മഞ്ഞക്കടൽ


മഞ്ഞക്കടൽ
......................
നടന്നു തളർന്നപ്പോൾ
കൊന്നമരം വിളിച്ചു
നിന്നിലേക്കെന്ന പോലെ ചെന്നു,
പൂക്കാലത്തിനുള്ളിൽ നിന്ന്
തണലു കുടിച്ചു .


മഞ്ഞ മഴയിൽ കുളിച്ചു,
താഴെയും മുകളിലും മഞ്ഞ നിറഞ്ഞു;
മഞ്ഞക്കടൽ പിറന്നു
കാറ്റിൽ തിരകളുണ്ടായി
ഞാനൊരു മീനായി
മീനത്തിൽ നിന്ന്
മേടത്തിലേക്കൊരു നീന്തൽ!

വെയിൽ മറന്നു
വേദന മറന്നു
വേനൽ മറന്നു
അടിമുടി പൂത്തു നിന്നുപോയ്
ഇല പൊഴിഞ്ഞ് ഒറ്റത്തടിയായവൻ

ശിഖരങ്ങളിൽകിളികൾ വന്നിരുന്നു
അടുത്ത നിമിഷമവ തോണികളായിളകി
മഞ്ഞപ്പരവതാനിയിൽ
ഉറുമ്പുകളിഴഞ്ഞു
ഉടനവ പരൽ മീനുകളായി
ചക്രവാളത്തിൽ വന്നിരുന്ന്
വിഷുവം മുഖം നോക്കുന്നു
അതിൻ്റെ കണ്ണിൽ നോക്കി
ഞാനിരിക്കുന്നു

മഞ്ഞ മഴ പെയ്തു പെയ്തു
വെയിലിനെ
തോൽപിച്ചുകൊണ്ടിരുന്നു
അതിൽ നീന്തി നീന്തി ഞാൻ
എന്നിൽ
വറ്റിപ്പോയ കടലിനേയും.

....മുനീർ അഗ്രഗാമി

No comments:

Post a Comment