റിപ്പബ്ലിക്ക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം

റിപ്പബ്ലിക്ക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം
...........................
മാവ് ഒരു റിപ്പബ്ലിക്കാണ്
ഇന്നത് പൂത്തിരിക്കുന്നു
പൂക്കളും തേനീച്ചകളും
ചെറു പ്രാണികളും
ഈ ദിനമാഘോഷിക്കുന്നു

മാവ് ഒരു പരമാധികാര രാഷ്ട്രമാണ്
കൃത്യമായ അതിരുകളുള്ളത്
ആഴത്തിൽ വേരുകളുള്ളത്
പാരമ്പര്യമുള്ളത്
ഉയരത്തിൽ ശിഖരങ്ങളുള്ളത്
കണിശമായ നിയമമുള്ളത്
ഓരോ ഇലകൾക്കും
സ്വാതന്ത്ര്യമുള്ളത്

വെയിൽച്ചൂടിനെ തണലാക്കി മാറ്റുന്ന
ഒരു ഭരണഘടന മാവിനുണ്ട്
എന്റെ കുട്ടിക്കാലം
ആ രാജ്യത്തായിരുന്നു
ചുളിഞ്ഞ തൊലിയിൽ
അതിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു

ഇന്നതൊരു മഴുവിനെ പേടിക്കുന്നുണ്ട്
മഴുവിന്റെ പര്യായങ്ങൾ അതിനറിയില്ല
മഴുവിന്റെ ഉപമകളും അതിനറിയില്ല

- മുനീർ അഗ്രഗാമി

No comments:

Post a Comment