അമ്മ ഹൃദയം

അമ്മ ഹൃദയം
.......
അമ്മ മരിച്ചു,
മൊബൈൽ ഫോണിൻ്റ വൈബ്രേഷനൊപ്പം
ഹൃദയം ചലിപ്പിച്ചിരുന്ന
ശക്തി നിലച്ചു.


കിണറ്റിലെ വെള്ളം പോലെ
വിശുദ്ധമായ സ്നേഹം വറ്റി .
ഒരു വിമാന യാത്രയുടെ ദൂരം
ദു:ഖം പോലെ
സമയത്തിൽ പടർന്നു


ഓട്ടുരുളിയുടെ വൃത്തത്തിൽ
പാചകം ചെയ്ത ലോകം
വിളമ്പിയ
രുചിയുടെ രഹസ്യം
എൻ്റെ ഉള്ളിലെ വിടെയോ നിന്ന്
നാട്ടിലേക്ക് തിരിക്കുന്നു

അവധിയില്ലായ്മയിൽ
അമ്മയെ ഉള്ളിൽ വെച്ച്
ദഹിപ്പിച്ച്
ചിതാഭസ്മം കണ്ണീരിൽ ഒഴുക്കി
ഏകാന്തമായ രാത്രിയിൽ മുങ്ങി നിവർന്ന്
പാപമോചനം തേടി

നാട്ടിലെത്തിയാൽ
ഇലഞ്ഞിമരം ചോദിക്കും
മുല്ലവള്ളി ചോദിക്കും
ഒഴിഞ്ഞ കോഴിക്കൂട് ചോദിക്കും
കണ്ടില്ലല്ലോ എന്ന്

കാറ്റും കരിയിലകളും പിണങ്ങി നിൽക്കും
അന്നേരം സമയത്തിൻ്റെ ഒരു കൊമ്പ്
മാവിൽ നിന്നും
അടർന്നു വീഴും
അതിൽ ഒരു പഴുത്ത മാങ്ങയുണ്ടാകും
അമ്മേയെന്ന് വിളിച്ച്
അതെടുക്കും

സ്വപ്നത്തിൻ്റെ ഇടവഴി
തീരുന്നു
അമ്മ നടന്നു മറയുന്നു
ഫ്ലാറ്റിനെ വിറപ്പിച്ച്
അലാറം പണിക്കുപോകാൻ പറയുന്നു

മൊബൈൽ ഒന്നും മിണ്ടുന്നില്ല
അമ്മയുടെ നിശ്വാസങ്ങളുടെ ഓർമ്മയിൽ
അതിന്നലെ
കരയാതെ മരവിച്ച്
ഉറങ്ങിപ്പോയിരിക്കും .

എല്ലാമറിയുന്ന ഒരാളെ പോലെ
രണ്ടു ഭൂഖണ്ഡങ്ങളുടെ ഇടയിൽ നിന്ന്
കടൽ നിർത്താതെ കരഞ്ഞു.

--മുനീർ അഗ്രഗാമി

No comments:

Post a Comment