ഒറ്റയല്ലാതാവുന്നതിന്റെ കാരണങ്ങൾ

ഒറ്റയല്ലാതാവുന്നതിന്റെ കാരണങ്ങൾ
................................................................
ഹോസ്റ്റൽ മുറിയിൽ
 ഒറ്റയ്ക്കാണെന്നു നീയും
അല്ലെന്നു ഞാനും തർക്കിച്ചു
ഒറ്റപ്പെടാത്തതിന്റെ രഹസ്യം
എനിക്കറിയാം
ഞാൻ നിന്റെ ഉറക്കത്തിന്റെ തീരത്ത്
നിന്നെ നോക്കിയിരിക്കുന്നതു
കൊണ്ടൊന്നുമല്ല
നീ,നിനക്കൊപ്പമിരുന്ന്
മറ്റാരും കേൾക്കാതെ
എന്നെ കുറിച്ച്
പറയുന്നതു കൊണ്ടുമല്ല,
ഒറ്റയാവാതിരിക്കുന്നത്

നിന്റെ ഹോസ്റ്റൽ മുറിയിൽ
നീ കിടക്കുന്നിടത്ത്
നിന്റെ അതേ പ്രായത്തിൽ
എത്ര പേർ കടന്നിട്ടുണ്ടാകും!
അവരുടെ ചിരികൾ
അവരുടെ കണ്ണീർ
അവരുടെ സ്വപ്നത്തിന്റെ നേർത്ത തരികൾ
എല്ലാം നിന്നിൽ പാറി വീഴുന്നുണ്ടാവണം

എഴുന്നേൽക്കാൻ വിചാരിച്ചിട്ടും
അവ നിന്നെ
കിടക്കയിൽ പിടിച്ചു കിടത്തുന്നുണ്ടാവണം
ഉറങ്ങാൻ വിചാരിച്ചിട്ടും
ഉറങ്ങാൻ സമ്മതിക്കാതെ
അവ നിന്നോടെന്തോ പറയുന്നുണ്ടാവണം

ഒരിക്കൽ താമസിച്ചവരെ
വാർഡൻ ഇറക്കിവിട്ടാലും
അവരുടെ നിശ്വാസങ്ങൾ
ഇറങ്ങിപ്പോകുമോ ?
വെക്കേറ്റ് ചെയ്ത് പോയാലും
പോകാനാവാതെ
അവരുടെ സ്വപ്നങ്ങൾ
അവിടെ ഒളിച്ചിരിക്കില്ലേ ?

അവരെവിടെ പോയാലും
അവരുടെ മനസ്സിൽ നിന്നൊരു കിളി
നിത്യവും ഈ മുറിയിൽ വന്നിരിക്കില്ലേ?
നീ വന്നപ്പോൾ
അവ നിന്നിൽ താമസിക്കാൻ
തുടങ്ങിയിരിക്കും
നമുക്കൊരേ പ്രായമെന്നവ
നിന്റെ ചെവിയിൽ
മൂളുന്നുണ്ടാവും

ദൂരത്തിന്റെ ഞരമ്പുകളിലൂടെ
ഞാൻ നിന്റെ രക്തത്തിൽ
പടരുന്ന പോലെ
അവർ നിന്റെ ജീവനിൽ
ലയിച്ചിരിക്കാം
ഒറ്റയല്ല നീ
ഞാനും
ഞാവൽമരവുമൊറ്റയല്ല
കിളികളുടെ ഓർമ്മയിൽ
മരം ഒറ്റയ്ക്ക് നിന്നിട്ടും
ഒറ്റയല്ലാത്ത പോലെ
നീ ഒറ്റയാവില്ല
മുമ്പേ പോയവരുടെ
മൗനവും മധുരവും
നിന്നിലൂറുന്ന ഋതുവിൽ
നീ ഒറ്റയല്ല
ഞാനൊറ്റയാകുമ്പോൾ
ഒറ്റയല്ലെന്നു പറയാൻ
നീ എന്റെ ഇരുട്ടിന്റെ കറുപ്പിൽ
മൊണാലിസയായി ഉദിക്കുന്നു
പകലിന്റെ വെൺമയിൽ
ഒഫീലിയയായി
എന്റെ ജലത്തണുപ്പിൽ
ശയിക്കുന്നു.

കൗമാരത്തിൽ കേട്ട
ഒരു പാട്ടിന്റെ വരികളായ്
എന്റെ വേനലിൽ കുളിരുന്നു
ഇപ്പോൾ നിന്നെ വിളിക്കാൻ വന്ന
വെളിച്ചം ഞാനാണ്
സൂര്യനതു നിന്നോട് പറഞ്ഞില്ല
എന്നേയുള്ളൂ
എല്ലാ ഹോസ്റ്റൽ മുറികളും
ഇരുട്ടാണ്
നീ ഉണർന്നിരിക്കുമ്പോളൊഴികെ .
-മുനീർ അഗ്രഗാമി

No comments:

Post a Comment