കലോത്സവം

 കലോത്സവം
........................
തണുപ്പിനൊപ്പം നടന്നു വന്ന രാത്രി,
ബദാംമരക്കൊമ്പിലിരുന്നു
നാടകം കാണുന്നു
ഞങ്ങൾ ചെന്നു നോക്കുമ്പോൾ
സി സോണിൽ,
നേരമെല്ലാം നേരെ
പുലരിയിലേക്ക് നടക്കുന്നു
നൂറു നൂറു പേരതു നോക്കി
നിന്നു രസിക്കുന്നു
താഴെ
കുത്തി നിർത്തിയ കാലുകളിൽ കയറി
ട്യൂബ് ലൈറ്റുകൾ
നാക്കു നീട്ടി നിൽക്കുന്നു
താഴെ
കമിഴ്ന്നു നിൽക്കും
കരിമ്പാറയുടെ പുറത്ത്
ഞങ്ങൾ കയറി നിന്നു
സത്യക്കുടയില്ല കയ്യിൽ
മൊബൈൽ ഫോണുകൾ
നെറ്റിപ്പട്ട മല്ല തിളങ്ങിയത്
ഇടയ്ക്ക് ഫ്ലാഷു മിന്നി
പെട്ടെന്ന് വേദിയിൽ നിന്നും ഒറ്റമുലച്ചി
വയലിലേക്കിറങ്ങുന്നു;
കാണികൾ തലയാട്ടുന്ന
ഞാറിൻ തലപ്പുകളായ്
ഉയർന്നു നോക്കുന്നു
നാടകത്തിൽ നിന്നാരും തുണയില്ലാ
നാട്ടുമൊഴികൾ
വയൽ വരമ്പിലൊറ്റയായ്
കൊറ്റിയായ് നടക്കുന്നു
കാണികളിലാരുടെ
മനസ്സതുകൊത്തി വിഴുങ്ങും ?
വെളിച്ചം പരൽ മീനിനെ പോൽ പല നിറത്തിൽ
മിന്നി മറയുന്നു
നിറഞ്ഞ ജലസമൃദ്ധിയിൽ
തവള കരയുന്നു
കാഴ്ചകളതിൽ തട്ടി
ചിതറിത്തെറിക്കുന്നു.
നാടകം മാറുന്നു
വയലില്ല വരമ്പില്ല
ഫ്ലാറ്റു മാത്രം നിൽക്കുന്നു
ഒറ്റയായവരൊന്നിച്ച്
വാക്കായ് ഉരുകുന്നു
മറ്റൊരു വേദിയിൽ നിന്നൊരു
നാടൻപാട്ട് മലയിറങ്ങുന്നു
മുളവാദ്യങ്ങളിൽ
വായ്ത്താരിയിലതു
ചെവി തേടിയലയുന്നു
ഇരുട്ടിന്റെ വിരലുകൾ
പൊഴിയുമിലകളിൽ
താളം പിടിക്കുന്നു
നാടകം തീരുന്നു
നാടൻപാട്ട് തുടരുന്നു
ഒട്ടുനേരം കാട്ടിലാവുന്നു
ഒട്ടുനേരം കടപ്പുറത്ത്
ഒട്ടുനേരം കായലിൽ
കറുപ്പിൽ കറുപ്പിന്റെ വെളുപ്പിൽ
പാട്ടുദിച്ചുയരുന്നു
ഉടനെ
രാവു പറന്നു പോയ്
മരക്കൊമ്പിലില പൊഴിഞ്ഞ
ഞെട്ടിൽ
പാട്ടുകളിലകളായ്,
മരമൊന്നു കലുങ്ങി
കാറ്റു പോലും വന്നു നോക്കി
രാവിലിപ്പോൾ
രാവില്ല,
രാവില്ല
പാട്ടു മാത്രം
പാട്ടിൽ നാടു മാത്രം
നാട്ടിൽ താളം മാത്രം
താളത്തിൽ ഒരുമ മാത്രം
ഒരുമയിൽ
ഒരു മയിലാട്ടം.
എല്ലാരുമിപ്പോൾ മയിൽപ്പീലികൾ
പീലിക്കണ്ണിലിരുന്ന്
കുട്ടികൾ പാടുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment