നീണ്ടകടൽ

നീണ്ടകടൽ
......................
വെളിച്ചം ജലമായി ഇളകുന്നു
വാഹനത്തിരകളിരമ്പുന്നു
നീണ്ടുനീണ്ടു പോകും കടലായ് റോഡ്
നിഴലുകൾ പെരുംമീനുകൾ
അവ്യക്തമായവ മിന്നിമറയുന്നു
ചാളപ്പൊൽപ്പുപോൽ
ഒരു ജാഥ കടന്നു പോയി
ഞണ്ടുകൾ ജെ സി ബികൾ
ചില്ലിട്ട ജെല്ലി ഫിഷ്
കാറു വിഴുങ്ങി നീന്തുന്ന തിമിംഗിലം
ഞാനൊരു
കടൽക്കുതിരപ്പുറത്തെന്ന പോൽ
കുതിക്കാതെ
കുളമ്പടിയില്ലാതെ
ഒരരികിൽ നിന്നു
രാത്രി,
തീരമായ് കറുത്ത മണലിൽ
മലർന്നു കിടക്കുന്നു
വയ്യ
കടലു മുറിച്ചുകടക്കുവാൻ
ചിറകില്ലാത്തവന്.
പരിണാമത്തിൽ
എന്നോർമ്മയുടെ ഒരു പഴയ ബിന്ദുവിൽ
ഇക്കടലു തോടായിരുന്നു
അന്നു ഞാനെത്ര
അനായാസമിത്
മുറിച്ചു കടന്നിരുന്നു!
-മുനീർ അഗ്രഗാമി

No comments:

Post a Comment