മുറ്റത്തൊരു കുഞ്ഞു മഴ വന്നു നിൽക്കുന്നു

മുറ്റത്തൊരു കുഞ്ഞു മഴ
വന്നു നിൽക്കുന്നു
......................
കാക്ക വിരുന്നു വിളിക്കുന്നു,
ഒഴിവുകാലത്തിൻ്റെ
കൊമ്പത്തിരുന്ന് .

കുഞ്ഞണ്ണാനും പൊന്നണ്ണാനും
ഓടിയോടി വരുന്നു
കുഞ്ഞിക്കിളി പറന്ന്
മാവിൻ കൊമ്പിലിരിക്കുന്നു
മാമ്പഴമണം കുടിച്ച കാറ്റ് വന്നൊരു കളി തുടങ്ങുന്നു
മാനേ മയിലേ കുയിലേ
എന്നു വിളി പൊങ്ങുന്നു;
മാമ്പഴം വീഴുന്നു,
ഓർമ്മയുടെ നിറമുണ്ടതിന്
ഓടിച്ചെന്നെടുക്കാനൊരു
വിളിയുണ്ടതില്
മുറ്റത്തൊരു കുഞ്ഞു മഴ
വന്നു നിൽക്കുന്നു
അനാഥമായ നൂറു നൂറു മാമ്പഴം നോക്കി
കരയുന്നു
കളിക്കൂട്ടുകാരെ കാണാനാ കുസൃതിമഴ
അകത്തേക്കു ചരിഞ്ഞു നോക്കുന്നു
ട്യൂഷൻ സെൻ്റ റുകളേ
വെക്കേഷൻ ക്ലാസ്സുകളേ
അവരെ കൊണ്ടു പോകരുതേ
ആ മരം മുറിക്കരുതേ!
******
കളിക്കൂട്ടുകാരവരെ കാത്തിരിക്കുന്നു
ഓർമ്മകൾ കൊടുക്കുവാൻ
തളരുമ്പോൾ തണലവർക്കേകുവാൻ.
-മുനീർ അഗ്രഗാമി

No comments:

Post a Comment