കലോത്സവം

 കലോത്സവം
........................
തണുപ്പിനൊപ്പം നടന്നു വന്ന രാത്രി,
ബദാംമരക്കൊമ്പിലിരുന്നു
നാടകം കാണുന്നു
ഞങ്ങൾ ചെന്നു നോക്കുമ്പോൾ
സി സോണിൽ,
നേരമെല്ലാം നേരെ
പുലരിയിലേക്ക് നടക്കുന്നു
നൂറു നൂറു പേരതു നോക്കി
നിന്നു രസിക്കുന്നു
താഴെ
കുത്തി നിർത്തിയ കാലുകളിൽ കയറി
ട്യൂബ് ലൈറ്റുകൾ
നാക്കു നീട്ടി നിൽക്കുന്നു
താഴെ
കമിഴ്ന്നു നിൽക്കും
കരിമ്പാറയുടെ പുറത്ത്
ഞങ്ങൾ കയറി നിന്നു
സത്യക്കുടയില്ല കയ്യിൽ
മൊബൈൽ ഫോണുകൾ
നെറ്റിപ്പട്ട മല്ല തിളങ്ങിയത്
ഇടയ്ക്ക് ഫ്ലാഷു മിന്നി
പെട്ടെന്ന് വേദിയിൽ നിന്നും ഒറ്റമുലച്ചി
വയലിലേക്കിറങ്ങുന്നു;
കാണികൾ തലയാട്ടുന്ന
ഞാറിൻ തലപ്പുകളായ്
ഉയർന്നു നോക്കുന്നു
നാടകത്തിൽ നിന്നാരും തുണയില്ലാ
നാട്ടുമൊഴികൾ
വയൽ വരമ്പിലൊറ്റയായ്
കൊറ്റിയായ് നടക്കുന്നു
കാണികളിലാരുടെ
മനസ്സതുകൊത്തി വിഴുങ്ങും ?
വെളിച്ചം പരൽ മീനിനെ പോൽ പല നിറത്തിൽ
മിന്നി മറയുന്നു
നിറഞ്ഞ ജലസമൃദ്ധിയിൽ
തവള കരയുന്നു
കാഴ്ചകളതിൽ തട്ടി
ചിതറിത്തെറിക്കുന്നു.
നാടകം മാറുന്നു
വയലില്ല വരമ്പില്ല
ഫ്ലാറ്റു മാത്രം നിൽക്കുന്നു
ഒറ്റയായവരൊന്നിച്ച്
വാക്കായ് ഉരുകുന്നു
മറ്റൊരു വേദിയിൽ നിന്നൊരു
നാടൻപാട്ട് മലയിറങ്ങുന്നു
മുളവാദ്യങ്ങളിൽ
വായ്ത്താരിയിലതു
ചെവി തേടിയലയുന്നു
ഇരുട്ടിന്റെ വിരലുകൾ
പൊഴിയുമിലകളിൽ
താളം പിടിക്കുന്നു
നാടകം തീരുന്നു
നാടൻപാട്ട് തുടരുന്നു
ഒട്ടുനേരം കാട്ടിലാവുന്നു
ഒട്ടുനേരം കടപ്പുറത്ത്
ഒട്ടുനേരം കായലിൽ
കറുപ്പിൽ കറുപ്പിന്റെ വെളുപ്പിൽ
പാട്ടുദിച്ചുയരുന്നു
ഉടനെ
രാവു പറന്നു പോയ്
മരക്കൊമ്പിലില പൊഴിഞ്ഞ
ഞെട്ടിൽ
പാട്ടുകളിലകളായ്,
മരമൊന്നു കലുങ്ങി
കാറ്റു പോലും വന്നു നോക്കി
രാവിലിപ്പോൾ
രാവില്ല,
രാവില്ല
പാട്ടു മാത്രം
പാട്ടിൽ നാടു മാത്രം
നാട്ടിൽ താളം മാത്രം
താളത്തിൽ ഒരുമ മാത്രം
ഒരുമയിൽ
ഒരു മയിലാട്ടം.
എല്ലാരുമിപ്പോൾ മയിൽപ്പീലികൾ
പീലിക്കണ്ണിലിരുന്ന്
കുട്ടികൾ പാടുന്നു.
- മുനീർ അഗ്രഗാമി

ജീവിക്കുന്നു

പുതുകവിത - 44
ജീവിക്കുന്നു
.......................
കെട്ടുപോയ വെളിച്ചത്തിലിരുന്ന്
ഒരാൾ വീണ്ടും വായിക്കുന്നു,
ജീവിക്കുന്നു എന്നൊരു വാക്ക്
- മുനീർ അഗ്രഗാമി

കരിയിലക്കടുവകൾ

കരിയിലക്കടുവകൾ
..................................
എന്റെ മുറ്റത്ത് 
ഇന്നലെ രാത്രി
ഒരു മഴ നടന്നു പോയതിന്റെ 
പാടുകൾ നോക്കൂ

അതിന്നോർമ്മയിൽ
 കരിയിലക്കടുവകൾ
വിശ്രമിക്കുന്നു

അവയുടെ പുറത്തെ 
മഞ്ഞ വരകളിൽ 
രാത്രിയുടെ ഓർമ്മ 
നനഞ്ഞു കിടക്കുന്നു .

-മുനീർ അഗ്രഗാമി 




വാക്കിന്റെ ഊക്കിനാൽ

വാക്കിന്റെ ഊക്കിനാൽ
............
മിണ്ടരുത് !
ആയുധങ്ങൾ പറഞ്ഞു
അവയുടെ മൂർച്ചയിൽ
നിശ്ശബ്ദത കിടന്നു,
ഭയം ചിരിച്ചു

ആദ്യം
ഇണക്കിളികളിലൊന്നിനെ
നിശ്ശബ്ദമാക്കിയ
അമ്പിനോടൊരു വാക്കേ
എതിർത്തുള്ളൂ.

ആദ്യകാവ്യത്തിലേക്ക്
നടന്നതാ വാക്കിൻ വെളിച്ചത്തിൽ
മാത്രം;
അവസാന കാവ്യത്തിലും
വാക്കണയില്ല.

വാക്കിന്റെ ഊക്കിനാൽ തന്നെ
അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കും
ചെളിയിൽ നിന്നും
തെളിയിലേക്കും .

ആയുധമൊരു
പരിണാമ ജീവിയാണ്.
ജീവനെടുക്കുവാനായ്
ജനിക്കുന്നത് .

മിണ്ടരുത്
എന്നൊരിരുണ്ട വാക്ക്
മുഖത്തടിക്കുമ്പോൾ
പല വാക്കുകൾ പിറന്ന്
സൂര്യനാവുന്നു
പലയിടങ്ങൾ പ്രകാശിക്കുന്നു

അസ്തമിക്കാത്ത പകൽ
കവിതയാകുന്നു 
വാക്കുകൾ പ്രകാശിക്കുമ്പോൾ 

- മുനീർ അഗ്രഗാമി

സഖാ

സഖാ
..........
നാവറുത്തിട്ട വാക്കിന്റെ
തണലിലുണ്ടായിരം പേർ
നോവറിയാതെ ധീരരായ്
അണിനിരക്കുവാൻ സഖാ !

-മുനീർ അഗ്രഗാമി 

ലൈറ്റ് ഹൗസ്

പുതു കവിത - 43
ലൈറ്റ് ഹൗസ്
........................
ഉപേക്ഷിക്കപ്പെട്ട ലൈറ്റ് ഹൗസിനെ
ഇടയ്ക്ക് വന്നു നോക്കുന്നു,
 അമ്പിളി
വെളിച്ചമിറ്റിക്കുന്നു ചുണ്ടിൽ
ദാഹജലം പോലെ, 
കണ്ണട പോലെ.

കാഴ്ചയില്ലെങ്കിലും
രാത്രിക്കടലിൽ
 അതിനു പരിചയമുള്ള
ചില തുളളികളുണ്ട് .
- മുനീർ അഗ്രഗാമി

രണ്ടു പുഴുക്കൾ

രണ്ടു പുഴുക്കൾ
.............................
രണ്ടു പുഴുക്കൾ ഇഴഞ്ഞു വന്നു
ഒരിലയിലിരുന്നു
കുറച്ചു നേരം തമ്മിൽ
നോക്കിയിരുന്നു
ഒരേ കൊക്കൂൺ
രണ്ടു പേരെയും പൊതിഞ്ഞു
അവരതിനുള്ളിൽ
സന്തോഷത്തിനുള്ളിലെന്നപോലെ
ഒന്നായി ഇരുന്നു
പൂക്കളേ,
കുറച്ചു നാൾ കഴിഞ്ഞ്
ഒരു ശലഭം നിങ്ങളെ കാണാൻ വരും

അതിന്റെ ചിറകുകൾ കണ്ട്
ജീവിതത്തിനിത്രയും
നിറങ്ങളോ എന്ന്
നിങ്ങൾ അത്ഭുതപ്പെടും

അതിന്റെ ഒരു ചിറക് നീയെന്ന്
ഒരു ചിറക് ഞാനെന്
അറിയാതെ
നാം പറഞ്ഞു പോകും.

- മുനീർ അഗ്രഗാമി
പുതു കവിത - 4 2
നാലുമണിപ്പൂവ്
..........................
കാണാതായ പൂവിൽ
നാലുമണിയുണ്ടായിരുന്നു
അതെവിടെയെന്ന്
തിരഞ്ഞ് തിരക്കായി
റോഡ് മുറിച്ചുകടക്കാനാവാതെ
യക്ഷൻ നിൽക്കുന്നു.


- മുനീർ അഗ്രഗാമി

അയാളിൽ

 അയാളിൽ
........................
വീണുപോയ പൂക്കാലം
ഇപ്പോഴും എഴുന്നേറ്റു നിൽക്കുന്ന
ഒരാളെ
ആദ്യമായി കണ്ടുമുട്ടി
പല്ലും നഖവും ഊരിയെറിഞ്ഞ്
ഒരു മഞ്ഞപ്പൂമ്പാറ്റയായി
അയാളിൽ ചെന്നിരുന്നു
ഉമ്മകളേറ്റ്
ഇടയ്ക്കിടെ മുഖം ചുവന്നു
റോസാപ്പൂവായി.
അയാൾക്കൊപ്പം നടന്ന്
സന്ധ്യകൾ പിറന്ന്
ചെമ്പകമായ്.
അയാൾക്കൊപ്പമിരുന്ന്
ഓർമ്മകളുടെ
ഒഴിഞ്ഞ ഇടങ്ങളിൽ മുളച്ച്
മന്ദാരമായി.
അയാളുടെ മടിയിൽ കിടന്ന്
ഓർകിഡുകളായി
പലനിറങ്ങൾ തൂവി.
പറക്കാൻ മറന്നു,
പൂമ്പാറ്റയായ് വന്ന കാര്യം മറന്നു,
പൂവായിരുന്നുപോയി.

അയാളിലെങ്കിലും
വാടാതിരിക്കുമല്ലോ
അയാളിലെങ്കിലും
കൊഴിയാതിരിക്കുമല്ലോ!

- മുനീർ അഗ്രഗാമി

പ്രാർത്ഥനക്കാറ്റ്

പ്രാർത്ഥനക്കാറ്റ് 
...................................
കാറ്റ്
ഏങ്ങിയേങ്ങി
വീശുവാനാവാതെ
നിശ്ചലമായ്
അടുക്കുവാൻ വയ്യ
ആരിലേക്കും ദൈവമേ,
ചുറ്റും മതിലുമായവർ
നിൽക്കുന്നു;
നടക്കുന്നു;
പറയുന്നു.
മതിലുകൾക്കകത്തൊതുങ്ങുവാൻ
നിനക്കാകുമോ ?
എനിക്കാകില്ല
മഴയ്ക്കാകില്ല
മഞ്ഞിനാകില്ല
നിനക്കുമാകില്ല ദൈവമേ!

മുമ്പേ നടന്നവർ
പൊളിച്ചെറിഞ്ഞ
അതിർത്തി രേഖകൾ
തെളിച്ചു വരയ്ക്കയാണവർ
പല നിറത്തിൽ
പഴയതിലും ഭീകരമായ്
വിദ്വേഷത്തുമ്പാൽ

അയിത്തമാണ് ദൈവമേ
കാക്കുമാറാകണം
പുനർജ്ജനിച്ചു വന്നതെന്റെ
കഴുത്തു ഞെരിക്കുന്നു
പ്രാർത്ഥന പോൽ
സങ്കടങ്ങളിങ്ങനെ പറഞ്ഞു
കാറ്റു നിശ്ചലമായ്;

തെരുവിലൊറ്റയായ്
ഒന്നുമറിയാതുറങ്ങും
നാരായണ ഗുരുവിന്റെ പ്രതിമയിൽ
ലയിച്ചു .

-മുനീർ അഗ്രഗാമി

ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണം
..............
ഓ കൂടുതലൊന്നുമില്ല
നവോത്ഥാനം കഴിഞ്ഞ്, 
ഓ നിങ്ങളുടെ വിചാരം പോലെ
പുതിയ ഉദയമെന്നും പറയാം
ഉണർവ്വെന്നും പറയാം
ങാ, അതു കഴിഞ്ഞ്
അല്പനേരം
കറുപ്പായി ചന്ദ്രൻ
പിന്നെ 
അല്പനേരം ചുവപ്പ്,
അല്പനേരം ചാരൻ,
അല്പ നേരം നീല;
അന്നേരം വലുതെന്നു തോന്നിച്ചു
ശരിക്കും തോന്നിച്ചു.

പിന്നെ തിരിച്ചുപോയി
തനിനിറത്തിൽ നിന്നു
ചന്ദ്രൻ.
സോമൻ,
ഹരി,
കലാനിധി,
തരാനാഥൻ
എന്നിങ്ങനെ പല പേരിൽ
ചിരിച്ചുനിന്നു.

തനിനിറത്തിൽ
വെളുത്തു സവർണ്ണനായി
ഒ കറുപ്പേ പോ
ഫ! ചുവപ്പേ പോ,
എണ്ണക്കറുപ്പേ
വഴി മാറെന്ന്
നെഞ്ചുവിരിച്ചു.

നവോത്ഥാനം
ചന്ദ്രനു വെറുമൊരു
ഗ്രഹണമായിരുന്നോ?
അതു കാണാനായ്
അകത്തിരുന്നവരൊക്കെ
ഇപ്പോൾ പുറത്തെത്തിയോ ?

ഓ കൂടുതലൊന്നുമില്ല
നിങ്ങളും ഞാനും
കാണുമ്പോലെ
ചന്ദ്രനതാ നിൽക്കുന്നു
ക്ഷേത്രപ്രവേശനത്തിനു മുമ്പ്
നിന്ന പോലെ
ഗുരുവായൂർ സത്യഗ്രഹത്തിന്
മുമ്പു നിന്ന പോലെ
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്
മുമ്പ് നിന്ന പോലെ
അതേ നില്പ്!

എന്താ ല്ലേ!

- മുനീർ അഗ്രഗാമി

ദി സൗണ്ട് വാലി .

ദി സൗണ്ട് വാലി
............................
ചീവീടുകളുടെ ഉദ്യാനത്തിലിരുന്നു
ഒച്ചകൾ വിടർന്നു
പത്തുമണിയൊരു പാപ്പാത്തിയായി
അവയിലിരുന്നു ചിറകടിച്ചു

ചീവീടൊന്നു നിർത്തുമ്പോൾ
ചിലയൊച്ചകൾ പൊഴിഞ്ഞു
ഇല കൊഴിയുമ്പോലെ വീണ്
അനങ്ങാതിരുന്നു.

പത്തുമണി പറന്നു പോയി
പത്തര ചിറകടിച്ചു വന്നു
മറ്റൊരൊച്ചയിൽ
ഒരറ്റം മുതൽ മറ്റേ അറ്റം വരെ
പറന്നു
പാപ്പാത്തികൾ, 
പാപ്പാത്തികൾ
പല നേരം പല പാപ്പാത്തികൾ
ചിറകുകളിൽ കാലമെഴുതിയവ

ചീവീടുകൾക്കതുദ്യാനം
കാട്ടുകോഴികൾക്കതു
കൂട്ടുകൂടാനുള്ള വനനീലിമ
കൂടു കൂട്ടാനുള്ള താഴ്വര
എനിക്കത്
ആനയിറങ്ങും പേടി
വീട്ടിലേക്കുള്ള വഴി
അപ്പൂപ്പനെ പുലി പിടിച്ച കൊലവഴി

എന്നിട്ടും
ചീവീടുകളുടെ
ഉദ്യാനത്തിലിരുന്നുപോയി.
വൻമരങ്ങളിൽ
മീട്ടുമൊച്ചയിൽ
ചാരിയിരുന്നു പോയി.

മഴ 
പെയ്തു
 തോർന്ന ശാന്തതയിൽ .

- മുനീർ അഗ്രഗാമി

പ്രണയസമുദ്രം

പ്രണയസമുദ്രം
.............
നീ സംസാരിച്ചു
ഞാൻ കേട്ടു തീർന്നില്ല
നീ നൃത്തം ചെയ്തു
ചുവടുകളവസാനിച്ചില്ല
കണ്ടു തീരാതെ
ഞാനടുത്തിരുന്നു
നിന്റെ മുദ്രകളുടെ
കണ്ണുകളിൽ
ഇപ്പോൾ
നിറയെ ഞാൻ.
- മുനീർ അഗ്രഗാമി

പുതുകവിത - 42 മാനും കടുവയും

പുതുകവിത - 42
മാനും കടുവയും
.............................
മഴ , മാൻകുട്ടിയായ് കളിച്ച
പുൽമേട്ടിലെല്ലാം
വെയിൽ ,കടുവയായ് മേയുന്നു.
ഉണക്കപ്പുല്ലെല്ലാമതിൻ
രോമങ്ങൾ.
ഉണക്കക്കമ്പെല്ലാമതിന്നുടൽ വരകൾ.
- മുനീർ അഗ്രഗാമി

നഗര ഞരമ്പുകളിൽ

നഗര ഞരമ്പുകളിൽ
.............................
കൊതുകൾ തമ്മിൽ പറഞ്ഞു
കൊതുകൾ തിരിച്ചു പറന്നു
കൊതുകുകൾ തരിച്ചുനിന്നു
നഗര ഞരമ്പുകളിൽ
ഒന്നുമില്ല
ചുവപ്പില്ല ,നനവില്ല ,അലിവില്ല
അറിവില്ല
കടം കയറി നിശ്ചലമായ
നിസ്സംഗത തട്ടി
കൊതുകൊന്നു പിടഞ്ഞൂ
ആർത്തിയുടെ വാളേറ്റ്
ചിറകൊന്നു മുറിഞ്ഞു

പറക്കും വഴി പാമ്പായ്
ലഹരിപിടിച്ച്
ഇഴയുന്നൂ മെട്രോ
തിരക്ക് കുത്തിക്കോർത്ത
കൂട്ടങ്ങൾ
വഴി നീളെ വിടരുന്നു

ഓഫീസിലേക്കൊരു വഴി
സ്കൂളിലേക്കൊന്ന്
പേരറിയാകെട്ടിടങ്ങളിലേക്ക്
പലവഴി
ബ്ലാക്ക് മാജിക്ക് അലയുന്ന വില്ലകൾ
മണ്ണില്ലാ മനസ്സുകൾ
സ്വാർത്ഥതയുടെ ആരാധനയാൽ
നിവരുന്ന ഫ്ലാറ്റുകൾ

കുട്ടുകാരന്റെ ചുമലിൽ കൈവെച്ചു
നീയാരാ ?
അവൻ ചോദിച്ചു
ഞാൻ നീയാണെന്നു പറഞ്ഞ്
റൂമിയായി
ഒന്നു പോടാ എന്നു പറഞ്ഞവൻ
മാളിലേക്കു കയറി
പടം കണ്ടിറങ്ങുവോളം കാത്തിരുന്നു

പണ്ടു കൂടെ പഠിച്ചതാണ്
ഒന്നിച്ചു പാട്ടു പാടിയതാണ്
കാട്ടിൽ ടൂറു പോയതാണ്
ഇത്തിരി അവിലുമായ് വന്നതാണ്
ഒത്തിരി ഓർമ്മകളുമായ്
നിന്നതാണ്

അവനതുമായ് നിന്നില്ല
അവനതു തിന്നില്ല
തിന്നാനായ് നിന്നില്ല
നെടുമ്പാശ്ശേരിക്ക് പോയി
പേരറിയാത്താളാരോ വരാനുണ്ട്.

അവനെയും കൊണ്ടൊരു
കാറാവഴി പോയി
അവനില്ലാതവനിയിൽ
കൂട്ടില്ലെന്നോർക്കല്ലേ
പാറുന്നൂ കൊതുകുകൾ
കൂടെ നടക്കുന്നൂ കൊതുകുകൾ
കൊതുകകൾ
കൊതുകുകൾ
കൊതുകുകൾ മാത്രം!

പലർ വീണ വഴിയിൽ
വീണു കിടക്കുമൊരാളുടെ രക്തം
കൊതുകുകളതു കുടിച്ചില്ല
ആരെങ്കിലും അയാളെ
ആശുപത്രിയിൽ
കൊണ്ടു പോകണേ
എന്നു മാത്രം പ്രാർത്ഥിച്ചു.

-മുനീർ അഗ്രഗാമി
ഒരു മരം
.............
തോണിയിലാരുമാ വഴി
പോകാറില്ല
തോന്നലു പോലുമിപ്പോൾ
തോണിയേറി പോകാറില്ല

എനിക്ക് നടക്കുവാൻ 
ചരിഞ്ഞു നിന്ന് തന്ന 
മരമിപ്പോഴുമവിടെയുണ്ട്
ഞാനവിടെയില്ല

മരത്തിലൂടെ 
പു ഴകടക്കുവാൻ
അണ്ണാനുമുറുമ്പും
നടന്നു നടന്ന് എത്രയോ
തലമുറ കഴിഞ്ഞിരിക്കണം

പഠിച്ച കാര്യങ്ങളെന്നെ
നാടുകടത്തിയതിൽ പിന്നെ.
വേഗത്തിൽ ചലിക്കാൻ
ഞാനെന്റെ അടുത്ത തലമുറയെ
സ്കേറ്റിംഗ് പഠിപ്പിക്കുന്നു

ആ മരത്തിന്റെ പേരോർമ്മയില്ല
പഠിച്ച പുസ്തകത്തിലില്ല
ആ മരത്തിന്റെ സ്നേഹം
സിലബസ്സിലൊന്നുമില്ല

ഒറ്റയ്ക്കാവുമ്പോൾ
ആ മരത്തിനെ ഓർമ്മ വരുന്നു
അമ്മയെ ഓർമ്മ വരുമ്പോലെ.

-മുനീർ അഗ്രഗാമി

മരത്തിലൂടെ നടക്കുന്നു

മരത്തിലൂടെ നടക്കുന്നു
.....................
പുഴയ്ക്ക് കാവലായ്
ഒരു മരം നിൽക്കുന്നു
പുഴയുടെ മുഖത്തു നോക്കി
അതെന്തൊക്കെയോ പറയുന്നു

കൈകൾ വിടർത്തി
പുഴയെ തൊടുന്നു
ഉറുമ്പും ഞാനും അണ്ണാനും
മരത്തിലൂടെ നടക്കുന്നു

ജലത്തിലതിൻ മുഖം നോക്കി
മരത്തിലൂടെ മൗനിയായി നടന്ന്
പുഴ പകുതി കടക്കുന്നു
പുഴയുടെ നടുക്ക് മീനുകൾ
വീടുണ്ടാക്കുന്നതു കാണുന്നു
തണലിലിരിക്കുന്നതു കാണുന്നു

അപ്പുറത്തെത്തുവാൻ
അക്കരെ നിന്നും
മറ്റൊരു മരം വന്ന്
ഈ മരത്തിന്റെ കവിളിൽ
ചുംബിക്കണം

എന്നാൽ
ചുണ്ടുകൾ ചേരുന്ന വഴി
ആമരമീമരമെന്ന് പറഞ്ഞ്
അക്കരെ പോകാം

-മുനീർ അഗ്രഗാമി 

പുതുകവിത -41 ബാക്കി

പുതുകവിത -41
ബാക്കി
..............
കോപ്പും കൊടച്ചക്രവും
ഉരുണ്ടുരുണ്ട് പോയി.
ഞാൻ ബാക്കിയായി.
നിസ്സഹായനായി
അതു നോക്കി നിന്നു.
- മുനീർ അഗ്രഗാമി

ഏകൻ

ഏകൻ
..............
രാത്രി ഒന്നു തിരിഞ്ഞു കിടന്നു
അതിനെ ചവിട്ടാതെ നടന്നു
മൂങ്ങ "എട, കള്ളാ " എന്നൊരു വിളി
കടവാതിൽ ഇരുട്ടൊന്നിളക്കി.

പുഴ കടക്കണം
നക്ഷത്രം കൈചൂണ്ടി
തോണിയെ കെട്ടിയിട്ട ആല കണ്ടു
"നാളെയേ ഇനി വള്ളം കിട്ടൂ
ഇവിടെ കൂടാം"
തോണി പറഞ്ഞു

തോണിപ്പുരയിൽ നിന്നൊരു പൂച്ച
ഇരുട്ടിനൊരു കടി
എടാ അതിനെ ഉണർത്താതെ !
എന്നതിനെ ഓടിച്ചു

രാത്രിയൊന്നുകൂടി 
തിരിഞ്ഞു കിടന്നു
പിന്നെ രാത്രിയെ കെട്ടിപ്പിടിച്ച്
ഒരൊറ്റക്കിടത്തം
ഏകൻ.

-മുനീർ അഗ്രഗാമി
പുതുകവിത - 40
ദൂരം
..........
പാതിരാവിൽ നമ്മുടെ പാതികൾ 
ദൂരത്തിൽ 
ഇരുട്ടു കോർത്ത്
ഒരു മാലയുണ്ടാക്കുന്നു
രണ്ടറ്റങ്ങളിൽ നിന്ന്.
-മുനീർ അഗ്രഗാമി

റിപ്പബ്ലിക്ക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം

റിപ്പബ്ലിക്ക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം
...........................
മാവ് ഒരു റിപ്പബ്ലിക്കാണ്
ഇന്നത് പൂത്തിരിക്കുന്നു
പൂക്കളും തേനീച്ചകളും
ചെറു പ്രാണികളും
ഈ ദിനമാഘോഷിക്കുന്നു

മാവ് ഒരു പരമാധികാര രാഷ്ട്രമാണ്
കൃത്യമായ അതിരുകളുള്ളത്
ആഴത്തിൽ വേരുകളുള്ളത്
പാരമ്പര്യമുള്ളത്
ഉയരത്തിൽ ശിഖരങ്ങളുള്ളത്
കണിശമായ നിയമമുള്ളത്
ഓരോ ഇലകൾക്കും
സ്വാതന്ത്ര്യമുള്ളത്

വെയിൽച്ചൂടിനെ തണലാക്കി മാറ്റുന്ന
ഒരു ഭരണഘടന മാവിനുണ്ട്
എന്റെ കുട്ടിക്കാലം
ആ രാജ്യത്തായിരുന്നു
ചുളിഞ്ഞ തൊലിയിൽ
അതിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു

ഇന്നതൊരു മഴുവിനെ പേടിക്കുന്നുണ്ട്
മഴുവിന്റെ പര്യായങ്ങൾ അതിനറിയില്ല
മഴുവിന്റെ ഉപമകളും അതിനറിയില്ല

- മുനീർ അഗ്രഗാമി

ഏറ്റവും പുതിയ ഭാവുകത്വം

ഏറ്റവും പുതിയ ഭാവുകത്വം
***************************************
ഇന്ന്
ഏറ്റവും പുതിയ ഭാവുകത്വം
വീട്ടിൽ വന്നു കയറി
ഇരിക്കൂ സർ
ഞാൻ പറഞ്ഞു
മുളങ്കുറ്റി
തകര
കൊമ്പൻ മുറം
മുഴക്കോൽ
ഇത്യാദി ഇന്നാട്ടിലുണ്ടോ ?
അദ്ദേഹം ചോദിച്ചു

അച്ഛച്ചന്റ കാലശേഷം
ഇതൊന്നും ഇവിടെ കണ്ടിട്ടില്ല സർ
ഇന്റക്ഷൻകുക്കറും
സെറാമിക് പ്ലേറ്റ്
മിക്സി
എല്ലാമുണ്ട്
മതിയോ സർ ?

അദ്ദേഹം പനഞ്ചോട്ടിലേക്കു നടന്നു
ചിതലുപിടിച്ച
 ഒരു നെലന്തല്ലി
കൈക്കോട്ടിന്റെ
 തുരുമ്പിച്ച ഒരു കഷണം
ചൂടിക്കട്ടിലിന്റെ കാല്
കച്ചട്ടിക്കഷണം
എന്നിവ പെറുക്കിയെടുത്തു

ഇതെല്ലാം എന്തിനാണ് സർ ?

എഴുതാനാണ്
അദ്ദേഹം പറഞ്ഞു.
ദളിത് എഴുത്താണോ സർ ?
മറുപടി കിട്ടിയില്ല
അദ്ദേഹം
അണ്ടി ചുടുന്നതിനെ കുറിച്ച് എഴുതി
ഞാൻ വായിച്ചു
വായനയ്ക്ക്
കുഴിമന്തിയുടെ മണം.
എന്റെ കുഴപ്പം തന്നെ,
തന്നെ1
-മുനീർ അഗ്രഗാമി

പുതു കവിത - 39 പച്ച

പുതു കവിത - 39
പച്ച
........
മുറ്റത്ത് ഒരു പച്ചക്കാക്ക
പച്ചമനുഷ്യനെ പോൽ
ദാരിദ്ര രേഖയിൽ
ഒരരിമണി വീഴുന്നതും കാത്ത്.
- മുനീർ അഗ്രഗാമി

എന്താണ് കവിത

എന്താണ് കവിത
................................
എന്താണ് കവിത
എന്നൊരു ചോദ്യം പറന്നു വന്നു
ഉദ്യാനത്തിൽ ഒറ്റപ്പെട്ട ഒരാൾ
അല്പനേരം കയ്യിലെടുക്കുകയും
മണക്കുകയും ചെയ്ത്
ഉപേക്ഷിച്ച ഒരു പൂവിൽ
ചെന്നിരുന്നു
അയാളെ തിരഞ്ഞു ,
അയാൾക്കൊപ്പം നടന്നു
തെരുവിൽ അയാളുടെ
കറുത്ത ഉടലിലിരുന്ന്
വിശപ്പു മാറിയോ
എന്നു ചോദിച്ചു
അയാളുടെ കണ്ണീരുപറ്റി
നനഞ്ഞ ചുണ്ട്
തുടയ്ക്കാതെ പറന്നു
മുനിസിപ്പാലിറ്റി മുറിക്കുവാൻ വെച്ച
മാമരത്തിൽ
തലകീഴായി കിടന്നു
സംഭവിക്കുന്നതെല്ലാം
തിരിച്ചു കണ്ടു
വേതാളമായി അല്പനേരമിരുന്നു
അശരീരിയായി
നൂറ്റാണ്ടുകൾ പിന്നിലേക്കു പറന്നു
അവിടെ മരത്തിൽ
കൊക്കുരുമ്മുന്ന
രണ്ടു പക്ഷികളിലൊന്നിൽ നിന്ന്
മറ്റൊന്നിലേക്ക് ഒഴുകി
അന്നേരം ചീറിവന്ന ഒരമ്പിനാൽ
പിടഞ്ഞു വീണ കിളിയിൽ നിന്നും
അരുതേ എന്നൊരു വിളിയിൽ കയറി
ഒരു മനുഷ്യന്റെ ചുണ്ടിൽ വന്നിരുന്നു
അല്പനേരം കരഞ്ഞു
വീണ്ടും അമ്പുകൾ വന്നുകൊണ്ടിരുന്നു
വാളുകൾ വീശിക്കൊണ്ടിരുന്നു
ആരും ബാക്കിയാവാത്ത
യുദ്ധഭൂമിയിൽ
അത് ഉത്തരമില്ലാതെ
അനാഥമായി നടന്നു
വെടിയുണ്ടകൾ ചീറി വന്നു
ബോംബുകൾ വീണു
ലോകം ഇടിഞ്ഞു പൊളിഞ്ഞ
കെട്ടിടമായി
അതിനിടയിൽ നിന്ന്
അതെഴുന്നേറ്റു നിന്നു
ശ്വാസം ബാക്കിയായ
ഒരു കുഞ്ഞിന്റെ വിരലിൽ പിടിച്ചു .
എന്താണ് കവിത?
എന്ന ആ ചോദ്യം
ആ കുഞ്ഞിനൊരുമ്മ കൊടുത്തു
അതിന്റെ മുറിവുകളിൽ
മരുന്നു പുരട്ടി.
ഇതേതു രാജ്യമാണ് ?
മറ്റെവിടെ നിന്നോപറന്നു വന്ന
ഷെല്ലിന്റെ ചീളുകൾ ചോദിച്ചു
അതിരുകൾ കാണാത്തതിനാൽ
അതു പറഞ്ഞു ,
അറിയില്ല
അറിയില്ല!
-മുനീർ അഗ്രഗാമി

പുതുകവിത - 38 ചിത്രം



ഒറ്റയല്ലാതാവുന്നതിന്റെ കാരണങ്ങൾ

ഒറ്റയല്ലാതാവുന്നതിന്റെ കാരണങ്ങൾ
................................................................
ഹോസ്റ്റൽ മുറിയിൽ
 ഒറ്റയ്ക്കാണെന്നു നീയും
അല്ലെന്നു ഞാനും തർക്കിച്ചു
ഒറ്റപ്പെടാത്തതിന്റെ രഹസ്യം
എനിക്കറിയാം
ഞാൻ നിന്റെ ഉറക്കത്തിന്റെ തീരത്ത്
നിന്നെ നോക്കിയിരിക്കുന്നതു
കൊണ്ടൊന്നുമല്ല
നീ,നിനക്കൊപ്പമിരുന്ന്
മറ്റാരും കേൾക്കാതെ
എന്നെ കുറിച്ച്
പറയുന്നതു കൊണ്ടുമല്ല,
ഒറ്റയാവാതിരിക്കുന്നത്

നിന്റെ ഹോസ്റ്റൽ മുറിയിൽ
നീ കിടക്കുന്നിടത്ത്
നിന്റെ അതേ പ്രായത്തിൽ
എത്ര പേർ കടന്നിട്ടുണ്ടാകും!
അവരുടെ ചിരികൾ
അവരുടെ കണ്ണീർ
അവരുടെ സ്വപ്നത്തിന്റെ നേർത്ത തരികൾ
എല്ലാം നിന്നിൽ പാറി വീഴുന്നുണ്ടാവണം

എഴുന്നേൽക്കാൻ വിചാരിച്ചിട്ടും
അവ നിന്നെ
കിടക്കയിൽ പിടിച്ചു കിടത്തുന്നുണ്ടാവണം
ഉറങ്ങാൻ വിചാരിച്ചിട്ടും
ഉറങ്ങാൻ സമ്മതിക്കാതെ
അവ നിന്നോടെന്തോ പറയുന്നുണ്ടാവണം

ഒരിക്കൽ താമസിച്ചവരെ
വാർഡൻ ഇറക്കിവിട്ടാലും
അവരുടെ നിശ്വാസങ്ങൾ
ഇറങ്ങിപ്പോകുമോ ?
വെക്കേറ്റ് ചെയ്ത് പോയാലും
പോകാനാവാതെ
അവരുടെ സ്വപ്നങ്ങൾ
അവിടെ ഒളിച്ചിരിക്കില്ലേ ?

അവരെവിടെ പോയാലും
അവരുടെ മനസ്സിൽ നിന്നൊരു കിളി
നിത്യവും ഈ മുറിയിൽ വന്നിരിക്കില്ലേ?
നീ വന്നപ്പോൾ
അവ നിന്നിൽ താമസിക്കാൻ
തുടങ്ങിയിരിക്കും
നമുക്കൊരേ പ്രായമെന്നവ
നിന്റെ ചെവിയിൽ
മൂളുന്നുണ്ടാവും

ദൂരത്തിന്റെ ഞരമ്പുകളിലൂടെ
ഞാൻ നിന്റെ രക്തത്തിൽ
പടരുന്ന പോലെ
അവർ നിന്റെ ജീവനിൽ
ലയിച്ചിരിക്കാം
ഒറ്റയല്ല നീ
ഞാനും
ഞാവൽമരവുമൊറ്റയല്ല
കിളികളുടെ ഓർമ്മയിൽ
മരം ഒറ്റയ്ക്ക് നിന്നിട്ടും
ഒറ്റയല്ലാത്ത പോലെ
നീ ഒറ്റയാവില്ല
മുമ്പേ പോയവരുടെ
മൗനവും മധുരവും
നിന്നിലൂറുന്ന ഋതുവിൽ
നീ ഒറ്റയല്ല
ഞാനൊറ്റയാകുമ്പോൾ
ഒറ്റയല്ലെന്നു പറയാൻ
നീ എന്റെ ഇരുട്ടിന്റെ കറുപ്പിൽ
മൊണാലിസയായി ഉദിക്കുന്നു
പകലിന്റെ വെൺമയിൽ
ഒഫീലിയയായി
എന്റെ ജലത്തണുപ്പിൽ
ശയിക്കുന്നു.

കൗമാരത്തിൽ കേട്ട
ഒരു പാട്ടിന്റെ വരികളായ്
എന്റെ വേനലിൽ കുളിരുന്നു
ഇപ്പോൾ നിന്നെ വിളിക്കാൻ വന്ന
വെളിച്ചം ഞാനാണ്
സൂര്യനതു നിന്നോട് പറഞ്ഞില്ല
എന്നേയുള്ളൂ
എല്ലാ ഹോസ്റ്റൽ മുറികളും
ഇരുട്ടാണ്
നീ ഉണർന്നിരിക്കുമ്പോളൊഴികെ .
-മുനീർ അഗ്രഗാമി

പുതു കവിത - 37 മീൻ

പുതു കവിത - 37
മീൻ
..........
മീൻ മുറിക്കുമ്പോൾ അവൾ
കപ്പിത്താനായി 
കടൽ മുറിച്ചു കടക്കുന്നു
അടുക്കള തീരമില്ലാകടൽ
പ്രക്ഷുബ്ധമായ രാത്രി .
- മുനീർ അഗ്രഗാമി

പുതു കവിത-36 ഉപ്പ് .

പുതു കവിത-36
ഉപ്പ്
........
ഉപ്പിടുമ്പോൾ
എല്ലാ ജലവും കടലാകുന്നു
രുചിയുടെ മഹാസാഗരം.

ഞാനതിൽ നീന്തുമൊരു
കിളിമീൻ .
-മുനീർ അഗ്രഗാമി

കൊല്ലപ്പെട്ട....

കൊല്ലപ്പെട്ട....
.........................................
കുട്ടി എന്തെഴുതിയാലും
മാർക്ക് കൊടുക്കാനാണ്
ഉത്തരവ് .
അതു കൊണ്ട്
ചോദ്യങ്ങളേയുള്ളൂ,
ആരാണ് അമ്മ ?
എന്താണ് മാതൃത്വം ?
ഉത്തരമില്ല
ഉത്തരങ്ങളേയുള്ളൂ
കുട്ടി മിടുക്കനാണ്;
മാർക്കുണ്ട്.
പക്ഷേ,
കുട്ടിയെഴുതിയത്
ആരെങ്കിലും വായിച്ചുവോ?

ജീവിച്ചിരിക്കുന്ന കുട്ടികൾ
എഴുതിയതെങ്കിലുമൊന്ന്
നന്നായി വായിക്കണേ!
അമ്മയാൽ
കൊല്ലപ്പെട്ട കുട്ടികൾ
എന്തെഴുതുമെന്ന് നമുക്കറിയില്ലല്ലോ.
- മുനീർ അഗ്രഗാമി

പുതു കവിത - 35 സൈനികന്റെ പ്രണയിനി

പുതു കവിത - 35
സൈനികന്റെ പ്രണയിനി
.........................................
അതിർത്തിയിലുള്ള
ഹൃദയത്തിന്
കാവലിരിക്കുവാൻ
അവൾക്കേ അറിയൂ .
അവൾക്കേ കഴിയൂ,
എല്ലാ നുഴഞ്ഞുകയറ്റങ്ങളെയും
പ്രതിരോധിക്കുവാനും.
- മുനീർ അഗ്രഗാമി
കുറുക്കൻ
..................
ഒളിവിൽ കഴിയാൻ ഒരിടമില്ല
ഒരു പ്രസ്ഥാനങ്ങളുടെയും
പിൻബലമില്ല
രാത്രിയുടെ മറവിൽ
നടക്കാൻ ശ്രമിച്ചു
സി സി ടി വി യിൽ പതിഞ്ഞു
ഇരുട്ടിന് ഇരുട്ടില്ലെന്നറിഞ്ഞ്
തിരിച്ചു നടന്നു.
തോട്ടുവക്കത്തെ കൈതക്കാട്
മുഴുവനും മുറിച്ചു
തോടിനിരുവശവും കല്ലുപാകി
പാമ്പോ കുളക്കോഴിയോ
ഞാനോ പിന്നെ
കൈത കാണാൻ വന്നില്ല.
വയൽ വരമ്പിലൂടെ നടന്നു
ഒന്നും കിട്ടിയില്ല
വെറുതെ ഒന്നു കൂവി
കൂട്ടുകാരാരും തിരിച്ചു കൂവിയില്ല
ഒറ്റയാണെന്നു ബോദ്ധ്യമായി
പണ്ടു ഞങ്ങൾ 
ഒരുമിച്ചു കൂവിയതിന്റെ പച്ചപ്പ് 
ഈ വയലിലെവിടെയോ
മറഞ്ഞിരിക്കുന്നുണ്ട്
കൃഷിയിറക്കിയാൽ
അവ തിരിച്ചു വന്നേക്കും
ഞണ്ടും മണ്ണട്ടകളും വരാലും
ചിലപ്പോൾ ആ ഒച്ചകളിലിരിക്കാൻ 
മത്സരിച്ചേക്കാം 
ഒളിവ്
ഒരു സർഗ്ഗാത്മകതയാണ് .
ഒരിത്തിരി കാടു തരൂ
ചിലപ്പോൾ അത്
പുഷ്പിച്ചേക്കും
മരുന്നടിച്ചു തകർത്ത കാടുകളിൽ
തീയിട്ടു കരിച്ച കാടുകളിൽ
വെട്ടിവിറകാക്കിയ കാടുകളിൽ
 കരിഞ്ഞ ഒരു പാതയുണ്ട് 
മാറ്റങ്ങളില്ലാതെ
ഇപ്പോഴതിലെ പോകല്ലേ
ഇടതൂർന്ന മരക്കാട്ടിലൂടെ
ഒരു മരം കടന്ന്
മറ്റൊരു മരം തൊടാതെ
നടക്കുന്നതിന്റെ ലഹരി
നിങ്ങൾക്കറിയില്ല .
- മുനീർ അഗ്രഗാമി

പ്രസംഗം

പ്രസംഗം 
........................
കുറെ ഇലകൾ
പറന്നു വന്നു
തണലില്ലാത്ത
മൈതാനത്തിൽ
സമാധാനത്തിന്റെ
നിറമുള്ള ഇലകൾ
ഒരോന്നോരോന്നായി
പറന്ന് തണലു പോലെ
ഇത്തിരി നിഴലുമായി
തെളിഞ്ഞു പറന്നു
പൊള്ളലേറ്റവർ
ചുട്ടുപഴുത്തവർ
ചൂടാറാത്തവർ
ആരൊക്കെയോ
ചില തണലുകളിൽ
നിന്നു, നിസ്സംഗരായി.
ഇലകൾ പൊഴിയുന്നു
ബോധി വൃക്ഷത്തിന്റേതാണത്

വേദിയിൽ ഒരാൾ
ബുദ്ധനെ കുറിച്ച് പറഞ്ഞ്
ബോധി മരമായ്
വീണ്ടും വളരുന്നു
ധ്യാനനിരതനല്ലെങ്കിലും
അയാളുടെ വാക്കുകളിൽ
ബുദ്ധൻ നൃത്തം ചെയ്യുന്നു
ബോധി വൃക്ഷം മൈതാനത്തോളം വളരുന്നു 
ഇലകൾ പൊഴിയുന്നു
അതിന്റെ തണലിൽ
 അനേകം ബുദ്ധന്മാർ !

- മുനീർ അഗ്രഗാമി
പുതു കവിത - 34
ഭാര്യ
........
ഭാരത്തിന്റെ എല്ലാ അർത്ഥങ്ങളും
ചേർത്ത് പിടിച്ച്
അവൾ,
 ഭാര്യ എന്ന
വാക്കിനടിയിൽ കിട ന്ന്
ഒറ്റവരയായി മെല്ലെ എത്തി നോക്കി.
- മുനീർ അഗ്രഗാമി

തോന്നൽ

തോന്നൽ
.................
ഞാനല്ല ഭരിക്കുന്നത്
നിങ്ങളുമല്ല ഭരിക്കുന്നത്
പിന്നെ ആരാണ് ?
മരിച്ചവന്റെ ഓർമ്മ
എഴുന്നൂറ് ദിവസങ്ങളോട് ചോദിച്ചു
ഒരൊറ്റ മനുഷ്യനൊപ്പം,
അത്രയും ദിവസങ്ങൾ 
 ദിവസങ്ങൾ
സമരത്തിൽ പങ്കെടുത്ത്
നീതിയ്ക്കു വേണ്ടി കരഞ്ഞു
കൊണ്ടിരിരുന്നു
ഒരൊറ്റ മനുഷ്യനൊപ്പം,
ആയിരക്കണക്കിന് നിമിഷങ്ങളിൽ
ഇപ്പോഴില്ലാത്ത അവന്റ
സഹോദരന്റെ ഓർമ്മകൾ
സമരപ്പന്തലിൽ കൂട്ടിരുന്ന്
അവന്റെ തളർച്ച മാറ്റിക്കൊണ്ടിരുന്നു
ആരെങ്കിലും ഭരിക്കുന്നുണ്ടോ ?
എന്താ കുഞ്ഞേ ?എന്ന്
അന്വേഷണവും കേൾക്കുന്നില്ല
ആരും നമ്മെ ഭരിക്കുന്നുണ്ടാവില്ല
എല്ലാമൊരു തോന്നലാവാം
കിനാവാകാം
ദിവസങ്ങൾ പിന്നെയും നീങ്ങി
ആരോ നമ്മെ ഭരിക്കുന്നു എന്നൊരു തോന്നൽ
കൃഷ്ണപ്പരുന്തിനെ പോലെ
ചുറ്റിപ്പറക്കാൻ തുടങ്ങി.
പരുന്ത് വെറുമൊരു പറവയല്ല
റാഞ്ചൽ അതിന്റെ ജന്മ സ്വഭാവം
ഇപ്പോൾ പിറന്ന ഒരു ദിവസം
അവനോടു പറഞ്ഞു .
- മുനീർ അഗ്രഗാമി

ചർച്ച

ചർച്ച
...........
ഇന്ന്
ഇലകളെ കുറിച്ചായിരുന്നു,
ചർച്ച.
തളിര് ,
വീഴ്ച ,
ഇളക്കം ,
നിറം ,
പച്ച,
മഞ്ഞ ,
ചുവപ്പ്...
എന്നെത്തൊടുമ്പോൾ ഇലകൾ
മരത്തിന്റെ കൈകൾ
കേൾക്കുമ്പോൾ
മരത്തിന്റെ ചെവികൾ,
ചിലപ്പോൾ
കാറ്റിലവ പറവകൾ...
പൂക്കാത്ത മരത്തിൽ
ഇല തന്നെ
പൂവുകൾ
പറഞ്ഞു പറഞ്ഞ്
കാടുകയറി
കാട്ടുമരങ്ങളിൽ കുടുങ്ങി
ഇലയറിയാതെ
പേരറിയാതെ
ജ്ഞാനികൾ
കുടുങ്ങി.
തളിരിടുമ്പോഴേതു പച്ചയാണ്
ചിരിക്കുക ?
കായിടുമ്പോൾ
ഏതു പച്ചയാണ് തുടുക്കുക ?
വീണു കിടക്കുന്ന ഇലകളിൽ
പല നിറങ്ങൾ
ഇതേതു നിറമാണ്.
ഇതിലേതാണ്
വീഴ്ചയുടെ നിറം ?
ഒരോന്തു വന്നു
ഇലകളുടെ നിറമെടുത്തണിഞ്ഞു
കുറേ ഉറുമ്പുകൾ
ആരെയും നോക്കാതെ
ഇലകളിലൂടെ നടന്നു പോയി
ഭാരരഹിതരായ്
ഉറുമ്പുകളെ പോലെ
ഇങ്ങനെ നടക്കാൻ പഠിക്കണം
വീണു കിടക്കുമേതിലയ്ക്കു
മുകളിലൂടെയും.
ഇപ്പോൾ
ഉറുമ്പിനെ നോക്കി
ഇലകളെ നോക്കി
പുതിയ പാഠങ്ങൾ പഠിക്കുകയാണ്
ജ്ഞാനികൾ.
ചർച്ചയിലേക്ക്
കുറേ
ഇലകൾ
വീണു.
വീണു
വീണു .
ശിശിരകാലത്തിന്റെ
ഇലകളായി
ജ്ഞാനികൾ
കാറ്റിലൊന്നിളകാൻ
മണ്ണിലിരുന്നു .
- മുനീർ അഗ്രഗാമി

പുതു കവിത - 33 വെള്ളം

പുതു കവിത - 33
വെള്ളം
.............
വെള്ളത്തെ കുറിച്ച് 
സംസാരിച്ചവൻ
ദാഹിച്ച് ബോധരഹിതനായി
അവനെ ഉണർത്താനുള്ള
തുള്ളിക്കു വേണ്ടി
ഞങ്ങൾ കാത്തിരുന്നു,
മരുഭൂമിയായി 
- മുനീർ അഗ്രഗാമി

നീണ്ടകടൽ

നീണ്ടകടൽ
......................
വെളിച്ചം ജലമായി ഇളകുന്നു
വാഹനത്തിരകളിരമ്പുന്നു
നീണ്ടുനീണ്ടു പോകും കടലായ് റോഡ്
നിഴലുകൾ പെരുംമീനുകൾ
അവ്യക്തമായവ മിന്നിമറയുന്നു
ചാളപ്പൊൽപ്പുപോൽ
ഒരു ജാഥ കടന്നു പോയി
ഞണ്ടുകൾ ജെ സി ബികൾ
ചില്ലിട്ട ജെല്ലി ഫിഷ്
കാറു വിഴുങ്ങി നീന്തുന്ന തിമിംഗിലം
ഞാനൊരു
കടൽക്കുതിരപ്പുറത്തെന്ന പോൽ
കുതിക്കാതെ
കുളമ്പടിയില്ലാതെ
ഒരരികിൽ നിന്നു
രാത്രി,
തീരമായ് കറുത്ത മണലിൽ
മലർന്നു കിടക്കുന്നു
വയ്യ
കടലു മുറിച്ചുകടക്കുവാൻ
ചിറകില്ലാത്തവന്.
പരിണാമത്തിൽ
എന്നോർമ്മയുടെ ഒരു പഴയ ബിന്ദുവിൽ
ഇക്കടലു തോടായിരുന്നു
അന്നു ഞാനെത്ര
അനായാസമിത്
മുറിച്ചു കടന്നിരുന്നു!
-മുനീർ അഗ്രഗാമി

poet

muneer agragami