കുറുക്കൻ
..................
ഒളിവിൽ കഴിയാൻ ഒരിടമില്ല
ഒരു പ്രസ്ഥാനങ്ങളുടെയും
പിൻബലമില്ല
രാത്രിയുടെ മറവിൽ
നടക്കാൻ ശ്രമിച്ചു
സി സി ടി വി യിൽ പതിഞ്ഞു
ഇരുട്ടിന് ഇരുട്ടില്ലെന്നറിഞ്ഞ്
തിരിച്ചു നടന്നു.
തോട്ടുവക്കത്തെ കൈതക്കാട്
മുഴുവനും മുറിച്ചു
തോടിനിരുവശവും കല്ലുപാകി
പാമ്പോ കുളക്കോഴിയോ
ഞാനോ പിന്നെ
കൈത കാണാൻ വന്നില്ല.
വയൽ വരമ്പിലൂടെ നടന്നു
ഒന്നും കിട്ടിയില്ല
വെറുതെ ഒന്നു കൂവി
കൂട്ടുകാരാരും തിരിച്ചു കൂവിയില്ല
ഒറ്റയാണെന്നു ബോദ്ധ്യമായി
പണ്ടു ഞങ്ങൾ 
ഒരുമിച്ചു കൂവിയതിന്റെ പച്ചപ്പ് 
ഈ വയലിലെവിടെയോ
മറഞ്ഞിരിക്കുന്നുണ്ട്
കൃഷിയിറക്കിയാൽ
അവ തിരിച്ചു വന്നേക്കും
ഞണ്ടും മണ്ണട്ടകളും വരാലും
ചിലപ്പോൾ ആ ഒച്ചകളിലിരിക്കാൻ 
മത്സരിച്ചേക്കാം 
ഒളിവ്
ഒരു സർഗ്ഗാത്മകതയാണ് .
ഒരിത്തിരി കാടു തരൂ
ചിലപ്പോൾ അത്
പുഷ്പിച്ചേക്കും
മരുന്നടിച്ചു തകർത്ത കാടുകളിൽ
തീയിട്ടു കരിച്ച കാടുകളിൽ
വെട്ടിവിറകാക്കിയ കാടുകളിൽ
 കരിഞ്ഞ ഒരു പാതയുണ്ട് 
മാറ്റങ്ങളില്ലാതെ
ഇപ്പോഴതിലെ പോകല്ലേ
ഇടതൂർന്ന മരക്കാട്ടിലൂടെ
ഒരു മരം കടന്ന്
മറ്റൊരു മരം തൊടാതെ
നടക്കുന്നതിന്റെ ലഹരി
നിങ്ങൾക്കറിയില്ല .
- മുനീർ അഗ്രഗാമി

No comments:

Post a Comment