്ലാദത്തോടെയാണ്
ഞാൻ നിന്നിലും നീയെന്നിലും
തടവിൽ കഴിയുന്നത് !
* * *
കയ്യിലെ വിലങ്ങ്
പൊട്ടിച്ചെറിഞ്ഞു നാം
പലവട്ടം.
എന്നിട്ടും
കഴുത്തിൽ കുരുങ്ങിയ
അദൃശ്യമാം തുടൽ
കാണാൻ കാഴ്ച മതിയാവുന്നില്ല
* * *
കോട്ടിൽനിന്നും
ടൈയിൽ നിന്നുമുള്ള
സ്വാതന്ത്ര്യമായിരുന്നു ഗാന്ധി
പക്ഷേ നിഷ്കരുണം നിങ്ങൾ
കൊന്നുകളഞ്ഞില്ലേ
ആ സ്വാതന്ത്ര്യത്തെ.

* * *
സ്വന്തം ആത്മാവിൽ നിന്നോ
ഉടലിൽ നിന്നോ
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
പുഴയോടവൾ
തന്നെ സ്വതന്ത്രയാക്കാൻ പറഞ്ഞു
പുഴ അവളെ രണ്ടായി പിരിച്ച്
മരണത്തിന്റെ തടവിലിട്ടു.
* * *
മതേതരത്വത്തെ
ആരാണ് തടവിലിട്ടത് ?
അതു കാണാൻ
ചരിത്രത്തിന്റെ കണ്ണട വേണം
ആരാണാ കണ്ണട ഉടയ്ക്കുന്നത്
വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ?
* * *
സ്വർഗ്ഗത്തിൽ നിന്നും
സ്വതന്ത്രയായ ആദ്യത്തെ സ്ത്രീയെ
ഓർമ്മയുണ്ടോ ?
ഇല്ലെങ്കിൽ ഇവളെ നോക്കൂ
ഇവളോട് അരുതെന്നു പറയൂ
ആ കനി ഇവൾ പറിക്കും
* * *
പാരതന്ത്ര്യം കുതിരപ്പുറത്തു വന്നു
കൗതുകത്തോടെ കുതിരയെ നോക്കി നിന്നു
ചുറ്റും മതിലുയരുന്നത്
അറിഞ്ഞതേയില്ല
* * *
തുറന്നു വിടുന്ന അണക്കെട്ടുകളിൽ
ഒരു ദൃഷ്ടാന്തമുണ്ട്;
പുതിയ ഒഴുക്കുകൾ കൊണ്ടു നിറയൂ
എന്നത് പറയുന്നു.
പൊട്ടിത്തെറിക്കും മുമ്പ്
തുറന്നു വിടാതിരിക്കാനാവില്ല
ഏതണക്കെട്ടിന്റെ ഉടമയ്ക്കും
* * *
സ്വാതന്ത്ര്യത്തിന് വയസ്സാവുമോ
തൊലി ചുളിയുമോ
എഴുപത്തൊന്നാകുമോ
യുവാക്കളതിന്റെ മനസ്സായാൽ?
- മുനീർ അഗ്രഗാമി

ചില നിമിഷങ്ങളിൽ ഓർക്കാപ്പുറത്ത് അമ്മയാവും
പുരുഷനും സ്ത്രീയും
- മുനീർ അഗ്രഗാമി

താഴ്വര ഒന്നു തിരിഞ്ഞു കിടന്നു

താഴ്വര ഒന്നു തിരിഞ്ഞു കിടന്നു
......................................................
അനിശ്ചിതത്വത്തിന്റെ
താഴ്വരയിലൂടെ
ഒരു തുമ്പി പറന്നു പോകുന്നു
ഉരുൾപൊട്ടുന്നു
നേരം വെളുക്കുമ്പോൾ ലോകം മാറുന്നു

താഴ്വര ഒന്നു തിരിഞ്ഞു കിടന്നതാവാം
ഉറക്കത്തിന്റെ ആലസ്യത്തിൽ
അത് തുമ്പിയെ മറന്നതാവാം
മലഞ്ചെരിവ്
മനുഷ്യനെ സ്വപ്നം കണ്ട ഭീതിയിൽ
ഒന്നുരുണ്ടതാവാം
സ്ത്രീയായതിനാൽ
രാത്രി അതിന്റെ നിശ്ശബ്ദത തകർത്ത്
അകത്തൊളിപ്പിച്ച ശബ്ദ സാഗരം
ഒഴുകിയിറങ്ങിയതാവാം
വെളിച്ചത്തിൽ
തുമ്പിക്കിരിക്കുവാൻ
രക്ഷപ്പെടലിന്റെ തുമ്പുമാത്രം
സമയത്തിന്റെ തോട്ടത്തിൽ
അന്നേരം കുറേ പൂക്കൾ വിരിഞ്ഞു
അതിന്റ ഇതളുകളെല്ലാം നല്ല മനുഷ്യർ
അൽപ നേരം തുമ്പി
ഇനി അവിടെയിരിക്കും.
അനിശ്ചിതത്വം അപ്പോഴും
അതിനെ പറക്കാൻ വിളിക്കുമെങ്കിലും
-മുനീർ അഗ്രഗാമി

റദ്ദുചെയ്തൂ, മഴ

റദ്ദുചെയ്തൂ, മഴ
.....................................

ഇന്നോളം ചെയ്ത നൃത്തങ്ങളും
ഇന്നലെത്തലോടിയ വാത്സല്യങ്ങളും
റദ്ദുചെയ്തൂ, മഴ
മറ്റൊരു ജലജീവിയായ്
കരയെ വിഴുങ്ങുന്നൂ
ഭീകരമതിന്റെ ചലനം
ഭീതിദമതിന്റെ പുളിനം

ഓരോ തുള്ളിയുമതിന്റെ നാവുകൾ
പാടത്തെ ,
പടവിനെ ,
പാലത്തെ
പല നിലകളിലുയർന്ന നിലയത്തെ
രുചിച്ചു നോക്കുന്നൂ
ചെളിയിൽ പുളച്ചു
വീടിന്നകത്തുള്ളതെല്ലാം
ചവച്ചു തുപ്പിത്തിമർക്കുന്നു
ഇന്നോളമോർമ്മയിൽ കളിച്ച
കർക്കിടകത്തിന്നാകൃതി തകർത്തു
ഉത്തരാധുനികമായെല്ലാം തിരിച്ചും
മറിച്ചുമെന്തൊക്കെയോ ചെയ്യുന്നു
മഴയിൽ കുളിച്ചതും കളിച്ചതും
ദൂരെക്കളഞ്ഞു
ഞാനോടുന്നു
ദുരിതമേറിയലർച്ചയിൽ കാലിട്ടടിക്കുന്ന
കുഞ്ഞിനെ കയ്യിലേന്താൻ
മഴയെടുക്കും മുമ്പതിനെയെടുക്കണം
എന്റയല്ലീമഴയെന്നു മഴയെ പ്രണയിച്ച
മുത്തശ്ശിയും ഞാനറിയാ മുഖമിതെന്നു
മഴയിൽ മറയില്ലാതെ നടന്ന മുത്തച്ഛനും
മഴവില്ലു കണ്ടു മോഹിച്ച കുട്ടിയും
കരഞ്ഞു പോയ്
എത്ര മഴ കൊണ്ടാലും
മഴയെയറിയില്ല മനുഷ്യൻ
-മുനീർ അഗ്രഗാമി

കണ്ണിലവ പച്ചകുത്തിയിരിക്കുന്നു

കണ്ണിലവ പച്ചകുത്തിയിരിക്കുന്നു
........................................................................

ജലം ചെയ്തതെന്തെന്ന്
ഇനിയാരും ആർക്കും പറഞ്ഞു കൊടുക്കേണ്ട
കണ്ണിലവ പച്ചകുത്തിയിരിക്കുന്നു
കുടിക്കാനെടുത്ത
വെള്ളത്തിനോടു ഞാൻ ചോദിച്ചു:
എന്നാലും
നീയങ്ങനെ ചെയ്തുവോ ?
സങ്കടം കൊണ്ടാവണം
നാവിലിറ്റുമ്പോൾ അതത്രയും
തണുത്തിരുന്നു

ജലം എന്റെ ഉയിരിലൂടെ ഒഴുകുമ്പോൾ
ഓർമ്മകളുടെ വേദനയിൽ തടഞ്ഞ്
അല്പനേരം നിന്നു.
ഷട്ടർ തുറക്കാതെ അതൊഴുകിപ്പരന്നു
കണ്ണിനും കവിളിനും മാത്രമതറിയാം
മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും ഓർത്ത്
ജലം എന്തൊക്കെയോ ചെയ്യുന്നുണ്ട്
മരിച്ചവർക്കു വേണ്ടി
മണപ്പുറത്തതു വന്നിരിക്കുന്നു
ജീവിച്ചിരിക്കുന്നവർക്കു വേണ്ടി
സ്നേഹത്തിന്റെ കണ്ണുകളിൽ
അതു നിറഞ്ഞിരിക്കുന്നു.
എങ്കിലും
ജലം എന്റെ കൂട്ടുകാരനാണ്
വഴിമാറി ഒഴുകുമ്പോൾ
അവനെ കുറിച്ച്
എന്നോടു ചോദിക്കരുതേ !
- മുനീർ അഗ്രഗാമി

മുകളിൽ

മുകളിൽ
..........................
ഉയർന്നുയർന്ന്,
കയറി വരില്ലെന്നു കരുതി
നാമുണ്ടാക്കിയ പാലത്തിനും
തൂക്കുപാലത്തിനും മുകളിൽ പുഴ.
നമ്മുടെ സന്ദർശനംപോലും
അത് റദ്ദ് ചെയ്തിരിക്കുന്നു

പുഴ ദളിതനാണ്
ആദിമനിവാസി
കാലങ്ങളായി ആഴത്തിൽ മുറിവേറ്റവൻ
പുതിയ ജലപ്രവാഹമായി
അവൻ വന്നിരിക്കുന്നു
നാമവനെ താഴോട്ടു നോക്കി നിന്ന
എല്ലായിടത്തും അവനാണ്
ജലം അവന്റെ മുദ്രാവാക്യം
നാമുണ്ടാക്കിയ ഒരളവുകൊണ്ടും
അളന്നു തീരാതെ
അവൻ ഒഴുകുന്നു
അവൻ അവനാകുന്നത്
ആർക്ക് സഹിക്കാൻ പറ്റും ?
കുറച്ചു നേരത്തേക്കായാലും
അവനൊഴുക്കിക്കളഞ്ഞു ,
നമ്മുടെ അഹന്ത!
- മുനീർ അഗ്രഗാമി

പ്രണയഗണിതം

പ്രണയഗണിതം
............................
ഞാനും നീയും
പുഴയുടെ രണ്ടു കരകൾ
പുഴ = ചുംബനം.
പുഴ നിറഞ്ഞിരിക്കുന്നു,
നാം ആഗ്രഹിച്ച മഴ കൊണ്ട് .
* * *
ഞാൻ എന്ന വാക്കിനെ
നീ എന്ന വാക്കു കൊണ്ട്
ഗുണിക്കുന്നു
നാം എത്തിച്ചേർന്ന ഉത്തരത്തിൽ
കടലിരമ്പുന്നു
സന്ധ്യ കടലിനെ
വെളിച്ചം കൊണ്ടു ഗുണിക്കുന്നു
നാമതു കണ്ട് മതി മറന്ന്
ഇരുന്നു പോയി.
രാത്രിയായി.
രണ്ടു നക്ഷത്രങ്ങളായി .
* * *
ഇപ്പോൾ കിട്ടിയ സമയത്തിൽ നിന്ന്
പഴയ കാലത്തെ
മൂന്നു വട്ടം കുറയ്ക്കണം
നിനക്ക്
എന്നിലെത്താൻ
വയലിൽ നിന്ന്
ഫ്ലാറ്റിനേയും മൈതാനത്തെയും
കുറയ്ക്കാൻ ശ്രമിച്ചു
ആരും സമ്മതിച്ചില്ല
അതിനാൽ മറ്റൊരു കാലം
ഞാൻ
വയലിൽ ഒരു നെൽച്ചെടിയായും
നീ ഫ്ലാറ്റിലെ ഷോകേസിൽ
ഒരലങ്കാര വസ്തുവായും പുനർജനിച്ചു .
* * * *
ആകെയുള്ള ഉണർവ്വിനെ
ഉറക്കം കൊണ്ട് ഹരിച്ച്
ഞാനെടുത്തു വെച്ചു
നീ വരുമ്പോൾ കാണിക്കാൻ
മറ്റൊരു നേരം ഉണ്ടായിരുന്നില്ല
കണ്ടപ്പോൾ
നീ പനിനീർപ്പൂപോലെ
ശരിക്കും വിടർന്നു ചുമന്നു
ഭൂലോകത്ത് ഇന്നോളമില്ലാത്ത
ശരിയായി.
- മുനീർ അഗ്രഗാമി

ഒരുമ്മ കൊണ്ട്

ഒരുമ്മ കൊണ്ട്
..............................
എല്ലാ വ്യഥകളും
അട്ടിയട്ടിയായി വെച്ച്
അതിനു മുകളിലിരിക്കുന്നു
ഒരാൾ.
പുഞ്ചിരി മാത്രമയാൾക്ക് കൂട്ട്
ഒരു കരച്ചിൽ
അയാളെ പിടിക്കാൻ വരുന്നു
ഒരുമ്മ കൊണ്ട്
അയാളതിനെ നേരിടും
അയാളാകുവാൻ ശ്രമിച്ച്
വ്യഥകൾ അടുക്കാനാവാതെ
പണിതീരാത്ത വീടുപോലെ
ഒരിടത്തിൽ
ഞാൻ കാടുപിടിച്ചു നിൽക്കുന്നു
എങ്ങനെയായിരിക്കും
അയാളതിനു മുകളിൽ കയറിയിട്ടുണ്ടാവുക ?
വ്യഥകൾ അട്ടിവെയ്ക്കാതെ
അതിൻ മുകളിൽ ചവിട്ടിക്കയറാതെ
അയാളിലേക്ക്
മറ്റുവഴികളില്ല
അയാളിപ്പോൾ
എന്നെ നോക്കി പുഞ്ചിരിക്കുന്നു
നടത്തം പഠിക്കുന്ന
കുഞ്ഞിനെ നോക്കുമ്പോലെ .
-മുനീർ അഗ്രഗാമി

അഞ്ചാമത്തെ തുമ്പി

അഞ്ചാമത്തെ തുമ്പി
....................................
നാലാമത്തെതുമ്പിയെ അവൾ പിടിച്ചു
അഞ്ചാമത്തെ തുമ്പിയെ
നാളെ പിടിക്കാമെന്നൊരേ ചിന്ത തുഴഞ്ഞ്
രാത്രി കടന്നു വന്നപ്പോഴേക്കും
പൂന്തോട്ടവും പുൽമേടും കത്തിപ്പോയി

രണ്ട് ഹെലിക്കോപ്റ്ററുകൾ
ബോംബിട്ടു കൊണ്ടിരുന്നു
ജനാലയ്ക്കു പിന്നിൽ നിന്നു പേടിക്കുമ്പോൾ
തീയുടെ വിരലുകൾ
തേടിക്കൊണ്ടിരുന്നത് അവൾ കണ്ടു
പുറത്തേക്കു നീണ്ട ചിറകുകൾ
തീ പിടിച്ചു ,കരിച്ചു കളഞ്ഞു
ഇനി പുറത്തിറങ്ങാൻ വയ്യ
അമ്മയുടെ ഒരിലയിൽ അവൾ
അനങ്ങാതെ ഇരുന്നു
അഞ്ചാമത്തെ തുമ്പിയെ പോലെ .
- മുനീർ അഗ്രഗാമി
തുറന്നു വെയ്ക്കണേ
നിന്നോർമ്മകളേതിരുട്ടിലും,
പിണങ്ങിപ്പോയാലുമെനിക്കു
തിരിച്ചെത്തുവാൻ .
- മുനീർ അഗ്രഗാമി

പുഴവക്കത്ത്

പുഴവക്കത്ത്
.....................
തൊടുമ്പോൾ വാടുന്ന
ഇലയാണ് ഉടൽ മുഴുവൻ
തൊടാതെ തെട്ടടുത്ത് നിൽക്കണേ
വെളിച്ചം നിൽക്കുമ്പോലെ.

പ്രതിരോധിക്കാൻ
മറന്നു പോകും
മുള്ളുകൾ.
പുഴവക്കത്ത്
പൂവിടാനായ്
ഇത്തിരി നേരമിരുന്നതാണ്
ഒഴുക്കിന്റെ തെളിച്ചമേ
ഉടൽ തളിർക്കുന്നു
വേരുകളിലെവിടെയും
നിന്നിലേക്കുള്ള വഴികൾ
കരയിലേക്ക് കയറല്ലേ
തൊടല്ലേ
വാടുവാൻ വയ്യ
നിന്നെയിങ്ങനെ
കണ്ടു കൊണ്ടിരിക്കുമ്പോൾ .
-മുനീർ അഗ്രഗാമി

ഉത്തമഗീതം

ഉത്തമഗീതം
....................
ഭരണിപ്പാട്ടിന്റെ ഒരു വരി
മതിലകത്തു നിന്നും
പുറത്തു കടന്ന്
ഉത്തമൻ വായിക്കാനെടുത്ത
പുസ്തകത്തിലിരുന്നു

ഉത്തമൻ കണ്ണടച്ചു
സ്വയം നിർമ്മിച്ച ഇരുട്ടിലിരുന്ന്
മറ്റെന്തോ ഉരുവിട്ടു
അതൊരു
ഉത്തമമായ
ഗീതം പോലെ തോന്നി;
ഉത്തമന് മാത്രം .
ചരിത്രവും വർത്തമാനവും
ഉത്തമനെ തൊടാതെ
വെളിച്ചമായ്
തൊട്ടടുത്തു നിന്നു
- മുനീർ അഗ്രഗാമി
കേൾവി
ഒരനുഗ്രഹമാണ്
നിന്റെ ശബ്ദവീചികൾ
അത്യനുഗ്രഹവും .
- മുനീർ അഗ്രഗാമി

പുലി

പുലി
........
മൂന്നാമത്തെ ആടിനെയും
പുലി പിടിച്ചു
അടച്ചുറപ്പില്ലാത്ത കൂട്ടിലേക്ക്
ഒന്നാമത്തെ ആടിന്റെ
മരണമായി ആദ്യം പുലി വന്നു
മരണത്തിന്റെ ആത്മാവായി
ആരും കാണാതെ
ഇരുളിൽ മറഞ്ഞു.

മേച്ചിൽപ്പുറത്തേക്ക്
സൂര്യ വെളിച്ചത്തിൽ മറഞ്ഞിരുന്ന
ഒരു നക്ഷത്രം നോക്കവേ,
അനേകം ആടുകൾ
കുറിഞ്ഞിപ്പൂക്കളായ്
ഇളകുമ്പോഴാണ്
രണ്ടാമത്തെ ആടിനെ
പിടിച്ചത്.
പുലി വന്നതിനോ പോയതിനോ
ആടിന്റെ രക്തമല്ലാതെ
മറ്റു തെളിവുകളില്ല
രക്തം ചിന്തി മരിച്ചെന്ന വിധിയിൽ
പുലി ഭാവിയിൽ രക്ഷപ്പെടാം
നിയമം ആടുകൾക്കൊപ്പം
മേയാത്ത കാലത്തോളം.
രാത്രിയിൽ ,
അടച്ചുറപ്പുണ്ടെന്നു വിചാരിച്ച
കൂടുതകർത്താണ്
മൂന്നാമത്തെ ആടിനെ കൊണ്ടുപോയത്
രാവിലെ ,
സുരക്ഷിതമെന്നു വിചാരിച്ചതെല്ലാം
തകരുമ്പോലെ തോന്നി.
ദേശം മുഴുവൻ
ഇപ്പോൾ
പേടിയുടെ കാല്പാടുകൾ...
പുലിപ്പേടിയിൽ
പുലിയെത്ര ?എന്നു ചോദിച്ചു
'പയറഞ്ഞാഴി' എന്ന മറുപടി മാത്രം കേട്ടു.
അപ്പോൾ ഉത്തരത്തിന്
ഉടലിൽ പുള്ളികളും
വാലുമുണ്ടെന്നു തോന്നി.
- മുനീർ അഗ്രഗാമി