എന്താണ് കവിത

എന്താണ് കവിത
................................
എന്താണ് കവിത
എന്നൊരു ചോദ്യം പറന്നു വന്നു
ഉദ്യാനത്തിൽ ഒറ്റപ്പെട്ട ഒരാൾ
അല്പനേരം കയ്യിലെടുക്കുകയും
മണക്കുകയും ചെയ്ത്
ഉപേക്ഷിച്ച ഒരു പൂവിൽ
ചെന്നിരുന്നു
അയാളെ തിരഞ്ഞു ,
അയാൾക്കൊപ്പം നടന്നു
തെരുവിൽ അയാളുടെ
കറുത്ത ഉടലിലിരുന്ന്
വിശപ്പു മാറിയോ
എന്നു ചോദിച്ചു
അയാളുടെ കണ്ണീരുപറ്റി
നനഞ്ഞ ചുണ്ട്
തുടയ്ക്കാതെ പറന്നു
മുനിസിപ്പാലിറ്റി മുറിക്കുവാൻ വെച്ച
മാമരത്തിൽ
തലകീഴായി കിടന്നു
സംഭവിക്കുന്നതെല്ലാം
തിരിച്ചു കണ്ടു
വേതാളമായി അല്പനേരമിരുന്നു
അശരീരിയായി
നൂറ്റാണ്ടുകൾ പിന്നിലേക്കു പറന്നു
അവിടെ മരത്തിൽ
കൊക്കുരുമ്മുന്ന
രണ്ടു പക്ഷികളിലൊന്നിൽ നിന്ന്
മറ്റൊന്നിലേക്ക് ഒഴുകി
അന്നേരം ചീറിവന്ന ഒരമ്പിനാൽ
പിടഞ്ഞു വീണ കിളിയിൽ നിന്നും
അരുതേ എന്നൊരു വിളിയിൽ കയറി
ഒരു മനുഷ്യന്റെ ചുണ്ടിൽ വന്നിരുന്നു
അല്പനേരം കരഞ്ഞു
വീണ്ടും അമ്പുകൾ വന്നുകൊണ്ടിരുന്നു
വാളുകൾ വീശിക്കൊണ്ടിരുന്നു
ആരും ബാക്കിയാവാത്ത
യുദ്ധഭൂമിയിൽ
അത് ഉത്തരമില്ലാതെ
അനാഥമായി നടന്നു
വെടിയുണ്ടകൾ ചീറി വന്നു
ബോംബുകൾ വീണു
ലോകം ഇടിഞ്ഞു പൊളിഞ്ഞ
കെട്ടിടമായി
അതിനിടയിൽ നിന്ന്
അതെഴുന്നേറ്റു നിന്നു
ശ്വാസം ബാക്കിയായ
ഒരു കുഞ്ഞിന്റെ വിരലിൽ പിടിച്ചു .
എന്താണ് കവിത?
എന്ന ആ ചോദ്യം
ആ കുഞ്ഞിനൊരുമ്മ കൊടുത്തു
അതിന്റെ മുറിവുകളിൽ
മരുന്നു പുരട്ടി.
ഇതേതു രാജ്യമാണ് ?
മറ്റെവിടെ നിന്നോപറന്നു വന്ന
ഷെല്ലിന്റെ ചീളുകൾ ചോദിച്ചു
അതിരുകൾ കാണാത്തതിനാൽ
അതു പറഞ്ഞു ,
അറിയില്ല
അറിയില്ല!
-മുനീർ അഗ്രഗാമി

No comments:

Post a Comment